TMJ
searchnav-menu
post-thumbnail

Higher Education

ഉന്നതങ്ങളിലെത്താത്ത 'ഉന്നത' വിദ്യാഭ്യാസം

25 Apr 2023   |   6 min Read
ഡോ. സെബാസ്റ്റ്യന്‍ ജോസഫ്

"Human history becomes more and more a race between education and catastrophe" - (H.G. Wells) 

2022 ല്‍ റിലീസ് ചെയ്ത ഡേവിഡ് ക്രോണന്‍ബര്‍ഗ്ഗിന്റെ Crimes of the Future എന്ന ചലച്ചിത്രത്തില്‍ ഒരു സംഭാഷണശകലമിങ്ങനെയാണ്, നമ്മള്‍ സൃഷ്ടിക്കുന്ന വ്യവസായ മാലിന്യങ്ങള്‍ നമ്മള്‍ തന്നെ ഭക്ഷിക്കുക എന്നതാണ് നമ്മുടെ വിധി. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വളരെ പ്രസക്തമായി തോന്നിയതിനാലാണ് ഇത് ഇവിടെ പരാമര്‍ശിച്ചത്.  ഭാവിയെ കാണാത്ത, നിരന്തര പരിഷ്‌ക്കരണങ്ങള്‍ക്ക് വിധേയപ്പെട്ട്, അപചയവും, ജീര്‍ണതയും ബാധിച്ച കാലഹരണപ്പെട്ട വിദ്യാഭ്യാസ മാതൃകകള്‍ വീണ്ടും വീണ്ടും അവതരിപ്പിക്കപ്പെടുമ്പോള്‍, വിദ്യാര്‍ത്ഥികളും അധ്യാപകരും മാലിന്യം ഭക്ഷിക്കുന്നവരെപ്പോലെയാകുന്നു. ഈ സാംസ്‌കാരിക അപചയത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് ഇന്ന് ഉന്നത വിദ്യാഭ്യാസം കടന്നുപോകുന്നത്. ചിന്തകള്‍ പ്ലാസ്റ്റിക്‌വല്‍കരിക്കുന്ന കാലഘട്ടത്തിന്റെ പ്രകൃതം മനസ്സിലാക്കാതെയുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളും, നയരൂപീകരണങ്ങളും വ്യവസായ/കച്ചവട ലോകത്തിന്റെ വിഴുപ്പേററു വാങ്ങുന്നവരെ മാത്രമേ രൂപപ്പെടുത്തുകയുള്ളൂ. ഇതിനെ ചെറുക്കുവാനുള്ള വിമര്‍ശമനസ്സിനെ നിര്‍മിക്കുന്നതാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ 'ഉന്നത' ലക്ഷ്യം. വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളും, അതിന്റെ ഗുണമേന്മയുമൊക്കെ ഗൗരവമേറിയ വിമര്‍ശനങ്ങള്‍ക്കും പഠനങ്ങള്‍ക്കും സ്വതന്ത്ര ഇന്ത്യയില്‍ ഒരു പാഠമേഖലയായിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ച, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തിന്റെ പരാജയവും തകര്‍ച്ചയും ഒരു തുടര്‍ക്കഥയായി നിലകൊള്ളുന്നു. 2020 ലെ ദേശീയ വിദ്യാഭ്യാസനയവുമായി സംബന്ധിച്ചും ധാരാളം ചര്‍ച്ചകള്‍ നടന്നെങ്കിലും, കാതലായ ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ വിട്ടു കളഞ്ഞിരിക്കുന്നുവെന്നത് നിരാശാജനകമാണ്. എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തിട്ടും ഉന്നത വിദ്യാഭ്യാസമേഖല എന്നും വിമര്‍ശനങ്ങള്‍ക്ക് വിധേയപ്പെടുന്നത്? എന്താണ് വിദഗ്ധര്‍ ഇതുമായി ബന്ധപ്പെട്ടു ചര്‍ച്ച ചെയ്യുന്നത്? ചര്‍ച്ചകള്‍ക്കും, റിപ്പോര്‍ട്ടുകള്‍ക്കും ഒടുവില്‍ ഉന്നത വിദ്യാഭ്യാസമെന്ന ആശയം ഇവിടെ ഗതിപിടിക്കാതെ പോകുന്നത് എന്തുകൊണ്ട്? എന്താണ് ഉന്നത വിദ്യാഭ്യാസത്തിലെ ഉന്നതമെന്നു വിശദീകരിച്ചുകൊണ്ടുതന്നെ മേല്‍കാണുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കുവാനാണ് ഇവിടെ ശ്രമം നടത്തുന്നത്.

