TMJ
searchnav-menu
post-thumbnail

Higher Education

ഔപചാരിക ഗവേഷണത്തിന് ആരു മണികെട്ടും?

31 Mar 2023   |   5 min Read
ഡോ. അശോക് ഡിക്രൂസ്

പിഎച്ച്. ഡി. പോലെയുള്ള ഗവേഷണബിരുദങ്ങൾക്കുവേണ്ടി സർവകലാശാലകൾ, ഗവേഷണകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നടക്കുന്ന ഗവേഷണപ്രവർത്തനങ്ങളെയാണ് ഔപചാരിക ഗവേഷണം എന്നു വിശേഷിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം നിർണയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതും ഔപചാരിക ഗവേഷണമാണ്. ആശയപരമായ സംവാദങ്ങൾക്ക് തുടക്കം കുറിക്കുന്നതും ഉന്നതവിദ്യാഭ്യാസമേഖലയിൽ നവോന്മേഷം ഉണ്ടാക്കുന്നതും ഗവേഷണപ്രവർത്തനങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ, ഗവേഷണരംഗത്ത് സംഭവിക്കുന്ന എല്ലാ കയറ്റിറക്കങ്ങളും ഉന്നതവിദ്യാഭ്യാസമേഖലയെ ആഴത്തിൽ സ്വാധീനിക്കും. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി നിർണയിക്കുന്നതും ഗവേഷണപ്രവർത്തനങ്ങളുടെ നിലവാരമാണ്. സർവകലാശാലകളിലും ഗവേഷണകേന്ദ്രങ്ങളിലും നടക്കുന്ന ഗവേഷണപ്രവർത്തനങ്ങളെ പൊതുസമൂഹം ജാഗ്രതയോടെ നോക്കിക്കാണാൻ ശ്രമിക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല.

വിജ്ഞാനശേഖരം വർധിപ്പിക്കാനുള്ള സർഗ്ഗാത്മകവും വ്യവസ്ഥാപിതവുമായ പ്രയത്നമാണ് ഗവേഷണം. മനുഷ്യരാശി ഇന്നോളം ആർജ്ജിച്ച സാംസ്കാരികവും സാമൂഹികവുമായ സകല വിജ്ഞാനങ്ങളും കൂടിച്ചേർന്ന മൂലധനത്തിന്റെ അടിത്തറയിലായിരിക്കണം ഓരോ ഗവേഷണപ്രവർത്തനങ്ങളും പടുത്തുയർത്തേണ്ടത്. അതുകൊണ്ടുതന്നെ, പുതിയ സിദ്ധാന്തങ്ങൾ രൂപീകരിക്കാനോ നിലവിലുള്ളതിനെ പുതുക്കിപ്പണിയാനോ വേണ്ടിയായിരിക്കണം ഓരോ ഗവേഷണങ്ങളും ശ്രമിക്കേണ്ടത്.
നിയതമായ ഘടനയും പൊതുസ്വഭാവവുമുള്ള അക്കാദമിക പ്രവർത്തനത്തെയാണ് ഗവേഷണം എന്നു വ്യവഹരിച്ചുപോരുന്നത്.

Research എന്നതിനു തുല്യമായി മലയാളത്തിൽ ഉപയോഗിക്കുന്നത് ഗവേഷണം എന്ന പദമാണ്. Recherche എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് research എന്ന ഇംഗ്ലീഷ് പദം ഉണ്ടായതെന്നാണ് മെറിയം വെബ്സ്റ്റർ ഓൺലൈൻ നിഘണ്ടു പറയുന്നത്. അന്വേഷണത്തിന് ഇറങ്ങിത്തിരിക്കുക എന്നതാണ് recherche എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം, recerchier എന്നത് re cerchier എന്നിങ്ങനെയുള്ള രണ്ട് പദങ്ങളുടെ സംയുക്ത രൂപമാണ്. cerchier എന്ന പദത്തിന് അന്വേഷണം എന്നാണ് അർത്ഥം. ഈ പദം ആദ്യമായി ഉപയോഗിച്ചത് 1577 ലാണെന്ന് മെറിയം വെബ്സ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

