
‘ജാനകി ജാനേ’
സിനിമ മനുഷ്യരാശിയുടെ ഏറ്റവും പ്രിയപ്പെട്ട വിനോദോപാധികളിൽ ഒന്നാണ്. കേവലം കാഴ്ചയുടെ ഒരു വിരുന്നിനപ്പുറം, അത് സമൂഹത്തിന്റെ പ്രതിഫലനമാണ്, സംസ്കാരങ്ങളുടെ കൈമാറ്റമാണ്, ഒപ്പം ഭാവനയുടെ അതിരുകളില്ലാത്ത ആകാശവുമാണ്. ആയിരം പ്രഭാഷണങ്ങളെക്കാളും അനേകം പുസ്തകങ്ങളെക്കാളും സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ഉപാധി കൂടിയാണ് മിക്കപ്പോഴും സിനിമകൾ. അതുകൊണ്ടുതന്നെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ഏറ്റെടുക്കാൻ കഴിയുന്ന ഒരു കലാരൂപം എന്ന നിലയിലും സിനിമയെ വിശേഷിപ്പിക്കാം.
സിനിമ മേഖലയിൽ നിന്നും ഈയടുത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാർത്തയാണ് പ്രവീൺ നാരായണൻ്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രം ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള - JSK’ എന്ന സിനിമയുടെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ.
REPRESENTATIVE IMAGE | WIKI COMMONS
2025 ജൂൺ 27ആം തീയതി തിയറ്റർ റിലീസിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമ കേന്ദ്ര സെൻസർ ബോർഡിന്റെ വിലക്കിനെ തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച തീയതിയിൽ പുറത്തിറക്കാൻ കഴിയില്ല എന്ന് സംവിധായകന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്നുമാണ് ഈ വിഷയം മുഖ്യധാരയിലേക്ക് കടന്നു വരുന്നത്. കാരണം ആദ്യഘട്ടത്തിൽ അവ്യക്തമായിരുന്നെങ്കിലും, പിന്നീടാണ് വിഷയം പുറത്തേക്ക് വരുന്നത്. ഈ സിനിമയുടെ പേര് തന്നെയാണ് സെൻസർ ബോർഡ് ഈ സിനിമയ്ക്ക് അനുമതി നിഷേധിക്കാനുള്ള കാരണമായി പറഞ്ഞത്. സിനിമയുടെ പേരും പ്രധാന കഥാപാത്രത്തിന്റെ പേരും ആയ ‘ജാനകി’ രാമായണ കഥകളിലെ രാമന്റെ പത്നി സീതാദേവിയുടെ പര്യായമായ പേരാണെന്നും, ആ പേര് ഇത്തരത്തിൽ ഒരു സിനിമയ്ക്ക് നൽകാൻ കഴിയില്ലെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സിനിമയിൽ വേട്ടയാടപ്പെടുന്ന, ഇരയാക്കപ്പെടുന്ന ഒരു സ്ത്രീകഥാപാത്രമാണ് അനുപമ അവതരിപ്പിക്കുന്ന ‘ജാനകി’. ഇതിനകം പുറത്തിറങ്ങിയ സിനിമയുടെ ടീസറിലും ജാനകി എന്ന കഥാപാത്രത്തെ കാണിക്കുന്നത് വളരെ പുരോഗമനപരമായി ജീവിക്കുന്ന ഒരു പെൺകുട്ടി എന്ന നിലയിൽ തന്നെയാണ്. എന്നാൽ ഇങ്ങനെ ഒരു സിനിമയ്ക്ക് വളരെ പവിത്രമായ, ഭൂരിപക്ഷത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായ ‘ജാനകി’ എന്ന പേര് അനുവദിക്കാൻ കഴിയില്ലെന്ന് സെൻസർ ബോർഡ് വ്യക്തമാക്കുകയായിരുന്നു. കഥാപാത്രത്തിന്റെ പേര് മറ്റെന്തെങ്കിലും ആക്കി മാറ്റിയാൽ സിനിമയ്ക്ക് അനുമതി നൽകാമെന്ന് സെൻസർ ബോർഡ് പറഞ്ഞെങ്കിലും സിനിമയുടെ അണിയറ പ്രവർത്തകർ ‘ജാനകി’ എന്ന പേരിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.
