Representational image: Pixabay
ചരിത്രവും സംസ്‌കാരവും കണ്ടറിഞ്ഞ യാത്ര
പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് കോളനിയായിരുന്ന സെറാമ്പോറിന്റെ മുന്നിലൂടെ ഒഴുകുന്ന ഹൂഗ്ലി, ശൈത്യകാലത്തെ കേളി എന്നോണം മൂടൽമഞ്ഞിൽ മങ്ങിനിൽക്കുന്നു. അവിടെ നിന്നുമുള്ള തണുത്ത കാറ്റ് എന്നെയും വഹിച്ച് വാരണാസിയിലെ ലളിതാ ഘട്ടിലേക്ക് ഒഴുകി. ജിപ്‌സി ഡയറിസ് എന്നു പേരുള്ള ബാക്ക് പാക്കേജ് ഹോസ്റ്റലിൽ ബാഗ് വെച്ചതിനു ശേഷം, ദമേഖ് സ്തൂപയിലേക്ക് നടന്നും ഹിച്ച് ഹൈക് ചെയ്തും എത്തി. നൂറ്റാണ്ടുകളുടെ ആധ്യാത്മിക ചരിത്രമുള്ള അവശിഷ്ടങ്ങളുടെ നടുവിൽ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കു
പിന്നീട് പ്രസിദ്ധമായ ഗംഗാതീരത്തെ ഘട്ടുകളിലേക്ക് നടന്നു. ആദ്യം എത്തിപ്പെട്ടത് ശ്മശാന ഭൂമിയിലേക്കായിരുന്നു. മാംസവും അസ്ഥികളും വിറകുകൾക്കിടയിൽ വെന്തുരുകുന്നത് യാതൊരുതരത്തിലുളള വികാരമോ ഭീതിയോ ഇല്ലാതെ നോക്കിനിൽക്കുന്ന ജനക്കൂട്ടം. അലസമായ മൂകത. അവിടെനിന്ന് ലളിതാ ഘട്ടിലേക്കും പിന്നീട്, പ്രശസ്തമായ അഗ്‌നിപൂജ കാണുവാനും യാത്രയായി. വലിയൊരു ജനസമുദ്രം. വിദേശികളും സ്വദേശികളും ഒരുപോലെ ലയിച്ച് നിൽക്കുന്ന കാഴ്ച. ഒരുവശത്തുനിന്ന് മലയാളവും കേൾക്കാമായിരുന്നു. ഗംഗയിൽ ദിക്കറിയാതെ ഒഴുകുന്ന റാന്തലും എന്റെ ചിന്തകളും ഒരുപോലെ താളം പിടിച്ചു.
അടുത്ത ദിവസം വാരണാസിയിൽ നിന്നും ഗോരക്പൂറിൽ എത്തി. വിഷ്ണു എന്ന മുസാഫിർ ആയിരുന്നു യാത്രയിലെ സഹസഞ്ചാരി. കഴിഞ്ഞ മൂന്നു ദശകങ്ങളായി ചെന്നൈയിൽ ജോലി ചെയ്യുന്ന നേപ്പാളി കുടുംബത്തെ ട്രെയിനിൽ വച്ച് പരിചയപ്പെടുകയുണ്ടായി. ഞങ്ങൾ അവരോടൊപ്പം സുനോലി എന്ന ഇൻഡോ-നേപ്പാൾ അതിർത്തിയിലേക്ക് പോയി. നേരം വൈകിയതിനാൽ അവിടെ ഒരു ഹോട്ടലിൽ തങ്ങി. നേപ്പാളിലെ ഓരോ ബസ്റ്റോപ്പുകളിലും ഹോട്ടലുടമകൾ കടന്നൽക്കൂട്ടം പോലെ സഞ്ചാരികളെ പൊതിയുന്ന അനുഭവം യാത്രയിലെ ഒരു ദിനചര്യമായി മാറിയിരുന്നു.
