
'എ ഡേർട്ടി പിക്ചർ': ഹണി റോസിലേക്ക് മലയാളി പ്രേക്ഷകൻ സഞ്ചരിച്ച ക്രൂരവഴി
താൻ അനുഭവിച്ച ലൈംഗിക അവഹേളനങ്ങൾ തുറന്നുപറഞ്ഞ ഹണി റോസ് തുടർച്ചയായുന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളെ റദ്ദുചെയ്യാൻ അവരുടെ സിനിമാ-പൊതുജീവിതങ്ങളെ തന്നെ റദ്ദുചെയ്യുക എന്ന തന്ത്രമാണ് മലയാളി പുരുഷൻ സ്വീകരിച്ചത്. ഹണി റോസിന് എന്തുകൊണ്ട് നേരത്തെ ഈ കാര്യങ്ങൾ പറഞ്ഞുകൂടാ എന്ന വാദത്തിനുശേഷം, ഞങ്ങൾ പുരുഷുക്കൾ അവതരിപ്പിക്കുന്ന പുതിയ നാടകമാണ് "ബോബി ചെമ്മണ്ണൂർ എന്ന പാവത്താനായ മുതലാളി"എന്നത്. ആ "പാവം പണക്കാരനെ" കരിവാരിത്തേക്കാൻ ഹണിയെ മുൻനിർത്തി ചിലർ ശ്രമിക്കുന്നു എന്നതാണ് അതിലെ ഹൈലൈറ്റ്. ഒരു സ്ത്രീ താൻ അനുഭവിച്ച അവഹേളനത്തെ കുറിച്ചെപ്പോഴാണ് തുറന്നുപറയേണ്ടത് എന്ന ചർച്ച ഇത്തരം വിഷയം ഉയർന്നു വരുമ്പോഴൊക്കെയുള്ളത് പോലെ മാറ്റമില്ലാതെ തുടരുകയാണ് ചിലർ. ഹണി റോസ് എന്ന സ്ത്രീ ഇത്രയും കാലം ഈ ദ്വയാർത്ഥപ്രയോഗങ്ങൾ ആസ്വദിച്ചിരുന്നു എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിലൂടെ എന്ത് വഷളത്തരം പറഞ്ഞാലും അത് കേൾക്കാൻ ബാധ്യസ്ഥയാണവർ എന്നും പറഞ്ഞു വയ്ക്കുകയാണ്.
ലൈംഗികതയിൽ കൂടുതൽ താല്പര്യമുള്ള, അത് മാർക്കറ്റ് ചെയ്ത് ശ്രദ്ധപിടിച്ചുപറ്റിയ സ്ത്രീ എന്ന ഇമേജ് സിനിമയിൽ അഭിനയിക്കുന്ന സ്ത്രീക്ക് മലയാളി സമൂഹം കൽപ്പിച്ച് നൽകുന്നത് ആദ്യമായല്ല. അത്തരമൊരു പ്രതിച്ഛായ ജീവിതകാലം മുഴുവൻ കൊണ്ടുനടക്കുകയും, ഒടുവിൽ ഗോസിപ്പുകളിൽ മുറിവേറ്റ് സ്വയം ഇല്ലാതായ നിരവധി സ്ത്രീകൾ മലയാള സിനിമയിലുണ്ട്. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ കല്ലെറിഞ്ഞോടിക്കപ്പെട്ട മലയാളത്തിലെ ആദ്യ നടി പി കെ റോസി മുതൽ തുടങ്ങുന്ന ആ പട്ടികയിൽ വിജയശ്രീയും സിൽക്ക് സ്മിതയും ശോഭയും മയൂരിയുമുണ്ട്. തന്റെ സിനിമാ ജീവിതം ആൺഹുങ്കിനെതിരെയുള്ള പോരാട്ടമായിരുന്നു എന്ന് ഇപ്പോഴും ആവർത്തിക്കുന്ന ഷക്കീലയുമുണ്ട്. ഇവരാരെയും പരസ്പരം താരതമ്യം ചെയ്യുക സാധ്യമല്ല, എന്നാൽ സമൂഹത്തിന്റെ ഒരേതരത്തിലുള്ള ആക്രമണങ്ങൾക്ക് പാത്രമായവരാണ് ഇവരെല്ലാവരും. എല്ലാ കാലത്തും സിനിമയിൽ അസാന്മാർഗിക