TMJ
searchnav-menu
post-thumbnail

Outlook

ഹരിയാന- കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയ തോല്‍വി

10 Oct 2024   |   4 min Read
ടി ജെ ശ്രീലാൽ

തിരഞ്ഞെടുപ്പിന് മുമ്പേ ജയിച്ച സംസ്ഥാനം തിരഞ്ഞെടുപ്പില്‍ എങ്ങനെ തോറ്റു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് പരാജയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യേണ്ടത് ഇങ്ങനെയായിരിക്കണം. അത്രയ്ക്ക് അനുകൂലമായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ഹരിയാനയിലെ രാഷ്ട്രീയം. എന്നിട്ടും എന്തുകൊണ്ട് തോറ്റു. അതിന് കാരണങ്ങള്‍ പലതാണെങ്കിലും ഉത്തരം ഒന്നേയുള്ളു. കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസം. ജയിക്കാന്‍ സാധ്യതയുള്ളിടത്ത് ഒറ്റയ്ക്ക് മത്സരിക്കും. അല്ലാത്ത സംസ്ഥാനങ്ങളില്‍ സഖ്യം. മധ്യപ്രദേശിലും, രാജസ്ഥാനിലും പുറത്തെടുത്ത് പരാജയപ്പെട്ട ഈ ഇരട്ടത്താപ്പാണ് ഹരിയാനയിലും കോണ്‍ഗ്രസിന് തിരിച്ചടിയായത്.

ജയം ഉറപ്പെങ്കില്‍ സഖ്യ ചര്‍ച്ചയില്‍ നിന്ന് ഹൈക്കമാന്‍ഡ് മാറി നില്‍ക്കും. തീരുമാനങ്ങള്‍ സംസ്ഥാനഘടകത്തിന് വിടും. മധ്യപ്രദേശില്‍ കമല്‍നാഥ്. രാജസ്ഥാനില്‍ അശോക് ഗലോട്ട്. ഏറ്റവും ഒടുവില്‍ ഹരിയാനയില്‍ ഭൂപിന്ദര്‍ സിങ് ഹൂഡ. ഇങ്ങനെ സംസ്ഥാന നേതൃത്വത്തിന് കാര്യങ്ങള്‍ വിട്ടുകൊടുത്ത് ബിജെപിക്കെതിരെ സഖ്യമുണ്ടാക്കുന്നതില്‍ നിന്ന് മാറി നിന്നതിന് കിട്ടിയ മറുപടിയാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലേയും പരാജയം.

ബിജെപിയുടെ അതിസൂക്ഷ്മ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ്

2014ലെ മോഡി തരംഗത്തിലാണ് ഹരിയാനയിലും ബിജെപി താമര വിരിയിച്ചത്. ഹരിയാനയിലെ പ്രബല വിഭാഗമായ ജാട്ടുകളെ പ്രകോപിപ്പിച്ച് ആദ്യമായി അവിടെ ജാട്ട് ഇതര മുഖ്യമന്ത്രിയെ ബിജെപി വാഴിച്ചു. 2019ല്‍ ഇത് തിരിച്ചടിയാകുമെന്ന് മുന്‍കൂട്ടി കണ്ട ബിജെപി ജാട്ട് പാര്‍ട്ടിയായ ജെജെപിയെ ഒപ്പം കൂട്ടി വീണ്ടും അധികാരത്തിലെത്തി. 2024ല്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം അംഗീകരിച്ചതുമാണ്. അവിടെ നിന്നാണ് ദേശീയ നേതൃത്വത്തിന്റെ അതിസൂക്ഷ്മ തിരഞ്ഞെടുപ്പ് തന്ത്രം പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ചത്. നാല്‍പത് സീറ്റാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത്. ഇതില്‍ രണ്ട് മന്ത്രിമാരും സംസ്ഥാന പ്രസിഡന്റ് മോഹന്‍ ലാല്‍ ബദോലിയുമടക്കം ഒരു ഡസനോളം സിറ്റിങ്ങ് എംഎല്‍എമാര്‍ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയില്ല. വലിയ വിമത പ്രതിസന്ധി നേരിട്ടിട്ടും ബിജെപി കേന്ദ്രനേതൃത്വം തിരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയില്ല. ഒപ്പം ഹരിയാനയിലെ എല്ലാ വിഭാഗങ്ങള്‍ക്കും സീറ്റ് ഉറപ്പാക്കുകയും ചെയ്തു. ജാട്ടുകള്‍ക്ക് 16 സീറ്റ് നല്‍കിയപ്പോള്‍ അവരേക്കാള്‍ ശതമാനം കൂടുതലുള്ള എസ്‌സി വിഭാഗത്തിന് 17 സീറ്റും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് 18 സീറ്റും നല്‍കി. രാജ്പുത്തുകള്‍ക്കും ബ്രാഹ്മണര്‍ക്കും, പഞ്ചാബികള്‍ക്കും പുറമേ രണ്ട് മുസ്ലീം സ്ഥാനാര്‍ത്ഥികളേയും ബിജെപി രംഗത്തിറക്കി. വോട്ട് ലഭിക്കാന്‍ സാധ്യതയുള്ള ഒരു സാഹചര്യവും ബിജെപി വിട്ടു കളഞ്ഞില്ല. ബലാത്സംഗവും കൊലപാതകവും ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗൂര്‍മീത് റാം റഹീമിന് ജാമ്യം നല്‍കിയതടക്കമുള്ള നടപടികള്‍ ഇതില്‍പെടും. ഇങ്ങനെ പ്രതികൂലഘടകങ്ങള്‍ക്കിടയില്‍ അതിസൂക്ഷ്മ തന്ത്രങ്ങളൊരുക്കിയാണ് ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും അധികാരം നിലനിര്‍ത്തിയത്.


