TMJ
searchnav-menu
post-thumbnail

Higher Education

പ്രായപരിധി ഇല്ലാത്ത അധ്യാപകരും ഉന്നത വിദ്യാഭ്യാസവും

07 Apr 2023   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

ർവകലാശാല-കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യപകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്നു. സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഇപ്പോൾ 40 വയസാണ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി. ദളിത്, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവർക്ക് 45, 43 വയസ്സാണ് പരിധി. എന്നാൽ പ്രായപരിധി ഒഴിവാക്കിക്കൊണ്ട് നിയമനങ്ങൾ നടത്താൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയവുമായി (NEP-2020) ഒത്തുപോകുന്നതാണ് ഈ തീരുമാനം. സാമൂഹിക സുരക്ഷ, സാക്ഷരത, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മുൻനിരയിൽ നിൽക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായ പുരോഗതി കൈവരിക്കുകയെന്ന  ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യസ രംഗത്തെ നവീകരണങ്ങൾക്കായി നിയോഗിച്ച ശ്യാം ബി മേനോൻ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് പ്രായപരിധി നീക്കം ചെയ്യുന്നതിനുള്ള ശുപാർശ അടങ്ങിയിട്ടുള്ളത്. അംബേദ്കർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലരായ ഡോ. ശ്യാം. ബി.മേനോൻ അധ്യക്ഷനായ ഏഴംഗ കമ്മീഷൻ 2022 ജൂലൈയിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.

കമ്മീഷന്റെ അഭിപ്രായത്തിൽ സർക്കാർ, എയ്ഡഡ് കോളേജുകളിൽ അധ്യാപക നിയമനത്തിന് പ്രായപരിധി മാനദണ്ഡമാക്കേണ്ടതില്ല എന്നാണ്. കമ്മീഷന്റെ അഭിപ്രായ പ്രകാരം അധ്യാപക നിയമനങ്ങളിലെ പ്രായപരിധി എടുത്തുകളയുമ്പോൾ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് അവരുടെ തൊഴിൽ ജീവിതത്തിന്റെ അവസാന കാലയളവിൽ അധ്യയനത്തിലേക്ക് തിരിയാൻ സാധിക്കുമെന്നാണ് പറയുന്നത്, എന്നാൽ വിവിധ മേഖലകളിലെ പ്രാവീണ്യം എന്ന് പറയുമ്പോൾ അതിന്റെ ആധികാരികത ഒരു ചോദ്യമായി മാറുകയാണ്. എന്നാൽ അക്കാദമിക നിലവാരം ഉയർത്തുന്നതിന് ഈ തീരുമാനം പ്രയോജനപ്പെടുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പ്രായപരിധി ഭേദഗതി ചെയ്യുന്നതിനെ സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിനു ശേഷം സർക്കാർ തുടർ നടപടികളിലേക്ക് കടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം നടപ്പിലാക്കുന്നതിന് വേണ്ടി കേരള സർവീസ് ചട്ടങ്ങളിലും ഭേദഗതി വരുത്തും. തുടർന്ന് നിയമന നടപടികൾക്കായുള്ള പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും. സർക്കാരിന്റെ ഈ തീരുമാനത്തെ പറ്റി ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (AKPCTA) ജനറൽ സെക്രട്ടറി ഡോ.സി. പത്മനാഭനുമായി സംസാരിച്ചതിന് ശേഷം മിസ്രിയ ചന്ദ്രോത്ത് തയാറാക്കിയ റിപ്പോർട്ട്;  


