
ഒരു പുതിയ അധ്യായം? റഷ്യ-ഉത്തര കൊറിയ ബന്ധങ്ങളിലെ സമകാലിക സംഭവവികാസങ്ങള്‍
2022-ലെ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം വരെ, ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം ഒരു പരിധിവരെ ഇടുങ്ങിയ ഇടപാടുകളാലും, നയതന്ത്രപരമായി കാര്യക്ഷമമല്ലാത്ത ബന്ധങ്ങളുടെ അടിസ്ഥാനത്തിലുമാണ് നിര്‍വചിക്കപ്പെട്ടിരുന്നത്. 1948-ല്‍ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ (ഡിപിആര്‍കെ) സ്ഥാപിതമായതുമുതല്‍ പ്യോങ്യാങ്ങും മോസ്‌കോയും അടുത്തബന്ധം ആസ്വദിച്ചിട്ടുണ്ടെങ്കിലും, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തില്‍ സൈനികവും-തന്ത്രപരവുമായ സമീപനത്തിന്റെ അഭാവത ഉത്തരകൊറിയ-റഷ്യ ബന്ധത്തിന്റെ സവിശേഷതയായിരുന്നു. എന്നാല്‍, സമകാലിക സാഹചര്യത്തില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍, ഇരുഭാഗങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഗണ്യമായ നവീകരണം കാണാന്‍ സാധിക്കും. മാത്രമല്ല, നിലവിലെ അന്താരാഷ്ട്ര ഭൗമരാഷ്ട്രീയത്തിലെ അനിശ്ചിതത്തത്തെയും, കൊറിയന്‍ ഉപദ്വീപിലെ സുരക്ഷാ സാഹചര്യത്തെയും പരിഗണിക്കുമ്പോള്‍ ഉത്തരകൊറിയ-റഷ്യ ബന്ധങ്ങളിലെ വികാസം വലിയ രീതിയിലുള്ള സുരക്ഷാ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.
2022-ലെ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം, ഇരുരാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ആവശ്യങ്ങളുടെയും ഭൗതിക താല്‍പ്പര്യങ്ങളുടെയും ഒത്തുചേരലിന് അടിസ്ഥാനം നല്‍കുകയും, അത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഘടനാപരമായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉക്രെയ്ന്‍ അധിനിവേശം മോസ്‌കോയുടെ മിക്ക അന്താരാഷ്ട്ര ബന്ധങ്ങളിലും വിള്ളലുണ്ടാക്കിയെങ്കിലും, അത് പ്യോങ്യാങ്ങുമായുള്ള ബന്ധത്തിന്റെ വേഗതയിലും ആഴത്തിലും ശക്തിപ്രാപിച്ചതായി കാണാന്‍ സാധിക്കും. അതിന്റെ പ്രാരംഭമെന്ന നിലയില്‍, 2023 ജൂലൈയില്‍ റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗുവിന്റെ നേതൃത്വത്തില്‍ റഷ്യയില്‍ നിന്നുള്ള പ്രതിനിധിസംഘം പ്യോങ്യാങ് സന്ദര്‍ശിച്ചുകൊണ്ട് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ സഹകരണ ബന്ധത്തിന് വഴിയൊരുക്കുകയും, അതിന് തൊട്ടുപിന്നാലെ, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ്-ഉന്‍ 2023 സെപ്റ്റംബറില്‍ മോസ്‌കോ സന്ദര്‍ശനം നടത്തിക്കൊണ്ട്, ഇരു രാജ്യങ്ങളും നേരിടുന്ന പൊതുവായ വെല്ലുവിളികള്‍ക്കും, പങ്കിട്ട തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കും വേണ്ടി ഒരു പുതിയ അധ്യായത്തിന് തുടക്കമിടുകയും ചെയ്തു. അതേസമയംതന്നെ, 2022 ല്‍, ദക്ഷിണ കൊറിയയില്‍ യാഥാസ്ഥിതിക ഭരണകൂടം അധികാരത്തിലെത്തിയതും, തുടര്‍ന്ന് സിയോളിന്റെ വിദേശനയ സമീപനം കൂടുതല്‍ അമേരിക്കന്‍ കേന്ദ്രീകൃത ഇന്‍ഡോ-പസഫിക് ചട്ടക്കൂടിലേക്ക് പരിണമിച്ചതും, ഉത്തരകൊറിയയെ തന്ത്രപരമായി റഷ്യയുമായി കൂടുതല്‍ അടുപ്പിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. തുടര്‍ന്ന്, കിം ജോങ്-ഉന്‍ ദക്ഷിണ കൊറിയയുമായുള്ള ദശാബ്ദങ്ങള്‍നീണ്ട ഏകീകരണ ലക്ഷ്യം ഉപേക്ഷിച്ചുകൊണ്ട്, സിയോളിനെ അതിന്റെ പ്രാഥമിക ശത്രുവായി പുനര്‍നാമകരണം ചെയ്തതുള്‍പ്പെടെ, കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടുന്ന നടപടികളുടെ മധ്യത്തില്‍ നിന്നുകൊണ്ട്, പ്യോങ്യാങ്-മോസ്‌കോ ബന്ധം വേഗത്തില്‍ ആഴത്തിലാക്കുന്നത് കൊറിയന്‍ ഉപദ്വീപില്‍ ഒരു പ്രാദേശിക സംഘട്ടനത്തിന് വഴിയൊരുക്കുമോ എന്ന സാധ്യതയുണ്ടെന്നതിനാല്‍ ഉപദ്വീപിന്റെ സുരക്ഷാ അന്തരീക്ഷത്തെ മുന്‍നിര്‍ത്തിയുള്ള ഗുരുതരമായ ആശങ്കകളെയും പ്യോങ്യാങ്-മോസ്‌കോ ബന്ധം പ്രതിഫലിപ്പിക്കുന്നുണ്ട്. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം | PHOTO: WIKI COMMONS
റഷ്യ-നോര്‍ത്ത് കൊറിയ ബന്ധം: ഒരു ചരിത്ര വിശകലനം
ചരിത്രപരമായി, സോവിയറ്റ് യൂണിയനും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വളരെയധികം ഉയര്‍ച്ച താഴ്ച്ചകളോടെ പ്രക്ഷുബ്ധമായിരുന്ന സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. കൊറിയന്‍ യുദ്ധത്തിനുശേഷവും, 1960 കളിലും മോസ്‌കോ പ്യോങ്യാങ്ങിനെ പിന്തുണച്ചു. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ പങ്കിട്ട ആശയപരമായ ബന്ധങ്ങളാലാണ് ഇരു ഭാഗങ്ങളുടെയും ബന്ധം നിലനിന്നിരുന്നത്. എന്നാല്‍ വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയിലെ (നോര്‍ത്ത്) സോവിയറ്റ് ഫ്രണ്ട്ലി കേഡറുകളുടെ രാഷ്ട്രീയശുദ്ധീകരണം, സോവിയറ്റ് പ്രത്യയശാസ്ത്ര റിവിഷനിസത്തെക്കുറിച്ചുള്ള ആശങ്കകള്‍, ചൈനയുമായുള്ള കൂടുതല്‍ സന്തുലിതബന്ധങ്ങള്‍ എന്നിവ കാരണം ബന്ധം ഗണ്യമായി ഒരു തണുത്ത അവസ്ഥയിലേക്ക് ഗതിമാറുകയായിരുന്നു. മാത്രമല്ല, 1970-കളില്‍, ചൈന-സോവിയറ്റ് വിഭജനം മൂലം, കൂടുതല്‍ പിന്തുണയ്ക്കായി പ്യോങ്യാങ് മോസ്‌കോയുമായുള്ള ബന്ധം പ്രയോജനപ്പെടുത്താന്‍ നോക്കി. അതേസമയംതന്നെ, സ്വാശ്രയത്വത്തിന്റെ ഉത്തര കൊറിയന്‍ ഭരണകൂട പ്രത്യയശാസ്ത്രമായ ജുചെയിലൂടെ അതിന്റെ സ്വാതന്ത്ര്യം പ്രകടിപ്പിക്കാനും പ്യോങ്യാങ് ശ്രമിച്ചു.
