
മാലിന്യത്തിന്റെ ജയഭേരി: ട്രംപിനും മാഗയ്ക്കുമൊപ്പം ഒരു രാത്രി
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഒരു പ്രചാരണ പരിപാടിയില്‍ വീക്ഷിച്ച അനുഭവത്തെ പറ്റി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ ഗുപ്ത എഴുതിയ റിപ്പോര്‍ട്ടിന്റെ സ്വതന്ത്ര പരിഭാഷ. ദി വാഷിംഗ്ടണ്‍ പോസ്റ്റ്, ദി ഡെയ്‌ലി ബീസ്റ്റ്, ദി ഇന്റര്‍സെപ്റ്റ്, ദി നേഷന്‍, ദി ഗാര്‍ഡിയന്‍, യെസ് മാഗസിന്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവയില്‍ എഴുതുന്ന അരുണ്‍ ഗുപ്ത ന്യൂയോര്‍ക്കിലെ ഫ്രഞ്ച് പാചക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ബിരുദധാരിയാണ്. നവംബര്‍ അഞ്ചിനാണ് അമേരിക്കയിലെ വോട്ടെടുപ്പ്.
കാപട്യം നിറഞ്ഞതാണ് ട്രംപിസം. വൈരുദ്ധ്യങ്ങളും അസംബന്ധങ്ങളുമാണ് അതിന്റെ ഉള്ളടക്കം. ഇടത്തും, വലത്തും നിന്ന് അത് കടമെടുക്കുന്നു. സ്‌നേഹത്തിന്റെയും വെറുപ്പിന്റെയും
സ്‌ഫോടനാത്മകമായ മിശ്രിതം അതിനെ നയിക്കുന്നു. ആര്‍ക്കും താങ്ങാവുന്നതാണ് പ്രവേശന ഫീസ്. ട്രംപിനെയും, മാഗയെയും (MAGA) ഗൂഢാലോചനകളെയും സ്വീകരിക്കണമെന്ന് മാത്രം.
ഒക്ടോബര്‍ അവസാനം മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന് (എംഎസ്ജി) പുറത്ത് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മാഗ പ്രാബല്യത്തില്‍ വന്നു. ഫാസിസത്തിന്റെ വുഡ്‌സ്റ്റോക്കിലേക്ക് പ്രവേശനം തേടുന്ന പതിനായിരക്കണക്കിന് വിശ്വാസികളോടൊപ്പം ഞാനും ചേര്‍ന്നു. അമേരിക്കയിലെ ഏറ്റവും മോശപ്പെട്ട മനുഷ്യരുടെ ഒരു നിര അവിടെ സന്നിഹിതരായിരുന്നു: ഇലോണ്‍ മസ്‌ക്, സ്റ്റീഫന്‍ മില്ലര്‍, റൂഡി ജിയൂലിയാനി, തുളസി ഗബ്ബാര്‍ഡ്, ആര്‍എഫ്‌കെ ജൂനിയര്‍, ജെ.ഡി. വാന്‍സ്, ടക്കര്‍ കാള്‍സണ്‍, എലീസ് സ്റ്റെഫാനിക് ഉള്‍പ്പെടുന്ന ട്രംപിന്റെ പരമ്പര. സി-ലിസ്റ്റ് വംശീയവാദികളും, ഭ്രാന്തന്മാരും, ഡെമാഗോഗ്-ഇന്‍-ചീഫും ഈ നിരയില്‍ ഉള്‍പ്പെടുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരനാണ് ട്രംപ്. അദ്ദേഹം ഒരു കള്‍ട്ട് ലീഡറാണ്. അദ്ദേഹം തന്റെ അനുയായികള്‍ക്ക് വില്‍ക്കുന്ന ആശയം - അമേരിക്ക ഒരിക്കല്‍ മഹത്തരമായിരുന്നു, പുറത്തുള്ള ശത്രുക്കളുമായി ഒത്തുചേര്‍ന്ന രാജ്യദ്രോഹികള്‍ അതിനെ നശിപ്പിക്കുന്നു. ട്രംപിനെ ഏകാധിപതിയാക്കുന്നതോടെ അമേരിക്കയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു. അതിര്‍ത്തി പ്രശ്‌നം (കുടിയേറ്റം) ഇല്ലാതാക്കും, പണപ്പെരുപ്പവും, വോക്കിസവും അവസാനിപ്പിക്കും, ലോകസമാധാനം കൊണ്ടുവരും, സമൃദ്ധി കൊണ്ടുവരും, ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളാകുന്നത് തടയും.
