TMJ
searchnav-menu
post-thumbnail

Healthcare

ചികിത്സ-ഔഷധ വ്യവസായ സമുച്ചയവും ആരോഗ്യപരിപാലനവും

02 May 2023   |   3 min Read
കെ പി സേതുനാഥ്

റ്റനോട്ടത്തില്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന വര്‍ണ്ണശബളമായ ഡാറ്റ പോയിന്റുകളായി ഏതൊരു വിഷയവും അവതരിപ്പിക്കുന്ന രീതി ഇപ്പോള്‍ സുപരിചിതമാണ്‌. ആകര്‍ഷണീയമായ ഗ്രാഫിക്‌സുകളുടെ പിന്‍ബലത്തില്‍ ചുരുക്കം വാക്കുകളില്‍ വിഷയം അവതരിപ്പിക്കാന്‍ കഴിയുമെന്നതാണ്‌ അതിനുള്ള പ്രലോഭനം. ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ ഒരു പേജിലുള്ള ഏറ്റവും പുതിയ വിവരണം ഈ രീതിയുടെ നല്ല ഉദാഹരണമാണ്‌. പുതിയ സാങ്കേതികവിദ്യകളും, ശാസ്‌ത്രീയ കണ്ടെത്തലുകളും പൊതുജനാരോഗ്യത്തിന്റെ മേഖലയില്‍ ലഭ്യമാക്കാനിടയുള്ള നേട്ടങ്ങള്‍ മാത്രമല്ല ആപത്തുകളും ഒറ്റ പേജില്‍ ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ കാണാനാവും. ശാസ്‌ത്ര - സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളുടെ ഫലമായി ലഭിക്കാനിടയുള്ള നേട്ടങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്കൊപ്പം ആരോഗ്യമേഖലയിലാകെ ഇപ്പോഴും നിലനില്‍ക്കുന്ന ആപത്തുകളും ഗ്രാഫിക്‌ ചിഹ്നങ്ങളായി നമ്മുടെ മുമ്പാകെ പ്രത്യക്ഷപ്പെടുന്നു.

ശാസ്‌ത്ര-സാങ്കേതിക വികാസത്തിന്റെ ഫലമായി ആരോഗ്യ പരിപാലനത്തിന്റെ മേഖലയില്‍ സമീപഭാവിയില്‍ ലോകാരോഗ്യ സംഘടന പ്രതീക്ഷ പുലര്‍ത്തുന്ന ഏറ്റവും മുന്തിയ അഞ്ചു സാധ്യതകള്‍ താഴെപ്പറയുന്നവയാണ്‌. ജിനോമിക്‌സിന്റെ സഹായത്തോടെ രോഗത്തിനു മുന്നേയുള്ള രോഗനിര്‍ണ്ണയം, കൂടുതല്‍ മേന്മയേറിയ, മെച്ചപ്പെട്ട നിലയില്‍ നിര്‍മ്മിക്കുന്ന വാക്‌സിനുകളുടെ ലഭ്യത, കുറഞ്ഞ ചെലവിലുള്ള വൈറല്‍ ഡയഗ്നോസ്‌റ്റികസ്‌, പുതിയ ആന്റി-മൈക്രോബിയല്‍ ഔഷധങ്ങള്‍, അതിവേഗതയേറിയ റിമോട്ട്‌ ഡയഗ്നോസ്‌റ്റിക്‌സ്‌. ഈ നേട്ടങ്ങളോടൊപ്പം ആപത്തുകളെ പറ്റി ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പുകളും ഗൗരവമായ പരിഗണന ആവശ്യപ്പെടുന്നു. ആരോഗ്യപരിപാലനത്തില്‍ നിലനില്‍ക്കുന്ന ദേശീയ-സ്ഥാപന-വ്യക്തിഗത അസമത്വം കൂടുതല്‍ രൂക്ഷമാകുന്നതിനുള്ള സാധ്യത, മോശം ഗുണനിലവാരമുള്ള ഉള്ളടക്കത്തില്‍ നിന്നും ലഭിക്കുന്ന തെറ്റായ, വിശ്വസനീയമല്ലാത്ത ഫലങ്ങള്‍, ഡാറ്റയുടെ സ്വകാര്യതയുടെ അരക്ഷിതാവസ്ഥ, ഗുണനിലവാര സ്ഥിരത നിലനിര്‍ത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍, വിഷലിപ്‌തത, സുരക്ഷ എന്നിവയെക്കുറിച്ചുള്ള വ്യാകുലതകള്‍, ടെക്‌നോളജിയുടെയും കണ്ടുപിടുത്തങ്ങളുടെയും ദുരുപയോഗം തുടങ്ങിയ പത്തോളം ആപത്തുകള്‍ ഡാറ്റഷീറ്റില്‍ സ്ഥാനം പിടിക്കുന്നു.