Representational Image: PTI

ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപനത്തിനുവേണ്ട യോഗ്യതയുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായതിനേക്കാൾ കൂടുതൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ കോളേജ് അധ്യാപക നിയമനത്തിന് PhD ഒരു അടിസ്ഥാന യോഗ്യതയായി മാറിയിട്ടുണ്ട്. അതിനു പുറമെ അക്കാദമികമായിട്ടുള്ള സംഭാവനകൾ കൂടി നിലവിലെ സംവിധാനത്തിന് കീഴിലുള്ള അധ്യാപക നിയമന പരിഗണനയിൽ ഉൾപ്പെടുന്ന വിഷയങ്ങളാണ്. ഒരുവശത്ത് ഇത് വളരെയധികം മത്സരം നടക്കുന്ന ഒരു മേഖലയായി മാറിക്കൊണ്ടിരിക്കുന്നു. പ്രസിദ്ധപ്പെടുത്തിയ പ്രബന്ധങ്ങൾക്കും പങ്കെടുത്ത സെമിനാറുകൾക്കുമൊക്കെ തന്നെ റിക്രൂട്ട്മെന്റിൽ പ്രാധാന്യം ഉള്ള നിലയിലാണ് നിലവിൽ കാര്യങ്ങൾ. അതുകൊണ്ട് തന്നെ പ്രായപരിധി എന്നുള്ളത് സാധാരണഗതിയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു തടസമായി വരാൻ പാടില്ല. മാത്രമല്ല, പല ആളുകളും പ്രത്യേകിച്ച്, പ്രൊഫഷണൽ രംഗത്തുള്ളവർ പ്രൊഫഷണൽ വർക്കുകളും അക്കാദമിക്ക് വർക്കുകളും ഒരുമിച്ച് കൊണ്ടുപോകുന്നവരാണ്. പ്രൊഫസർ ഓഫ് പ്രാക്ടീസ് പോലുള്ള, ഈ രംഗത്തെ ആകെ വ്യാപാര വൽക്കരിക്കാനുള്ള ശ്രമങ്ങളെ അല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, ആത്മാർത്ഥമായി അക്കാദമിക് വർക്കും പ്രൊഫഷണൽ പ്രാക്ടീസും നല്ലരീതിയിൽ തന്നെ കൊണ്ടുപോകുന്ന ആളുകളുണ്ട്. അത്തരം ആളുകളെ അക്കാദമിക രംഗങ്ങളിൽ ഉൾപ്പെടുത്തുന്നത് വളരെ ഗുണകരമാണ്. അതിന് പ്രായപരിധി എടുത്തുകളയേണ്ടത് അത്യാവശ്യമാണ്. ഗവേഷണപരമായി ഇടപെടുന്ന ധാരാളം വ്യക്തികളുണ്ട്. ചില മേഖലകളിൽ ചില ഗവേഷണ വിഷയങ്ങളിലേക്ക് വൈകി താൽപ്പര്യം ഉണ്ടാവുകയും അത്തരം ഗവേഷണ താൽപ്പര്യം കൊണ്ട് അക്കാദമിക്‌സിലേക്ക് തിരിച്ചുവരുകയും ചെയ്യുന്നവർ. പല മേഖലകളിലും നിന്നുള്ള വിദഗ്ധരുടെ സംഭാവനകൾ അക്കാദമിക്സിലേക്ക് വരേണ്ടത് കൊണ്ടു തന്നെ ഔപചാരികമായ പരിധികൾ അക്കാദമിക രംഗത്ത് വെക്കുന്നത് ഒട്ടും ഗുണകരമല്ല. ആ രീതിയിൽ നോക്കുമ്പോൾ പ്രായപരിധി എടുത്തു കളഞ്ഞത് വളരെ പോസിറ്റീവ് ആയ കാര്യമാണ്.

കേരളത്തിലെ കോളേജുകളിലെ വിരമിക്കൽ പ്രായം അമ്പത്താറാണ്. കേരളത്തിലെ തന്നെ സർവകലാശാലകളിൽ അത് അറുപതാണ്. യുജിസി അംഗീകരിച്ച വിരമിക്കൽ പ്രായം അറുപത്തഞ്ചാണ്. അറുപത്തഞ്ചിന് ശേഷവും അധ്യാപകർക്ക് തുടരാൻ പറ്റുന്ന തരത്തിലുള്ള ധാരാളം സംവിധാനങ്ങൾ യുജിസി കൊണ്ടുവന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അക്കാദമിക്സിന്റെ പ്രായപരിധി മുകളിൽ നിന്നും താഴെ നിന്നും എടുത്തുകളയുന്നത് നല്ലതായിരിക്കും. അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാവുന്ന തരത്തിൽ മറ്റ് സേവനങ്ങൾ ഉപയോഗിക്കണം എന്നല്ല ഞാൻ പറയുന്നത്. മറിച്ച്, അക്കാദമിക്സിൽ അമ്പത്തിയാറാമത്തെ വയസിൽ ഒരാൾ വിരമിക്കുന്നു എന്നത് ഒട്ടും ഗുണകരമായ ഒരു കാര്യമല്ല. നമ്മുടെ കോളേജുകളിലൊക്കെ ഇപ്പോൾ ധാരാളം ഗവേഷണ വിഭാഗങ്ങളുണ്ട്. വിരമിക്കുന്നതിന് മൂന്ന് വർഷം മുന്നെ അധ്യാപകരുടെ ഗൈഡ്ഷിപ്പ് അടക്കം ഒഴിവാക്കുന്ന അവസ്ഥയാണ് നിലവിൽ. അമ്പത്തിരണ്ട് വയസാവുമ്പോൾ അധ്യാപകന്റെ /അധ്യാപികയുടെ ഗവേഷണ ജീവിതം അവിടെ അവസാനിക്കുകയാണ്. സാധാരണ ആളുകൾ ഗൗരവപൂർവ്വം ഗവേഷണത്തിലേക്ക് കടക്കുന്ന ധാരാളം അനുഭവങ്ങളോട് കൂടിയ ഒരു പ്രായത്തിലാണ് വിരമിക്കൽ നടക്കുന്നത്. അതുകൊണ്ട് തന്നെ പ്രായത്തിന്റെ പരിഗണനകളെ സമഗ്രമായി ഉടച്ചു വാർക്കേണ്ടി വരും.


