
2025 തദ്ദേശ തെരഞ്ഞെടുപ്പും കേരളത്തിന്റെ രാഷ്ട്രീയ ഭാവിയും
കേരള തദ്ദേശ തെരഞ്ഞെടുപ്പ് 2025 ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായും വോട്ടെണ്ണൽ ഡിസംബർ 13-നും നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കെ, കേരള രാഷ്ട്രീയത്തിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന ഒരു തദ്ദേശ തെരഞ്ഞെടുപ്പായി നമുക്കിതിനെ കാണാം. മൂന്ന് പ്രധാന രാഷ്ട്രീയ ശക്തികൾക്കും ഈ തെരഞ്ഞെടുപ്പ് അതിജീവനത്തിന്റെയും വളർച്ചയുടെയും പ്രതീക്ഷയുടെയും അവസരമാണ്. തുടർഭരണത്തിന്റെ വിജയം തേടുന്ന എൽഡിഎഫ്, നിലനിൽപ്പിനായി പോരാടുന്ന യുഡിഎഫ്, കേരളത്തിൽ ശക്തി പ്രാപിക്കാൻ ശ്രമിക്കുന്ന ബിജെപി - ഇങ്ങനെ വിവിധ നിലകളിൽ ഈ മൂന്ന് മുന്നണികൾക്കും 2025 തദ്ദേശ തെരഞ്ഞെടുപ്പ് നിർണായകമാകും.
പ്രത്യേകതകളും നിർണായക ഘടകങ്ങളും
2025 തദ്ദേശ തെരഞ്ഞെടുപ്പ് പ്രത്യേകതകൾ നിറഞ്ഞതാണ്; 27,000-ലധികം വാർഡുകളിൽ 50% സ്ത്രീപ്രാതിനിധ്യവും വർദ്ധിച്ച SC/ST സംവരണവും, വോട്ടിംഗ് പാറ്റേൺ മാറ്റുമെന്നാണ് പ്രാഥമിക നിഗമനം (സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ, സെപ്റ്റംബർ 2024). 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന 3 ലക്ഷം പുതിയ വോട്ടർമാരിൽ 1.8 ലക്ഷം വരുന്ന യുവാക്കൾ, തൊഴിൽ-വിദ്യാഭ്യാസ മേഖലകൾ സംബന്ധിച്ച് മറ്റൊരു വോട്ടിംഗ് പാറ്റേണാണ് കാണിക്കുന്നത്. ഈ കണക്കുകൾക്കൊപ്പം ജാതിമത ഘടകങ്ങളും നിർണായകമാണ് - 25% ന്യൂനപക്ഷ വോട്ടിൽ എൻഡിഎയുടെ 'ന്യൂനപക്ഷ അപേക്ഷ'യും എൽഡിഎഫിന്റെ secular front നിലപാടും, ഈഴവ-നായർ വോട്ട് മാറ്റത്തിൽ എൻഎസ്എസിന്റെ നിലപാടും സ്മൃതി ഇറാനിയുടെ തിരുവനന്തപുരം സന്ദർശനവും, 10% ദളിത് വോട്ടിൽ LDF-ന്റെ 'പ്രോക്സി' സ്ഥാനാർത്ഥി നയത്തിനെതിരെ ബിജെപിയുടെ നേരിട്ടുള്ള പ്രാതിനിധ്യവും, ക്യാമ്പസ് രാഷ്ട്രീയം ചർച്ച ചെയ്ത NEET-JEE പ്രശ്നങ്ങളും ഒക്കെക്കൂടി, ഈ തെരഞ്ഞെടുപ്പിൽ മുന്നണികളെ സമ്മർദ്ദത്തിലാക്കും. ഇതിനെല്ലാം മീതെ പഞ്ചായത്തുകളുടെ ധനസ്ഥിതി തകർച്ചയിൽ 15-Ɔo കമ്മീഷൻ പണം വൈകുന്നത് തൊഴിലാളികളെയും മറ്റ് ഇതര മേഖലകളിൽ ഉൾപ്പെടുന്നവരെയും അസ്വസ്ഥപ്പെടുത്തും. ഇത് വോട്ടർമാരുടെ അടിസ്ഥാന തീരുമാനങ്ങളെ പൂർണ്ണമായും മാറ്റിയേക്കാം.
