2024 തിരഞ്ഞെടുപ്പുകളുടെ വര്‍ഷം
ഏകാധിപത്യം, ദിവ്യാധിപത്യം, രാജഭരണം, ഒളിഗാര്‍ക്കി, പാട്ടാളഭരണം, എന്നിങ്ങനെ നിരവധി ഭരണമാര്‍ഗ്ഗങ്ങള്‍ വിവിധ രാജ്യങ്ങള്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അവയില്‍നിന്നെല്ലാം വ്യത്യസ്തമായി സാധാരണ ജനങ്ങളുമായി ഏറെ അടുത്തുനില്‍ക്കുന്നതും ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ഒരു വ്യവസ്ഥിതി എന്നും പേരുകേട്ട ജനാധിപത്യം എന്ന പ്രക്രിയയില്‍ വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് 2024 ഏറെ പ്രതീക്ഷകള്‍ അര്‍പ്പിക്കാവുന്ന ഒരു വര്‍ഷമാണ്. അന്‍പതിലധികം രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ സമ്മതിദായകാവകാശം ഉപയോഗിച്ച് തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന വര്‍ഷമാണിത്. ആഗോളതല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉറ്റുനോക്കുന്നവര്‍ക്ക് 2024 എന്ന വര്‍ഷം ഏറെ നിര്‍ണ്ണായകമാണ്. അന്താരാഷ്ട്ര ക്രമത്തെ തന്നെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള നിരവധി തിരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷത്തിന്റെ വിവിധ ഘട്ടങ്ങളിലായി നടക്കും. ഈ വര്‍ഷത്തെ ആദ്യ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ആയിരുന്നു. ഷെയ്ഖ് ഹസീന എന്ന അവാമി ലീഗ് നേതാവിനെ ബംഗ്ലാ ജനത അഞ്ചാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. 225/300 എന്ന ഏകപക്ഷീയം എന്ന് വിളിക്കാവുന്ന നിലയ്ക്കാണ് ഹസീനയുടെ വിജയമെങ്കിലും മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ഈ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു എന്ന വസ്തുത ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തുന്ന ഒന്നാണ്. 1996 ലാണ് ഷെയ്ഖ് ഹസീന ആദ്യമായി ബംഗ്ലാദേശ് എന്ന മുസ്ലിം ഭൂരിപക്ഷ രാജ്യത്തിന്റെ തലപ്പത്തെത്തുന്നത്. പിന്നീട് 2009 മുതല്‍ തുടര്‍ച്ചയായി അധികാരത്തില്‍ തുടരുന്നു. ഹസീനയുടെ ഭരണമികവില്‍ അതിന്റെ അയല്‍ രാജ്യമായ ഇന്ത്യയോടുപോലും കിടപിടിക്കത്തക്കവണ്ണം ബംഗ്ലാദേശ് ഉയര്‍ന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്റെ ഇടയില്‍ രണ്ടരക്കോടി മനുഷ്യരെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയതും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പ്രതിശീര്‍ഷ വരുമാനം മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചതുമെല്ലാം അവാമി ലീഗിന്റെ പ്രവര്‍ത്തകര്‍ ഭരണമുന്നേറ്റമായി ചിത്രീകരിക്കുന്നുണ്ടെങ്കിലും രാജ്യം ഒരേകാധിപത്യത്തിലേക്ക് നീങ്ങുന്നു എന്ന പ്രതീതി വളരെ ശക്തമായി ഉയരുന്നു. അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നും വായ്പ എടുക്കുന്നതിനായി രാജ്യത്ത് നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളും അനിയന്ത്രിതമായ പണപ്പെരുപ്പവും ബംഗ്ലാദേശിലെ സാധാരണ ജനങ്ങളില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഹസീന സര്‍ക്കാര്‍ എന്ത് പ്രതിവിധി കാണും എന്നതും വളരെ നിര്‍ണ്ണായകമാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ ഇത്തവണത്തെ കാലാവധി പൂര്‍ത്തീകരിക്കുമ്പോള്‍ ഷെയ്ഖ് ഹസീന എന്ന അവാമി ലീഗിന്റെ അനിഷേധ്യ നേതാവിന് പ്രായം 81 ആകും എന്നതും ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതും ഒരു ഹെര്‍ക്കൂല്യന്‍ ഉത്തരവാദിത്തമാണ്.