REPRESENTATIVE IMAGE | WIKI COMMONS
കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസം

അമിത ആത്മ വിശ്വാസത്തില്‍ നിന്നുണ്ടായ ''ഇത്തവണ നാനൂറ് സീറ്റ്'' എന്ന മുദ്രാവാക്യം തിരിച്ചടിയായത് തിരിച്ചറിഞ്ഞ് ബിജെപി തിരുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അത് പ്രകടവുമാണ്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പറ്റിയ തെറ്റ് ഹരിയാനയില്‍ കോണ്‍ഗ്രസ് ഏറ്റുപിടിച്ചു. തിരഞ്ഞെടുപ്പിന് മുമ്പേ മന്ത്രിസഭ രൂപികരണ ചര്‍ച്ചകളിലേക്ക് കടന്നു കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി സീറ്റ് വിതരണത്തിലടക്കം വലിയ ഗ്രൂപ്പ് കളിയും നടന്നു. ''ബിജെപി പോയി, കോണ്‍ഗ്രസ് തിരിച്ചു വന്നു''. ഇതായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പേ ഹരിയാനയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ മുദ്രാവാക്യം. ഗ്രൂപ്പ് കളിയും ഈ അമിത ആത്മവിശ്വാസവും നേതാക്കളില്‍ നിന്ന് പ്രവര്‍ത്തകരിലേക്കും വ്യാപിച്ചു. കടുത്ത ആഭ്യന്തര കലാപത്തിനാണ് ഇത് കോണ്‍ഗ്രസില്‍ വഴി വച്ചത്. മുന്‍മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡയും, മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ കുമാരി ഷെല്‍ജയും പരസ്യമായി കൊമ്പ് കോര്‍ത്തു. ഇവര്‍ക്കിടയില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കി രണ്‍ദീപ് സിങ് സുര്‍ജേവാല കൂടി സജീവമായതോടെ പ്രതിസന്ധി പരിഹരിക്കാന്‍ മെനക്കെടാതെ ഹുഡപക്ഷത്ത് ഹൈക്കമാന്‍ഡും ചേര്‍ന്നു. കുമാരി ഷെല്‍ജ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണത്തിന് വരെ ഈ പ്രതിസന്ധി വഴിവയ്ക്കുകയും ചെയ്തു.

