TMJ
searchnav-menu
post-thumbnail

Health

മാറുന്ന കാലത്തെ ആർത്തവ ശുചിത്വങ്ങൾ

20 Mar 2023   |   3 min Read
ഡോ. അനാമിക നാഥ്

നുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണ് കൗമാരകാലഘട്ടം. പ്രത്യേകിച്ച്, പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് ആർത്തവത്തിന്റെ തുടക്കം. ആദ്യത്തെ ആർത്തവം (മെനാർകീ) 11 നും 15 നും ഇടയിൽ ആരംഭിക്കുന്നു. എന്നിരുന്നാലും, ആർത്തവവുമായി ബന്ധപ്പെട്ട ശാസ്ത്രീയ അറിവുകളെക്കുറിച്ചും ശുചിത്വ ആരോഗ്യ രീതികളെക്കുറിച്ചും സമൂഹത്തിന് പലപ്പോഴും ശരിയായ അവബോധമില്ല. നിരന്തരമായ വിലക്കുകളും നിരവധി കെട്ടുകഥകളും ആചാരങ്ങളും ആണ് ഇതിന് കാരണം. അത്തരം അജ്ഞത പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നതാണ് അതിലെ ഭീകരത. പെൺകുട്ടികളെ പലപ്പോഴും അവഗണിക്കപ്പെടുന്ന ഇന്ത്യയിൽ, ആർത്തവമുള്ള പെൺകുട്ടികൾ ഒരു ദുർബല വിഭാഗമാണ്. ആർത്തവത്തെ ഇപ്പോഴും അശുദ്ധമായി കാണുന്നതിനാൽ യാഥാർത്ഥ്യം എന്തെന്ന് മനസ്സിലാക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിൽ നടക്കുന്നില്ല എന്നതാണ് വസ്തുത. ആർത്തവത്തെ കുറിച്ചും അതുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചും ഒരു പെൺകുട്ടിയുടെ അവബോധം എത്രത്തോളമുണ്ടെന്നതിനെ ആശ്രയിച്ചാണ് മുന്നോട്ടുള്ള ജീവിത രീതികളും. എന്നിരുന്നാലും, പുതുലമുറയിലെ സ്ത്രീകളും കുട്ടികളും ആർത്തവത്തെ സാധാരണമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സമൂഹത്തിൽ പൊതുബോധം വളർത്തുന്നതിന്റെ ആവശ്യകത മനസ്സിലാക്കി വരും തലമുറയിൽ ആൺ പെൺ ഭേദമന്യേ ശരിയായ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടതാണ്.

ആർത്തവ സമയത്തെ ശുചിത്വം ഏറെ പ്രധാനപ്പെട്ടതാണ്. ഈ സമയം, പ്രത്യുൽപാദന അവയവങ്ങളിലെ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ സ്ത്രീകളുടെ ശുചിത്വവുമായി ബന്ധപ്പെട്ട പെരുമാറ്റം നിർണായകമാണ്. സാമൂഹിക സാമ്പത്തിക തലം, ആർത്തവ ശുചിത്വ രീതികൾ, പ്രത്യുൽപാദന സംബന്ധമായ അണുബാധകൾ എന്നിവ തമ്മിലുള്ള ബന്ധം വ്യക്തമാണ്. ഇന്ത്യയിൽ, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ പലരും ആർത്തവസമയത്ത് തുണികളാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, പലരും അവ സമയബന്ധിതമായി മാറ്റുന്നില്ല. അതിനാൽ, ഇന്ന് പലർക്കും അണുബാധകളും അതിന്റെ സങ്കീർണതകളും അനുഭവപ്പെടുന്നുണ്ട്. കൂടാതെ ഇത്തരം രോഗങ്ങൾ പിന്നീട്  ഗർഭസ്ഥാവസ്ഥയിൽ അമ്മയുടെ ഗർഭപിണ്ഡത്തിലേക്ക് വ്യാപിക്കുന്നു. ശരിയായ ആർത്തവ ശുചിത്വ രീതികളെക്കുറിച്ച് കൂടുതൽ ധാരണയുള്ള സ്ത്രീകൾക്ക് അത്തരം അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതിനാൽ, ആർത്തവത്തെ കുറിച്ച് നേരത്തെ തന്നെ കുട്ടികളിൽ അവബോധം വളർത്തുന്നത് സുരക്ഷിതമായ പെരുമാറ്റം മെച്ചപ്പെടുത്തുകയും ദശലക്ഷക്കണക്കിന് സ്ത്രീകളുടെ വേദന ലഘൂകരിക്കുകയും ചെയ്യും.ആർത്തവ സമയത്ത് നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾക്കും കാലത്തിനനുസരിച്ചുള്ള മാറ്റം വരുന്നുണ്ട്. ആർത്തവകപ്പുകൾ, വീണ്ടും ഉപയോഗിക്കാവുന്ന കോട്ടൺ പാഡുകൾ, ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന കോട്ടൺ പാഡുകൾ, ടാംപൂണുകൾ തുടങ്ങി പലതരം കണ്ടുപിടുത്തങ്ങളാണ് വിപണിയിലെത്തിരിക്കുന്നത്.