എന്നാല്‍ ശീതയുദ്ധത്തിന്റെ അവസാനത്തോടെ, സ്വന്തം ആഭ്യന്തര രാഷ്ട്രീയ ചര്‍ച്ചകള്‍, സാമ്പത്തിക വെല്ലുവിളികള്‍, ദക്ഷിണ കൊറിയയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതുള്‍പ്പെടെ വിദേശനയത്തിലെ സുപ്രധാന മാറ്റങ്ങള്‍ കാരണം റഷ്യ-ഉത്തര കൊറിയയ്ക്കുള്ള സാമ്പത്തിക, സൈനിക സഹായം മന്ദഗതിയിലാക്കാന്‍ തുടങ്ങി. ഇത്തരം സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, 1961-ല്‍ നികിത ക്രൂഷ്‌ചേവും, കിം ഇല്‍-സങ്ങും ഒപ്പുവെച്ച പരസ്പര പ്രതിരോധ ഉടമ്പടി ഉള്‍പ്പെടുന്നതുമായ സൗഹൃദം, സഹകരണം, പരസ്പര സഹായം എന്നിവയുടെ ഉടമ്പടി തകരാന്‍ തുടങ്ങുകയും, 1995 ല്‍ റഷ്യ ഉടമ്പടി പൂര്‍ണമായും അവസാനിപ്പിക്കുകയും ചെയ്തു. സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം, സോഷ്യലിസ്റ്റ് രാഷ്ട്ര ശൃംഖലയുടെ പിരിച്ചുവിടല്‍ ഉത്തരകൊറിയയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നിനെ നഷ്ടപ്പെടുത്തുകയുമാണുണ്ടായത്, കൂടാതെ പ്രകൃതിദുരന്തങ്ങളുടെ പരമ്പര, ദീര്‍ഘകാലമായി പരാജയപ്പെട്ട കമ്മ്യൂണിസ്റ്റ് കാര്‍ഷിക-സാമ്പത്തിക നയങ്ങള്‍ എന്നിവയുടെ ആഘാതങ്ങള്‍ 1990-കളില്‍ ഉത്തര കൊറിയയെയും അവിടുത്തെ ജനങ്ങളെയും ദരിദ്രമാക്കി. എന്നാല്‍, 2000 ത്തിന്റെ തുടക്കത്തില്‍, റഷ്യന്‍ പ്രസിഡന്റായി വ്ളാഡിമിര്‍ പുടിന്‍ അധികാരത്തിലെത്തിയതോടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഗതി മാറ്റുകയും ഡിപിആര്‍കെയുടെ കിം ജോങ്-ഇലുമായി വീണ്ടും ഇടപഴകുകയും ചെയ്തുകൊണ്ട് പ്യോങ്യാങ്-മോസ്‌കോ ബന്ധം ഊഷ്മളമാക്കുകയാണുണ്ടായത്.വ്ളാഡിമിര്‍ പുടിന്‍ | PHOTO: FACEBOOK
വികസിക്കുന്ന ഉഭയകക്ഷി ബന്ധവും, സൈനിക സഹകരണവും
സമീപ വര്‍ഷങ്ങളില്‍, റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധത്തില്‍ ശ്രദ്ധേയമായ ഊഷ്മളത ഉണ്ടായിട്ടുണ്ട്, നയതന്ത്ര ഇടപെടലുകളിലും തന്ത്രപരമായ സഹകരണങ്ങളിലും അത് പ്രകടമാണ്. 2022 ഫെബ്രുവരിയിലെ ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ഇരുവശത്തുമുള്ള ബന്ധത്തിന്റെ പുനര്‍മൂല്യനിര്‍ണയത്തിന് പ്രഥമ കാരണമായതായി കണക്കാക്കാവുന്നതാണ്. തുടര്‍ന്ന്, 2023 സെപ്തംബറില്‍ റഷ്യയുടെ ഫാര്‍ ഈസ്റ്റിലെ ബഹിരാകാശ കേന്ദ്രത്തില്‍ വെച്ചുനടന്ന പുടിന്‍-കിം ഉച്ചകോടി ഇരു രാജ്യങ്ങളും കൂടുതല്‍ മേഖലകളില്‍ കാര്യക്ഷമമായ സഹകരണം മുന്നോട്ട്‌വെക്കുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. മാത്രമല്ല, റഷ്യയുമായുള്ള ബന്ധമാണ് ''നമ്മുടെ രാജ്യത്തിന്റെ പ്രഥമ പരിഗണന'' എന്ന് ഉച്ചകോടിയില്‍ കിം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിലൂടെ, ഉത്തര