പ്രസിഡന്റ് സ്ഥാനം നേടാന്‍ ഇവ മാത്രം പോര. പക്ഷേ പണപ്പെരുപ്പം, അനന്തമായ യുദ്ധങ്ങള്‍, വലതുപക്ഷ അതിക്രമങ്ങളെ പതിറ്റാണ്ടുകളായി ഉഭയകക്ഷി നയങ്ങളാക്കി മാറ്റുക എന്നിവ വഴി ഡെമോക്രാറ്റുകള്‍ അദ്ദേഹത്തെ സഹായിക്കുന്നു. പ്രാരാബ്ധക്കാര്‍ക്കും, സാമൂഹ്യമായി അന്യവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, രാഷ്ട്രീയമായി പ്രകോപിതരായവര്‍ക്കും ലളിതവും തിളക്കമാര്‍ന്നതുമായ ഉത്തരങ്ങളും, ലക്ഷ്യങ്ങളുമായി ട്രംപ് അവിടെയുണ്ട്.
എംഎസ്ജിയില്‍ ആറ് മണിക്കൂര്‍ നീണ്ട റാലിയില്‍, പണപ്പെരുപ്പത്തെക്കുറിച്ചും, ഗ്യാസ് (പെട്രോള്‍), പലചരക്ക് എന്നിവയുള്‍പ്പെടെ സാധനങ്ങളുടെ ഉയര്‍ന്ന വിലയും പ്രാസംഗികര്‍ 40 തവണയിലധികം പരാമര്‍ശിച്ചു. യുദ്ധം, മൂന്നാം ലോകയുദ്ധം, ആണവയുദ്ധം, ഡെമോക്രാറ്റുകള്‍ യുദ്ധത്തിന്റെ പാര്‍ട്ടി, ട്രംപ് യുദ്ധ വിരുദ്ധന്‍ എന്നിവ 30 ലധികം തവണ പരാമര്‍ശിക്കപ്പെട്ടു.
'പരാതികളുടെയും സ്ത്രീവിരുദ്ധതയുടെയും വംശീയതയുടെയും കാര്‍ണിവല്‍' എന്നാണ് ഡൊണാള്‍ഡ് ട്രംപ് റാലിയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയെങ്കില്‍ എന്തുകൊണ്ടാണ് 20,000-ത്തോളം പേര്‍ ഗാര്‍ഡനില്‍ അണിനിരന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകില്ല. അതൊരു ഹേറ്റ്‌ഫെസ്റ്റ് ആണ്. വെറുപ്പിന്റെ ആഘോഷം. ലിബറല്‍ മാധ്യമങ്ങളിലുടനീളം ആവര്‍ത്തിക്കുന്ന ആ വിശേഷണം, മതഭ്രാന്തിന്റെ ഈ മണിക്കൂറുകളെ ട്രംപ് 'ലവ്‌ഫെസ്റ്റ്' എന്ന് വിളിക്കുന്നത് പോലെ ഏകപക്ഷീയമാണ്.
ഡൊണാള്‍ഡ് ട്രംപ് | PHOTO: FACEBOOK
അത് ഒരേ സമയം കാര്‍ണിവലും, വെറുപ്പിന്റെ ആഘോഷവുമാണ്. വിദ്വേഷത്തിന്റെ കുത്തൊഴുക്കുകള്‍ എവിടെയും. പ്യൂര്‍ട്ടോ റിക്കോ, 'ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത്,' ഹാരിസിനെതിരായ വംശീയ അധിക്ഷേപങ്ങള്‍, 'അവളുടെ പിമ്പുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, കുടിയേറ്റക്കാര്‍ 'ദുഷിച്ചവര്‍' 'പ്രാകൃതര്‍', രാക്ഷസര്‍ എന്ന പറച്ചിലുകള്‍, ഡെമോക്രാറ്റുകള്‍ 'അധഃപതിച്ചവരും താഴ്ന്ന ജീവിതമുള്ളവരും ജൂത വിദ്വേഷികളുമായ ഒരു കൂട്ടം' - ഇങ്ങനെ പോവുന്ന വിവരണങ്ങള്‍. ട്രംപിന്റെ ബാല്യകാല സുഹൃത്തെന്ന് അവകാശപ്പെടുന്ന ഒരാള്‍ ഹാരിസിനെ 'അന്തിക്രിസ്തു' എന്ന് വിളിക്കുകയും കുരിശ് ഉയര്‍ത്തുകയും ചെയ്തു. ട്രാന്‍സ് ആളുകളെയും കുടിയേറ്റക്കാരെയും അധിക്ഷേപിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലായിരുന്നു. എന്നാല്‍ പ്രാസംഗികര്‍ അമേരിക്കയോടും ദൈവത്തോടും ട്രംപിനോടും സദസ്സിനോടും ന്യൂയോര്‍ക്ക് നഗരത്തോടും 90 ലധികം തവണ സ്‌നേഹം പ്രകടിപ്പിച്ചു.
