TMJ
searchnav-menu
post-thumbnail

Healthcare

പൊതുജനാരോഗ്യം പൊതു ഉത്തരവാദിത്തം

01 Jul 2023   |   5 min Read
ഡോ. സൈറു ഫിലിപ്പ്

'പൊതുജനാരോഗ്യം ഒരു കലയാണ്. രോഗങ്ങളെ പ്രതിരോധിക്കുന്ന, ആരോഗ്യത്തെ സമ്പുഷ്ടമാക്കുന്ന, ആയുസ്സിനെ വര്‍ധിപ്പിക്കുന്ന കല. ഇത് ജനപങ്കാളിത്തത്തോടെ നടത്തേണ്ടതുമാണ്' എഡ്‌വേഡ് എ വിന്‍സ്ലോ എന്ന മഹാന്‍ 1920 ല്‍ പൊതുജനാരോഗ്യത്തിനു നല്‍കിയ നിര്‍വചനം ഇന്നും അന്വര്‍ത്ഥമാണ്. ആരോഗ്യം ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ഒരു സുസ്ഥിതിയാണെന്നു ലോകാരോഗ്യ സംഘടന പ്രതിപാദിക്കുന്നു. ആരോഗ്യം അവകാശമാണെന്നിരിക്കെ ഒരു വ്യക്തിയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നു അടിവരയിടുന്നു.
                                    
ഇവയുടെയെല്ലാം അന്തസത്ത ഉള്‍ക്കൊള്ളുന്ന, പൊതുജനാരോഗ്യത്തിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചു മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന വിഭാഗമാണ് കമ്മ്യൂണിറ്റി മെഡിസിന്‍. ആദ്യകാലത്ത് ഈ സ്പെഷ്യാലിറ്റിയെ 'Social and Preventive Medicine' എന്നും നാമകരണം നല്‍കിയിട്ടുണ്ട്. നാലരവര്‍ഷത്തെ MBBS കോഴ്സില്‍ ഒന്നാം വര്‍ഷം മുതല്‍ ഹൗസ്സര്‍ജന്‍ പരിശീലനം വരെയും കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ കീഴിലുള്ള പരിശീലനം ഉണ്ടായിരിക്കും. രോഗികളെ അവര്‍ ജീവിക്കുന്ന സാമൂഹിക പശ്ചാത്തലം മനസ്സിലാക്കി അവരുടെ രോഗചികിത്സ നിര്‍ണയിക്കുന്നതിനോടൊപ്പം ആ രോഗത്തെ കുടുംബത്തിനുള്ളിലുള്ള മറ്റുള്ളവര്‍ക്കും സമൂഹത്തിലുള്ളവര്‍ക്കും വരാതെയിരിക്കുവാന്‍ ചെയ്യേണ്ട പ്രാഥമിക, ദ്വിതീയ, ത്രിതീയ തലങ്ങളിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാനും അവരെ പരിശീലിപ്പിക്കുന്നു. പ്രാഥമിക പ്രതിരോധപ്രവര്‍ത്തനങ്ങള്‍ രോഗം വരുന്നതിനു മുമ്പ് ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തേണ്ട ആരോഗ്യപോഷണ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് പോഷകാഹാരം, ശുദ്ധമായ വായു, വെള്ളം, വ്യായാമം, പ്രതിരോധകുത്തിവയ്പുകള്‍ പോലുള്ള നിശ്ചിത പ്രതിരോധപ്രവര്‍ത്തനങ്ങളും ഇതിലുള്‍പ്പെടുന്നു.

