
നിഗൂഢതകൾ വാഴുന്ന ഭൂട്ടാനിലൂടെ ഒരു യാത്ര
സാമ്പത്തിക വളർച്ച ആണ് ഏറ്റവും വലിയ വിജയമെന്ന ധാരണയെ തിരുത്താൻ ഭൂട്ടാൻ മാതൃകയാകുമ്പോൾ...
ബുദ്ധിസം ആഴത്തിൽ വേരൂന്നിയ വിയറ്റ്നാം, ഭൂട്ടാൻ എന്നീ രണ്ട് രാജ്യങ്ങൾ ഈയടുത്ത നാളുകളിൽ സന്ദർശിക്കാനിടയായി. ബുദ്ധിസം രൂപം കൊണ്ടത് ഇന്ത്യയിൽ ആണെങ്കിലും അത് കൂടുതലായി പടർന്നുപന്തലിച്ചത് ഭൂട്ടാൻ, ജപ്പാൻ, ടിബറ്റ്, ശ്രീലങ്ക, വിയറ്റ്നാം, കമ്പോഡിയ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ ആണ്.
വിയറ്റ്നാമിലേയും ഭൂട്ടാനിലേയും ഭൂരിഭാഗം ജനങ്ങളും ബുദ്ധമത വിശ്വാസികൾ ആണെങ്കിലും ഇരുരാജ്യങ്ങളിലേയും ഭരണസംവിധാനം, സാമൂഹക-സാസത്തികഘടന, നിഷ്ഠകൾ എന്നിവയിലെല്ലാം വലിയ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നതായി കാണാൻ സാധിക്കും. വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഭരണം നടത്തുന്നത്. അതേസമയം ഭൂട്ടാനിൽ രാജാവും, തിരഞ്ഞെടുപ്പിലൂടെ നിലവിൽ വരുന്ന പാർലമെന്റും ചേർന്നാണ് ഭരണം നിർവഹിക്കുന്നത്. പാർലമെന്റ് പാസ്സാക്കുന്ന ബില്ലുകൾ രാജ്യതാത്പര്യം മുൻനിർത്തി തള്ളാനും കൊള്ളാനും രാജാവിന് അധികാരം ഉണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
ഇരുരാജ്യങ്ങളിലെ ജനങ്ങളിലും പൊതുവായി കണ്ട വലിയ ഒരു സവിശേഷത നിലവിലുള്ള സംവിധാനത്തിൽ അവർ തൃപ്തരാണ് എന്നുള്ളതാണ്. തങ്ങളുടെ ജീവിതത്തിലുള്ള സന്തോഷവും സംതൃപ്തിയും ടൂറിസ്റ്റുകളായ ഞങ്ങളോട് പങ്കുവയ്ക്കുവാനും അവർ ഉത്സുകരായിരുന്നു. ആളോഹരി വരുമാനത്തിൽ ഈ രണ്ട് രാജ്യങ്ങളും ഇന്ത്യയെ അപേക്ഷിച്ച് വളരെ മുന്നിലാണ് എന്നത് ശ്രദ്ധേയമാണ്.
ഈ ഒരു പ്രത്യേകത ആണ് ഇത്തവണത്തെ യാത്ര ഭൂട്ടാനിലേക്ക് ആകാം എന്ന തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്.
ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ജനത വസിക്കുന്ന ഭൂട്ടാൻ എന്തുകൊണ്ട് നിഗൂഢതകളുടെ പറുദീസ ആകുന്നു എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയില്ല. കാരണം ചരിത്രം, സംസ്കാരം, കല, സ്പോർട്സ് തുടങ്ങിയ കുറേ അധികം കാര്യങ്ങളുടെ സങ്കലനം ആണ് ഭൂട്ടാനെ ഇന്നും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഹിമവാന്റെ മടിത്തട്ടിൽ സാമ്പത്തിക വളർച്ച മാത്രം അല്ല സന്തോഷത്തിന്റെ അളവുകോൽ, മറിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് പാരമ്പര്യവും പൈതൃകവും കൈവിടാതെ പട്ടിണി ഇല്ലാത്ത പരസ്പരം സ്നേഹിച്ച് കഴിയുന്ന സമൂഹം ആണ് ഭൂട്ടാൻ.