Representational Image: PTI

അധ്യാപക നിയമനത്തിലെ, പ്രായപരിധി എടുത്തുകളയുന്നതുകൊണ്ട് യുവാക്കളുടെ അവസരങ്ങൾ നഷ്ടപ്പെടുന്നില്ല. കാരണം നാൽപ്പത് വയസ് പ്രായപരിധി വെക്കുമ്പോൾ പോലും ആവശ്യമുള്ള യോഗ്യതകൾ ആർജിച്ചു വരുന്നവരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ യുവാക്കളുടെ അവസരം കുറയുന്നില്ല. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് അവസരം കൂടുകയാണ് ചെയ്യുന്നത്. PhD യും പോസ്റ്റ് ഡോക്ടറേറ്റ് ബിരുദവുമൊക്കെ നേടിയിട്ടുള്ള ആളുകൾക്ക് ഈ രംഗത്തേക്ക് വരാനുള്ള അവസരം കൂടുകയാണ് ചെയ്യുന്നത്. പെൻഷൻ പ്രായവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രശ്നം താൽക്കാലികമായി വന്നേക്കാം. എന്നാൽ യുജിസി മുന്നോട്ടു വച്ച പ്രായ പരിധിയുമായി പൊരുത്തപ്പെടേണ്ട സാഹചര്യവും നിലവിലുണ്ട്. കൂടാതെ എമിരറ്റസ് പ്രൊഫസർ അടക്കമുള്ള തസ്തികകൾക്ക് ജോലിഭാരം ബാധകമല്ല, അവരുടേതായ നിലയിലുള്ള സംഭാവനകൾ തുടരുമെന്നല്ലാതെ മറ്റൊരു തരത്തിലും ഒരാളുടെ ജോലി സാധ്യതയെ ഇല്ലാതാകുന്നില്ല. അതുകൊണ്ട് തന്നെ ആ രീതിയിലുള്ള സംവിധാനങ്ങളെ കുറിച്ചും ആലോചിക്കാമല്ലോ. പെൻഷൻ പ്രായം യുജിസി ഏകീകരിച്ചതു പോലെ തന്നെ നിലനിർത്തുകയും അക്കാദമിക്സിൽ താൽപ്പര്യമുള്ളവരെ ആ താല്പര്യത്തിന്റെ പുറത്ത് തുടരാൻ അവസരം കൊടുക്കുകയും ചെയ്യണം, വേതനം ആകർഷകമാക്കി തുടരാനുള്ള അവസരം കൊടുക്കണം എന്നല്ല അതിനർത്ഥം. ലോകത്ത് ഇന്നറിയപ്പെടുന്ന പല ശാസ്ത്രഞ്ജരും വിരമിച്ചതിനു ശേഷവും സർവകലാശാലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ആയതിനാൽ അക്കാദമിക്സിൽ പ്രായപരിധി കണക്കാക്കുന്നതിൽ മൗലികമായ ഒരു പ്രശ്നം ഉണ്ട്.

വളരെ വൈകി അക്കാദമിക്‌സിലേക്ക് വരുന്നവരുണ്ട്. ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ ഏതെങ്കിലും പ്രത്യേകമായ വിഷയങ്ങളിൽ താൽപ്പര്യം തോന്നുകയും അത് പഠിക്കുകയും ചെയ്യുന്ന ആളുകളുണ്ട്. അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി സ്ഥാപനങ്ങളുടെ വാതിലുകൾ തുറക്കേണ്ടതുണ്ട്. ചില വിഷയങ്ങളിൽ മികച്ച രീതിയിൽ അറിവുകൾ ശേഖരിച്ച് തനതായ രീതിയിൽ ഗവേഷണ വിഷയങ്ങൾ കണ്ടുപിടിച്ച് അതിൽ സംഭാവന ചെയ്ത ആളുകൾക്ക് ഒരു പക്ഷെ ഔപചാരികമായി ഒരു സ്ഥാനങ്ങളിലേക്കും വരാൻ സാധിക്കില്ല, അത്തരം ആളുകൾ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. പുതിയ തീരുമാനം നടപ്പിലായാൽ അത്തരം വ്യക്തികൾക്ക് അതിന്റെ പ്രയോജനം ലഭിക്കും. 

#Higher Education
Leave a comment