TMJ
searchnav-menu
post-thumbnail

Higher Education

ഉന്നത വിദ്യാഭ്യാസത്തിന്റെ മുഖച്ഛായയും പ്രതിച്ഛായയും

17 Apr 2023   |   4 min Read
കെ ജയകുമാർ

സംസ്ഥാനത്തിനുള്ളില്‍ നിന്ന് വലിയ തോതില്‍ വിദ്യാര്‍ത്ഥികള്‍ പുറം രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി പോകുന്ന പ്രവണതയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയാണിന്ന്. ഇതൊരു ആഗോള പ്രതിഭാസമാണെന്നും കേരളത്തില്‍ നിന്ന് മാത്രമല്ല  മറ്റു  സംസ്ഥാനങ്ങളില്‍ നിന്നും ഇതിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്കു പോകുന്നുവെന്നുമൊക്കെ വിശദീകരണങ്ങളുണ്ട്. ആഗോളീകരണത്തിന്റെ സ്വാഭാവിക പരിണതിയാണിതെന്നും ന്യായീകരിക്കാം. വാസ്തവത്തില്‍ എന്താണ് ഒരു വിദ്യാര്‍ത്ഥിക്ക് ഒരു വിദേശ സര്‍വകലാശാലയോടുള്ള  ആകര്‍ഷണ ഹേതു? കൂടുതല്‍ അവസരങ്ങള്‍, ഇന്റര്‍നെറ്റ് വഴി ലഭ്യമാവുന്ന പുതിയ വിവരങ്ങള്‍, പഠനത്തോടൊപ്പം തൊഴില്‍ ചെയ്യാനുള്ള സാധ്യതകള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ ഈ പ്രവണതയ്ക്ക് നിദാനമാകാം. അതിനെക്കുറിച്ചൊരു ഗുണദോഷ വിവേചനത്തിന്  ഇവിടെ മുതിരുന്നില്ല. എന്നാല്‍ സര്‍വകലാശാല ഭരണകര്‍ത്താക്കളും അധ്യാപകരും സമ്മതിക്കാത്ത മറ്റൊരു സത്യമുണ്ട്. പുറം സംസ്ഥാനങ്ങളിലേക്കോ വിദേശങ്ങളിലേക്കോ നമ്മുടെ കുട്ടികള്‍ പോകുന്നതുപോലെ കേരളത്തിലെ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ചേര്‍ന്ന് പഠിക്കാന്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തു നിന്ന് കുട്ടികള്‍ വരുന്നുണ്ടോ? (അഖിലേന്ത്യ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ അലോട്ട് ചെയ്യപ്പെടുന്ന കുട്ടികളെ മാറ്റിനിര്‍ത്തുക) വരാത്തത് എന്തുകൊണ്ട്? 

ഈ ചോദ്യം ചെന്നുതറയ്‌ക്കേണ്ടത് കേരളത്തിന്റെ സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ നിലവാരത്തിന്റെയും മറ്റുള്ളവര്‍ക്ക് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള ധാരണയുടെയും കളത്തിലാണ്. കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളും കോളേജുകളും നിലവാരമില്ലാത്തതാണെന്നല്ല ഇവിടെ സൂചന. മികവിന്റെ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഉന്നത നിലവാരത്തിലുള്ള ഗവേഷണം നടക്കുന്ന കോളേജുകളും ഡിപ്പാര്‍ട്ട്മെന്റ്റുകളുമുണ്ട്. മികച്ച ഗവേഷകരും അധ്യാപകരുമുണ്ട്. പക്ഷേ, ഡല്‍ഹിയിലോ ചെന്നൈയിലോ ഉള്ള ഒരു വിദ്യാര്‍ത്ഥിയെയും പ്രലോഭിപ്പിക്കാന്‍ നമ്മുടെ സ്ഥാപനങ്ങള്‍ക്കു സാധിക്കുന്നില്ല. പേര് കേട്ടാല്‍ 'അവിടെ ചേര്‍ന്ന് പഠിക്കാന്‍ സാധിച്ചെങ്കില്‍!' എന്ന് തോന്നിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇല്ല എന്ന് മാത്രമാണ് ഇപ്പറഞ്ഞതിനര്‍ത്ഥം. പ്രശ്‌നം  പ്രതിച്ഛായയുടെതാണ്. 

