
ഇടതുപക്ഷത്തിന്റെ വൃദ്ധിക്ഷയങ്ങളും ഇന്ത്യന്‍ രാഷ്ട്രീയവും
രാഷ്ട്രീയാധികാരം പൂര്‍ണ്ണമായും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള ചൈന, വിയറ്റ്നാം, ക്യൂബ പോലുള്ള ചുരുക്കം രാജ്യങ്ങളിലൊഴികെ കമ്യൂണിസ്റ്റ് പാര്‍ട്ടികളടക്കമുള്ള ഇടതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ ലോകമാകെ പ്രതിസന്ധി നേരിടുന്നു. സൈദ്ധാന്തികമായും പ്രായോഗികമായും ഒന്നുകില്‍ അവയുടെ വളര്‍ച്ച മുരടിപ്പിലാണ് അല്ലെങ്കില്‍ അവ തിരിച്ചടി നേരിടുകയാണ്. കേരളത്തിലും, ഇന്ത്യയിലും അതു തന്നെയാണ് സ്ഥിതി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പരമ്പരാഗത ഇടതുപക്ഷം ഇന്ത്യയില്‍ ഇപ്പോള്‍ തികച്ചും ദുര്‍ബലമാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ഇടതുപക്ഷ കക്ഷികളുടെ സ്വാധീനം ഇന്ത്യയിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന ഒരിടം കേരളം മാത്രമാണ്. എന്നാല്‍ കേരളത്തില്‍ പോലും 2019-ലെയും 2024-ലെയും ലോകസഭ തിരഞ്ഞെടുപ്പു ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അത് എത്രകാലം നിലനില്‍ക്കുമെന്ന ചോദ്യം ഉയര്‍ന്നാലും അത്ഭുതപ്പെടേണ്ടതില്ല. ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികള്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പ്രധാന തീമായി കൈകാര്യം ചെയ്യുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.
ഇടതുപക്ഷം നേരിടുന്ന തിരിച്ചടികളെയും അതിന്റെ കാരണങ്ങളെയും പറ്റി കാലാകാലങ്ങളില്‍ വളരെ സമ്പുഷ്ടമായ പഠനങ്ങളും, വിലയിരുത്തലുകളും ഉണ്ടായിട്ടുണ്ട്. ആഗോള-പ്രാദേശിക തലങ്ങളില്‍ വളരെ രൂക്ഷമായ സംവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും അവ വഴിയൊരുക്കിയതും സുപരിചിതമായ വിഷയമാണ്. കേരളത്തിലെയും, ഇന്ത്യയിലെയും ഇടതുപക്ഷവും ഒരു നൂറ്റാണ്ടിലധികം നീളുന്ന ആ ചരിത്ര രചനയിലെ ഭാഗഭാക്കുകളാണ്. ചരിത്രത്തില്‍ ബാക്കിയായ ഈ സംവാദങ്ങളുടെ വെളിച്ചത്തിലാണ് ഇപ്പോഴത്തെ സ്ഥിതിഗതികളെ വിലയിരുത്താനാവുക. അടിയന്തിരാവസ്ഥക്കു ശേഷമുള്ള ഇന്ത്യയിലെ ഇടതുപക്ഷ കക്ഷികളുടെ ഗതിവിഗതികളെ ഇങ്ങനെ സംഗ്രഹിക്കാം. 1964-ലെ പിളര്‍പ്പിനെ തുടര്‍ന്ന് സിപിഐ-യും സിപിഎം-ഉം പുലര്‍ത്തിയ ശത്രുത അവസാനിക്കുകയും ഇടതുപക്ഷ കക്ഷികളുടെ ഐക്യമെന്ന ഒരു നിലപാടില്‍ ഇരുപാര്‍ട്ടികളും എത്തിച്ചേര്‍ന്നതാണ് അതില്‍ പ്രധാനം. ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക് തുടങ്ങിയവരും ക്രമേണ അതിന്റെ ഭാഗമായി. നക്സല്‍ബാരി കലാപത്തെ തുടര്‍ന്നുണ്ടായ മാര്‍ക്സിസ്റ്റു-ലെനിനിസ്റ്റു പാര്‍ട്ടിയിലും ഗ്രൂപ്പുകളിലും ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും സായുധ വിപ്ലവം മാത്രമാണ് ഏകമോക്ഷ മാര്‍ഗ്ഗമെന്ന ചിന്തകള്‍ കൈവെടിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും അടിയന്തരാവസ്ഥക്കു ശേഷമുള്ള കാലത്തായിരുന്നു. സിപിഎം നേതൃത്വം നല്‍കിയ ഇടതു മുന്നണി പശ്ചിമ ബംഗാളിലും, ത്രിപുരയിലും 1977 മുതല്‍ ഏതാണ്ട് തുടര്‍ച്ചയായും 1987 മുതല്‍ കേരളത്തില്‍ അഞ്ചു വര്‍ഷങ്ങളിലെ ഇടവേളകളില്‍ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് അതാതു സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയതായിരുന്നു ഈ കാലയളവില്‍ ഇടതു പാര്‍ട്ടികള്‍ കൈവരിച്ച പ്രധാന നേട്ടം. ഇടതു പാര്‍ട്ടികളില്‍ പ്രമുഖ സ്ഥാനം സിപിഎം-ന് കൈവരുന്നതും ഈ കാലയളവിലാണ്. എന്നാല്‍ ഈ നേട്ടത്തിനൊപ്പം ചില കോട്ടങ്ങളും അതേ കാലഘട്ടത്തില്‍ സംഭവിച്ചിരുന്നു. ബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലായി സിപിഐ, സിപിഎം എന്നീ പാര്‍ട്ടികള്‍ ചുരുങ്ങിയതാണ് അതില്‍ പ്രധാനം. ആസ്സാം, പഞ്ചാബ്, ബീഹാര്‍, ഉത്തര്‍ പ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ രണ്ടു പാര്‍ട്ടികളും വളരെയധികം ദുര്‍ബലമായി. ആസ്സാമിലും, പഞ്ചാബിലും അവ ഏതാണ്ട് ഇല്ലാതായി. ആന്ധ്രപ്രദേശിലും, ബീഹാറിലും എംഎല്‍ ഗ്രൂപ്പുകള്‍ സ്വന്തം നിലയില്‍ ശക്തി പ്രാപിച്ചപ്പോള്‍ സിപിഐ-യും, സിപിഎം-ഉം അവിടുങ്ങളിലെ പ്രാദേശിക കക്ഷികളുടെ സഖ്യത്തിന്റെ ഭാഗമായി.
REPRESENTATIVE IMAGE | WIKI COMMONS
2011-ല്‍ ബംഗാളിലും 2018-ല്‍ ത്രിപുരയിലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സിപിഎം-ന്റെ നേതൃത്വത്തിലുള്ള മുന്നണി പരാജയപ്പെട്ടതോടെ 1977-മുതല്‍ ഏതാണ്ട് മൂന്നു ദശകത്തിലധികമായി ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം പുലര്‍ത്തിയ സ്വാധീനം ക്രമേണ കുറയാന്‍ തുടങ്ങി. ബംഗാളിലും, ത്രിപുരയിലും തോല്‍വി ആവര്‍ത്തിച്ചതോടെ സിപിഎം-ഉം, ഇടതുകക്ഷികളും ദേശീയ രാഷ്ട്രീയത്തില്‍ വളരെ ദുര്‍ബലമായി. ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2019-ലും, 24-ലും നേരിട്ട പരാജയം സിപിഎം-ന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി.
