TMJ
searchnav-menu
post-thumbnail

Higher Education

കേരളം നാടുവിടുമ്പോള്‍

04 May 2023   |   5 min Read
സരിത ജി

ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും അവിടൊരു മലയാളിയുണ്ടാകുമെന്ന് പലപ്പോഴും നാം തമാശ രൂപേണ പറയാറുണ്ട്. എന്നാല്‍, അതില്‍ ഏറെക്കുറെ വാസ്തവമുണ്ടുതാനും. മികച്ച വേതനവും മെച്ചപ്പെട്ട ജീവിത സാഹചര്യവും മുന്നില്‍ കണ്ട് പ്രവാസം തിരഞ്ഞെടുത്തവര്‍ അനവധിയാണ്. അഭ്യസ്തവിദ്യര്‍ മാത്രമല്ല  വിദ്യാര്‍ത്ഥികളും നാടുവിടുന്ന പ്രതിഭാസത്തിനാണ് കേരളമിന്ന് സാക്ഷിയാകുന്നത്. പുതിയ കാലത്തെ ഏറ്റവും വലിയ ട്രെന്‍ഡ് വിദേശപഠനമാണ്. മുന്‍പ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണു മലയാളി നാടുവിട്ടിരുന്നതെങ്കില്‍ ഇന്ന് ഉപരിപഠനത്തിനായാണ് വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. പഠനം പൂര്‍ത്തിയാക്കിയാലും വിദേശത്ത് തന്നെ തുടരാനാണ് ഇവരില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്.

കേരളത്തില്‍നിന്ന് തൊഴില്‍ തേടിയുള്ള വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് മാധ്യമങ്ങളിലും രാഷ്ട്രീയ സംവാദ വേദികളിലുമെല്ലാം പ്രധാന ചര്‍ച്ചാ വിഷയമായി മാറിക്കഴിഞ്ഞു. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കാത്തതിന് ഭരണകൂടം വലിയ രീതിയില്‍ ഇതിനു പഴികേള്‍ക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുപ്രകാരം 2022 ജനുവരി മുതല്‍ നവംബര്‍ വരെ ആറര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയിട്ടുണ്ട്. ഇതില്‍ 12 ശതമാനം ആന്ധ്രാപ്രദേശില്‍ നിന്നും 12 ശതമാനം പഞ്ചാബില്‍ നിന്നും 11 ശതമാനം മഹാരാഷ്ട്രയില്‍ നിന്നുമാണ് എന്ന് ഓക്‌സ്ഫോര്‍ഡ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം നടത്തിയ പഠനം സൂചിപ്പിക്കുന്നു.  നാലു ശതമാനം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിദേശ പഠനം തിരഞ്ഞെടുത്തത്. ഈ കണക്കുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്.  വിദേശത്തേക്ക് പഠനത്തിനും ജോലിക്കുമായി നാടുവിടുന്നവരുടെ എണ്ണത്തില്‍ പ്രഥമ സ്ഥാനങ്ങളില്‍ മലയാളികളില്ല.  കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴില്‍ രാഹിത്യത്തിന്റെയും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുടെയും അഭാവത്തില്‍ നാടുവിടേണ്ടി വരുന്നവരില്‍ മറ്റു പല സംസ്ഥാനങ്ങളും ഏറെ മുന്നിലാണ്. 

ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റം അനിവാര്യം

കേരളത്തിന്റെ മാത്രം കാര്യമെടുത്താല്‍ നമ്മുടെ നാട്ടില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള ഒഴുക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കൂടിയിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ വിഷയത്തെയാണ് നാം അഭിമുഖീകരിക്കേണ്ടത്. ഒരു വര്‍ഷം കേരളത്തില്‍ നിന്നും ഏകദേശം 35,000 ത്തോളം വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോകുന്നതായി കണക്കാക്കുന്നു. കേരളത്തില്‍ മൂവായിരത്തോളം എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികള്‍  പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇനിയും കൂടുമെന്നര്‍ത്ഥം. 