SHEIKH HASINA | PHOTO: WIKI COMMONS
ലോക ശക്തികളായ അമേരിക്ക, ചൈന അവരുടെ സഖ്യകക്ഷികള്‍ തുടങ്ങി സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകര്‍വരെ ഏറെ ആകാംഷയോടെ നോക്കിയിരുന്ന തിരഞ്ഞെടുപ്പായിരിക്കുന്നു തായ്വാനില്‍ നടന്നത്. അതും ബെയ്ജിങിന് അതൃപ്തിയുള്ള വില്യം ലായി തായ്വാന്റെ അമരത്തെത്തിയത് ചൈന-തായ്വാന്‍ ബന്ധത്തെ എങ്ങനെ ബാധിക്കും എന്നത് ഏറെ ആശങ്കയോടെ വേണം കാണാന്‍. ഈ തിരഞ്ഞെടുപ്പ് ഫലം രാജ്യം ഇനി യുദ്ധത്തിലേക്കോ സമാധാനത്തിലേക്കോ എന്ന് തീരുമാനിക്കുന്ന സൂചികയായിട്ടാണ് വോട്ടര്‍മാരും വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വവും കരുതുന്നത്. പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ നയത്തില്‍ തായ്വാന്‍ ചൈനീസ് വന്‍കരയുടെ ഭാഗം തന്നെയാണ്. എന്നാല്‍ തായ്വാനിലെ ഭരണകൂടം 'ഒറ്റ ചൈന' നയത്തെ നഖശിഖാന്തം എതിര്‍ക്കുന്നു. ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും, അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളും ഷീ ജിന്‍പിംഗ് അധികാരത്തലപ്പത്തുള്ള മെയിന്‍ലാന്‍ഡ് ചൈനയെ തന്നെയാണ് യഥാര്‍ത്ഥ ചൈനയുടെ പ്രതിനിധിയായി കാണുന്നത് എന്ന വസ്തുതയും ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. അവിടെയാണ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി വില്യം ലൈ ചിങ്ങിന്റെ വിജയം ആശങ്കയ്ക്ക് വഴി തെളിയിക്കുന്നത്. പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഇദ്ദേഹം തായ്വാന്റെ വൈസ് പ്രസിഡന്റ് പദവി അലങ്കരിക്കുകയായിരുന്നു. ചൈനയെ സംബന്ധിച്ച് വില്യം ലൈ ഒരു വിഘടനവാദിയാണ്. ഇദ്ദേഹം കുമിന്താങ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ ഒന്‍പത് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. തായ്വാന്‍ ജനതയുടെ പിന്തുണ തനിക്കൊപ്പം ഉണ്ടെന്ന് വില്യം ലൈയ്ക്ക് ആശ്വസിക്കാം, എങ്കിലും അയല്‍രാജ്യമായ ചൈനയെ പ്രകോപിപ്പിക്കുന്നതരം നയങ്ങള്‍ സ്വീകരിക്കുന്നത് തായ്വാന്‍ എന്ന രാജ്യത്തിന്റെ സുരക്ഷയ്ക്കും നിലനില്‍പ്പിനും നല്ലതാവില്ല. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെയാവും സ്വതന്ത്ര തായ്വാനുവേണ്ടി നിലകൊള്ളുമ്പോഴും ചൈനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് പ്രദേശത്തെ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തും എന്ന് വിജയാഘോഷ പ്രസംഗത്തില്‍ ഊന്നി പറയുവാന്‍ അദ്ദേഹം ശ്രദ്ധിച്ചത്. മാത്രവുമല്ല ഒരവസരം ലഭിക്കുകയാണെങ്കില്‍ ചൈനീസ് പ്രസിഡന്റുമായി ഒരത്താഴ ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
വില്യം ലൈ ചിങ് | PHOTO: FACEBOOK
തായ്വാന്റെ രാഷ്ട്രീയ-സാമ്പത്തീക സ്ഥിരത എന്നത് ലോക രാജ്യങ്ങളുടെ എല്ലാം ആവശ്യമാണ്. ലോകത്തെ സെമി കണ്ടക്റ്ററുകളുടെ ഉല്‍പ്പാദനത്തില്‍ തായ്വാന്‍ ഒന്നാം സ്ഥാനത്താണെന്നതും മിസൈലുകള്‍ മുതല്‍ വീടുകളിലെ ഹെഡ് സെറ്റുകളില്‍വരെ ഈ ചെറിയ ചിപ്പുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നതും ചേര്‍ത്തുവായിക്കുമ്പോള്‍ തായ്വാന്‍ എന്ന ഭൂപ്രദേശം ആഗോള സമ്പത്‌വ്യവസ്ഥയെ വളരെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നുണ്ട്. ആയതിനാല്‍ തന്നെ പക്വതയോടും നയതന്ത്രപരമായതുമായ സമീപനം ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ ഭാഗത്തു നിന്നും, അതുപോലെ തന്നെ ലോക നേതാക്കളുടെ പക്കല്‍നിന്നും ഉണ്ടാവണം. ഉദാഹരണം, 2022 ല്‍ അമേരിക്കയുടെ പ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി നടത്തിയ തായ്വാന്‍ സന്ദര്‍ശനം ചൈനയെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ഇതിനുശേഷം ചൈന തായ്വാന് സമീപം കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും നിലപാട് കൂടുതല്‍ കടുപ്പിക്കുകയും ചെയ്തു. ഇത് ബെയ്ജിങ്-തായ്പായ് ബന്ധത്തെ ദോഷകരമമായി ബാധിച്ചു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാവാതെ നോക്കേണ്ടത് ഒരു ഉത്തരവാദിത്തപ്പെട്ട അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
അതുപോലെ തന്നെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് പാകിസ്ഥാനില്‍ നടക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അന്നത്തെ പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പാര്‍ലമെന്റ് പിരിച്ചു വിട്ടതാണ്. നിയമപരമായി 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍ പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് 2024ലിന്റെ ആദ്യ പാദത്തിലേക്ക് നീട്ടിവെക്കുകയായിരുന്നു. പാകിസ്ഥാനിലെ സ്വാതന്ത്ര്യത്തോളം തന്നെ പഴക്കം ചെന്ന രാഷ്ട്രീയ അസ്ഥിരതയും ഈ അടുത്തിടയ്ക്ക് ഉണ്ടായ പ്രകൃതി ദുരന്തവും ഏറെ വെല്ലുവിളികളാണ് രാജ്യത്ത് ഉയര്‍ത്തുന്നത്. പട്ടിണി, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, തീവ്രവാദം, പട്ടാളത്തിന്റെ അമിതാധികാരം, എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആ രാജ്യത്തിന് സാധിക്കേണ്ടതുണ്ട്.
