ഫ്‌ളോസിംഗ് അഥവാ പല്ലിന്റെ ഇടയ്ക്കുള്ള അഴുക്ക് നീക്കം ചെയ്യല്‍
''സാറേ, എന്റെ മോള് പറഞ്ഞു പല്ലിന്റെയിടയില്‍ നൂലിട്ട് വലിക്കാന്‍, പണ്ട് പിന്‍ അല്ലെങ്കില്‍ പല്ലുകുത്തി ഇട്ട് കുത്തുമായിരുന്നു ഇപ്പം നൂലാണ് ഉപയോഗിക്കുന്നത്" ''ഏത് നൂലാണ് ചേച്ചീ ഉപയോഗിക്കുന്നത്?" "തയ്ക്കണ നൂല് അല്ലാതെ പിന്നെ ഏത് സാറേ?" "അയ്യോ ഇതതല്ല സാധനം, പറഞ്ഞു തരാം ഈ നൂലിനെ ദന്തല്‍ ഫ്‌ളോസ് എന്ന് പറയും''
ഒരു രോഗിയുമായി മുമ്പ് നടന്ന സംഭാഷണമാണ് ഓര്‍ത്തത്. ഇപ്പോഴും പലരും ചെയ്യാത്ത, ശരിയായി മനസ്സിലാക്കാത്ത, ശരിയായി മനസ്സിലാക്കി കൊടുക്കാത്ത ഒരു കാര്യമാണ് ഫ്‌ളോസിംഗ്. പല്ലുകള്‍ക്കിടയിലെ അഴുക്ക് നീക്കം ചെയ്യാനുള്ള ഒരുപാധിയാണിത്. പല്ലുകള്‍ക്കിടയില്‍ ഭക്ഷണത്തിന് കടന്നുപോകാനായി വളരെ ചെറിയ വിടവുകളുണ്ട്. ഇവയെ നിര്‍ഗമനമാര്‍ഗങ്ങള്‍ അഥവാ embrasures എന്ന് പറയുന്നു. ഇവ പല വലിപ്പത്തിലുണ്ടാവുന്നു. തീരെ ചെറിയ വിടവുകള്‍ക്കാണ് ഫ്‌ളോസ് അഭികാമ്യം. അല്‍പം കൂടി വലിയ വിടവുകളില്‍ ഇന്റര്‍ദന്തല്‍ ബ്രഷുകളാണ് കൂടുതല്‍ നല്ലത്
1.എന്താണ് ദന്തല്‍ ഫ്‌ളോസ്?
1800 കാലഘട്ടത്തില്‍ ലെവി സ്പിയര്‍ പാംലി എന്ന ഗവേഷകന്റെ ശ്രമഫലമായി പ്ലാക്ക് ഗാരട്ട് എന്ന രൂപത്തില്‍ തുടങ്ങിയ ഉപാധി പിന്നീട് ആധുനിക കാലത്തേയ്ക്ക് വന്നപ്പോള്‍ രൂപവും ഭാവവും മാറി. പല്ലുകള്‍ക്കിടയിലെ അഴുക്കെടുക്കാന്‍ സഹായിക്കുന്ന നൂല്‍ എന്നിതിനെ വിളിക്കാം
2.എത്ര തരം ഫ്‌ളോസുകളുണ്ട്?
പല തരം ഇഴ ചേര്‍ന്ന മള്‍ട്ടിഫിലമെന്റ് തരം ഉദാ:നൈലോണ്‍ ഒരു തരം ഇഴ ചേര്‍ന്ന മോണോ ഫിലമെന്റ് തരം ഉദാ: PTFE (പോളി ടെട്രാ ഫ്‌ളൂറോ എത്തിലീന്‍) ഇവയില്‍ തന്നെ മെഴുക് അടങ്ങിയതും ഇല്ലാത്തതും ഉണ്ട്. പാരഫിന്‍ വാക്‌സാണെന്നും തിമിംഗലത്തില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സ്‌പെര്‍മസെറ്റി വാക്‌സാണെന്നും പല പഠനങ്ങളില്‍ പറയുന്നു. ഇഴ കൂടിയതില്‍ നാരുകള്‍ കീറാനും പൊട്ടാനും സാധ്യത കൂടുതലാണ്. അതിനാല്‍ ഇറുകിയ തരത്തില്‍ പല്ലുകള്‍ സ്ഥിതി ചെയ്യുന്നവര്‍ക്ക് മെഴുക് അടങ്ങിയ തരമാണ് അഭികാമ്യം.