എന്താണ് ഉന്നത വിദ്യാഭ്യാസം?

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സില്‍ നിന്നു തന്നെ ഈ പ്രശ്‌നം ചര്‍ച്ച ചെയ്തു തുടങ്ങാം. 1794 ല്‍ ഫ്രാന്‍സില്‍ സ്ഥാപിതമായ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു ഇക്കോള്‍ പോളിടെക്‌നിക്കും, ഇക്കോള്‍ നോര്‍മല്‍ സുപ്പീരിയറും. വിദ്യാഭ്യാസത്തിന്റെ പ്രയോജനകരമായ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് ഊന്നല്‍കൊടുത്താണ് ഈക്കോള്‍ പോളിടെക്‌നിക്ക് സ്ഥാപിച്ചത്. ദ്രുതഗതിയില്‍ സമൂഹത്തിനും, ദേശരാഷ്ട്രത്തിനും വേണ്ട ഭൗതിക ഉല്പന്നങ്ങളുടെ നിര്‍മാണം ലക്ഷ്യംവച്ചിരുന്ന പോളിടെക്‌നിക്ക്, പട്ടാള ചിട്ടയിലുള്ള പ്രവര്‍ത്തനശൈലിയാണ് വിദ്യാഭ്യാസത്തില്‍ പിന്തുടര്‍ന്നത്. ഈ സ്ഥാപനം യുദ്ധ മന്ത്രിയുടെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

ബൗദ്ധികപരമായ ഉന്നത വിദ്യാഭ്യാസ ചിന്തകളെ ലക്ഷ്യമാക്കി സ്ഥാപിതമായ ഇക്കോള്‍ നോര്‍മല്‍ സുപ്പീരിയര്‍ ഫ്രാന്‍സിലെ വിദ്യാഭ്യാസ മന്ത്രിയുടെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ശാസ്ത്ര/സാമൂഹ്യ ശാസ്ത്ര/ മാനവിക വിഷയങ്ങളില്‍ വളരെ ഉന്നതമായ ചിന്തകളും, ആശയങ്ങളും സൃഷ്ടിക്കേണ്ടതിനുവേണ്ടി സ്ഥാപിതമായ ഇ.എന്‍.എസ് അതാതു മേഖലകളില്‍ ഉന്നത ചിന്തകരെയും, വിഷയ വിദഗ്ധരെയും, പ്രതിഭാശാലികളെയും വാര്‍ത്തെടുത്തു. ഉന്നത വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ലക്ഷ്യം വ്യത്യസ്ത മേഖലകളില്‍ പ്രതിഭാശാലികളായ ചിന്തകരെ വാര്‍ത്തെടുത്ത് സമൂഹത്തില്‍ വിമോചനപരമായ മാറ്റങ്ങള്‍ വരുത്തുന്ന ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിച്ച് പുതിയ ജ്ഞാനമണ്ഡലങ്ങളെയും, രൂപങ്ങളെയും സൃഷ്ടിക്കുക എന്ന ആശയം മനസ്സിലാക്കിയ പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ വിദ്യാഭ്യാസ ചരിത്രം കുറിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഉന്നത വിദ്യാഭ്യാസം എന്താണെന്നറിയാതെ ഇരുട്ടില്‍ തപ്പിത്തടയുന്ന ഇന്ത്യയുടെ സ്ഥിതിവിശേഷത്തെ സൂചിപ്പിക്കുവാന്‍ മാത്രമാണ്.