REPRESENTATIVE IMAGE | WIKI COMMONS
തുടർച്ചയുടെ പഴുതില്ലാത്ത ഇടതുപക്ഷ പോരാട്ടം
സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പ് സംഘടനാപരമായി ഏറ്റവും പ്രധാനപ്പെട്ടതാണ്. തദ്ദേശ തലത്തിൽ പാർട്ടിയുടെ അടിത്തറ കൂടുതൽ ദൃഢമാക്കാനും, പിന്നാക്ക വിഭാഗങ്ങളിലേക്കും ന്യൂനപക്ഷങ്ങളിലേക്കും വ്യാപിപ്പിക്കാനും ഇതൊരു അവസരമാണ്. പാർട്ടി ശാഖകളുടെയും സ്ഥാനാർത്ഥികളുടെയും പ്രവർത്തനക്ഷമതയുടെ തുറന്നുകാട്ടലാണ് ഈ തെരഞ്ഞെടുപ്പ്.
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ എൽഡിഎഫ് ഈ തവണയും അതേ ആത്മവിശ്വാസത്തിലാണ്. 40.2% വോട്ട് നേടിയ LDF 514 ഗ്രാമപഞ്ചായത്തുകൾ, 108 ബ്ലോക്ക് പഞ്ചായത്തുകൾ, 11 ജില്ലാ പഞ്ചായത്തുകൾ, 35 മുൻസിപ്പാലിറ്റികൾ, 5 കോർപ്പറേഷനുകൾ എന്നിവ കൈവശപ്പെടുത്തി (സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ). 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും LDF-ന് ലഭിച്ച വിജയം ഇത്തവണയും പ്രതീക്ഷ നൽകുന്നുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം "2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിളങ്ങുന്ന വിജയം രേഖപ്പെടുത്തും" എന്നാണ് അഭിപ്രായപ്പെട്ടത്. എൽഡിഎഫിന്റെ സാമൂഹികക്ഷേമ-വികസന മോഡൽ, യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നങ്ങളാലും ബിജെപിയുടെ വളർച്ചാ പ്രതീക്ഷകളാലും നിർണ്ണയിക്കപ്പെടുന്നതായിരിക്കും ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പ്.
സ്വർണ്ണക്കടത്ത് കേസ്, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങൾ പോലുള്ള വെല്ലുവിളികൾ നിലനിൽക്കെ, 2020-ൽ എൽഡിഎഫിന് വൻജയം നേടാൻ കഴിഞ്ഞു. തുടർന്ന്, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നേടിയ വിജയം സർക്കാരിന്റെ ജനപ്രീതി നിലനിൽക്കുന്നതിന്റെ തെളിവായി നമുക്ക് പരിഗണിക്കാം. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച വിജയത്തിനു പിന്നിൽ സാമൂഹികക്ഷേമ-വികസന പ്രവർത്തനങ്ങളുടെ പ്രത്യക്ഷ ഫലങ്ങൾ ഉണ്ടായിരുന്നു എന്നുവേണം പറയാൻ. കുടുംബശ്രീ മിഷന്റെ തദ്ദേശീയതല പ്രവർത്തനങ്ങൾ, ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണം, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സുതാര്യമായ നടത്തിപ്പ് എന്നിവ ഗ്രാമപഞ്ചായത്ത് തലങ്ങളിൽ കൂടുതൽ ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ 2025-ൽ ഇവയ്ക്കൊപ്പം K-Rail പോലുള്ള വൻകിട പ്രോജക്ടുകളുടെ പ്രാദേശിക സാമൂഹിക-പാരിസ്ഥിതിക ആഘാതവും, പ്ലാസ്റ്റിക് നിരോധനത്തിന്റെ തദ്ദേശീയ തല പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് വിഷയങ്ങളാകും.
