മലയാളിയുടെ മാനസികാരോഗ്യം തകരുകയാണോ?
സമീപകാലത്ത് കേരളത്തിന്റെ പല ഭാഗത്തായി നടക്കുന്ന സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ മലയാളിയുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് പൊതുവായ ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. ആശുപത്രിയില്‍, തന്നെ ചികിത്സിച്ച ഡോക്ടറെ കുത്തിമലര്‍ത്താന്‍ മടികാട്ടാത്ത യുവാവ്, പ്രണയം നിരസിച്ച കാമുകിയെ ആസിഡ് ഒഴിച്ച് ആക്രമിക്കുന്ന മുന്‍ കാമുകന്‍, തിരക്കുള്ള ബസ്സില്‍ സ്ത്രീകളുടെ മുന്‍പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്ന ചെറുപ്പക്കാരന്‍, ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ട് സ്വന്തം അമ്മയെ കൊല്ലുന്ന മകന്‍ ഇത്തരം വാര്‍ത്തകള്‍ വായിക്കുന്ന ഏതൊരു വ്യക്തിയുടെയും മനസ്സില്‍ ഒഴിയാത്ത ആശങ്കകള്‍ നിറയും.
മാനസിക പ്രശ്‌നങ്ങള്‍ അറിയാം അകറ്റാം
എന്താണ് മാനസികാരോഗ്യം? മനസ്സ് എന്ന പ്രതിഭാസം എന്താണെന്ന് തിരിച്ചറിയാനുള്ള പരിശ്രമങ്ങള്‍ ആദ്യകാലം തൊട്ടേ മനുഷ്യന്‍ നടത്തി വരുന്നുണ്ട്. പലവിധത്തിലുള്ള വിശദീകരണങ്ങള്‍ ഓരോ കാലത്തും ഇതിനെക്കുറിച്ച് ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ ആധുനിക ശാസ്ത്രലോകം മനസ്സിലാക്കിയിരിക്കുന്നത് തലച്ചോറിന്റെ ഉന്നത പ്രവര്‍ത്തനങ്ങളുടെ ആകെത്തുക മനസ്സ് എന്നതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശരീരത്തിലെ ലവണങ്ങള്‍ തൊട്ട് സാമൂഹിക സാഹചര്യങ്ങള്‍ വരെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് തന്നെ ഒട്ടേറെ ജൈവീക മാനസിക സാമൂഹിക ഘടകങ്ങള്‍ മാനസികാരോഗ്യത്തിന് പിന്നില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്.
സ്വന്തമായി ചിന്തിക്കാനും, തീരുമാനങ്ങള്‍ എടുക്കാനും, ജോലി ചെയ്തു ഉപജീവനം കഴിക്കാനും, ചുറ്റുമുള്ള വ്യക്തികളോട് ആരോഗ്യകരമായ ബന്ധങ്ങള്‍ പുലര്‍ത്താനും, മാറിവരുന്ന സാഹചര്യങ്ങളോട് അനുയോജ്യമായി പ്രതികരിക്കാനും കഴിയുന്ന വ്യക്തി മാനസിക ആരോഗ്യമുള്ള ഒരാളാണ് എന്ന് കരുതാം. ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം ഒരു വ്യക്തിയെ മാനസിക രോഗി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ഏതെങ്കിലും പെരുമാറ്റമോ, വികാരപ്രകടനമോ, സാമൂഹിക ജീവിതത്തെയോ, തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള കഴിവിനെയോ ദോഷകരമായി ബാധിക്കുമ്പോള്‍ ആണ്.
Representational Image: Wiki Commons
മനസ്സിന്റെ വിവിധ ഘടകങ്ങളില്‍പ്പെടുന്നവയാണ് ചിന്തകള്‍, ഓര്‍മകള്‍, സംവേദനങ്ങള്‍, വികാരങ്ങള്‍ എന്നിവയൊക്കെ. ഇവയെല്ലാം ഒരു സന്തുലിതാവസ്ഥയില്‍ മുന്നോട്ടുപോവുകയും മറ്റുള്ളവരോട് ഇടപെടാനുള്ള കഴിവിനെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ നിലനില്‍ക്കുകയും ചെയ്താല്‍ ആ വ്യക്തിക്ക് മാനസികാരോഗ്യമുണ്ട് എന്നു കരുതാം.
