ഫൈൻഡ് യുവർ ഇക്കിഗായി
എന്റെ സഹോദരൻ ഐറ്റിറിൻ മറ്റൊരാളും പറയാത്ത ഒന്ന് പതിവായി എന്നോട് പറയുമായിരുന്നു, "എന്റെ ജീവിതം കൊണ്ട് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല " - ഹെക്തർ ഗാർസിയ. ഹെക്തർ ഗാർസിയയും ഫ്രാൻസെസ്ക് മിറാല്യെസും ഒരു മഴക്കാല രാത്രിയിൽ ടോക്യോയിലെ ഒരു ബാറിൽ വെച്ച് ആദ്യമായി കണ്ടുമുട്ടി. ആ കണ്ടുമുട്ടൽ ഇക്കിഗായി എന്ന ഒരു കൃതി ജനിക്കുന്നതിനു കാരണമായി. പിന്നീടുള്ള കണ്ടുമുട്ടലുകളിലൂടെ ഇക്കിഗായി വളർന്നു വലുതായി ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ ആയ ഒരു പുസ്തകമായി മാറി.
ഇക്കിഗായി എന്നത് ഒരു ജാപ്പനീസ് ആശയമാണ്. ഉഷാറായി ജീവിതത്തിരക്കുകളിൽ മുഴുകുന്നതിന്റെ സന്തോഷം എന്ന് അതിനെ ഏതാണ്ട് വിവർത്തനം ചെയ്യാം. ജപ്പാനിലെ ഒക്കിനാവ ദ്വീപ് നിവാസികളുടെ ജീവിതരീതിയുമായി ഈ ആശയത്തെ കൂട്ടിച്ചേർക്കാം, ഒക്കിനാവക്കാർക്ക് ഒരു പ്രത്യേകതയുണ്ട്. ജപ്പാൻകാർ പ്രത്യേകിച്ച് ഒക്കിനാവക്കാർ അസാധാരണമായ ദീർഘായുസ്സുള്ളവരാണ്, ഒക്കിനാവയിൽ ഒരോ ലക്ഷം പേരിലും 24. 55 പേർ നൂറുവയസ്സിനുമേൽ പ്രായമുള്ളവരാണ്-ആഗോള ശരാശരിയേക്കാൾ ഏറെ മുന്നിൽ. ദക്ഷിണ ജപ്പാനിലുള്ള ഈ ദ്വീപിൽ കഴിയുന്നവർക്ക്, ലോകത്ത് മറ്റെവിടെയുമുള്ളവരേക്കാൾ എന്തുകൊണ്ട് ഇത്ര ദീർഘായുസ്സ് ലഭിക്കുന്നു എന്നതിനെ കുറിച്ച് പഠിക്കുന്നവർക്ക് ഒരു പ്രധാന കാര്യം കണ്ടെത്താൻ കഴിയും ആരോഗ്യകരമായ ഒരു ആഹാരക്രമം, ലാളിത്യം നിറഞ്ഞ ഭൗതിക ജീവിതം, ഗ്രീൻ ടീ ഇവകൂടാതെ ഇക്കിഗായി. ചുരുക്കിപ്പറഞ്ഞാൽ അവർ പാലിക്കുന്ന ജീവിതരീതി വളരെ വ്യത്യസ്തവും ആരോഗ്യകരവുമാണ്.
യൗവനത്തിന്റെ ദ്വീപ്
ദീർഘായുസ്സിനെ കുറിച്ചുള്ള ചില പഠനങ്ങൾ കാണിക്കുന്നത്, അതിശക്തമായ സാമൂഹിക ബോധം, വ്യക്തമായി നിർവ്വചിക്കപ്പെട്ട ജീവിതശൈലി, വളരെ പ്രശസ്തവും ആരോഗ്യകരവുമായ ജാപ്പനീസ് ആഹാരക്രമം എന്നിവ ഒക്കിനാവ ദ്വീപ് നിവാസികളെ ദീർഘായുസ്സുള്ളവരാക്കുന്നു. ഒക്കിനാവയിലേയും, ബ്ലൂ സോണുകൾ എന്ന് വിളിക്കുന്ന, ആളുകൾക്ക് ദീർഘായുസ്സുള്ള മേഖലകളിലെയും നൂറു വയസ്സുകാരെക്കുറിച്ച് സമീപകാലത്ത് നടന്ന ആരോഗ്യ ശാസ്ത്രപഠനങ്ങൾ, ഈ അസാധാരണ മനുഷ്യരെക്കുറിച്ച് കൗതുകകരമായ നിരവധി വസ്തുതകൾ കാണിച്ചുതരുന്നു:
-ലോകത്ത് മറ്റ് ജനസംഖ്യയേക്കാൾ കൂടുതൽ കാലം അവർ ജീവിച്ചിരിക്കുന്നു എന്ന് മാത്രമല്ല, ക്യാൻസർ, ഹൃദ്രോഗം, ഗുരുതരമായ മാരകരോഗങ്ങൾ എന്നിവ ഇവരിൽ കുറവാണ്.
