എഴുതാനുള്ള ശേഷി വിദ്യാഭ്യാസ മേന്മയുടെ പ്രധാന സൂചകം
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യപകമായ ഫലങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഒന്നാണ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സെന്റർ ഫോർ അക്കാഡമിക് റൈറ്റിംഗ്. വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും, അധ്യാപകർക്കും അക്കാദമിക് ആയ വിഷയങ്ങൾ എങ്ങനെ എഴുതണമെന്നു പരിശീലനം നൽകുകയാണ് സെന്ററിന്റെ ദൗത്യം. അക്കാദമികമായ വിഷയങ്ങൾ എങ്ങനെ എഴുതണമെന്ന സാങ്കേതികമായ എഴുത്തു പരിശീലനം മാത്രമല്ല സെന്ററിന്റെ ഉദ്ദേശം. വിഷയത്തിനോടുള്ള സമീപനം അതുമായി ബന്ധപ്പെട്ട വിവിധ പാഠങ്ങൾ, കാഴ്ചപ്പാടുകൾ, അക്കാദമികമായ എഴുത്തിൽ പുലർത്തേണ്ട മാനദണ്ഡങ്ങൾ, ആശയചോരണം, ഭാഷ ശുദ്ധി തുടങ്ങിയ വിവിധ മേഖലകളിൽ സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാൻ ഗവേഷകരെ പ്രാപ്തരാക്കുന്ന ഉദ്യമമാണ് സെന്റർ ഏറ്റെടുത്തിട്ടുള്ളത്. ഈ ദിശയിലുള്ള കേരളത്തിലെ ആദ്യ സംരംഭമായ സെൻറിന്റെ കോർഡിനേറ്റർ ഡോ ശീതൾ എസ് കുമാറാണ്. കഴിഞ്ഞ ആറു മാസങ്ങൾക്കിടയിൽ രണ്ടു സുപ്രധാന വർക്ക്‌ഷോപ്പുകൾ ഈ വിഷയത്തിൽ സെന്റർ നടത്തുകയുണ്ടായി. അശോക യുണിവേഴ്‌സിറ്റിയിലെ ഡോ നരേഷ് കീർത്തി പ്രഥമ വർക്ക്‌ഷോപ്പിനു നേതൃത്വം നൽകി. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയിലെ ഡോ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ റിസർച്ച് ടു റൈറ്റ്, റൈറ്റ് ടു റിസർച്ച് എന്ന ശീർഷകത്തിൽ 5-ദിവസം നീണ്ട രണ്ടാമത്തെ വർക്ക്‌ഷോപ്പ് മാർച്ച് 27 മുതൽ നടന്നു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ പഠനത്തിന് ശേഷം ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിലും ഡൽഹി ഐഐടി യിലും ഉപരി പഠനം നടത്തിയ സഞ്ജയ് കുമാർ കഴിഞ്ഞ മൂന്ന് വർഷമായി സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ മേഖലയിൽ അക്കാദമികമായ എഴുത്തിന്റെ പ്രാധാന്യത്തെ പറ്റിയും വിജ്ഞാനത്തിന്റെ മേഖലയിൽ നിലനിൽക്കുന്ന പ്ലേ ജറിസം പോലുള്ള അധാർമിക പ്രവണതകളെ പറ്റിയും മലബാർ ജേർണലിനോട് അദ്ദേഹം സംസാരിക്കുന്നു.