എൽഡിഎഫിൽ ആഭ്യന്തര വിവാദങ്ങൾ താരതമ്യേന കുറവാണെങ്കിലും, ഇടതുപക്ഷ ഘടകകക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും സീറ്റ് വിഭജനവും ചിലയിടങ്ങളിൽ ചർച്ചാവിഷയമായേക്കാം എന്ന് പറയേണ്ടിയിരിക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
യുഡിഎഫിനും കോൺഗ്രസിനും: നിലനിൽപ്പിനായുള്ള പോരാട്ടം
2025 ബിഹാർ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന പരാജയം കേരള കോൺഗ്രസിന് ആഴത്തിൽ ആഘാതമുണ്ടാക്കിയിട്ടുണ്ട്. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ "വോട്ട് മോഷണം" നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തുവന്നിട്ടുമുണ്ട്. ഇതിന്റെയൊക്കെ ഭാഗമായി തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബിഹാർ ഫലം കേരളത്തിലും സാധ്യമായേക്കാം എന്നും അതിനാൽ അനധികൃത ഇടപെടലുകളിൽ നിന്നും ജാഗ്രത പുലർത്തുവാനുള്ള മുന്നറിയിപ്പ് പാർട്ടിക്ക് നൽകുന്നുണ്ട്.
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 37.9% വോട്ട് നേടിയ UDF 321 ഗ്രാമപഞ്ചായത്തുകൾ, 38 ബ്ലോക്ക് പഞ്ചായത്തുകൾ, 1 ജില്ലാ പഞ്ചായത്ത്, 23 മുൻസിപ്പാലിറ്റികൾ, 1 കോർപ്പറേഷൻ എന്ന ക്രമത്തിൽ മാത്രമാണ് പ്രാതിനിധ്യം നേടിയത് (സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ). 2020-ൽ 37.9% വോട്ട് മാത്രം നേടിയ യുഡിഎഫ്, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ പ്രസക്തി തെളിയിക്കേണ്ടതുണ്ട്. 2025 തദ്ദേശ തെരഞ്ഞെടുപ്പ് എന്തുകൊണ്ടും കോൺഗ്രസിന്റെ നിലനിൽപ്പിനായുള്ള ഒരു പരീക്ഷണമാണെന്ന് പറയാം. അതുകൊണ്ട് തന്നെ ബിഹാർ പരാജയത്തിന് ശേഷം യുഡിഎഫിന് തങ്ങളുടെ രാഷ്ട്രീയ തന്ത്രം വീണ്ടും ചിന്തിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം ഗൗരവമായി കാണുന്നുണ്ട്. യുഡിഎഫിന്റെ ഏറ്റവും വലിയ ശത്രു ആഭ്യന്തര പ്രശ്നങ്ങളാണ്. വർക്കല പോലുള്ള സ്ഥലങ്ങളിൽ കോൺഗ്രസും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും (IUML) തമ്മിലുള്ള സീറ്റ് വിഭജനം പോലും ഇതുവരെ പൂർണ്ണമായിട്ടില്ല. IUML ആറ് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യുഡിഎഫ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നതാണ് വാസ്തവം.