-ലോകത്തിന്റെ മറ്റെവിടെയും താമസിക്കുന്ന പ്രായമായവർക്ക് ചിന്തിക്കാൻ പോലും കഴിയാത്തവിധമുള്ള ആരോഗ്യസ്ഥിതിയും ഓജസ്സും അസൂയാർഹമായ വിധത്തിൽ ഈ നൂറ് വയസുകാർക്ക് അനുഭവിക്കാൻ കഴിയുന്നു.
-ഇവരുടെ രക്തപരിശോധനയിൽ ചുരുക്കം ഫ്രീ റാഡിക്കലുകളേ കണ്ടെത്താനായുള്ളൂ, ഇതിനു കാരണം അവരുടെ ചായകുടിയും 80% മാത്രം വയറുനിറയും വിധമുള്ള ആഹാരം കഴിക്കലുമാണ്.
-ആർത്തവ സമയത്ത് സ്ത്രീകൾ മിതമായ ലക്ഷണങ്ങളെ കാണിക്കുന്നുള്ളൂ, പ്രായമേറിയവരായാലും സ്ത്രീയും പുരുഷനും ഉയർന്ന അളവിൽ ലൈംഗിക ഹോർമോണുകൾ നിലനിർത്തുന്നു.
-ആഗോള ശരാശരിയേക്കാൾ ഏറെ താഴെയാണ് മറവി രോഗത്തിന്റെ നിരക്ക്.
ഡാൻ ബ്യുറ്റ്നർ തന്റെ ദി ബ്ലൂ സോൺസ് എന്ന കൃതിയിൽ രേഖപ്പെടുത്തിയ അഞ്ചു മേഖലകളാണ് ഒക്കിനാവ, സാൻഡിനിയ (ഇറ്റലി), ലോമ ലിൻഡ (അമേരിക്ക), ദി നികോയ പെനിസ്വല (കോസ്റ്ററിക്ക), ഇക്കാറിയ (ഗ്രീസ് ). ഇവിടങ്ങളിലെ ജനങ്ങളുടെ ദീർഘായുസ്സിന് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത് ആഹാരരീതി, വ്യായാമം, ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കുക (ഒരു ഇക്കിഗായി), സുശക്തമായ സാമൂഹിക ബന്ധങ്ങൾ രൂപപ്പെടുത്തുക-അതായത് സൗഹൃദങ്ങൾ പോലുള്ള സുശക്തമായ ഒരു വലയം എന്നിവയാണ്.
ഈ സമൂഹത്തിലെ അംഗങ്ങൾ സംഘർഷം ലഘൂകരിക്കും വിധം സമയത്തെ കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണ്, ഒപ്പം മാംസവും സംസ്കരിച്ച ഭക്ഷണവും കുറച്ചു മാത്രം കഴിക്കുന്നവരാണ്. കഠിന വ്യായാമങ്ങൾ അവർ ചെയ്യാറില്ല, എന്നാൽ അവർ ദിവസവും സഞ്ചരിക്കുന്നു, നടക്കുന്നു, സ്വന്തം പച്ചക്കറി തോട്ടങ്ങളിൽ പണിയെടുക്കുന്നു. ബ്ലൂ സോണുകളിലുള്ള ആളുകൾ വാഹനത്തിൽ സഞ്ചരിക്കുന്നതിനേക്കാൾ കൂടുതൽ നടക്കുന്നവരാണ്, എല്ലാവർക്കും പൊതുവായുള്ള ഒരു കാര്യം പൂന്തോട്ട പരിപാലനമാണ്, ഇത് ലളിതമായ ശാരീരിക വ്യായാമം അവർക്ക് നൽകുന്നു.