ലൂമിയർ സഹോദരന്മാർ സിനിമ കണ്ടു പിടിച്ചു. പിന്നാലെ 1897 കാലഘട്ടത്തിൽ ഇന്ത്യയിലും ആദ്യ സിനിമ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് ഇന്ത്യയിൽ നിശബ്ദമായും പല ഭാഷകളിലുമായും പുരാണം ഉൾപ്പെടെയുള്ള പല കഥകളിലുമായി ധാരാളം സിനിമകൾ വന്നിട്ടുണ്ട്. എന്നാൽ സിനിമയ്ക്ക് ഒരു അംഗീകൃത സർട്ടിഫിക്കേഷൻ എന്ന ആശയം വരുന്നത് 1952ലാണ്. അങ്ങനെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(CBFC) അഥവാ നാം സെൻസർ ബോർഡ് എന്ന് ചുരുക്കി വിളിക്കുന്ന സ്ഥാപനം നിലവിൽ വന്നത്. രാജ്യത്ത് പ്രദർശിപ്പിക്കേണ്ട സിനിമകൾക്ക് ഈ സ്ഥാപനത്തിന്റെ പലതരത്തിലുള്ള സർട്ടിഫിക്കേഷനുകൾ ആവശ്യമാണെന്ന നിയമം അന്ന് തൊട്ട് പ്രാബല്യത്തിൽ വന്നു.
ലൂമിയർ സഹോദരന്മാർ | PHOTO : WIKI COMMONS
സെൻസർഷിപ്പ് എന്ന ആശയം പൊതുവിൽ ആവിഷ്കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായാണ് കാണാറുള്ളത്. അതിന്റെ കാരണം, ഭരണകൂടങ്ങൾ അവർക്ക് താല്പര്യം ഇല്ലാത്ത വിഷയങ്ങൾ, ഭരണകൂടത്തിന് എതിരായ ആശയങ്ങൾ തുടങ്ങി താല്പര്യമില്ലാത്ത ഏതൊരു വിഷയം സിനിമയ്ക്ക് പ്രമേയമായി വന്നാലും അതിന്റെ അനുമതി നിഷേധിക്കാനുള്ള സ്വാതന്ത്ര്യം, ഭരണകൂടം നേതൃത്വം നൽകുന്ന സെൻസർ ബോർഡുകൾക്കുണ്ട് എന്നുള്ളത് കൊണ്ട് തന്നെയാണ്.
ഇന്ത്യയുടെ ചലച്ചിത്ര ചരിത്രമെടുത്ത് നോക്കിയാലും ഇത്തരത്തിലുള്ള ധാരാളം കേസുകൾ നമുക്ക് കാണാൻ കഴിയും, പലപ്പോഴും സെൻസർ ബോർഡുകൾ അനുമതി നിഷേധിച്ച സിനിമകൾ പിന്നീട് കോടതിയിൽ നിരവധിയായ നിയമ വ്യവഹാരങ്ങൾക്ക് ശേഷമാണ് തിയറ്ററുകളിൽ പ്രദർശിപ്പിച്ചിട്ടുള്ളത് എന്നും നമുക്ക് കാണാം. മഹത്തായ ഇന്ത്യൻ ഭരണഘടന നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം സിനിമയ്ക്കും ബാധകമാണെന്നും, അത് സംരക്ഷിക്കപ്പെടണമെന്നും പല കോടതി വിധിന്യായങ്ങളും നിലനിൽക്കുന്നുണ്ട്.
2014ന് ശേഷമാണ് സെൻസർ ബോർഡ് വളരെ ശക്തമായ നിയന്ത്രണങ്ങൾ രാജ്യത്തെ സിനിമകൾക്കുമേൽ കൊണ്ടുവരാൻ തുടങ്ങിയത്. അതിന്റെ പിന്നിൽ തീർച്ചയായും നിലനിൽക്കുന്നത് രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ്. പലപ്പോഴും സെൻസർ ബോർഡുകൾ നിയന്ത്രിക്കുന്നത് സിനിമ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണെന്ന ആക്ഷേപം സജീവമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേന്ദ്രസർക്കാർ അവരുടെ രാഷ്ട്രീയ താൽപര്യം അനുസരിച്ച് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ചില മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമേ രാജ്യത്ത് സിനിമകൾ പ്രദർശിപ്പിക്കാനാവൂ എന്ന ഒരു അലിഖിത നിയമമാണ് സെൻസർ ബോർഡ് വഴി ഇന്ത്യയിൽ ഇപ്പോൾ നടപ്പിലാക്കുന്നത്. അതിന്റെ അവസാനത്തെ ഇരയാണ് ‘JSK’.