ഹൂഡയും മകനും

ഹരിയാനയിലെ പ്രബല വിഭാഗം ജാട്ട് തന്നെയാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 25 ശതമാനത്തോളം വരും ഇവര്‍. താവു ദേവിലാലിന്റെ പരമ്പര ഹരിയാന രാഷ്ട്രീയത്തില്‍ നിന്ന് ഏതാണ്ട് പുറത്തായതോടെ അവരുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായി മാറി മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ. ഭൂപീന്ദര്‍ സിങ് ഹൂഡയും മകന്‍ ദീപേന്ദര്‍ സിങ് ഹൂഡയുമാണ് ഇത്തവണ ഹരിയാനയിലെ സീറ്റ് വിഭജനവും തിരഞ്ഞെടുപ്പ് തന്ത്രവുമെല്ലാം തയ്യാറാക്കിയതും നടപ്പിലാക്കിയതും. ഇതോടെ ഹരിയാനയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ജാട്ട് പാര്‍ട്ടിയെന്ന രീതിയിലായി. ഇത് 35 ശതമാനം വരുന്ന ഒബിസി, 21 ശതമാനം വരുന്ന ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് വഴി വച്ചു. കുമാരി ഷെല്‍ജയുടെ പരസ്യ പ്രതിഷേധം കൂടിയായപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന് പിന്നാക്ക വിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടു. ജാട്ട് ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ജാട്ട് ഇതര വിഭാഗങ്ങളുടെ വോട്ട് ഏകീകരിക്കപ്പെട്ടു. ഇത് ബിജെപിക്ക് ഗുണമായി. ജാട്ട് ഭൂരിപക്ഷമുള്ള റോഹ്തക്, ജിന്ദ്, സോനിപത് തുടങ്ങിയ ജില്ലകളില്‍ കോണ്‍ഗ്രസ് തോറ്റ് തറപറ്റി.

ദീപേന്ദര്‍ സിങ് ഹൂഡയും ഭൂപീന്ദര്‍ സിങ് ഹൂഡയും | PHOTO: FACEBOOK
ആഭ്യന്തര പ്രതിസന്ധിയും ഇന്ത്യ മുന്നണിയും

സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക്  ചെറുതല്ലാത്ത കാരണമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയുണ്ടെന്ന് കരുതുന്നവര്‍ അപേക്ഷ നല്‍കണം. ഇവരില്‍ നിന്ന് പാര്‍ട്ടി നേതൃത്വം യോഗ്യരായവരെ തിരഞ്ഞെടുക്കും. ഇതായിരുന്നു പുതിയ പരീക്ഷണം. കേള്‍ക്കുമ്പോള്‍ പിആര്‍ ഏജന്‍സി പരീക്ഷണമായി തോന്നുന്നത് യാദൃശ്ചികം മാത്രമാണെന്ന് കരുതേണ്ടതില്ല. തിരിച്ച് ലഭിക്കാത്ത ഇരുപതിനായിരം രൂപയുടെ ചെക്കിനൊപ്പം വേണം അപേക്ഷ നല്‍കാന്‍. 90 സീറ്റുകളിലേക്കായി 3000ത്തോളം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷ തള്ളിപോയ പലരും വിമതരായി രംഗത്തെത്തിയതോടെ പ്രവര്‍ത്തകരിലും നേതാക്കളിലും ആവേശമുണ്ടാക്കാന്‍ നടത്തിയ പരീക്ഷണം വലിയ തിരിച്ചടിയായി. 24 മണ്ഡലങ്ങളിലാണ് 5000ത്തില്‍ താഴെ വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് തോറ്റത്. ഇതില്‍ ഭൂരിപക്ഷത്തിലും കോണ്‍ഗ്രസിന്റെ വോട്ട് വിമതര്‍ പിടിച്ചതാണ് കാരണം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിമതന് പിന്നില്‍ പോയ മണ്ഡലങ്ങളുമുണ്ട്. ഫരീദാബാദ് ജില്ലയിലെ തിഗാവും അംബാലയും ഇതിന് ഉദാഹരണം. 37000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി ജയിച്ച തിഗാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 21000 വോട്ട്. കോണ്‍ഗ്രസ് വിമതന്‍ 56000 വോട്ട് നേടി. അംബാലയില്‍ ബിജെപിയുടെ ഭൂരിപക്ഷം 7277 വോട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 14000 വോട്ട്. കോണ്‍ഗ്രസ് വിമതന് കിട്ടിയത് 52000 വോട്ട്. കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയതില്‍ 28 സിറ്റിങ്ങ് എംഎല്‍എമാരുണ്ടായിരുന്നു. ഇതില്‍ 15 പേര്‍ തോറ്റു. 13 പേര്‍ മാത്രമാണ് വിജയിച്ചത്. കടുത്ത സര്‍ക്കാര്‍ വിരുദ്ധ തരംഗം നിലനിന്ന സംസ്ഥാനത്താണ് പ്രതിപക്ഷത്തെ 15 സിറ്റിങ്ങ് എംഎല്‍എമാര്‍ തോറ്റത് എന്നത് കോണ്‍ഗ്രസിന് സാധാരണക്കാര്‍ക്കിടയിലുള്ള സ്വാധീനവും അവരുടെ സംഘടന ശക്തിയും എത്രമാത്രം ദുര്‍ബലമാണ് എന്നത് വ്യക്തമാക്കുന്നു.