ട്രംപ് ഒരു വലിയ നുണയാണ് വില്‍ക്കുന്നതെന്ന കാര്യം പ്രശ്‌നമല്ല. അദ്ദേഹം അമേരിക്കയെ മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അനുയായികള്‍ വിശ്വസിക്കുന്നു. ഞാന്‍ സംസാരിച്ചവരെല്ലാം റാലിയില്‍ പങ്കെടുക്കുന്നതില്‍ ആവേശഭരിതരായിരുന്നു. തങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണെന്നും വിജയിക്കുന്ന ടീമിലാണെന്നും അവര്‍ക്ക് തോന്നി.
കഠിനാധ്വാനത്തെ വില മതിക്കുന്ന, യഥാര്‍ത്ഥ അമേരിക്കക്കാരെ ബഹുമാനിക്കുന്ന, അത് നേടിയവര്‍ക്ക് നല്ല ജീവിതം ലഭിക്കുന്ന മഹത്തായ രാജ്യമായിരുന്നു അമേരിക്കയെന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യദ്രോഹികളും ശത്രുക്കളും രാജ്യത്തെ നശിപ്പിക്കുകയാണ്. ദുഷ്ടന്മാരെ തോല്‍പ്പിക്കാനും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും അമേരിക്കയെ വീണ്ടും മഹത്തരമാക്കാനും ഒരു മനുഷ്യന് കഴിയുമെന്ന് അവര്‍ ഉറപ്പായും വിശ്വാസിക്കുന്നു. അത് സാധ്യമാക്കാന്‍ ദൈവ ചക്രവര്‍ത്തിയായ ട്രംപിനെ തിരഞ്ഞെടുക്കണം.
ലക്ഷണമൊത്ത ജനപ്രിയ സ്വേച്ഛാധിപതിയാണ് ട്രംപ്. ആളുകള്‍ അവരുടെ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്ന സര്‍വശക്തനും എല്ലാം അറിയുന്നവനുമായ നേതാവ്. അയാള്‍ ദൈവതുല്യനാണെന്ന് തോന്നുന്നുവെങ്കില്‍, അത് മനഃപൂര്‍വ്വമാണ്. തന്നെ 'ദൈവത്തിന്റെ രണ്ടാം വരവ്' ആയി കണക്കാക്കാന്‍ ട്രംപ് തന്റെ ആട്ടിന്‍കൂട്ടത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നു.
വൈരുദ്ധ്യങ്ങളെ മാഗ (MAGA) തടസ്സമില്ലാതെ ആഗിരണം ചെയ്യുന്ന പ്രക്രിയയില്‍ സ്‌നേഹത്തിന്റെയും വെറുപ്പിന്റെയും കൂടിച്ചേരല്‍ കാണാനാവും. പ്രാസംഗികര്‍ ട്രാന്‍സ് ആളുകളെ അപകീര്‍ത്തിപ്പെടുത്തിയ ശേഷം, മാഗയില്‍ എല്ലാത്തരം ലൈംഗിക ആഭിമുഖ്യങ്ങളും ഉള്ളവര്‍ ഉള്‍പ്പെടുന്നതായി മറ്റൊരാള്‍ പറഞ്ഞു.