ഗവേഷണവുമായി ബന്ധപ്പെട്ട് നിരവധി നിർവചനങ്ങൾ ഉണ്ടെങ്കിലും, കാലികപ്രസക്തിയുള്ളതും അക്കാദമിക് ഗവേഷണവുമായി ചേർത്തുവെക്കാവുന്നതുമായ ജോൺ ഡബ്ലിയു. ക്രെസ്വെല്ലിന്റെ നിർവചനത്തെ മാത്രം ഇവിടെ പരിചയപ്പെടുത്തുന്നു: "ഏതെങ്കിലുമൊരു വിഷയത്തെയോ പ്രശ്നത്തെയോ സംബന്ധിച്ചുള്ള ധാരണ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിവരശേഖരണം നടത്തുകയും അതിനെ വ്യവസ്ഥാപിതമായ ഘട്ടങ്ങളിലൂടെ അപഗ്രഥിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഗവേഷണം"


Representational Image: Pexels

അന്വേഷിക്കുക, കണ്ടെത്തുക, വെളിപ്പെടുത്തുക എന്നീ മൂന്ന് ഘടകങ്ങളാണ് എല്ലാ ഗവേഷണങ്ങളിലും ഉൾച്ചേർന്നിരിക്കുന്നത്. എങ്കിലും, ഗവേഷണത്തിന് പൊതുവായ ചില ലക്ഷ്യങ്ങളുണ്ട്. ഗവേഷണത്തിന്റെ ലക്ഷ്യങ്ങൾ ചുവടെ ചേർക്കുന്നു.

♦ പഠനമേഖലയെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടുക. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത വിഷയങ്ങളെ മറനീക്കി വെളിച്ചത്തു കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇനിയും വ്യക്തമായിട്ടില്ലാത്ത വസ്തുതകളും പ്രതിഭാസങ്ങളും പരിചയപ്പെടുത്തുകയും അവയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുക എന്നതും മുഖ്യമാണ്.

♦ ഏതെങ്കിലും രണ്ട് അവസ്ഥകൾക്കോ സങ്കല്പങ്ങൾക്കോ സിദ്ധാന്തങ്ങൾക്കോ തമ്മിലുള്ള സാദൃശ്യ-വൈസാദൃശ്യങ്ങൾ കണ്ടെത്തി അവ വിലയിരുത്തുകയും താരതമ്യം ചെയ്യുകയും ചെയ്യുക.

♦ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും ഒരു അവസ്ഥയെക്കുറിച്ചുള്ള പഠനം നിർവഹിക്കുകയും അവ അവതരിപ്പിക്കുകയും ചെയ്യുക. അതോടൊപ്പം, ഏതെങ്കിലും ഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന പരികൽപ്പനകളെ പരിശോധിക്കുക എന്നിവയൊക്കെയാണ് ഗവേഷണത്തിന്റെ ലക്ഷ്യങ്ങളായി കരുതപ്പെടുന്നത്.

എന്നാൽ, മേൽ സൂചിപ്പിച്ച ഘടകങ്ങളെയെല്ലാം അട്ടിമറിക്കുന്ന മട്ടിലാണ് പല സർവകലാശാലകളിലെയും ഗവേഷണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത് ഗവേഷണവിഷയത്തിന്റെ തിരഞ്ഞെടുപ്പാണ്. പ്രസ്തുത പഠനമേഖലയ്ക്കോ സമൂഹത്തിനോ യാതൊരു പ്രയോജനവുമില്ലാത്ത നൂറുകണക്കിനു പ്രബന്ധങ്ങളാണ് ഓരോ വർഷവും വിവിധ സർവകലാശാലകളുടെ ലൈബ്രറികളിൽ പ്രത്യേകമായി സജ്ജീകരിച്ച 'അറ'കളിൽ അന്ത്യവിശ്രമംകൊള്ളാൻ കമനീയമായ ചട്ടക്കൂടിനുള്ളിൽ 'ഒരുങ്ങി' പുറപ്പെടുന്നത്. ഒരു അക്കാദമികസമൂഹത്തിന് ഇത് ഒട്ടും ഭൂഷണമല്ല.

