ലോക സാഹിത്യം മലയാള സാഹിത്യം
പത്തോ പതിനൊന്നോ നൂറ്റാണ്ട് മാത്രം പഴക്കമുള്ള ഒരു ഭാഷയാണ് മലയാളം. മലയാളത്തിലെ ഏറ്റവും പ്രാചീന കൃതിയായ രാമചരിതം പാട്ടിന് ഒന്‍പത് നൂറ്റാണ്ട് പഴക്കം മാത്രമേയുള്ളൂ. ലോകത്ത് ഏറ്റവും പുരാതനമായ സാഹിത്യം സുമേറിയന്‍ സംസ്‌കാരത്തിലാണ് ഉണ്ടായത് എന്ന് കണക്കാക്കപ്പെടുന്നു. സുമേറിയന്‍ നഗരമായ ഉറൂക്കില്‍ നിന്നാണ് (ബിസി 4000-2500) അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള സാഹിത്യം ഉറവെടുത്തിട്ടുള്ളതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സുമേറിയന്‍ സംസ്‌കൃതിയില്‍ ഉരുവംകൊണ്ട ഗില്‍ഗമേഷ് കാവ്യത്തിന്റെ ആവിര്‍ഭാവത്തിന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ന് ലോകസാഹിത്യം എത്തിനില്‍ക്കുന്നത് അത്ഭുതാവഹമായ വളര്‍ച്ചയിലും വൈവിധ്യത്തിലുമാണ്.
ലോകനിലവാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ മലയാള സാഹിത്യം എവിടെ നില്‍ക്കുന്നുവെന്ന് പലരും ചോദിച്ച് കേട്ടിട്ടുണ്ട്. മലയാള സാഹിത്യത്തെ ലോകസാഹിത്യവുമായി താരതമ്യം ചെയ്യേണ്ട അടിയന്തര ആവശ്യം ഒന്നും തന്നെയില്ല. ലോകനിലവാരം എന്നതിന് കൃത്യമായ മാനദണ്ഡമൊന്നുമില്ല. ലോകത്ത് രചിക്കപ്പെടുന്ന സാഹിത്യമെല്ലാം ലോക സാഹിത്യത്തില്‍പ്പെടുന്നു എന്ന് സാമാന്യമായി പറയാം. അതില്‍പ്പെടുന്നതാണ് മലയാള സാഹിത്യവും. എക്കാലത്തും വായനക്കാരെ അതിശയിപ്പിച്ചിട്ടുള്ള ക്ലാസ്സിക് കൃതികള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. എന്തിന് ക്ലാസ്സിക്കുകള്‍ വായിക്കുന്നു എന്ന പുസ്തകത്തില്‍ ഇറ്റാലോ കാല്‍വിനൊ ഇങ്ങനെ പറയുന്നുണ്ട് :''A classic is a book that has never finished saying what it has to say ' ഓരോ വായനയിലും പുതിയ പുതിയ അര്‍ത്ഥ, സൗന്ദര്യതലങ്ങള്‍ പുഷ്ടിപ്പെട്ട് വരുന്ന കൃതികളെ ക്ലാസ്സിക്കുകള്‍ എന്ന് വിളിക്കാം. അത് സാര്‍വ്വകാലികവും സാര്‍വ്വലൗകികവുമായ ചില മൂല്യങ്ങളെ പ്രസരിപ്പിച്ചുകൊണ്ടിരിക്കും. മാറിവരുന്ന ലോക സാഹചര്യങ്ങളിലും അവയില്‍ നിക്ഷേപിച്ചിട്ടുള്ള മൂല്യവിചാരങ്ങള്‍ക്കോ ഉദ്വേഗങ്ങള്‍ക്കോ കാലഹരണം സംഭവിക്കുകയില്ല. അത് ജനജീവിതത്തെയും ദേശസംസ്‌കൃതിയെയും പുതിയ പരിപ്രേഷ്യത്തില്‍ പുനര്‍നിര്‍ണ്ണയം ചെയ്തുകൊണ്ടിരിക്കും. ഇങ്ങനെ കാലപ്രവാഹത്തില്‍ കടപുഴകാതെ മൂല്യപരിവര്‍ത്തനങ്ങള്‍ക്കും വ്യാഖ്യാന സാധ്യതകള്‍ക്കും ഇടനല്‍കുന്നതും സാധാരണത്വത്തില്‍ നിന്നും അസാധാരണത്വത്തിലേക്കുയര്‍ത്താന്‍ പ്രേരണ നല്‍കുന്നതുമായ ഔന്നത്യമാര്‍ന്ന കൃതികള്‍ ലോകസാഹിത്യത്തിലുണ്ടായിട്ടുണ്ട്. ഈവിധം ചിന്തിച്ചാല്‍ ക്ലാസ്സിക് കൃതി എന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയുള്ള രചനകള്‍ അത്രയധികമില്ല എന്ന് കാണാം. രാമായണവും മഹാഭാരതവും ഇലിയഡും ഒഡീസിയും ഒക്കെ ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. അവയൊക്കെ ഒരു മഹാകാലത്തിന്റെ ശേഷിപ്പുകളായി, മനുഷ്യ സംസ്‌കാരത്തിന്റെ ഈടുവയ്പുകളായി നിലകൊള്ളുന്നു.
ഇതിനുപുറമെ ഇതിഹാസസമാനങ്ങളായിട്ടുള്ള ആഖ്യായികകളും കാവ്യനാടകാദികളും ഉണ്ടായിട്ടുണ്ട് വിശ്വസാഹിത്യത്തില്‍. കാരമസോവ് സഹോദരന്മാര്‍ (ദസ്തയെവ്‌സ്‌കി), യുദ്ധവും സമാധാനവും (ടോള്‍സ്റ്റോയി), ഡോണ്‍ കീഹോതെ (തെര്‍വാന്റിസ്), മോബി ഡിക്ക് ( ഹെര്‍മാന്‍ മെല്‍വില്‍), ദ മാജിക് മൗണ്ടന്‍ (തോമാസ് മന്‍), യുലീസസ് (ജെയിംസ് ജോയ്‌സ്), ദി മാന്‍ വിതൗട്ട് ക്വാളിറ്റീസ് (റോബര്‍ട്ട് മ്യൂസില്‍), ദി ബ്രിഡ്ജ് ഓണ്‍ ദ ഡ്രീന (ഈവോ ആന്‍ഡ്രിക്) ദ മിസ്റ്ററീസ് ഓഫ് പാരീസ് (യൂജിന്‍ സ്യൂ), പാവങ്ങള്‍ (വിക്തോര്‍ ഹ്യൂഗൊ) ഇന്‍ സെര്‍ച്ച് ഓഫ് ലോസ്റ്റ് ടൈം (മാര്‍സല്‍ പ്രൂസ്റ്റ്) തുടങ്ങിയ കൃതികള്‍ ഇതിഹാസമാനങ്ങളുള്ള നോവലുകളാണ്.
