TMJ
searchnav-menu
post-thumbnail

Literature

സാഹിത്യത്തിൽ അഭിപ്രായങ്ങൾ മാത്രമേയുള്ളു  വിമർശനങ്ങളില്ല 

02 Mar 2025   |   3 min Read
എസ് ജോസഫ്

ന്ന് വിമർശനകല നേരിടുന്ന പ്രതിസന്ധി ഗുരുതരമാണ്. ഒരു സാഹിത്യകൃതിയെ സാമൂഹ്യജീവിതത്തിൽ സ്ഥാപിക്കുന്നത് വിമർശനകലയാണ് എന്ന് പറയാറുണ്ട്. കുറേപ്പേർ വായിച്ചതുകൊണ്ടോ " മധുരനാരങ്ങ പോലെ " വിറ്റഴിച്ചതുകൊണ്ടോ ഒരു കൃതി നിലനിൽക്കണമെന്നില്ല. ഒരു കൃതിയെ നിലനിർത്തുന്ന പല ഘടകങ്ങളിൽ ചിലതുമാത്രമാണിവ. കൃതികൾ സിലബസുകളിൽ നിരന്തരം വന്നില്ലെങ്കിലും നിലനിൽക്കാം എന്ന് പി. കുഞ്ഞിരാമൻ നായരുടെ സമീപകാലത്തെ പ്രസക്തി സൂചിപ്പിക്കുന്നു. മാറിയ കാലത്തിൻ്റെ പാരിസ്ഥിതികമായ വായനയാണ് പിയെ പ്രസക്തനാക്കിയത്. ആശാനെ സ്ഥാപിച്ചതിൽ മുണ്ടശ്ശേരി, അഴീക്കോട്, മാരാർ എന്നിവരുടെ പങ്കും വൈലോപ്പിള്ളിയെ സ്ഥാപിച്ചതിൽ എം എൻ വിജയൻ്റെ പങ്കും ആധുനിക കവികളെ സ്ഥാപിച്ചതിൽ എം. ലീലാവതിയുടെ പങ്കും എടുത്തു പറയത്തക്കതാണ്. വിമർശകത്രയം ആയിരുന്നു എം പി പോളും മുണ്ടശ്ശേരിയും കുട്ടികൃഷ്ണൻമാരാരും. ആധുനികകാലത്തെ വിമർശക പ്രതിഭകൾ ആയിരുന്നു കെ പി അപ്പനും വി. രാജകൃഷ്ണനും ആഷാ മേനോനും. അവർ ഫിക്ഷനാണ്  പ്രാധാന്യം നല്കിയത്. ഇ പി രാജഗോപാലൻ, സച്ചിദാനന്ദൻ, വി.സി ശ്രീജൻ, പി.പവിത്രൻ, ബി. രാജീവൻ  എന്നിങ്ങനെ എത്രയോ വിമർശകർ. ആദ്യകാലത്ത് പൗരസ്ത്യ വിമർശനത്തിൻ്റെ സ്വാധീനമായിരുന്നു നമ്മുടെ വിമർശന സാഹിത്യത്തിൽ എങ്കിൽ പിൽക്കാലത്ത് പാശ്ചാത്യമായ ധാരാളം ആശയങ്ങൾ നിരൂപണത്തിലേക്ക് കടന്നുവന്നു. അത് ആധുനികത, ഉത്തരാധുനികത എന്നിങ്ങനെ തുടരുന്നു.