ഇടതുപക്ഷത്തിന്റെ ഉയര്‍ച്ച-താഴ്ച്ചകളെ ആഗോളതലത്തിലും, ദേശീയ രാഷ്ട്രീയത്തിലുമുണ്ടായ സംഭവവികാസങ്ങളില്‍ നിന്നും ഒഴിവാക്കി വിലയിരുത്താനാവില്ല. 1990 കളുടെ തുടക്കത്തിലുണ്ടായ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണ് ഇടതുകക്ഷികള്‍ നേരിട്ട പ്രധാന വെല്ലുവിളി. സോഷ്യലിസവും, കമ്യൂണിസവും ബദലുകളാണെന്ന ആശയത്തിന് സംഭവിച്ച വന്‍തിരിച്ചടിയായിരുന്നു സോവിയറ്റ് യൂണിയന്റെ തകര്‍ച്ച. അതോടൊപ്പം അരങ്ങേറിയ മറ്റൊരു സംഭവമായിരുന്നു ചൈനയുടെ അമ്പരിപ്പിക്കുന്ന വളര്‍ച്ച. മുതലാളിത്തത്തേക്കാള്‍ വേഗത്തില്‍ മുതലാളിത്ത യുക്തി സ്വീകരിക്കുന്ന നിലയിലായിരുന്നു ചൈനയുടെ നയങ്ങള്‍. നിയോലിബറല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ഇന്ത്യയുടെ ഔദ്യോഗിക നയമായി മാറിയതും 90-കളുടെ തുടക്കത്തിലായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലമാവുകയും ബിജെപി ശക്തിപ്പെടുകയും ചെയ്യുന്നതും ഇക്കാലയളവിലാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ നേരിട്ട തിരിച്ചടിയില്‍ നിന്നും മാര്‍ക്സിസം സൈദ്ധാന്തികമായി വലിയൊരു തിരിച്ചു വരവ് നടത്തിയ കാലഘട്ടത്തിലാണ് പരമ്പരാഗത കമ്യൂണിസ്റ്റു-ഇടതു പാര്‍ട്ടികളുടെ അതിജീവനം ചോദ്യചിഹ്നമാവുന്നതെന്ന ഐറണി ശ്രദ്ധേയമാണ്. ഗ്രേറ്റ് റിസഷനെന്ന് അറിയപ്പെടുന്ന 2008-ലെ സാമ്പത്തിക തകര്‍ച്ചയോടെ മുതലാളിത്ത പ്രതിസന്ധിയെക്കുറിച്ചുള്ള
മാര്‍ക്സിന്റെ വിലയിരുത്തലുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. സമ്പത്തിലും, വരുമാനത്തിലും ലോകമാകെ നിലനില്‍ക്കുന്ന ഭീതിദമായ അസമത്വം, കാലാവസ്ഥ വ്യതിയാനം ഭൂമിയിലെ മൊത്തം ആവാസ വ്യവസ്ഥക്കു നേരെ ഉയര്‍ത്തുന്ന ഭീഷണി തുടങ്ങിയ വിഷയങ്ങളിലെല്ലാം മാര്‍ക്സിസം മുന്നോട്ടു വയ്ക്കുന്ന ദാര്‍ശനികമായ വിമര്‍ശനങ്ങള്‍ ഗൗരവമായ സംവാദങ്ങള്‍ക്കും, പുതിയ രീതികളിലുള്ള പ്രയോഗങ്ങള്‍ക്കും വഴിയൊരുക്കുന്ന കാലത്ത് പരമ്പരാഗത ഇടതുപക്ഷത്തിന്റെ ഭാവന ദാരിദ്ര്യം കൂടുതല്‍ പ്രകടമായി ബോധ്യപ്പെടുന്നു. സിദ്ധാന്തത്തിന്റെ തലത്തില്‍ മാത്രമല്ല പ്രയോഗത്തിന്റെ രംഗങ്ങളിലും വളരെ റാഡിക്കലായ പ്രതിഷേധങ്ങള്‍ക്കും വലിയ ജനകീയ മുന്നേറ്റങ്ങള്‍ക്കും സമീപകാലം സാക്ഷ്യം വഹിച്ചിരുന്നു. ഒക്കുപ്പൈ വോള്‍സ്ട്രീറ്റു മുതല്‍ അറബ് വസന്തം വരെയുള്ള മുന്നേറ്റങ്ങള്‍, ശ്രീലങ്കയിലും, ബംഗ്ലാദേശിലും ഭരണാധികാരികളെ പലായാനം ചെയ്യുവാന്‍ നിര്‍ബന്ധിതമാക്കിയ പ്രക്ഷോഭങ്ങള്‍ എന്നിവ ഉദാഹരണങ്ങളാണ്.
