സ്ത്രീകളുടെ മയക്കുമരുന്ന് ഉപയോഗം; ചികിത്സയ്ക്കായി രാജ്യത്തുളളത് നാലു കേന്ദ്രങ്ങൾ മാത്രം
സ്ത്രീ പുരുഷ ഭേദമന്യേ രാജ്യത്ത് ലഹരിമരുന്നിന്റെ വില്പനയും ഉപയോഗവും കൂടിവരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എന്നാൽ സ്ത്രീകൾക്കായുള്ള ഡ്രഗ് ഡീ-അഡിക്ഷൻ സെന്ററുകൾ ഗവൺമെന്റ് തലത്തിൽ നാലെണ്ണം മാത്രമാണെന്ന് കേന്ദ്ര സർക്കാരിന്റെ വിശദീകരണം പുറത്ത് വന്നിരുന്നു. രണ്ട് കേന്ദ്രങ്ങൾ മണിപ്പൂരിലും മറ്റു രണ്ടെണ്ണം മിസോറാമിലും കർണാടകയിലുമാണ്. അതേസമയം വിവിധ തരത്തിലുള്ള ലഹരിവസ്തുക്കളുടെ ദുരുപയോഗം നേരിടുന്ന സ്ത്രീകളുടെ എണ്ണം ഇന്ത്യയിലുടനീളം 57.4 ലക്ഷമാണെന്നും കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് വ്യക്തമാക്കി.
2017-18 കാലയളവിൽ നടന്ന ഇന്ത്യയിലെ ലഹരിവസ്തുക്കളുടെ ഉപയോഗത്തെ സംബന്ധിച്ച ദേശീയ സർവേയിൽ 10നും 75നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് കഞ്ചാവ് കൂടുതലായി ഉപയോഗിക്കുന്നതെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഒപിയോയിഡുകൾ, സെഡേറ്റീവ്‌സ്, ഇൻഹേലറുകൾ എന്നിവയാണ് കൂടുതലായും ഉപയോഗത്തിലുള്ളത്. നൂറ്റാണ്ടുകളിലായി ഇന്ത്യയിൽ സൈക്കോ ആക്റ്റീവ് വസ്തുക്കളുടെ ഉപയോഗം പ്രബലമാണെങ്കിലും, പൊതുജനാരോഗ്യത്തിന്റെ ഉപയോഗ രീതിയും അതിന്റെ പ്രത്യാഘാതങ്ങളും അടുത്ത കാലം വരെ ശരിയായി രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ വർദ്ധിച്ചുവരുന്ന ഈ പ്രശ്‌ന പരിഹാരത്തിന് ഫലപ്രദമായ നയങ്ങൾ രൂപീകരിക്കുന്നത് ബുദ്ധിമുട്ടാകുകയാണ്.
വെല്ലുവിളികൾ പലവിധം
ഇന്ത്യയിൽ സ്ത്രീകൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചു വരുന്ന റിപ്പോർട്ടുകൾ ആശങ്ക ജനിപ്പിക്കുന്നതാണ്. എന്നിട്ടും ചികിത്സ തേടുന്ന സ്ത്രീകൾ കുറവാണ് എന്നുള്ളതാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലെ പ്രധാന ഭീഷണി. സമൂഹത്തിൽ നിന്നുള്ള അവഹേളനം, സാമ്പത്തിക പിന്തുണയുടെ അഭാവം, സ്വകാര്യ പുനരധിവാസ കേന്ദ്രങ്ങളുടെ ഉയർന്ന ചിലവ്, വീട്ടുജോലിയും കുട്ടികളെ സംരക്ഷിക്കുന്നതിനും സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ സ്ത്രീകളെ ചികിത്സ തേടുന്നതിൽ നിന്ന് തടസ്സപെടുത്തുന്നു. സ്ത്രീകൾക്ക് മാത്രമുള്ള സൗകര്യങ്ങളുടെ അഭാവവും പ്രശ്‌നം കൂടുതൽ വഷളാക്കുകയാണ്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകൾ ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ ഏർപ്പെടാത്തവരെ അപേക്ഷിച്ച് കൂടുതൽ അതിക്രമത്തിന് വിധേയരാകുന്നുവെന്ന് യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓഫ് ഡ്രഗ്‌സ് ആൻഡ് ക്രൈം (UNODC) 2018 ലെ ഒരു റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇതിൽ ബാല്യകാല ലൈംഗീക ദുരുപയോഗം, അടുപ്പമുള്ള പങ്കാളിയുടെ അക്രമം, അപരിചിതരുടെ ലൈംഗീക ചൂഷണവും കടത്തും ഉൾപ്പെടുന്നു. മാത്രമല്ല, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി, രക്തത്തിലൂടെ പകരുന്ന മറ്റ് അണുബാധകൾ തുടങ്ങിയ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതയും ഇവർക്ക് കൂടുതലാണ്. ഇതിനുപുറമെ, മയക്കുമരുന്നുകളുടെ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ സ്ത്രീകൾ അനുഭവിക്കുന്നതും വളരെ വലുതാണ്.