കൊറിയ-റഷ്യ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തില്‍ നിന്ന് സൈനിക സഖ്യത്തിന്റെ ദിശയിലേക്ക് മാറിയതായി നിര്‍വചിക്കാവുന്നതാണ്. കാരണം, ഉക്രെയ്ന്‍ പ്രതിസന്ധിയില്‍ മോസ്‌കോക്ക് വേണ്ട പ്രധാന ആയുധങ്ങള്‍, യുദ്ധോപകരണങ്ങള്‍, പീരങ്കി ഷെല്ലുകള്‍, എന്നിവ കയറ്റുമതി ചെയ്യുന്ന ആയുധ വിതരണക്കാരന്‍ എന്നീ നിലയില്‍ പ്യോങ്യാങ് ഉയര്‍ന്നുവരുന്നതായി കാണാം. അതിന് പകരമെന്നോണം, ഖര-ഇന്ധന മിസൈലുകള്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍, ആണവ അന്തര്‍വാഹിനികള്‍, റീ-എന്‍ട്രി വാഹനങ്ങള്‍, രാജ്യത്തിന്റെ ബഹിരാകാശ പദ്ധതി എന്നിവയുടെ സാങ്കേതികസഹായം റഷ്യന്‍ ഭാഗത്തുനിന്നും പ്യോങ്യാങ്ങിലേക്ക് കയറ്റുമതി ചെയ്യുന്നതിനും കാരണമായിട്ടുണ്ട്. പ്രത്യേകമായി, ബഹിരാകാശ പദ്ധതിയില്‍ ഉത്തരകൊറിയയെ സഹായിക്കുമെന്ന പുടിന്റെ പ്രതിജ്ഞ പ്യോങ്യാങ്ങിനെ സംബന്ധിച്ചിടത്തോളം വലിയ വിജയമായി കാണാവുന്നതാണ്, കാരണം, നൂതന സാങ്കേതിക വിദ്യകളുടെ അഭാവം മൂലം പ്യോങ്യാങ്ങ് ഈ മേഖലയില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു, ഒരു സൈനിക ചാര ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ്, കഴിഞ്ഞ നവംബറില്‍ ഉത്തരകൊറിയ മല്ലിഗ്യോങ്-1 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്, ഇതിന് പിന്നില്‍ റഷ്യയുടെ സാങ്കേതിക സഹകരണം ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഉക്രെയ്‌നിലെ ഭയാനകമായ യുദ്ധസാഹചര്യം കണക്കിലെടുക്കുമ്പോള്‍, കൂടുതല്‍ അടിയന്തരമായി കിമ്മിന്റെ സഹായം ആവശ്യമുള്ളത് പുടിനാണ്, പ്യോങ്യാങ് സാങ്കേതികസഹായവും മറ്റു സഹകരണവും ആവശ്യപ്പെടുന്നുണ്ടെങ്കിലും റഷ്യയുടെ യുദ്ധാന്തരീക്ഷ സ്ഥിതി കൂടുതല്‍ അസ്ഥിരമാണെന്ന് തോന്നുന്നു. കൂടാതെ, കൊറിയന്‍ ഉപദ്വീപിലെ ദക്ഷിണ കൊറിയ- അമേരിക്ക സൈനിക അഭ്യാസങ്ങളും, അമേരിക്ക-ദക്ഷിണകൊറിയ-ജപ്പാന്‍ ത്രിരാഷ്ട്ര സഹകരണവും വികസിക്കുന്നതിനാല്‍ അതിനെ ചെറുക്കുന്നതിന് പ്യോങ്യാങ്ങിനും മോസ്‌കോയ്ക്കും സ്ഥിരമായി സംയുക്ത സൈനികാഭ്യാസം നടത്താനും, ചൈനയുമായി ചേര്‍ന്ന് ത്രിരാഷ്ട്ര സൈനികാഭ്യാസവും, സഹകരണവും നടത്താന്‍ സാധിക്കുമെന്നുള്ള ആശങ്കയും നിലനില്‍ക്കുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള ഒരു ബാഹ്യശക്തി ഭീഷണിപ്പെടുത്തിയാല്‍ ആണവായുധങ്ങളുടെ ആദ്യ ഉപയോഗനയത്തിന് ഇരു രാജ്യങ്ങള്‍ക്കും പരസ്പരം പിന്തുണ വാഗ്ദാനം ചെയ്യാന്‍ പോലും കഴിയുമെന്നുള്ള ഗുരുതര ആശങ്കയും നിലനില്‍ക്കുന്നുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.
