നിയോലിബറൽ പ്രതിസന്ധിയും വിദ്യാഭ്യാസ വായ്പയും
സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷമുള്ള പഠനത്തെ ഉന്നത വിദ്യാഭ്യാസമെന്നു പൊതുവെ കണക്കാക്കപ്പെടുന്നു. ഉയർന്ന ജീവിത നിലവാരത്തിലേക്കുള്ള ചവിട്ടുപടിയെന്നതിനൊപ്പം ജ്ഞാന സമ്പാദനത്തിന്റെ ആഴവും പരപ്പും കൂടുതൽ വിപുലമാക്കുന്ന പ്രവൃർത്തിയെന്ന നിലയിലും ഉന്നത വിദ്യാഭ്യാസം സവിശേഷമായ പ്രാധാന്യം അർഹിക്കുന്നു. വിദ്യാഭ്യാസത്തിന്റെ രൂപഭാവങ്ങളും മാനദണ്ഡങ്ങളും നിശ്ചയിക്കുന്നതിലും രൂപീകരിക്കുന്നതിലും അതാതുകാലങ്ങളിൽ നിലനിന്ന രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങൾ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യയെ പോലെ കൊളോണിയൽ അധീശത്വം നീണ്ടുനിന്ന പ്രദേശങ്ങളിൽ നമ്മൾ ഇപ്പോൾ തിരിച്ചറിയുന്ന തരത്തിലുള്ള ആധുനിക വിദ്യാഭ്യാസം എത്തിയതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പരിശോധിച്ചാൽ അതിനുള്ള വേണ്ടത്ര തെളിവുകൾ ലഭ്യമാവും. നിയോലിബറൽ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പൊതുവെ കരുതപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പൊതുഗതാഗതം, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, വിശ്രമ-വിനോദ ഉപാധികൾ, ഭക്ഷണ വിതരണ ശൃഖലകൾ - എന്നു വേണ്ട സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളും ലാഭകരമായ മൂലധന നിക്ഷേപത്തിനുള്ളവയാണെന്ന് ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് നിയോലിബറലിസം എന്ന നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വായ്പയുടെ വിഷയം അവതരിപ്പിക്കുന്നത്. അതിന്റെ ഒരു പൊതു പശ്ചാത്തലം വളരെ ഹ്രസ്വമായ നിലയിൽ ഇങ്ങനെ സംഗ്രഹിക്കാം.
1980 കളിലാണ് റൊണാൾഡ് റീഗൻ അമേരിക്കയിലും മാർഗരറ്റ് താച്ചർ ബ്രിട്ടനിലുമായി നിയോലിബറൽ നയത്തിന് തുടക്കമിടുന്നത്. അത് സംബന്ധിച്ച നിരവധി പഠനങ്ങൾ ഇപ്പോൾ ലഭ്യമായ സാഹചര്യത്തിൽ അതിന്റെ കാര്യകാരണങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. നിയോലിബറൽ നയങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച ഒരു മേഖലയാണ് വിദ്യാഭ്യാസം; പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം. സർവ്വകലാശാലകൾക്കും, കോളേജുകൾക്കും അനുവദിച്ചിരുന്ന ധനസഹായം ഗണ്യമായി വെട്ടിക്കുറച്ചതാണ് റീഗൻ-താച്ചർ നയങ്ങളുടെ ആദ്യപടി. അമേരിക്കയിലും ബ്രിട്ടനിലും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിന്നിരുന്ന വിഭാഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം അതോടെ സംജാതമായി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മൂലധന ശക്തികളുടെ വൻതോതിലുള്ള കടന്നുവരവായിരിന്നു അടുത്തപടി. 1980 കൾ മുതൽ 2000 വരെയുള്ള രണ്ടു ദശകത്തിനുള്ളിൽ അമേരിക്കയിലും ബ്രിട്ടനിലും ഉന്നത വിദ്യാഭ്യാസം സമ്പന്നർക്ക് മാത്രം പ്രാപ്യമാവുന്ന ഒന്നായി മാറി. മധ്യവർഗ്ഗത്തിന്റെ ഗണത്തിൽ വരുന്നവർക്ക് പോലും ഉന്നത വിദ്യാഭ്യസത്തിനായി വായ്പ എടുക്കേണ്ട സാഹചര്യം ഇതോടെ അനിവാര്യമായി മാറി. അമേരിക്കയിലും ബ്രിട്ടനിലും നടപ്പിലാക്കിയ നയങ്ങളുടെ ടെംപ്ലേറ്റ് 1990 കളുടെ അവസാനത്തോടെ ലോകമാകെ വ്യാപിച്ചു. ഇന്ത്യയും കേരളവുമടക്കമുള്ള പ്രദേശങ്ങളും അതിൽ നിന്നും മുക്തമായിരുന്നില്ല.