REPRESENTATIONAL IMAGE
രോഗമുണ്ടെങ്കില്‍ അതു എത്രയും വേഗം കണ്ടുപിടിക്കുകയും ചികിത്സ നല്‍കുകയും ചെയ്യുക എന്നുള്ളതാണ് ദ്വിതീയ പ്രതിരോധം. രോഗമുണ്ടോ എന്നറിയുവാന്‍ നടത്തുന്ന ടെസ്റ്റുകള്‍, മറ്റു നിര്‍ണയരീതികളെല്ലാം ഇതിലുള്‍പ്പെടുന്നു. വായിലെ കാന്‍സര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുവാന്‍ വായിലെ വെള്ളപാടുകള്‍ നീരിക്ഷിക്കുക, സ്തനത്തിലെ കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കുവാനുള്ള self Breast Examination - ഇവയെല്ലാം ദ്വിതീയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്. രോഗം മൂര്‍ച്ഛിച്ച വ്യക്തികള്‍ക്കും രോഗതീഷ്ണതയെ അതിജീവിക്കുവാനുള്ള പുനഃരധിവാസവും ശാരീരിക അവശതകളെ കുറയ്ക്കാനും സാന്ത്വന ചികിത്സ നല്‍കുന്നതുമെല്ലാം ത്രിതീയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്. സാന്ത്വന ചികിത്സ ശാരീരിക, മാനസിക, സാമൂഹിക, ആത്മീയ അവസ്ഥകളെ നേരിടുവാനുള്ള പ്രവര്‍ത്തനമാണ്. ചുരുക്കി പറഞ്ഞാല്‍ ഏതവസ്ഥയിലും പ്രതിരോധത്തിനു സാധ്യതകളുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഒരു വ്യക്തിക്കെന്നപോലെ ഒരു ജനതയ്ക്കും ആവശ്യമാണ്. വ്യായാമം, ആരോഗ്യകരമായ ഭക്ഷണം ഇവ സമൂഹത്തിലെ എല്ലാവരും ഒരുപോലെ ഫാഷനാക്കി മാറ്റിയാലേ രോഗങ്ങളെ സമൂഹത്തില്‍ ഫലവത്തായി പ്രതിരോധിക്കുവാന്‍ സാധിക്കുകയുള്ളു.

പകര്‍ച്ചവ്യാധിയായാലും ജീവിതശൈലിരോഗങ്ങളായാലും രോഗവ്യാപനശാസ്ത്രം മനസ്സിലാക്കുകയും അനുസൃതമായ പ്രതിരോധ മാര്‍ഗങ്ങള്‍ ഇരു പങ്കാളിത്തത്തോടെ ജീവിതശൈലിയാക്കുമ്പോഴാണ് രോഗങ്ങളെ പിടിച്ചുകെട്ടാന്‍, ഫലപ്രദമായി പ്രതിരോധിക്കുവാന്‍ സാധിക്കുന്നത്. ഇതു സാധിക്കണമെങ്കില്‍ രോഗചികിത്സയെക്കുറിച്ചുള്ള അറിവിനൊപ്പം ആളുകളുടെ സ്വഭാവം മാറ്റുന്ന രീതിയിലുള്ള ശീലവല്‍ക്കരണ ബോധന ആശയവിനിമയം, നേതൃത്വപാടവം, പ്രശ്നപരിഹാര നിപുണത തുടങ്ങിയവ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകേണ്ടതാണ്. ഈ ഘടകങ്ങളെക്കുറിച്ചുള്ള പരിശീലനവും കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നല്‍കി വരുന്നു. ചുരുക്കത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ, പ്രതിരോധ, പരിപോഷക, രോഗചികിത്സ, പുനഃരധിവാസ, സാന്ത്വന ചികിത്സ എന്നീ തലങ്ങളില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുവാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ആരോഗ്യപ്രവര്‍ത്തകരെയും പരിശീലിപ്പിക്കുന്നു.

REPRESENTATIONAL IMAGE

പൊതുജനാരോഗ്യപ്രശ്നമാകുന്ന രോഗങ്ങള്‍

ഒരുനൂറ്റാണ്ട് മുമ്പുള്ള ആരോഗ്യ അവസ്ഥ നോക്കിയാല്‍ പകര്‍ച്ചവ്യാധികളായിരുന്നു പ്രധാന രോഗങ്ങള്‍. മിക്ക രോഗങ്ങള്‍ക്കും ഫലപ്രദമായ മരുന്നുകളില്ലായിരുന്നു. അന്ന് ശരാശരി ആയുസ്സ് 40 വയസ്സ് അല്ലെങ്കില്‍ 50 ആയിരുന്നു. അക്കാലത്ത് ഒരു കുടുംബത്തില്‍ കൂടുതല്‍ മക്കള്‍ ജനിച്ചു. അതില്‍ കുറച്ചു പേരെങ്കിലും ജനനത്തോടെ മരിക്കും. ആരോഗ്യസംവിധാനങ്ങളുടെ കുറവ്, സാമ്പത്തിക വിനിമയശേഷിക്കുറവ്, സാമൂഹികപുരോഗതിയിലുളള പിന്നോക്കം ഇവയൊക്കെയായിരുന്നു പ്രധാന വെല്ലുവിളികള്‍. എന്നാല്‍, ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുകയും വികസനമുണ്ടാകുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടമെത്തിയപ്പോള്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചു. ഇതിനോടൊപ്പം അനിവാര്യമായ ജീവിതശൈലി രോഗങ്ങളും കൂടി. ഈ ഒരു മാറ്റത്തെ epidemiological transition എന്നു പറയുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുമ്പോള്‍ പഴയകാലത്തെ പകര്‍ച്ചവ്യാധികളില്‍ പലതും കുറഞ്ഞെങ്കിലും ഇപ്പോഴും പൂര്‍ണമായി വിട്ടുമാറുന്നില്ല. പുതിയ പകര്‍ച്ചവ്യാധികള്‍ രംഗത്തുവരികയും അതോടൊപ്പം ജീവിതശൈലിരോഗങ്ങള്‍ നമ്മെ വല്ലാതെ ഗ്രസിച്ചു കളയുകയും ചെയ്തിരിക്കുന്നു.

