TMJ
searchnav-menu
post-thumbnail

Higher Education

ഉന്നത വിദ്യാഭ്യാസം ആകര്‍ഷകവും മത്സരപരവുമാകണം

03 May 2023   |   6 min Read
ജിജോ പി ഉലഹന്നാന്‍

കേരള സമൂഹമാകെ ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് വിചിന്തനം ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തുള്ളവരെ സംബന്ധിച്ച് ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കലും അതുവഴി സംഭവിച്ചുകൊണ്ടിരിക്കുന്ന ഉടച്ചുവാര്‍ക്കലുകളുമാണെങ്കില്‍, മധ്യ-ഉപരി വര്‍ഗ സമൂഹത്തിലെ രക്ഷിതാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാനത്തിനു വെളിയില്‍, രാജ്യത്ത് തന്നെയോ, വിദേശങ്ങളിലോ എങ്ങനെ എത്തിപ്പെടാം എന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ നിലവിലുള്ള ആന്തരിക ബാഹ്യ സമര്‍ദങ്ങളാണ് വിദേശത്തേക്കുള്ള ഒഴുക്കിനു പിന്നില്‍. ബന്ധുക്കള്‍, സഹപാഠികള്‍, നാട്ടുകാര്‍, അങ്ങനെ പരിചയത്തിലുള്ള പലരും പോകുന്നു, അപ്പോള്‍ തങ്ങള്‍ക്കെന്തുകൊണ്ട് പറ്റില്ലാ എന്ന തോന്നല്‍, വിദ്യാഭ്യാസ വായ്പ വഴിയും മറ്റുമുള്ള പണലഭ്യത ഇവയൊക്കെ ഇതിന് ആക്കംകൂട്ടുന്നു. കേരളത്തിലെ ജനസംഖ്യയിലുണ്ടായ കുറവും, സംസ്ഥാനത്തിനു പുറത്തേക്കുള്ള അവസരങ്ങളും കൂടിയായപ്പോള്‍ പല പ്രോഗ്രാമുകള്‍ക്കും ആവശ്യത്തിനു വിദ്യാര്‍ത്ഥികളില്ല എന്നൊരു പ്രതിസന്ധി നമ്മള്‍ നേരിടുന്നുണ്ട്. പല പഠന പ്രോഗ്രാമുകളും നിര്‍ത്തുകയോ, ചില കോളേജുകള്‍ തന്നെ പൂട്ടുകയോ ചെയ്യേണ്ട അവസ്ഥയില്‍ എത്തിനില്‍ക്കുന്നു.  ഈ സാഹചര്യത്തെ ഒന്ന് വിലയിരുത്താം.

കേരളത്തിലെ വിദ്യാഭ്യാസരംഗം

സാമ്പ്രദായിക വിദ്യാഭ്യാസ ക്രമത്തില്‍ പഠിച്ചു മുന്നേറുന്തോറും പഠനപ്രക്രിയയില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ദ്ധിക്കുകയും, ബിരുദാനന്തര, ഗവേഷണ തലങ്ങളിലെത്തുമ്പോള്‍ അവയുടെ തോത് പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ചുമതലയായി മാറുകയും ചെയ്യാറുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ പലതായിരിക്കുമ്പോഴും, ആര്‍ജിച്ച അറിവുകള്‍ പ്രയോഗത്തില്‍ വരുത്തുക, പുതിയ അറിവ് നിര്‍മിക്കുക എന്നിവയൊക്കെ ലോകമെമ്പാടും മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാറുണ്ട്. നമ്മുടെ സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസ സമ്പ്രദായം ഇത്തരം കാര്യങ്ങളില്‍, പല കാരണങ്ങളാല്‍, അല്പം പിന്നോട്ടാണെന്ന് കാണാം.  