Representational Image: Wiki Commons

ഈ രണ്ടു സ്ഥാപനങ്ങളെയും ഇവിടെ പരാമര്‍ശിച്ചത് രണ്ട് തരത്തിലുള്ള വിദ്യാഭ്യാസ ലക്ഷ്യങ്ങളെ സൂചിപ്പിക്കുവാനാണ്. ഭൗതീക പുരോഗതി ഉന്നതവിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യം തന്നെയാണ്. അതില്ലാതെ മാനവ സംസ്‌കാരത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. പുതിയ സാങ്കേതിക സംവിധാനങ്ങളും, ഉപകരണങ്ങളും കണ്ടുപിടിക്കുകയും പ്രചരിപ്പിക്കുകയും വഴി മാനവ സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളും, സൗകര്യങ്ങളും മെച്ചപ്പെടുകയും, അത് അവരുടെ സംസ്‌കാരത്തിന്റെ അളവുകോലായി മാറുകയും ചെയ്യും. മറുവശത്ത് ഇങ്ങനെ മാറുന്ന സമൂഹത്തിനാവശ്യമായ ആശയങ്ങളെയും, നിലപാടുതറകളെയും ഉണ്ടാക്കിയെടുക്കേണ്ട ഒരു വിദ്യാഭ്യാസ ലക്ഷ്യമുണ്ട്. ശാസ്ത്രീയവും, സാമൂഹിക ശാസ്ത്രീയവുമായ ആശയങ്ങളുടെ ഉര്‍വരതയെ സ്ഥിരമായി പ്രകാശിപ്പിക്കേണ്ട ഗൗരവമേറിയ ഒരു വിദ്യാഭ്യാസ മണ്ഡലം. ഈ മണ്ഡലത്തെ പൂര്‍ണമായി അവഗണിക്കുന്ന സമൂഹം ഉന്നത വിദ്യാഭ്യാസമെന്നു വിചാരിച്ചു ശാക്തീകരിക്കുകയും, പരിഷ്‌കരിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസം വെറും ഭൗതീക കണക്കുകളില്‍ അഭിരമിച്ച് ജയപരാജയങ്ങളെ അടയാളപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യന്റെ സാമൂഹികവും ശാസ്ത്രീയവുമായ ചിന്താലോകത്തെ അതിന്റെ സാംസ്‌കാരിക പരിസരവുമായി ബന്ധിപ്പിച്ച് പഠിക്കുകയും, പുതിയ മാനവിക മൂല്യങ്ങളെ സൃഷ്ടിച്ച് പുരോഗമനപരമായ മനുഷ്യത്വത്തെ നിര്‍മിക്കേണ്ട തികച്ചും ഗൗരവമേറിയ മണ്ഡലമാണ് ഉന്നത വിദ്യാഭ്യാസം. ഈ വസ്തുത ഗ്രഹിക്കാതെ മുന്നോട്ടുപോകുന്ന ഉന്നത വിദ്യാഭ്യാസത്തിലെ അധികാരികളായി മൂലധനശക്തികളും, സാങ്കേതിക സംവിധാനങ്ങളും, കച്ചവടശക്തികളും മാറുന്ന കാഴ്ചയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്.   