ഏറ്റവുമധികം ജനസംഖ്യ ഉള്ള ചൈനയും ഇന്ത്യയുമായി അതിർത്തി പങ്കിട്ട് കൊണ്ട് ഏകദേശം 7,86,400(2023ലെ കണക്ക്) ജനസംഖ്യ ഉള്ള കൊച്ച് രാജ്യം. എറണാകുളം ജില്ലയിലെ ജനസംഖ്യയുടെ 23.80% മാത്രം ആളുകൾ ഉൾക്കൊള്ളുന്നതും ഹിമാലയൻ മലനിരകളിൽ നിലനിൽക്കുന്നതും അതേ സമയം ലോകത്തിലെ ഏറ്റവും കൂടുതൽ സന്തോഷം ഉള്ള ജനത എന്ന ഖ്യാതി നിലനിർത്തി വരുന്നതുമായ ഒരു രാജ്യം എന്ന വസ്തുതയാണ് ഈ ലേഖനത്തിലൂടെ തുറന്നു വയ്ക്കാൻ ശ്രമിക്കുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
തങ്ങളുടെ സാംസ്കാരിക തനിമ നിലനിർത്തിക്കൊണ്ട്, സംസ്കാരത്തെ ബാധിക്കാതെ ടൂറിസം ഉൾപ്പെടെ ഉള്ള വികസനം ഭൂട്ടാൻ നടപ്പിലാക്കി വരുന്നു. റെസ്പോൺസിബിൾ ടൂറിസം എങ്ങനെ വേണം എന്ന് ഭൂട്ടാൻ കാണിച്ച് തരുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള സംസ്കാരം, കല, സ്പോർട്സ് എന്നിവ അന്നത്തെ അതേ സാഹചര്യങ്ങൾ പുനരാവിഷ്കരിച്ച് കൊണ്ട് ഇവിടെ വരുന്നവർക്ക് രാജ്യം എങ്ങനെ ആയിരുന്നു, ഏതെല്ലാം സാഹചര്യങ്ങളിലൂടെ കടന്ന് ആണ് ഇന്നത്തെ ഭൂട്ടാനിലേക്ക് എത്തിയത് എന്ന് വിവരിക്കുന്നു. പൂർവ്വികർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, ആഹാരം പാകം ചെയ്യുന്നത് മുതൽ ക്ഷാമകാലത്തേക്ക് കാർഷിക ഉത്പന്നങ്ങൾ, വേട്ടയാടി കിട്ടിയ ഇറച്ചി തുടങ്ങിയവ സൂക്ഷിക്കുന്നത്, വീട് പണി ചെയ്യുന്നതിന് വേണ്ട മണ്ണ് ഒരുക്കൽ, ആ സമയത്ത് പാടിയിരുന്ന നാടൻ പാട്ടുകൾ, ഡാൻസുകൾ, തുടങ്ങിയ കലാപരിപാടികൾ കലാകാരന്മാർ സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
അമ്പെയ്ത്ത് ഭൂട്ടാന്റെ പ്രഖ്യാപിത ദേശീയ കായിക വിനോദം ആണ്. ഭൂട്ടാന്റെ 70%ത്തിൽ അധികവും വനപ്രദേശം ആയത് കൊണ്ട്, പണ്ട് കാലങ്ങളിൽ വേട്ടയാടാനും സ്വയരക്ഷയ്ക്കും മറ്റും അമ്പെയ്ത്ത് ഇവിടത്തുകാർ അഭ്യസിച്ചു വന്നത് കൊണ്ട് തന്നെ അമ്പെയ്ത്ത് ഇവരുടെ ദൈനംദിന ജീവിതവുമായി ഇഴചേർന്നു കിടക്കുന്നുവെന്ന് കാണാൻ സാധിക്കും.