മാർഗരറ്റ് താച്ചർ | Photo: Wiki Commons
വിദ്യാഭ്യാസ വായ്പയും പുത്തൻ കോഴ്സുകളും
ഇന്ത്യയിൽ 1990 മുതലുള്ള കാലഘട്ടം ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽകരണത്തിന്റെയും ആഗോളവൽകരണത്തിന്റെയും ആരംഭഘട്ടമാണ്. സ്വാഭാവികമായും വിദ്യാഭ്യാസമേഖലയിലും അതിന്റെ പ്രതിഫലനമുണ്ടായി. 1990കളുടെ അവസാനം മുതൽ തന്നെ ആഗോളവിപണിയുടെ ദിശനോക്കി അതിന് ആവശ്യമായ തൊഴിലിലേക്ക് എത്തിപ്പെടാൻ വിദ്യാർത്ഥികളെ തയ്യാറാക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവണത കാണാൻ സാധിക്കും. എഞ്ചിനീയറിംഗ് മേഖല, അധ്യാപക പരിശീലനം (ബി.എഡ്), നേഴ്‌സിങ്, പാരാമെഡിക്കൽ തുടങ്ങിയ കോഴ്‌സുകളിൽ ഉണ്ടായ വളർച്ച അതിന്റെ ഭാഗമായി ഉണ്ടായതാണ്. ആഗോളതലത്തിലും ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ചും ഇത്തരം വൻ മാറ്റങ്ങൾ വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിട്ടുണ്ട്. തൊഴിൽ വിപണി എവിടെയാണ് ഉയർന്നിരിക്കുന്നത്, അതിനെ അടിസ്ഥാനമാക്കി കോഴ്‌സിന്റെ ഡിമാന്റും അത് പഠിക്കാനുള്ള ഫീസും ഉയരുന്നു. വിപണി താഴേക്ക് പോകുമ്പോൾ ഡിമാന്റ് ഇടിയുകയും ഇത് പഠിച്ച വിദ്യാർഥികൾ പുറംതള്ളപ്പെടുകയും കടക്കെണിയിൽ അകപ്പെടുകയും ചെയ്യുന്നു. പൊതു വിദ്യാഭ്യാസമേഖലയിൽ ഇത്തരം കോഴ്‌സുകൾ ഇല്ലാത്തത് മൂലം, സ്വകാര്യ സ്ഥാപനങ്ങൾ ഉയർന്ന ഫീസോടുകൂടി മേൽപ്പറഞ്ഞ തൊഴിലധിഷ്ഠിത കോഴ്‌സുകൾ വിദ്യാർത്ഥികൾക്ക് മുന്നിലെത്തിക്കുമ്പോൾ, വിദ്യാഭ്യാസ വായ്പയുടെ സഹായത്തോടെയാണെങ്കിലും മത്സരാധിഷ്ഠിത ഉന്നത വിദ്യാഭ്യാസ കമ്പോളത്തിൽ നിന്ന് വിദ്യാർത്ഥികൾ ഇത് വാങ്ങാൻ നിർബന്ധിതരാവുകയാണ്. വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിന്റെ ഫലമായി വിദ്യാർത്ഥികൾ വിദ്യാഭ്യാസ വായ്പ്പ സമ്പ്രദായത്തിലേക്ക് തള്ളിയിടപ്പെടുന്നു. അവർ അനുഭവിക്കുന്ന അസ്ഥിരമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ ഉല്പന്നമാണിത്.
വിദ്യാഭ്യാസ വായ്പയും ബാങ്കുകളും
പ്രമുഖ ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ്, പിഎൻബി തുടങ്ങിയവയും ചില സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ ലോൺ നൽകുന്നുണ്ട്. ഇന്ത്യക്കകത്തും പുറത്തും വിദ്യാഭ്യാസം ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും വിദ്യാഭ്യാസ ലോൺ ഗവൺമെന്റിന്റെ ഏകജാലകമായ www.vidyalakshmi.co.in എന്ന സംവിധാനത്തിലൂടെ ലോണിനായി അപേക്ഷിക്കാം. നിലവിൽ ഈ ലോൺ ലഭ്യമാകുന്നതിന് പ്രായപരിധിയില്ല. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് അപേക്ഷകർക്ക് ഉണ്ടായിരിക്കണം എന്നതാണ് ലോണിനായുള്ള നിബന്ധന. ഗ്രാജുവേഷൻ കോഴ്‌സുകൾ, പോസ്റ്റ് ഗ്രാജുവേഷൻ കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ, ടെക്‌നിക്കൽ കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ, മാനേജ്‌മെന്റ് കോഴ്‌സുകൾ തുടങ്ങിയ യൂണിവേഴ്‌സിറ്റി-ഗവൺമെന്റ് അംഗീകാരമുള്ള എല്ലാവിധ ഉന്നത വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസ ലോൺ ലഭ്യമാകും. ഇന്ത്യയ്ക്കകത്തുള്ള പഠനത്തിന് പരമാവധി 10 ലക്ഷം രൂപയും ഇന്ത്യയ്ക്ക് പുറത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പരമാവധി 20 ലക്ഷം രൂപയുമാണ് ലഭ്യമാക്കുക.
