TMJ
searchnav-menu
post-thumbnail

Travel

രാജകീയത അനുഭവിച്ചറിയാം ഉമൈദ് ഭവനില്‍

16 Mar 2023   |   3 min Read
അനിറ്റ് ജോസഫ്‌

പിങ്ക് സിറ്റി, രാജാക്കന്മാരുടെ നാട് എന്നിങ്ങനെ വിശേഷണങ്ങളേറെയുള്ള നാടാണ് ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ രാജസ്ഥാന്‍. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും പ്രൗഢി വിളിച്ചോതുന്നതുമായ നിരവധി കൊട്ടാരങ്ങളും സൗധങ്ങളും ഇന്നും നിലനില്‍ക്കുന്ന നാട്. ഈ ചരിത്ര സ്മാരകങ്ങളാണ് രാജസ്ഥാനെ വ്യത്യസ്തമാക്കുന്നത്. തനിമ നഷ്ടപ്പെടാത്ത ചരിത്രഭാഗങ്ങള്‍ ഇന്നും സംസ്ഥാനത്തുടനീളം കാണാനാവുന്നതാണ്. മ്യൂസിയങ്ങളും ക്ഷേത്രങ്ങളും മുതല്‍ കോട്ടകളും മാര്‍ക്കറ്റുകളും കൊട്ടാരങ്ങളും വരെ ഈ പ്രദേശത്തെ അമൂല്യനിധികളായി കണക്കാക്കുന്നു. അവയില്‍ പല കെട്ടിടങ്ങള്‍ക്കും കാലപ്പഴക്കം സംഭവിച്ചെങ്കിലും കാലത്തിനൊത്ത് മോടി പിടിപ്പിച്ച സൗധങ്ങളും കാണാനാകും. അത്തരത്തില്‍, രാജകീയ പ്രൗഢി നിറഞ്ഞ കെട്ടിടങ്ങളില്‍ സമയം ചെലവിടാനും അവിടത്തെ പാരമ്പര്യം മനസ്സിലാക്കാനും സാധിക്കുന്ന ഒട്ടേറെ ഇടങ്ങള്‍ രാജസ്ഥാനിലുടനീളം കാണാന്‍ സാധിക്കും.

ജോധ്പൂരിലെ 'ബ്ലൂ സിറ്റി'ക്ക് മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഉമൈദ് ഭവന്‍ കൊട്ടാരം ഒരു ഉദാഹരണമാണ്. രാജസ്ഥാനിലെ രണ്ടാമത്തെ വലിയ പട്ടണമായ ജോധ്പൂര്‍, ഒരുകാലത്ത് മാര്‍വാര്‍ പ്രദേശത്തിന്റ തലസ്ഥാനമായിരുന്നു. 1943 ല്‍ മഹാരാജ ഉമൈദ് സിംഗ് ഒരു സ്വകാര്യ വസതിയായി പണികഴിപ്പിച്ച കൊട്ടാരം പിന്നീടൊരു ആഡംബര ഹോട്ടലായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. ഈ കൊട്ടാരത്തിന്റെ വാസ്തുശില്‍പ്പവും അലങ്കാരപ്പണികളും അതിഥികളെ പ്രത്യേകം ആകര്‍ഷിക്കുന്നു. ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ചുരുക്കം വലിയ കൊട്ടാരങ്ങളില്‍ ഒന്നാണിതെന്ന് ചരിത്രരേഖകള്‍ പറയുന്നു. ഇന്ത്യാ സന്ദര്‍ശനത്തിന് വരുന്ന സഞ്ചാരികള്‍ ഇന്ത്യന്‍ ജീവിതരീതികളെ പരിചയപ്പെടുന്നതിനും ഇന്ത്യന്‍ ഭക്ഷണവും ഇന്ത്യന്‍ സംഗീതവും ആസ്വദിക്കുന്നതിനുമുള്ള ഒരിടം എന്ന നിലയിലാണ് കൊട്ടാരം അഥിതികളെ സ്വീകരിക്കുന്നത്. ഒപ്പം പ്രാദേശികമായുള്ള ആചാരങ്ങളും രീതികളും കണ്ടറിയാനുള്ള സാഹചര്യവും അവര്‍ക്കായി ഒരുക്കുന്നു.