ജീവിതം നയിക്കുന്ന സ്ത്രീയായി ഒരു നടിയെ (അഥവാ ഒന്നിലധികം നടിമാരെ) അവതരിപ്പിക്കുക എന്നത് മലയാളി പുരുഷന്മാരുടെ ആവശ്യമായിരുന്നു. അത്തരം സ്ത്രീകളുടെ സിനിമകൾ കൊട്ടകകളിൽ നിറഞ്ഞാടിയിരുന്നെങ്കിലും പൊതുമധ്യത്തിൽ അവരെ അംഗീകരിക്കാൻ പുരുഷന്മാർ തയ്യാറായിരുന്നില്ല. തന്റേടികളായ, ലൈംഗിക താല്പര്യങ്ങൾ തുറന്നു പ്രകടിപ്പിക്കുന്ന സ്ത്രീകളെ മലയാളി പുരുഷന്മാർക്ക് സിനിമാ സ്‌ക്രീനുകളിൽ ഇഷ്ടമായിരുന്നെങ്കിലും അതവർ പരസ്യമായി സമ്മതിച്ചിരുന്നില്ല.മയൂരി | PHOTO: WIKI COMMONS
ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്ന സ്ത്രീകളെ നിരന്തരം അവതരിപ്പിക്കുന്നതിലൂടെ, സ്ത്രീകൾ ഒരിക്കലും ഇങ്ങനെയാകാൻ പാടില്ല എന്നും ലൈംഗിക താല്പര്യങ്ങൾ അടക്കിവയ്ക്കുകയും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നവരാണ് 'തറവാട്ടിൽ പിറന്ന സ്ത്രീകൾ' എന്നും പറയാനാണ് ഇവർ ശ്രമിച്ചത്. അതുമാത്രമല്ല, തന്നിഷ്ടക്കാരികളായ ഇങ്ങനെയുള്ള സ്ത്രീകളെ തങ്ങൾക്ക് ലൈംഗികമായി ഉപയോഗിക്കാമെന്നും പൊതുമധ്യത്തിൽ എന്തും പറയാമെന്നും പ്രഖ്യാപിക്കുക കൂടിയായിരുന്നു ആൺകൂട്ടങ്ങളുടെ ലക്ഷ്യമെന്നും ഡൽഹി യൂണിവേഴ്സിറ്റി അധ്യാപികയായ ജെനി റൊവീന തന്റെ 'ഡേർട്ട് ഇൻ ദി ഡേർട്ടി പിക്ചർ' എന്ന ലേഖനത്തിൽ പറയുന്നു. സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച 'ഡേർട്ടി പിക്ചർ' എന്ന സിനിമയെ അപഗ്രഥിക്കുന്ന ആ ലേഖനം ദേവദാസി സംസ്കാരം അവതരിപ്പിക്കപ്പെട്ടതിന്റെ കാരണങ്ങളന്വേഷിച്ച് തുടങ്ങി ഒടുവിൽ സിൽക്ക് സ്മിതയിലേക് വരുന്നു.
സിൽക്ക് സ്മിത: ഒരുദാഹരണം
എല്ലാം തികഞ്ഞ സവർണസ്ത്രീ എന്ന നിർമിതിയിലേക്കുള്ള ചവിട്ടുപടിയാണ് ലൈംഗികതയിൽ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു രാക്ഷസിയുടെ ചിത്രം. ശൂർപ്പണഖയെയും സീതയെയും നാടകങ്ങളിലും സിനിമയിലുമുൾപ്പെടെ അവതരിപ്പിക്കുന്ന രീതിയെ കുറിച്ച് നിരവധിപേർ എഴുതിയിട്ടുണ്ട്. ശരീരഘടനയും നിറവും നോക്കിയാണ് തങ്ങളെ നാടകങ്ങളിൽ സീതയും ശൂർപ്പണഖയുമാക്കാറുള്ളു എന്ന് ഏറ്റവുമൊടുവിൽ കലാക്ഷേത്രയിൽ വിവേചനങ്ങൾക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭങ്ങൾക്കിടയിൽ നൃത്യ പിള്ള എഴുതുന്നു. അതായത് നിരന്തരം ബാർ ഡാൻസർ മാത്രമായി ഒരാളെ സിനിമയിൽ അവതരിപ്പിക്കാനും, അവരുടെ വസ്ത്രത്തിന്റെ വിടവുകളിലൂടെ ശരീരം കണ്ടാസ്വദിക്കുമ്പോൾ തന്നെ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്ന നടിമാരെയും അത്തരം കഥാപാത്രങ്ങളെയും തള്ളിക്കളയാനും മലയാളി പുരുഷന് സാധിക്കുന്നു, ഉദാഹരണം സിൽക്ക് സ്മിത.സിൽക്ക് സ്മിത | PHOTO: WIKI COMMONS
അവരുടെ മരണവും അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നും അറിയാനോ സഹതപിക്കാനോ ഉള്ള ബാധ്യത ഈ പ്രതിച്ഛായാ നിർമ്മിതിയിലൂടെ പുരുഷന്മാർക്കോ മലയാളി പൊതുസമൂഹത്തിനോ വരുന്നില്ല. 'ഒക്കലി' എന്ന 1987 വരെ തുടർന്നിരുന്ന ഒരു ദേവദാസി ചടങ്ങിനെ കുറിച്ച് ജെനി റൊവീന അവരുടെ 'ഡേർട്ട് ഇൻ ദി ഡേർട്ടി പിക്ചർ' എന്ന ലേഖനത്തിൽ പറയുന്നുണ്ട്. പൊതുമധ്യത്തിൽ ദേവദാസികളായ സ്ത്രീകളെ പുരുഷന്മാർ ലൈംഗികമായി ഉപയോഗിക്കുന്ന ചടങ്ങാണത്. നൂറുകണക്കിന് വർഷങ്ങൾക്കു മുമ്പ് തുടങ്ങിവച്ച മറ്റുചില ദേവദാസി ചടങ്ങുകളുടെ തുടർച്ചയായി വേണം ഇതിനെയും കാണാൻ. ഹോളിക്ക് സമാനമായ ഈ ചടങ്ങിൽ ഒരു കുളത്തിനു ചുറ്റും ഉയർന്ന ജാതിയിലെ പുരുഷന്മാർ ഒത്തുകൂടും. വളരെ നേരിയ തുണികൊണ്ടുണ്ടാക്കിയ വസ്ത്രങ്ങൾ ധരിച്ച ദേവദാസികളെയും കുളത്തിന്റെ കരയിൽ കൊണ്ടുവന്ന് നിർത്തും. ശേഷം ഹോളി ആഘോഷിക്കുമ്പോൾ ആളുകൾ പരസ്പരം വ്യത്യസ്ത നിറത്തിലുള്ള പൊടികൾ വിതറുന്നതുപോലെ അവരുടെ ശരീരത്തിലേക്ക് വെള്ളം ഒഴിക്കും. ശരീരത്തിൽ ഒട്ടിപ്പിടിക്കുന്ന രീതിയിലുള്ള നേരിയ വസ്ത്രങ്ങൾ ധരിച്ചതുകൊണ്ടുതന്നെ വെള്ളമൊഴിക്കുന്നതിലൂടെ ഇവർ ഒരുതരത്തിൽ നഗ്നരാക്കപ്പെടും. ശേഷം കൂടിനിൽക്കുന്ന പുരുഷന്മാർ ഈ സ്ത്രീശരീരങ്ങൾ തങ്ങളുടെ ലൈംഗിക ആഗ്രഹങ്ങൾ തീർക്കാൻ ഉപയോഗിക്കുന്നതാണ് ചടങ്ങ്. സവർണർ നീചജന്മങ്ങളായി കാണുന്ന അധസ്ഥിത വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ദേവദാസികൾ, അതുകൊണ്ടുതന്നെ തങ്ങളുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റിയാൽ പിന്നെ ഇവരുടെ ശരീരം അശുദ്ധമായും നികൃഷ്ടമായും തന്നെ ഈ പുരുഷന്മാർ കാണുന്നു.