ചിക്കന്‍ പോക്സ്, അഞ്ചാംപനി, ഇന്‍ഫ്ളൂവെന്‍സ, കോവിഡ് തുടങ്ങിയവ വായുവില്‍ കൂടി പകരുന്ന രോഗങ്ങളാണ്. ഇവയ്ക്കു കാരണം വൈറസുകളാണ്. അതിനാല്‍ രോഗം വന്നുകഴിഞ്ഞാല്‍ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണു നല്‍കുന്നത്. വായുവില്‍ കൂടിയുള്ള രോഗങ്ങളെ പ്രതിരോധിക്കുവാന്‍ കോവിഡ് നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
S  -  Sanitise hands- കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കുക.
M -  Mask  
S  -  Social distancing

വായുവില്‍ കൂടി പകരുന്ന രോഗങ്ങളെ തടുക്കാന്‍ എല്ലാവരും പ്രാഥമിക പ്രതിരോധ മാര്‍ഗമായ SMS സ്വീകരിക്കുകയും, പ്രതിരോധകുത്തിവയ്പ്പ്/ മരുന്ന് ഉള്ളവയ്ക്ക് പ്രോട്ടോക്കോള്‍ പ്രകാരം കുത്തിവയ്പ്പ്/ മരുന്ന് സ്വീകരിക്കേണ്ടതാണ്.

കാലാവസ്ഥാ വ്യതിയാനം, നഗരവത്കരണം, അന്തരീക്ഷത്തിലെ ഊഷ്മാവ് തുടങ്ങിയവ കൊതുകുകള്‍ പെരുകുന്നതിന് കാരണമാണ്. കൊതുകുകള്‍ പരത്തുന്ന പ്രധാന രോഗങ്ങള്‍: 

 അനോഫിലസ്         മലമ്പനി
 ക്യൂലക്സ്                      ജപ്പാന്‍ ജ്വരം/മന്തുരോഗം
 ഈഡിസ്                   ഡെങ്കിപ്പനി/ചിക്കന്‍ഗുനിയ/സിക്ക
 മാന്‍സനോയിഡ്     മന്തുരോഗം

REPRESENTATIVE IMAGE
അനോഫിലസ് കൊതുക് വൃത്തിയുള്ള ജലാശയങ്ങളില്‍ മുട്ടയിടുന്നു. അതിനെ ചെറുക്കാന്‍ ഗപ്പി, ഗാമ്പൂസിയ തുടങ്ങിയ ചെറിയ മത്സ്യങ്ങളെ ജലാശയങ്ങളില്‍ വളര്‍ത്തേണ്ടതുണ്ട്. ക്യൂലക്സ് കൊതുക് മലീമസമായ ജലാശയങ്ങള്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ മലിനജലം കെട്ടികിടക്കുന്ന ജലാശയങ്ങള്‍ നിര്‍മാര്‍ജനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഈഡിസ് കൊതുക് പെരുകുന്നത് ഒരു ടീ സ്പൂണ്‍ വെള്ളം പോലും കെട്ടിക്കിടക്കുന്ന ജലാശയത്തിലാണ്. ആഴ്ചതോറുമുള്ള ഉറവിട നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടതാണ്. കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായും വര്‍ഷം മുഴുവന്‍ നടത്തേണ്ടതിനു ജനപങ്കാളിത്തം കൂടിയേതീരൂ. 