സൈനിക സാങ്കേതിക പിന്തുണയ്ക്ക് പുറമേ, ടൂറിസം, നിര്‍മാണം, കൃഷി തുടങ്ങിയ മേഖലകളില്‍ സംയുക്ത പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നീക്കവും ഇരു രാജ്യങ്ങളുടെ പ്രഥമ പരിഗണനയില്‍ വന്നിട്ടുണ്ട്. തല്‍ഫലമായി, 2024 ഫെബ്രുവരിയില്‍, COVID-19 പാന്‍ഡെമിക്കിനുശേഷം റഷ്യയില്‍ നിന്നുള്ള ആദ്യത്തെ ടൂറിസ്റ്റുകളെ പ്യോങ്യാങ് സ്വാഗതം ചെയ്തിരുന്നു. ഊര്‍ജ സഹകരണവും പ്യോങ്യാങ്-മോസ്‌കോ പങ്കാളിത്തത്തിന്റെ മറ്റൊരു നിര്‍ണായകവശം രൂപപ്പെടുത്തിയിട്ടുണ്ട്. ഉത്തരകൊറിയയ്ക്ക് ആവശ്യമായ ഇന്ധനത്തിന്റെ പ്രധാന വിതരണക്കാരാണ് റഷ്യ, അതുകൊണ്ടുതന്നെ ഊര്‍ജ മേഖലയില്‍ കൂടുതല്‍ സഹകരണം പര്യവേഷണം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുടിന്‍-കിം ഉച്ചകോടി | PHOTO: FACEBOOK
ഇനി ഭൗതിക നേട്ടങ്ങള്‍ക്ക് പുറമേ നിന്ന് നോക്കുമ്പോള്‍, അന്താരാഷ്ട്ര രംഗത്ത് കിമ്മിന്റെ പദവി ഉയര്‍ത്തുന്നതിലും നിലവിലെ പ്യോങ്യാങ്-മോസ്‌കോ ബന്ധം ഒരു വിജയമായി അടയാളപ്പെടുത്തുന്നുണ്ട്. പലരും വിചാരിക്കുന്നതുപോലെ പ്യോങ്യാങ് ഒറ്റപ്പെട്ടതല്ലെന്ന് ലോകത്തെ കാണിക്കാനും മോസ്‌കോയുമായുള്ള ആഴത്തിലുള്ള കൈകോര്‍ക്കല്‍ ഗുണം ചെയ്യുന്നുണ്ട്. മോസ്‌കോയുമായുള്ള ബന്ധം ദൃഢമാക്കുന്നത്, സഹായത്തിനും വ്യാപാരത്തിനുമായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള പ്യോങ്യാങ്ങിന്റെ താല്‍പ്പര്യങ്ങളെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ചൈനയുമായുള്ള സഖ്യബന്ധത്തില്‍ ഉത്തരകൊറിയ എപ്പോഴും താഴ്ന്നതും ആശ്രിതവുമായ പങ്കാളിയായി കാണപ്പെടുന്നുണ്ടെങ്കിലും, റഷ്യയുമായുള്ള നിലവിലെ സൈനികവും അതിനപ്പുറവുമുള്ള പങ്കാളിത്തം ഉത്തരകൊറിയയെ തുല്യ സഖ്യകക്ഷിയുടെ തലത്തിലേക്ക് ഉയര്‍ത്തുന്നതായി കാണാന്‍ സാധിക്കും.