Representational image: Pixabay
നേപ്പാളിലേക്ക് റോഡ് മാർഗം
പിറ്റേദിവസം അതിർത്തിയിൽ തന്നെ കറൻസി എക്‌സ്‌ചേഞ്ച് ചെയ്ത്, നേപ്പാളി കറൻസി വാങ്ങി. റോഡ് മാർഗ്ഗമുള്ള യാത്ര വെല്ലുവിളി നിറഞ്ഞതാണ് എന്ന് നേപ്പാൾ സന്ദർശിച്ചിട്ടുള്ള സുഹൃത്ത് താക്കീത് നൽകിയിരുന്നു. എന്നാൽ വിദ്യാർത്ഥി എന്ന നിലയിൽ കീശയുടെ രാഷ്ട്രീയം കൂടി കണക്കിലെടുത്ത് കാഠ്മണ്ഡുവിലേക്കുള്ള ബസ് കയറി. സാധാരണ ഏഴ് മണിക്കൂർ എടുക്കുന്ന യാത്ര, 14 മണിക്കൂറായി പരിണമിച്ചു. പോരാത്തതിന് ശരീരത്തിലെ എല്ലാ സന്ധികളും വേർപെടുന്നപോലത്തെ വേദനയും. നേപ്പാളിൽ ഉടനീളമുള്ള റോഡുകളുടെ ഒരു ചെറു പതിപ്പായിരുന്നു ആ യാത്ര. കഠിന്യമേറിയ ഭൂപ്രദേശത്തിന്റെ വികസനത്തോടുള്ള പോർവിളി പോലായിരുന്നു അത്. രാത്രിയിൽ ഹോട്ടലിൽ തങ്ങിയതിനുശേഷം രാവിലെ നേപ്പാളിൽ ഉള്ള ഒരു സുഹൃത്തിന്റെ അഭിപ്രായമനുസരിച്ച് തമലിലേക്ക് നീങ്ങി.
അവിടെ നിന്നും കാപ്പൻ മൊണാസ്ട്രിയും അതിനു ചുറ്റുമുള്ള മഠങ്ങളും കാണാനായി പട്ടാവോ എന്ന് ബൈക്ക് ടാക്‌സിയിൽ പോയി. നിർഭാഗ്യവശാൽ ഒരു മാസത്തെ ധ്യാനവും, നവീകരണവും നടക്കുന്നതിനാൽ ആശ്രമം കാണാൻ സാധിക്കാതെ തിരിച്ചു നടക്കേണ്ടി വന്നു. ഏറെദൂരം നടക്കേണ്ടിവന്ന ഞങ്ങൾക്ക് ആശ്വാസമായത് വഴി വക്കത്തുള്ള നേപ്പാളിലെ പരമ്പരാഗത ശൈലിയിലുള്ള പുരാതനമായ കല്ല് ടാപ്പുകളിൽ നിന്നുള്ള വെള്ളമായിരുന്നു. മലയിടുക്കുകളിൽ നിന്നും ചാലുകളിലൂടെ ഊർന്നുവന്ന ആ തണുത്തവെള്ളം അമൃത് പോലെ രുചിച്ചു.
ഉച്ച കഴിഞ്ഞപ്പോൾ പത്താനിലെ മ്യൂസിയത്തിൽ എത്തി. അവിടെ ഞങ്ങളെ കാത്തു നിന്ന സുഹൃത്തിനോടൊപ്പം പരമ്പരാഗത നെവാരി ശൈലിയിലുള്ള ഭക്ഷണശാലയിലേക്ക് പോയി. ഗംഭീരമായ ഒരു പരമ്പരാഗത വിഭവം, അവലും സോയാബീൻസും പ്രത്യേകതരം ചമ്മന്തികളും ഉരുളക്കിഴങ്ങ് കറിയും ഇറച്ചിയും മുട്ടയും ചേർന്ന സമയാബജി എന്ന വിഭവം. നാട്ടുകാര്യവും വീട്ടുകാര്യവും രാഷ്ട്രീയവും എല്ലാം അതിനിടയിൽ വിഷയങ്ങളായി വന്നു.
