റോബോട്ടിക് സര്‍ജറി; മേന്മയും പരിമിതികളും
ഒരു സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞാല്‍, സ്വാഭാവികമായും നമ്മുടെയുള്ളില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയരും. സര്‍ജറി സേഫ് ആണോ, എത്ര വേദനയെടുക്കും, എത്ര സമയം ആശുപത്രിയിലോ വീട്ടിലോ വിശ്രമിക്കേണ്ടി വരും, അങ്ങനെയങ്ങനെ.
കമ്പ്യൂട്ടര്‍ യുഗത്തിന്റെ ആരംഭത്തോടെ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ആധുനിക വൈദ്യശാസ്ത്രത്തിന് ദ്രുതഗതിയില്‍ വികസിക്കാനുള്ള അവസരങ്ങളുണ്ടായി. ശാസ്ത്രകഥകളില്‍ മാത്രം കണ്ടിരുന്ന രീതിയിലുള്ള രോഗനിര്‍ണയവും ചികിത്സാ നടപടിക്രമങ്ങളും ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. റോബോട്ടിക് കൈകള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകളിലൂടെ കേരളത്തിലെ ആധുനിക വൈദ്യശാസ്ത്രരംഗം പുതിയൊരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. കേരളത്തിലെത്തിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളൂവെങ്കിലും വളരെ പെട്ടെന്ന് പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒരു ശസ്ത്രക്രിയാരീതിയായി അത് മാറിക്കഴിഞ്ഞു.
റോബോട്ടിക് സര്‍ജറിക്ക് വിധേയരായവര്‍ എല്ലാം സര്‍ജറിയുടെ കാര്യത്തില്‍ വളരെ ഹാപ്പിയാണ്. എന്തുകൊണ്ടാണ് കോവിഡ് മഹാമാരിക്കുശേഷം റോബോട്ടിക് സര്‍ജറികള്‍ക്ക് ഇത്ര വലിയ ജനപ്രീതി കിട്ടാന്‍ കാരണം?
REPRESENTATIONAL IMAGE: WIKI COMMONS
എന്താണ് റോബോട്ടിക് സര്‍ജറി?
സാധാരണ ശസ്ത്രക്രിയകളേക്കാള്‍ സുരക്ഷിതമാണ് റോബോട്ടിക് സര്‍ജറി. ഇതൊരു കീഹോള്‍ സര്‍ജറിയാണ്. ഓപ്പറേഷന്‍ തിയറ്ററിന്റെ ഒരു കോണില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സ്റ്റുഡിയോ പോലെയുള്ള ഒരു മുറിയിലാണ് ഡോക്ടറുടെ സ്ഥാനം. അവിടെയിരുന്നാണ് ഡോക്ടര്‍ ഈ റോബോട്ടിക് കൈകളെ നിയന്ത്രിക്കുന്നത്.
വളരെ ചെറിയ മുറിവ് മാത്രമേ ഇത്തരം സര്‍ജറികള്‍ക്ക് വേണ്ടി വരുന്നുള്ളൂ എന്നതാണ് പ്രധാന ആകര്‍ഷണം. ഈ ചെറുമുറിവിലൂടെ ശരീരത്തിനകത്തേക്ക് കുഞ്ഞന്‍ റോബോട്ടിക് കൈകളെ കടത്തിവിടുന്നു. അതിലുള്ള ക്യാമറകളിലൂടെ തത്സമയം ഡോക്ടര്‍ക്ക് ശരീരത്തിനുള്ളിലെ അവയവ ഭാഗങ്ങള്‍ കാണാനുമാകും. അത്യാധുനിക ത്രീഡി കാമറകളും അത് പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഡോക്ടര്‍ക്ക് കാണാന്‍ വലിയ സ്‌ക്രീനുകളുമാണ് ഉപയോഗിക്കുന്നത്.
റോബോട്ടിക്സിന്റെ ചരിത്രം
യന്ത്രവത്കരണത്തിന്റെ യഥാര്‍ത്ഥ ആശയം അരിസ്റ്റോട്ടിലിന്റേതായിരുന്നു. നൂറ്റാണ്ടിന് അപ്പുറമാണെങ്കിലും 'റോബോട്ട്' എന്ന വാക്ക് രൂപപ്പെട്ടത് 1920 ല്‍ 'റോബോട്ട' എന്ന ചെക് വാക്കില്‍ നിന്നാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത റോബോട്ടിക്സും ശസ്ത്രക്രിയയും വൈദ്യശാസ്ത്രത്തില്‍ ആവേശകരമായ ഒരു കാലഘട്ടത്തിന് തുടക്കം കുറിച്ചു. സിടി സ്‌കാനിങ്ങ് ഉപയോഗപ്പെടുത്തി തലച്ചോറിലെ ബയോപ്സി ചെയ്യുന്നതിന് സൂചി ഉറപ്പിക്കുന്നതിനായി 1985 ല്‍ പ്യൂമ-560 എന്ന റോബോട്ടാണ് ആദ്യമായി ഉപയോഗിച്ചത്. 1987 ല്‍ പിത്താശയം നീക്കം ചെയ്യുന്ന കോളി സിസ്റ്റക്ടമി എന്ന ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്കും റോബോട്ടിക്സിനെ ഉപയോഗപ്പെടുത്തി. 1988 ല്‍ പ്രോസ്റ്റാറ്റിക് ശസ്ത്രക്രിയയ്ക്കു വേണ്ടി പ്രോബോട്ട് എന്ന റോബോട്ടിക്സിനെയും ഉപയോഗിച്ചു.