ഗവേഷണവിഷയം തന്നെയാണ് മുഖ്യം

'കുമാരനാശാന്റെ കവിതകളിലെ കു' അല്ലെങ്കിൽ, 'മാധവിക്കുട്ടിയുടെ കഥകളിലെ മാ' എന്നൊക്കെ മലയാളത്തിൽ ഗവേഷണം ചെയ്യാമെന്ന മട്ടിലുള്ള ട്രോളുകൾ എല്ലാക്കാലത്തും ഗവേഷകർക്കിടയിൽ പ്രചരിക്കുന്നുണ്ട്. എല്ലാ വിഷയങ്ങളിലും ഇത്തരം കുറുക്കുവഴികളുണ്ടെന്ന് പൂർവഗാമികളായ ഗവേഷകർ കണ്ടെത്തിയിട്ടുമുണ്ടാകും. ഇംഗ്ലണ്ടിലെ ഒരു പ്രമുഖ സർവകലാശാലയിലെ ഡോക്ടറേറ്റ് ലഭിക്കാൻ അവിടെയുള്ള റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിടുന്ന സമയം മതിയാവും എന്ന കഥയ്ക്കും ഗവേഷകർക്കിടയിൽ പ്രചാരമുണ്ട്.

ഗവേഷണവിഷയം തന്നെയാണ് ഗവേഷണപ്രവർത്തനങ്ങളിൽ നിർണായകമാകുന്നത്. ഗവേഷക/ൻ, മാർഗദർശി എന്നീ ഘടകങ്ങൾ അതിനെ പൂരിപ്പിക്കുന്നു എന്നുമാത്രം. പലപ്പോഴും ഗവേഷണത്തിന്റെ ലക്ഷ്യങ്ങൾപോലും മറന്നുകൊണ്ടാണ് സർവകലാശാലകൾ ഗവേഷണചട്ടങ്ങൾ തയ്യാറാക്കുന്നത്. ഗവേഷകരും മാർഗദർശികളും അതിൽ അറിഞ്ഞോ അറിയാതെയോ പങ്കുകാരാകുന്നു.


Representational image: Pexels

മിക്കവരുടെയും ജീവിതത്തിൽ ഒരേയൊരു തവണ മാത്രമായിരിക്കും ഔപചാരിക ഗവേഷണത്തിനുള്ള അവസരം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അത്രമാത്രം ശ്രദ്ധയോടെയായിരിക്കണം ഗവേഷണവിഷയം തിരഞ്ഞെടുക്കേണ്ടത്. വിജ്ഞാനമേഖലയുടെ വിശാലഭൂമികയിൽ തന്റെ അഭിരുചികൾക്ക് ഇണങ്ങുംവിധത്തിലുള്ള ഒരിടം കണ്ടെത്തേണ്ടത് ഗവേഷകരുടെ പ്രാഥമിക ചുമതലയാണ്. ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഗവേഷകൻ സ്വന്തം താല്പര്യം തിരിച്ചറിയുന്നതിനോടൊപ്പം പഠനമേഖലയുടെ ആവശ്യവും സാമൂഹിക പ്രസക്തിയും പരിഗണിക്കേണ്ടതുണ്ട്. ഏതായാലും, ഗവേഷണപൂർവ വായനയുണ്ടെങ്കിൽ ഗൗരവമുള്ള വിഷയങ്ങളിലേക്ക് ഗവേഷകർക്ക് എളുപ്പം ചെന്നെത്താൻ സാധിക്കും. അതിനായി ബിരുദാനന്തരബിരുദ കാലത്തുതന്നെ വായനയും അന്വേഷണവും ആരംഭിക്കുന്നതാണ് നല്ലത്. വിഷയസ്വീകരണവുമായി ബന്ധപ്പെട്ട് ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഓർത്തിരിക്കേണ്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

♦ നിരവധി ഗവേഷണങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ മേഖലകൾ ഒഴിവാക്കുന്നതാണ് നല്ലത്. 