ദി മാന്‍ വിതൗട്ട് ക്വാളിറ്റീസ് എന്ന നോവല്‍ തത്വചിന്താപരമായ ഔന്നത്യവും ധൈഷണികതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ഒന്നാണ്. നോവലിനെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ തിരുത്തിക്കുറിച്ച ഈ കൃതി മഹത്തായ ആശയങ്ങളാല്‍ സമ്പുഷ്ടമാണ്. ആശയങ്ങളുടെ നോവല്‍ ( a novel of ideas) എന്ന് ഇതിനെ വിളിക്കാറുണ്ട്. മാത്തമാറ്റിക്‌സില്‍ പ്രതിഭയായിട്ടുള്ള മുപ്പത്തിരണ്ടുകാരന്‍ ഉള്‍റിച്ചാണ് നോവലിലെ നായക കഥാപാത്രം. ജീവിതത്തെ സംബന്ധിച്ച് ഉദാസീനമായ നിലപാടാണ് അയാള്‍ക്കുള്ളത്. ധാര്‍മ്മിക മൂല്യങ്ങളോട് സുനിശ്ചിതമല്ലാത്ത മനോഭാവവും ജീവിതത്തോടുള്ള നിസ്സംഗതയും ഉള്‍റിച്ചിനെ ഗുണങ്ങളൊന്നുമില്ലാത്ത മനുഷ്യന്‍ എന്നറിയപ്പെടാന്‍ ഇടയാക്കുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് തൊട്ടുമുന്‍പുള്ള ഓസ്ട്രിയന്‍ സമൂഹം നോവലില്‍ അനാവരണം ചെയ്യപ്പെടുന്നു. ആധുനിക യുക്തിബോധവും ശാസ്ത്രാവബോധവും തമ്മിലും വൈകാരികത, ധാര്‍മ്മികത, കല, ആത്മീയത എന്നിവയുടെ ആത്മനിഷ്ഠമായ ലോകവും തമ്മിലുള്ള സംഘര്‍ഷം ഉള്‍ക്കൊണ്ടുകൊണ്ട് അവയോടുള്ള പ്രതികരണങ്ങളിലൂടെ അത്തരം ആശയധാരകളെ നിര്‍ധാരണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ള എഴുത്തുകാരനാണ് മ്യൂസില്‍ ( Robert Musil).
ROBERT MUSIL | PHOTO: WIKI COMMONS
ഈവോ ആന്‍ഡ്രീക്കിന്റെ 'ഡ്രീനാ നദിയിലെ പാലം' ഏകദേശം നാല് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഓട്ടോമന്‍ -ഓസ്‌ട്രോ ഹംഗേറിയന്‍ അധിനിവേശങ്ങളുടെ കഥയാണ് രേഖപ്പെടുത്തുന്നത്. ഇത് ഒരു ചരിത്രനോവലാണ്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഓട്ടോമന്‍സ് നിര്‍മ്മിച്ച പാലം ഒന്നാം ലോകമഹായുദ്ധകാലത്ത് ഭാഗികമായി നശിപ്പിക്കപ്പെടുന്നത് വരെയുള്ള ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു ഈ പാലം. പാലത്തിന്റെ ദീര്‍ഘനാളത്തെ കഥ പറയുന്നതോടൊപ്പം സെര്‍ബിയന്‍, ക്രൊയേഷ്യന്‍, ടര്‍ക്കിഷ്, ബോസ്‌നിയന്‍ സംസ്‌കാരങ്ങളുടെ ചരിത്രവും നോവലില്‍ കലാത്മകമായി വിളക്കിച്ചേര്‍ക്കുന്നു. ഒരുവശത്ത് ചരിത്രം യുദ്ധത്തിന്റെ പേരില്‍ മനുഷ്യരോട് കാട്ടിയ ക്രൂരതയും മറുവശത്ത് ജീവിതത്തിന്റെ അപാരമായ സൗന്ദര്യവും കാണിച്ചുതരുന്നു മ്യൂസില്‍. പാലം ഏകീകരണത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമാണ്. നോവല്‍ അവസാനിക്കുന്നിടത്ത് പാലത്തിന്റെ തകര്‍ച്ച പ്രതീകാത്മകമായ അര്‍ത്ഥത്തെയുള്‍ക്കൊള്ളുന്നു. ഓട്ടോമന്‍ സംസ്‌കൃതിയുടെ അന്ത്യവും ആധുനികതയുടെ ആഗമനവും നോവലില്‍ വിവരിക്കുന്നു. കാലത്തിന്റെ അപ്രതിഹതമായ ഒഴുക്കും മനുഷ്യര്‍ വംശീയതയുടെയും വര്‍ഗ്ഗത്തിന്റെയും പേരില്‍ കാട്ടിക്കൂട്ടുന്ന ഭീമാബദ്ധങ്ങളും ചിത്രീകരിച്ച് കൊണ്ട് ചരിത്രത്തില്‍ നിന്നും പാഠം പഠിക്കേണ്ടതിന്റെ ആവശ്യകതയെ വ്യക്തമാക്കുകയാണ് ഇവോ ആന്‍ഡ്രീക്കിന്റെ ഇതിഹാസതുല്യമായ നോവല്‍.