Representational Image: Flickr
3.എങ്ങനെ ചെയ്യണം?
1. ഒരു 18 ഇഞ്ച് നൂല്‍ മുറിച്ചെടുക്കുക
2.അത് രണ്ടു കൈകളുടെയും നടുവിരലില്‍ ചുറ്റുക
3.ഏതാണ്ട് 2-3 ഇഞ്ച് ഉപയോഗത്തിനായി മെല്ലെ വിടുവിച്ച് പല്ലുകള്‍ക്കിടയില്‍ മെല്ലെ മുമ്പോട്ടും പിന്നോട്ടും ചലിപ്പിച്ച് പതിയേ ഇറക്കുക
4.പല്ലിലെ സ്വാഭാവികമായ വളവും തിരിവുമനുസരിച്ച് നൂലും വളയ്ക്കുകയും തിരിക്കുകയും വേണം
5.അധികം ബലമോ മര്‍ദ്ദമോ ഏല്‍പ്പിക്കാതെ അഴുക്കെടുത്ത് സാവധാനം വീണ്ടും മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് സാവധാനം തിരിച്ചെടുക്കുക
6.അടുത്ത വൃത്തിയുള്ള 2 - 3 ഇഞ്ച് ഭാഗം കൊണ്ട് ഈ പ്രക്രിയ തുടരുക
7.എല്ലാ പല്ലുകള്‍ക്കിടയിലും ഇത് തുടര്‍ന്നതിനു ശേഷം അവസാനിപ്പിക്കുക. ഇത് രാത്രിയില്‍ അത്താഴം കഴിഞ്ഞ് ബ്രഷിംഗും ചെയ്തതിനുശേഷം ചെയ്താല്‍ മതിയാകും. ഇവ പല സ്വാദിലും മണത്തിലും ഉള്ളവ വിപണിയില്‍ ലഭ്യമാണ്
4.ഇത് ചെയ്തില്ലെങ്കില്‍ എന്താണ് കുഴപ്പം?
സാധാരണ ബ്രഷിന് എത്താന്‍ കഴിയാത്ത ഈ ഭാഗത്തെ അഴുക്ക് ക്രമേണ ഘനീഭവിച്ച് കാല്‍ക്കുലസായി രൂപം മാറും. മോണരോഗം മൂര്‍ച്ഛിച്ച് പല്ലുകള്‍ കൊഴിഞ്ഞു പോകാന്‍ കാരണമാവും. അതോടൊപ്പം പല്ലുകള്‍ക്കിടയില്‍ ദന്തക്ഷയം വര്‍ദ്ധിക്കാനും കാരണമാവും. പലപ്പോഴും ഈ ഭാഗങ്ങളില്‍ അസഹ്യമായ പുളിപ്പ് അനുഭവപ്പെടാനും കാരണമാവും.
5. ഇത് കുട്ടികള്‍ ചെയ്യേണ്ടതുണ്ടോ?
പാല്‍പ്പല്ലുകള്‍ക്കിടയില്‍ സാധാരണ ബ്രഷിന് കയറി അഴുക്ക് എടുക്കാവുന്ന അകലം ഉണ്ടാവാറുണ്ട്. കുട്ടികളില്‍ സ്ഥിരദന്തങ്ങള്‍ വന്നു തുടങ്ങിയാല്‍ ഫ്‌ളോസിംഗ് ചെയ്തു തുടങ്ങാം. അതായത് ആറു വയസു മുതല്‍ ഇത് ആരംഭിക്കാം. അപ്പോ തയ്ക്കുന്ന നൂല് എങ്ങനെയെങ്കിലും തിരുകി കയറ്റാതെ ശരിയായ ഉപാധി ഉപയോഗിച്ച് ശാസ്ത്രീയമായി തന്നെ ചെയ്തു തുടങ്ങിക്കോളൂ.