ആധുനികകാലത്തെ മാനസികാരോഗ്യം
കോവിഡ് 19 മഹാമാരി കടന്നുവന്നതോടെ ലോകവ്യാപകമായി മനുഷ്യരുടെ മാനസികാരോഗ്യം തകരാറിലായതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നു. വിഷാദരോഗം, ഉല്‍ക്കണ്ഠ രോഗങ്ങള്‍ തുടങ്ങിയ മാനസിക പ്രശ്നങ്ങളുടെ തോത് മഹാമാരിക്കാലത്ത് 25% വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊച്ചുകുട്ടികള്‍ തൊട്ട് വയോജനങ്ങളെ വരെ മഹാമാരിയുടെ സ്വാധീനം മാനസികമായി ബാധിച്ചു എന്നു വേണം മനസ്സിലാക്കാന്‍. ചെറിയ കുട്ടികളില്‍ ഡിജിറ്റല്‍ അടിമത്തം, പഠന പ്രശ്നങ്ങളും പെരുമാറ്റ പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ ചെറുപ്പക്കാരില്‍ വിഷാദരോഗം അടക്കമുള്ള പ്രശ്നങ്ങള്‍ വ്യാപകമായിരുന്നു. റിവേഴ്സ് ക്വാറന്റൈന്‍ മൂലം വീടിനുള്ളില്‍ അടച്ചിരിക്കേണ്ടിവന്ന വയോജനങ്ങളില്‍ മറവിരോഗം പോലെയുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു.
മഹാമാരി കടന്നുവരുന്നതിനു മുന്‍പുതന്നെ ആധുനിക ജീവിതശൈലിയുടെ വേഗത ശരാശരി മനുഷ്യന്റെ ജീവിതസമ്മര്‍ദങ്ങളെ വര്‍ദ്ധിപ്പിച്ചിരുന്നു. ഉപഭോഗ സംസ്‌കാരത്തിലേക്ക് ചുവടുമാറ്റം നടത്തിയ സമൂഹം, സമ്പല്‍സമൃദ്ധിയുടെയും പ്രദര്‍ശനാത്മകതയുടെയും രീതികളെ അവലംബിച്ചപ്പോള്‍ കൂടുതല്‍ ധനം സമ്പാദിക്കേണ്ട ആവശ്യകത മനുഷ്യജീവിതത്തിന്റെ ഭാഗമായി. സ്വാഭാവികമായും ഇത് ജോലിഭാരം വര്‍ദ്ധിക്കാനും അനുബന്ധമായി മാനസിക സംഘര്‍ഷങ്ങള്‍ പെരുകുവാനും വഴിതെളിച്ചു. രാത്രികാലത്ത് ഉറക്കത്തെ ബാധിക്കുന്ന രീതിയിലേക്ക് ശരാശരി മനുഷ്യന്റെ ജീവിതശൈലി മാറിയതോടെ അതും മാനസിക ആരോഗ്യപ്രശ്നങ്ങള്‍ കൂടാനുള്ള കാരണമായി ഭവിച്ചു.