♦ ബന്ധപ്പെട്ട മേഖലയിൽ മുമ്പ് ഗവേഷണം നടത്തിയവരുടെ അഭിപ്രായങ്ങൾ അറിഞ്ഞതിനുശേഷം മാത്രം മനസ്സിലുള്ള വിഷയം ഉറപ്പിക്കുക
.
♦ തീരെ ഇടുങ്ങിയതോ ഒട്ടും വ്യക്തതയില്ലാത്തതോ ആയ വിഷയങ്ങൾ ഒഴിവാക്കുക
.
♦ വിവാദ വിഷയങ്ങൾ കഴിയുന്നതും തിരഞ്ഞെടുക്കാതിരിക്കുക. അഥവാ, തിരഞ്ഞെടുക്കുകയാണെങ്കിൽ ആ വിഷയം ഗവേഷകർക്ക് അത്രമാത്രം അടുത്തറിയാവുന്നതായിരിക്കണം.

♦ ഗവേഷണപ്രബന്ധങ്ങളും ഗവേഷണ പ്രസിദ്ധീകരണങ്ങളും റഫർ ചെയ്തതിനുശേഷം അന്തിമവിഷയം തീരുമാനിക്കുക.

♦ ഓരോ കാലഘട്ടത്തിലും ഉയർന്നുവരുന്ന സവിശേഷ വിഷയങ്ങളുടെ ഒഴുക്കിൽപ്പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക. 

♦ പരിചിതവും പ്രായോഗികവുമായിരിക്കണം തിരഞ്ഞടുക്കുന്ന വിഷയം.

♦ നിശ്ചിത കാലയളവിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന വിഷയമായിരിക്കണം ഗവേഷണത്തിന് തിരഞ്ഞെടുക്കേണ്ടത്.

♦ യാതൊരു പ്രസക്തിയുമില്ലാത്ത പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പിന്നാലെപോയി സാഹിത്യഗവേഷകർ സമയവും പ്രയത്നവും പാഴാക്കരുത്.

♦ വിഷയത്തിന്റെ വിശാലത പരിമിതപ്പെടുത്തി ആഴം വർദ്ധിപ്പിക്കണം.

ഗവേഷകർക്കും ചിലത് ചെയ്യാനുണ്ട്

ഗവേഷണത്തിന്റെ ഭാഗമായി ഗവേഷകർക്ക് പല തലങ്ങളിലുള്ള വ്യക്തികളുമായി ഇടപഴകേണ്ടി വരും. അത്തരം സന്ദർഭങ്ങളിൽ ഒട്ടും മുഷിവ് പ്രകടിപ്പിക്കാതെ സൗഹൃദാന്തരീക്ഷം കാത്തുസൂക്ഷിക്കുക. അല്ലാത്തപക്ഷം അത് മുഴുവൻ ഗവേഷണത്തെയും ബാധിക്കും. ഇടപഴകുന്നവരുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഗവേഷകർ ശ്രദ്ധിക്കേണ്ടതുണ്ട്.

ഗവേഷണകാലയളവിൽ നിരന്തരം അഭിമുഖീകരിക്കേണ്ടിവരുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾക്കു മുന്നിൽ തളരാതിരിക്കുക, ഗവേഷകർ തമ്മിലും ഗവേഷകരും മാർഗദർശിയും തമ്മിലുമുള്ള അഭിപ്രായവ്യത്യാസങ്ങൾ പരമാവധി ഒഴിവാക്കുക. മുന്നിലുള്ള ലക്ഷ്യത്തെക്കുറിച്ചുമാത്രം എപ്പോഴും ചിന്തിക്കുക. പ്രതീക്ഷ കൈവെടിയാതിരിക്കുക എന്നതു തന്നെയാണ് പ്രധാനം.

വിഷയസ്വീകരണം മുതൽ അപഗ്രഥനം വരെയുള്ള ഗവേഷണത്തിന്റെ സമസ്ത മേഖലകളിലും മുൻവിധികളില്ലാതെ ഗവേഷണം മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് മറ്റൊരു കാര്യം. മുൻവിധിയോടുകൂടി നടത്തുന്ന ഗവേഷണം പ്രതീക്ഷിക്കുന്ന വഴിയിൽ നടന്നില്ലെങ്കിൽ അത് ഒരുപക്ഷേ അനന്തമായി നീളും.