Representational Image: PTI

സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലൂന്നി മുന്നേറിയ നമ്മുടെ വിദ്യാഭ്യാസരംഗം സ്‌കൂള്‍ തലത്തില്‍ പാഠ്യപദ്ധതികൊണ്ടും അധ്യാപന രീതികള്‍കൊണ്ടും ഇന്ത്യയിലെ 'മികച്ചത്' എന്ന ഖ്യാതി നേടിയിട്ടുണ്ട്. എന്നിരിക്കിലും, ഉയര്‍ന്ന ക്ലാസ്സുകളിലേക്കെത്തുമ്പോള്‍ പാഠ്യപദ്ധതി ലഘൂകരിച്ചും, മൂല്യനിര്‍ണയം എളുപ്പമാക്കിയും നമ്മള്‍ ഉയര്‍ന്ന വിജയ ശതമാനം ഉറപ്പുവരുത്തുമ്പോള്‍ മത്സരക്ഷമത, മികച്ച വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പാഠ്യപദ്ധതിയുടെ അഭാവം എന്നിവ ന്യൂനതയായി നമുക്ക് കാണാം. ശാസ്ത്രം, ഗണിതം, സാമ്പത്തിക ശാസ്ത്രം പോലെയുള്ള വിഷയങ്ങളില്‍ ഇത് വളരെ പ്രകടമാണ്. ഇതോടൊപ്പം മികച്ച വിദ്യാര്‍ത്ഥികള്‍ കേരളത്തിനു പുറത്തും, മെഡിസിന്‍, എഞ്ചിനീയറിങ്ങ് തുടങ്ങിയ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയതിനുശേഷം ബാക്കിയുള്ളവരാണ് നമ്മുടെ കോളേജുകളിലും സര്‍വകലാശാലയിലും വിവിധ പഠന പദ്ധതികളിലേക്ക് കടന്നുവരുന്നത്. അപ്പോള്‍ സ്‌കൂളുകളില്‍ നടത്തുന്ന ലഘൂകരണം ഉയര്‍ന്ന ക്ലാസ്സുകളിലും വേണ്ടി വരുന്നു. 

കോളേജുകളില്‍ പ്രവേശനം നേടുന്നവരില്‍ പകുതിയിലധികം സ്വാശ്രയ സ്ഥാപനങ്ങളിലാണ് പഠിക്കുന്നതെന്നതിനാല്‍ പാഠ്യപദ്ധതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പലതും അവരെക്കൂടി ലക്ഷ്യം വച്ചുകൊണ്ടാകുമ്പോള്‍ പരീക്ഷാ രീതികളിലും, മൂല്യനിര്‍ണയത്തിലുമൊക്കെ വീണ്ടും വെള്ളം ചേര്‍ക്കലുകള്‍ വേണ്ടി വരുന്നു. പൊതുവെ അധ്യാപകര്‍ക്ക് നിസ്സാര ശമ്പളം മാത്രം നല്‍കുന്നതിനാല്‍ പരിചയസമ്പത്തും, അക്കാദമിക മികവും ഇല്ലാത്തവരെയുമാണ് അവിടങ്ങളില്‍ അധ്യാപകരായി നിയമിക്കുന്നത്. അധ്യാപനത്തിലും, മൂല്യനിര്‍ണയത്തിലും ഇവര്‍ വരുത്തുന്ന വീഴ്ച്ചകള്‍ സര്‍വകലാശാലകളെ മൊത്തത്തില്‍ ബാധിക്കുന്നു. 

