TMJ
searchnav-menu
post-thumbnail

Representational Image: Pixabay

TMJ Daily

വേനല്‍ ചൂടില്‍ ഉരുകി കേരളം

18 Apr 2023   |   3 min Read
TMJ News Desk

സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നു. ആറ് ജില്ലകളില്‍ വേനല്‍ ചൂട് ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക. 

സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ സൂര്യാഘാത സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ കണക്കുപ്രകാരം പാലക്കാട് എരിമയൂരാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 43.5 ഡിഗ്രി സെല്‍ഷ്യസ്. മറ്റു ജില്ലകളില്‍ സാധാരണയില്‍ നിന്ന് രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് പ്രതീക്ഷിക്കാം. 

കഴിഞ്ഞ വര്‍ഷം 42 ഡിഗ്രി ആയിരുന്നു സംസ്ഥാനത്തെ കൂടിയ താപനില. രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

അന്തരീക്ഷ താപനിലയും ഈര്‍പ്പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപസൂചികയില്‍ അടയാളപ്പെടുത്തുന്നത്. അനുഭവപ്പെടുന്ന ചൂടിനെ സൂചിപ്പിക്കാന്‍ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ചു വരുന്നു. തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആര്‍ദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോള്‍ ചൂട് മൂലമുള്ള അസ്വസ്ഥതകളും വര്‍ധിക്കും. കേരളത്തില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഗുരുതരമല്ലാത്ത താപനിലയായി കണക്കാക്കുന്നത്.

രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തുടര്‍ച്ചയായുള്ള താപനില വര്‍ധന നിലനില്‍ക്കുന്നതിനാല്‍ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് താഴുന്നതിന് കാരണമാകും. സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണത്തോത് അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, 20, 21 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം. മാര്‍ച്ച് മാസം മുതല്‍ ലഭിക്കേണ്ട വേനല്‍ മഴയില്‍ 42 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യവും സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരവുമാണ് സംസ്ഥാനത്ത് താപനില ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്താണ് സൂര്യാഘാതം 

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. 

ലക്ഷണങ്ങള്‍ 

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിയിടിപ്പ്, മാനസിക അവസ്ഥകളില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയോടൊപ്പം ചിലപ്പോള്‍ അബോധാവസ്ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാക്കേണ്ടതാണ്.

എന്താണ് സൂര്യതാപം

സൂര്യാഘാതത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവര്‍ ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല. 

ലക്ഷണങ്ങള്‍ 

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

സ്വീകരിക്കേണ്ട പരിഹാര മാര്‍ഗങ്ങള്‍ 

സൂര്യാഘാതം, സൂര്യതാപം എന്നിവയേറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളമുപയോഗിച്ച് മുഖവും ശരീരവും തുടയ്ക്കുക. 

ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ :

♦ പകല്‍ 11 മണി മുതല്‍ മൂന്നു മണിവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

♦ ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുക. നിര്‍ജലീകരണം തടയാന്‍ കുപ്പിവെള്ളം കയ്യില്‍ കരുതുക. 

♦ പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. 

♦ അയഞ്ഞതും ഇളം നിറത്തിലുമുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. 

♦ പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുക. കുടയോ തൊപ്പിയോ കരുതുക. 

♦ വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടു തീ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. 

♦ മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ- നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ തീപിടുത്തം വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം. 

♦ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ്സ് മുറികള്‍ വായു സഞ്ചാരം ഉള്ളവയുമാകണം. 

♦ അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്ത് അധികൃതരും ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. 

♦ പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, മറ്റു രോഗങ്ങള്‍ മൂലം അവശതയനുഭവിക്കുന്നവര്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

♦ കന്നുകാലികളെയും വളര്‍ത്തുമൃഗങ്ങളെയും വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കണം.


#Daily
Leave a comment