പ്യൂമ-560
ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റത്തിന്റെ ആരംഭത്തോടെ തൊണ്ണൂറുകളില്‍ റോബോട്ടിക്സ് ശസ്ത്രക്രിയകള്‍ക്ക് കൂടുതല്‍ മുന്നേറ്റമുണ്ടായി. ശസ്ത്രക്രിയയ്ക്ക് ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റം ഉപയോഗിക്കുന്ന രീതി 2000 ത്തില്‍ അമേരിക്കയിലെ എഫ്ഡിഎ അംഗീകരിക്കുകയും പെട്ടെന്നുതന്നെ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ ഈ രീതി വിവിധ ശസ്ത്രക്രിയകള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. വര്‍ഷങ്ങളായി നൂതന സാങ്കേതിക മുന്നേറ്റങ്ങളും അവയുടെ പരിഷ്‌കാരങ്ങളും വഴി ശസ്ത്രക്രിയ, റോബോട്ടിക് സാങ്കേതിക വിദ്യകളില്‍ ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റം പുതിയ മുന്നേറ്റം കുറിക്കുന്നു.
മേന്മകളും പരിമിതികളും
നിലവിലുള്ള സര്‍ജിക്കല്‍ റോബോട്ടിക് സംവിധാനത്തിന് നാലു പ്രധാന ഘടകങ്ങളാണുള്ളത്. സര്‍ജിക്കല്‍ ഇന്റര്‍ഫേസ് ഡിവൈസ്, കമ്പ്യൂട്ടര്‍ കണ്‍ട്രോളര്‍, റോബോട്ടിക് ആം ഇന്‍സ്ട്രുമെന്റ്സ്, വിഷ്വലൈസിങ് സംവിധാനം എന്നിവ. ഒരു ഇന്റര്‍ഫേസ് ഉപകരണം വഴി ശസ്ത്രക്രിയാ വിദഗ്ധന്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നു. പിന്നീട്, അദ്ദേഹത്തിന്റെ ചലനങ്ങള്‍ കൈമാറുകയും കമ്പ്യൂട്ടര്‍ കണ്‍ട്രോളര്‍ ഉപയോഗിച്ച് ഡിജിറ്റെസ് ചെയ്യുകയും ചെയ്യുന്നു. അതിനുശേഷം ഓപ്പറേഷന്‍ ടേബിളിനടുത്ത് വച്ചിട്ടുള്ള റോബോട്ടിക് ആംസ് അഥവാ, കൈകള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നു.
പരമ്പരാഗത രീതിയിലുള്ളതിനെക്കാള്‍ വളരെയധികം മടങ്ങ് വലുതായി കാണുന്നതിന് സഹായിക്കുമെന്നതിനാല്‍ സര്‍ജന്റെ കാഴ്ചപ്പാടിന് വ്യക്തതയുണ്ടാവുകയും ചെറിയ വസ്തുക്കളുടെ പോലും വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കുകയും ചെയ്യും. ഉയര്‍ന്ന റെസല്യൂഷനിലുള്ള ത്രീ ഡയമെന്‍ഷണല്‍ മോണിറ്ററുകളാണ് ഇതിനു സഹായിക്കുന്നത്.
പരമ്പരാഗത ശസ്ത്രക്രിയയും റോബോട്ടിക്സും തമ്മിലുള്ള പ്രധാന വ്യത്യാസം കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് ആണ്. സര്‍ജിക്കല്‍ ഇന്റര്‍ഫേസിലെ ഹാന്‍ഡ് കണ്‍ട്രോള്‍ ഉപയോഗിച്ച് സര്‍ജന്‍ നല്കുന്ന ചലനങ്ങള്‍ക്ക് അനുസൃതമായി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാന്‍ സാധിക്കും. സാധാരണ പരമ്പരാഗത ലാപ്രോസ്‌കോപ്പിക് രീതികളില്‍ നിന്ന് വ്യത്യസ്തമായി ഉപയോഗിക്കുന്നവര്‍ക്ക് ക്ഷീണമുണ്ടാകാത്ത രീതിയിലുള്ള ആധുനിക പ്രവര്‍ത്തനരീതിയാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. സര്‍ജന്മാരുടെ കഴുത്ത്, പുറം വേദനകള്‍, പേശീവലിവ് ഇവ ഒഴിവാക്കി കസേരയില്‍ ഇരുന്ന് മോണിറ്ററില്‍ നോക്കി നടത്താന്‍ കഴിയുന്നതാണ് റോബോട്ടിക് ശസ്ത്രക്രിയ. വളരെക്കുറച്ച് രക്തം മാത്രമേ സര്‍ജറിയിലൂടെ നഷ്ടപ്പെടൂ, കുറഞ്ഞ നാളത്തെ വിശ്രമം, ശസ്ത്രക്രിയയ്ക്കു ശേഷം കുറച്ചു ദിവസങ്ങള്‍ മാത്രമുള്ള ആശുപത്രിവാസം ഇതൊക്കെയാണ് റോബോട്ടിക് സംവിധാനത്തിന്റെ മേന്മകള്‍.