JSK ടീസറിൽ നിന്ന് | PHOTO : WIKI COMMONS
ഒരു പരമാധികാര ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരമമായ പ്രാധാന്യം കൊടുക്കേണ്ടത് ഈ രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ദർശനത്തെ മാനിക്കുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ മഹത്തായ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്ന രീതിയിലുള്ള സിനിമകൾ, തീവ്രവാദമോ മറ്റോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സിനിമകൾ എന്നിവ നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് ആവശ്യമാണെന്ന അടിസ്ഥാന വസ്തുത നിലനിൽക്കുമ്പോൾ തന്നെ, ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം സിനിമ പോലെ ഒരു ജനകീയ മാധ്യമത്തെ വേട്ടയാടുന്നത് തീർച്ചയായും അംഗീകരിക്കാൻ കഴിയാത്ത ഒരു കാര്യം തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.
‘ജാനകി’ എന്ന പേര് പുരാണമനുസരിച്ച് ജനകന്റെ പുത്രി എന്ന നിലയിൽ വിളിക്കുന്ന ഒരു വിശേഷണമാണ്. മൈഥിലി എന്നും, വൈദേഹി എന്നും തുടങ്ങി നിരവധിയായ പേരുകൾ സീതാദേവി എന്ന പേരിന് പര്യായമായി നമുക്ക് കാണാം. ഇന്ത്യൻ സാഹചര്യത്തിൽ ബഹുഭൂരിപക്ഷം ഹിന്ദു വിശ്വാസികളുടെ പേരും ഏതെങ്കിലും ഒക്കെ പുരാണത്തിന്റെയോ വിശ്വാസത്തിന്റെയോ സ്വാധീനത്തിൽ നിന്നും ഉണ്ടായതാണെന്നും നമുക്ക് കാണാൻ കഴിയും. ദൈവമായി ആരാധിക്കുന്ന പല ദേവതാ സങ്കൽപ്പങ്ങളുടെയും പേര് ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും ആളുകളെ വിളിക്കുന്ന പേരുകളായി കാലങ്ങളായി തുടർന്ന് വരുന്നുണ്ട്. അത്തരം പേരുകളിൽ യാതൊരു അസഹിഷ്ണുതയും പ്രശ്നങ്ങളും ഇന്ത്യയിൽ ഈ അടുത്ത കാലം വരെ ഉണ്ടായിട്ടില്ല എന്നുള്ളതും ഒരു വസ്തുതയാണ്. എന്നാൽ മതത്തിന്റെ പേരിൽ രാഷ്ട്രസങ്കല്പം നിർമ്മിക്കുന്നവർക്ക് ഓരോ പേരിൽ പോലും ജാതി കണ്ടെത്താൻ കഴിയുകയും, അത് മറ്റൊരർത്ഥത്തിൽ വ്യാഖ്യാനിക്കാൻ കഴിയുകയും ചെയ്യുന്നത് ഈ രാജ്യത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്കുള്ള സഞ്ചാരത്തെയാണ് കാണിക്കുന്നത്.
JSK ടീസറിൽ നിന്ന് | PHOTO : WIKI COMMONS
ഒരു സിനിമ ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. അതിലെ കഥാപാത്രങ്ങളുടെ പേര്, വേഷം തുടങ്ങിയവ തീർച്ചയായും ആ സിനിമയുടെ അണിയറ പ്രവർത്തകരുടെ മാത്രം സ്വന്തമാണ്. ഈ വസ്തുത നിലനിൽക്കെ സിനിമ എങ്ങനെ സൃഷ്ടിക്കണം, കഥാപാത്രങ്ങൾക്ക് എന്ത് പേര് നൽകണമെന്നും, മുൻകൂട്ടിയുള്ള, അടിച്ചേൽപ്പിക്കപ്പെടുന്ന തീരുമാനങ്ങൾ എങ്ങിനെയാണ് ഒരു ജനാധിപത്യ സമൂഹത്തിൽ അംഗീകരിക്കാൻ കഴിയുക? തങ്ങൾക്ക് താല്പര്യമില്ലാത്ത വിഷയങ്ങൾ ഒന്നും രാജ്യത്ത് ഒരു ജനങ്ങളും കാണാൻ പാടില്ല എന്ന ഫാസിസ്റ്റ് നിലപാട് ഇന്ത്യയിലെ സെൻസർ ബോർഡ് കുറച്ചു വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഒരു നിലപാടാണ്.