ഡിസംബറിസ്റ്റ് കലാപത്തോടെ, റഷ്യന്‍ ബുദ്ധിജീവിവര്‍ഗ്ഗവും കുലീന വര്‍ഗ്ഗ ഭരണാധികാരികളും തമ്മിലുള്ള ഏറ്റുമുട്ടലിന് തുടക്കം കുറിക്കുകയും അതിന്റെ അനുരണനങ്ങള്‍ ചിരകാലം നിലനില്‍ക്കുകയും ചെയ്തിരുന്ന ഒരു രാഷ്ട്രീയാന്തരീക്ഷത്തില്‍ ജനിച്ച ദസ്തയെവ്സ്‌കി റഷ്യയിലെ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഹൃദയത്തുടിപ്പുകളാണ് തന്റെ കൃതികളില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
PHOTO : WIKI COMMONS
പാരീസിലെ അധോലോകങ്ങളില്‍ പാര്‍ക്കുന്ന മനുഷ്യരുടെ ജീവിതം ചിത്രീകരിക്കുന്നതില്‍ അതിശയകരമായ പ്രതിഭാവിലാസമാണ് യൂജിന്‍ സ്യൂ ( Eugene Sue ) ലെസ് മിസ്റ്ററീസ് ദ പാരീസ് എന്ന മഹാഖ്യായികയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പ്രൂസ്റ്റിന്റെ ഇന്‍ സെര്‍ച്ച് ഓഫ് ലോസ്റ്റ് ടൈം എന്ന അതിബൃഹത്തായ നോവലില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമുള്ള ഫ്രാന്‍സിലെ പ്രഭുകുടുംബങ്ങളുടെയും മധ്യവര്‍ഗ്ഗത്തിന്റെയും സാമൂഹിക സാംസ്‌കാരിക ജീവിതം അതീവ സൂക്ഷ്മതയോടെയും വിശദമായും വരച്ച് ചേര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. സംഗീതം, ചിത്രകല, നാടകം, സാഹിത്യം, പ്രണയം, ഭക്ഷണ രീതികള്‍, ജൂതന്മാരോട് പ്രഭുകുടുംബങ്ങളില്‍ പലര്‍ക്കുമുണ്ടായിരുന്ന അസഹിഷ്ണുത എന്നുവേണ്ട ഫ്രഞ്ച് സമൂഹത്തിന്റെ സമസ്ത ജീവിതാവസ്ഥകളെയും ഭാവപ്രകര്‍ഷങ്ങളെയും ഇരമ്പിപ്പാഞ്ഞൊഴുകുന്ന ഓര്‍മ്മകളിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു പ്രൂസ്റ്റ്.
മിലാന്‍ കുന്ദേര, മരിയൊ വര്‍ഗാസ് യോസ, മാര്‍കേസ്, സമകാല വിദേശ സാഹിത്യത്തിലെ ഉജ്ജ്വല പ്രതിഭകളായ യോണ്‍ ഫോസ്സെ, കാള്‍ ഓവ് നോസ്ഗാഡ്, ഓള്‍ഗ ടോകാര്‍ചുക്, ജെന്നി എര്‍പ്പെന്‍ബെക് ഇങ്ങനെ ആ ഗംഭീര സാഹിത്യകാരന്മാരുടെ നിര നീളുകയാണ്. ഹോമറുടെ ഒഡീസ്സിയോട് കിടപിടിക്കുന്ന നിക്കോസ് കസാന്‍ദ്‌സാക്കിസിന്റെ ദി ഒഡീസി എ മോഡേണ്‍ സീക്വല്‍ എന്ന അതിവിശിഷ്ടമായ കാവ്യം ലോകസാഹിത്യത്തിലെ ഒരു രത്നമാണ്. അന്ന അഖ്മത്തോവ, വാള്‍ട്ട് വിറ്റ്മാന്‍, പാബ്‌ളൊ നെരൂദ, ഒക്ടോവിയ പാസ്, വിസ്ലാവ സിംബോര്‍സ്‌ക, യാനിസ് റീറ്റ്‌സോസ്, അഡോണിസ് തുടങ്ങിയ കവികള്‍...