മലയാളി വിദ്യാര്‍ത്ഥികളുടെ പലായനം

വിദ്യാഭ്യാസത്തിനായി നാടുവിടുന്നത് മലയാളിക്ക് പുത്തരിയല്ല. തൊഴില്‍, പഠനം എന്നീ കാര്യങ്ങള്‍ക്കായി ലോകത്ത് പോകാവുന്നിടത്തൊക്കെ മലയാളി വളരെ കാലങ്ങളായി എത്തിയിട്ടുണ്ട്. എങ്കിലും, വിദേശങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ സാധ്യതകള്‍ മുതലെടുത്ത് എങ്ങനെയെങ്കിലും നാടുവിടണമെന്ന ചിന്ത മലയാളിക്ക് അടുത്തിടെയായി കൂടിയിട്ടുണ്ട്. നാട് മുഴുവന്‍ മുളച്ചുപൊന്തുന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികള്‍ ഇതിന്റെ തെളിവാണ്. എന്നാല്‍, വികസിത രാജ്യങ്ങളില്‍ നല്ല തൊഴില്‍ ലഭിക്കാന്‍ അവിടുത്തെ സര്‍വകലാശാലകളിലും മറ്റും പഠിക്കേണ്ടതുണ്ട് എന്ന വസ്തുത മനസ്സിലാക്കുന്നവര്‍ ഇവിടെ നിന്ന് വസ്തുവിറ്റോ, വായ്പയെടുത്തോ ഏതെങ്കിലും സര്‍വകലാശാലയില്‍ ഏതെങ്കിലും പ്രോഗ്രാമിന് ചേരുന്നു. ഒപ്പം കെയര്‍ ഹോമുകള്‍, റീറ്റെയ്ല്‍ രംഗം, ടാക്‌സി ഡ്രൈവിംഗ്, എന്നിങ്ങനെ പല ജോലികളും ഇവര്‍ ചെയ്യുന്നു. അന്യ സംസ്ഥാനങ്ങളില്‍ താമസിക്കുന്നപോലെ കൂട്ടമായി താമസിച്ചും മറ്റും ചെലവ് കുറയ്ക്കുക തുടങ്ങിയ മാര്‍ഗങ്ങളും ഇവര്‍ തേടുന്നു. ഇതൊക്കെയാണെങ്കിലും ഓട്ടോമേഷന്‍ തൊടാത്ത മേഖലകളില്‍ മാത്രമേ ഇവര്‍ക്ക് ജോലി സാധ്യതയുള്ളൂ. 


Representational Image: PTI

എന്താണ് ലോകോത്തര സ്ഥാപനത്തിന്റെ ലക്ഷണം

അറിവിന്റെ സ്വാംശീകരണം ആണ് വിദ്യാഭ്യാസം എന്ന നമ്മുടെ കാഴ്ച്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായി, പുതിയ അറിവിന്റെ നിര്‍മാണമാണ് ഇവയുടെ പ്രാഥമിക ലക്ഷ്യം. ഉയര്‍ന്ന നിലവാരമുള്ള ഗവേഷണം വഴി  അറിവ് ഉല്‍പ്പാദിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും, നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശക്തമായ പ്രതിബദ്ധത ഇവയ്ക്കുണ്ടാകും. ലോകോത്തര സര്‍വകലാശാലകള്‍ പലപ്പോഴും പ്രശസ്തരായ ഫാക്കല്‍റ്റി അംഗങ്ങളെ നിയമിച്ച്, മികച്ച ഗവേഷകരെ ആകര്‍ഷിക്കുന്നു, അതോടൊപ്പം കര്‍ശനമായ  അക്കാദമിക് അന്തരീക്ഷം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അതാതു മേഖലകളിലെ അന്താരാഷ്ട്ര അംഗീകാരമുള്ള വിദഗ്ധ പ്രൊഫസര്‍മാരുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യം ഇവിടങ്ങളില്‍ ഉണ്ടാവും. ഈ ഫാക്കല്‍റ്റി അംഗങ്ങള്‍ പലപ്പോഴും വിപുലമായ ഗവേഷണങ്ങളിലും  പ്രസിദ്ധീകരണങ്ങളിലും ഏര്‍പ്പെടുന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അദ്ധ്യാപനവും മാര്‍ഗനിര്‍ദേശവും ലഭിക്കുന്നു. 