ധാരാളം ഉദാഹരണങ്ങൾ ഈ വിഷയങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നതാണ്. സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവതി’ എന്ന സിനിമ ഇത്തരത്തിൽ വളരെ വിവാദമാവുകയും, റിലീസ് നീട്ടി വയ്ക്കുകയും, പിന്നീട് സെൻസർ ബോർഡിന്റെ ഇടപെടലിനെ തുടർന്ന് സിനിമയുടെ പേര് ‘പത്മാവത്’ എന്ന് മാറ്റി 2018ൽ റിലീസ് ചെയ്യുകയും ചെയ്തു. മലയാളത്തിൽ നിന്നും സനൽകുമാർ ശശിധരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എക്സ് ദുർഗ’ എന്ന സിനിമയുടെ ആദ്യ പേര് ‘സെക്സി ദുർഗ’ എന്നായിരുന്നു. വിവാദങ്ങൾ ഉണ്ടാവുകയും പിന്നീട് സെൻസർ ബോർഡ് ഇടപെട്ട് പേര് മാറ്റുകയുമാണ് ഉണ്ടായത്, 2017ലെ ഗോവ അന്താരാഷ്ട്ര സിനിമ പ്രദർശനത്തിൽ ഈ സിനിമ പ്രദർശിപ്പിക്കുകയും പ്രശംസ നേടുകയും ചെയ്തിരുന്നു. അന്തർദേശീയ വേദികളിൽ ‘സെക്സി ദുർഗ’ എന്ന പേരിൽ തന്നെ ഈ സിനിമ പ്രദർശിപ്പിച്ചുവെങ്കിലും ഇന്ത്യയിലുടനീളം ‘എക്സ് ദുർഗ’ എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യപ്പെട്ടത്. എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്, കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഉദ്ദേശം വ്യക്തമാക്കുന്ന തരത്തിലുള്ള സിനിമകൾ അവ എത്ര അസത്യമായാലും, സത്യാനന്തര കാലത്തെ വ്യാഖ്യാനങ്ങൾ ആയാലും അവയ്ക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ലാതെ അനുമതി നൽകുകയും, രാജ്യത്തിന്റെ ബഹുസ്വരത പോലുള്ള ആശയങ്ങളെ വരെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സിനിമകൾ രാജ്യത്ത് അനുദിനം ഇറങ്ങുന്നതും നമുക്ക് കാണാൻ കഴിയുന്നുണ്ട് എന്നുള്ളതും ഈ മേഖലയിലെ ഒരു വൈരുദ്ധ്യമാണ് .
പത്മാവതിൽ നിന്ന് | PHOTO : WIKI COMMONS
ജനാധിപത്യം എന്നു പറഞ്ഞാൽ തീർച്ചയായും പൂർണ്ണമായ സ്വാതന്ത്ര്യം എന്നല്ല, മറിച്ച് വ്യക്തമായ നിയന്ത്രണങ്ങൾ അതിനുണ്ട് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. പക്ഷേ അത് ഒരിക്കലും വ്യക്തിയുടെ മൗലികാവകാശങ്ങളെയും, ആവിഷ്കാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന തരത്തിലുള്ളതല്ല എന്നും തീർച്ചയാണ്. ഭരണകൂടം വ്യക്തിയുടെ സ്വകാര്യതകളിലും ആവിഷ്കാര സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിലും ഇടപെടുന്നത് ഒരിക്കലും ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമാവുകയില്ല. ഒരു രാജ്യത്തിലെ ജനങ്ങൾ എന്തു കാണണമെന്ന് ഒരു ഭരണകൂടം തീരുമാനിക്കുന്നതിലൂടെ ആ രാജ്യത്തിന്റെ സ്വാഭാവിക ആവിഷ്കാരങ്ങളെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
സിനിമകൾ എല്ലാകാലത്തും കൃത്യമായ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. എല്ലാത്തരം വിമർശനങ്ങളെയും സിനിമകൾ ഏറ്റുവാങ്ങിയിട്ടുമുണ്ട്, പക്ഷേ അതെല്ലാം ഒരു പോസിറ്റീവ് നിലവാരത്തിൽ തന്നെയാണ് നമ്മുടെ സമൂഹത്തിൽ ഇടപെട്ടിട്ടുള്ളത് എന്ന് കാണാം. അന്ധവിശ്വാസങ്ങൾക്കെതിരെ, തട്ടിപ്പുകൾക്കെതിരെ തുടങ്ങി സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ തെറ്റായതും പുരോഗമന സമൂഹത്തിനെ വെല്ലുവിളിക്കുന്നതുമായ എല്ലാ വസ്തുതകളെയും ചോദ്യം ചെയ്യുന്ന ധാരാളം സിനിമകൾ പണ്ടുകാലം മുതൽക്കേ ഇറങ്ങിയിട്ടുണ്ട് എന്ന് നമുക്ക് കാണാം. മലയാള സിനിമയിൽ തന്നെ ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. ആ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള സിനിമകൾ ധൈര്യമായി എടുക്കാൻ കഴിയുന്ന ഒരു സാമൂഹിക രാഷ്ട്രീയ കാലാവസ്ഥ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നു എന്നതാണ് സത്യം. അത്തരം വിഷയങ്ങളെ ഒരു ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ സ്വതന്ത്രമായ അവതരണം എന്ന നിലയിൽ മാത്രമാണ് സെൻസർ ബോർഡുകൾ പോലും പരിഗണിച്ചിരുന്നതും. മതവിശ്വാസികൾ പോലും ആ കാലത്ത് അത്തരം സിനിമകൾ യാതൊരു ഭയമോ വെറുപ്പോ ഇല്ലാതെ കാണുകയും ചെയ്തിരുന്നു. ഒരു വിശ്വാസിയുടെ വിശ്വാസവും ആ കാലത്ത് വൃണപ്പെട്ടതായി ഒരു വാർത്തയും നമ്മളാരും കേട്ടിട്ടില്ല.
JSK ടീസറിൽ നിന്ന് | PHOTO : WIKI COMMONS
1973ല്‍ എം ടി വാസുദേവൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ, മലയാള സിനിമ രംഗത്ത് തന്നെ ധാരാളം മാറ്റങ്ങൾ കൊണ്ടുവന്ന, ദേശീയതലത്തിൽ അടക്കം പുരസ്കാരവും നേടിയ ‘നിർമ്മാല്യം’ സിനിമയിൽ, സിനിമയുടെ പൂർണ്ണതയ്ക്ക് വേണ്ടി ധാരാളം വൈകാരിക രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ഭഗവതിയുടെ വിഗ്രഹത്തിന് നേർക്ക് വെളിച്ചപ്പാടിന്റെ കഥാപാത്രം തുപ്പുന്ന രംഗം വരെ ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ഒരു മതത്തെയും ഒരു വിശ്വാസത്തെയും വെല്ലുവിളിച്ചു കൊണ്ടല്ല. 1987ൽ മണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യ ചിത്രമായ ‘നാരദൻ കേരളത്തിൽ’ എന്ന സിനിമയിലും, ഹിന്ദുമത വിശ്വാസം അനുസരിച്ചുള്ള ദൈവങ്ങളെ പരിഹസിക്കുന്നതായി കാണാം. പക്ഷേ അതൊന്നും മതത്തെ ചോദ്യം ചെയ്യുന്നതോ, മതവിശ്വാസത്തെ ഹനിക്കുന്നതോ അല്ല. അതൊക്കെ സമൂഹത്തിലെ ചില തെറ്റായ രീതികളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച് പൊതുജനങ്ങളുടെ ശ്രദ്ധ ബന്ധപ്പെട്ട വിഷയത്തിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം മാത്രം ലക്ഷ്യമിട്ട് നിർമ്മിച്ചവയാണ് .
ഇപ്പോൾ വിവാദമാക്കപ്പെട്ട ‘ജാനകി’ എന്ന പേരും മലയാള സിനിമകളിൽ ധാരാളം ഉപയോഗിച്ചതായി കാണാൻ കഴിയും. പല സ്വഭാവത്തിലുള്ള കഥാപാത്രങ്ങൾ ജാനകി എന്ന പേരിൽ മലയാള സിനിമകളിൽ പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട്. ജാനകി എന്ന പേരിന് പുറമേ പുരാണങ്ങളിൽ പരാമർശിക്കുന്ന ബഹുഭൂരിപക്ഷം പേരുകളിലും മലയാളത്തിൽ സിനിമകളും, സിനിമയിലെ കഥാപാത്രങ്ങൾക്കും പേരുകളുമായിട്ടുണ്ട്. ‘ജാനകി ‘ എന്ന പേര് തന്നെ വരുന്ന സിനിമകളും മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 1977ൽ മണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പട്ടാളം ജാനകി’, 1983ൽ ആർ സി ശക്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പ്രൊഫസർ ജാനകി’, 1998ൽ എം ടി-ഹരിഹരൻ കൂട്ടുകെട്ടിലെത്തിയ ‘എന്ന് സ്വന്തം ജാനകി കുട്ടി’, 2018ൽ എം ജി ശശി സംവിധാനം ചെയ്ത ‘ജാനകി’, 2023ൽ അനീഷ് ഉപാസനയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ജാനകി ജാനേ’, എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങളുണ്ട്.