ചുരുങ്ങിയ സമയംകൊണ്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടിവരുമെന്നതിനാൽ പഠനമേഖലയിൽ ഗവേഷകന് ആഴത്തിലുള്ള അറിവുണ്ടായിരിക്കണം. ഒട്ടും ധാരണയില്ലാത്ത വിഷയത്തിൽ ഗവേഷണത്തിന് ഇറങ്ങിത്തിരിക്കരുത്. ബിരുദാനന്തരബിരുദത്തിന് പഠിക്കുന്നകാലത്തുതന്നെ താൽപര്യമുള്ള ഗവേഷണമേഖല കണ്ടെത്തുന്നതാണ് ഉചിതം.

ഗവേഷണപ്രബന്ധത്തിലെ കാഴ്ചപ്പാടുകളിലും നിരീക്ഷണങ്ങളിലും കൃത്യത ഉണ്ടായിരിക്കണം. കൃത്യതയായിരിക്കണം ഗവേഷണത്തിന്റെ ആത്യന്തികലക്ഷ്യം. കൃത്യതയില്ലാത്ത ഗവേഷണം ലക്ഷ്യമില്ലാത്ത യാത്ര പോലെയും കടിഞ്ഞാണില്ലാത്ത കുതിര പോലെയുമാണ്. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് വിശ്വസ്തത. ഏർപ്പെടുന്ന ഏതു രംഗത്തും വിശ്വസ്തത പരമപ്രധാനമാണ്. ഗവേഷണം വസ്തുനിഷ്ഠമാണ് എന്നതുകൊണ്ടുതന്നെ വിശ്വസ്തത ഗവേഷകന്റെ മുഖമുദ്രയായിരിക്കണം. വിശ്വസ്തതയില്ലാത്ത ഗവേഷണം ജീവിതത്തിലുടനീളം ഗവേഷകരെ വേട്ടയാടിക്കൊണ്ടിരിക്കും.


Representational Image: Pexels

സൂക്ഷ്മനിരീക്ഷണപാടവം ഗവേഷകനെ അപഗ്രഥനത്തിനും ഗവേഷണം മികച്ചരീതിയിൽ പൂർത്തിയാക്കാനും സഹായിക്കുന്ന ഘടകമാണ്. മറ്റുള്ളവരുടെ വാക്കുകളെ അന്ധമായി ആശ്രയിക്കുന്നതിനേക്കാൾ സ്വയം വസ്തുതകൾ സൂക്ഷ്മമായി അപഗ്രഥിക്കുന്നതാണ് നല്ലത്. അതുകൊണ്ടുതന്നെ, സാമാന്യബുദ്ധിയെ അധികം ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്. സാമാന്യബുദ്ധിയെ ആശ്രയിച്ചാൽ ഗവേഷണത്തിന് ശാസ്ത്രീയത നഷ്ടപ്പെടും. അതുകൊണ്ട് സാമാന്യബുദ്ധിയെക്കാൾ ശാസ്ത്രീയബുദ്ധിയെ ആശ്രയിക്കുന്നതാണ് ഗവേഷകന് അഭികാമ്യം.

സാങ്കേതികവിദ്യകളെക്കുറിച്ച് സാമാന്യജ്ഞാനമുണ്ടെങ്കിൽ വിവരശേഖരണത്തിനുവേണ്ടി ഇന്റർനെറ്റ്, പോലെയുള്ള നൂതന സാങ്കേതികവിദ്യകളെ മനസ്സിലാക്കാൻ പ്രയാസമുണ്ടാകില്ല. ഗവേഷകർ സ്വന്തം നിലയ്ക്ക് ടൈപ്പിംഗ് അനുബന്ധ ജോലി കൾ മനസ്സിലാക്കിയിരിക്കുന്നതും നല്ലതാണ്. പ്രൂഫ് തിരുത്താനെങ്കിലും അത് ഉപകരിക്കും. ചാറ്റ് ജിപിറ്റി, നിർമ്മിതബുദ്ധി തുടങ്ങിയ സാങ്കേതികവിദ്യകളെക്കുറിച്ച് ധാരണയുണ്ടാക്കുന്നതും നല്ലതാണ്.