ഇന്റര്‍നെറ്റ് അടക്കമുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തില്‍ത്തന്നെ വ്യത്യാസങ്ങള്‍ ഉണ്ടായി. 30 വര്‍ഷത്തിനു മുന്‍പ് ഒരു സിനിമ കാണണമെങ്കില്‍ തീയറ്ററില്‍ പോയി ക്യൂ നിന്ന് ടിക്കറ്റ് എടുക്കുകയോ റിസര്‍വ് ചെയ്യുകയോ ചെയ്യുന്ന സാഹചര്യമായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണമെങ്കില്‍ നാം അവിടെ പോയി ഭക്ഷണം ആവശ്യപ്പെടുകയെ നിവര്‍ത്തി ഉണ്ടായിരുന്നുള്ളൂ. ഒരു വ്യക്തിയോട് പ്രണയം തോന്നുന്നപക്ഷം കത്തു മുഖേനയോ മറ്റോ അയാളെ അത് അറിയിച്ചശേഷം മറുപടിക്കുവേണ്ടി കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. മേല്‍ സൂചിപ്പിച്ച മൂന്ന് സന്ദര്‍ഭങ്ങളിലും മനസ്സില്‍ ഒരു ആഗ്രഹം തോന്നുന്നതും അത് പൂര്‍ത്തീകരിക്കപ്പെടുന്നതും തമ്മില്‍ ഒരു സമയത്തിന്റെ ഇടവേള ഉണ്ടായിരുന്നു. ആഗ്രഹം സഫലമാകാനോ വിഫലമാകാനോ ഉള്ള സാധ്യതകളെക്കുറിച്ച് മനസ്സിനെ പാകപ്പെടുത്താന്‍ ഈ ഇടവേള പ്രയോജനപ്രദമായിരുന്നു. എന്തെങ്കിലും കാരണവശാല്‍ ആഗ്രഹം നിറവേറിയില്ലെങ്കിലും അതിനോട് പൊരുത്തപ്പെടാന്‍ ഇതുമൂലം മനുഷ്യന് സാധിച്ചിരുന്നു. എന്നാല്‍, ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതും ഒരാളോട് പ്രണയം അറിയിക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഏതാനും 'ക്ലു' കള്‍ വഴി തന്നെ നിര്‍വഹിക്കാന്‍ സാധിക്കും. നിമിഷാര്‍ത്ഥംകൊണ്ട് മറുപടി ലഭിക്കുകയും ചെയ്യും. ഈ സാഹചര്യം മനുഷ്യജീവിതത്തില്‍, മനുഷ്യസ്വഭാവത്തില്‍ അക്ഷമയും എടുത്തുചാട്ട പ്രവണതയും വര്‍ദ്ധിക്കുന്ന സാഹചര്യത്തിന് കളമൊരുക്കിയിട്ടുണ്ട്. ആഗ്രഹം നടക്കാത്തപക്ഷം അമിതമായ വൈകാരിക പ്രതികരണങ്ങള്‍ നടത്താന്‍ ഇത് പ്രേരകമാകുന്നു. ആഗ്രഹം നടക്കാതെ വന്നാല്‍ അക്രമം കാട്ടാനും മറുവശത്തുള്ള ആളെ ഇല്ലായ്മ ചെയ്യാന്‍ പോലും മനുഷ്യന് തോന്നുന്നത് ഈ എടുത്തുചാട്ട സ്വഭാവത്തിന്റെ ഫലമാണെന്ന് നിരീക്ഷിക്കാം.
Representational Image: Wiki Commons
ചെറുപ്രായം തൊട്ടുതന്നെ കുട്ടികളെ വളര്‍ത്തുന്ന രീതിയില്‍ ഇന്ന് നിലവിലുള്ള പാകപ്പിഴകളും മാനസിക അനാരോഗ്യത്തിന് കാരണമാകുന്നുണ്ട്. കുട്ടികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഉടനടി നിര്‍വഹിച്ചു കൊടുക്കുന്ന മാതാപിതാക്കള്‍ അപകടത്തിന് വളംവയ്ക്കുകയാണ്. ഇത്തരത്തില്‍ മനസ്സില്‍ ആഗ്രഹിക്കുന്നതെല്ലാം സഫലമായി മുന്നോട്ടുപോകുന്ന കുട്ടികള്‍, എന്തെങ്കിലും കാരണവശാല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകാതെ വന്നാല്‍ അമിത ദേഷ്യവും അക്രമസ്വഭാവവും പ്രദര്‍ശിപ്പിക്കുന്നത് സാധാരണമാണ്. മാതാപിതാക്കള്‍ക്ക് കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ സമയമില്ലാതെ വരുന്ന അവസ്ഥയില്‍ ഈ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി വരുന്നതായും കാണുന്നുണ്ട്. മാതാപിതാക്കളുടെ സ്നേഹപൂര്‍വമായ സാമീപ്യം ലഭിക്കാതെ വരുന്ന കുട്ടികള്‍ ഡിജിറ്റല്‍ അടിമത്തത്തിലേക്കും മയക്കുമരുന്നുകളുടെ ഉപയോഗത്തിലേക്കും കടന്നുചെല്ലുന്നതും സര്‍വസാധാരണമാണ്.