Representational Image: Pixabay

വളരെയധികം സങ്കീര്‍ണ്ണമായ സാമൂഹ്യവിവക്ഷകള്‍ പേറുന്ന വിഷയങ്ങള്‍ തിളങ്ങുന്ന ഗ്രാഫിക്‌ ചിഹ്നങ്ങളും, ഹ്രസ്വ വിവരണങ്ങളും മാത്രമായി പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമാത്രമായ യുക്തിയെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ ഒഴിവാക്കാനാവില്ല. അസാധാരണമായ വേഗത്തില്‍ ശാസ്‌ത്ര-സാങ്കേതിക മേഖലയിലുണ്ടാവുന്ന നൂതനമായ കണ്ടെത്തലുകള്‍ ആരോഗ്യപരിപാലനത്തിന്റെ മേഖലയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കുമെന്ന പ്രതീക്ഷകള്‍ക്കൊപ്പം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അസമത്വങ്ങളുടെ ഫലമായി ആരോഗ്യപരിപാലനമെന്ന സങ്കല്‍പ്പം പോലും ഇപ്പോഴും അന്യമായി അനുഭവപ്പെടുന്ന ബഹുഭൂരിപക്ഷം ജനങ്ങളുമെന്ന വൈരുദ്ധ്യം യാഥാര്‍ത്ഥ്യമാണെന്നതു തന്നെയാണ്‌ അതിനുള്ള കാരണം. ലോകമാകെ കാണാനാവുന്നതാണ്‌ ആ വൈരുദ്ധ്യം. ആരോഗ്യപരിപാലനം സംബന്ധിച്ച ചര്‍ച്ചകളില്‍ ഏറ്റവുമധികം ശ്രദ്ധയാവശ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ്‌ പ്രകടമായ ഈ അസുന്തലിതത്വം. ലോകാരോഗ്യ സംഘടനയുടെ ഒറ്റ പേജിലുള്ള ഡാറ്റാ ഷീറ്റിലും അതിന്റെ അനുരണനങ്ങള്‍ കാണാനാവും. ചികിത്സ-ഔഷധ വ്യവസായ സമുച്ചയവുമായി ബന്ധപ്പെട്ട വന്‍കിട നിക്ഷേപങ്ങളുടെ നീതീകരണത്തിനുള്ള ആശയങ്ങളാണ്‌ ആരോഗ്യപരിപാലന വിഷയത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഉള്ളടക്കം. മുഖ്യധാരയിലെ മാധ്യമങ്ങള്‍ക്ക്‌ പുറമെ ആരോഗ്യ മേഖലയുടെ സവിശേഷതകള്‍ മാത്രം കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളും, ദൃശ്യമാധ്യമങ്ങളുമെല്ലാം ചേര്‍ന്ന വലിയൊരു ആശയ ശൃംഖല അതിന്റെ അവിഭാജ്യഘടകമായി പ്രവര്‍ത്തിക്കുന്നു. ഔഷധ നിര്‍മ്മാണം, ആശുപത്രികള്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ്‌, ഗവേഷണം, മെഡിക്കല്‍ ഡയഗ്നോസിസുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ നിര്‍മ്മാണം, വ്യക്തികളുടെ രോഗവിവരവുമായി ബന്ധപ്പെട്ട ഡാറ്റ എന്നിവ വലിയ തോതിലുള്ള മൂലധന മുതല്‍മുടക്കിന്റെയും ലാഭത്തിന്റെയും തട്ടകങ്ങളായി മാറിയതിനെ വളരെ സ്വാഭാവികമായ പ്രക്രിയായി അവതരിപ്പിക്കുകയാണ്‌ ചികിത്സ-ആരോഗ്യ-ഔഷധ വ്യവസായ സമുച്ചയവുമായി ബന്ധപ്പെട്ട ഉള്ളടക്ക നിര്‍മിതിയുടെ മുഖ്യധര്‍മ്മം. അതോടെ ഹെല്‍ത്ത്‌കെയര്‍ എന്ന വാക്കില്‍ നിന്നും കെയര്‍ എന്ന ഭാഗം അപ്രത്യക്ഷമായെന്നും കാണാനാവും. ലാഭത്തിനായുള്ള നിക്ഷേപകാവസരമെന്ന നിലയില്‍ ആരോഗ്യമേഖല ഉരുത്തിരിഞ്ഞതിന്റെ വിശദമായ വിലയിരുത്തലുകള്‍ ഇപ്പോള്‍ ലഭ്യമാണ്‌. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ തലങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളും, പ്രിവിലേജുകളും ആരോഗ്യപരിപാലനത്തിന്റെ മേഖലയിലും പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നതിന്റെ ചരിത്രം അവയില്‍ കാണാനാവും, വംശീയവും, വര്‍ഗ്ഗപരവുമായ വേര്‍തിരിവുകളും, വിവേചനങ്ങളും, കൊളോണിയല്‍ അധീശത്തത്തിന്റെ കോയ്‌മകള്‍, ജെന്‍ഡര്‍ വിവേചനങ്ങള്‍ തുടങ്ങിയ സാമൂഹ്യ ജീവിതത്തിന്റെ മറ്റുള്ള മേഖലകളില്‍ പ്രകടമാവുന്ന ദുരവസ്ഥകളില്‍ നിന്നും ആരോഗ്യപരിപാലനവും ഒരിക്കലും മുക്തമായിരുന്നില്ല. ആരോഗ്യ സംബന്ധമായ നയരൂപീകരണം, ഔഷധങ്ങളുടെ ഗുണനിലവാരവും, പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ട മേല്‍നോട്ടം, വൈദ്യസഹായത്തിന്റെ ലഭ്യത, ചികിത്സാച്ചെലവ്‌, ആരോഗ്യപരിപാലന മേഖലയില്‍ തൊഴിലെടുക്കുന്ന ഡോക്ടര്‍മാരടക്കമുള്ളവരുടെ സേവന - വേതന വ്യവസ്ഥകള്‍ തുടങ്ങിയവ നിര്‍ണ്ണയിക്കപ്പെടുന്നതിന്റെ പ്രധാന മാനദണ്ഡം നിക്ഷേപവും, ലാഭവിഹിതവും തമ്മിലുള്ള അനുപാതമാണ്‌. ലാഭവിഹിതം പ്രധാന മാനദണ്ഡമാവുമ്പോള്‍ രോഗനിര്‍ണ്ണയവും, പരിപാലനവുമായി ബന്ധപ്പെട്ട മുന്‍ഗണനകള്‍ സ്വാഭാവികമായും പിന്തള്ളപ്പെടുന്നു.