നിയമം പറയുന്നത് ഇങ്ങനെയൊക്കെയാണെങ്കിലും മാനേജ്‌മെന്റ് കോഴ്‌സുകൾ, സർവീസ് സെക്ടർ കോഴ്‌സുകൾ എന്നിവയ്ക്കാണ് വേഗത്തിൽ ലോൺ ലഭ്യമാകുന്നത്. ഇതിനു പിന്നിൽ ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലെ തൊഴിൽ വിപണിയുടെ പ്രത്യേകത പ്രധാന ഘടകമാണ്. സാമ്രാജ്യത്വ രാജ്യങ്ങൾക്ക് വേണ്ടിയുള്ള ബി.പി.ഒ (ബിസ്‌നസ് പ്രോസസ്സ് ഔട്ട്‌സോഴ്‌സിങ്) വമ്പൻ ഹബ്ബായി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. പോസ്റ്റ് ഗ്രാജുവേഷൻ കോഴ്‌സുകൾക്ക് ലോൺ തരണമെന്ന് നിയമം പറയുന്നുണ്ടെങ്കിലും വിഷയങ്ങളുടെ പ്രയോറിറ്റിയിൽ നമുക്ക് ഇതിലെ ഇരട്ടത്താപ്പ് വ്യക്തമാവും. മാനവിക വിഷയങ്ങളായ തത്വശാസ്ത്രം, സോഷ്യോളജി, വികസന പഠനം, ചരിത്രം, പ്രാദേശിക ഭാഷാ സാഹിത്യ പഠനം തുടങ്ങിയവയുടെ പഠനത്തിന് ലോൺ കിട്ടുക ശ്രമകരമാണ് എന്നതിന് അപ്പുറം അസാധ്യമായി മാറിയിരിക്കുകയാണ്. ഇതിൽ നിന്നും വിദ്യാഭ്യാസ ലോൺ കൊണ്ട് ഭരണകൂടവും അതിന്റെ പിന്നണിയായ കോർപ്പറേറ്റുകളും എന്താണ് ഉദ്ദേശിക്കുന്നത് എന്നും ആരുടെ താല്പര്യപ്രകാരമുള്ള തൊഴിലാവശ്യമാണ് സംരക്ഷിക്കുന്നത് എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
റൊണാൾഡ് റീഗൻ | Photo: Wiki Commons
ട്യൂഷൻ ഫീ, ഹോസ്റ്റൽ ഫീ, മെസ് ഫീ, ലൈബ്രറി ഫീ, ലബോറട്ടറി ഫീ തുടങ്ങിയ എല്ലാ ഫീസുകളും ഈ വായ്പ്പയിൽ ഉൾക്കൊള്ളും. വിദ്യാർത്ഥിയും മാതാപിതാക്കളും ചേർന്ന ജോയിന്റ് അക്കൗണ്ടാണ് ഈ വായ്പ്പക്ക് വേണ്ടത്. അതുകൊണ്ടുതന്നെ, എടുക്കുന്ന വായ്പ്പ രണ്ടു കൂട്ടരുടെയും ബാധ്യതയാകുന്നു. അതോടൊപ്പം മാതാപിതാക്കളുടെ ലോൺ തിരിച്ചടവ് ശേഷിയും ലോൺ ലഭ്യമാവുന്നതിൽ പ്രധാന ഘടകമാവുന്നു. സിബിൽ സ്‌കോർ എന്നറിയപ്പെടുന്ന തിരിച്ചടവ് ശേഷി കൂടുതൽ ഉള്ളവർക്ക് വേഗത്തിൽ ലോൺ ലഭിക്കുമ്പോൾ; അത് കുറവായവർക്ക് വായ്പ്പ നിഷേധിക്കുന്നു. എസ്ബിഐ ബാലുശ്ശേരി ശാഖ ഇത്തരത്തിൽ വായ്പ്പ നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടേണ്ടി വന്നത് നാം കണ്ടതാണ്. മാതാപിതാക്കളുടെ സിബിൽ സ്‌കോർ മാനദണ്ഡത്തിലൂടെ ബാങ്കുകൾ സമൂഹത്തിൽ നിലനിൽക്കുന്ന ഘടനാപരമായ അസമത്വത്തെ സ്ഥാപനവത്ക്കരിക്കുകയാണ് ചെയ്യുന്നത്. ആലപ്പുഴ ജില്ലയിലെ ആറാട്ട്പുഴയിലുള്ള മത്സ്യതൊഴിലാളി കുടുംബത്തിനു മകളുടെ പഠനത്തിനായി ബാങ്കിന് മുന്നിൽ സമരം ചെയ്യേണ്ടി വന്നതും പട്ടിക ജാതിക്കാരായതിനാൽ വായ്പ്പ നിഷേധിക്കുന്നതായി പറഞ്ഞു കൊണ്ട് കൊല്ലം അഞ്ചൽ സ്വദേശികൾക്ക് ജില്ലാ കളക്ടർക്ക് പരാതി നൽക്കേണ്ടി വന്നതും ഈ ഘടനാപരമായ അസമത്വത്തിന്റെ ഭാഗമായാണ്.