പി. കുഞ്ഞിരാമൻ നായർ | PHOTO : WIKI COMMONS
ഇങ്ങനെ വിമർശനത്തിൻ്റെ വലിയ ഒരു ചരിത്രം നമുക്ക് ഉണ്ടെങ്കിലും ഇന്നത്തെ കാലത്ത് വിമർശനം പഴയതുപോലെ ശക്തമല്ല. സാഹിത്യ വിമര്‍ശനത്തിൽ ഡോ. ഈ. വി. രാമകൃഷ്ണനും പി കെ രാജശേഖരനും കെ. വി സജയ് യും കെ.കെ ബാബുരാജും ജി. ഉഷാകുമാരിയും ഒക്കെയുണ്ടെങ്കിലും ഒരു ചലനമില്ലായ്മ വിമർശന കലയിൽ ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. നവമാധ്യമങ്ങളുടെ വളർച്ചയോടെ അച്ചടി മാധ്യമങ്ങൾ വിമർശനം മിക്കവാറും ഒഴിവാക്കിയ മട്ടിലാണ്. പുസ്തക നിരൂപണം തന്നെ ഇല്ലാതായി. വായനക്കാർ ഇല്ലാത്തതാവും പ്രധാന കാരണം. നവമാധ്യമങ്ങളിൽ ആകട്ടെ വിമർശനത്തിന്റെ കാര്യത്തിൽ സാഹിത്യരചയിതാക്കൾ അസഹിഷ്ണുങ്ങളായി മാറിയിട്ടുണ്ട്. വിമർശനം എഴുത്തുകാരുടെ ശത്രുത ക്ഷണിച്ചു വരുത്തുന്നു എന്നതാണ് അവസ്ഥ. അതുകൊണ്ട് എല്ലാവരും തന്നെ സാഹിത്യകൃതികളെപ്പറ്റി നല്ല അഭിപ്രായങ്ങളേ പറയാറുള്ളു. അല്ലെങ്കിൽ ഒന്നും മിണ്ടാതിരിക്കും.  

വിമർശനം നേരിടാത്ത സാഹിത്യ വിഭാഗങ്ങൾ ആണ് ഇപ്പോൾ കഥയും നോവലും കവിതയും. ചില അഭിപ്രായങ്ങൾ മാത്രമേയുള്ളു. അതിനാൽ സാഹിത്യമൂല്യം വായനക്കാർക്ക് തെളിഞ്ഞു കിട്ടുന്നില്ല. കൃതിയെ സംബന്ധിച്ച് ഒരു ജഡ്ജുമെൻ്റ് സാധ്യമാകുന്നില്ല. പോപ്പുലർ കൾച്ചറിൻ്റെ ഭാഗമായി മേൽപ്പറഞ്ഞ സാഹിത്യരൂപങ്ങൾ മാറിക്കഴിഞ്ഞു. വിമർശനങ്ങൾ ഒരു പക്ഷേ വില്പനയെ ബാധിച്ചേക്കാം എന്ന ഭയവും ഉണ്ടെന്ന് തോന്നുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഉത്തരാധുനിക കാലത്തെ മലയാളത്തിലെ  സാഹിത്യവിമർശനം സാഹിത്യകൃതിയുടെ കലാപരമായ ഗുണങ്ങളെയല്ല ദർശിച്ചത്.കൃതിയുടെ ചരിത്രപരവും സമൂഹപരവും രാഷ്ട്രപരവുമായ പ്രാധാന്യമാണ് വിമർശകർ വായിച്ചെടുക്കാൻ ശ്രമിച്ചത്. കൃതികളെ സ്ത്രീ തലത്തിലും ദളിത് തലത്തിലും പരിസ്ഥിതി തലത്തിലും വായിക്കാനാണ് ശ്രമിച്ചത്. അത് ഒരു സാമാന്യ വീക്ഷണം ആയിരിക്കുമല്ലോ. ഇതു മൂലം നമ്മുടെ കൃതികളിലെ കലാപരമായ തനതു കണ്ടെത്തലുകൾ കാണാതെ പോയി. മറ്റൊന്ന് പാശ്ചാത്യ സിദ്ധാന്തങ്ങൾക്ക് അനുസരിച്ച് നമ്മുടെ കൃതികളെ വായിക്കാനുള്ള ശ്രമങ്ങൾ ആണ്. കടുകട്ടിയായ ഭാഷയും ഇടയ്ക്കിടയ്ക്കു വരുന്ന പാശ്ചാത്യ സംജ്ഞകളും അവയുടെ ഭീകരമായ മലയാള സംജ്ഞകളും വായനക്കാരെ വിമർശനത്തിൽ നിന്നകറ്റി. ഗവേഷകരായ ധാരാളം ആളുകൾ കൃതികളുടെ പഠനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് എങ്കിലും അതൊന്നും ഒരു രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാൽ എങ്ങുമെത്താതെ പോയി. വി.സി. ശ്രീജൻ്റെ നിലപാടുമാറ്റവും ബി.രാജീവൻ്റെ അപ്രത്യക്ഷതയും ഒരു ശൂന്യത സൃഷ്ടിച്ചു. കവിതാ വിമർശകരായ ജയമോഹനനും സി.ആർ പരമേശ്വരനും മറ്റ് വഴികളിലേക്ക് നീങ്ങി. കെ. കെ. ബാബുരാജിൻ്റെ ഇരുട്ടിലെ കണ്ണാടിയാണ് ഇക്കാലഘട്ടത്തിൽ എടുത്തു പറയാവുന്ന ഒരു വിമർശക കൃതി.ടി.ടി ശ്രീകുമാറിൻ്റെ കൃതികൾ എടുത്തുപറയേണ്ട മറ്റൊരു മേഖലയാണ്.


ഇരുട്ടിലെ കണ്ണാടി | PHOTO : WIKI COMMONS
കൃതികളെക്കുറിച്ച് ധാരാളം പഠനങ്ങൾ നടക്കുന്ന മേഖലയാണ് ഗവേഷണ മേഖല. അവിടെ നിന്ന് അപൂർവ്വം എഴുത്തുകൾ മാത്രമാണ് പുസ്തകരൂപത്തിൽ വരുന്നത്. പുസ്തകപ്രസാധകർ വിമർശന കൃതികൾ പ്രസിദ്ധീകരിക്കാൻ തയ്യാറല്ല. മാർക്കറ്റ് കേന്ദ്രിതമായി സാഹിത്യം മാറിയതു കൊണ്ടാണിത് സംഭവിക്കുന്നത്. സ്വന്തം ചെലവിൽ പുസ്തകം പ്രസിദ്ധീകരിക്കേണ്ട ഗതികേടാണ് ഇന്ന് വിമർശകർക്ക് ഉള്ളത്. കാരണം സാഹിത്യം ഇന്ന് വായിച്ചു രസിക്കുക എന്നൊരു കാര്യമായിരിക്കുന്നു. ബുദ്ധിപരമോ ആലോചനാപരമോ  ആയ എഴുത്ത് ആർക്കും വേണ്ട.

ഞാനെഴുതുന്നതൊക്കെ കുറേ ലളിതമാണെങ്കിലും അതിഗഹനങ്ങളായ കൃതികൾ വായിക്കുന്ന ഒരു എഴുത്തുകാരനാണ് ഞാൻ. അതുകൊണ്ടു തന്നെ ബാർത്ത്, യാക്കോബ്സൺ, ദറിദ, ഫൂക്കോ, ഫ്രാങ്കോ മൊറേറ്റി എന്നിവരുടെ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും വായിക്കാൻ എനിക്ക് ഇഷ്ടമാണ്. അതിൻ്റെ ഒരു കാരണം ആധുനികതയിലാണ് എൻ്റെ സാഹിത്യ സംസ്കാരം രൂപപ്പെട്ടത് എന്നതാണ്. വിമർശനങ്ങളിൽ നിന്നാണ് അടിസ്ഥാനപരമായ ഞാൻ അക്കാലത്തെ വായിച്ചെടുത്തത്. വിമർശനം ഒരു വ്യാഖ്യാനമാണ്. അഥവാ വ്യാഖ്യാനത്തിൻ്റെ വ്യാഖ്യാനമാണ്. ആഴമില്ലായ്മയും സങ്കീർണതയില്ലായ്മയും പാരഡിയും കൊണ്ടാക്കെ സാഹിത്യം ഇന്ന് ഭാരം കുറഞ്ഞ ഒന്നായി മറിയിട്ടുണ്ട്. അതിന് പിന്നൊരു വ്യഖ്യാനത്തിൻ്റെയോ അപഗ്രഥനത്തിൻ്റെയോ ആവശ്യമില്ലാതായിരിക്കുന്നു. അതിന് വേണ്ടത് പിന്നെ വിവാദമാണ്. വിവാദങ്ങൾ ആണ് കൃതിയുടെ വില നിർണയിക്കുന്നത് എന്ന് വന്നിരിക്കുന്നു. അപ്പോൾ പിന്നെ വിമർശനത്തിൻ്റെ മരണം തന്നെയാണ് സംഭവിക്കുന്നത്.


#literature
Leave a comment