പഠനങ്ങളുടെ അഭാവം
എന്നാൽ മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള ഗവേഷണം പ്രധാനമായും പുരുഷ ഉപയോക്താക്കളെ കേന്ദ്രീകരിച്ചാണ് രാജ്യത്ത് നടന്നിട്ടുള്ളത്. സ്ത്രീകൾക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ ഗ്രന്ഥങ്ങൾ മദ്യത്തെയും പുകയില ഉപയോഗത്തെയും കുറിച്ചുള്ള പ്രാഥമിക പഠനങ്ങൾ മാത്രമാണ്. എന്നാൽ ഈ പഠനങ്ങൾ പോലും പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് എഴുതപ്പെട്ടതാണ്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ സ്ത്രീകൾ നേരിടുന്ന സാഹചര്യങ്ങളെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
ഈ സാഹചര്യത്തിൽ, ലഹരിവസ്തുക്കളുടെ ഉപയോഗം സ്ത്രീകളെ എങ്ങനെ ബാധിക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. ലഹരിവസ്തുക്കളുടെ ഉപയോഗമുള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെങ്കിലും, മയക്കുമരുന്ന് ഉപയോഗിക്കുന്ന പുരുഷന്മാരുടെ പങ്കാളികൾ എന്ന നിലയിൽ സ്ത്രീകളെ കാര്യമായിത്തന്നെ ബാധിക്കുന്നു. മാത്രമല്ല മയക്കുമരുന്ന് ഉപയോഗത്തിൽ അടിമപ്പെടുന്ന സ്ത്രീകൾക്ക് പലപ്പോഴും കുടുംബത്തെയും കുഞ്ഞുങ്ങളെയും ഉത്തരവാദിത്വത്തോടെ സംരക്ഷിക്കാൻ സാധിക്കുന്നതല്ല. ചികിത്സ ആവശ്യമായ സ്ത്രീകളെ ഏറ്റെടുക്കുന്നതോടൊപ്പം അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള ചുറ്റുപാടുകൾ ക്രമീകരിക്കേണ്ടി വരുന്നതിനാൽ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിൽ പുറകോട്ട് പോകുന്നതിന് കാരണമാകുന്നുവെന്ന് അൽ ജസീറയിലെ ഒരു റിപ്പോർട്ട് യുഎൻ പഠനത്തെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി.
പരിഹാര മാർഗങ്ങൾ
ഇന്ത്യയിൽ, സ്ത്രീകൾക്ക് മാത്രമുള്ള കേന്ദ്രങ്ങളുടെ എണ്ണം വളരെ കുറവാണെന്നത് കൂടാതെ, നിലവിലുള്ള സർക്കാർ സംവിധാനങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക വാർഡുകൾ ഇല്ലെന്നാണ് റിപ്പോർട്ട്. 2019 ൽ മാത്രമാണ് പഞ്ചാബ് സർക്കാർ എല്ലാ പുനരധിവാസ കേന്ദ്രങ്ങളിലും സ്ത്രീകൾക്ക് മാത്രമായി വനിതാ ജീവനക്കാരുള്ള വാർഡുകൾ സൃഷ്ടിക്കുന്നത് നിർബന്ധമാക്കിയത്. മറ്റുള്ള സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല.
ഔട്ട്‌റീച്ച് ജീവനക്കാരുടെ അഭാവം മറ്റൊരു തടസ്സങ്ങളിലൊന്നാണ്. ലഹരിവസ്തുക്കളുടെ ഉപയോഗ വൈകല്യങ്ങളുള്ളവരിലേക്ക് എത്തിച്ചേരുന്നതിനും അവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനും ഔട്ട്‌റീച്ച് പ്രവർത്തകർ പ്രധാന പങ്കുവഹിക്കുന്നു. മുമ്പ്, രാജ്യത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗ കേസുകളുള്ള സംസ്ഥാനമായ പഞ്ചാബിൽ ഒരു പൈലറ്റ് പ്രോഗ്രാം സംഘടിപ്പിക്കുകയും വിജയകരമാകുകയും ചെയ്തിരുന്നു. ഒരിക്കൽ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് പുറത്തുവന്നവരെ ബന്ധിപ്പിച്ച് മയക്കുമരുന്നിന്റെ ഉപയോഗം തുടർന്നുകൊണ്ടിരിക്കുന്ന സ്ത്രീകളെ കണ്ടെത്തി ഡി-അഡിക്ഷൻ സെന്ററുകളിൽ എത്തിക്കാൻ സഹായിച്ചിരുന്നു. എന്നാൽ ഈ പ്രോഗ്രാം പിന്നീട് നിർത്തലാക്കി.
സ്ത്രീകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഡി-അഡിക്ഷൻ സെന്ററുകളുടെയും ചികിത്സാ കേന്ദ്രങ്ങളുടെയും ആവശ്യകത വിദഗ്ധർ വീണ്ടും വീണ്ടും ഊന്നിപ്പറയുന്നുണ്ട്. സ്ത്രീകൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ കാരണങ്ങളും അനന്തരഫലങ്ങളിലുള്ള വ്യത്യാസങ്ങളും മനസ്സിലാക്കി ലിംഗഭേദമന്യേ ചികിത്സാ നടപടികൾ ആവശ്യമാണ്. അതിനായി സ്ത്രീകൾക്ക് പ്രവേശനം നൽകുന്ന ഡി-അഡിക്ഷൻ സെന്ററുകളാണ് ആവശ്യം.