സിൽക്ക് സ്മിതയെ ഒരേസമയം ആസ്വദിക്കുകയും അതേസമയം തിരസ്കരിക്കുകയും ചെയ്ത മലയാളി പുരുഷന്മാർ ഒരുതരത്തിൽ 'ഒക്കലി', 'സിദ്ദി ആട്ട' എന്നീ ദേവദാസി ചടങ്ങുകൾ ന്യായീകരിക്കാൻ അന്നത്തെ പുരുഷന്മാർ ഉയർത്തിയ അതേ യുക്തിയിൽ തന്നയാണ് നിൽക്കുന്നതെന്നും ജെനി റൊവീന പറയുന്നു. അതിന്റെ ഭാഗമായി ജെനി കൂട്ടിച്ചേർക്കുന്ന മറ്റൊരുദാഹരണം കൂടിയുണ്ട്. സിൽക്ക് സ്മിതയുടെ അതേ കാലഘട്ടത്തിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ സവർണ സ്ത്രീരൂപങ്ങൾക്ക് തുടർച്ചയായി ജീവൻ നൽകിയ രാധ, രാധിക, ശ്രീദേവി, സുമലത, പൂർണിമ, ഉർവശി, സുഹാസിനി എന്നിവരെ കണ്ടതുപോലെയേ അല്ല സിൽക്ക് സ്മിതയെ ആളുകൾ കണ്ടത്. 'പോക്ക് കേസ്' എന്ന ലേബൽ നൽകി കഴിഞ്ഞാൽ അവരെ കുറിച്ച് എന്തും പറയാം എന്നതാണ് മലയാളി പുരുഷന്മാരുടെ പക്ഷം. അങ്ങനെ ഒരു പ്രതിച്ഛായാനിർമിതിയാണ് കഴിഞ്ഞ കുറച്ചധികം കാലമായി സമൂഹമാധ്യമങ്ങളിലൂടെ ഹണി റോസിനെ കുറിച്ചും ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അവരുടെ ഭാഗത്ത് എന്തൊക്കെ ന്യായമുണ്ടായാലും ലൈംഗിക ചുവയുള്ള കമന്റുകൾകൊണ്ട് അതെല്ലാം നിഷ്പ്രഭമാക്കാമെന്ന ധാരണയാണ് മേൽപ്പറഞ്ഞ ആൺകൂട്ടങ്ങൾക്ക് ധൈര്യം നൽകുന്നത്.REPRESENTATIVE IMAGE | WIKI COMMONS
ഇതൊക്കെകൊണ്ടുതന്നെയാണ് ഹണി റോസിന്റെ സമകാലീനരായ മറ്റേത് നടിയെക്കാളുമധികം ബുള്ളിയിങ് അവർക്ക് അനുഭവിക്കേണ്ടിവരുന്നത്. സമൂഹമാധ്യമങ്ങൾ വന്നതിനുശേഷം ഒരുപക്ഷേ, ഏറ്റവുമധികം ലൈംഗികമായി അപഹസിക്കപ്പെട്ട നടി ഹണി റോസ് ആയിരിക്കും. ഹണി റോസിന്റെ ശരീരത്തെ കുറിച്ചെന്ന പോലെ ഈ ആൺകൂട്ടങ്ങൾ മറ്റേതെങ്കിലും സ്ത്രീയുടെ ശരീരത്തെ കുറിച്ച് പൊതുയിടത്തിൽ അടുത്ത കാലത്ത് ഇങ്ങനെ സംസാരിച്ചുകാണുമോ? ഓരോ പുരുഷനിലെയും പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളാണ് ഈ സോഷ്യൽ മീഡിയ കമന്റുകളിൽ പ്രത്യക്ഷപ്പെടുന്നത്. മറ്റൊരുനടിക്കുമില്ലാത്ത തരത്തിൽ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി ഒരു പ്രതിച്ഛായ നിർമിക്കുന്നതിന് ഹണി റോസിന്റെ കാര്യത്തിൽ സിനിമയിലടക്കമുള്ള പുരുഷന്മാർ ഒറ്റക്കെട്ടായി നിന്നിട്ടുണ്ട്. 'മോൺസ്റ്റർ' എന്ന സിനിമയിൽ ഹണി റോസിന്റെ ശരീരത്തെ കുറിക്കുന്ന തരത്തിൽ ദ്വയാർഥ തമാശകൾ പറയുന്ന മോഹൻലാലിനെ കാണാം. മലയാള സിനിമയും പുരുഷന്മാരായ കാഴ്ചക്കാരും എല്ലാകാലത്തും ഇൻഡസ്ട്രിയിൽ ഒരു ദേവദാസിയെ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.