REPRESENTATIVE IMAGE | WIKI COMMONS
ബിജെപിക്ക്: കേരളത്തിൽ വേരുറപ്പിക്കാനുള്ള അവസരം
2015-ലെ സാഹചര്യത്തിൽ നിന്ന് 2020-ൽ 15% വോട്ട് നേടി ബിജെപി കേരളത്തിൽ ശക്തി പ്രാപിക്കുന്നതാണ് നമുക്ക് കാണാൻ സാധിച്ചത്. 19 ഗ്രാമപഞ്ചായത്തുകളും രണ്ട് മുൻസിപ്പാലിറ്റികളുമാണ് ബിജെപി നേടിയത്. ബിജെപി വലിയ കുതിച്ചുചാട്ടം നടത്തിയിട്ടില്ലെങ്കിലും ചില പ്രദേശങ്ങളിൽ ശക്തി പ്രാപിക്കുകയാണ്. വർക്കല പോലുള്ള സ്ഥലങ്ങളിൽ ബിജെപിയുടെ വളർച്ച ശ്രദ്ധേയമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറയുന്നത് കേരളം "ബിഹാർ മോഡൽ രാഷ്ട്രീയം" പിന്തുടരുന്നു എന്നാണ്. ജനങ്ങൾ വികസന ആശയങ്ങളുടെയും പ്രകടനത്തിന്റെയും രാഷ്ട്രീയം ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഒപ്പം 60 വർഷമായി കോൺഗ്രസ് നടത്തിയ രാഷ്ട്രീയത്തിന്റെ അവസാനമാണിതെന്നും വെളിപ്പെടുത്തി. ബിജെപിയെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാനപ്പെട്ട കാര്യം, ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ വൻജയം നേടിയ ബിജെപിക്ക് കേരളത്തിൽ ശക്തമായ ഒരു അടിത്തറ പണിയേണ്ടതുണ്ട് എന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ആ അടിത്തറയുടെ നിർമ്മാണത്തിനുള്ള അവസരമാണ്. നഗരമേഖലകളിൽ ബിജെപിയുടെ വളർച്ച ശ്രദ്ധേയമാണ്, അത് കൂടുതൽ മുന്നോട്ടുകൊണ്ടുപോകാൻ ഈ തെരഞ്ഞെടുപ്പ് അവർക്ക് നിർണായകമാണ് എന്നതിൽ സംശയം ഇല്ല.
REPRESENTATIVE IMAGE | WIKI COMMONS
ആഭ്യന്തര വിവാദങ്ങൾ: മൂന്ന് മുന്നണികൾക്കും വെല്ലുവിളി
ആഭ്യന്തര വിവാദങ്ങൾ ചെറിയ തോതിൽ ഉണ്ടെങ്കിലും, സിപിഎമ്മിന്റെ നേതൃത്വത്തിൽ എൽഡിഎഫ് സംഘടനാപരമായി ദൃഢമാണെന്ന് ഒരു പരിധി വരെ നമുക്ക് പറയാം. സീറ്റ് വിഭജനത്തിൽ ചെറിയ തർക്കങ്ങൾ ഉണ്ടായേക്കാമെങ്കിലും പൊതുവിൽ ഉള്ള അവരുടെ ഐക്യം നിലനിൽക്കും എന്നാണ് ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാനാവുന്നത്.
എന്നാൽ യുഡിഎഫിന് വർക്കലയിലെ സീറ്റ് വിഭജന തർക്കം ആഭ്യന്തര പ്രതിസന്ധിയുടെ ഒരു ഉദാഹരണമാണ്. IUML-ന്റെ ആവശ്യങ്ങളും കോൺഗ്രസിന്റെ അനിശ്ചിതത്വവും തെരഞ്ഞെടുപ്പിന് മുന്നേ തന്നെ യുഡിഎഫിന്റെ ദുർബലതയെ ഒരുവിധം വെളിവാക്കുന്നുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. ബിഹാർ പരാജയത്തിന്റെ കൂടെ ഈ ആഭ്യന്തര പ്രശ്നങ്ങൾ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ കൂടുതൽ ഗുരുതരമാക്കും എന്നതാണ് പ്രാഥമിക നിഗമനം.