നാലുലക്ഷം വരെയുള്ള വായ്പ്പകൾക്ക് ഒരു തരത്തിലുള്ള ജാമ്യമോ ഈടോ നൽകേണ്ടെന്ന് വിദ്യാഭ്യാസ വായ്പ്പ നിയമാവലികളിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച നിർദേശങ്ങളിലും പറയുന്നുണ്ടെങ്കിലും; നടപ്പാക്കപ്പെടുന്ന വസ്തുതയോട് അടുത്ത് നിൽക്കുന്നതല്ല അവയൊന്നും. ലോൺ വേഗത്തിൽ ലഭിക്കാനും തിരിച്ചടവ് ശേഷി കുറഞ്ഞവർക്ക് വായ്പ്പ ലഭിക്കാനും ഈട് സമർപ്പിക്കേണ്ടതുണ്ട്. വായ്പ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവരെ സർഫാസി നിയമത്തിൻ കീഴിൽ കൊണ്ട് വരരുത് എന്ന് കേരള നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിലും രണ്ടും മൂന്നും ലക്ഷം രൂപ ലോൺ എടുത്തവർക്ക് ഉൾപ്പെടെ ജപ്തി നോട്ടീസ് ലഭിക്കാറുണ്ട്. കണ്ണൂർ ഇരിട്ടിയിൽ നൂറോളം രക്ഷിതാക്കളാണ് റവന്യു വകുപ്പുമായി ചേർന്ന് ബാങ്ക് നടത്തുന്ന ജപ്തി ഭീക്ഷണിയെ തുടർന്ന് സ്ഥലം എംഎൽഎ യ്ക്ക് പരാതി നൽകിയത്. കൊല്ലം ജില്ലയിലെ പുത്തൂർ ശാഖയിൽ നിന്നും മകളെ നേഴ്സിങ് പഠിപ്പിക്കാനായി ഒന്നര ലക്ഷം രൂപ ഗ്രാമീണ ബാങ്കിൽ നിന്ന് വായപ്പയെടുത്ത മോഹനനും ജപ്തി ഭീഷണിക്ക് മുന്നിലാണ്.
വിദ്യാർത്ഥിയുടെ പഠനത്തിനു ശേഷം ഒരു വർഷം കഴിഞ്ഞ് മുതലോ പലിശയോ തിരിച്ചടച്ചാൽ മതിയെന്ന് ബാങ്കുകൾ പറയുമെങ്കിലും ലോണെടുക്കന്നത് മുതലുള്ള പലിശ ബാങ്കുകൾ കണക്കാക്കും. പഠനം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോഴേക്കും വായ്പ്പയെടുത്തത്തിന്റെ ഇരട്ടി തുകയോളം തിരിച്ചടയ്‌ക്കേടി വരും. 2015 ൽ 139000 രൂപ വായ്പ്പയെടുത്ത മോഹനന്റെ മകൾ ഇന്ന് നാലര ലക്ഷം രൂപയാണ് തിരിച്ചടിക്കേണ്ടി വരുന്നത്. 2013 ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യയിൽ മൊത്തത്തിൽ തൊഴിൽ മേഖല ബാങ്കുകളിൽ നിന്ന് 25,70,254 വിദ്യാഭ്യാസ വായ്പ അക്കൗണ്ടുകൾ നിലനിന്നതായി കാണാം. നിലവിലുള്ള കണക്കുകൾ പ്രകാരം ഏകദേശം 57,500 കോടി രൂപവരുന്ന വിദ്യാഭ്യാസ വായ്പ്പയാണ് അടച്ച് തീർക്കാനുള്ളത്.
വിദേശത്ത് ഉപരിപഠനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി 20 ലക്ഷം രൂപയെ വിദ്യാഭ്യാസ ലോണിലൂടെ ലഭിക്കുന്നുള്ളൂ. പഠനത്തിനായി തിരഞ്ഞെടുക്കുന്ന യൂണിവേഴ്‌സിറ്റിയുടെ ഗ്ലോബൽ റാങ്കിംഗ്, തിരഞ്ഞെടുത്ത കോഴ്‌സിന്റെ ഐബിഎ അംഗീകാരം, കൊളാറ്ററൽ ഡെപ്പോസിറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വായ്പ്പ ലഭ്യമാകുന്നത്. വിദേശ പഠനത്തിനായി ഏകദേശം 20 ലക്ഷത്തോളം കൊളാറ്ററൽ ഡെപ്പോസിറ്റ് ഭൂരിപക്ഷം ബാങ്കുകളും ആവശ്യപ്പെടുന്നുണ്ട്. ഈടില്ലാത്ത വായ്പ്പകൾ 4 ലക്ഷത്തിന് താഴെയും ഈടോട് കൂടി 20 ലക്ഷം വരെയും മാത്രമേ ലോൺ ലഭിക്കുകയുള്ളൂ എന്ന സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ലോൺ ഉണ്ടായിട്ടും വിദേശത്തേക്കുള്ള ഉപരിപഠനം സാധ്യമല്ലാതെ വരുന്നു. സമൂഹത്തിലെ ഘടനാപരമായ അസമത്വം ഇവിടെയും നിലനിൽക്കുന്നതായി കാണാൻ സാധിക്കും. വിഭവശേഷിയുള്ള സമൂഹത്തിലെ ഉയർന്ന വിഭാഗം അവരുടെ ഭൂമിയും മറ്റ് ആസ്ഥികളും പണയപ്പെടുത്തി വിദേശത്തേക്ക് ഉപരിപഠനത്തിനായി പോകുമ്പോൾ വിഭവദൗർലഭ്യം നേരിടുന്ന ഇടത്തരം - താഴ്ന്ന വിഭാഗങ്ങൾ ഇത്തരം പഠന സാധ്യതകളിൽ നിന്ന് പുറത്താവുകയാണ്. പൗരന്മാർക്ക് ഇടയിലെ സാമ്പത്തികവും സാമൂഹികവുമായ അസമത്വം അവസാനിപ്പിക്കേണ്ടുന്ന ഭരണകൂടം ഇതിനെ കൂടുതൽ തീവ്രമാക്കുകയും എല്ലാവർക്കും ആഗ്രഹിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം സാധ്യമാണെന്ന നുണ പ്രചരണത്തിലൂടെ ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