ഭക്ഷണം എന്ന രഹസ്യം
ജപ്പാനിൽ സാധാരണ പറയുന്ന ഒരു കാര്യമുണ്ട് "ഹര ഹാച്ചി ബു "ഭക്ഷണം കഴിക്കുന്നതിനു മുമ്പും പിമ്പും അവർ ആവർത്തിക്കുന്ന വാക്കാണിത്. നിങ്ങളുടെ വയർ 80% മാത്രം നിറക്കുക എന്നാണ് അതിന്റെ അർത്ഥം. വയറുനിറയെ ഭക്ഷണം കഴിക്കുന്നതിനെ ഇവർ എതിർക്കുന്നു. 80% വയറു നിറഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് നിർത്തുന്നത് കൊണ്ടുതന്നെ അവർക്ക് അമിത ഭക്ഷണം ഒഴിവാക്കാൻ കഴിയുന്നു. അതായത് വയർ നിറയാറായി എന്ന് തോന്നിത്തുടങ്ങുമ്പോൾ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുന്നു. ഭക്ഷണം എങ്ങനെ വിളമ്പുന്നു എന്നതും ജപ്പാൻകാർക്ക് പ്രധാനമാണ്. നിരവധി ചെറിയ പ്ലെയ്റ്റുകളിലായാണ് അവർ ഭക്ഷണം വിളമ്പുക, അതുവഴി കുറച്ചു മാത്രം കഴിക്കാനുള്ള പ്രവണതയുണ്ടാകുന്നു. പോഷകാഹാര വിദഗ്ധർ സമീപകാലത്ത് നടത്തിയ പഠനത്തിൽ വെളിപ്പെട്ടത്, ഒക്കിനാവ നിവാസികൾ ദിവസം ശരാശരി 1800 - 1900 കലോറി ഭക്ഷണം കഴിക്കുന്നു, യു. എസിൽ ഇത് 2200 - 3300 ആണ്. ഒക്കിനാവക്കാരുടെ ഭാര-ഉയര അനുപാതം 18-22 ആണ്, യു. എസുകാരുടേത് 26-27 ആണ്.
മനുഷ്യർ സ്വീകരിക്കുന്ന ചില മനോഭാവങ്ങൾ തന്നെ വാർദ്ധക്യത്തെ തടയുന്നതാണ്. മനസ്സിന് ശരീരത്തിനുമേൽ, അതിന്റെ പ്രായത്തിനുമേൽ അസാമാന്യ നിയന്ത്രണമുണ്ട്. മിക്കവാറും ഡോക്ടർമാർ അംഗീകരിക്കുന്ന ഒരു കാര്യം ശരീരത്തിന്റെ യൗവനം കാത്തുസൂക്ഷിക്കാനുള്ള ഏറ്റവും പ്രധാന മാർഗ്ഗം മനസ്സിനെ ഊർജസ്വലമാക്കി വെക്കുക എന്നതാണ്. യെശിവ യൂണിവേഴ്സിറ്റി നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയത് ദീർഘകാലം ജീവിച്ചിരിക്കുന്നവർക്ക് പൊതുവായി രണ്ട് സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കും എന്നാണ്: പോസിറ്റീവ് മനോഭാവം, ഉയർന്ന അളവിലുള്ള വൈകാരിക അവബോധം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വെല്ലുവിളികൾ പോസിറ്റീവ് മനോഭാവത്തോടെ അഭിമുഖീകരിക്കുന്നവർക്കും വൈകാരികതയെ പക്വമായി കൈകാര്യം ചെയ്യാൻ കഴിയുന്നവർക്കും നല്ല ആയുസുണ്ടായിരിക്കും എന്ന് പഠനങ്ങൾ പറയുന്നു. ദീർഘായുസ്സ് ഉണ്ടാകുന്നതിൽ ജീവിതശൈലിക്ക് ജനിതകത്തിനു തുല്യമോ അതിലേറെയോ പ്രാധാന്യമുണ്ട്. പോസിറ്റീവായി ചിന്തിക്കാനും പ്രവർത്തിക്കാനും ശീലിക്കുന്നത് വളരെ നല്ലതാണ്.