ബിജെപിയുടെ കാര്യത്തിൽ, വോട്ട് വിഹിതം വർദ്ധിച്ചെങ്കിലും, സംഘടനാപരമായ ദുർബലത നിലനിൽക്കുന്നുണ്ടെന്നും അത് ബിജെപിയുടെ വളർച്ചയെ കേരളത്തിൽ ഏറെക്കുറെ തടസപ്പെടുത്തുമെന്നുമാണ് വാസ്തവം. അതിനെ ചെറുത്ത് നിൽക്കാൻ വേണ്ടി സ്ഥാനാർത്ഥി തിരഞ്ഞെടുപ്പും പ്രാദേശിക നേതൃത്വത്തിന്റെ പ്രവർത്തനങ്ങളും വേഗത്തിൽ ആക്കണമെന്നാണ് ബിജെപി നേതൃത്വം ആവശ്യപ്പെടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമകാലിക പ്രാധാന്യം
2025-ലെ തദ്ദേശ തെരഞ്ഞെടുപ്പ് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള ഒരു മുന്നൊരുക്കമാണ്. ജനങ്ങൾക്ക് സർക്കാരിനോടുള്ള ഒരു അടിയന്തര പ്രതികരണമായി ഈ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണാം. എൽഡിഎഫിന് തങ്ങളുടെ ക്ഷേമനയങ്ങളുടെ പ്രയോജനം എത്രമാത്രം ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞുവെന്നും അതിനെ ജനങ്ങൾ എത്രത്തോളം ഏറ്റെടുത്തുവെന്നും തെളിയിക്കാൻ പറ്റിയ ഒരു അവസരമാണിത്. അങ്ങനെ തെളിയിക്കാൻ കഴിയുമെങ്കിൽ, ഈ തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനും ഇടതുപക്ഷ മുന്നണികൾക്കും 2026-ലെ തെരഞ്ഞെടുപ്പിനുള്ള മനക്കരുത്ത് കൂട്ടും എന്നതിൽ സംശയമില്ല.
2020-ന് ശേഷം കേരളത്തിന്റെ തദ്ദേശീയ തലം നേരിട്ട പ്രധാന പ്രതിസന്ധികളായ മാലിന്യപരിപാലനം, കുടിവെള്ള ക്ഷാമം, റോഡ് വികസനത്തിലെ അസമത്വം എന്നിവ ഈ തെരഞ്ഞെടുപ്പിൽ നിർണായകമാകും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കൊച്ചിയിലെ സ്മാർട്ട് സിറ്റി മിഷന്റെ മാലിന്യ പ്ലാന്റിനെതിരെ ജനങ്ങൾ നടത്തിയ പ്രതിഷേധം, പാലക്കാട്-തിരുവനന്തപുരം ജില്ലകളിലെ ഗ്രാമീണ മേഖലകളിൽ ഇപ്പോഴും ഉള്ള ശുദ്ധജലം ലഭിക്കാത്ത അവസ്ഥ, ചെറിയ റോഡുകളുടെ അറ്റകുറ്റപ്പണി നടക്കാതെ പകരം വലിയ ഹൈവേകൾ മാത്രം വരുന്ന അസംതൃപ്തി ഇതൊക്കെയും മുൻ പറഞ്ഞ പ്രശ്നങ്ങളോടൊപ്പം ചേർന്ന്, സ്ഥാനാർത്ഥികളുടെ വിജയം നിർണ്ണയിക്കുന്നതിൽ ഘടകങ്ങളാകും. വർക്കലയിലെ സീറ്റ് തർക്കം പോലെ, പത്തനംതിട്ടയിലെ ശബരിമല പ്രദേശങ്ങളിൽ യുവതീപ്രവേശനം ഇപ്പോഴും ചർച്ചാവിഷയമാണെന്നത് മറ്റൊരു വിഷയമായി നിൽക്കുന്നു. മലപ്പുറത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങളും ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികളുടെ ഭൂപ്രശ്നവും തുറമുഖവികസനവും വോട്ടർമാരെ നേരിട്ട് സ്വാധീനിക്കുകയും ചെയ്യും. മറ്റ് പ്രാദേശിക വിഷയങ്ങൾക്കൊപ്പം തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി എന്നിവരുടെ നേരിട്ടുള്ള മത്സരം ശ്രദ്ധേയമാണ്; 2020-ൽ ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് എൽഡിഎഫ്-യുഡിഎഫ് കണക്കുകൂട്ടലുകളെ തന്നെ മാറ്റിമറിച്ചിരുന്നു. ഇത്തവണ മെട്രോ പദ്ധതിയുടെ വികസനം, നേർവഴിക്കടവിലെ മാലിന്യപ്രശ്നം, കരമന-കില്ലിപ്പാലം റോഡ് വികസനം തുടങ്ങിയവ പ്രധാന ചർച്ചാവിഷയങ്ങളാകും എന്ന് കണക്കുകൂട്ടപ്പെടുന്നു. കൊച്ചിയിലും കോഴിക്കോടും മെട്രോയുടെ രണ്ടാം ഘട്ട വികസനം, മാലിന്യസംസ്കരണ പ്ലാന്റുകളുടെ സ്ഥാനപ്രശ്നം, ഉൾനാടൻ വെള്ളക്കെട്ട് പരിഹാരം എന്നിവ ജനമനസുകളുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്.