മുട്ടുക്കണ്ണമ്മാൾ: ചോദ്യചിഹ്നമായി മാറിയ ദേവദാസി
തമിഴ്‌നാട്ടിലെ വിരളിമലൈയിലെ മുട്ടുകണ്ണമ്മാൾ എന്ന നർത്തകിയെ കുറിച്ച് "അൺഫിനിഷ്ഡ് ജെസ്റ്റേഴ്സ്: ദേവദാസി മെമ്മറി ആൻഡ് മോഡേണിറ്റി" എന്ന പുസ്തകത്തിൽ ദാവേഷ് സൊനേജി പറയുന്നതനുസരിച്ച് "ദേവദാസികൾ ദൈവത്തിന്റെ പ്രിയപ്പെട്ടവരായി അവതരിപ്പിക്കപ്പെടുകയും പിന്നീട് ദൈവത്തോട് ചേർന്ന് നിൽക്കുന്നവരെന്നവകാശപ്പെടുന്നവരുടെ നിയന്ത്രണത്തിലേക്ക് മാറുകയും ചെയ്യുന്നവരാണ്. ദേവദാസികൾക്ക് പേരുകേട്ട വിരളിമലൈ പിന്നീട് വേശ്യാലയങ്ങൾ നിറഞ്ഞ സ്ഥലമായതിന്റെ ചരിത്രവും സോനേജി പറയുന്നു. ദേവദാസി സമ്പ്രദായത്തിനെതിരെ ഉയർന്ന മുന്നേറ്റങ്ങളെല്ലാം തന്നെ ദേശീയതയിലൂന്നിയവയായിരുന്നു. ഭരതനാട്യം പോലെ ജനകീയമായ മധ്യവർഗ നൃത്തരൂപങ്ങൾ അവതരിപ്പിക്കപ്പെടുന്നതിനും മുമ്പ് പ്രത്യേകിച്ച് അംഗീകാരങ്ങളൊന്നുമില്ലാതെ നിന്നിരുന്ന ദേവദാസികൾക്ക് സാമൂഹിക മുന്നേറ്റങ്ങളിലൂടെയും ഒന്നും ലഭിച്ചില്ല. പൗരത്വം പോലും "(പേജ് നമ്പർ-163). ലൈംഗികതമാത്രം തലയിലുള്ള പുരുഷന്മാർക്ക് പൊതുമധ്യത്തിൽ പറയാൻ സാധിക്കാത്ത വഷളത്തരം മുഴുവൻ പറയാനും അവഹേളിക്കാനും ലൈംഗികമായി ചൂഷണം ചെയ്യാനും അത് അർഹിക്കുന്നവർ എന്നതരത്തിൽ ചിലസ്ത്രീകളെ ചാപ്പയടിച്ച് നിർത്തുക എന്നത് പുരുഷാധിപത്യസമൂഹം എല്ലാ കാലവും ചെയ്തിട്ടുള്ളതാണ്. അത് അങ്ങനെ തന്നെ തുടരുന്നു.മുട്ടുക്കണ്ണമ്മാൾ | PHOTO: WIKI COMMONS
സിൽക്ക് സ്മിതയുടെ ശരീരത്തെയും വ്യക്തിത്വത്തെയും മലയാളികൾ കണ്ടതെങ്ങനെയാണ് എന്ന് പരിശോധിച്ചാൽ മാത്രം മതി ഇത് മനസിലാക്കാൻ. സിൽക്ക് സ്മിതയുടെ ശരീരത്തിലെ കറുപ്പ് മറയ്ക്കാൻ എല്ലാത്തിനെയും വെളുപ്പിക്കുന്ന സിനിമ ഒരിക്കലും തയ്യാറായിട്ടില്ല എന്നുമാത്രമല്ല, സിൽക്ക് സ്മിതയുമായി ഒന്നിച്ചുള്ള ഗാനരംഗങ്ങളിൽ നായകന്മാർ കരിങ്കൽ ക്വാറിയിലേക്കോ ബാറിലേക്കോ തങ്ങളുടെ നിലയും വിലയും തൽക്കാലത്തേക്ക് മാറ്റിവച്ച് ഇറങ്ങാറുമുണ്ട്. ആ ഗാനരംഗം കഴിഞ്ഞ് തങ്ങളുടെ സവർണ ജീവിതത്തിലേക്ക് അവർ തിരികെ പോവുകയും ചെയ്യുന്നു. യാതൊരു വൈകാരിക അടുപ്പവും കാണിക്കാതെ ഈ ഇടങ്ങളിലേക്ക് മാത്രമായി സിൽക്ക് സ്മിതയെ അടക്കി നിർത്താൻ മുഖ്യധാരാ സിനിമയ്ക്ക് സാധിച്ചു. അവരുടെ ശരീരം ഉപയോഗിച്ച് വലിച്ചെറിയാനുള്ളതാണെന്ന് കാഴ്ചക്കാരെ വിശ്വസിപ്പിച്ചു. ഇതിനു നേർവിപരീതമായി ലൈംഗികതയെക്കുറിച്ച് ഒട്ടും തന്നെ സംസാരിക്കാത്തതും, സമൂഹത്തിന്റെ ചട്ടക്കൂടുകളിൽ ഒതുങ്ങുന്ന വസ്ത്രധാരണരീതിയിലും ഒരുപറ്റം സവർണ സ്ത്രീകളെയും സിനിമ അവതരിപ്പിച്ചു. എന്നിട്ട് സമൂഹത്തിന്റെ സദാചാരബോധങ്ങൾക്ക് നിരക്കാതെ ജീവിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്യുന്ന സ്ത്രീകളെ കുറിച്ച് ലൈംഗിക ചുവയുള്ള കഥകൾ നിങ്ങൾക്കുണ്ടാക്കാമെന്നും വേണമെങ്കിൽ ബലാത്സംഗം ചെയ്യാമെന്നും ആഹ്വാനം ചെയ്യുന്നു. വെറുതെയൊന്നുമല്ല ആളുകൾ ഒടുവിൽ ഹണി റോസിന്റെ വസ്ത്രധാരണരീതിയെ വിലയിരുത്താൻ നിൽക്കുന്നത്.