Representational image: Pixabay
പത്താനിലെ മ്യൂസിയവും പരിസരവും ചരിത്രത്തിലേക്കുള്ള ഒരു മായാജാലകം എന്നപോലത്തെ ഒരിടമായിരുന്നു. ജനങ്ങൾ അധികമായി വരുന്ന സ്ഥലമായിരുന്നു അത്. ഞങ്ങൾ മ്യൂസിയത്തിലേക്ക് കയറി. ഗംഭീരമായ രീതിയിൽ, ശിലയിലും തടിയിലും തീർത്ത കലാരൂപങ്ങൾ ചരിത്രത്തിലേക്കു വഴി തുറന്നിടുകയാണ് നമ്മുടെ മുമ്പിൽ. വിദേശ ഗവേഷകരുടെയും സർവ്വകലാശാലകളുടെയും സഹായത്തോടെ തീർത്ത വളരെ വിശദമായ ചരിത്രത്തിന്റെ വാഗ്മയചിത്രം ആണ് പത്താനിലെ മ്യൂസിയം നമുക്ക് കാട്ടുന്നത്. ഗഹനമായ ഭാവനയിൽ തീർത്ത കലാ സൃഷ്ടികൾക്ക് പിന്നിലെ കലാകാരന്മാരോട് വല്ലാത്ത ആരാധന തോന്നി. നേപ്പാളിന്റെയും കാഠ്മണ്ഡുവിന്റെയും ചരിത്രം നമ്മുടെ മുമ്പിൽ കാട്ടുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും 2015 ലെ ഭൂചലനം ഏറെ നാശനഷ്ടങ്ങൾ വരുത്തിയത് നമുക്കിവിടെ കാണാം. മലയാളികൾ നെഞ്ചിലേറ്റിയ യോദ്ധ എന്ന സിനിമയിലെ ചില രംഗങ്ങൾ ഷൂട്ട് ചെയ്തതും ഇവിടെയാണ്.
തിരികെ തമലിലുള്ള ഹോട്ടലിലേക്ക് ഞങ്ങൾ നടന്നപ്പോൾ നഗരത്തിന്റെ പല ഭാവങ്ങൾ കാണുവാൻ സാധിച്ചു. ഒരിടത്ത് ലോകോത്തര ആഡംബരകാറുകളും വലിയ ഇലക്ട്രോണിക് ബിൽ ബോർഡുകളും കഫേ-പബ്ബ് സംസ്‌കാരവും കാണാനാവും. എന്നാൽ, ഏതൊരു നഗരത്തെയും പോലെ വികസനം അരികുവൽക്കരിച്ച മനുഷ്യ രൂപങ്ങളെയും നഗരത്തിന്റെ പലയിടങ്ങളിലും കണ്ടിരുന്നു. മദ്യപിക്കാത്ത ഞങ്ങൾ രണ്ടാളും രാത്രിയിൽ ഫുട്‌ബോൾ ലോകകപ്പിന്റെ ഫ്രാൻസ്-അർജന്റീന അന്തിമ പോരാട്ടം കാണാനായി അടുത്തുള്ള പബ്ബിലേയ്ക്ക് പോയി. മുസാഫിർ ഫ്രാൻസിനെ തുണയ്ക്കുകയായിരുന്നു. കടുത്ത ജർമൻ ആരാധകനായിരുന്ന എനിക്ക് മെസ്സിയോടും ഡി മരിയയോടും ഒരു സഹാനുഭൂതി ഉണ്ടായിരുന്നെങ്കിലും നിഷ്പക്ഷത പാലിച്ചു. പബ്ബ് രണ്ട് ചേരികളായി തിരിഞ്ഞിരുന്നു. ഒടുവിൽ മുസാഫിറിന് ദുഃഖത്തോടെ അവിടെനിന്നും മടങ്ങേണ്ടി വന്നു.