REPRESENTATIVE IMAGE | WIKI COMMONS
വടക്കൻ ജില്ലകളിൽ കാസർകോട്, കണ്ണൂർ പ്രദേശങ്ങളിൽ ബിജെപിയുടെ വളർച്ച ശ്രദ്ധേയമാണ്; 2020-ൽ ഈ ജില്ലകളിൽ 18-20% വോട്ട് നേടിയ ബിജെപി ഇത്തവണ 25% വിഹിതം ലക്ഷ്യമിടുന്നു. ഇവിടെ സിപിഎമ്മിന്റെയും യുഡിഎഫിന്റെയും സംഘടനാ തലത്തിലുള്ള പ്രതിരോധം എത്ര ദൃഢമാണെന്ന് ഈ അവസരത്തിൽ പരിശോധിക്കപ്പെടും എന്ന് കണക്കുകൂട്ടാം. ഇതിനൊപ്പം, സ്ഥാനാർത്ഥികളുടെ നിലവാരവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. 2025-ൽ 50% സ്ത്രീപ്രാതിനിധ്യം നിർബന്ധമാണെങ്കിലും, 2020-ലെ 54% സ്ത്രീകൾ വിജയിച്ചിട്ടും ഭൂരിഭാഗ അധികാരവും ഭർത്താക്കന്മാരിലോ പിതാക്കന്മാരിലോ കേന്ദ്രീകരിക്കപ്പെട്ടു എന്ന് വേണം പറയാൻ. മറ്റൊന്ന് പാർട്ടികളിൽ നിന്ന് വിട്ടുപോരുന്നവരുടെ പ്രശ്നമാണ്. LDF ൽ നിന്നോ UDF ൽ നിന്നോ കലഹിച്ച് പുറത്തുപോയ നേതാക്കൾ 15-20% സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നിരിക്കെ, ഇവർക്ക് സ്വന്തം പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയേക്കാൾ പ്രാദേശിക പിന്തുണ ഉണ്ടായാൽ, വോട്ടുകൾ പിളർന്ന് പോവുകയും ഈ പിളർപ്പ് ബിജെപിക്ക് ഗുണകരമായി, ശക്തമായ രണ്ടാമത്തെ സ്ഥാനം ബിജെപിക്ക് കിട്ടുന്നതിനുള്ള സാധ്യത കൂട്ടും എന്നതാണ് മറ്റൊരു വസ്തുത. പ്രാദേശിക സർവേകളാണ് ഈ സാധ്യത വ്യക്തമാക്കുന്നത്(CPPR സർവേ). മറ്റൊരു പ്രധാന കാര്യം, 2025 തദ്ദേശ തെരഞ്ഞെടുപ്പിനായി നവംബർ 4-ന് ആരംഭിച്ച Special Intensive Revision (SIR) പ്രക്രിയയാണ്, വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ക്യാമ്പയിൻ ആണ്. ഒരു കോടിയിലധികം ഫോറങ്ങളാണ് വീടുകളിലേക്ക് വിതരണം ചെയ്തിരിക്കുന്നത്. എന്നാൽ, ഈ വമ്പൻ പ്രക്രിയയെ നടപ്പിലാക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർ (BLO) അനുഭവിക്കുന്ന സംഘടനാ പ്രശ്നങ്ങൾ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടുന്നു. BLOകൾക്ക് ഡ്യൂട്ടി കൂടാതെ SIR ജോലി ചുമത്തിയതിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിക്കുന്നുമുണ്ട്. ജില്ലാ കലക്ടർമാർ ദൈനംദിന ഇടപെടൽ നടത്തുന്നുണ്ടെങ്കിലും, വീടുകളിലെത്താത്ത BLOകളും, ഫോറങ്ങളിൽ വരുന്ന പിശകുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് വോട്ടർ പട്ടികയുടെ കൃത്യതയെ ബാധിച്ച്, അന്തിമ തെരഞ്ഞെടുപ്പ് ഫലത്തിൽ ഏതെങ്കിലും തരത്തിൽ സംശയമുയർത്തുന്നതിന് ഇടവരുത്തിയേക്കാം. കേരള ജനത ഇപ്പോൾ പഴയ രാഷ്ട്രീയ വൈരാഗ്യമല്ല മറിച്ച് വികസന ആശയങ്ങളുടെയും പ്രകടനത്തിന്റെയും