Representational Image: Pexels
പാർശ്വവല്കൃതരും വിദ്യാഭ്യാസ വായ്പയും
ഇന്ത്യൻ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായ ഘടനാപരമായ അസമത്വങ്ങളും, അധീശത്വങ്ങളും കൂടുതൽ രൂക്ഷവും അസ്സഹനീയവുമാക്കുന്നതാണ് നിയോലിബറൽ നയങ്ങൾ. വിദ്യാഭ്യാസമേഖലയുടെ കഴിഞ്ഞ മൂന്നു ദശകക്കാലത്തെ ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമാകും. ഹീനമായ ജാതി മേധാവിത്തം, ന്യൂനപക്ഷങ്ങളോടുള്ള വിവേചനം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പിന്തള്ളപ്പെടുക തുടങ്ങിയ ഘടനാപരമായ നിരവധി വിഷയങ്ങൾ പുതിയ നയങ്ങളുടെ വരവോടെ കൂടുതൽ സങ്കീർണവും വ്യാപകവുമായ നിലയിൽ പ്രത്യക്ഷമായി. സാമ്പത്തിക ശേഷിയില്ലാത്തവരും ജാതി മർദനത്തിന്റെ ഇരകളും ഭീമമായ ബാധ്യതയിൽ കുടുങ്ങി സർഗാത്മകവും രാഷ്ട്രീയവുമായ വളർച്ചയെ മുരടിക്കുന്ന അവസ്ഥയിലായി. ബോധപൂർവമായ സവർണ്ണ അജണ്ടയായി ഈ സാഹചര്യത്തെ മനസ്സിലാക്കേണ്ടതുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി ലഭ്യമാകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പുകൾ മന്ദഗതിയിലാക്കിയും തടഞ്ഞുവെച്ചും ഭരണകൂടവും ഇതിന് ഒത്താശ ചെയ്യുകയാണ്. കേരളത്തിൽ പോലും നിരവധി ദളിത്-ആദിവാസി കുട്ടികളുടെ പഠനം കൃത്യമായ സമയത്ത് സ്‌കോളർഷിപ്പ് ലഭിക്കാത്തത് മൂലം മുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേരിലുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് പട്ടികജാതി - വർഗ വിദ്യാർഥികൾക്ക് സംവരണമില്ല എന്നത് സാമൂഹ്യനീതിയുടെ ലംഘനമാണ്.
2008 ലെ വിദ്യാഭ്യാസ ആക്ട്, ലിംഗ്‌ദോ കമ്മിറ്റി അടക്കമുള്ള വിവിധ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ രംഗത്തെ മൂലധനനിക്ഷേപ സാധ്യത അന്വേഷിക്കുക, മൂലധനത്തിന്റെ ഉൽപാദനാവശ്യങ്ങൾക്ക് അനുസൃതമായ ഒരു വിധേയ തൊഴിൽ സേനയെ സൃഷ്ടിച്ചെടുക്കുക എന്നിവ ലക്ഷ്യം വച്ചിട്ടുള്ളവയാണ്. നിലവിലുള്ള ചൂഷണവ്യവസ്ഥയിൽ യാതൊരുവിധ മാറ്റവും വരുത്താതെ വികസിത രാജ്യങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾക്കനുസൃതമായി വിദ്യാഭ്യാസം മാറ്റപ്പെട്ടുകയാണ്. തൊഴിലിനു വേണ്ടി ഉയർന്ന ഫീസോടുകൂടി പഠിക്കാൻ പറ്റാത്ത മധ്യവർഗ്ഗത്തെയും ചെറുകിടക്കാരെയുമാണ് വിദ്യാഭ്യാസ വായ്പ്പകൾ ലക്ഷ്യമിടുന്നത്. തൊഴിൽ വിപണിയിലെ സാധ്യതകൾക്കനുസരിച്ച് കുറഞ്ഞ വേതനത്തിൽ തൊഴിലെടുക്കേണ്ടി വരുകയും, വായ്പ്പ തിരിച്ചടക്കാൻ പറ്റാതെ വരുകയും ചെയ്യുന്നതാണ് ലോണെടുത്തവർ നേരിടുന്ന കടുത്ത പ്രതിസന്ധി. കേരളത്തിലെ സാമ്പത്തികവ്യവസ്ഥയുടെ പോരായ്മ വിദ്യാഭ്യാസ വായ്പ്പയുടെ തിരിച്ചടവ് വൈകുന്നതിന് ഒരു പ്രധാന കാരണമാണ്. ജനസംഖ്യക്ക് ആനുപാതികമായി തൊഴിലവസരങ്ങൾ ഇല്ലാത്തതുകൊണ്ടും സേവന മേഖലയെ മാത്രം കേന്ദ്രീകരിച്ച് നിൽക്കുന്നതുകൊണ്ടും തൊഴിൽ രഹിതർ ഏറിവരുകയാണ്.