മാനസികാരോഗ്യത്തോട് മുഖംതിരിക്കുന്നവര്‍
മനുഷ്യരില്‍ വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളില്‍ 50 ശതമാനവും 14 വയസ്സിന് മുന്‍പ് ആരംഭിക്കുന്നവയാണ്. ഇത്തരം രോഗാവസ്ഥകളില്‍ 75 ശതമാനവും 24 വയസ്സിന് മുന്‍പ് തുടങ്ങുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗം, ഉല്‍ക്കണ്ഠാ രോഗങ്ങള്‍, ഉറക്കക്കുറവ്, കുട്ടികളിലെ ശ്രദ്ധക്കുറവ് തുടങ്ങി നല്ലൊരു ശതമാനം മാനസികാരോഗ്യ പ്രശ്നങ്ങളും കൃത്യമായി ചികിത്സയിലൂടെ പൂര്‍ണമായും ഭേദപ്പെടുത്താന്‍ കഴിയുന്നവയാണ്. പൂര്‍ണമായി ഭേദപ്പെടുത്താന്‍ കഴിയാത്ത ഗൗരവസ്വഭാവമുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങള്‍പോലും തുടക്കത്തില്‍ത്തന്നെ ചികിത്സിച്ചാല്‍ വളരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും. ഇങ്ങനെ രോഗനിയന്ത്രണം കൈവരിച്ചാല്‍ ആ വ്യക്തിക്ക് നല്ല രീതിയില്‍ കുടുംബജീവിതവും തൊഴില്‍ ജീവിതവും മറ്റേതൊരു വ്യക്തിയെയുംപോലെ മുന്നോട്ടു നയിക്കാനും അനായാസം സാധിക്കും. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും മാനസിക ആരോഗ്യത്തെക്കുറിച്ച് നിലനില്‍ക്കുന്ന അവമതിപ്പ് കൃത്യസമയത്ത് ചികിത്സ തേടുന്നതില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നുണ്ട്. 'മാനസികാരോഗ്യ പ്രശ്നത്തിന് ചികിത്സ തേടുന്നത് മറ്റുള്ളവര്‍ അറിഞ്ഞാല്‍ തങ്ങളെക്കുറിച്ച് അവര്‍ എന്ത് കരുതും', എന്ന വികല ചിന്തയാണ് പലരെയും കൃത്യസമയത്ത് ചികിത്സ തേടുന്നതില്‍ നിന്ന് പിന്‍വലിക്കുന്നത്. പൂര്‍ണമായും പരിഹരിക്കാവുന്ന രോഗാവസ്ഥകള്‍പോലും വഷളാകാനും മരണത്തിന് കാരണമാകാനും ഇതു വഴിതെളിയിക്കുന്നു. ചികിത്സ എടുക്കാതെ പോകുന്ന വിഷാദരോഗം ആത്മഹത്യകളുടെ പ്രധാന കാരണമാണ് എന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലഹരിക്ക് അടിമയാക്കപ്പെട്ടാല്‍ അത് ചികിത്സിക്കപ്പെടാതെ പോകുന്നപക്ഷം ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും അടക്കം കാരണമാകുന്നത് നാം സമീപകാലത്ത് കണ്ടു മനസ്സിലാക്കിയ യാഥാര്‍ത്ഥ്യം ആണല്ലോ.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യങ്ങളാണ് എന്ന യാഥാര്‍ത്ഥ്യം പൊതുസമൂഹം വ്യാപകമായി തിരിച്ചറിയേണ്ടതുണ്ട്. തലച്ചോറിലെ കോശങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന രാസവസ്തുക്കളായ നാഡീ പ്രക്ഷേപിണികളുടെ അളവിലെ വ്യതിയാനം ആണ് പല മാനസികാരോഗ്യ പ്രശ്നങ്ങളുടെയും കാരണം. ഈ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന മരുന്നുകളും അനുബന്ധമായുള്ള മനഃശാസ്ത്ര ചികിത്സകളും ജീവിതശൈലീ ക്രമീകരണങ്ങളും ശീലമാക്കിയാല്‍ പല മാനസിക ആരോഗ്യ പ്രശ്നങ്ങളെയും അനായാസം പരിഹരിക്കാന്‍ സാധിക്കും. തുടക്കത്തില്‍ത്തന്നെ ചികിത്സിച്ചാല്‍ ഏറ്റവും ഫലപ്രദമായി പല രോഗങ്ങളെയും നിയന്ത്രിക്കാം. എന്നാല്‍ ചികിത്സ തുടങ്ങാന്‍ വൈകുന്തോറും രോഗാവസ്ഥ സങ്കീര്‍ണതകളിലേക്ക് പോകുകയും ചികിത്സ കൂടുതല്‍ ദുഷ്‌കരവും ദൈര്‍ഘ്യമേറിയതും ആകുന്നു.