രാഷ്ട്രീയമാണ് ആഗ്രഹിക്കുന്നത്. ഒപ്പം, തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്രമങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം പരീക്ഷിക്കപ്പെടുന്ന സമയം കൂടിയാണിത്. ബിഹാർ "വോട്ട് മോഷണ" ആരോപണങ്ങൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ജനാധിപത്യ സംരക്ഷണം കൂടെ പ്രധാന വിഷയമായി മാറിയിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പിൽ.
REPRESENTATIVE IMAGE | WIKI COMMONS
യുവത്വത്തിന് പ്രാമുഖ്യം
2025 തദ്ദേശ തെരഞ്ഞെടുപ്പ് യുവാക്കളുടെ രാഷ്ട്രീയപ്രവേശത്തിനും പ്രാധാന്യം നൽകുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം കോൺഗ്രസ് 60-ലധികം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നതിൽ, വൈഷ്‌ണ സുരേഷ്, രേഷ്മ സി, പ്രൊഫ. നീതു രഘുവരൻ, അഖില എ തുടങ്ങിയ യുവതികൾ ഉൾപ്പെടുന്നത് ശ്രദ്ധേയമാണ്. ഈ തലമുറമാറ്റം Gen Z-യുടെ രാഷ്ട്രീയ ഉണർവിന്റെ പ്രതിഫലനമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഈ ട്രെൻഡ് മറ്റ് ഇടങ്ങളിലും വ്യക്തമാണ്; കഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ പുൽക്കുന്ന് ഡിവിഷനിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി പി.ആർ. അനുപമ ഈ യുവ പ്രാതിനിധ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്. കൊച്ചിയിൽ 28-കാരനായ ലിജിൻ ലാൽ (DYFI) വെല്ലിങ്ങടയിൽ മത്സരിക്കുമ്പോൾ, കോഴിക്കോട്ട് 26-കാരനായ അഖിൽ ചന്ദ്രൻ (സിപിഐ-എം) ഡിഒഎൻ യൂണിറ്റ് പ്രസിഡന്റ് ആയി മത്സരിക്കുന്നു. കാസർകോട് 23-കാരനായ അനന്തു ആർ. എസ് സ്വതന്ത്രനായി മത്സരിക്കുമ്പോൾ, പാലക്കാട് 27-കാരനായ DYFI നേതാവ് അരുൺ കുമാർ മുനിസിപ്പാലിറ്റി തലത്തിൽ ശ്രദ്ധേയനാണ്. അങ്ങനെ കേരള തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ വർഷം ഏറെ പ്രതീക്ഷകളോടെ യുവത്വം കളത്തിൽ മാറ്റുരക്കും. കേരള രാഷ്ട്രീയത്തിന്റെ പുതിയ അധ്യായമായി നമുക്കിതിനെ നോക്കിക്കാണാം. എന്നാൽ പുതിയ സ്ഥാനാർത്ഥികളുടെ പ്രായോഗിക പരിചയക്കുറവ് വെല്ലുവിളിയാകാം. 21-ആം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി തിരുവനന്തപുരം കോർപ്പറേഷൻ ഭരിച്ച ആര്യ രാജേന്ദ്രൻ ഇതിന് തെളിവാണ് - പാർട്ടി ചട്ടക്കൂടിനുള്ളിൽ മാത്രമേ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ യുവാക്കളുടെ പങ്കാളിത്തം ശുഭപ്രതീക്ഷ നൽകുന്നുവെങ്കിലും, പ്രാദേശിക തലത്തിൽ നയരൂപീകരണവും ഫണ്ട് കൈകാര്യം ചെയ്യുന്നതും പോലുള്ള സങ്കീർണ്ണ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം ആവശ്യമാണ്.