ഉമൈദ് ഭവന്റെ ചരിത്രം

ജോധ്പൂരിന്റെ സമൃദ്ധിയുടെ പ്രതീകമാണ് ഉമൈദ് ഭവന്‍ കൊട്ടാരം. എന്നാല്‍ ഒരു കാലത്ത് നിലനിന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ടാണ് പദ്ധതിക്ക് പ്രചോദനമായത്. 1920 കളില്‍ കടുത്ത വരള്‍ച്ചയും ക്ഷാമവും ഈ പ്രദേശത്തുടനീളം വ്യാപിച്ചു. ആളുകള്‍ പട്ടിണിമൂലം കഷ്ടപ്പെടുകയും മരണപ്പെടുകയും ചെയ്യുക പതിവായി. ഇത് മനസ്സിലാക്കിയ അന്നത്തെ ഭരണാധികാരി മഹാരാജ ഉമൈദ് സിംഗ് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള അവസരം കാണുകയും 15 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു  നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ബ്ലൂ സിറ്റിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ചിറ്റാര്‍ ഹില്ലിലെ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയുടെ നിര്‍മ്മാണത്തിനായി സിംഗ് തന്റെ സ്വകാര്യ സമ്പാദ്യം ചെലവിട്ട്, ഏകദേശം 3000 ആളുകള്‍ക്ക് ജോലി നല്കി. പിങ്ക് ചിറ്റാര്‍ മണല്‍ക്കല്ലും പാം കോര്‍ട്ട് മാര്‍ബിളും (താജ്മഹലില്‍ ഉപയോഗിച്ചത്) കൊണ്ട് നിര്‍മ്മിച്ച കെട്ടിടം രൂപകല്‍പ്പന ചെയ്യാന്‍ സിംഗ് നിയമിച്ചത് എച്ച് വി ലങ്കാസ്റ്റര്‍ എന്ന ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റിനെ ആയിരുന്നു. കൊട്ടാരത്തിന്റെ മുന്‍ഭാഗം പരമ്പരാഗത ഭാരതീയ തനിമ ഉള്‍ക്കൊള്ളുന്നതാണ്. അതേസമയം അകത്തളങ്ങളില്‍ അവിശ്വസനീയമായ പോളിഷ് ഫ്രെസ്‌കോകള്‍, മാര്‍ബിള്‍, ഒരു വലിയ കേന്ദ്ര താഴികക്കുടം എന്നിവയാണ് കാണാനാവുക.

ബ്രിട്ടനില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏതാനും വര്‍ഷങ്ങള്‍ മാത്രമാണ് രാജകുടുംബം കൊട്ടാരത്തില്‍ താമസിച്ചിരുന്നത്. 1943 ല്‍ പണികഴിപ്പിച്ച കൊട്ടാരത്തില്‍ വെറും നാല് വര്‍ഷമാണ് രാജാവ് താമസിച്ചത്. അദ്ദേഹം 1947 ല്‍ മരണപ്പെടുകയും ചെയ്തു. രാജാവിന്റെ മകന്‍ ഹന്‍വന്ദ് സിംഗ് പിന്നീട് അധികാരമേറ്റെങ്കിലും സ്വാതന്ത്ര്യത്തിന് ശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജസ്ഥാനി ഭരണാധികാരികളുടെ അധികാരവും വാര്‍ഷിക അലവന്‍സുകളും പദവികളും നിര്‍ത്തലാക്കി. കാലക്രമേണ, പഴയ കൊട്ടാരങ്ങള്‍ പലതും ജീര്‍ണാവസ്ഥയിലായി. എന്നാല്‍ ഉമൈദ് ഭവന്‍ മനോഹരമായി സംരക്ഷിക്കപ്പെടണമെന്ന് അന്നത്തെ തലമുറയില്‍പ്പെട്ട രാജകുടുംബാഗംങ്ങള്‍ തീരുമാനിച്ചു. അങ്ങനെ, 1970 കളുടെ തുടക്കത്തില്‍ കൊട്ടാരത്തിന്റെ ഒരു ഭാഗം ഒരു ഹോട്ടലാക്കി മാറ്റാന്‍ അന്നത്തെ അവകാശി സിംഗ് രണ്ടാമന്‍ തീരുമാനിച്ചു. ഹോട്ടല്‍ നടത്തിപ്പിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെയാണ് കൊട്ടാരത്തിന്റെ ഉയര്‍ന്ന പരിപാലനച്ചെലവ് നിര്‍വ്വഹിച്ചു പോരുന്നത്.