ഒറ്റനോട്ടത്തിൽ വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിൽ ഏർപ്പെടാൻ സഹായിക്കുന്ന ഉപാധിയെന്ന് തോന്നാമെങ്കിലും, വിദ്യാഭ്യാസ ലോൺ വിദ്യാർത്ഥി സൗഹൃദമല്ലെന്ന് കാണാം. 8% മുതൽ 12% വരെ പലിശ വിദ്യാഭ്യാസ ലോണിനുണ്ട്. പഠനം കഴിയുമ്പോഴേക്കും ഭീമമായ ഒരു തുകയാണ് ഇത്തരം വായ്പ്പയിലൂടെ വിദ്യാർഥിയുടെ ബാധ്യതയായി മാറുന്നത്. കൂടാതെ 15 വർഷമാണ് തിരിച്ചടവ് കാലാവധി. സമൂഹത്തിന്റെ സാമ്പത്തിക ഘടനയിലുള്ള അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ മൂലം തൊഴിലില്ലായ്മ രൂക്ഷമായത് കാരണം തൊഴിൽരഹിതരാകുന്ന വിദ്യാർഥികൾക്ക് വലിയൊരു ശതമാനം പലിശയോടുകൂടി വരുന്ന ഈ വായ്പ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. വിദ്യാഭ്യാസ ലോൺ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ലോണെടുത്ത ബാങ്കിൽ നിന്ന് ഇടതടവില്ലാത്ത വിളികളും വീട് സന്ദർശനവും അതിലൊന്നാണ്. ദിവസം കൂടുന്തോറും പലിശ കൂടുകയും വലിയൊരു തുകയായി വായ്പ മാറുകയും ജപ്തി നടപടി വരെ എത്തുകയും ചെയ്യും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഒറ്റനോട്ടത്തിൽ ആശ്വാസമായി തോന്നാമെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ഭീമമായ തുകയാണ് അടക്കേണ്ടി വരുന്നത്. അതോടൊപ്പം വായ്പ്പ എടുത്തവരുടെ സിബിൽ സ്‌കോറിനെയും ഇത് ബാധിക്കുന്നു. പിന്നീട് ഒരുതരത്തിലുള്ള വായ്പ്പകളും ലഭിക്കില്ല.
ആഗോള സാമ്പത്തിക പ്രതിസന്ധിയും വിദ്യാഭ്യാസ വായ്പയും
2008 നു ശേഷമുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഇതുവരെ കരകയറാനോ സ്ഥിരതയുണ്ടാക്കാനോ സാധിച്ചിട്ടില്ല. ഉയർന്ന ഫീസോട് കൂടി പൂർത്തിയാക്കുന്ന കോഴ്‌സുകളുടെ മൂല്യം ആഗോള വിപണിയിൽ വരുന്ന ഉയർച്ച താഴ്ച്ചകൾക്കനുസരിച്ച് മാറിമറിയും. അതിനാൽ തന്നെ വിദ്യാഭ്യാസ ലോൺ എടുത്ത് പഠനം പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾ കുറഞ്ഞ ശമ്പളത്തിൽ തൊഴിലെടുക്കാൻ നിർബന്ധിതരാവുകയും, ലോൺ കൃത്യമായി അടയ്ക്കാൻ സാധിക്കാതെ അതൊരു വലിയ കടബാധ്യതയായി തീരുകയും ചെയ്യുന്നു. വികസിത-നിയോ ലിബറൽ രാജ്യങ്ങളുടെ പരാജയപ്പെട്ട മാതൃകകളെ പിന്തുടരുന്നത് കാരണം, അവിടുത്തെ ''വിദ്യാഭ്യാസ കടക്കെണി'' (Student Landing Crisis) എന്ന ഭീകരതയുടെ പകർപ്പ് ഇന്ത്യയിലും രൂപപ്പെടുന്നു. ഉയർന്ന ഫീസ് അടയ്ക്കാൻ നിവർത്തിയില്ലാതെ ദരിദ്രരായ വിദ്യാർഥികൾ ഇത്തരം ലോണിനെ ആശ്രയിക്കുമ്പോൾ, ആ നിസ്സഹായത ചൂഷണം ചെയ്യുകയും അവരെയും കുടുംബത്തെയും അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയുമാണ് ഇവിടുത്തെ ബാങ്കുകൾ ഉൾപ്പെടുന്ന ഉദ്യോഗസ്ഥ മേധാവിത്ത ചൂഷകർ.