റഷ്യ-ഉത്തര കൊറിയ ബന്ധത്തിന്റെ പ്രത്യാഘാതങ്ങള്‍
റഷ്യയുമായുള്ള ഉത്തരകൊറിയയുടെ തന്ത്രപരമായ പങ്കാളിത്തവും, സൈനിക സഹകരണവും വലിയ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. ഇരു രാജ്യങ്ങളും ആഗോളതലത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍, അവരുടെ സഖ്യം അതത് ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിനുള്ള ഒരു വേദി ഒരുക്കുകയാണ് ചെയ്യുന്നത്. പ്യോങ്യാങ്-മോസ്‌കോ ബന്ധത്തിന്റെ നിലവിലെ വ്യാപ്തിയെ പരിഗണിക്കുമ്പോള്‍, വിവിധ ഘടകങ്ങള്‍ തന്ത്രപരമായ സഹകരണത്തിന്റെ ഭാവി സാധ്യതകളെ നിര്‍വചിക്കപ്പെടുന്നുണ്ട്, അതില്‍ പ്രാദേശിക സുരക്ഷാ ചലനാത്മകതയും സാമ്പത്തിക സാഹചര്യങ്ങളും പ്രധാന പങ്കുവഹിക്കുന്നു. എന്നിരുന്നാലും, ആണവായുധ പദ്ധതിയുടെ പേരില്‍ ഉത്തര കൊറിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധങ്ങള്‍ സാമ്പത്തിക സഹകരണത്തിന്റെ വ്യാപ്തിയെ പരിമിതപ്പെടുത്തുന്നുമുണ്ട്. ചൈനയുമായുള്ള സഖ്യബന്ധത്തില്‍ ഉത്തരകൊറിയ | PHOTO: PTI
കൂടാതെ, റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള സഹകരണം വികസിക്കുന്നത് കൊറിയന്‍ പെനിന്‍സുലയെ ആണവവിമുക്തമാക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നുള്ള നിരീക്ഷണങ്ങള്‍ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. അതിനാല്‍, ആണവ നിരായുധീകരണ പ്രക്രിയ പുനരാരംഭിക്കുന്നതും മേഖലയില്‍ സുരക്ഷാ സമാധാന സംവിധാനം സ്ഥാപിക്കുന്നതും കൂടുതല്‍ വെല്ലുവിളിയായേക്കാം എന്നുള്ള ആശങ്കയും നിലനില്‍ക്കുന്നു. കൂടാതെ, റഷ്യയുടെയും ഉത്തര കൊറിയയുടെയും സഹകരണം ഒടുവില്‍ ഒരു ആണവ പങ്കാളിത്തത്തിന് കാരണമായേക്കാം എന്നുള്ള ഗുരുതരമായ ആശങ്കയും ആഴത്തിലുള്ള കൈകോര്‍ക്കലില്‍ നിന്ന് പ്രതിഫലിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും പ്രധാന ആണവശക്തികളാണെന്നിരിക്കെ, അത്തരമൊരു സഖ്യം രൂപീകരിക്കുന്നത് പടിഞ്ഞാറിനെ, പ്രത്യേകിച്ച് യുഎസിനെ സാരമായി പ്രകോപിപ്പിച്ചേക്കാം. അതനുസരിച്ച്, റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധം, പ്രത്യേകിച്ച് പ്രതിരോധത്തിന്റെ കാര്യത്തില്‍, അയല്‍ രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ശ്രദ്ധ ആകര്‍ഷിക്കുകയും, സുരക്ഷാ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രാദേശിക ചലനാത്മകതയുടെ കാര്യത്തില്‍, ഇരു രാജ്യങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന സഹകരണം വടക്കുകിഴക്കന്‍ ഏഷ്യയുടെ സങ്കീര്‍ണ്ണമായ ഭൗമരാഷ്ട്രീയ ക്രമീകരണത്തിന് ഒരു പുതിയ മാനം കൊണ്ടുവരുകയും, ഇത് അധികാരത്തിന്റെ സന്തുലിതാവസ്ഥയെ മാറ്റി സ്ഥാപിക്കുന്നതിനും, പ്രാദേശിക സുരക്ഷയെ തകര്‍ക്കുന്നതിനും വഴിവെച്ചേക്കാം.