സാഹസികത നിറഞ്ഞ ബഞ്ചി ജപിംഗ്
പിറ്റേദിവസം രാവിലെ പൊക്രയിലേക്ക് യാത്രതിരിച്ചു. അവിടെ എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു. അടുത്ത ദിവസം ബൻഞ്ചി ജപിംഗിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ചെയ്തു. അതിനായി മറ്റൊരാളോടൊപ്പം കുസുമയിലേക്ക് പിറ്റേ ദിവസം രാവിലെ യാത്രയായി. ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബൻഞ്ചി ജപിംഗിന് പോകുമ്പോൾ ഉൽക്കണ്ഠയും ആവേശവും ഇടകലർന്ന വികാരമായിരുന്നു ഞങ്ങളുടെ ഉള്ളിൽ. ഞങ്ങളോടൊപ്പം വരാതിരുന്ന മുസാഫിർ, അന്നേദിവസം സൈക്കിൾ വാടകയ്ക്ക് എടുത്ത് പൊക്രയുടെ പകുതിയോളം ചുറ്റിക്കറങ്ങുകയും പാരാഗ്ലൈഡിങ് നടത്തുകയും ചെയ്തു. ഒരു മണിക്കൂറോളം കാത്തിരുന്നതിന് ശേഷം ജപിംഗ് സ്‌പോക്ക് എത്തി.
Representational image: Pixabay
വളരെ സമഗ്രമായ വിശദീകരണവും നിർദേശങ്ങളും നൽകിയതിന് ശേഷം ഓരോരുത്തരെയായി ഹാർണസ് ധരിക്കുവാൻ വിളിച്ചു. രണ്ട് മലകളുടെ നടുവിലുള്ള ഒരു തൂക്കുപാലത്തിന് താഴെയായി പാറക്കെട്ടുകൾ നിറഞ്ഞ തോട് കാണാം. താഴേക്ക് നോക്കിയാൽ കാലിലൂടെ ഒരു തരിപ്പ് തുളച്ചുകയറി ഒരു നിമിഷം ഹൃദയമിടിപ്പ് നിന്നുപോവുന്ന പോലെ തോന്നും. ചാടുവാനായി ശ്വാസമടക്കിപ്പിടിച്ച് ഇരിക്കുമ്പോൾ, നാലുവട്ടം ചാട്ടം കഴിഞ്ഞൊരു ജർമൻകാരന്റെ, 'നിന്റെ ഹാർനസ് അയഞ്ഞതാണ് എന്ന് തോന്നുന്നു ഭാഗ്യമുണ്ടെങ്കിൽ ജീവനോടെ വീണ്ടും കാണാം' എന്ന ഫലിതം കേട്ട് അൽപ്പമൊന്ന് പതറിപ്പോയി. അങ്ങനെ ആ പടിയുടെ വക്കിലെത്തി, നാലര സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഴ്ചയായിരുന്നു അത്. പക്ഷേ, പറഞ്ഞറിയിക്കുവാൻ സാധിക്കാത്ത ഒരു പുതിയ അനുഭവമായിരുന്നു അത്. ആ ചാട്ടത്തിനിടെ എന്റെ അപ്പനെയും അമ്മയെയും ഞാൻ ഓർത്തുപോയി. ജീവിതത്തിൽ സാഹസങ്ങൾ ചെയ്യാൻ സാധിക്കുന്നത്, ആ ഹാർണസ് പോലെ അവർ ഒപ്പം ഉള്ളതുകൊണ്ടാണെന്നുള്ള തിരിച്ചറിവ് എനിക്കുണ്ടായി. വൈകുന്നേരമായപ്പോഴേക്കും തിരികെ എത്തി, മുസാഫിറിനോടൊപ്പം തടാകക്കരയിലേക്ക് നടന്നു. വളരെ മനോഹരമായ കഫേ സംസ്‌കാരമുണ്ട് അവിടെ. ജീവിത ക്ലേശങ്ങളിൽ നിന്നും അല്പം മാറി നിൽക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടമാവുന്ന