അവരവർക്കു വേണ്ടിയുള്ള ജീവിതം
നമ്മുടെ ജീവിതത്തിന് ലക്ഷ്യമില്ലാതാവുമ്പോഴാണ് അസ്തിത്വ സംബന്ധമായ നിരാശയുണ്ടാകുന്നത്. അല്ലെങ്കിൽ ലക്ഷ്യം വളഞ്ഞു പുളഞ്ഞുള്ള അവസ്ഥയിലായിരിക്കുമ്പോൾ Man's search for Meaning എന്ന കൃതിയിൽ നീത്ഷേയുടെ പ്രശസ്തമായ ഒരു വാക്യം ഫ്രാൻകെൽ സൂചിപ്പിക്കുന്നുണ്ട് "ജീവിച്ചിരിക്കാൻ ഒരാളുടെ കൈവശം, 'എന്തുകൊണ്ട് ' ഉണ്ടെങ്കിൽ, ഏത് 'എങ്ങനെ'യും അയാൾക്ക് നേരിടാൻ കഴിയും. സൺഡേ ന്യുറോസിസ് എന്നൊരു അവസ്ഥയുണ്ട് ആഴ്ചയിലെ തിരക്കേറിയ ജോലി ദിവസങ്ങൾ കഴിഞ്ഞു ഒരുവിധ ബാധ്യതകളും ഭാരവുമില്ലാതെ ആഴ്ചയിലെ അവസാന ദിവസം ഏറെ സമയം ലഭിക്കുമ്പോൾ വ്യക്തി സ്വയം വിചാരിക്കുന്നു, ആന്തരികമായി താൻ എത്രമാത്രം ശൂന്യനാണ് എന്ന് അയാൾക്ക് അതിന് ഒരു പരിഹാരം കണ്ടെത്തിയേ തീരൂ, എല്ലാത്തിനുമുപരിയായി, അദ്ദേഹത്തിന് തന്റെ ലക്ഷ്യം കണ്ടെത്തണം, കിടക്കയിൽ നിന്ന് എഴുന്നേൽക്കാനുള്ള കാരണം കണ്ടെത്തണം അതായത് ഒരു ഇക്കിഗായി കണ്ടെത്തണം ഇത്രയുമായി ചിലപ്പോൾ ജീവിതം ചുരുങ്ങിയത് പോലെ നമുക്ക് തോന്നിയേക്കാം എന്നിരുന്നാലും അത് തിരിച്ചു പിടിക്കേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യമാണ്. സാർത്ര് പറഞ്ഞിട്ടുണ്ട് നമ്മുടെ ജീവിതത്തിന്റെ അർത്ഥം നാം സൃഷ്ടിക്കരുത് അത് നാം കണ്ടെത്തണം. ഓരോരുത്തർക്കും ജീവിച്ചിരിക്കാൻ സവിശേഷമായ കാരണങ്ങളുണ്ട്, അത് വർഷങ്ങളിലൂടെ നിരവധി തവണ ചെറിയ മാറ്റങ്ങളിലൂടെ രൂപപ്പെട്ടു വന്നതാണ്, നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതിൽ നമ്മുടെ ജീവിതശൈലിക്ക് വളരെ വലിയ പങ്കുണ്ട്. പ്രത്യാശയോട് കൂടി മാത്രമേ മനുഷ്യർക്ക് ജീവിതത്തെ കീഴടക്കാൻ സാധിക്കുകയുള്ളൂ, ജർമ്മനിയിലെ കോൺസൺട്രേഷൻ ക്യാമ്പുകളിലെ ചില മനുഷ്യർ ക്യാമ്പിന് പുറത്ത് തങ്ങൾക്ക് ചെയ്തുതീർക്കാനുള്ള മഹത്തായ കാര്യങ്ങളെ പറ്റി ഓർത്തതുകൊണ്ട് മാത്രം ആത്മാവ് വെടിയാതെ പിടിച്ചു നിന്നിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.