Representational Image: Wiki commons

എന്താണ് ആ പ്രതിച്ഛായയുടെ അപാകം? എന്തൊക്കെ ഘടകങ്ങളാണ് മികവില്ലായ്മയുടെ പ്രതീതി ജനിപ്പിക്കാന്‍ ഹേതുവായത്? ഉത്തരം തേടുന്നതിന് മുന്നോടിയായി, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് (വിദേശ സര്‍വകലാശാലകളെ  അല്ല ഉദ്ദേശിക്കുന്നത്) ഒരു വിദ്യാര്‍ത്ഥിയെ ആകര്‍ഷിക്കുന്നത്  എന്തൊക്കെയാണ്? ഒന്ന് അതൊരു 'നല്ല പേരുള്ള' സ്ഥാപനമാണെന്ന അറിവ്. രണ്ട്, 'അവിടെ നന്നായി പഠനപ്രക്രിയ നടക്കുന്നു' എന്ന വിശ്വാസം. മൂന്ന്, 'അവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് നല്ല തൊഴില്‍ സാധ്യതകളാണ്'.  നാല്, 'ഏറ്റവും നൂതനമായ പാഠ്യപദ്ധതി പിന്തുടരുന്നു'. അഞ്ച്, 'ക്യാമ്പസ് വളരെ മനോഹരവും സൗകര്യങ്ങള്‍ മികച്ചതുമാണ്'. ആറ്, 'ശ്രേഷ്ഠരായ അധ്യാപകര്‍ ക്ലാസ്സുകളെടുക്കുന്നു'. ഏഴ്, 'മെയിന്‍ കോഴ്‌സിനോടൊപ്പം അഭിരുചിയുള്ള  മറ്റു വിഷയങ്ങള്‍ കൂടി പഠിക്കാന്‍ അവസരമുണ്ട്'. എട്ട്, 'ലോകനിലവാരമുള്ള മറ്റു സ്ഥാപനങ്ങളുമായി ആ സ്ഥാപനം ബന്ധപ്പെട്ടിരിക്കുന്നു'. ഒമ്പത്, 'സര്‍വകലാശാലയുമായോ സ്ഥാപനവുമായോ ഉള്ള  ആശയവിനിമയം ആധുനികശൈലിയിലുള്ളതും കാര്യക്ഷമവുമാണ്'.