വെള്ളത്തില്‍ കൂടി പകരുന്ന രോഗങ്ങളാണ് കോളറ, വയറിളക്കരോഗങ്ങള്‍, ടൈഫോയ്ഡ്, പോളിയോ തുടങ്ങിയവ. ഇവയെ ഫലപ്രദമായി നേരിടാന്‍ വേണ്ടത് കുടിവെള്ളശുചിത്വം, ഭക്ഷണശുചിത്വം, വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയാണ്. ഈ ശുചിത്വശീലങ്ങള്‍ സമൂഹത്തിന്റെ ശീലമാകണം. വ്യക്തികളിലും കുടുംബങ്ങളിലും നിന്ന് സമൂഹത്തിലേക്ക് ഈ ശീലങ്ങള്‍ വ്യാപരിക്കണം. സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്ന അതേ ശുഷ്‌കാന്തി പൊതുസ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നതിലും ഉണ്ടാകണം. എലിപ്പനി മൂലമാണ് വര്‍ഷങ്ങളായി ഏറ്റവും അധികം മരണങ്ങള്‍ ഉണ്ടാകുന്നത്. എലിപ്പനി എലിയുടെ മാത്രമല്ല മറ്റു പല മൃഗങ്ങളുടെയും മൂത്രം നമ്മുടെ ജലാശയങ്ങളില്‍ കലരുമ്പോള്‍ ഉണ്ടാകുന്നു.

മാലിന്യങ്ങളെ ഉറവിടങ്ങളില്‍ വേര്‍തിരിക്കുവാനും ഓരോതരം മാലിന്യങ്ങളെ കൃത്യമായി സംസ്‌കരിക്കുവാനും സംവിധാനങ്ങളില്ലെങ്കില്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും നിലനില്‍പ്പില്ല. ഏകാരോഗ്യം (one health) എന്ന ആശയം പകരുന്നത് ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും മനുഷ്യന്റെയും പരിസ്ഥിതിയുടെയും ആരോഗ്യം പരസ്പരബന്ധിതമാണ് എന്നാണ്. ഓരോ വ്യക്തിയും മാലിന്യം വേര്‍തിരിക്കാതെ പ്ലാസ്റ്റിക് ബാഗില്‍ നിക്ഷേപിച്ചു എറിഞ്ഞു കളയുമ്പോള്‍ ഭാവി തലമുറയ്ക്ക് നേരെ നമ്മള്‍ എറിയുന്ന ബോംബാണ് അവയെന്ന് ഓര്‍ക്കേണ്ടതാണ്. 

REPRESENTATIVE IMAGE
1990 കള്‍ മുതലാണ് രക്താതിസമ്മര്‍ദം, ഡയബെറ്റിസ്, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ ജീവിതശൈലിരോഗങ്ങള്‍ പൊതുജനാരോഗ്യപ്രശ്നമായി മാറിയത്. ഈ രോഗങ്ങളെല്ലാം ഉണ്ടാകുന്നതിന് പിന്നിലെ ആപത്ഘടകങ്ങള്‍ (risk factors) നിരവധിയാണ്. ഇവയില്‍ ചിലത് നമുക്ക് മാറ്റാന്‍ പറ്റാത്തതാണ്. ഉദാഹരണമായി :- ജീവിതശൈലി രോഗങ്ങള്‍ പ്രായം കൂടുന്തോറും ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. പ്രായത്തെ പുനഃക്രമീകരിക്കുവാന്‍ നമുക്ക് സാധിക്കില്ല. എന്നാല്‍, ജീവിതശൈലിരോഗങ്ങള്‍ക്കു നിദാനമായ മറ്റനേകം ഘടകങ്ങള്‍ നമുക്ക് മാറ്റാവുന്നതാണ്. വ്യായാമക്കുറവ്, ഭക്ഷണരീതി, മാനസികസംഘര്‍ഷം, പുകവലി, ഭാരക്കൂടുതല്‍, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ നമുക്ക് മാറ്റുവാന്‍ കഴിയുന്നവയാണ്.

ഇത്തരം ശീലങ്ങള്‍ 10-20 വര്‍ഷം ആളുകള്‍ തുടരുകയും അതു സമൂഹത്തിന്റെ ശീലമാകുകയും ചെയ്യുമ്പോള്‍ ഈ രോഗങ്ങള്‍ പൊതുജനാരോഗ്യപ്രശ്നമായി തീരുന്നു. ആഗോള ആരോഗ്യനില നോക്കുമ്പോള്‍ മരണവും രോഗാതുരതയും ഉണ്ടാക്കുന്ന രോഗങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലെല്ലാം ജീവിതശൈലി രോഗങ്ങള്‍ കൊണ്ടുളളതാണ്. കേരളത്തെ സംബന്ധിച്ച് ജീവിതശൈലി രോഗങ്ങളുടെ വര്‍ദ്ധനവിനുപരി അതിന്റെ തുടക്കം ചെറുപ്രായക്കാരില്‍ നിന്നാണ് എന്നതാണ് എറ്റവും ആപത്ക്കരമായി കണക്കാക്കപ്പെടുന്നത്. 20 നും 30 നും ഇടയിലുള്ള പ്രായത്തില്‍ ആരംഭിക്കുന്ന പ്രമേഹം കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ 40-50 വയസ്സാകുമ്പോള്‍ വൃക്ക, ഹൃദയം, തലച്ചോര്‍, കണ്ണ് സംബന്ധമായി ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകും. ഒരു സമൂഹത്തില്‍ വളരെയധികം പേര്‍ക്കും പ്രമേഹം ചെറുപ്പത്തില്‍ ആരംഭിച്ചാല്‍ ആ സമൂഹത്തില്‍ രോഗാതുരതയും ദീര്‍ഘകാല രോഗങ്ങള്‍ പ്രധാന പ്രശ്നമായി 20 വര്‍ഷത്തിനുള്ളില്‍ മാറും.