സ്വച്ഛമായ തടാകക്കര. എല്ലായിടത്തും മദ്യം ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യക്കാരല്ലാതെ സ്വദേശികളാരും അപമര്യാദയായി പെരുമാറിയ അനുഭവങ്ങൾ അവിടെ കണാനായില്ല എന്നത് വളരെ രസകരമായ വസ്തുതയാണ്. പിറ്റേദിവസം രാവിലെ അന്നപൂർണയിലെ സൂര്യോദയം കാണാൻ മുസാഫിറും ഞാനും തലേദിവസം പരിചയപ്പെട്ട സുഹൃത്തിനോടൊപ്പം പോയി. കറുത്ത ക്യാൻവാസിൽ ഇളംചുവപ്പ് പെയിന്റ് തുള്ളികൾ കുടഞ്ഞതുപോലെ സൂര്യരശ്മികൾ അന്നപൂർണ മലനിരകളിലേക്ക് വീണപ്പോൾ മനസ്സിൽ അവർണ്ണനീയമായ ഒരു ശാന്തത. ഒരു വിനോദ കേന്ദ്രത്തിലെ ആളുകളുടെ വാതോരാതെയുള്ള സംസാരവും അട്ടഹാസവും ആ സവിശേഷമായ അനുഭവത്തിന്റെ ആസ്വാദ്യത കുറച്ചു എങ്കിലും ആ കാഴ്ച കൗതുകകരമായിരുന്നു. ചേർന്ന് നിൽക്കുന്ന മലനിരകളുടെ കാഴ്ചയും സൂര്യോദയവും ഒരുക്കിയ ദൃശ്യ വിരുന്നിന് മുന്നിൽ ഞാൻ ഒന്നുമല്ലാതായി.
ബുദ്ധന്റെ നാട്ടിൽ
പിന്നീട് ഞങ്ങൾ മൂന്നാളും തിരികെ പൊക്രയിലെത്തി. അവിടുത്തെ പ്രസിദ്ധമായ ജർമൻ കഫേയിൽനിന്നും പ്രാതൽ കഴിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തും മുസാഫിറും ഒരേ മേഖലയിൽ അനുഭവസമ്പത്തുള്ളവർ ആയതുകൊണ്ട് അവരുടെ സംസാരം ഞാൻ കൗതുകത്തോടെ കേട്ടിരുന്നു. അവിടുത്തെ ജനങ്ങളെ കുറിച്ചായിരുന്നു എന്റെ ചിന്ത അധികവും. സൗമ്യതയുടെ പര്യായമായിരുന്നു അവിടുത്തെ ജനങ്ങളും അവരുടെ ഇടപെടലുകളും. ഒട്ടുമിക്ക ആളുകൾക്കും ഹിന്ദി നല്ലതുപോലെ അറിയാവുന്നതുകൊണ്ട് മറ്റൊരു രാജ്യത്ത് ചെന്നപോലെ തോന്നിയില്ല.
കൂടെയുണ്ടായിരുന്ന സുഹൃത്ത് തന്റെ ഗവേഷണത്തിന്റെ ഭാഗമായി നേപ്പാളിലെ ഗ്രാമങ്ങൾ സന്ദർശിച്ച അനുഭവം പങ്കുവെച്ചു. നേപ്പാളിന്റെ മറ്റൊരു മുഖം കാണാനാകുമായിരുന്നു ആ ഗ്രാമങ്ങളിൽ. എന്തിനു പഠിക്കുന്നു എന്ന ചോദ്യത്തിന്, ഗ്രീൻകാർഡ് ലഭിക്കാൻ എന്ന ഉത്തരമായിരുന്നു ഭൂരിഭാഗം കുട്ടികൾക്കും പറയാനുണ്ടായിരുന്നത്. കാരണം, സ്വന്തം രാജ്യത്ത് ലഭിക്കാത്ത ജീവിത സാഹചര്യങ്ങൾ വിദേശ രാജ്യങ്ങൾ തങ്ങൾക്ക് ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഇന്ത്യയിലും ആളുകൾ രാജ്യം വിടുന്ന കാഴ്ച കാണാനാവും എന്നതുകൊണ്ട് നേപ്പാളിലെ കാര്യവും മുൻവിധിയൊന്നുമില്ലാതെ കേട്ടിരുന്നു.
