
ജിജി എന്തുകൊണ്ട് വൈറലായി ?
കെ.ആർ. ടോണിയുടെ ജിജി എന്ന കവിത വൈറലായി. കവിയെ പോപ്പുലർ ആക്കുന്ന ഒരു കാര്യമാണ് ഒരേ സമയം ഇഷ്ടത്തെയും അനിഷ്ടത്തെയും സൂചിപ്പിക്കുന്ന രണ്ട് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നത്. സൈബറിടത്തിൽ ചർച്ചാവിഷയമാകുന്ന ടോണിയുടെ ആദ്യകവിതയാണ് ജിജി. ധാരാളം നല്ല കവിതകൾ എഴുതിയിട്ടുള്ള പ്രതിഭാധനനായ കവിയാണ് ടോണി. നിരവധി സമാഹാരങ്ങൾ ഉണ്ട്. ആട്ടം, നോട്ടം, വാക്കിൻ്റെ ശക്തി, ശിഷ്ടം പോലുള്ള എത്രയോ കവിതകൾ മാറിയ കാലത്തിൻ്റെ മുദ്രകളാണ്. പക്ഷേ അവയ്ക്കൊന്നും കിട്ടാത്ത സ്വീകാര്യതയും അവജ്ഞയുമാണ് ഈ കവിതയ്ക്ക് ലഭിച്ചത്. ഒരു ജനസമൂഹം എങ്ങനെയാണ് ചിന്തിക്കുക എന്ന് ആർക്കും പ്രവചിക്കാനാവുകയില്ല. നല്ല കവിത ജനസമൂഹം ഏറ്റെടുക്കണമെന്നില്ല. മാസിൻ്റെ ( ജനസമൂഹം ) യുക്തി , യുക്തിയില്ലായ്മ ഒക്കെ അതിന് കാരണമാകും. മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ നമ്മൾ ഉൾപ്പെടെയുളള ജനക്കൂട്ടം കയ്യടിക്കുന്നത് ശ്രദ്ധിച്ചാൽ അതിനൊരു തുടക്കക്കാരൻ ഉണ്ടെന്ന് കാണാം. ചിലപ്പോൾ ജനം ഒരു ലയത്തിൽ അബോധമായി ഒരുമിച്ച് കയ്യടിക്കാം. എന്നാൽ പലപ്പോഴും ആദ്യം കയ്യടിക്കുന്ന ഒരാളെ കാണാം. ചിലപ്പോൾ അയാളുടെ കയ്യടി മറ്റുള്ളവർ ഏറ്റെടുക്കാതെ ഒറ്റപ്പെട്ടുപോകും. ഞാനിത് ശ്രദ്ധിച്ചിട്ടുണ്ട്. സാഹിത്യകൃതികളെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ആ ആൾ ആരാണ് ? "പടിഞ്ഞാറ്റേ കുളം" എന്ന നിഷാ നാരായണൻ്റെ കവിത ശ്രദ്ധയിലേക്ക് കൊണ്ടുവന്നതാരാണ്? അത് ഗംഭീരകവിതയാണ്. സാന്ദർഭികമായി അങ്ങനെ ഒരു ആരംഭകനെ പരാമർശിച്ചു എന്നേയുള്ളു. പുതിയ കാലത്ത് പലതും കൃത്രിമമായി ശ്രദ്ധയിൽ പെടുത്തുന്നുണ്ട്. പക്ഷേ അതും മീറ്റിംഗിൻ്റെ കാര്യത്തിൽ പറഞ്ഞ പോലെ ഒത്താൽ ഒത്തു എന്നേയുള്ളു. ഇക്കാലത്ത് മഹത്തായ കവിതകൾ പോലും ആരും തിരിഞ്ഞു നോക്കാറില്ല. എന്നാൽ പബ്ലിക്കിൻ്റെ അഭിപ്രായം അടിസ്ഥാനപ്പെടുത്തി കവിതയെ മനസിലാക്കുന്ന ആളല്ല ഞാൻ. കേരളത്തിലുള്ള എല്ലാവരും നല്ല കവിത എന്നു പറഞ്ഞാലും എനിക്ക് ബോധ്യപ്പെട്ടാലേ ഞാനത് അംഗീകരിക്കൂ. പബ്ലിക്കിന് കെ.