Representational Image: Pixabay

ചുരുക്കം ചില അപവാദങ്ങളൊഴിച്ചാല്‍ ലോകമാകെയുള്ള ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്‌നം തലതിരിഞ്ഞ ഈ മുന്‍ഗണനക്രമമാണ്‌. കോവിഡ്‌ മഹാമാരിയുടെ കാലഘട്ടത്തില്‍ തലതിരിഞ്ഞ ഈ മുന്‍ഗണനയുടെ തിക്തഫലങ്ങള്‍ വളരെ പ്രകടമായിരുന്നു. കോവിഡ്‌ ദശലക്ഷങ്ങളുടെ ജീവനെടുത്തിട്ടും ലാഭം മുന്‍ഗണനയല്ലാത്ത ആരോഗ്യസംവിധാനങ്ങള്‍ സാധ്യമാണെന്ന വീക്ഷണം ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇനിയും വേണ്ടത്ര സ്വീകാര്യത നേടിയിട്ടില്ല. ലാഭം മാത്രം മുഖ്യപരിഗണനയായി കരുതാത്ത ആരോഗ്യപരിരക്ഷ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിന്റെയും, പ്രവര്‍ത്തിക്കുന്നതിന്റെയും അനുഭവങ്ങള്‍ പരിമിതമായ നിലയില്‍ മാത്രമാണ്‌ പൊതുമണ്ഡലത്തില്‍ ഇപ്പോഴും വിനിമയം ചെയ്യപ്പെടുന്നത്‌. ബദല്‍ സാധ്യതകളെക്കുറിച്ചുള്ള ചിന്തകള്‍ പോലും അസാധ്യമാക്കുന്ന തരത്തില്‍ ലാഭത്തിന്റെ മാനദണ്ഡത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ മേധാവിത്തം പുലര്‍ത്തുന്നു. ലാഭം മുഖ്യമാനദണ്ഡമാകുന്നതും അല്ലാത്തതുമായ പരിപ്രേക്ഷ്യങ്ങളാണ്‌ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സംവാദങ്ങളുടെ പ്രധാന ഉള്ളടക്കമെന്ന്‌ വിശാലമായ അര്‍ത്ഥത്തില്‍ പറയാനാവും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിശാലമായ ഈ പരിപ്രേക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ മെയ്‌-ജൂണ്‍ മാസങ്ങളിലെ പ്രധാന തീമെന്ന നിലയില്‍ മലബാര്‍ ജേര്‍ണല്‍ കൈകാര്യം ചെയ്യുന്നു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉള്‍പ്പെടുന്ന ഉള്ളടക്കമാണ്‌ ഞങ്ങള്‍ വിഭാവന ചെയ്യുന്നത്‌. ശാസ്‌ത്ര-സാങ്കേതിക മേഖലയിലെ പുതിയ കണ്ടെത്തലുകള്‍ ആരോഗ്യപരിപാലനത്തെ സ്വാധീനക്കുന്നതിനെക്കുറിച്ചുള്ള പുതിയ വീക്ഷണങ്ങള്‍, കാലാവസ്ഥ മാറ്റം പൊതുജനാരോഗ്യത്തിന്‌ നേരെ ഉയര്‍ത്തുന്ന ഭീഷണി, പകര്‍ച്ചവ്യാധികളുടെ മടങ്ങി വരവ്‌ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, ആരോഗ്യപരിരക്ഷ സംബന്ധിച്ച ബദല്‍ സാധ്യതകള്‍, മെഡിക്കല്‍ വിദ്യാഭ്യാസം, പരിശീലനം, നയരൂപീകരണത്തിലെ വരേണ്യത, ചികിത്സച്ചെലവ്‌, ആശുപത്രികളുടെ കോര്‍പറേറ്റുവല്‍ക്കരണം, ജനകീയാരോഗ്യ പ്രസ്ഥാനം തുടങ്ങിയ വൈവിധ്യങ്ങളായ വിഷയങ്ങള്‍ പ്രത്യേകപ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നതാണ്‌. ആരോഗ്യരംഗത്തെ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവരുടെ വീക്ഷണങ്ങളും, അഭിപ്രായങ്ങളും ക്രോഡീകരിയ്‌ക്കുന്നതിനൊപ്പം ബദല്‍ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണങ്ങളും തീമിന്റെ പ്രധാന ഉള്ളടക്കമായി ഞങ്ങള്‍ അവതരിപ്പിക്കുന്നതാണ്‌. വായനക്കാരും, കാണികളും പതിവുപോലെ ഈ തീമീനും അകമഴിഞ്ഞ പിന്തുണ നല്‍കുമെന്ന്‌ വിശ്വസിക്കുന്നു.

 
 
#health
#healthcare
Leave a comment