JSK ടീസറിൽ നിന്ന് | PHOTO : WIKI COMMONS
ഈ സിനിമകൾക്കൊന്നും യാതൊരു തരത്തിലുള്ള സെൻസറിംഗ് പ്രശ്നവും ഉണ്ടായിരുന്നില്ല എന്നു കാണാം. ആദ്യമായി ‘ജാനകി’ എന്ന പേരിന് ഒരു സെൻസർഷിപ്പ് പ്രശ്നം വരുന്നത് പത്മകുമാറിന്റെ സംവിധാനത്തിൽ ഇറങ്ങിയ ‘ടോക്കൺ നമ്പർ’ എന്ന സിനിമയിലെ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ പ്രശ്നമാണ്. ഈ പേര് പിന്നീട് ‘ജയന്തി’ എന്ന് മാറ്റിയാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇപ്പോൾ ‘ജാനകി’ എന്ന പേരിൽ പ്രശ്നം ഉന്നയിച്ചാണ് JSK എന്ന സിനിമയുടെ സർട്ടിഫിക്കറ്റും തടഞ്ഞു വച്ചിട്ടുള്ളത്. എന്നാൽ ഈ പേരിടുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു ഹിന്ദു വിശ്വാസ സംഘടനയോ, വിശ്വാസി സമൂഹമോ യാതൊരു ആക്ഷേപവും ഇതുവരെ ഉന്നയിച്ചിട്ടില്ല എന്നതും എടുത്തു കാണേണ്ട വസ്തുതയാണ്.
ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവർത്തകർ കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും കോടതി കേസ് പരിഗണനയ്ക്ക് എടുത്ത ശേഷം സെൻസർ ബോർഡിനോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ജാനകി എന്നത് സാധാരണ നിലയിൽ നമ്മുടെ സമൂഹത്തിൽ ഉപയോഗിക്കുന്ന ഒരു പേരാണല്ലോ എന്നും അതിലെന്താണ് പ്രശ്നം എന്ന് വ്യക്തമാക്കണമെന്നും സെൻസർ ബോർഡിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായ സീതാദേവിയുടെ പേരാണ് ജാനകി എന്നും, അത്തരത്തിലൊരു പേരിൽ ഈ സിനിമ ഇറങ്ങിയാൽ അത് വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും മതവികാരം വ്രണപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നൽകാത്തത് എന്നാണ് സെൻസർ ബോർഡിന്റെ വാദം. തുടർന്ന് കോടതി ചലച്ചിത്രം കണ്ട ശേഷം അന്തിമ തീരുമാനമെടുക്കാം എന്ന നിലയിലാണ് ഇപ്പോൾ കേസ് എത്തിനിൽക്കുന്നത്.
കേരളത്തിലെ മാത്രമല്ല, രാജ്യത്തിലെ തന്നെ ചലച്ചിത്ര പ്രവർത്തകരുടെയും പുരോഗമന പ്രവർത്തകരുടെയും പിന്തുണ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള തെറ്റായ കടന്നുകയറ്റങ്ങൾ ഒരു തരത്തിലും അനുവദിക്കാൻ കഴിയില്ല എന്ന വാദം തന്നെയാണ് ഈ പിന്തുണയ്ക്ക് പുറകിൽ. സ്വതന്ത്രമായ ആവിഷ്കാര സ്വാതന്ത്ര്യം നിലനിൽക്കേണ്ടത് ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്തിന്റെ മുന്നോട്ട് പോക്കിന് വേണ്ട അടിസ്ഥാന ഘടകമാണ്. രാഷ്ട്രീയ ഭരണകൂടം അതിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് ഇത്തരം അവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, ഇന്ത്യയുടെ ഭരണഘടനയെ മുൻനിർത്തി നീതിന്യായ വ്യവസ്ഥയിലൂടെയെങ്കിലും ഈ രാജ്യത്തിലെ പൗരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.