സോഫോക്ലിസ്, ഷെയ്ക്‌സ്പിയര്‍, ബെര്‍റ്റോള്‍ഡ് ബ്രെഹ്റ്റ്, സാമുവല്‍ ബെക്കറ്റ്, ഹെന്റിക് ഇബ്‌സന്‍, ജോര്‍ജ് ബര്‍നാഡ് ഷാ, ഓസ്‌കാര്‍ വൈല്‍ഡ്, യൂജിന്‍ ഒനീല്‍, ആര്‍തര്‍ മില്ലര്‍ തുടങ്ങിയ നാടക സാഹിത്യകാരന്മാര്‍... ആന്റണ്‍ ചെഖോവ്,ബോര്‍ഹെസ്, ഫ്രാന്‍സ് കാഫ്ക,ദാനീലൊ കീഷ്, ക്ലാരിസ് ലീസ്‌പെക്തോര്‍, റെയ്മണ്ട് കാര്‍വര്‍, ഹെമിങ് വെ, ഇറ്റാലോ കാല്‍വിനൊ തുടങ്ങിയ ചെറുകഥാകൃത്തുക്കള്‍... ഇവരുടെയൊക്കെ നിലവാരമാണ് ലോക നിലവാരമെങ്കില്‍ മലയാള സാഹിത്യം അത്രത്തോളം എത്തിയിട്ടില്ല. എന്നാല്‍ അത്തരം മഹാപ്രതിഭകളെ ചൂണ്ടിക്കാട്ടി മലയാളസാഹിത്യകാരന്മാരെ ഇകഴ്ത്താന്‍ ഒട്ടും ഭാവമില്ല. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ തുലാസ്സില്‍ കയറ്റി അളന്നേ മതിയാവൂ എന്നില്ല എന്ന് സാരം.
PHOTO : FACEBOOK
എങ്കിലും നമുക്ക് അഭിമാനത്തോടെ എടുത്തുകാണിക്കാന്‍ കഴിയുന്ന കുറച്ച് സാഹിത്യകാരന്മാര്‍ മലയാള ഭാഷയിലുണ്ടായിട്ടുണ്ട് എന്നു പറയാന്‍ എന്തിന് മടിക്കണം? എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ഉണ്ണായി വാര്യര്‍, കുമാരനാശാന്‍, വൈലോപ്പിള്ളി, ഇടശ്ശേരി, പി. ബാലാമണിയമ്മ തുടങ്ങിയ കവികള്‍... സി വി രാമന്‍പിള്ള (ധര്‍മ്മ രാജ, രാമരാജാബഹദൂര്‍) പാറപ്പുറത്ത് ( അരനാഴികനേരം), തകഴി (കയര്‍), ഉറൂബ് (സുന്ദരികളും സുന്ദരന്മാരും), വി കെ എന്‍(അധികാരം), ആനന്ദ് (ആള്‍ക്കൂട്ടം, ഗോവര്‍ധന്റെ യാത്രകള്‍), ഒ വി വിജയന്‍ (ഖസാക്കിന്റെ ഇതിഹാസം), സേതു (പാണ്ഡവപുരം), എം മുകുന്ദന്‍ (മയ്യഴിപ്പുഴയുടെ തീരങ്ങളില്‍) പുനത്തില്‍ കുഞ്ഞബ്ദുള്ള (സ്മാരകശിലകള്‍)...