പുതുമയേറുന്ന മെൻസ്ട്രൽ കപ്പ്

ആർത്തവ സമയത്ത് പൊതുവെ കോട്ടൺ നാപ്കിനുകളും തുണിയുമാണ് ഇന്ത്യയിൽ സ്ത്രീകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ മാറ്റങ്ങളിലേയ്ക്കുള്ള മാറ്റത്തിലേയ്ക്കാണ് പെൺകുട്ടികളും സ്ത്രീകളും. പാഡും തുണിയും ഉപയോഗിച്ച് യാത്ര ചെയ്യുമ്പോഴുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ സ്ത്രീകൾ പൊതുസമൂഹത്തിൽ തുറന്നുപറഞ്ഞിരുന്നെങ്കിലും മാറ്റമുണ്ടാക്കുന്ന വിധം പരിഹാരങ്ങൾ കണ്ടെത്തിയിരുന്നില്ല. എന്നാൽ ചില മാറ്റങ്ങൾ നമ്മുടെ രാജ്യത്തും കണ്ടുവരുന്നുണ്ട്. മെൻസ്ട്രൽ കപ്പ് വിപണിയിൽ വന്നിട്ട് ഏറെയായെങ്കിലും അടുത്ത കാലത്താണ് ഇതിന്റെ ഉപയോഗം സ്ത്രീകൾക്കിടയിൽ പ്രചരിക്കുന്നത്. സാനിറ്ററി പാഡിനേക്കാൾ സുരക്ഷിതവും ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ് ഈ കപ്പുകൾ. ഒരു കപ്പ് പത്തു വർഷത്തോളം കഴുകി വൃത്തിയാക്കി ഉപയോഗിക്കാമെന്നാണ് ഉത്പാദകർ അവകാശപ്പെടുന്നത്. യാത്ര ചെയ്യുന്നവർക്ക്, ബാത്റൂം സൗകര്യമില്ലാത്തവർക്ക് എല്ലാം ഇത്തരം കപ്പ് സഹായകമാണ്. പ്രായഭേദ്യമന്യേ എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഈ കപ്പുകൾ ഉപയോഗിക്കാനും സാധിക്കും. ഉപയോഗിച്ച് 6-8 മണിക്കൂറിന് ശേഷം പുറത്തെടുത്ത് വൃത്തിയാക്കാവുന്നതാണ്. എന്നാൽ ചില ഘട്ടങ്ങളിൽ മാറാൻ സാധിക്കാതെ വന്നാലും 10-12 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാം എന്നാൽ കപ്പിന്റെ ഉപയോഗം ശരിയായ രീതിയിൽ അല്ലെങ്കിലോ വലുപ്പം ശരിയായ അളവിൽ അല്ലെങ്കിലോ ലീക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.എന്താണ് ടോക്സിക് ഷോക് സിൻഡ്രോം?

നമ്മുടെ നാട്ടിൽ അധികം ആളുകൾ ഉപയോഗിക്കാത്ത ഒന്നാണ് ടാംപൂൺസ്. ചിലവ് കൂടുതലാണെന്നുള്ളതും ഉപയോഗിക്കാനുള്ള ഭയവും കാരണങ്ങളാണ്. ടാംപൂൺ ഉപയോഗിക്കുന്നവർ 8 മണിക്കൂറിൽ കൂടുതൽ ഒരെണ്ണം ഉപയോഗിക്കാതെ 4-6 മണിക്കൂറുകളിൽ മാറ്റേണ്ടതാണ്. കൂടുതൽ നേരത്തെ ഉപയോഗം അണുബാധയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതിലൂടെ ടോക്സിക് ഷോക് സിൻഡ്രോം എന്ന അവസ്ഥയ്ക്കും കാരണമാകാം. ദീർഘനേരം സൂക്ഷിച്ചു വച്ചിരിക്കുന്ന ടാംപണുകളിൽ സ്റ്റാഫൈലോകോക്കസ് എന്ന ബാക്ടീരിയയുടെ വളർച്ചയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവയുടെ വളർച്ച മൂലം രക്തത്തിൽ വിഷാംശം പുറന്തള്ളപ്പെടുമെന്നതിനാൽ സ്ത്രീകൾക്ക് മരണം വരെ സംഭവിക്കാം. വിദേശ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആർത്തവ സമയം സുരക്ഷിതമാക്കാൻ