ഈ നൂറ്റാണ്ടിന്റെ സവിശേഷ പ്രകൃതം

മറ്റൊരു കാലഘട്ടങ്ങളിലും കാണാത്ത തരത്തിലുള്ള സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും, അതിപ്രസരവും, ദൈനംദിന ജീവിതങ്ങളില്‍ ചെലുത്തുന്ന അത്യപൂര്‍വവുമായ സ്വാധീനവും ചിന്തിക്കുവാന്‍ കഴിവില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വാര്‍ത്താവിനിമയ ഗാഡ്‌ജെറ്റുകള്‍ നിര്‍മിക്കുന്ന ചുഴിയില്‍ അകപ്പെടുന്ന മനുഷ്യര്‍ തന്നെ ഗാഡ്‌ജെറ്റുകളായി മാറുന്ന അവസ്ഥ. ഗാഡ്‌ജെറ്റുകള്‍ മനുഷ്യരെപ്പോലെ ആകുന്ന പ്രക്രിയയും തുടങ്ങി കഴിഞ്ഞിരിക്കുന്നു. 2050 ല്‍ ഉപയോഗശൂന്യരായ മനുഷ്യരെന്ന വര്‍ഗം ഉണ്ടാകുമെന്ന് ഹോമോ ദിയൂസ് എന്ന ഗ്രന്ഥത്തില്‍ ചരിത്രകാരനായ യുവാല്‍ നോവ ഹരാരി സൂചിപ്പിക്കുന്നത് ഇവിടെ ശ്രദ്ധേയമായ വസ്തുതയാണ്. സാമൂഹികമാധ്യമങ്ങളില്‍ നിരന്തരമായി കാഴ്ച കാണുകയും, കേള്‍വിക്കാരായി മാറുകയും ചെയ്യുന്ന മനുഷ്യര്‍ ക്രമേണ ചിന്തിക്കുവാന്‍ സാധിക്കാത്ത ഉപകരണങ്ങള്‍ മാത്രമായിത്തീരും. സാങ്കേതിക സംവിധാനങ്ങള്‍ അധികാരസ്ഥാനം തട്ടിയെടുത്ത അവസ്ഥയില്‍ എന്തു ചിന്തിക്കണം, എന്തു പ്രവര്‍ത്തിക്കണമെന്ന അവകാശം നഷ്ടപ്പെട്ട മനുഷ്യഗണം വെറും ഉപകരണങ്ങളായിത്തീരുമ്പോള്‍, ചിന്തിക്കുന്ന യന്ത്രങ്ങള്‍ മനുഷ്യരായിത്തീരുന്ന ദുരവസ്ഥ അധികം ദൂരെയല്ല. ചാറ്റ് ജിപിടി പിടിമുറുക്കിത്തുടങ്ങിയിരിക്കുന്നത് ഉദാഹരണമാണ്.    

ഈ ചരിത്ര സന്ദര്‍ഭം കൂടി കണക്കിലെടുത്തു വേണം ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുവാന്‍. ചിന്തിക്കുവാന്‍ ശേഷിയുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുവാന്‍ പറ്റിയ പാഠ്യപദ്ധതികള്‍ നടപ്പിലാക്കുകയെന്നതാണ് ഏറ്റവും മുന്‍ഗണന കൊടുക്കേണ്ട കാര്യം. പാഠ്യപദ്ധതികള്‍ വിഭാവനം ചെയ്യുമ്പോള്‍ ഏതെങ്കിലും വിഷയത്തിന്റെ (കോഴ്‌സ്) സമൂല പഠനം എന്ന രീതിയില്‍ ഏതെങ്കിലും നാലു മോഡ്യൂളുകള്‍ കുത്തിനിറച്ച് ഒരു സെമസ്റ്ററിലെ ആറു മാസം കൊണ്ട് 'പഠിപ്പിച്ച്' തീര്‍ക്കേണ്ട എന്തോ ഒന്നിനെ അവതരിപ്പിക്കുക എന്നതായിരിക്കരുത് സിലബസ് അവതരിപ്പിക്കുന്നവരുടെ ലക്ഷ്യം. ഉദാഹരണത്തിന് ചരിത്രരചനാ ചരിത്രത്തിന്റെ (Historiography) ബിരുദാനന്തര ബിരുദ സിലബസുകളില്‍ പ്രാചീന ചരിത്രകാരന്മാരില്‍ തുടങ്ങി ഉത്തരാധുനിക ചരിത്രകാരന്മാരില്‍ ഒടുങ്ങുന്ന രീതിയിലുള്ള മോഡ്യൂളുകള്‍ വിദ്യാര്‍ത്ഥിയെ കണ്ണുകെട്ടി കടലിലേക്ക് തള്ളുന്ന രീതിയാണ്. ഇവിടെ ചരിത്ര ബിരുദാനന്തര വിദ്യാര്‍ത്ഥി കല്‍ഹനനെക്കുറിച്ചും, മിഷേല്‍ ഫൂക്കോയെക്കുറിച്ചും എന്തൊക്കെയോ പിച്ചും പേയും പറയുന്നവനെപ്പോലെയാകും. മറിച്ച് നാലു മോഡ്യൂളുകളില്‍ ഇതിലേതെങ്കിലും ചരിത്രരചനാ ചരിത്രത്തെ കൃത്യമായി അവതരിപ്പിച്ചാല്‍ സൂക്ഷ്മവും വിമര്‍ശനപരവുമായ അപഗ്രഥനം നടത്തി തന്റേതായ വീക്ഷണത്തെ വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകുകയും, ചിലപ്പോള്‍ ഇത് നവീന ചരിത്രരചനാരീതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്‌തേക്കാം. ഇതു തന്നെയാണ് മിക്ക മാനവിക/ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലും സംഭവിക്കേണ്ടത്.