എ ജയശീലൻ എന്ന ഗംഭീരകവിയെ അറിയുക പോലുമില്ല. പുതുകവിതയുടെ നവ ഭാവുകത്വം പബ്ലിക്കിന് അറിയാമോ എന്ന് എനിക്ക് സംശയം ഉണ്ട്. പുതുകവിത അല്പം ഇൻ്റലക്ച്വൽ ആണ്. അത് വായിച്ചു മനസിലാക്കാൻ പുതിയ ചില കാര്യങ്ങൾ അറിയണം. അതൊന്നും ആരും അറിയാൻ ശ്രമിക്കാറില്ല. കേരളത്തിലെ പബ്ലിക്കിന് മതം, ജാതി, പ്രദേശം, ലിംഗപദവി എന്നിങ്ങനെ പല താല്പര്യങ്ങളും ഉണ്ട്. അവ പ്രധാനമായും സവർണ ഹൈന്ദവ കേന്ദ്രിതമാണ്. ടോണിയുടെ ജിജിയെ സംബന്ധിച്ചിടത്തോളം അതിൽ ചെറിയ മാറ്റമുണ്ടായിട്ടുണ്ട്.കെ.ആർ. ടോണി | PHOTO: WIKI COMMONS
ഞാൻ കെ.ആർ. ടോണിയെ ആദ്യമായി കാണുന്നത് തിരുവനന്തപുരത്തുവച്ചാണ്. 1990 ൽ ആണത്. അന്ന് അദ്ദേഹം സമനില എന്ന പുസ്തകം പ്രകാശിപ്പിച്ചിട്ടുണ്ട്. പിന്നീട് തൊണ്ണൂറുകളുടെ അവസാനം ഞങ്ങൾ ഒരുമിച്ച് പുതുകവിതയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരാധുനിക കലയെയും സാഹിത്യത്തെയും കുറിച്ച് ഫെഡറിക് ജയിംസൺ പറഞ്ഞ ആഴമില്ലായ്മ, എഫക്ടിൻ്റെ മങ്ങൽ, പാരഡി, പാസ്റ്റീഷ് എന്ന തും ല്യോത്താർഡിൻ്റെ ലഘ്വാഖ്യാന സങ്കല്പവും ഒക്കെ ടോണി മുമ്പേ തന്നെ മനസിലാക്കിയിരുന്നു. "കണ്ണീർക്കുടമേ സുഗത കുമാരീ, കണ്ണക്കവിതകൾ എഴുതുന്നോരേ " ഞാൻ പീഡന കാലത്തിൻ്റെ കവിയാണ് സഹോദരാ, വിപ്ലവ കാലത്തിൻ്റെ കവികൾ എനിക്ക് മുന്നാലെ പോയി. " " ഇരുപതുവരി അതു മതി. " എന്നിങ്ങനെയുള്ള ടോണിയുടെ കവിതകളിൽ മുകളിൽ പറഞ്ഞ ഉത്തരാധുനിക കലാ സാഹിത്യ രാഷ്ട്രീയസങ്കല്പങ്ങളുടെ സ്വാധീനമുണ്ട്. മുൻകാല കവിതകളെ പാരഡി ചെയ്യുകയും മുൻകാല കവിതകളിൽ നിന്നുള്ള വരികൾ പുതിയ കാലത്തിനിണങ്ങുന്ന അർത്ഥങ്ങൾ സൃഷ്ടിക്കുവാൻ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട് ടോണി. പ്ലമേനമ്മായി അദ്ദേഹത്തിൻ്റെ വ്യത്യസ്തമായ ഒരു സമാഹാരമാണ്. സാമൂഹ്യാക്ഷേപമാണ് കവിതകളിലൂടെ വളരെ പുതുമയോടെ ഭാരം കുറഞ്ഞ ഭാഷയോടെ ടോണി ചെയ്യുന്നത്. സംഭാഷണ ഭാഷയ്ക്കാണ് ടോണിയുടെ കവിതയിൽ മുൻതൂക്കം. ഒരു വിലയുമില്ലാത്ത മനുഷ്യനെ അഥവാ പൊള്ള മനുഷ്യനെ ലത്തീൻ അമേരിക്കൻ കവിയായ നിക്കനോർ പാറയുടെ A man എന്ന കവിതയിൽ കാണാം. ഒരു മനുഷ്യൻ അമ്മയ്ക്ക് മരുന്നു വാങ്ങാൻ ഡോക്ടറെ തേടി പോകുന്നതും പോണ വഴി കാമുകനുമായി നടന്നുപോകുന്ന ഭാര്യയെ മരങ്ങൾക്കു മറഞ്ഞു നിന്ന് കാണുന്നതും പിന്നീട് പലയിടത്തും അലഞ്ഞ് അയാളുടെ ലക്ഷ്യം