അഫ്ഗാന്‍ സഖ്യകക്ഷികളെ താലിബാന് വിട്ടുകൊടുത്തതിന് ഒരു പ്രഭാഷകന്‍ ബൈഡനെയും ഹാരിസിനെയും വിമര്‍ശിച്ചു, തുടര്‍ന്ന് ഒരു കുടിയേറ്റ വിരുദ്ധ വീഡിയോ അഫ്ഗാന്‍ 'തീവ്രവാദികളെ' അനുവദിച്ചതിന് ഡെമോക്രാറ്റുകളെ അപലപിച്ചു. 'ജിഹാദിനെ നമ്മള്‍ ഇല്ലാതാക്കണം' എന്നൊരു ബിസിനസുകാരന്‍ അലറിവിളിച്ചു, പക്ഷേ മിഷിഗണിലെ മുസ്ലീം വോട്ടര്‍മാരുടെ പിന്തുണയെക്കുറിച്ച് വീമ്പിളക്കിയ ട്രംപ് 'അവര്‍ മഹാന്മാരാണ്', എന്ന് പറഞ്ഞു.
ലോങ് ഐലന്‍ഡില്‍ താമസിക്കുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള കുടിയേറ്റക്കാരിയായ കാത്തി, 'നിയമവിരുദ്ധരെക്കുറിച്ച്' തനിക്ക് ആശങ്കയുണ്ടെന്നും അവരെ നാടുകടത്തണമെന്നും പറഞ്ഞു. 'അവര്‍ക്ക് പണം കൊടുക്കുന്നത് നിര്‍ത്തൂ,'അവര്‍ പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ വാരിക്കോരി പണം നല്‍കുന്നുവെന്ന തികച്ചും തെറ്റായ വിവരം ഗൂഢാലോചന സിദ്ധാന്തത്തിന്റെ ബലത്തില്‍ വിശ്വാസ്യത നേടുന്നതിന്റെ തെളിവായി ഇതിനെ കാണാം. ഞാന്‍ അഭിമുഖം നടത്തിയ എല്ലാവരേയും പോലെ, കാത്തിയും തിരഞ്ഞെടുപ്പില്‍ കള്ളത്തരം നടക്കുന്നുവെന്ന് കരുതുന്ന വ്യക്തിയായിരുന്നു. 2020 ല്‍ ട്രംപ് വിജയിച്ചുവെന്ന് അവകാശപ്പെടുകയും ഉയര്‍ന്ന വിലയും പണപ്പെരുപ്പവും ട്രംപിനെ പിന്തുണയ്ക്കാനുള്ള കാരണമായി പറയുകയും ചെയ്തു. ട്രംപിനെ എന്താണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം സാധാരണക്കാരനാണെന്ന് അവര്‍ പറഞ്ഞു.
അമ്പരപ്പിക്കുന്ന മിഥ്യാബോധത്തിന്റെ നടുവിലായിരുന്നു കാത്തി. ഞായറാഴ്ച ഞാന്‍ സംസാരിച്ച ഒരു ഡസനോളം ആളുകളും സമാനമായ നിലയില്‍ കിളി പോയവരായിരുന്നു.
ബ്രൂക്ക്‌ലിനില്‍ നിന്നുള്ള ഒരു ആഫ്രിക്കന്‍-അമേരിക്കക്കാരനോട് എന്തിനാണ് അവിടെ വന്നതെന്ന് ഞാന്‍ ചോദിച്ചു. എന്തോ കുഴപ്പമുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം രണ്ടു പ്രാവശ്യം പറഞ്ഞു, 'എന്തോ കുഴപ്പമുണ്ട്.' സമ്പദ് വ്യവസ്ഥയെ പറ്റി പറയവെ 'ഞങ്ങള്‍ ബലാത്സംഗം ചെയ്യപ്പെടുകയാണ്' എന്നും അദ്ദേഹം പരാമര്‍ശിച്ചു.
ഡൊണാള്‍ഡ് ട്രംപും കമലഹാരിസ്സും | PHOTO: WIKI COMMONS
ബ്രോങ്ക്‌സില്‍ താമസിച്ചിരുന്ന ഗയാന സ്വദേശിനി കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പബ്ലിക് സ്‌കൂള്‍ അദ്ധ്യാപിക ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. വാക്‌സിന്‍ നിര്‍ബന്ധമാണ് ട്രംപിനെ പിന്തുണയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. കുടിയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന നഗരങ്ങളെക്കുറിച്ചും പലചരക്ക് സാധനങ്ങളുടെ വിലയെക്കുറിച്ചും അവള്‍ പരാതിപ്പെട്ടു. ആകാശത്തേക്ക് ആംഗ്യം കാണിച്ച അവര്‍ കാലാവസ്ഥാ വ്യതിയാനം എഞ്ചിനീയറിംഗ് ചെയ്യാന്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നതായി പറഞ്ഞു.