Representational Image: Wiki Commons

പാശ്ചാത്യരാജ്യങ്ങളില്‍ പ്രബലമാകുന്ന കച്ചവട വിദ്യാഭ്യാസത്തിലേക്ക് കണ്ണുംനട്ടിരിക്കുന്നവര്‍, അവരുടെ സിലബസ്/കരിക്കുലം നിര്‍മാണ ബുദ്ധിയിലേക്ക് ഒന്നെത്തിനോക്കുന്നത് നന്നായിരിക്കും, കാരണം നല്ല മാതൃകകള്‍ പിന്തുടരുവാന്‍ കൂടിയുള്ളതാണ് ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടം. നാലു മോഡ്യൂളുകളും, കുറെയേറെ ആധാര ഗ്രന്ഥങ്ങളും (അവയില്‍ മിക്കതും മോഡ്യൂളുകളുമായി പുലബന്ധമില്ലാത്തവ) കുത്തിനിറച്ചാല്‍ നമ്മുടെ പാഠ്യപദ്ധതി പൂര്‍ത്തിയായി. പിന്നീട് കിട്ടിയാല്‍ പത്തു പ്രവൃത്തിദിനം, കുറെയേറെ പരീക്ഷകള്‍, മൂല്യനിര്‍ണയ ക്യാംപുകള്‍, നാക്/എന്‍.ഐ.ആര്‍.എഫ് /ഐ.ക്യൂ.എ.സി ഡോക്യുമെന്റേഷന്‍, ഇതെല്ലാം കഴിഞ്ഞാല്‍ അടുത്ത സെമസ്റ്റര്‍ പാഞ്ഞെത്തുകയായി. ഇതിനിടയിലാണ് നമ്മുടെ ബാഹുബലി സിനിമപോലെ നീണ്ടുകിടക്കുന്ന സിലബസ്. എവിടെ തുടങ്ങിയെന്നോ, എവിടെ അവസാനിക്കുന്നുവെന്നോ അറിയാതെ കുട്ടവഞ്ചിയില്‍ കയറി നട്ടംതിരിയുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും. ഒറ്റ മോഡ്യൂള്‍ തീര്‍ന്നപ്പോള്‍ സെമസ്റ്റര്‍ പരീക്ഷ എത്തിയിരിക്കുന്നുവെന്നു ബോധ്യരായ അധ്യാപകര്‍ പകര്‍പ്പുയന്ത്രത്തെ (Xerox) ആശ്രയിച്ച് ഒറ്റതീര്‍ക്കലാണ് സിലബസ്! ഇതിനപ്പുറത്ത്, പാശ്ചാത്യനാടുകളില്‍ കൃത്യമായ വിശകലന പഠനത്തിനുവേണ്ടി തയ്യാറാക്കിയ നാലു മോഡ്യൂളുകള്‍. അതില്‍ ചിലപ്പോള്‍ നാലു കണ്‍സെപ്റ്റുകള്‍, നാലു ഗ്രന്ഥങ്ങള്‍, ഒരു ചലച്ചിത്രം, എന്നിവയൊക്കെ മാത്രമാണ് പഠിപ്പിക്കേണ്ടതും