പ്രാതലിനു ശേഷം ബത്വലിലേക്കും അവിടെനിന്നും ബൈരവയിലേക്കും വണ്ടികയറി. നേപ്പാളിൽ, രാത്രി ഏഴരയ്ക്ക് ശേഷം വാഹന സർവീസുകൾ ഇല്ലാത്തതിനാൽ ബൈരവയിൽ തങ്ങി, പിറ്റേദിവസം ലുംബിനിയിൽ എത്തി. ബുദ്ധൻ ജനിച്ച ഗ്രാമം കോടമഞ്ഞിൽ പുതച്ചിരിക്കുകയായിരുന്നു. മായാദേവി ക്ഷേത്രത്തിൽ, പ്രാർത്ഥന ആലാപനങ്ങളിൽ മുഴുകിയ ബുദ്ധസന്യാസിമാരെയും അവരുടെ കുടുംബാംഗങ്ങളെയും കാണാം. അശോക സ്തംഭവും, ആറാം നൂറ്റാണ്ടിലെ ആശ്രമത്തിന്റെ അവശിഷ്ടങ്ങളും കുളവും അവിടുത്തെ മറ്റൊരു കാഴ്ചയാണ്. ആ ഗ്രാമത്തെ ലോകത്തിനു മുമ്പിൽ പ്രൗഢിയോടെ പ്രദർശിപ്പിക്കുവാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ലുംമ്പിനി ഡെവലപ്പ്‌മെന്റ് ട്രസ്റ്റ്. അന്നുതന്നെ ഞങ്ങൾ സുനോലിലേക്കും അവിടെ നിന്ന് ഗോരക്പൂർ റെയിൽവേ സ്റ്റേഷനിലേക്കും എത്തി. ആ രാത്രി ഒരു ഷീറ്റ് വിരിച്ച് അവിടെ ഉറങ്ങി.
Representational image: Pixabay
ഏഴ് സുന്ദരികളോടൊത്ത്
പിറ്റേന്ന് രാവിലെ ഞാനും സഹചാരിയും രണ്ടു വഴിയേ പിരിഞ്ഞു. ഞാൻ ആസാമിലേക്ക് ട്രെയിൻ കയറി. ജനറൽ കംപാർട്ടുമെന്റിലായിരുന്നു യാത്ര. യാത്രയിലുടനീളം ആരോ പാൻപരാഗ് ജനലിലൂടെ തുപ്പുമ്പോൾ കാറ്റിൽ തെറിച്ച് എന്റെ ജാക്കറ്റ്‌ലേക്ക് വീണുകൊണ്ടിരുന്നു. വിധിക്കുവാൻ എനിക്ക് അവകാശമുണ്ടോ? ഈസ്റ്റിന്ത്യാ കമ്പനി നേപ്പാളിൽ നിന്നും കൊണ്ടുവന്ന തടിപ്പെട്ടിയിലേക്ക് ഒപ്പിയം നിറക്കുവാൻ നിർബന്ധിതരായ ഒരു ജനതയുടെ ചരിത്രമാണ് ഓർമ്മ വന്നത്. ആ പെട്ടികൾ ഗംഗയിലൂടെ ഒഴുകി കൊൽക്കത്തയുടെ തീരത്തേക്ക് എത്തിയിരുന്നു. മറന്നുപോയ ഒരു ചരിത്രം ഞാനറിയാതെ തന്നെ എന്നിലേക്ക് ഒഴുകിയെത്തി.