തന്നെ എങ്ങുമെത്താതെ മാറിപ്പോകുന്നതും ഒരു മനുഷ്യൻ എന്ന ആ കവിതയിൽ കാണാം. ഇതുപോലെ ഒരു മനുഷ്യൻ സന്തോഷ് എന്ന് പേരുണ്ടായിട്ടും സന്തോഷമില്ലാതെ ( സന്തോഷ് എന്നാണ് എൻ്റെ പേര് അതിട്ടവൻ തന്തയ്ക്കുണ്ടായവനല്ല) ബാറിലും മറ്റും കറങ്ങിനടക്കുന്നത് ടോണിയുടെ കവിതയിലും കാണാം. ആധുനികതയിലെ മെറ്റാഫിസിക്കൽ കാവ്യഭാഷയേയും വിപ്ലവകാലത്തെയും ടോണി ആദ്യസമാഹാരമായ സമനിലയിൽ തന്നെ മറികടന്നു. ഈ മനുഷ്യനാണ് വാക്കിൻ്റെ ശക്തി എന്ന കവിതയിൽ കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന ആൾ. പണമില്ലാത്തതിനാൽ വാങ്ങിയ സാധനങ്ങൾ എല്ലാം അയാൾക്ക് തിരിച്ചുകൊടുക്കേണ്ടി വരുന്നു. അപനിർമ്മാണത്തിൽ അയാൾ ക്യൂവിൽ കാത്തുനിൽക്കുന്ന ആളാണ്. ടോണിയുടെ കവിതകളെ പിന്തുടരുന്ന ഒരു വായനക്കാരന് / വായനക്കാരിക്ക് ജിജി ആരാണ് എന്ന് തിരിച്ചറിയാൻ പ്രയാസമില്ല. മേൽവിലാസം ഇല്ലാത്ത കേവലമനുഷ്യനാണ് ഇയാൾ. ഈ കേവല മനുഷ്യൻ മധ്യവർഗ്ഗ ദരിദ്ര മനുഷ്യരുടെ ഒരു പ്രതിനിധാനം ആകുന്നു. ടോണി ആവിഷ്കരിച്ചത് സ്ത്രീയെയല്ല ദളിതരെയല്ല , ആദിവാസിയെയല്ല മധ്യവർഗ്ഗ മനുഷ്യരുടെ പ്രതിനിധാനത്തെയാണ്. മലയാളത്തിൽ സമീപകാലത്ത് മറ്റൊരു കവിക്കും സാധിക്കാത്ത രീതിയിൽ ടോണി മധ്യവർഗ്ഗജീവിതം ആവിഷ്കരിച്ചിട്ടുണ്ട്.REPRESENTATIVE IMAGE | WIKI COMMONS
കവിതയിൽ ആധുനികതയ്ക്കു ശേഷം രാമചന്ദ്രൻ, അനിത, ഗിരിജ, അൻവർ, രാമൻ, ടോണി എന്നിവർ പുതുകവിത എന്ന നവഭാവുകത്വം അവതരിപ്പിച്ചു എങ്കിലും ആധുനികർക്ക് കിട്ടിയ പോപ്പുലറായ ഒരു മാധ്യമശ്രദ്ധ കാവ്യലോകത്ത് ഇവർക്ക് നേടാനായില്ല. ( ആധുനികർക്ക് തീവ്ര ഇടതുപക്ഷ സാംസ്കാരികതയുടെ പശ്ചാത്തലം ഉണ്ടായിരുന്നു. പുതുകവികൾ വന്നപ്പോൾ ലിബറൽ ക്യാപ്പിറ്റലിസത്തിൻ്റെ കാലമായിപ്പോയി ). പുതുകവികളെത്തുടർന്നു വന്ന കവികളിൽ പലരും ഭാഷാപരമായ, സാഹിത്യപരമായ ശേഷി വേണ്ടവണ്ണം പുലർത്തിയുമില്ല. അവർ ടെക്നോളജിക്ക് അടിമകളായി. ഉള്ളടക്കത്തിൽ മാത്രം ശ്രദ്ധിച്ചു. ഭാഷാവരം അവർക്ക് ഉണ്ടായിരുന്നില്ല. പുതുകവിതയെ ഒരു അടിപോലും മുന്നോട്ട് നീങ്ങാൻ പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും വേണ്ടവണ്ണം സഹായിച്ചുമില്ല. അവർ മാസ് കൾച്ചറിൻ്റെ ഭാഗമായി ആധുനിക കവികളേയും മധുസൂദനൻ നായരേയും അനിൽ പനച്ചൂരാൻ, മുരുകൻ കാട്ടാക്കട എന്നിവരേയും താലോലിച്ചു കൊണ്ടിരുന്നു. 