ഇപ്പോൾ നടക്കുന്നതിനെ കേവലം ഒരു സ്ത്രീക്കെതിരെ നടക്കുന്ന ആക്രമണമായി മാത്രമല്ല കാണേണ്ടത്, മറിച്ച് ചരിത്രത്തിലുടനീളം ഇത്തരം പ്രതിച്ഛായാനിർമിതികൾക്കെതിരെ പോരാടി ജീവിച്ചവരും മരിച്ചവരുമായ സ്ത്രീകളുടെ തുടർച്ചയായി കൂടിയാകണം. മലയാളത്തിലെ ആഘോഷിക്കപ്പെട്ട, തിളങ്ങി നിന്നിരുന്ന നായിക വിജയശ്രീ 'പൊന്നാപുരംകോട്ട' എന്ന സിനിമയിൽ അനുവാദമില്ലാതെ തന്റെ നഗ്നത പ്രദർശിക്കപ്പെട്ടതിന്റെ പേരിൽ ആത്മഹത്യ ചെയ്തതാണെന്ന് മറക്കരുത്. വിരളിമലൈയിലെ ക്ഷേത്രാങ്കണത്തിലും സ്വകാര്യസദസിലും മുട്ടുക്കണ്ണമ്മാൾ നൃത്തം ചെയ്യുന്നത് ആളുകൾ ആസ്വാദിക്കാൻ വേണ്ടി മാത്രമല്ല. ആ നൃത്തം തങ്ങളുടെ ചരിത്രമാണ് അവതരിപ്പിക്കുന്നത് എന്ന ബോധ്യത്തോടുകൂടിയാണെന്നാണ് ദാവേഷ് സൊനേജി പറയുന്നത്.വിജയശ്രീ | PHOTO: WIKI COMMONS
"ചില സാംസ്‌കാരിക വിമർശകർ പറയുന്നതുപോലെ ഒരുകൂട്ടം ആളുകൾ ഒരുമിച്ച് പങ്കുവയ്ക്കുന്ന ഓർമ (Collective Memory) എന്ന തരത്തിലല്ല ഞാൻ ഇതിനെ കാണുന്നത്. മറിച്ച് ഓരോരുത്തരും തങ്ങളിലേക്ക് തന്നെ നടത്തുന്ന ഒരു യാത്രയായാണ് ഈ അവതരണങ്ങൾ കാണേണ്ടത്. പരസ്പരം പങ്കുവയ്ക്കപ്പെടുന്നുണ്ടെങ്കിലും ഓരോരുത്തരും അവരവരിലേക്ക് നടത്തുന്ന യാത്രയാണിത്." (അതേ പുസ്തകം പേജ് നമ്പർ188) സൊനേജി പറയുന്നു.
സിനിമയുണ്ടായ കാലം മുതൽ തന്നെ സ്ത്രീകൾ ഇത്തരത്തിൽ ആക്രമണത്തിന് വിധേയരാകുന്നുവെന്നതാണ് പികെ റോസി മുതലുള്ള ചരിത്രം. ഹണി റോസ് അക്രമിക്കപ്പെടുമ്പോഴും നമ്മൾ നേരത്തെ പൊരുതിയ മുഴുവൻ മനുഷ്യരിലേക്കും അവരുടെ ജീവിതത്തിലേക്കും തിരിച്ചുപോകേണ്ടതുണ്ട്. കാരണം ഇന്നവർ പോരാടി നിർമിക്കുന്നത് കലമാത്രമല്ല ചരിത്രം കൂടിയാണ്.