1. ടോയ്‌ലറ്റ്/കുളിമുറി ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ കഴുകുക
2. ഉപയോഗിച്ച ആർത്തവ ഉൽപന്നങ്ങൾ കൃത്യമായി പേപ്പറുകളിൽ (ഉദാഹരണത്തിന് പത്രങ്ങൾ, ടോയ്‌ലറ്റ് പേപ്പറുകൾ മുതലായവ) പൊതിഞ്ഞതിനു ശേഷം അവ കുട്ടികളുടെയും അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെയും കൈയ്യെത്താത്തവിധം നശിപ്പിച്ചുകളയുക
3. വസ്ത്രങ്ങൾക്ക് പകരം സാനിറ്ററി പാഡുകൾ ഉപയോഗിക്കണം, എന്നാൽ ഓരോ 3-4 മണിക്കൂർ ഇടവിട്ട് മാറ്റണം. (രോഗാണുക്കളുടെ വളർച്ചയ്ക്ക് രക്തം നല്ലൊരു മാധ്യമമാണ്, അതിനാൽ അണുബാധയ്ക്ക് കാരണമാകുമെന്ന് ഓർമ്മിക്കേണ്ടതാണ്).
4. ടാംപൂണുകൾ ഉപയോഗിക്കുകയാണെങ്കിൽ, അത് ഓരോ 4-6 മണിക്കൂറിലും മാറ്റണം, കൂടുതൽ സമയം സൂക്ഷിക്കാൻ പാടില്ല.
5. മെൻസ്ട്രൽ കപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, തിളച്ച വെള്ളത്തിൽ രണ്ട് മിനിറ്റ് വെച്ചതിനു ശേഷം എല്ലാ ദിവസവും അവ വൃത്തിയാക്കണം.
6. ഇറുകിയ അടിവസ്ത്രങ്ങൾക്ക് ഈർപ്പം നിലനിർത്താനും അതുവഴി രോഗാണുക്കളുടെ വളർച്ചയെ അനുവദിക്കാനും കഴിയുന്നതിനാൽ ഭാരം കുറഞ്ഞതും വായു സഞ്ചാരമുള്ളതുമായ അടിവസ്ത്രങ്ങൾ ഉപയോഗിക്കേണ്ടതാണ്.
7. ജനനേന്ദ്രിയങ്ങൾ വെള്ളം ഉപയോഗിച്ച് ശരിയായി വൃത്തിയാക്കണം, ഒരിക്കലും സുഗന്ധമുള്ള സോപ്പുകളോ ദ്രാവകങ്ങളോ ഉപയോഗിച്ച് വൃത്തിയാക്കരുത്, കാരണം അവയവങ്ങളിലെ പിഎച്ച് മാറ്റുകയും ദോഷകരമായ അണുക്കളിൽ നിന്ന് ലൈംഗികാവയവങ്ങളെ സംരക്ഷിക്കുന്ന സൗഹൃദ രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യും.
8. അണുബാധയുണ്ടാക്കുന്ന അണുക്കളെ പുറന്തള്ളാൻ വെള്ളവും ഫ്രഷ് ജ്യൂസും കൂടുതൽ കഴിക്കണം. ആർത്തവ സമയത്ത് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ കഫീൻ ഒഴിവാക്കണം.
9. ആർത്തവ സൈക്കിളുകൾ ശ്രദ്ധിക്കേണ്ടതാണ്. ക്രമരഹിതമായ ആർത്തവം, കനത്ത ഒഴുക്ക് അല്ലെങ്കിൽ ചെറിയ ഒഴുക്ക് എന്നിവ അടിസ്ഥാന രോഗങ്ങളെ സൂചിപ്പിക്കുന്നു, അതിനാൽ ആർത്തവ സമയത്തെ വേദന, സ്വകാര്യ ഭാഗങ്ങളിൽ ചൊറിച്ചിൽ, എന്നിവ ഉണ്ടായാൽ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
10. അവസാനമായി, ആർത്തവം ഒരു സാധാരണ പ്രതിഭാസമാണ്, അത് ഒരാളുടെ വിവേചനത്തിനോ ഉത്കണ്ഠയ്‌ക്കോ കാരണമാകരുത്. മറ്റേതൊരു ദിവസത്തേയും പോലെ ഒരു സ്ത്രീക്ക് നന്നായി വിശ്രമിക്കാനും പൂർണ്ണമായി ജീവിക്കാനും കഴിയണം.


#health
Leave a comment