പഠിക്കേണ്ടതും. അതേ, സിലബസില്‍ ഓരോ മോഡ്യൂളിനും വേണ്ട കൃത്യമായ റഫറന്‍സ് ഗ്രന്ഥങ്ങള്‍, അതില്‍ സൂചിപ്പിച്ചിരിക്കുന്ന ലേഖനങ്ങള്‍ (പേജ് നമ്പറുകള്‍ അടക്കം), അസൈന്‍മെന്റുകള്‍ ചെയ്യേണ്ട രീതികള്‍, അത് സമര്‍പ്പിക്കേണ്ട തീയതി, വിദ്യാര്‍ത്ഥികള്‍ പിന്തുടരേണ്ട രീതിശാസ്ത്രം എല്ലാം തന്നെ വ്യക്തമാക്കിയിരിക്കും. എന്താണ് പഠിക്കേണ്ടത്, എങ്ങനെയാണ് പഠിക്കേണ്ടത് എന്ന കൃത്യമായ മാര്‍ഗദിശ തരുന്നതിലൂടെ സ്വതന്ത്രചിന്ത പരിപോഷിപ്പിക്കുന്നതാണ് അവരുടെ ഉന്നത വിദ്യാഭ്യാസ പദ്ധതി. ആശയങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന ലാബുകളാണ് അവിടെ ക്ലാസ് റൂമുകള്‍. ലൈബ്രറികളാകട്ടെ ഏതു തരത്തിലുള്ള മനോഭാവക്കാരെയും വായനയിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള രൂപസംവിധാനത്തോടെ നിര്‍മിച്ചവ. സ്വല്പം വിശ്രമിച്ച് വായിക്കുവാന്‍ (relaxed reading room) വേണ്ടി രൂപകല്പന ചെയ്ത  സ്ഥലങ്ങളും, ഒരു പുസ്തകത്തിന്റെ താളുമറിക്കുന്നതിന്റെ ശബ്ദംപോലും ഉണ്ടാക്കാന്‍ പറ്റാത്ത നിശ്ശബ്ദ സോണുകള്‍ പോലും വ്യത്യസ്ത തരത്തിലുള്ള വായനകളെ അവിടങ്ങളില്‍ പ്രചോദിപ്പിക്കുന്നു. കുട്ടികള്‍ കൂട്ടായി ചര്‍ച്ച ചെയ്യാനുള്ള ചില ചെറിയ കഫേകള്‍, മരച്ചുവട്ടിലെ ചര്‍ച്ചാ സ്ഥലങ്ങള്‍, എന്തിനേറെ, ചിന്തിക്കാനുള്ള മുറിയടക്കം (room for thinking) സംവിധാനം ചെയ്യപ്പെട്ട ഉന്നത വിദ്യാഭ്യാസ ക്യാമ്പസുകള്‍ സജീവ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന സ്ഥല രാശിയായി മാറുകയാണവിടങ്ങളില്‍. 

അധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും ചിന്തിക്കുവാന്‍ പ്രചോദിപ്പിക്കുന്ന പാഠ്യപദ്ധതികള്‍ തന്നെയാണ് നമുക്കു വേണ്ടത്. പാഠ്യപദ്ധതികള്‍ക്ക് രൂപംകൊടുക്കുമ്പോള്‍ അത് ചില അധ്യാപകരുടെ മാത്രം 'ജോലിയായി' കാണുന്നത് എന്തുകൊണ്ടാണ്? ഇവിടെ, ഏതു വിഷയവുമാകട്ടെ, സമൂഹത്തില്‍ പ്രസ്തുത പഠനമേഖലയില്‍ ഉന്നതമായ ജ്ഞാന വിസ്‌ഫോടനങ്ങള്‍ നടത്തുന്ന ചിന്തകരെയും, മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കിയ ഗവേഷക വിദ്യാര്‍ത്ഥികളെയും ക്ഷണിക്കുന്നില്ല? വ്യവസായ മേഖലയിലെ പ്രമുഖരെയും വിദഗ്ധന്മാരെയും പാഠ്യപദ്ധതി നിര്‍മാണത്തിലേക്ക് ക്ഷണിക്കുവാന്‍ കാണിക്കുന്ന താല്പര്യം, ചിന്തകരുടെയും ഗവേഷകരുടെയും കാര്യത്തിലില്ലാത്തത്, ദുരന്ത മുതലാളിത്ത വ്യവസ്ഥയുടെ (disaster capitalism) പ്രതിഫലനം മാത്രമാണ്. ഭൗതീക വസ്തുക്കളുടെ നിര്‍മാണവും കച്ചവട താല്പര്യങ്ങളും സംരക്ഷിക്കുവാന്‍ ചിന്തിക്കുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആവശ്യമില്ലയെന്ന തന്ത്രം തന്നെയാണിതിലേക്ക് നയിക്കുന്നത്. വിമര്‍ശചിന്തയും, വ്യത്യസ്ത സാമൂഹിക ഭാവനയും അടര്‍ത്തി ഭരിക്കുന്ന ഭരണകൂടങ്ങള്‍ക്കെല്ലാകാലത്തും വലിയ വെല്ലുവിളിയാണെന്ന തിരിച്ചറിവ് മാത്രമാണ് ഉല്പാദനക്ഷമതയുമായും, വ്യവസായ മേഖലയായും ഉന്നത വിദ്യാഭ്യാസത്തെ കൈകോര്‍ത്തിണക്കുന്ന താല്പര്യത്തിനു പിന്നില്‍. ഇക്കൂട്ടര്‍ പറയും ചരിത്ര പഠനം നിലനില്‍ക്കണമെങ്കില്‍ അതിനെ ടൂറിസവുമായി ബന്ധിപ്പിക്കണമെന്ന്. ക്രമേണ ചരിത്രപഠനം ഇല്ലാതാവുകയും, ടൂറിസം പ്രധാന വിഷയമായി മാറുകയും ചെയ്യുമെന്നതാണ് ഇതിനു പിന്നിലെ കണക്കുകൂട്ടല്‍. കുട്ടനാട്ടിലെ ആഡംബര ഹൗസ് ബോട്ടിലെ ഉല്ലാസയാത്രയ്ക്കിടെ പഴയകാല കടത്തുവഞ്ചികളും, കൃഷിരീതികളും, കൊയ്ത്തുപാട്ടുകളും ആഹ്‌ളാദത്തിമിര്‍പ്പില്‍ മിന്നിമറയുന്ന ഗൈഡ് കഥകളായി മാറും. ഇത്തരത്തിലുള്ള ഗൈഡുകളെ സൃഷ്ടിക്കുവാനുള്ളതല്ല ഉന്നത വിദ്യാഭ്യാസമെന്നത് ഈ വിഷയ പണ്ഡിതരോടു പറഞ്ഞുകൊള്ളട്ടേ. ഭാഷാ പഠനത്തിലും ഇത്തരത്തില്‍ വ്യവസായ/കച്ചവടശക്തികള്‍ പിടിമുറുക്കിയപ്പോള്‍, നോവലും, കഥയും, കവിതയും, ഉപന്യാസങ്ങളും വെളിയിലാകുകയും, ആശയവിനിമയം നടത്തുവാനുള്ള വെറും വൈദഗ്ധ്യം നേടുവാനുള്ള പഠനമായി ആ മേഖല മാറുകയും ചെയ്തു. നാല്പതു ദിവസംകൊണ്ട് ഇംഗ്ലീഷ് പഠിച്ച് A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യപഠനം നല്‍കിയിരുന്ന സാമൂഹിക ബോധങ്ങളും, മൂല്യങ്ങളും നഷ്ടപ്പെട്ട് അക്ഷരങ്ങള്‍ കൂട്ടിയിണക്കി പറയുന്ന എന്തോ ഒന്നായി മാറി ഭാഷ. ഇവര്‍ക്കെങ്ങനെയാണ് ഈ ഭാഷയില്‍ ചിന്തിക്കുവാന്‍ സാധിക്കുന്നത്? 