ക്രിസ്റ്റീനും ലോംഗ് ഐലന്‍ഡില്‍ നിന്നുള്ളയാളായിരുന്നു. 'ഞാനൊരു ഫെമിനിസ്റ്റല്ല. ഞാന്‍ സ്ത്രീകള്‍ക്ക് എതിരല്ല, പക്ഷേ കമലയ്ക്ക് പുടിനൊപ്പം ഇരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അയാള്‍ അതിനുവേണ്ടി നില്‍ക്കില്ല. ഉത്തര കൊറിയയില്‍ നിന്നുള്ള ആ വ്യക്തിയുടെ കാര്യവും അങ്ങനെ തന്നെ,' കിം ജോങ് ഉന്നിനെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞു. ജനനേന്ദ്രിയം ഛേദിക്കുന്ന കുട്ടികള്‍ക്ക് എന്റെ നികുതി ഡോളര്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നതിനാലാണ് താന്‍ ട്രംപിനെ പിന്തുണച്ചതെന്ന് ക്രിസ്റ്റിന്‍ പറഞ്ഞു. അനധികൃത കുടിയേറ്റക്കാര്‍ 'ഇവിടെ വരുന്നുണ്ടെന്നും അവര്‍ക്ക് വോട്ട് ചെയ്യാമെന്നും' അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒഹായോയിലെ കുടിയേറ്റക്കാര്‍ പലചരക്ക് വാങ്ങാന്‍ ഇബിടി കാര്‍ഡുകളില്‍ 6,000 ഡോളറുമായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോകുന്നുവെന്ന് ഇരുപതുകാരനായ ഒരാള്‍ പറഞ്ഞു. ചെറിയ കുട്ടികളുള്ള കുടിയേറ്റക്കാര്‍ ആളുകളുടെ വാതിലുകളില്‍ മുട്ടുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കുടുംബം ഭക്ഷണത്തിനായി യാചിക്കുകയാണെന്ന് കരുതി താമസക്കാര്‍ വാതിലുകള്‍ തുറക്കുമ്പോള്‍, കുടിയേറ്റക്കാരുടെ സംഘം ഓടിവന്ന് എല്ലാം മോഷ്ടിക്കുകയും കുടുംബത്തെ മര്‍ദ്ദിക്കുകയും ചെയ്യുന്നു. 'ഇത് ധാരാളം സംഭവിക്കുന്നു,' അദ്ദേഹം പറഞ്ഞു.
കടുത്ത ട്രംപ് അനുകൂലികള്‍ രക്ഷയില്ലാത്ത കൂട്ടരാണ്. മാലിന്യം എന്ന് പറയാവുന്നവര്‍. ക്രൂരമായ ഒരു അമേരിക്ക അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച വേദനകള്‍ പക്ഷെ ഒരു ഫാസിസ്റ്റ് ആരാധനയില്‍ ചേരാനുള്ള അവരുടെ തീരുമാനത്തെ ന്യായീകരിക്കുന്നില്ല.
മാഗ എന്ന ദുഷിച്ച ലോകത്തേക്ക് അവര്‍ സ്വതന്ത്രമായി പ്രവേശിച്ചു. പോസ്റ്റ്-ഫാക്ച്യുല്‍, പോസ്റ്റ്-ലോജിക്കല്‍, പോസ്റ്റ്-റിയാലിറ്റി ലോകം. അവിടെ ഗൂഡാലോചനകള്‍ സുപ്രധാന ധര്‍മ്മം നിര്‍വഹിക്കുന്നു. സര്‍ക്കാര്‍ കാലാവസ്ഥയെ നിയന്ത്രിക്കുന്നു, 2020 ലെ തിരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടു, നിയമവിരുദ്ധര്‍ക്ക് രാജകീയ തുകയും വോട്ടവകാശവും നല്‍കുന്നു, അത് പോലുള്ള എണ്ണമറ്റ നുണകളില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്തും വിശ്വസിക്കും.