ഏതു ഭാഷയിലാണോ ഗവേഷണപ്രബന്ധം തയ്യാറാക്കുന്നത് ആ ഭാഷയിലുള്ള പ്രാവീണ്യം ഗവേഷകന് നിർബന്ധമായും ഉണ്ടായിരിക്കണം. മാത്രമല്ല, വിവരശേഖരണത്തിനുള്ള ഉപാധിയെന്ന നിലയിൽ ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കുന്നതും നല്ലതാണ്.
ഏതൊരു ഗവേഷണത്തിന്റെയും ആധാരശിലയാണ് സാമൂഹ്യപ്രതിബദ്ധത. അതുകൊണ്ടുതന്നെ ഗവേഷകർക്കും സാമൂഹികപ്രതിബദ്ധത ഉണ്ടായിരിക്കണം. ഓരോ ഗവേഷണഫലവും ആത്യന്തികമായി സ്വാധീനിക്കുന്നത് പോതുസമൂഹത്തെയാണ് എന്ന ബോധ്യവും ഗവേഷകർക്കുണ്ടാവണം.

മാർഗദർശികൾക്കും നിയന്ത്രിക്കാം

തന്റെ കീഴിൽ നടക്കുന്ന ഗവേഷണവിഷയങ്ങളെക്കുറിച്ചും ഗവേഷകരെക്കുറിച്ചും മാർഗദർശിക്ക് നല്ല ധാരണയുണ്ടാവണം. മാത്രമല്ല, ഗവേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഗവേഷകർക്കൊപ്പം മാർഗദർശിയും സജീവമാകണം. ഒപ്പമുള്ള എല്ലാ ഗവേഷകർക്കും സമയം വീതിച്ചു നൽകുന്ന കാര്യത്തിലും ജാഗ്രത പുലർത്തണം.

ഒപ്പമുള്ള ഗവേഷകവിദ്യാർഥികളോട് സൗഹൃദം പുലർത്തുകയും ഗവേഷകരെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം ഗവേഷകരുടെ അഭിപ്രായങ്ങൾ മാർഗദർശി ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്യണം.

പുതിയ വിജ്ഞാനമേഖലകളോടു പുറംതിരിഞ്ഞു നിൽക്കുന്ന ആളാകരുത് മാർഗദർശി. വായന, ചിന്ത, അപഗ്രഥനം, പ്രശ്നങ്ങളോടുള്ള സമീപനം എന്നിവയിലെല്ലാം മാർഗദർശി ഗവേഷകർക്ക് ഉത്തമ മാതൃകയായിരിക്കണം.

ഗവേഷകരുടെ പ്രവർത്തനങ്ങളെ ആരോഗ്യകരമായി വിമർശിക്കുകയും അതോടൊപ്പം പ്രബന്ധത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മാറ്റി എഴുതാൻ ആവശ്യപ്പെടുമ്പോൾ മാർഗദർശി അക്കാര്യം ഗവേഷകന് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യണം. ഗവേഷകരുമായി മികച്ച ആശയവിനിമയശേഷി പുലർത്തണമെന്നു ചുരുക്കം. തന്റെ കീഴിലുള്ള എല്ലാ ഗവേഷകർക്കും മാർഗദർശി തുല്യനീതി ഉറപ്പുവരുത്തണം.

ഗവേഷണരീതികൾ, ഗവേഷണതന്ത്രങ്ങൾ, ഉപാദാന സാമഗ്രികൾ, അപഗ്രഥനരീതികൾ, ഗവേഷണ ഉപകരണങ്ങൾ, പ്രബന്ധരൂപകൽപന, ഗ്രന്ഥസൂചി തയ്യാറാക്കുന്ന രീതികൾ, സർവകലാശാലയിലെ ഗവേഷണ ചട്ടങ്ങൾ, നൂതന ഗവേഷണപ്രവണതകൾ എന്നിവയെ സംബന്ധിച്ച കൃത്യമായ ധാരണയും മാർഗദർശികൾക്ക് ഉണ്ടായിരിക്കണം.