Representational Image: Wiki Commons
വേണം പാഠ്യപദ്ധതിയില്‍ മാനസികാരോഗ്യം
മാനസികാരോഗ്യത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന അജ്ഞത വലിയ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്ന പശ്ചാത്തലത്തില്‍, വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ത്തന്നെ മാനസികാരോഗ്യം ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു. പ്രൈമറി വിദ്യാഭ്യാസ തലത്തില്‍ത്തന്നെ മനസ്സിനെക്കുറിച്ചും മാനസിക ആരോഗ്യത്തെക്കുറിച്ചുമുള്ള ബാലപാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താം. ലഹരി വസ്തുക്കളുടെ ഉപയോഗം എങ്ങനെ മാനസികാരോഗ്യത്തെ തകര്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഈ പ്രായത്തില്‍ത്തന്നെ കുട്ടികളുടെ മനസ്സിലേക്ക് കടത്തിവിടാം. മാനസിക ആരോഗ്യം നിലനിര്‍ത്താനുള്ള ശീലങ്ങള്‍ ഹൈസ്‌കൂള്‍ പ്രായത്തിന് മുന്‍പുതന്നെ കുട്ടികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാം.
ജീവിതത്തിലെ പുതുമയുള്ളതും പ്രയാസമുള്ളതുമായ അനുഭവങ്ങള്‍ മറികടക്കാന്‍ ഒരു വ്യക്തി ആര്‍ജിച്ചിരിക്കേണ്ട കഴിവുകളെ ആണ് ജീവിതനിപുണതകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. കൗമാരപ്രായക്കാരായ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിത്തന്നെ ജീവിതനിപുണതാ വിദ്യാഭ്യാസം ഉറപ്പാക്കണം എന്ന് യൂണിസെഫും ലോകാരോഗ്യ സംഘടനയും നിഷ്‌കര്‍ഷിക്കുന്നു. സമപ്രായക്കാരുടെ സമ്മര്‍ദത്തെ മറികടക്കുക, മാനസിക സമ്മര്‍ദം അതിജീവിക്കുക, ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുക തുടങ്ങിയവയൊക്കെ ഇതിലൂടെ പ്രായോഗികമാക്കാന്‍ സാധിക്കും. നമ്മുടെ നാട്ടിലും സമാന ദിശയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ലേഖകന്‍ അടക്കമുള്ള ഒരു സംഘം ആളുകള്‍ തയാറാക്കിയ ' ഉല്ലാസ പറവകള്‍' എന്ന് പേരുള്ള ജീവിതനിപുണത വിദ്യാഭ്യാസ മോഡ്യൂള്‍ എസ്സിഇആര്‍ടി (SCERT) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് തൊട്ട് പന്ത്രണ്ടാം ക്ലാസ് വരെ ഓരോ ക്ലാസിലും 20 മണിക്കൂര്‍ വീതം പ്രതിവര്‍ഷം പ്രായോഗിക പരിശീലനങ്ങളില്‍ ഊന്നിയുള്ള ജീവിത വിദ്യാഭ്യാസമാണ് ഈ മോഡിയോളജിയില്‍ ഉള്ളത്. സിലബസുകള്‍ക്ക് അതീതമായി എല്ലാ വിദ്യാലയങ്ങളിലും ഈ മോഡ്യൂള്‍ നിര്‍ബന്ധപൂര്‍വം നടപ്പിലാക്കുന്നത് അടുത്തൊരു തലമുറയുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാകാന്‍ സാധ്യതയുണ്ട്.
ഇതോടൊപ്പം മാതാപിതാക്കള്‍ ദിവസേന അരമണിക്കൂര്‍ നേരമെങ്കിലും കുട്ടികളോടൊപ്പം ചിലവിടുകയും, കുടുംബാംഗങ്ങള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരസ്പരം തുറന്നു ചര്‍ച്ച ചെയ്യുകയും, ലഹരി അടിമത്തം അടക്കമുള്ള എല്ലാത്തരം മാനസിക പ്രശ്നങ്ങളും തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ തേടുകയും ചെയ്യുന്നത് പൊതുസമൂഹത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ സഹായകമാകും.