പ്രതിവിധികള്‍

പകര്‍ച്ചവ്യാധികളായാലും ജീവിതശൈലി രോഗങ്ങളായാലും ഒരു ജനതയുടെ ശീലങ്ങള്‍ക്കു പ്രാധാന്യം കൈവരുന്നു. ഒരു ജനതയുടെ ശരാശരി രക്തസമ്മര്‍ദം 1-2 mm മെര്‍ക്കുറി കുറച്ചാല്‍ ആ ജനതയുടെ സ്‌ട്രോക്ക് ഉണ്ടാകുന്ന തോത് പതിന്മടങ്ങു കുറയ്ക്കാം. ഒരു ജനതയുടെ ശരാശരി BP 1-2 mm കുറയ്ക്കണമെങ്കില്‍ ആ ജനതയുടെ വ്യായാമത്തിന്റെ തോത് കൂടണം, എല്ലാവരും ആരോഗ്യമുള്ള ഭക്ഷണം, വിഷരഹിത പച്ചക്കറികള്‍, ധാരാളം പഴങ്ങള്‍ കഴിക്കുക ഇവ ശീലമാക്കണം. ഒപ്പം അനാരോഗ്യശീലങ്ങളായ പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം ഇവയില്ലാതായി മാനസികാരോഗ്യം വര്‍ധിക്കണം. എന്നാല്‍, നാം ചുറ്റുപാടും വീക്ഷിക്കുന്നത് അനാരോഗ്യഭക്ഷണശാലകളുടെ ഔട്ട്‌ലെറ്റുകളാണ്. ഇത് അനാരോഗ്യശീലങ്ങള്‍ വര്‍ധിച്ച് മാനസിക സംഘര്‍ഷം പാരമ്യത്തിലെത്തുന്നു. ചുരുക്കിപറഞ്ഞാല്‍ പ്രതിരോധത്തിന്റെ എല്ലാ തലങ്ങളും വ്യക്തി, കുടുംബ, സാമൂഹിക മേഖലയില്‍ സജീവമാകേണ്ടതാണ്. 

REPRESENTATIVE IMAGE
പ്രാഥമിക പ്രതിരോധതലം : വ്യക്തികളും, കുടുംബങ്ങളും, സമൂഹവും ആരോഗ്യ ശീലങ്ങള്‍ പാലിക്കുകയും അതിനു വളമിടുന്ന തരത്തിലുള്ള അന്തരീക്ഷം കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുക.

ദ്വിതീയ പ്രതിരോധതലം : പകര്‍ച്ചവ്യാധികളാകട്ടെ ജീവിതശൈലി രോഗങ്ങളാകട്ടെ അവ ആദ്യഘട്ടത്തില്‍തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനുമുള്ള രോഗനിര്‍ണയ/ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക. രോഗനിരീക്ഷണത്തിനും (surveillance) റിപ്പോര്‍ട്ടിങ്ങിനും പ്രാധാന്യം നല്‍കുക.    

ത്രിതീയ പ്രതിരോധം: രോഗചികിത്സയിലിരിക്കുന്നവര്‍ക്കും രോഗത്തിന്റെ ആഘാതം ദീര്‍ഘമായി അനുഭവിക്കുന്നവര്‍ക്കും പുനഃരധിവാസപ്രവര്‍ത്തനങ്ങളും സാന്ത്വനപരിചരണവും എത്തിച്ചുകൊടുക്കുക.

ഈ പ്രവര്‍ത്തനങ്ങള്‍ ഓരോ പഞ്ചായത്തിലെയും രോഗങ്ങളുടെ സ്ഥിതിവിവരകണക്കനുസരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ജനതകളും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ആരോഗ്യപദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ മാത്രമേ ആരോഗ്യം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വ്യക്തികള്‍ക്കും സമൂഹത്തിനും കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ.


#healthcare
Leave a comment