നമ്മുടെ കേളേജുകളും സര്‍വകലാശാലാ വകുപ്പുകളും എന്തുകൊണ്ട് അന്യസംസ്ഥാനങ്ങളില്‍ ഖ്യാതി നേടുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണ് മുന്‍ ഖണ്ഡികയില്‍. സ്ഥാപനത്തിന്റെ സല്‍പ്പേര് സംസ്ഥാനാതിര്‍ത്തികള്‍ കടന്നുചെല്ലണമെങ്കില്‍ വെറും പ്രചാരണം പോരാ അവിടെ വ്യത്യസ്തമായി പലതും സംഭവിക്കണം. 'നല്ല പേര്' സമ്പാദിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം ആരോടാണ് മത്സരിക്കുന്നത്? കേരളത്തിനുള്ളിലെ ഏറ്റവും മികച്ച കോളേജുകള്‍ പോലും 'വളരെ മികച്ചതാ'കുന്നത് തൊട്ടടുത്തുള്ള ശോചനീയ നിലവാരമുള്ള ഏതോ സ്ഥാപനത്തിനോട്  താരതമ്യം ചെയ്തിട്ടാണ്. എന്നാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളോടും സര്‍വകലാശാലകളോടും താരതമ്യം ചെയ്തു സമശീര്‍ഷരാകാനല്ലേ ശ്രമിക്കേണ്ടത്? ഇവിടുത്തെ ഒരു കോളേജ് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സിനോടോ, ഇവിടുത്തെ  സര്‍വകലാശാലകള്‍  ജവഹര്‍ലാല്‍ നെഹ്‌റു  സര്‍വകലാശാലയോടോ അല്ലേ സ്വയം താരതമ്യം ചെയ്യേണ്ടത്? ഇവിടുത്തെ സര്‍വകലാശാലകളുടെ നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മികവിന്റെ വഴി തുറക്കുന്നവയാണോ, അടച്ചു കെട്ടുന്നവയാണോ  എന്ന് ഏവര്‍ക്കുമറിയാം. ഒരു പാഠ്യപദ്ധതി കാലാനുസൃതമായി മാറ്റണമെങ്കില്‍ അതൊരു പഞ്ചവത്സര പദ്ധതിയാണ്. അപ്പോഴേക്കും 'ഏറ്റവും പുതിയത്' എന്ന് ഘോഷിച്ച വിഷയം പഴയതായിട്ടുണ്ടാവും. പരീക്ഷകള്‍ക്ക് കൊടുക്കുന്ന അമിത പ്രധാന്യം വിദ്യാര്‍ത്ഥികളെ കേവലം പരീക്ഷയെഴുത്തു മസ്ദൂര്‍ ആക്കി മാറ്റി. മാറി മാറി വരുന്ന അക്കാദമിക്-വൈജ്ഞാനിക സാഹചര്യങ്ങളോട് സര്‍ഗാത്മകമായി പ്രതികരിക്കാന്‍ നമ്മുടെ സ്ഥാപനങ്ങള്‍ക്കു സാധിക്കുന്നില്ല. ചട്ടങ്ങളുടെ നീരാളിപ്പിടിത്തമാണെങ്ങും. മികവ് നേടാനുള്ള യുജിസിയുടെ പരിശ്രമങ്ങളെല്ലാം മിക്കവാറും വഴിപാടുകളായി മാറിക്കഴിഞ്ഞു. അധ്യാപകര്‍ നിരന്തരം ഗവേഷണത്തിലോ പുസ്തകരചനയിലോ പ്രബന്ധരചനയിലോ വ്യാപൃതരാകണമെന്നു യുജിസി നിഷ്‌ക്കര്‍ഷിക്കുമ്പോള്‍, അധ്യാപകര്‍ക്കിടയിലെ  ഗവേഷണ താല്‍പ്പര്യം വളര്‍ത്തുകയാണ് ലക്ഷ്യം. നേടിയതോ? അധ്യാപകര്‍  മത്സരിച്ച്, വാശി വച്ച് പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടേയിരിക്കുന്നു എന്ന അവസ്ഥ.