REPRESENTATIVE IMAGE | WIKI COMMONS
സർക്കാരിന്റെ മേൽനോട്ടത്തിൽ നടത്തുന്ന പവലിയനിൽ, അവിടെ വരുന്ന വിനോദസഞ്ചാരികൾക്ക് അമ്പെയ്ത്ത് നടത്തുന്നതിന് ഒരു കോർട്ട് സജ്ജമാക്കിയിട്ടുണ്ട്. ലക്ഷ്യത്തിൽ കൊള്ളിക്കാൻ കഴിയുന്ന ടൂറിസ്റ്റുകൾക്ക് പാരമ്പര്യ രീതിയിലുള്ള വസ്ത്രധാരണം നടത്തിയ കലാകാരന്മാർക്ക് ഒപ്പം ഡാൻസ് കളിക്കാൻ അവസരം നൽകുക, അമ്പ് ലക്ഷ്യത്തിൽ കൊള്ളിക്കുമ്പോൾ അയാളെ ആദരിക്കുക എന്നതെല്ലാം അവരുടെ ആചാരത്തിന്റെ ഭാഗമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള സംവിധാനം ഉപയോഗിച്ച് ഉണ്ടാക്കുന്ന ചാരായം പോലുള്ള ഒരു ദ്രാവകം ടേസ്റ്റ് ചെയ്യാനും ഇവിടെ സംവിധാനം ഉണ്ട്. മിക്കവാറും കടകളിൽ വിദേശമദ്യം മുതൽ നാട്ടിൽ ഉത്പാദിപ്പിക്കുന്ന തനത് വിസ്കികൾ, വൈൻ, ബിയർ തുടങ്ങിയ ഉത്പന്നങ്ങൾ വരെ ലഭ്യമാണ്. വൈകീട്ട് ആയാൽ കരോക്കെ ബാറുകൾ സജീവമാകുന്നു. ഞങ്ങൾ വീക്കെൻഡിൽ ആയിരുന്നു പ്രധാന പട്ടണങ്ങൾ ആയ തിംഫുവിലും പാരോവിലും തങ്ങിയത്. ഇവിടെയെല്ലാം ആഘോഷങ്ങൾ നേരം വെളുക്കുവോളം തുടരുന്നത് കണ്ടു.
കൃഷിയും വ്യവസായവും
നമ്മുടെ നാട്ടിൽ കൃഷിപ്പണിക്ക് ആളെ കിട്ടാനില്ല, അത് കൊണ്ട് നാട്ടിലെ നെൽപാടങ്ങൾ എല്ലാം തരിശായി കിടക്കുന്നു എന്നത് അടുത്ത കാലത്ത് വലിയ ചർച്ചയാണല്ലോ. ഇതിനുള്ള മറുപടി ഭൂട്ടാൻ തരുന്നു.
അവിടെ ഒരു പ്രദേശത്തെ ആളുകൾ നെൽകൃഷിയാണ് ചെയ്യുന്നത് എങ്കിൽ, ആളുകൾക്ക് അവരവരുടേതായ പാടങ്ങളിൽ, സമയത്ത് വിത്തിറക്കി, കളകൾ പറിച്ചു വിളവെടുപ്പ് സാധ്യമാക്കാൻ തങ്ങളുടേതായ തനതുരീതികളുണ്ട്. പ്രത്യേകിച്ച് സർക്കാർ ഇടപെടൽ ഒന്നും തന്നെയില്ലാതെ സുഗമമായി അവർ കൃഷി നടത്തുന്നത് കൗതുകം ആയി.