Representational Image: Pexels
വിദ്യാഭ്യാസ വായ്പകളുടെ നീണ്ട തിരിച്ചടവ് കാലാവധി യഥാർത്ഥത്തിൽ ഒരു മനുഷ്യന്റെ ആയുസ്സിന്റെ കാൽഭാഗത്തോളം വരുന്ന അധ്വാനത്തെയും സമ്പത്തിനെയും ആവശ്യപ്പെടുന്നു. നോം ചോംസ ്കിയുടെ അഭിപ്രായത്തിൽ ''വൻതുക ബാങ്ക് ലോൺ എടുത്ത് വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾ ഈ സമൂഹത്തിനെ മാറ്റി മറിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഒന്ന് ചിന്തിക്കാൻ പോലുമുള്ള സമയമില്ലാത്ത വിധം ഒരു വായ്പാ വ്യവസ്ഥയിൽ അവർ കുടുക്കപ്പെടുന്നു. ഫീസ് വർധനവ് എന്നത് ഒരു തരത്തിലുള്ള അച്ചടക്ക വിദ്യയാണ്, വിദ്യാർത്ഥികൾ പാസ്സാവുമ്പോഴേക്കും വായ്പാഭാരം മാത്രമല്ല, ആ അച്ചടക്ക സംസ്‌കാരത്തെ തന്നെ അവർ ആന്തരവൽകരിച്ചിട്ടുണ്ടാകും. ഉപഭോഗ സമ്പദ് വ്യവസ്ഥിതിയുടെ അവിഭാജ്യഘടകമായി അവർ മാറിയിട്ടുണ്ടാകും.'' ഇത്തരത്തിലുള്ള വലിയ ബാധ്യത സാമ്പത്തികമായ അരക്ഷിതാവസ്ഥ മാത്രമല്ല സൃഷ്ടിക്കുന്നത്, ഓരോ വിദ്യാർത്ഥികളുടെയും സർഗ്ഗാത്മകതയെയും, രാഷ്ട്രീയ വികാസത്തെയും മുരടിപ്പിക്കുന്നുണ്ട്.
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് സ്റ്റിഗ്ലീറ്റ്‌സിന്റെ അഭിപ്രായത്തിൽ, 2008-2009 കാലഘട്ടത്തിൽ നേരിട്ട ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാരണം അമിതമായ കടബാധ്യതയാണ്. വിദ്യാഭ്യാസ വായ്പ അതിലെ ഒരു പ്രധാന ഇനമാണ്. ഫെഡറൽ റിസർവിന്റെ കണക്കുകൾ പ്രകാരം അമേരിക്കയിലെ മൊത്തം വിദ്യാഭ്യാസ വായ്പ ഇന്ന് 1.63 ലക്ഷം കോടി ഡോളറാണ്. ഇത് ആകെ ആഭ്യന്തര വായ്പയുടെ 10% ത്തിൽ അധികം വരും. തൊഴിലില്ലായ്മ, ഉയർന്ന പലിശ നിരക്ക്, പരിമിതമായ തിരിച്ചടവ് വ്യവസ്ഥകൾ തുടങ്ങിയവയാണ് വിദ്യാഭ്യാസ വായ്പ ഇത്രത്തോളം വർധിക്കാനുള്ള കാരണങ്ങൾ. അമേരിക്കൻ വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 4.35 കോടി വിദ്യാർഥികൾ വായ്പയെടുത്തിട്ടുണ്ട്. കടബാധ്യതരിൽ കൂടുതലും സ്ത്രീകളാണ്. ഇതിനുള്ള പ്രധാന കാരണം പുരുഷൻന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്ക് കൂലി കുറച്ചു കിട്ടുന്നതും തൊഴിൽ അവസരങ്ങൾ കുറവായതുമാണ്. കറുത്ത വർഗ്ഗക്കാർക്കും ഹിസ്പാനിയൻ വംശജരുമായ വിദ്യാർത്ഥികൾക്ക് കടം കുറവാണെങ്കിലും കടമെടുക്കുന്ന തുകയുടെ ശരാശരി മറ്റുള്ള വംശജരേക്കാൾ കൂടുതലാണെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി വുമണിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ വായ്പ്പാ എഴുതിത്തള്ളുക അമേരിക്കയിലെ വിദ്യാർത്ഥികളുടെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നാണ്. പ്രസിഡഡ് ജോ ബൈഡൻ പ്രഖ്യാപിച്ച Student Loan Forgiveness (വിദ്യാഭ്യാസ വായ്പ എഴുതി തള്ളൽ) പദ്ധതി തീരെ അപര്യാപ്തമാണെന്ന വിമർശനങ്ങൾ സജീവമാണ്.
അതേ സമയം, നിരവധി ബാങ്കിങ് സ്ഥാപനങ്ങളും റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളും ബൈഡന്റെ പദ്ധതിക്ക് എതിരെ സുപ്രീംകോടതിയിൽ ഹർജി സർപ്പിച്ചിട്ടുണ്ട്. The Mission Higher Education Loan Authority ഇതിലൊന്നാണ്. MOHELA ഇപ്പോൾ ഏകദേശം 7 ദശ ലക്ഷം വിദ്യാർത്ഥികളുടെ വായ്പ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്. ബൈഡന്റെ ഈ പദ്ധതി വൻ സാമ്പത്തിക നഷ്ട്ടമാണ് ഇത്തരം സ്ഥാപനങ്ങൾക്കുണ്ടാക്കുന്നത്. നെബ്രാസ്‌ക, അയോവ, സൗത്ത് കരോലിന, കൻസാസ്, അർക്കൻസാസ് എന്നീ സംസ്ഥാനങ്ങളും ഇതിനെതിരെ മുന്നോട്ട് വന്നിട്ടുണ്ട്. ലോൺ ഫോർഗിവ്‌നെസ് നികുതി വരുമാനം കുറയ്ക്കുകയും വിദ്യാഭ്യാസ വായ്പകളുമായി ബന്ധിപ്പിച്ചിട്ടുള്ള നിക്ഷേപങ്ങളുടെ മൂല്യം കുറയ്ക്കുകയും ചെയ്യുമെന്നതാണ് എതിർപ്പിന് പിന്നിലുള്ള കാരണം.