Representational Image: Pixabay

അധ്യാപക പരിശീലനം പാളംതെറ്റിയ തീവണ്ടിയാണ് എന്ന് പറയാം. അനേകം  പരിശീലനങ്ങള്‍  മുറപോലെ  നടക്കുന്നുണ്ട്. പക്ഷേ, എന്ത് 'ആവശ്യമാണ്' പരിശീലനം അഭിസംബോധന ചെയ്യേണ്ടത് എന്ന ശാസ്ത്രീയമായ അന്വേഷണം ഒരു സര്‍വകലാശാലയിലെയും അധ്യാപക പരിശീലനത്തിന്റെ മുന്നോടിയായി നടക്കുന്നതായി അറിവില്ല. ലക്ഷ്യബോധമില്ലാത്ത പരിശീലനം, മാറ്റങ്ങള്‍ക്കുള്ള ശാക്തീകരണത്തിലേക്കു എങ്ങനെ നയിക്കാനാണ്?. അധ്യാപക പരിശീലനത്തിന് രണ്ടു തലങ്ങളുണ്ട്. ഓരോ വൈജ്ഞാനിക മേഖലയിലെയും  നൂതനാശയങ്ങളുമായും  വികാസങ്ങളുമായും  പരിചയപ്പെടുക എന്ന തലം. മറ്റൊന്ന്  മനോഭാവങ്ങളില്‍ വരുന്ന മാറ്റങ്ങളുടെ തലം. പരിശീലനം മാറ്റങ്ങളുടെ ഉപകരണമാവണമെങ്കില്‍ ക്ലാസ്സ്മുറിയില്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള സമഗ്രാവബോധവും, അതിനു അനുരൂപമായ  മനോഭാവങ്ങള്‍ ബോധപൂര്‍വം സ്വായത്തമാക്കാന്‍ വേണ്ട ഇച്ഛാശക്തിയും ആവശ്യമാണ്.   ഈ രണ്ടു കാതലായ കാര്യങ്ങളിലും ഒന്നും അവകാശപ്പെടാനില്ലാത്ത   അധ്യാപക പരിശീലനത്തിന്റെ സമീപനവും സമ്പ്രദായവും അടിമുടി പൊളിച്ചെഴുതണം.

സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണെങ്കിലും ഇത്രയേറെ പാരതന്ത്ര്യം സ്വയം കെട്ടിഏല്‍പ്പിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ അധികമില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പ്രസക്തിയും പ്രയോജനവും നഷ്ടപ്പെട്ട  നടപടിക്രമങ്ങളും സര്‍ട്ടിഫിക്കറ്റുകളും നമ്മുടെ സര്‍വകലാശാലകളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ബ്യൂറോക്രസിയുടെ തേര്‍വാഴ്ചയും, യൂണിയനുകളുടെ സ്വേച്ഛാധിപത്യവും, ഭരണസമിതികളുടെ അക്കാദമിക് കാഴ്ചപ്പാടുകളുടെ പരിമിതിയും എല്ലാം ചേര്‍ന്ന് സര്‍വകലാശാലകളുടെ  ആത്മചൈതന്യം കെടുത്തിക്കളഞ്ഞിരിക്കുന്നു. ചടുലമായ ഒരു ബദല്‍ ഭരണസംസ്‌കാരത്തെക്കുറിച്ചുള്ള ദര്‍ശനം തന്നെ നമ്മുടെ സര്‍വകലാശാലകളെ   അലോസരപ്പെടുത്തുന്നു. ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ തേടി ഇതേ ദേശത്തു നിന്ന് ഏതു വിദ്യാര്‍ത്ഥി  വരുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്?

ഈ പോക്കിന്റെ അപായസാധ്യത വളരെ വലുതാണ്. പ്രത്യേകിച്ച് പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന ചില ആശയങ്ങളുടെയും നിര്‍ദേശങ്ങളുടെയും പ്രായോഗികദോഷങ്ങളെക്കുറിച്ചു ആലോചിക്കുമ്പോള്‍. സര്‍വകലാശാലകള്‍ക്ക്  ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍  അഫിലിയേറ്റിങ്  അധികാരം നഷ്ടമാകും. അത് ആവശ്യമില്ല എന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാനപ്പെട്ട നിര്‍ദേശം  എന്തൊക്കെ അപകടങ്ങളിലേക്കാണ് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസത്തെ കൊണ്ടുപോവുക എന്നറിയാന്‍ പ്രവചനസിദ്ധി വേണ്ട. എല്ലാ സ്ഥാപനങ്ങളും ഐഐഎം പോലെയോ ഐഐടി പോലെയോ ആയിരിക്കും പ്രവര്‍ത്തിക്കുക എന്ന് പറയാനാവില്ല. ഏതൊരു ഓട്ടോണോമസ് കോളേജിനും (കോളേജുകള്‍ എന്ന പേര് നയം ഉപയോഗിക്കുന്നില്ല. ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിട്യൂഷന്‍ -HEI എന്നാണ് നയത്തിലെ  പ്രയോഗം.) ഡിഗ്രി കൊടുക്കാന്‍ അധികാരമുണ്ടാകുമെന്ന സങ്കല്‍പ്പം ധീരമാണ്; അങ്ങേയറ്റം അപകടകരവുമാണ്. കേരളത്തിലെ പല കോളേജുകളും ഒരുപക്ഷേ, നിയമാനുസൃതം ഇതൊക്കെ ചെയ്‌തേക്കാം. എന്നാല്‍ ഇന്ത്യയിലെ എല്ലാ ഭാഗത്തും നിയമം ഇക്കാര്യത്തില്‍ ഒരേ നിലവാരത്തില്‍ അനുസരിക്കപ്പെടും എന്ന് വിശ്വസിക്കാന്‍ അത്ര എളുപ്പമല്ല. 