ഹരിയാനയില്‍ ഇത്തവണ 11 ശതമാനം വോട്ട് കോണ്‍ഗ്രസിന് അധികം ലഭിച്ചു. 2019ല്‍ 28 ശതമാനമായിരുന്നത് ഇത്തവണ 39 ശതമാനമായി. ബിജെപിക്ക് ആകെ കൂടിയത് മൂന്ന് ശതമാനമാണ്. 36.4 നിന്ന് 39.9 ശതമാനമായി. പതിനൊന്ന് ശതമാനം വോട്ട് വര്‍ധിച്ചപ്പോള്‍ കോണ്‍ഗ്രസിന് അധികമായി കിട്ടിയത് ആറ് സീറ്റാണ്. അതേസമയം മൂന്ന് ശതമാനം വോട്ട് വര്‍ധിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് എട്ട് സീറ്റുകള്‍. നേരത്തെ പറഞ്ഞ അതിസൂക്ഷ്മ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിജയം. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ മത്സരിച്ച ആംആദ്മി പാര്‍ട്ടി ഇത്തവണ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കുരുക്ഷേത്ര മണ്ഡലത്തിന്റെ കീഴില്‍ വരുന്ന നിയമസഭ സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നതാണ് അവര്‍ സഖ്യമുപേക്ഷിക്കാന്‍ കാരണം. ഒരു സീറ്റില്‍ പോലും കാര്യമായ പ്രകടനം കാഴ്ച വയ്ക്കാന്‍ എഎപിക്കായില്ല. പക്ഷേ, നിരവധി സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഉറപ്പാക്കി. രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ച വോട്ട്. കൈകോര്‍ത്തിരുന്നെങ്കില്‍ ഈ വോട്ട് ശതമാനം കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഹരിയാനയില്‍ വീണ്ടും അധികാരം പിടിക്കാമായിരുന്നു.


REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യ സഖ്യത്തിന്റെ ഭാവി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ത്താണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. അതിന് ശേഷം നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാനയടക്കം കോണ്‍ഗ്രസിന് സ്വാധീനമുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാവിയെ ഇത് ബാധിക്കില്ലെങ്കിലും അതിന്റെ നേതൃത്വം അവകാശപ്പെടാന്‍ കോണ്‍ഗ്രസിന് ഇനി എളുപ്പമാവില്ല. തൃണമൂല്‍കോണ്‍ഗ്രസ് അടക്കം നടത്തിയ വിമര്‍ശനങ്ങള്‍ നല്‍കുന്ന സന്ദേശം അതാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ സീറ്റിനായി വിലപേശാന്‍ കോണ്‍ഗ്രസിന് ഇത് തടസമാകും. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ബീഹാര്‍ തിരഞ്ഞെടുപ്പുകളാണ് ഇനി വരുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ ശക്തരാണ്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേനയുമായും ജാര്‍ഖണ്ഡില്‍ ജെഎംഎംമുമായും ബീഹാറില്‍ ആര്‍ജെഡിയുമായും സീറ്റ് ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസിന്റെ ബലം കുറയും. അവര്‍ വച്ച് നീട്ടുന്ന സീറ്റുകള്‍ കൊണ്ട് തൃപ്തിപെടുകയോ ഒറ്റയ്ക്ക് മത്സരിക്കുകയോ ചെയ്യേണ്ടി വരും. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആരോഗ്യം നിലവില്‍ കോണ്‍ഗ്രസിനില്ല. ഇത്തരം പ്രതിസന്ധികള്‍ മുന്നില്‍ കണ്ടുള്ള ആലോചന ഹരിയാനയിലെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തേണ്ടിയിരുന്നു. അതുണ്ടായില്ല. ഫലത്തില്‍ ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല മടിയിലിരുന്നത് പോകുകയും ചെയ്തു.


#outlook
Leave a comment