ഷെഹ്ബാസ് ഷെരീഫ് | PHOTO: WIKI COMMONS
ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ വോട്ട് രേഖപ്പെടുത്തുന്ന ഇന്ത്യയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ്, ലോകത്ത് രണ്ടാമത് ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, സൗത്ത് ആഫ്രിക്കന്‍ തിരഞ്ഞെടുപ്പ് എന്നിങ്ങനെ റഷ്യയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. റഷ്യയില്‍ വ്‌ലാദിമിര്‍ പുട്ടിന്റെ അധികാരത്തുടര്‍ച്ച ഉറപ്പായതുകൊണ്ട് തന്നെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ- ഉക്രൈന്‍ യുദ്ധം ഇതേ അളവിലോ ഇതിലും ഭീകരമായോ തുടരാനാണ് സാധ്യത. യുദ്ധം മൂലം ഉക്രൈനില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുവാന്‍ സാധ്യതയില്ല. ഓരോ ലോകക്രമത്തെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാന്‍ പോന്നവയുമാണ്. ഉദാഹരണത്തിന് അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാചയപ്പെടുത്തിയാല്‍ അത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന, പാലസ്തീന് മീതെയുള്ള ഇസ്രായേലിന്റെ നരനായാട്ടില്‍ അമേരിക്ക സ്വീകരിക്കുന്ന സമീപനത്തില്‍ മാറ്റം ഉണ്ടായേക്കാം. അതുപോലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റഷ്യ- ഉക്രൈന്‍ യുദ്ധത്തെയും സ്വാധീനിക്കുവാന്‍ സാധ്യതയുണ്ട്. സമാനമായി ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് 140 കോടി ജനങ്ങളുടെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുവാന്‍ പോന്നതാണ്. ജനജീവിതം മികച്ചതാക്കുന്നതിന് പകരം ക്ഷേത്രങ്ങളുടെ ഉദ്ഘാടനത്തിന് പ്രാധാന്യം നല്‍കുന്ന ഒരു രാഷ്ട്രീയ കക്ഷി ഭരണം നിര്‍വഹിക്കുന്ന ഒരു രാജ്യത്ത് ന്യൂനപക്ഷവും അധഃസ്ഥിത സമൂഹവും അനുഭവിക്കുന്ന ദുരിതവും അരക്ഷിതാവസ്ഥയും ഊഹിക്കാവുന്നതേയുള്ളു. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള അവസാനഘട്ട മിനുക്ക് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭരണകൂടം ലോക പൗരസമൂഹത്തിന് തന്നെ ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ഈ വര്‍ഷം പല രാജ്യങ്ങളിലും നേതൃമാറ്റം ഉണ്ടായേക്കാം. ചില രാജ്യങ്ങളിലെ ഭരണ നേതൃത്വത്തിന് അടുത്ത അവസരം ലഭിക്കുന്ന സാഹചര്യവുമുണ്ട്. ജാനാധിപത്യം മാത്രമാണ് മഹത്തരം, ബാക്കിയെല്ലാം പ്രാകൃതമാണെന്ന പാശ്ചാത്യ ബോധം പേറേണ്ട ബാധ്യത നമുക്കില്ല. എന്തുതന്നെ ആണെങ്കിലും ഓരോ തിരഞ്ഞെടുപ്പും ഒരു തരത്തില്‍ ഒരു ഓഡിറ്റിങ്ങാണ്. തങ്ങള്‍ തിരഞ്ഞെടുത്ത, പ്രതിനിധി സഭകളിലേക്ക് അയക്കപ്പെട്ട ആളുകള്‍ നീതിയുക്തമായിട്ടാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കാനുള്ള അവസരം. തങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ഭരണാധികാരികളെ അര്‍ഹിക്കുന്നില്ലേ എന്ന ആത്മപരിശോധന നടത്താനുള്ള അവസരം. അത് നന്നായി വിനിയോഗിക്കാന്‍ ലോക ജനതയ്ക്ക് സാധിക്കട്ടെ. ഓര്‍ക്കുക ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുള്ള പല പുഴുക്കുത്തുകളും ആകാശത്തുനിന്നും പൊട്ടിമുളച്ചതല്ല, അവര്‍ ബാലറ്റില്‍ നിന്ന് തന്നെ രൂപപ്പെട്ടതാണ്.