Representational Image: Wiki Commons

സ്വകാര്യ സര്‍വകലാശാലകള്‍ വളരാന്‍ ദേശീയ വിദ്യാഭ്യാസ നയം കാണിക്കുന്ന ആവേശം ആരെയും അന്ധാളിപ്പിക്കും. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള  ഒറ്റമൂലിയാണ് സ്വകാര്യ സര്‍വകലാശാലകള്‍ എന്ന് തോന്നിപ്പോകും. സ്വകാര്യ സര്‍വകലാശാലകളെ  സൈദ്ധാന്തികമായി എതിര്‍ക്കുകയല്ല ഇവിടുത്തെ ലക്ഷ്യം. നമ്മുടെ സര്‍വകലാശാലകള്‍ക്കു തൃപ്തിപ്പെടുത്താന്‍ പറ്റാത്ത അനവധി കാര്യങ്ങള്‍ കാര്യക്ഷമതയോടെ നല്‍കുന്ന സ്വകാര്യ സര്‍വകലാശാലകളുമായി മത്സരിക്കാന്‍ സാധിക്കാതെ പബ്ലിക് സര്‍വകലാശാലകള്‍ അനാഥമാകുന്ന ഭീകരക്കാഴ്ച പുതിയ ദേശീയ വിദ്യാഭ്യാസത്തിന്റെ താളുകള്‍ക്കിടയിലൂടെ ഭവിഷ്യദര്‍ശനം നടത്താന്‍   സാധിക്കും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വ്യാവസായിക-വൈജ്ഞാനിക-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ വെല്ലുവിളികളെ നേരിടുന്നതിനുള്ള ധിഷണാശാലികളെ സമ്മാനിക്കാന്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തിനു കഴിയണമെങ്കില്‍ അടിമുടി മാറ്റങ്ങളുണ്ടാവണം. മികവിലേക്കുള്ള വഴികള്‍ സുഗമമാക്കണം. ശീലിച്ച ഉദാസീന  രീതികള്‍ ഉപേക്ഷിക്കാന്‍ ധൈര്യമുണ്ടാവണം. മാറ്റങ്ങളെ ഭയക്കാതിരിക്കണം. ഇത് സാധിക്കണമെങ്കില്‍ ആദ്യം തന്നെ കുറച്ചേറെ ആത്മാര്‍ത്ഥമായ സ്വയം വിമര്‍ശനം ഏറ്റെടുക്കേണ്ടതുണ്ട്. അതില്ലാതെ യാത്ര നിന്നിടത്തു നിന്ന് മുമ്പോട്ട് പോവുകയില്ല. സ്വമേധയാ ഏറ്റെടുക്കുന്ന സമഗ്രമായ ആത്മവിമര്‍ശനത്തിന്റെയും തിരുത്തലിന്റെയും ലക്ഷണം കാണുന്നില്ല. അത് തീര്‍ച്ചയായും ആശങ്കാജനകം  തന്നെയാണ്.

#Higher Education
Leave a comment