Representational Image: Wiki Commons

വിദ്യാര്‍ത്ഥികളുടെയും അഭ്യസ്തവിദ്യരുടെയും കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങള്‍ പലതാണ്. നിരവധി പുഷ്/ പുള്ള് ഫാക്ടറുകള്‍ ഇതിന് ചാലകമാകുന്നുണ്ടെന്നാണ് വിദഗ്ധ അഭിപ്രായം. കേരളത്തില്‍ തൊഴില്‍ ലഭ്യത കുറവാണെന്നാണ് പൊതുധാരണ. ഇത് നാടുവിടുക എന്ന ലക്ഷ്യത്തിലേക്ക് വിദ്യാര്‍ത്ഥികളെ അടുപ്പിക്കുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലും പുതു ജീവിതശൈലിയിലും ആകൃഷ്ടരാകുന്നവരും നിരവധിയാണ്. കൂടാതെ, കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ ഉള്‍പ്പെടുന്നു. എന്നാല്‍, യുവത പലപ്പോഴും ഇത്തരം ബന്ധങ്ങളുടെ ഇടപെടലുകള്‍ വ്യക്തിജീവിതത്തില്‍ ആഗ്രഹിക്കുന്നില്ല. സമൂഹം മാറുമ്പോള്‍ കൂടുതല്‍ സ്വതന്ത്രരാകുമെന്ന കാഴ്ചപ്പാടും ഒരു പ്രധാന പുഷ്ഫാക്ടറാണ്. 

നമ്മുടെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ലെന്ന് തന്നെവേണം പറയാന്‍. ആധുനിക കാലത്തിനുചേരുന്ന സിലബസും തൊഴില്‍വൈദഗ്ധ്യം ഉറപ്പാക്കുന്ന കോഴ്സുകളും മികച്ച റാങ്കിങ്ങില്‍ ഉള്ള യൂണിവേഴ്സിറ്റികളും പ്രഗത്ഭരായ അധ്യാപകരും വിദേശ പഠനത്തിന് വിദ്യാര്‍ത്ഥികളെ ഏറെ പ്രേരിപ്പിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ 2022 ലെ ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗ് പ്രസിദ്ധീകരിച്ചത്. റാങ്കിങ്ങില്‍ 300നു മുകളില്‍ ഒരു ഇന്ത്യന്‍ സര്‍വകലാശാല പോലും ഉള്‍പ്പെട്ടിട്ടില്ല. 1,026 സര്‍വകലാശാലകളുള്ള ഇന്ത്യ എന്തുകൊണ്ട് റാങ്കിങ്ങില്‍ പിറകോട്ട് പോകുന്നു എന്നത് നാം സസൂക്ഷ്മം പരിശോധിക്കേണ്ടതുണ്ട്.    

മികച്ച പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍, അധ്യാപനം എന്നിവ കൂടാതെ ലോക റാങ്കിങ്ങിനായി വിലയിരുത്തപ്പെടുന്ന ഘടകങ്ങളില്‍ ചിലത് വിദ്യാര്‍ത്ഥികളുടെ സ്‌കില്‍ വികസനം, പ്ലേസ്‌മെന്റ്, വ്യവസായ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത ഗവേഷണം തുടങ്ങിയവയാണ്. അതായത് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയൊരുക്കുന്നുണ്ടോ എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിനു സാധിച്ചില്ലെങ്കില്‍ അവ സ്വാഭാവികമായും പിന്തള്ളപ്പെടും. നമ്മുടെ സര്‍വകലാശാലകളിലെ ഗവേഷണ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് കേവലം പ്രബന്ധാവതരണത്തിനപ്പുറം തൊഴില്‍ സാധ്യതകള്‍ കൂടി കണക്കിലെടുത്താകണം. ഗവേഷണങ്ങള്‍ പേപ്പറിലൊതുങ്ങാതെ സംരംഭകത്വത്തിന് വഴിയൊരുക്കണം. 