REPRESENTATIONAL IMAGE: WIKI COMMONS
സുരക്ഷിതത്വം, കൃത്യത, വേഗത
ഡോക്ടര്‍മാരുടെ കൈകളില്‍ ഉണ്ടാകുന്ന ചെറിയ വിറയലുകള്‍ പോലും ഒഴിവാക്കാന്‍ റോബോട്ടിക് സര്‍ജറിക്ക് കഴിയും. അങ്ങേയറ്റം കൃത്യതതയോടെ സങ്കീര്‍ണമായ സര്‍ജറികള്‍ ചെയ്യാന്‍ ഇത് സഹായകമാകുന്നു. മാത്രമല്ല, സാധാരണ സര്‍ജറികളെക്കാള്‍ വേഗത്തില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാനും കഴിയും. മുറിവ് വളരെ ചെറുതായതുകൊണ്ട് പെട്ടെന്നുതന്നെ ഉണങ്ങും. അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഒരുപാട് രക്തം നഷ്ടമാകുന്ന സാഹചര്യവുമില്ല. കഴിയുന്നതും നേരത്തെ തന്നെ ആശുപത്രി വിടാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും രോഗിക്ക് കഴിയും. കീഹോള്‍ സര്‍ജറികളെക്കാള്‍ വേദനയും കുറവാണ്.
സര്‍ജറി ചെയ്യുന്നത് റോബോട്ട് ആണെങ്കിലും അതിന്റെ മുഴുവന്‍ നിയന്ത്രണവും ഡോക്ടറുടെ കൈകളിലാണ്. റോബോട്ട് ഒരിക്കലും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നില്ല. ഡോക്ടര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ റോബോട്ട് അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്നതിലും വലിയ ദൃശ്യങ്ങളാണ് സ്‌ക്രീനിലൂടെ ഡോക്ടര്‍ കാണുന്നത്. നമ്മുടെ കൈകള്‍ കൊണ്ട് എത്തിപ്പെടാന്‍ കഴിയാത്ത ആന്തരിക അവയവങ്ങളില്‍ പോലും കൃത്യതയോടെ, സൂക്ഷ്മമായി സര്‍ജറി പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ കഴിയും. ഡോക്ടറുടെ കൈകള്‍ക്ക് കൂടുതല്‍ ചലനസ്വാതന്ത്ര്യവും കൈത്തഴക്കവും നല്‍കുകയാണ് റോബോട്ട് ചെയ്യുന്നത്.
ഭാവിയുടെ സാങ്കേതിക വിദ്യ
സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് റോബോട്ടിക് സര്‍ജറി എന്ന ആശയം ആവിഷ്‌കരിക്കപ്പെട്ടത്. ഇപ്പോള്‍ അത് പലവിധ ശസ്ത്രക്രിയകള്‍ക്കും ഫലപ്രദമായി ഉപയോഗിക്കുന്നു. വയറിലെയും നെഞ്ചിലെയും സര്‍ജറികള്‍ക്കാണ് നിലവില്‍ ഇത്തരം സംവിധാനം കൂടുതലായും പ്രയോജനപ്പെടുത്തുന്നത്. മൂത്രസഞ്ചിയിലും കിഡ്നിയിലും ഉണ്ടാകുന്ന വളരെ ചെറിയ കാന്‍സര്‍ മുഴകള്‍ നീക്കം ചെയ്യാനും റോബോട്ടിക് ശസ്ത്രക്രിയാ രീതി തിരഞ്ഞെടുക്കുന്നുണ്ട്. എന്നാല്‍ അടുത്ത അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ റോബോട്ടിക് സര്‍ജറി കേരളത്തില്‍ എല്ലായിടത്തും സര്‍വസാധാരണമായി മാറുമെന്നാണ് സൂചന. ഏഴ് വയസ്സ് കഴിഞ്ഞ കുട്ടികള്‍ മുതല്‍ പ്രായഭേദമന്യേ ആരിലും റോബോട്ടിക് സര്‍ജറി പ്രയോജനപ്പെടുത്താന്‍ കഴിയും. ഇതിനാവശ്യമായ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ചു തുടങ്ങിയതും അവയുടെ ചെലവ് കുറയുന്നതും ആരോഗ്യമേഖലയ്ക്ക് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. ആര്‍ക്കും സധൈര്യം ആശ്രയിക്കാവുന്ന ഒരു ശസ്ത്രക്രിയാ രീതിയായി റോബോട്ടിക് സര്‍ജറി മാറിക്കഴിഞ്ഞു.