REPRESENTATIVE IMAGE | WIKI COMMONS
ഇതിന് ഇവർ ചെയ്യുന്നത് നിലം ഉഴുതു വിത്തിടാൻ സമയം ആകുമ്പോൾ ആ പ്രദേശത്തെ ആളുകൾ കൂട്ടത്തോടെ ഓരോ പാടങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നു(ചിത്രത്തിൽ ഒരു പറ്റം മനുഷ്യർ ഒരു പാടത്ത് പണിയെടുക്കുന്നത് കാണാം). ഇവരെല്ലാം നാട്ടുകാരാണ്. ‘എന്റെ പാടത്ത് വിത്തിറക്കാൻ എന്നെ സഹായിക്കാൻ അടുത്ത കൃഷിക്കാർ വരും, ഞാൻ തിരിച്ചും അവരെ സഹായിക്കും. അതിന് കൂലി ഒന്നും ഇല്ല. ഒരു തരം ബാർട്ടർ സിസ്റ്റം. ഇത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ കൃഷി അവിടെ സുഗമമായി നടത്താൻ കഴിയുന്നു,’ അവിടുത്തെ ഗ്രാമീണർ പറയുന്നു. അവർ പറയുന്നത് അടുത്ത കാലത്തായി വിദ്യാഭ്യാസം ലഭിച്ച പുതുതലമുറ അവിടം വിട്ടുപോയി തുടങ്ങിയിരിക്കുന്നു എന്നാണ്. പട്ടണങ്ങളിൽ പോയി താമസിച്ചിരുന്ന പലരും ഇപ്പോൾ വീണ്ടും ഗ്രാമീണ ജീവിതത്തിലേക്ക് തിരികെ വന്നു തുടങ്ങിയിട്ടും ഉണ്ട്.
ഭൂട്ടാന്റെ മൊത്തം വരുമാനത്തിൽ 52%ത്തിന് മേൽ കാർഷിക വരുമാനം ആണ്. അതിൽ പ്രധാനം അരി, ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ ആണ്. ഇവയിൽ നിന്നെല്ലാം പരമാവധി വരുമാനം സാധ്യമാക്കാൻ ഭൂട്ടാന് കഴിയുന്നു എന്നതിന്റെ തെളിവാണ് അവിടെ കാണുന്ന ബ്രൂവറികൾ. ഇവിടത്തെ മാൾട്ട് വിസ്കികൾ, ബിയർ തുടങ്ങിയ ഉത്പന്നങ്ങൾ ലോക നിലവാരം പുലർത്തുന്നു. പാരോ പട്ടണത്തിലെ ഒരു ബ്രൂവറിയിൽ ചെന്നപ്പോൾ ഒരു പെൺകുട്ടി വന്ന് അവരുടെ പ്രോഡക്റ്റുകൾ പരിചയപ്പെടുത്തി തന്നു. ഇതിൽ നിന്ന് മനസ്സിലാകുന്ന രണ്ട് കാര്യങ്ങളിൽ ഒന്ന്, ഇവർക്ക് ലഭിക്കുന്ന അരി, ബാർലി, ഗോതമ്പ്, മറ്റ് പഴവർഗങ്ങൾ നേരിട്ട് ആഹാരം പാകം ചെയ്തും മറ്റും കഴിച്ചു കഴിഞ്ഞ് മിച്ചം വരുന്നത് കൂടുതൽ വാല്യൂ അഡീഷൻ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയുന്നു. അതുകൊണ്ടുതന്നെ നമ്മൾ ഇവിടെ കാണുന്ന കാർബൈഡ് ഇട്ട പഴങ്ങൾ ഒന്നും റോഡരികിൽ കാണാൻ കഴിയില്ല.