Reprsentational Image: Wiki Commons

ഇന്ന് വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും അനുകൂലമായ എല്ലാ സാഹചര്യങ്ങളും കേരളത്തില്‍ നിലനില്‍ക്കുന്നു. ഇതിനെ വിവേകപൂര്‍വം ഉപയോഗിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളുണ്ടാവണം. നവസംരംഭകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷന്‍. എന്നാല്‍, നാട്ടില്‍ പുതുതായി തുടങ്ങുന്ന സംരംഭങ്ങളില്‍ മുപ്പതു ശതമാനം പൂട്ടിപ്പോകുന്നുവെന്നാണ് കണക്ക്. ഇതില്‍ കാര്യമായ മാറ്റമുണ്ടാകണം. സ്റ്റാര്‍ട്ടപ്പുകളുടെ മുന്നോട്ടുപോക്കിന് വിദഗ്ധരുടെ സഹായം ഉറപ്പാക്കേണ്ടതുമാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റം സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃകയായ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുവാന്‍ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. നമ്മുടെ ജിഡിപിയില്‍ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുക ഇപ്പോഴും വളരെ പരിമിതമാണെന്ന് കാണാം. ഇതിന് മാറ്റമുണ്ടാകണം. രാജ്യത്തെ  വിദ്യാഭ്യാസ മേഖലയ്ക്കായി ഓരോ വര്‍ഷവും മാറ്റിവയ്‌ക്കേണ്ട ജിഡിപി വിഹിതം 2.9 ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി ഉയര്‍ത്തണമെന്ന് 1964ല്‍ കോത്താരി കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇത് 20 വര്‍ഷത്തിനുള്ളില്‍ കൈവരിക്കണമെന്നുമാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, 2020-21ലെ സാമ്പത്തിക സര്‍വേ പ്രകാരം 2019-21 കാലഘട്ടത്തില്‍ ജിഡിപിയില്‍ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയുടെ ചെലവ് 3-3.5 ശതമാനമായിരുന്നു. കര്‍ക്കശമായ സമയക്രമംമൂലം പാര്‍ടൈം ജോലി എന്നത് നമ്മുടെ സമ്പ്രദായത്തില്‍ വിദൂര സാധ്യത മാത്രമാണ്. ചെറിയൊരു ശതമാനം വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ മാത്രമേ പാര്‍ട്ട് ടൈം ജോലിയെന്നത് സാധ്യമാകുന്നുള്ളൂ. പഠിക്കുന്ന കാലത്ത് ജോലി ചെയ്യുന്നതും പണം സമ്പാദിക്കുന്നതും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അത്തരം അവസരങ്ങള്‍ ഇവിടെ കുറവായതും വിദ്യാര്‍ത്ഥികളെ മറ്റു രാജ്യങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്. 

വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും അധ്യാപകരില്‍ നിന്ന് വേണ്ടത്ര ബഹുമാനം ലഭിക്കുന്നതായി അനുഭവപ്പെടാറില്ല. പൗരന്മാരാണെന്നുള്ള  പരിഗണനപോലും നല്‍കാതെയുള്ള  അവഹേളനങ്ങളും അടിച്ചേല്‍പ്പിക്കലുകളും പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകാറുണ്ട്. സ്ത്രീ സൗഹൃദമല്ലാത്ത സാമൂഹിക അന്തരീക്ഷവും പുറംലോകം തേടാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു. ഹോസ്റ്റലുകള്‍ അടയ്ക്കുന്നതിന് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വ്യത്യസ്ത സമയക്രമമാണ്. തുല്യതയെന്നത് പരസ്യവാചകം മാത്രമാണെന്നുപോലും തോന്നിക്കുന്ന സംഭവങ്ങളും അരങ്ങേറാറുണ്ട്. വസ്ത്രത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ വ്യക്തിത്വത്തെ നിര്‍വചിക്കുന്ന പ്രാകൃതസമ്പ്രദായവും യുവതയുടെ മനസ്സ് മടുപ്പിക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ പുതിയ വാതായനങ്ങള്‍ തേടുക എന്നതാണ് പലര്‍ക്കും മുന്നിലുള്ള പ്രതിവിധി.

ലക്ഷങ്ങള്‍ മുടക്കി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥയും ദയനീയമാണ്. കേരളത്തിന്റെ വര്‍ക്ക് കള്‍ചര്‍ മോശമാണെന്ന അഭിപ്രായമുള്ളവരും ഏറെയാണ്. വ്യക്തി ജീവിതത്തിലേക്കുള്ള കടന്നുകയറ്റവും, സദാചാര ആക്രമണങ്ങളും വിദേശത്തേക്ക് പറക്കാനുള്ള കാരണങ്ങളില്‍ ചിലതാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെ മാറണമെന്നതിനെക്കുറിച്ച് ഒരിക്കല്‍ എല്‍എല്‍ബി ക്ലാസ്സില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പലരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥി പറഞ്ഞത് സി.ഇ മാര്‍ക്കിന്റെ പേര് പറഞ്ഞു അധ്യാപകര്‍ നടത്തുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും സിസ്റ്റം ഒട്ടും വിദ്യാര്‍ത്ഥി സൗഹൃദം അല്ലെന്നുമാണ്. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത പല കാര്യങ്ങളും വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെ ഉണ്ടാകുന്നുണ്ടെന്നുള്ളത് വാസ്തവം തന്നെയാണ്. കാലഹരണപ്പെട്ട പല നിയമങ്ങളും പൊളിച്ചെഴുതേണ്ട സമയവും അതിക്രമിച്ചു.