Representational Image: Pixabay

കോവിഡാനന്തര കാലഘട്ടത്തിലെ ഉന്നത വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖല ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട കാലഘട്ടമായിരുന്നു കോവിഡ് കാലം. നേരിട്ടുള്ള അധ്യാപനവും പഠനവുമൊക്കെ പിന്തള്ളി ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാമാന്യവല്‍കരിക്കപ്പെട്ട കാലത്ത് ഉയര്‍ന്നുവന്ന പ്ലാറ്റ്‌ഫോമുകള്‍ ഇന്നും സജീവമാണ്. കോളേജ്/സര്‍വകലാശാല ക്യാമ്പസുകളിലേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും തിരിച്ചു വന്നെങ്കിലും, ഓണ്‍ലൈന്‍ ക്ലാസുകളും സെമിനാറുകളും പടിക്കപ്പുറത്തു തന്നെയുണ്ട്. ക്യാമ്പസുകള്‍ ഹൈബ്രിഡ് മോഡില്‍ തന്നെ പോയാല്‍ മതിയെന്ന ചില ചിന്തയൊക്കെ പടര്‍ന്നുകയറുന്നുണ്ട്. അധ്യാപന രീതികളില്‍ വലിയ മാറ്റംവരുത്താന്‍ സാങ്കേതിക സംവിധാനങ്ങള്‍ക്ക് സാധിക്കുമെന്ന ഉറച്ച ധാരണ അധ്യാപകന്റെ പങ്കിനെ വെറും ഉപകരണമാക്കി മാറ്റുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. യന്ത്രസംവിധാനങ്ങളും, യന്ത്രബുദ്ധിയും ക്രമേണ ഉന്നത വിദ്യാഭ്യാസ മേഖലയെ അജൈവീകരിക്കുകയും, നിര്‍മിത ബുദ്ധിക്കടിമയാക്കി മാറ്റുകയും ചെയ്യും. കോവിഡു കാലത്തെ സാമൂഹിക അകന്നിരിപ്പും, ഓണ്‍ലൈന്‍ ക്ലാസുകളുമൊക്കെ മനുഷ്യകേന്ദ്രീകരമല്ലാത്ത വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയുള്ള ആശയത്തെ ശക്തമായി പ്രചരിപ്പിക്കുന്ന ഘടകമായി മാറിയിരിക്കുന്നു. ഘടനാപരമായ ഉന്നത വിദ്യാഭ്യാസ രൂപാന്തരീകരണത്തിന്റെ പ്രധാന ചാലകശക്തി സാങ്കേതിക സംവിധാനങ്ങളുടെ വിപുലീകരിക്കലാണെന്ന ധാരണ ഉന്നത വിദ്യാഭ്യാസത്തെ യന്ത്രവല്‍ക്കരിച്ച്, ഉല്പാദന രംഗത്തെ ശാക്തീകരിക്കുന്ന ഘടകമാക്കിത്തീര്‍ക്കുന്നു. കോവിഡ് മാനവകുലത്തെ പഠിപ്പിച്ച നഷ്ടപ്പെട്ട സാമൂഹികതയുടെ ലോകവും, ഓണ്‍ലൈന്‍ വിദ്യാഭ്യാസവും, അടച്ചിരിപ്പും, സാമൂഹിക ഭയവുമെല്ലാം ഉന്നത വിദ്യാഭ്യാസരംഗം കൈക്കൊള്ളേണ്ട മാറിയ സമീപന രീതികളെ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. പുരോഗമനപരമായ മനുഷ്യത്വവല്‍ക്കരണത്തിന് ഉതകുന്ന രീതിയിലുള്ള ആശയങ്ങള്‍ ഉല്പാദിപ്പിക്കേണ്ട ഉന്നത വിദ്യാഭ്യാസ മേഖല പരിഷ്‌കരിക്കുവാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട വിഷയമാണ് ചിന്തിക്കുവാന്‍ പഠിക്കുന്ന, ആശയ നിര്‍മാണം നടത്തുന്ന പുതിയ തലമുറയെ സൃഷ്ടിക്കുവാനുള്ളതാണ് വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളെന്നത്. ഉയര്‍ന്ന നിലവാരത്തില്‍ ചിന്തിക്കുന്ന അധ്യാപകരും, വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഹോളിസ്റ്റിക് ക്യാംപസുകളാണ് സമൂഹത്തിലെ പല വര്‍ഗ/ ജാതി/ മത/ വിദ്വേഷ ചിന്തകളെ തകര്‍ക്കുവാനുളള വിമോചനപരമായ ആശയങ്ങളെ സൃഷ്ടിക്കേണ്ടവര്‍. അവരെ ഇതിനു പ്രാപ്തരാക്കേണ്ട സംവിധാനമായിരിക്കണം ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാകേണ്ടത്. അന്റോണിയോ ഗ്രാംഷി സൂചിപ്പിക്കുന്നതുപോലെ, ലളിതവല്‍ക്കരണമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, മറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഉയരെ നില്‍ക്കുന്ന അധ്യാപകന്റെ ചിന്താമണ്ഡലത്തിലേക്ക് എത്തുവാനുള്ള വിദ്യാര്‍ത്ഥിയുടെ ശ്രമമാണ് പുതിയ ചിന്തകളെയും, സമൂഹത്തെയും സ്യഷ്ടിക്കുന്നത്.

 

#Higher Education
Leave a comment