മണി മുഴങ്ങുന്നുണ്ട്

മിക്ക വിദേശ സർവകലാശാലകളും അചുംബിതമായതും അവശ്യം ഗവേഷണം നടക്കേണ്ടതുമായ വിഷയങ്ങളുടെ / മേഖലകളുടെ മുൻഗണനാക്രമത്തിലുള്ള പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടാവും. ഇത് പുതുതായി ഗവേഷണപ്രവർത്തനങ്ങളിലേക്ക് കടന്നുവരുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. അതുപോലെതന്നെ, ഓരോ മാർഗദർശികളുടെയും പ്രബല/തല്പരമേഖലകളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതും നന്നായിരിക്കും.

കേരളത്തിലെ സർവകലാശാലകളിൽ സമർപ്പിക്കുന്ന, എല്ലാ വിഷയങ്ങളിലുമുള്ള പിഎച്ച്. ഡി. പ്രബന്ധങ്ങളുടെ ഒരു സംഗ്രഹം നിർബന്ധമായും മലയാളത്തിൽ സമർപ്പിക്കാൻ ആവശ്യപ്പെടുകയും, അങ്ങനെ സമർപ്പിക്കപ്പെടുന്ന മലയാളത്തിലുള്ള പ്രബന്ധസംഗ്രഹങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അച്ചടിച്ചോ വെബ്സൈറ്റ് വഴിയോ അർദ്ധ വാർഷികപ്പതിപ്പ് / വാർഷികപ്പതിപ്പ് ആയി പ്രസിദ്ധീകരിക്കുകയും ചെയ്താൽ സർവകലാശാലകളിൽ നടക്കുന്ന ഗവേഷണപ്രവത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കും സാമാന്യധാരണയുണ്ടാകും.


Representational Image: Pexels
ഗവേഷണാഭിരുചി പരീക്ഷയ്ക്കുശേഷമാണ് മിക്ക വിദ്യാർത്ഥികളും പൂർണസമയ ഗവേഷകരായി മാറുന്നത്. എന്നാൽ പലപ്പോഴും അർഹമായ പരിഗണനയോ പ്രതിഫലമോ കിട്ടാതെ നട്ടംതിരിയുന്ന അവസ്ഥയിലൂടെയാണ് മിക്ക സർവകലാശാലകളിലെയും ഗവേഷകർ കടന്നുപോകുന്നത്. ഈ സ്ഥിതിവിശേഷം മാറേണ്ടതുണ്ട്. ഗവേഷണകാലയളവിൽ നിശ്ചിതസമയത്ത് സ്റ്റൈപ്പന്റും മറ്റ് ആനുകൂല്യങ്ങളും നൽകാതെ ഗവേഷകരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിച്ചാൽ മാത്രമേ ഗവേഷകരിൽനിന്ന് മുഴുവൻസമയ ഗവേഷണഫലവും ലഭിക്കുകയുള്ളൂ.

ഗവേഷകരെ മാനസികമായും ശാരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ടിക്കുന്ന മാർഗദർശികളും നമ്മുടെ സർവകലാശാലകളിൽ പലയിടങ്ങളിലും പതുങ്ങിയിരിക്കുന്നുണ്ട്. അത്തരക്കാരും ഗവേഷണപ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിൽ വരുന്ന പത്രവാർത്തകളിലോ ഫേസ്ബുക്ക് പോസ്റ്റുകളിലോ മാത്രം അവ ഒതുങ്ങിപ്പോകുന്നു എന്നതാണ് വാസ്തവം.
ചുരുക്കത്തിൽ, മണിക്കിലുക്കം എല്ലാവരും ഏറിയോ കുറഞ്ഞോ കേൾക്കുന്നുണ്ട്. മണി എവിടെയാണ് ഇരിക്കുന്നത് എന്നും എവിടെയാണ് കെട്ടേണ്ടതെന്നും അറിയാം. പക്ഷേ, ആര് അതിനു തയ്യാറാകും എന്ന ചോദ്യം മാത്രം ഇപ്പോഴും അവശേഷിക്കുന്നു.

 

#Higher Education
Leave a comment