കാരൂര്‍, എം.സുകുമാരന്‍, സരസ്വതിയമ്മ, സക്കറിയ, എന്‍ എസ് മാധവന്‍, മേതില്‍, എസ് ഹരീഷ് തുടങ്ങിയ ചെറുകഥാകൃത്തുക്കള്‍ ഇവരൊക്കെയുള്ള മലയാള സാഹിത്യം ദരിദ്രമാണെന്ന് പറയാന്‍ കഴിയുമോ? പ്രഗത്ഭരായ ചിലരെ വിട്ടുപോയിട്ടുണ്ടാവും. മേല്‍പ്പറഞ്ഞ എഴുത്തുകാരുടെ പ്രകൃഷ്ട കൃതികളെക്കുറിച്ച് വിശദമായി എഴുതാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. കുമാരനാശാനും വൈലോപ്പിള്ളിയുമൊക്കെ ലോക കവികള്‍ക്ക് മുമ്പില്‍ അപകര്‍ഷം കൂടാതെ നില്‍ക്കാന്‍ കരുത്തുള്ള കവികള്‍ തന്നെ. ആശാന്റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യം മാത്രം മതി ആ നിലവാരം അറിയാന്‍. ഒരു നൂറ്റാണ്ട് മുന്‍പ് രചിച്ച സീതാകാവ്യം കാവ്യഗുണം കൊണ്ടും ചിന്താപരമായ ഔല്‍ക്കര്‍ഷ്യം കൊണ്ടും അനുവാചകനെ വിസ്മയിപ്പിക്കുന്നതാണ്. സീത ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്നും ഏറെ പ്രസക്തമായി നിലനില്‍ക്കുന്നു. രാമന്റെയും രാമരാജ്യത്തിന്റെയും നീതിബോധത്തെയാണ് സീത നിശിതമായി വിമര്‍ശിക്കുന്നത്. മണിപ്പൂരിലും മറ്റും സ്ത്രീകള്‍ നഗ്‌നരാക്കപ്പെട്ട് തെരുവിലൂടെ ആട്ടിത്തെളിക്കപ്പെട്ടപ്പോള്‍ രാഷ്ട്രനാഥന്‍ മൗനം അവലംബിച്ചത് അധികനാള്‍ മുമ്പായിരുന്നില്ലല്ലോ. സ്ത്രീപക്ഷചിന്ത ഒരു നൂറ്റാണ്ടിന് മുന്‍പ് സീതയിലൂടെ കുമാരനാശാന്‍ അവതരിപ്പിച്ചു എന്നത് ചെറിയ കാര്യമല്ല. ആശാനില്‍ ആശയമികവും കാവ്യസൗന്ദര്യവും ഒന്നിക്കുന്നു.
''പരിതൃപ്തിയെഴാത്ത രാഗമാ- മെരിതീക്കിന്ധനമായി നാരിമാര്‍
പുരിയില്‍ സ്വയമാത്മജീവിതം
കരിയും ചാമ്പലുമാക്കിടുന്നിതേ.''
എന്ന വരികള്‍ ഇന്ന് വായിക്കുമ്പോഴും അര്‍ത്ഥം പൊലിച്ചുയരുന്നത് അനുഭവമാണ്.
എന്തൊരു കവന സൗഭാഗ്യമാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ ! ഹര്‍ഷാശ്രുക്കളോട് കൂടി മാത്രമേ വൈലോപ്പിള്ളിക്കവിതകള്‍ വായിക്കാന്‍ കഴിയൂ. ഇടശ്ശേരിയും അങ്ങനെ തന്നെ.
''സ്വപ്നമോ? രാക്കിനാവുകളല്ലീ സുപ്രഭാതത്തിന്‍ പൂവുകളെല്ലാം?
ഉജ്ജ്വലനിമേഷത്തിലെ ഹൃത്തിന്‍ ദര്‍ശനങ്ങളെക്കൈപകര്‍ത്തീടില്‍
ശുദ്ധമാക്കിടാമൂഴിയെയൊറ്റ- ശ്ശുഭ്രപുഷ്പത്തിന്‍ നീഹാരനീരാല്‍;
പാരില്‍ വെട്ടം വിതച്ചിടാ, മേക- താരകത്തില്‍നിന്നേന്തിയ തീയാല്‍.