ഇന്ത്യന്‍ പൈതൃകത്തെ അടുത്തറിയാന്‍  

347 മുറികളാണ് ഹോട്ടലിലുള്ളത്. അതിഥി അനുഭവത്തെ സംബന്ധിച്ചിടത്തോളം, ഹോട്ടല്‍ മുറികളും സ്യൂട്ടുകളും പഴയ കാലഘട്ടത്തിലേയ്ക്ക് പറിച്ചുനടുന്നതുപോലെയുള്ള അനുഭവമാണ് സാധ്യമാക്കുക. പഴയ കാല ഫര്‍ണിച്ചറുകള്‍, ചിത്രപ്പണികള്‍, നടകീയത നിറഞ്ഞ അലങ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ മുറികളും. കൂടാതെ ഒരു ലൈബ്രറി, ഡൈനിംഗ് റൂമുകള്‍, ഉച്ചതിരിഞ്ഞ് ചായയ്ക്കുള്ള വിശാലമായ ടെറസ് എന്നിവയും കൊട്ടാര ഹോട്ടലിന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടുന്നു. ഇവിടെ സമയം ചിലവിടാന്‍ വരുന്ന അഥിതികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു മഹാരാജാവ് അല്ലെങ്കില്‍ മഹാറാണിയെപ്പോലെയാണ് അനുഭവപ്പെടുക.

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും വിവാഹ ആഘോഷങ്ങള്‍ ഉള്‍പ്പടെ നിരവധി താര വിവാഹങ്ങള്‍ ഈ ഹോട്ടലില്‍ വെച്ചായിരുന്നു ആഘോഷിച്ചത്. ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തികള്‍ തങ്ങളുടെ ആഘോഷ പരിപാടികള്‍ക്കായി ഉമൈദ് ഭവന്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

ഭരണാവകാശിയായ സിംഗ് രണ്ടാമനും കുടുംബവും ഇപ്പോഴും താമസിക്കുന്ന രാജകുടുംബത്തിന്റെ സ്വകാര്യ വാസസ്ഥലത്തേക്ക് അതിഥികള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ലെങ്കിലും, കുടുംബത്തിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള അപൂര്‍വ്വ സെറാമിക്സ്, പുരാവസ്തുക്കള്‍, കവചങ്ങള്‍, ചുവര്‍ച്ചിത്രങ്ങള്‍, കൂടാതെ നിരവധി ക്ലാസിക് കാറുകള്‍ എന്നിവയുള്‍പ്പെടെ 15000 ഇനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മ്യൂസിയം സന്ദര്‍ശിക്കാവുന്നതാണ്.

ഇന്ത്യയില്‍, പ്രത്യേകിച്ച് രാജസ്ഥാനില്‍, ആളുകള്‍ അവരുടെ സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് വളരെ അഭിമാനിക്കുന്നതിന്റെ തെളിവാണ് ഉമൈദ് ഭവന്‍ പോലുള്ള ചരിത്ര നിര്‍മ്മിതികള്‍. ഇന്ത്യയിലെ മഹാരാജാക്കന്മാര്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നറിയാന്‍ കൊതിക്കുന്ന സന്ദര്‍ശകരെ ഇത്തരം മനോഹരമായ കൊട്ടാരങ്ങള്‍ പതിറ്റാണ്ടുകള്‍ അല്ലെങ്കില്‍, നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകുന്നു. അതിലൂടെ അവര്‍ക്ക് മറ്റൊരു തരത്തിലും ലഭിക്കാത്ത ചരിത്രത്തിന്റെ നേര്‍ക്കാഴ്ചകള്‍ അനുഭവിച്ചറിയാനാകും.


#travel
Leave a comment