90 കൾ അവസാനം മുതൽ ഏതാണ്ട് 2010 വരെ ഉണ്ടായിരുന്ന ജാഗ്രതയുള്ള ഒരു വായനാ സമൂഹം അപ്രത്യക്ഷരായി. പിന്നീട് നവമാധ്യമങ്ങളുടെ കാലമായിരുന്നു. നവ മാധ്യമങ്ങളുടെ വരവോടെ വിമർശകരും എഡിറ്റേഴ്സും ഇല്ലാതായി. എഫ്.ബിയിലെ പല കവികളും വിചാരിക്കുന്നത് അവർ എഴുതുന്നത് എന്താണോ അതാണ് കവിത എന്നാണ്. അതിൽ നമ്മുടെ മുൻകാല കവിതയോടുള്ള പ്രതികരണം ഇല്ല. കാരണം അവർ പലരും അതൊന്നും വായിച്ചിട്ടില്ല. ലോകത്തെങ്ങുമുള്ള ഏറ്റവും പുതിയ ഏത് സാഹിത്യ രൂപത്തിനും കലാരൂപത്തിനും പൂർവ്വ കാലത്തോട് ഒരു ബന്ധം കാണും. സിമ്പോഴ്ഷ്കയ്ക്ക് അത് ചിത്രകലയോടാണെന്നുമാത്രം. പരോക്ഷമായി ട്ടെങ്കിലും ഭൂതകാല സാഹിത്യത്തിനും കലയ്ക്കുമുള്ള മറുപടിയായും കലാസാഹിത്യ സൃഷ്ടികൾ വരാം. ടോണിയുടെ ജിജി എന്ന കവിതയിലെ ജിജിയെ ഞാൻ എത്രയോ വർഷം മുമ്പ് ടോണിയുടെ കവിതകളിൽ കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ നമ്മുടെ നവമാധ്യമ വായനക്കാരും കവികളും ഇപ്പോഴാണ് ജിജിയെ കണ്ടുമുട്ടിയത്. അവർ ജിജിയെ കണ്ട് അന്തം വിട്ടു. ജിജി ജിജി എന്നു വിളിച്ച് കേണു. ചിരിച്ചു. അത്ഭുതപ്പെട്ടു. പുതുകവിതയുടെ കാര്യത്തിൽ കഴിഞ്ഞുപോയ കാൽനൂറ്റാണ്ടിൻ്റെ തമസ്കരണം ടോണിയെ സംബന്ധിച്ചിടത്തോളം ശരിക്കും മാറിക്കിട്ടിയത് ഇപ്പോഴാണ് എന്നുപറയാം. അദ്ദേഹത്തിൻ്റെ ജീവിതം സഫലമായി എന്നു പറയാം. ഇനിയും എത്രപേർക്ക് തമസ്കരണം മാറിക്കിട്ടാൻ കിടക്കുന്നു.
ആധുനികത ഇപ്പോഴും അവസാനിച്ചിട്ടില്ല എന്ന് ഹാബർ മാസ് പറഞ്ഞത് ഓർക്കുകയാണ്. ല്യോത്താർഡ് പക്ഷേ ഇത് ഉത്തരാധുനികകാലമാണെന്നും പറഞ്ഞു. കേരളത്തിൻ്റെ പശ്ചാത്തലത്തിൽ ഈ രണ്ട് ആശയങ്ങൾക്കും പ്രസക്തിയുണ്ട്. ഇതാണ് ആധുനിക ഉത്തരാധുനിക ഭാവുകത്വങ്ങൾ കൂടിക്കുഴയാൻ കാരണം എന്ന് തോന്നുന്നു.
പ്രാചീനകാലം മുതൽ സംഘകാലവും വർത്തമാനകാലവും ഒക്കെ ജിജി എന്ന കവിതയിൽ ഉണ്ട്. അതിസൂക്ഷ്മമായ ചില വിമർശനങ്ങളും ഉണ്ട്. എങ്കിലും ജിജി എന്ന കവിതയെ ടോണിയുടെ മികച്ച കവിതകളിൽ ഒന്നായി ഞാൻ കാണുന്നില്ല. ടോണിയുടെ കവിതയിലേക്ക് പുതിയ ഒരു വായനാസമൂഹത്തിന് വാതിൽ തുറന്നുകൊടുത്തത് ഈ കവിതയാണ് എന്ന് ഞാൻ മനസിലാക്കുന്നു.