മര്‍ത്ത്യ സൗന്ദര്യബോധങ്ങള്‍ പെറ്റ
മക്കളല്ലീ പുരോഗമനങ്ങള്‍?''
കുമാരനാശാന്‍ | PHOTO : WIKI COMMONS
കുടിയൊഴിക്കലിലെ ഈ വരികള്‍ ഉറക്കെ ചൊല്ലുമ്പോള്‍ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കുക വയ്യ. വിഷുക്കണി, സഹ്യന്റെ മകന്‍, ഉജ്ജ്വലമുഹൂര്‍ത്തം, കാക്ക തുടങ്ങി എത്രയോ കവിതകള്‍ ഓര്‍മ്മയില്‍ പച്ചപിടിച്ച് നില്‍ക്കുന്നു. നമ്മുടെ കാര്‍ഷിക സംസ്‌കൃതിയുടെയും കേരളീയ സംസ്‌കാരത്തിന്റെയും തുയിലുണര്‍ത്ത് പാട്ടുകളാണ് ഇടശ്ശേരിയിലും വൈലോപ്പിള്ളിയിലും കേള്‍ക്കാന്‍ കഴിഞ്ഞത്.
''അച്ഛനോ, ദൂനമാണിന്നു ചിത്തം
കൊച്ചുസുഹൃന്മണേ, നിന്റെ പേരില്‍ പൂഴിമുറ്റത്തതാ പൂക്കള്‍ തൂകി പൂമ്പാറ്റകള്‍ക്കു കുടീരമായി
കാഞ്ചന വെയ്‌ലും നുണച്ചിറക്കി കാണുമലരിതന്‍ ചില്ലയിന്‍മേല്‍
നിന്നെയും കാത്തു പതിവുപോലെ വന്നിരിക്കുന്നുണ്ടിളം കിളികള്‍; പ്രേഷ്ഠരവരോടു യാത്ര ചൊല്ലൂ പേച്ചറിയുന്നവര്‍ നിങ്ങള്‍ തമ്മില്‍ !
നീ പോയ് പഠിച്ച് വരുമ്പോഴേക്കും നിങ്ങളന്യോന്യം മറന്നിരിക്കും!
പോയി നാമിത്തിരി വ്യാകരണം
വായിലാക്കീട്ടു വരുന്നു മന്ദം;
നാവില്‍ നിന്നെപ്പോഴേ പോയ്ക്കഴിഞ്ഞൂ
നാനാ ജഗന്മനോരമ്യഭാഷ!''
പള്ളിക്കൂടത്തിലേക്ക് വീണ്ടും എന്ന കവിതയിലെ ഈ വരികള്‍ എഴുതിയ കവിയെ എത്ര നമസ്‌കരിച്ചാലാണ് മതിയാവുക! കുറ്റിപ്പുറം പാലം, പൂതപ്പാട്ട്, പുത്തന്‍ കലവും അരിവാളും തുടങ്ങി പരശതം കവിതകള്‍ മലയാള മനസ്സിനെ കീഴ്‌പ്പെടുത്തി. കാര്‍ഷിക സംസ്‌കൃതിയില്‍ നിന്ന് വ്യാവസായിക യുഗത്തിലേക്ക് പരിവര്‍ത്തനപ്പെട്ടുകൊണ്ടിരുന്ന ഒരു സംക്രമണ കാലത്തിന്റെ ഉദ്വേഗങ്ങള്‍ ഈ രണ്ട് കവികളോളം ആരുണ്ട് ആവിഷ്‌കരിച്ചു? മലയാള സാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിക്കാണുന്നത് ഒരു കൗതുകം എന്ന നിലയ്ക്ക് മാത്രമാവണം. നമ്മുടെ സാഹിത്യത്തെയും സംസ്‌കാരത്തെയും അപഹസിക്കാനാവരുത് എന്ന് പറഞ്ഞുകൊണ്ട് ഇതവസാനിപ്പിക്കട്ടെ.