അധ്യാപനവും, പഠനവും, ഗവേഷണവും സുഗമമായി നടക്കാന്‍ ലോകോത്തര സര്‍വകലാശാലകള്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നു. ആധുനിക ക്ലാസ് മുറികള്‍, സുസജ്ജമായ ലബോറട്ടറികള്‍, സമഗ്രമായ ലൈബ്രറികള്‍, നൂതന കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗകര്യപ്രദമായ താമസസൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ത്തന്നെ ഇവിടങ്ങളിലെ പഠനം വളരെ പണച്ചിലവുള്ളതായിരിക്കും. ഇതു മറികടക്കാന്‍ വളരെ മിടുക്കര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ ബാങ്ക് ലോണിനെ ആശ്രയിക്കുന്നു. എങ്കിലും, പ്രവേശനം ലഭിക്കാന്‍ സ്വന്തം കഴിവ് തെളിയിക്കുന്ന ലേഖനങ്ങളും, ബയോഡാറ്റയും, അക്കാദമിക രേഖകളുമൊക്കെ ഹാജരാക്കേണ്ടി വരും. ബിരുദം നേടി പുറത്തുവരിക എന്നത് വളരെ ആത്മാര്‍ത്ഥമായി പണിയെടുക്കുന്നവര്‍ക്കേ സാധിക്കൂ. ഇന്റര്‍ ഡിസിപ്ലിനറി പഠനത്തിനും ഗവേഷണത്തിനും ഊന്നല്‍നല്‍കിക്കൊണ്ട് വിവിധ വിഷയങ്ങളിലുടനീളം വിപുലമായ പ്രോഗ്രാമുകള്‍ ഇവ വാഗ്ദാനം ചെയ്യുന്നു. ലോകോത്തര സര്‍വകലാശാലകള്‍ സാധാരണയായി വിവിധങ്ങളായ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ രൂപംമാറ്റുകയും, വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇതിനായി പൂര്‍വവിദ്യാര്‍ത്ഥികളുടെയും, പൊതു സമൂഹത്തിന്റെയും സഹായം ഇവയ്ക്കുണ്ടാവും.  

വെറും പണസമ്പാദനത്തിനുവേണ്ടി സ്ഥാപനം നടത്തുക എന്നതല്ല, മറിച്ച്  വ്യക്തമായ സാമൂഹിക കാഴ്ചപ്പാടായിരിക്കും ഇവയെ നയിക്കുക. പ്രാദേശികമായും ആഗോളമായും സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്താനുള്ള പ്രതിബദ്ധത ഇവ  പ്രകടമാക്കുന്നു. സാമൂഹിക പ്രശ്നങ്ങള്‍ അമര്‍ത്തിപ്പിടിക്കുക, പാരിസ്ഥിതിക സുസ്ഥിരതയും സാമൂഹിക നീതിയും പ്രോത്സാഹിപ്പിക്കുക എന്നിവയിലൊക്കെ സുശക്തമായ ഗവേഷണം നടത്തുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ലോകോത്തര സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികളുടെ വിജയത്തിനും ജോലിക്കും മുന്‍ഗണന നല്‍കുന്നു. ബിരുദധാരികള്‍ അവരുടെ തിരഞ്ഞെടുത്ത കരിയറുകള്‍ക്കോ തുടര്‍ന്നുള്ള അക്കാദമിക് ആവശ്യങ്ങള്‍ക്കോ തയ്യാറാണെന്ന് ഉറപ്പാക്കുന്നു. വിദേശങ്ങളിലെ മികച്ച സര്‍വകലാശാലകളിലും, പ്രോഗ്രാമുകളിലും പ്രവേശനം നേടി പണ്ടേ ഇന്ത്യയില്‍ നിന്നും ആളുകള്‍ പോയിരുന്നെങ്കിലും, അവര്‍ ഒന്നുകില്‍ വളരെ മിടുക്കരോ, ബന്ധുക്കള്‍ വിദേശത്തുള്ളവരോ, അല്ലെങ്കില്‍ സമ്പന്നരുടെ മക്കളോ ആയിരുന്നു. 

ഇത് നമുക്കും സാധ്യമോ?

ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് തടയാന്‍ ആഭ്യന്തര ഉന്നത വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ ആകര്‍ഷകവും മത്സരപരവുമാക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതുക്കിയ പാഠ്യപദ്ധതി, ആധുനിക അധ്യാപന രീതികള്‍, അത്യാധുനിക സാങ്കേതിക വിദ്യ എന്നിവയ്ക്കൊപ്പം ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് നിര്‍ണായകമാണ്. ഇതിലൂടെ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ ലോകോത്തര വിദ്യാഭ്യാസം ലഭിക്കുമെന്ന ആത്മവിശ്വാസം സൃഷ്ടിക്കാന്‍ സഹായിക്കൂ. 20 ലക്ഷത്തിനു മുകളില്‍ മുടക്കി വിദേശത്ത് പഠിക്കാന്‍ തയ്യാറാകുന്ന ഒരു മലയാളിക്ക് നാട്ടില്‍ മേല്‍പ്പറഞ്ഞ സൗകര്യങ്ങളും, തൊഴില്‍ സാധ്യതകളും ഒരുക്കിയാല്‍ മാത്രമേ ഒരു പരിധിവരെ അവരെ നാട്ടില്‍ നിര്‍ത്താനാകൂ. എന്നാല്‍, മികച്ച ജീവിത സാഹചര്യങ്ങളും, സാമൂഹിക അന്തരീക്ഷവുമൊക്കെ മുന്നില്‍ കണ്ട് വിദേശത്തേക്ക് പോകുന്നവരെ തടഞ്ഞുനിര്‍ത്താന്‍ നമുക്കാവില്ല. നമ്മുടെ രാജ്യം പൂര്‍ണമായും വികസിതമാകുന്നത് വരെ അവര്‍ പൊയ്‌ക്കൊണ്ടേയിരിക്കും


Representational Image : Pixabay 

അധികമായാല്‍ അമൃതും വിഷം

ഏതു പുതിയ മേഖലകള്‍ തുറന്നുവന്നാലും കേരളം മുഴുവന്‍ അവയെല്ലാം തുടങ്ങുക എന്നത് നമ്മുടെ ശീലമാണ്. ധാരാളം സ്ഥാപനങ്ങളും, പ്രോഗ്രാമുകളും ആരംഭിക്കുന്നതിനു പകരം ഒരു സര്‍വകലാശാലയെ മാതൃകാ സ്ഥാപനമായി, മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ട് വരികയായിരിക്കും നമുക്ക് ആശാസ്യം. വലിയ വ്യവസായങ്ങളും മറ്റും ഇല്ലാത്ത നാടെന്ന സ്ഥിതിക്ക് നമ്മുടെ സേവന മേഖലകള്‍, ആരോഗ്യം, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്, ഭാഷാ സാഹിത്യ പഠനങ്ങള്‍ എന്നിങ്ങനെ മികച്ച അധ്യാപകരെ കിട്ടുന്ന മേഖലകള്‍ പടിപടിയായി ഉയര്‍ത്തി ഈ ലക്ഷ്യം നേടാവുന്നതേയുള്ളൂ. ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ധനസഹായവും ഉറവിടങ്ങളും പ്രോത്സാഹനങ്ങളും നല്‍കിക്കൊണ്ട് ശക്തമായ ഒരു ഗവേഷണ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുക. നൂതനാശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആഭ്യന്തര വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും അക്കാദമിയും വ്യവസായവും തമ്മില്‍ സഹകരണം സ്ഥാപിക്കുക. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം നേടുന്നതിന് തുല്യ അവസരങ്ങളുണ്ടെന്ന് ഉറപ്പാക്കുക. വിദ്യാഭ്യാസം കൂടുതല്‍ താങ്ങാവുന്നതും എല്ലാവര്‍ക്കും പ്രാപ്യവുമാക്കുന്ന സ്‌കോളര്‍ഷിപ്പുകളും ഗ്രാന്റുകളും പോലുള്ള നയങ്ങളും പദ്ധതികളും നടപ്പിലാക്കുക.

പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുമ്പോള്‍ വിദേശങ്ങളിലും നമ്മുടെ രാജ്യത്തും ഗവേഷണവും, ഉപരി ഗവേഷണവുമൊക്കെ നടത്തുന്ന യുവതലമുറയെ അവിടേക്ക് ആകര്‍ഷിക്കുകയും, അവര്‍ക്ക് സ്ഥിരജോലി നല്‍കാന്‍ സാധിച്ചില്ലെങ്കിലും ഹ്രസ്വകാല (tenure) കോണ്‍ട്രാക്റ്റിലോ മറ്റോ നിയമിക്കുകയും പുരോഗതിക്കനുസരിച്ച് നിലനിര്‍ത്തുകയും ചെയ്യുന്നത് നൂതന മേഖലകളിലെ പഠന കേന്ദ്രങ്ങള്‍ക്ക് അനുകരണീയമായ മാതൃകയാണ്. പലപ്പോഴും പുതിയ കേന്ദ്രങ്ങള്‍  സൃഷ്ടിക്കുന്നത് വ്യക്തി താല്പര്യങ്ങള്‍ക്ക് വിധേയമായിട്ടല്ല എന്ന് ഉറപ്പുവരുത്താന്‍ ഇത് അത്യാവശ്യമാണ്. പുതിയവ വരുമ്പോള്‍ നിലവിലുള്ളവയെ തഴയുക, അവയുടെ നിലനില്‍പ്പ് ആരും പരിഗണിക്കാതിരിക്കുക എന്നിവയൊക്കെ നമുക്ക് സുപരിചിതമായ മാതൃകകളാണ്. അക്കാദമിക് ഫ്‌ലെക്‌സിബിലിറ്റി എന്നത് നമുക്ക് ഒട്ടും പരിചയവുമില്ല. ഇത്രയൊന്നും സാധിച്ചില്ലെങ്കിലും പുതിയ സംരംഭങ്ങള്‍ വിജയിക്കുമെന്ന കൃത്യമായ ഉറപ്പില്‍ അവയെ പരിപോഷിപ്പിക്കുന്നത് പൊതു പണത്തിന്റെ ധൂര്‍ത്ത് ഒഴിവാക്കും. 

ചട്ടക്കൂട്ടില്‍ വരുത്തേണ്ട മാറ്റങ്ങള്‍ 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണാന്തരീക്ഷം ലളിതമാക്കുക, ബ്യൂറോക്രാറ്റിക് തടസ്സങ്ങള്‍ കുറയ്ക്കുക, മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളോട് കൂടുതല്‍ ചടുലവും പ്രതികരണശേഷിയും പുലര്‍ത്താന്‍ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക. ഗുണനിലവാരം പുലര്‍ത്തുന്നതിലും മൊത്തത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ശക്തമായ നിരീക്ഷണ, മൂല്യനിര്‍ണയ സംവിധാനങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ മാറ്റങ്ങള്‍ ആവിഷ്‌കരിക്കണം.

തീരുമാനങ്ങള്‍ എടുക്കുന്നതില്‍, പ്രത്യേകിച്ച് പാഠ്യപദ്ധതി രൂപകല്‍പന, ഫാക്കല്‍റ്റി നിയമനം, റിസോഴ്‌സ് അലോക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുക. ആഗോള പ്രവണതകളോടും മാനദണ്ഡങ്ങളോടും കൂടുതല്‍ ഫലപ്രദമായി പൊരുത്തപ്പെടാന്‍ സ്ഥാപനങ്ങളെ ഇത് പ്രാപ്തരാക്കും. പഠനവും ഗവേഷണവും സുഗമമാക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ ഉറവിടങ്ങള്‍, ഉപകരണങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയിലേക്ക് പ്രവേശനം നല്‍കുക. ആഭ്യന്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശക്തിയും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് കാമ്പെയ്നുകള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക. മികച്ച വിദ്യാര്‍ത്ഥികളും ഗവേഷണ മുന്നേറ്റങ്ങളും സ്ഥാപനങ്ങളെ വേറിട്ടുനിര്‍ത്തുന്ന അതുല്യമായ പ്രോഗ്രാമുകളും ഹൈലൈറ്റ് ചെയ്യുക. 


Representational Image: PTI

കമ്പോള ആവശ്യങ്ങള്‍ക്കൊപ്പം പാഠ്യപദ്ധതിയും നൈപുണ്യ വികസന പരിപാടികളും വിന്യസിക്കാന്‍ വ്യവസായ-അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സും പ്ലേസ്മെന്റ് പിന്തുണയും വര്‍ദ്ധിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസത്തില്‍ നിന്ന് തൊഴില്‍ ശക്തിയിലേക്ക് മാറാന്‍ അവരെ സഹായിക്കുന്നു. പ്രശസ്ത വിദേശ സര്‍വകലാശാലകളുമായും സ്ഥാപനങ്ങളുമായും സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക. വിദ്യാര്‍ത്ഥികളുടെയും ഫാക്കല്‍റ്റികളുടെയും കൈമാറ്റം, സംയുക്ത ഗവേഷണ പ്രോജക്ടുകള്‍, മികച്ച രീതികള്‍ പങ്കിടല്‍ എന്നിവ സുഗമമാക്കുക. ആഭ്യന്തര ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളില്‍ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ പഠനാന്തരീക്ഷവും സൃഷ്ടിക്കാന്‍ ഇത് സഹായിക്കും.  

ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതി ട്രാക്കുചെയ്യുന്നതിന് ശക്തമായ നിരീക്ഷണ, മൂല്യനിര്‍ണയ സംവിധാനങ്ങള്‍ സ്ഥാപിക്കുക. നയപരമായ തീരുമാനങ്ങളും ഭാവി മെച്ചപ്പെടുത്തലുകളും അറിയിക്കാന്‍ ഡാറ്റാധിഷ്ഠിത സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിക്കുക. ഇവ നടപ്പിലാക്കുകയും ഗുണനിലവാരം, നവീകരണം, ആഗോള ഇടപെടല്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ലോകോത്തരമാകാനും സംസ്ഥാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും സംഭാവന നല്‍കാനും കഴിയും. ഇതിലൂടെ എല്ലാ ചെലവും വിദ്യാര്‍ത്ഥികള്‍ വഹിക്കേണ്ട അവസ്ഥയ്ക്കും മാറ്റമുണ്ടാകും. വിദേശങ്ങളിലുള്ളതുപോലെ വലിയ കോര്‍പ്പസ് ഫണ്ട് ആര്‍ജിക്കാനോ, വ്യവസായിക നിക്ഷേപങ്ങള്‍ ആര്‍ജിക്കാനോ കഴിഞ്ഞാലേ വലിയ വികസനം സാധ്യമാകൂ. ശാസ്ത്ര സാങ്കേതിക മേഖലകളിലെ പഠനത്തിനു വേണ്ടിവരുന്ന നിക്ഷേപം ഇക്കാലത്ത് അതിഭീമമായതിനാല്‍ ഇത്തരം മേഖലകളില്‍ സഹകരണവും നിക്ഷേപവും അത്യാവശ്യമാണ്.  

ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുമ്പോള്‍

സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നേ നമുക്ക് പരിചിതമായ 10+2+3 ബ്രിട്ടീഷ് സമ്പ്രദായത്തില്‍ നിന്നും മാറി അമേരിക്കയിലും മറ്റും നിലവിലുള്ള K12+4 എന്ന രീതിയിലേക്ക് ചുവടുമാറ്റം നടത്തുന്നു എന്നതാണ് ദേശീയ വിദ്യാഭ്യാസ പദ്ധതി (NEP - 2020) വരുത്തുന്ന കാതലായ മാറ്റം. പന്ത്രണ്ടുവര്‍ഷം സ്‌കൂളിനുശേഷം രണ്ടുവര്‍ഷത്തെ അസോസിയേറ്റ് ബിരുദം അല്ലെങ്കില്‍ നാലുവര്‍ഷത്തെ ബാച്ചിലേഴ്സ് ബിരുദവും അതിനുശേഷം ബിരുദാനന്തര ബിരുദവും എന്ന അമേരിക്കന്‍ രീതിയില്‍ നാലുവര്‍ഷത്തെ ബിരുദം കഴിഞ്ഞവര്‍ക്ക് നേരിട്ട് ഗവേഷണ ബിരുദ പഠനത്തിനും ചേരാം. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമ്പോള്‍ കേരളത്തിനു മാത്രം  മാറി നില്‍ക്കാനാകില്ല. നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ, ലോകോത്തരമാക്കാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്താം. നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹിക സാഹചര്യങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ലോകമെമ്പാടും സ്വീകാര്യത ഉറപ്പുവരുത്തുക എന്നതും നമുക്കു മുന്നിലുള്ള കടമ്പയാണ്.


#Higher Education
Leave a comment