ഒടുവിൽ ഞാൻ പ്രണയിച്ച ഏഴു സുന്ദരികളുടെ കവാടത്തിൽ എത്തി, ഗോഹട്ടിയിൽ നിന്നും ജോർഹത്തിലേക്ക് ബസ്സ് കയറി. അവിടെയെത്തിയ ശേഷം കുറച്ചു ദിവസം ശാന്തമായി എങ്ങും പോകാതെ സുഹൃത്തിനോടൊപ്പം ചെലവഴിച്ചു. രണ്ടുമൂന്നു ദിവസങ്ങൾക്കുശേഷം 'സു-ഖാ-പഹാ സമാന്യയാ' കേന്ദ്ര മ്യൂസിയത്തിലേക്ക് പോയി. തലതാഴ്ത്താത്ത അഹോം സാമ്രാജ്യത്തെ ഒന്ന് പുനർവായിക്കുവാനും സൃഷ്ടിക്കുവാനും ശ്രമിക്കുന്ന ഒരിടം. ഇന്നത്തെ പല ഭരണസംവിധാനങ്ങളുടെ ആരംഭവും യോദ്ധാക്കന്മാരുടെ വീറിന്റെ കഥനവും ഒരു കാലഘട്ടത്തിന്റെ അടിക്കുറിപ്പായി ഇവിടെ കാണാം. അതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപായ മാജുലിയിലേക്ക് പോയി. കടൽ പോലെ പരന്നുകിടക്കുന്ന ബ്രഹ്‌മപുത്രയിലൂടെയുള്ള ഫെറിയാത്ര ചിന്തകളെ പാറ്റും വിധമുള്ള അനുഭവമായിരുന്നു. വെള്ളി വിരിച്ചിട്ടിരിക്കുന്നത് പോലെയുള്ള മണ്ണിലേക്കിറങ്ങി യാത്രയാരംഭിച്ചു. വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ വിവിധ ഭാവങ്ങൾ നമുക്ക് ഇവിടെ അനുഭവിക്കാം. ചരിത്രവും ഭക്തിയും ഇടകലർന്നു നിൽക്കുന്ന സത്രങ്ങൾക്ക് അനേകം കഥകൾ പറയുവാനുണ്ട്.
അനേകം നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബവോന എന്ന കലാരൂപവും ഇവിടുത്തെ പ്രത്യേകതയാണ്. സംഗീത് നാടക് അക്കാദമിയും അതിനോട് ചേർന്ന മുഖംമൂടി നിർമ്മാണ കളരിയും മാജുലിയുടെ പരമ്പരാഗത സംസ്‌കാരത്തെ വിളിച്ചോതുന്നതാണ്. ദ്വീപിന്റെ പ്രകൃതിസൗന്ദര്യവും വ്യത്യസ്ത ഇനം പക്ഷികളും ജീവിതരീതിയുമെല്ലാം മറ്റൊരു ലോകത്തിലേക്ക് നമ്മെ എത്തിക്കുന്നു. ശീതകാലത്തും വേനൽ കാലത്തും സുന്ദരിയായ മാജൂലി പക്ഷെ മഴക്കാലത്ത് വിനാശകയാണ്, ദ്വീപ് വാസികളുടെ ദുഃസ്വപ്നമായി അവൾ മാറുന്നു.
ഒടുവിൽ എല്ലാ യാത്രകളും അവസാനിപ്പിച്ച് കൊൽക്കത്തയിൽ തിരികെ എത്തി. മനസ്സ് നിറഞ്ഞ ഒരു യാത്ര, വാക്കുകളാൽ പ്രകടിപ്പിക്കുവാൻ സാധിക്കാത്ത ഒരു നിർവൃതി. ചരിത്രവും സംസ്‌കാരവും എവിടെയോ വെല്ലുവിളികൾ നിറഞ്ഞ പുതിയ അറിവുകളായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ജീവിതം എവിടെയും നിൽക്കാതെ വീണ്ടും മുന്നോട്ട് പോകുന്നു, ആർക്കും വഴങ്ങാതെ ഞാനും!