TMJ
searchnav-menu
post-thumbnail

Literature

വർഷങ്ങൾക്കുശേഷം തിരിച്ചെത്തുന്ന പുസ്തകങ്ങൾ.

26 May 2023   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

രിത്രകാരനായ ബെൻസൺ ലോസിങ്ങിന്റെ 'എ ഫാമിലി ഹിസ്റ്ററി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ്' എന്ന പുസ്തകം 96 വർഷങ്ങൾക്കുശേഷം സെന്റ് ഹെലീന പബ്ലിക് ലൈബ്രറിക്ക് തിരിച്ചു ലഭിച്ചു എന്ന വാർത്ത വളരെ കൗതുകം ജനിപ്പിക്കുന്നതാണ്. 1927 ലാണ് ലൈബ്രറിയിൽ നിന്നും പുസ്തകം ഏതോ ഒരു വായനക്കാരൻ എടുത്തത്. പിന്നീട് അത് തിരിച്ച് ലൈബ്രറിയിൽ എത്തിയിരുന്നില്ല. ഇപ്പോൾ ജിം പെറി എന്ന 75 കാരൻ കാലിഫോർണിയയിലെ തന്റെ വീട് വൃത്തിയാക്കുന്നതിനിടയിലാണ് പുസ്തകം കണ്ടെത്തുന്നത്. വർഷങ്ങളായി തുറക്കാതെ കിടന്ന പെട്ടികൾ വൃത്തിയാക്കവെയാണ് പുസ്തകം ലഭിക്കുന്നത്. തുടർന്ന് ജിം തന്നെയാണ് ലൈബ്രറിയിലേക്ക് പുസ്തകം തിരികെ ഏൽപ്പിച്ചത്. അഞ്ച് തലമുറയായി ഈ പുസ്തകം തന്റെ കുടുംബത്തിൽ ഉണ്ടായിരുന്നു എന്നാണ് ജിം പറയുന്നത്. തന്റെ ഭാര്യയുടെ മുത്തച്ഛൻ ലൈബ്രറിയിൽ നിന്നെടുത്ത ഈ പുസ്തകം ലൈബ്രറിയിലെ ഒറിജിനൽ കളക്ഷനിൽ ഉൾപ്പെടുന്നതാവാം, മുത്തച്ഛൻ തന്റെ രണ്ടു പെൺമക്കളെയും അമേരിക്കൻ ചരിത്രം പഠിപ്പിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്താവാം ഈ പുസ്തകം തെരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. 

1881 ലാണ് എ ഫാമിലി ഹിസ്റ്ററി ഓഫ് യുണെറ്റഡ് സ്റ്റേറ്റ്‌സ് പ്രസിദ്ധീകരിക്കുന്നത്. ബെൻസൺ ലോസിങ്ങ് 78-ാമത്തെ വയസ്സിലാണ് ഈ പുസ്തകം രചിക്കുന്നത്. ന്യൂയോർക്കിൽ ജനിച്ച ബെൻസൺ തന്റെ പതിനൊന്നാമത്തെ വയസ്സിൽ അനാഥനായി. രക്ഷിതാക്കൾ മരിച്ചതിനു ശേഷം അദ്ദേഹത്തിന് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് സ്വന്തം പ്രയത്‌നത്തിലൂടെ ബെൻസൺ ഒരെഴുത്തുകാരനായി മാറുകയായിരുന്നു. അമേരിക്കയെ കുറിച്ച് വിപുലമായെഴുതി. വളരെ ഇടുങ്ങിയ സാഹചര്യത്തിൽ നിന്നും ഉയർന്നു വന്ന എഴുത്തുകാരൻ ഒരു നല്ല ചരിത്രകാരനായി. അദ്ദേഹമാണ് ഇപ്പോൾ തന്റെ പുസ്തകത്തിലൂടെ വീണ്ടും ചർച്ചാവിഷയമായിരിക്കുന്നത്.