Representational Image: Wiki Commons
വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവൽക്കാരണം
സൂക്ഷ്മപരിശോധനയിൽ ഉന്നതവിദ്യാഭ്യാസരംഗം വാണിജ്യവൽക്കരണത്തെയും കടന്ന് വ്യാവസായികവൽക്കരിക്കപ്പെടുന്നതായി കാണാം. ചിലവ് കുറച്ചു കൊണ്ട് ലാഭകരമായ രീതിയിൽ കൂടുതൽ ഉൽപന്നമുണ്ടാക്കുകയെന്ന വ്യാവസായിക തത്വം വിദ്യാഭ്യാസ മേഖലയിൽ പ്രയോഗിക്കുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്. വിദ്യാഭ്യാസ പ്രക്രിയയിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം കൊണ്ടു നടപ്പിലാക്കുന്ന ഡിജിറ്റലൈസേഷൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്റ്റാൻഡേർഡൈസേഷൻ ഇന്ത്യൻ സമ്പത്ത്-വ്യവസ്ഥയുടെ ഉയർച്ചയോടെ ആവശ്യമേറിവരുന്ന വിദഗ്ദ തൊഴിലാളികളെ രൂപപ്പെടുത്തിയെടുക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്വകാര്യമേഖലയുടെ പങ്കാളിത്തം, അധ്യാപകരെ സാങ്കേതികവിദ്യകളിൽ പ്രഗൽഭരാക്കുന്ന പരിശീലന ക്ലാസുകളും സ്മാർട്ട് ക്ലാസ് റൂമുകളുടെ പരികൽപ്പനയും തുടങ്ങിയവയുടെ സഹായത്തോടെയാണ് വ്യാവസായികവൽക്കരണം നടത്തുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ മേൽ നടത്തുന്ന ഒറ്റത്തവണ നിക്ഷേപത്തിലൂടെ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ലാഭം നേടാൻ സാധിക്കും.
വിദ്യാഭ്യാസത്തിന്റെ വ്യവസായികവൽക്കരണത്തിലൂടെ വിദ്യാർഥികളോടുള്ള മാനുഷികമായ സമീപനം തീർത്തും വെടിയുന്നു. സ്വകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന പണം നൽകാൻ പ്രാപ്തിയുള്ളവർക്ക് മാത്രം വിദ്യാഭ്യാസം നല്കുന്നു. ചൂഷണാത്മകമായ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാൻ യാതൊരു താല്പര്യവും ഫാസിസ്റ്റ് ഭരണകൂടം കാണിക്കുകയില്ല. പുത്തൻ വിദ്യാഭ്യാസം നയം 2020 വിദ്യാഭ്യാസ മേഖലയിലെ വ്യവസായവൽക്കരണം കൂടുതൽ ത്വരിതപ്പെടുത്തുന്നതായും കാണാൻ സാധിക്കും. മൂലധനത്തിന്റെ അനിയന്ത്രിതമായ ഒഴുക്കും സാംസ്‌കാരിക മണ്ഡലത്തിന് മേലുള്ള നിയന്ത്രണവും ഫാസിസത്തിന് ആവശ്യമാണ്. വിദ്യാഭ്യാസ വ്യവസായികവൽക്കരണം രണ്ടും സാധ്യമാക്കാനുള്ള വഴികൾ തുറക്കുന്നു. FYUP യും വൊക്കേഷനൽ വിദ്യാഭ്യാസവും താഴ്ന്നവരെയും ഇടത്തരക്കാരെയും ഫാക്ടറികളിലെ തൊഴിൽ സേനയിൽ ഘടനാപരമായി പങ്കാളിയാക്കികൊണ്ടാണ് വിദ്യാഭ്യാസ മേഖലയെ നേരിട്ട് വ്യവസായ മേഖലയുമായി ബന്ധിപ്പിക്കുന്നത്.
വിദ്യാർത്ഥി സംഘടനകളും മറ്റ് സംഘടനകളും ഈ വ്യവസ്ഥിതിയുടെ ഭാഗമായി നിലനിൽക്കുകയും, ഇതിന്റെ രാഷ്ട്രീയമായ വശങ്ങൾ ഉന്നയിക്കാതിരിക്കുകയും ബാങ്ക് ലോണിന്റെ ചെറിയ പിഴവുകളിലേക്കും ഗവണ്മെന്റിന്റെ പോരായ്മകളിലേക്കും മാത്രം പരിമിതപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനപ്പുറത്തേക്ക് ഘടനാപരമായ പ്രശ്‌നങ്ങളിലേക്ക് ചോദ്യങ്ങൾ ഉന്നയിക്കുകയും അതിനെ മാറ്റിതീർക്കാനായി പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ഈയൊരു സാഹചര്യത്തെ ഉൽപാദന ബന്ധങ്ങളിൽ ഉണ്ടാകുന്ന സമൂല പരിവർത്തനത്തിലൂടെ മാത്രമേ ശാശ്വതമായി മറികടക്കാൻ സാധിക്കുകയുള്ളു.