വികസനത്തിന്റെയും സുതാര്യതയുടെയും രാഷ്ട്രീയം; നല്ല നാളേയ്ക്കായി
കേരള രാഷ്ട്രീയത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് കക്ഷികൾക്കും വ്യത്യസ്ത സാഹചര്യങ്ങളാണ് കൈമാറുന്നത്. എൽഡിഎഫിന് തുടർഭരണത്തിന്റെ ജനപ്രീതി തെളിയിക്കേണ്ട പരീക്ഷണം, യുഡിഎഫിന് നിലനിൽപ്പിനും പ്രസക്തി തെളിയിക്കാനുമുള്ള അവസരം, ബിജെപിക്ക് കേരളത്തിൽ ശക്തമായ അടിത്തറ പണിയാനുള്ള അവസരം. ആഭ്യന്തര വിവാദങ്ങളും സംഘടനാപരമായ വെല്ലുവിളികളും ഓരോരുത്തരുടെയും വിജയ സാധ്യതകളെ ബാധിക്കുമെന്നിരിക്കെ, ഡിസംബർ 13-ന് വോട്ടെണ്ണൽ ഫലങ്ങൾ കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിനുള്ള പ്രധാന സൂചകങ്ങൾ ആയിരിക്കുമെന്നതിൽ സംശയമില്ല.
ഡിസംബർ 9-ന് വോട്ട് ചെയ്യുമ്പോൾ, കേരളം ആഗ്രഹിക്കുന്നത് പഴയ വാഗ്ദാനങ്ങളല്ല, വികസനത്തിന്റെയും സുതാര്യതയുടെയും രാഷ്ട്രീയമാണ്. വൈഷ്‌ണ സുരേഷ്, പി.ആർ. അനുപമ തുടങ്ങി നൂറുകണക്കിന് യുവാക്കൾ മത്സരിക്കുമ്പോൾ, അവർക്ക് മുന്നിൽ പരിചയക്കുറവും വോട്ടർ പട്ടിക പിശകുകളും വെല്ലുവിളിയായേക്കാം. വർക്കലയിലെ സീറ്റ് തർക്കവും സ്വതന്ത്ര സ്ഥാനാർത്ഥികളും വോട്ടുകൾ പിളർത്തുമ്പോൾ, കൊച്ചിയിലെ മാലിന്യപ്ലാന്റും ജലക്ഷാമവും പോലുള്ള പ്രാദേശിക പ്രശ്നങ്ങൾ നിർണായകമായേക്കാം. 50% സ്ത്രീപ്രാതിനിധ്യം നിയമമാണെങ്കിലും അധികാരം ഭർത്താക്കന്മാരുടെ കൈയിലായേക്കാം; പക്ഷേ 1.8 ലക്ഷം പുതിയ യുവ വോട്ടർമാർ മാറ്റം കൊണ്ടുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഡിസംബർ 13-ന്, ഇവയെല്ലാം വോട്ടുകളായി മാറുമ്പോൾ, കേരളം തെരഞ്ഞെടുക്കുന്നത് നല്ല ഒരു നാളേക്കുള്ള രാഷ്ട്രീയമായിരിക്കട്ടെ എന്ന് നമുക്ക് പ്രതീഷിക്കാം.