The book was borrowed in 1927. (Credits: Instagram/ sthelenapubliclibrary)

ചിലപ്പോൾ പുസ്തകം ലൈബ്രറിയിൽ തിരിച്ചേൽപ്പിക്കാൻ വിട്ടുപോയതാവാം. പിന്നീട് പുസ്തകം ആരും ശ്രദ്ധിച്ചു കാണില്ല, ഇനി അഥവാ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ അവർ പുസ്തകം തിരിച്ചേൽപ്പിച്ചില്ല. അഞ്ച് തലമുറയ്ക്കിപ്പുറം ഒരെഴുപത്തഞ്ചുകാരൻ വളരെ താൽപ്പര്യത്തോടെ അത് ചെയ്തു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള പുസ്തകമാണ് ഇത്്, മൂന്നും അഞ്ചും വർഷങ്ങൾക്ക് മുൻപ് ചെക്ക് ഔട്ട് ആയ പുസ്തകങ്ങൾ തിരിച്ചുവന്നിട്ടുണ്ട് എന്നാൽ ഇങ്ങനെ ഒരനുഭവം ആദ്യമായിട്ടാണെന്ന് ലൈബ്രറി ഡയറക്ടർ ക്രിസ് ക്രീഡൻ പറഞ്ഞു. 96 വർഷം പഴക്കമുള്ള പുസ്തകം സ്വാഭാവികമായും പഴകിയിരുന്നു. നിറം മങ്ങുകയും പേജുകൾ പൊടിഞ്ഞു പോകാൻ തുടങ്ങുകയും ചെയ്തു. 1927 ഫെബ്രുവരി 21 നായിരുന്നു പുസ്തകം തിരിച്ചേൽപ്പിക്കേണ്ടിയിരുന്നത്. ആ തീയതി പുസ്തകത്തിൽ മങ്ങാതെ ഇപ്പോഴും കിടപ്പുണ്ട്. പുസ്തകം എന്തുകാരണം കൊണ്ടാണ് തിരിച്ചേൽപ്പിക്കാത്തത്, അത് മുത്തച്ഛന് എത്രമാത്രം വേണ്ടപ്പെട്ടതും പ്രത്യേകതയുള്ളതുമായിരുന്നു എന്നറിയില്ലെന്ന് ജിം പറയുന്നുണ്ട്. പുസ്തക പ്രേമികളെ സംബന്ധിച്ച് മനസ്സിൽ ആഴത്തിൽ തറയ്ക്കുന്ന വാക്കുകളാണിവ, ചില ലൈബ്രറി പുസ്തകങ്ങൾ വളരെ വേണ്ടപ്പെട്ടതായി മാറുകയും തിരിച്ചേൽപ്പിക്കാൻ തോന്നാത്തവിധം അടുപ്പം സംഭവിക്കുകയും ഒക്കെ ചെയ്യുന്ന സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടാവാറുണ്ട്. പല എഴുത്തുകാരും വായനക്കാരും അത്തരം അനുഭവങ്ങൾ വിവരിച്ചിട്ടുമുണ്ട്.  

ലൈബ്രറി അധികൃതർ പുസ്തകത്തിന് കൂടുതൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഒരു ഗ്ലാസ് കെയ്‌സിൽ വെച്ച് ലൈബ്രറിക്കകത്ത് സൂക്ഷിച്ചിരിക്കുകയാണ്. അവർ ലൈബ്രറിയുടെ ഇൻസ്റ്റഗ്രാം പേജിൽ ഇങ്ങനെ കുറിച്ചു '' ഇത് എത്ര അത്ഭുതകരമാണ്, 96 വർഷം മുൻപ് ഞങ്ങളുടെ ലൈബ്രറിയിൽ നിന്ന് ആരോ ഈ പുസ്തകം കൊണ്ടുപോയി. ഇപ്പോൾ ഇത് തിരിച്ചെത്തിയിരിക്കുന്നു. നിങ്ങളുടെ ലൈബ്രറി ബുക്ക് തിരികെ നൽകാൻ ഒട്ടും വൈകിയിട്ടില്ല എന്ന് ഇത് ഓർമിപ്പിക്കുന്നു''. 2009 ൽ ലൈബ്രറി പിഴയീടാക്കൽ നിർത്തിയത് കൊണ്ട് ജിം പെറിക്ക് പിഴയടക്കേണ്ടി വന്നില്ല. അല്ലെങ്കിൽ അദ്ദേഹം ഏകദേശം 1,756 ഡോളർ പിഴ അടക്കേണ്ടി വരുമായിരുന്നു. 