REPRESENTATIVE IMAGE | WIKI COMMONS
ഈ സംഭവവികാസങ്ങളെ അവയുടെ സമഗ്രതയില്‍ മനസ്സിലാക്കുന്നതിനുള്ള ശ്രമമാണ് ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളെ മുഖ്യ പ്രമേയമായി സ്വീകരിക്കുന്നതിനുള്ള പ്രേരണ. റഷ്യയെയും ചൈനയെയും പരാമര്‍ശിക്കാതെ ലോകത്തിലൊരിടത്തും കമ്യൂണിസത്തെയും ഇടതുപക്ഷത്തെയും പറ്റി ഒന്നും പറയാനാവില്ല. 1917-മുതലുള്ള ചരിത്രം അതാണ്. ഗുണമായാലും ദോഷമായാലും സോവിയറ്റ് യൂണിയനും, ചൈനയും ഇടതുപക്ഷത്തെ സംബന്ധിച്ച ഏതൊരു ചര്‍ച്ചയിലും കടന്നു വരും. അതിനാല്‍ സോവിയറ്റു യുണിയന്റെ തകര്‍ച്ചയും, ചൈനയുടെ വളര്‍ച്ചയും നമ്മുടെ ഉള്ളടക്കത്തിന്റെ പ്രധാന പരിഗണന വിഷയങ്ങളിലൊന്നാവും. മുതലാളിത്തത്തെ വെല്ലുന്ന വേഗതയില്‍ ചൈന മുതലാളിത്ത യുക്തിയെ സ്വീകരിക്കുന്ന 1980-കളില്‍ കൗമാരം പിന്നിട്ട കേരളത്തിലെ തലമുറക്ക് സോവിയറ്റു യൂണിയന്‍ തകര്‍ന്നതിനു ശേഷം പിറന്ന തലമുറയോട് ഏതു ഭാഷയിലാവും വിപ്ലവത്തിന്റെ രാഷ്ട്രീയം സംസാരിക്കാനാവുകയെന്ന ചോദ്യം ഒഴിവാക്കാനാവില്ല. കേരളത്തിലും, ഇന്ത്യയിലും മാത്രമല്ല ലോകമാകെയുള്ള ഇടതുപക്ഷം നേരിടുന്ന സൈദ്ധാന്തികവും, പ്രയോഗികവുമായ അരക്ഷിതാവസ്ഥയെ ഉള്‍ക്കൊള്ളുന്നതാണ് പ്രസ്തുത ചോദ്യം. അതുകൊണ്ടു തന്നെ ആ ചരിത്രത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി 1949-ല്‍ ചൈനയില്‍ അധികാരത്തിലെത്തുമ്പോള്‍ പ്രധാനമന്ത്രിയായ ചൗ എന്‍ലായുടെ ഫലിതം നിറഞ്ഞ മുന്നറിയിപ്പു കൂടി ഓര്‍ക്കണമെന്നു മാത്രം. 1789-ലെ ഫ്രഞ്ചു വിപ്ലവത്തെ പറ്റിയുള്ള വിലയിരുത്തല്‍ എന്താണെന്ന ചോദ്യത്തിന് അതിന് സമയമായിട്ടില്ല (Too Early to Comment) എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിമിഷവേഗത്തില്‍ നിര്‍മ്മിക്കപ്പെടുകയും, മറക്കപ്പെടുകയും ചെയ്യുന്ന ഒന്നായി ചരിത്രത്തെ മാറ്റുന്ന ഡിജിറ്റല്‍ യുഗത്തില്‍ ചൗ എന്‍ലായിയുടെ മുന്നറിയിപ്പിന്റെ പ്രസക്തി പ്രത്യേകം പറയേണ്ടതില്ലല്ലോ.
കേരളത്തിലും, ഇന്ത്യയിലും ഇടതുപക്ഷത്തിന്റെ സാമൂഹ്യ അടിത്തറയില്‍ വന്ന മാറ്റം, നിയോലിബറല്‍ ക്യാപിറ്റലിസം, കാലാവസ്ഥ മാറ്റവും പാരിസ്ഥിതിക വെല്ലുവിളികളും, ആഗോള സാഹചര്യങ്ങളും പുതിയ ശീതയുദ്ധവും, സ്ത്രീകളും, ലൈംഗിക ന്യൂനപക്ഷങ്ങളും, ഭൂരിപക്ഷവാദവും ന്യൂനപക്ഷങ്ങളും, ജാതി മര്‍ദ്ദനം, വംശീയ വെറി, അസമത്വം, ആയുധ മത്സരം, യുദ്ധഭീഷണി തുടങ്ങിയ ഒട്ടനവധി വിഷയങ്ങള്‍ ഇടതുപക്ഷ വീക്ഷണങ്ങളുടെ പരിപ്രേക്ഷ്യങ്ങളില്‍ അവതരിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. മലബാര്‍ ജേര്‍ണലിന്റെ എല്ലാം അഭ്യുദയകാംക്ഷികളുടെയും, പിന്തുണയും സഹകരണവും, സഹായങ്ങളും പതിവുപോലെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ.


.jpg)