Representational Image: Pixabay

നാടിന്റെ വളര്‍ച്ചയെ തളര്‍ത്തുന്ന കൊഴിഞ്ഞുപോക്ക്

വിദേശപഠനം കൈപിടിയിലൊതുക്കാന്‍ ബാങ്കുകള്‍ ലോണ്‍ സുലഭമാക്കിയതും വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. പഠനത്തിനുശേഷം സ്റ്റേ ബാക്കും വര്‍ക്ക് പെര്‍മിറ്റും ലഭിക്കുന്ന രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന. എന്നാല്‍,  അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റി അംഗീകരിച്ചിട്ടില്ലാത്ത സര്‍വകലാശാലയില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളും ഉണ്ട്. അവര്‍ക്ക് അവിടെനിന്ന് ലഭിക്കുന്ന വിദ്യാഭ്യാസ യോഗ്യത ഉപയോഗിച്ച് ഇന്ത്യയില്‍ ജോലി ചെയ്യാന്‍  കഴിയില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരത്തില്‍ പഠനത്തിന് തിരഞ്ഞെടുക്കുന്നത് മികച്ച സര്‍വകലാശാലകളാണോയെന്നും സാമ്പത്തിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നില്ലെന്നും എത്ര കണ്‍സള്‍ട്ടന്‍സികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു കൊടുക്കുന്നുണ്ടെന്നുള്ളത് സര്‍ക്കാര്‍ നിരീക്ഷിക്കണം.

വിദേശത്തേക്ക് ഉപരിപഠനത്തിനായി  പോകുന്ന യുവത തിരികെ വരാതിരിക്കുന്നത് നാടിന്റെ ഭാവി പ്രതിസന്ധിയിലാക്കും. ഈ കൊഴിഞ്ഞുപോക്ക് തുടര്‍ന്നാല്‍ കേരളത്തിലെ തൊഴില്‍ മേഖലയും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലാകുമെന്ന് മാത്രമല്ല നാടിന്റെ പുരോഗതിയെ കൂടി പ്രതികൂലമായി ബാധിക്കും. ഈ വിഷയത്തെ വളരെ അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നത് പ്രതീക്ഷ നല്‍കുന്നതാണ്. വിദേശത്തേക്കുള്ള യുവാക്കളുടെ കുടിയേറ്റത്തിന്റെ കാരണങ്ങള്‍ മനസ്സിലാക്കി ഇത് നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണ്. ഇക്കാര്യം പഠിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാല വിസി പ്രൊഫ. സജി ഗോപിനാഥ് അധ്യക്ഷനായ സമിതിയെയും വിദ്യാര്‍ത്ഥി കുടിയേറ്റത്തെക്കുറിച്ച് പഠിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷനായുള്ള സമിതിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മസ്തിഷ്‌ക ചോര്‍ച്ച തടയാന്‍ വിദ്യാഭ്യാസരംഗത്തും  തൊഴില്‍ രംഗത്തും  കാലോചിതമായമാറ്റങ്ങള്‍ വരുത്തണം. അതിനര്‍ത്ഥം പൂര്‍ണമായും വിദേശ പഠനത്തിന് തടയിടണമെന്നല്ല. ആളുകള്‍ വിദേശത്തേക്ക് പോകുമ്പോള്‍ അവരുടെ സ്വദേശത്തിനും ഗുണമുണ്ടാകുമെന്ന് ഇക്കണോമിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്. അതേസമയം, ഇങ്ങനെ പോകുന്നവര്‍ നാടുമായുള്ള  ബന്ധം പൂര്‍ണമായി വിച്ഛേദിക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും കുടിയേറ്റ നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാതെ വിദേശ പഠനത്തിന് ഇറങ്ങി പുറപ്പെട്ടാല്‍ കടുത്ത സാമ്പത്തിക ബാധ്യതയാകും ബാക്കിയാകുന്നത്.







#Higher Education
Leave a comment