St. Helena Public Library | PHOTO: FACEBOOK

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ ഒരു ലൈബ്രറിയിൽ സമാനമായ സംഭവം നടന്നു. 50 വർഷങ്ങൾക്ക് മുൻപ് എടുത്ത ഡ്യൂവി ഡെസിമൽ ക്ലാസ്സിഫിക്കേഷൻ എന്ന പുസ്തകമാണ് ഇംഗ്ലണ്ടിലെ ചെഷയറിലെ നാന്റ്വിച്ച് ലൈബ്രറിയിലേക്ക് തിരിച്ചെത്തിയത്. 1972 ൽ ലൈബ്രറിക്ക് സമീപത്തെ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപികയാണ് ബുക്ക് എടുത്തിരുന്നത്. 2022 ൽ സ്‌കൂൾ മാനേജ്‌മെന്റ് ഫൈൻ അടച്ച് ബുക്ക് തിരിച്ചേൽപ്പിക്കുകയായിരുന്നു. ആദ്യമായാണ് ഇത്രയധികം പഴക്കമുള്ള പുസ്തകം തിരിച്ചെത്തുന്നതെന്നാണ് ഇംഗ്ലണ്ടിലെ ലൈബ്രറി അധികൃതരും പറഞ്ഞത്.  

മറ്റൊരു രസകരമായ സംഭവമാണ് സ്‌കോട്ട്‌ലന്റിലെ ഒരു സെൻട്രൽ ലൈബ്രറിയിൽ ഉണ്ടായത്. ഒരു ദിവസം ലൈബ്രറിയിലേക്ക് ഒരു പുസ്തകം പാഴ്‌സലായി എത്തി. 73 വർഷങ്ങൾക്ക് മുൻപ് ലൈബ്രറിയിൽ നിന്നും എടുത്ത സ്റ്റേറ്റ്‌ലി ടിംബർ എന്ന കൃതിയായിരുന്നു അത്. 1948 ൽ തിരിച്ചു കിട്ടേണ്ട പുസ്തകം കിട്ടിയത് 2021 ൽ! പുസ്തകത്തിന്റെ കൂടെ ഒരു കത്തും ലഭിച്ചു '' എന്റെ അച്ഛൻ അദ്ദേഹത്തിന് 20 വയസുള്ളപ്പോഴാണ് ഈ പുസ്തകം ലൈബ്രറിയിൽ നിന്നും എടുത്തത്. അച്ഛൻ ഈ പുസ്തകം തിരികെ നൽകാൻ മറന്നതാണോ അതോ മനഃപ്പൂർവം കയ്യിൽ സൂക്ഷിച്ചതാണോ എന്ന് അറിയില്ല''. 14 വർഷങ്ങൾക്ക് ശേഷം ലൈബ്രറിയിൽ പുസ്തകം തിരിച്ചു കിട്ടിയിട്ടുണ്ട് 73 വർഷങ്ങൾക്ക് ശേഷം ഒരു പുസ്തകം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചേ ഇല്ല എന്നാണ് ലൈബ്രറി ജീവനക്കാർ അമ്പരപ്പോടെ പറഞ്ഞത്. ഇത്തരം കൗതുകമുണ്ടാക്കുന്ന സംഭവം പലസ്ഥലങ്ങളിലും നടന്നിട്ടുണ്ട്. ന്യൂകാസിൽ ലൈബ്രറിയിൽ 63 വർഷങ്ങൾക്ക് ശേഷവും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഡിസ്‌നി സസെക്‌സ് കോളേജ് ലൈബ്രറിയിൽ 288 വർഷങ്ങൾക്കുശേഷവും പുസ്തകം തിരികെ ലഭിച്ചിട്ടുണ്ട്. 1668 ൽ ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകമായിരുന്നു അത്.

Leave a comment