REPRESENTATIVE IMAGE | WIKI COMMONS
ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതികളിലൂടെ രാജ്യത്തിന്റെ ആവശ്യവും കഴിഞ്ഞ് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യക്ക് വിൽക്കുന്നുണ്ട്. അടുത്ത കാലത്തായി ജിപ്സം, ലൈംസ്റ്റോൺ തുടങ്ങിയവയുടെ ഖനനത്തിലൂടെയും ലോകത്തിലെ കാർബൺ നെഗറ്റീവ് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ട് വരുമാനം കൂട്ടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതൊക്കെ ആയിരിക്കുമ്പോഴും, അറിയാൻ കഴിഞ്ഞത്, വ്യാവസായികമായും കാർഷികമായും വാണിജ്യപരമായുംമെല്ലാം പുരോഗമിക്കുമ്പോൾ തന്നെ ഈ രാജ്യത്ത് ആകെ കൂടി രണ്ടോ മൂന്നോ ചാർട്ടേഡ് അക്കൗണ്ടന്റുമാർ മാത്രം ആണ് ഉള്ളത് എന്നാണ്. ഇതിന്റെ കാരണം തേടിയാൽ മനസ്സിലാകുന്നത് ഇത്തരം പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കാൻ ഉതകുന്ന വിവിധ തരത്തിലുള്ള കോച്ചിംഗ് സെന്ററുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അവർക്ക് ഇനിയും വളരെ അധികം മുന്നോട്ട് പോകാനുണ്ട് എന്നാണ്.
ഇവിടെ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്നതോടൊപ്പം ട്രാവൽ ആന്റ് ടൂറിസം ബിസിനസ് നടത്തുന്ന ശ്രീ. സിംഘേയെ യാത്രയിൽ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസകാലത്ത് ധാരാളം മലയാളി അധ്യാപകർ ഇവിടത്തെ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു, എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഇത് പോലുള്ള മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തും പതിയെ വരും എന്നാണ് അദ്ദേഹം പറഞ്ഞത്.
അത് പോലെ ഇന്ത്യാ സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയും സഹായവും കൊണ്ട് തന്നെ ആണ് ഇവരുടെ അടിസ്ഥാന സൗകര്യ വികാസവും മറ്റും സാധ്യമാകുന്നത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പോലുള്ള ഏജൻസികൾ 1961 മുതൽ ഭൂട്ടാന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് സഹായകമായി അവിടെ പ്രവർത്തിച്ചു വരുന്നുണ്ട്.
ഭൂട്ടാനിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ രാഷ്ട്രീയ പാർട്ടികൾ പൊതുയിടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിക്കരുത്. സർക്കാർ സ്ഥാപിച്ച ഇത്തരം ബോർഡുകളിലാണ് അവ പതിപ്പിക്കേണ്ടത്.
2019ലെ കണക്ക് പ്രകാരം 3,16,000 വിദേശ വിനോദ സഞ്ചാരികൾ മാത്രം ആണ് ഭൂട്ടാനിൽ വന്നത്. നിലവിൽ ഹിമാലയൻ മലയിടുക്കുകൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന കൊച്ച് വിമാനങ്ങൾക്ക് മാത്രം ഇറങ്ങാൻ സൗകര്യം ഉള്ള പാരോ വിമാനത്താവളം മാത്രം ആണ് ഭൂട്ടാനിൽ ഉള്ളത്. ഇന്ത്യൻ അതിർത്തിക്ക് അടുത്ത് പുതുതായി പണിയാൻ പോകുന്ന ജൽപൂ വിമാനത്താവളത്തിൽ ഒരു വർഷം 13,00,000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും എന്നാണ് കണക്കാക്കുന്നത്. 2029ൽ ഇത് ഓപ്പറേഷനലാകും എന്നാണ് പറയപ്പെടുന്നത്.
ആദ്യമായി ഭൂട്ടാനിലേക്ക് യാത്ര ചെയ്യുമ്പോൾ എനിക്ക് തോന്നിയത്, അവിടുത്തെ ജീവിതം നമ്മുടേത് അപേക്ഷിച്ച് slow but disciplined ആയാണ്.