ജിയൂലിയനി ട്രംപ് അമേരിക്കയെ കമ്മി-നാസികളില്‍ നിന്ന് രക്ഷിക്കുമെന്ന് പറഞ്ഞപ്പോള്‍ അല്ലെങ്കില്‍ 'നമ്മുടെ രാജ്യത്തിന് മുകളില്‍ മനോഹരമായ ഒരു താഴികക്കുടം പണിയുമെന്ന്' പറയുമ്പോള്‍ - 'ദി സിംപ്‌സണ്‍സില്‍' നിന്നുള്ള ആശയങ്ങള്‍ കോപ്പി അടിക്കുകയാണ്.
എന്നാല്‍ അതിനൊപ്പം കൂടുതല്‍ കാര്യങ്ങള്‍ നടക്കുന്നു. യുക്തിരഹിതവും, അടിസ്ഥാനരഹിതവുമായ ഗൂഢാലോചനകളിലുള്ള വിശ്വാസം പരസ്പരവിരുദ്ധമായ കാര്യങ്ങളെ സ്വീകരിക്കാന്‍ വഴിയൊരുക്കുന്നു. ട്രംപ് ജനാധിപത്യത്തെ സംരക്ഷിക്കുന്നുവെന്ന് പറയുമ്പോഴും അദ്ദേഹം ഒരു ഏകാധിപതിയാകേണ്ടതുണ്ട്, അല്ലെങ്കില്‍ അദ്ദേഹം യുദ്ധ വിരുദ്ധനാണ് - റഷ്യയുമായി സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിടാന്‍ ഇസ്രായേലിനെ പ്രോത്സാഹിപ്പിച്ച - തുടങ്ങിയ പരസ്പരവിരുദ്ധമായ ആശയങ്ങള്‍ ഒരു പോലെ ഉള്‍ക്കൊള്ളുന്ന പ്രതിഭാസം.
മാഗ ലോകം ഒരു വികാരമാണ്. ട്രംപിലൂടെ അദ്ദേഹത്തിന്റെ ആട്ടിന്‍പറ്റം ശക്തരായി സ്വയം കരുതുന്നു. പ്രസംഗങ്ങള്‍ തങ്ങളെക്കുറിച്ചും, രാജ്യത്തെക്കുറിച്ചും എല്ലാറ്റിനുമുപരിയായി ട്രംപിനെക്കുറിച്ചും അഭിമാനം നല്‍കി. തങ്ങളുടെ നല്ല കാലം പിന്നിട്ട ഹള്‍ക്ക് ഹൊഗാന്‍, ജിയൂലിയാനി എന്നിവരെപ്പോലുള്ളവര്‍, ഒരിക്കലും ഫലിതമില്ലാത്ത ഹാസ്യനടന്‍ എന്നിവര്‍ മാഗ താരങ്ങളെപ്പോലെ തോന്നിപ്പിച്ചു.
എംഎസ്ജിയില്‍ ഏറ്റവും കൂടുതല്‍ കരഘോഷം എലോണ്‍ മസ്‌ക്, യുഎഫ്‌സിസി സിഇഒ ഡാന വൈറ്റ്, വിവേക് രാമസ്വാമി എന്നിവര്‍ക്കുമായിരുന്നു. 59 ശതമാനം യുവതികളും 42 ശതമാനം യുവാക്കളും മാത്രമാണ് ഹാരിസിനെ പിന്തുണയ്ക്കുന്നത്. ജെന്‍സി വോട്ടര്‍മാര്‍ക്കിടയില്‍ അഭൂതപൂര്‍വമായ ജന്‍ഡര്‍ വിടവ് സൃഷ്ടിച്ച ട്രംപിന്റെ ഹൈപ്പര്‍മാസ്‌കുലിനിറ്റി ആരാധനയിലേക്ക് അവര്‍ യുവാക്കളെ ആകര്‍ഷിക്കുന്നു.
എലോണ്‍ മസ്‌ക് |PHOTO: FACEBOOK
പ്രാസംഗികര്‍ ട്രംപിനെ പ്രകീര്‍ത്തിച്ചു. അദ്ദേഹം അമേരിക്കയെ രക്ഷിക്കുമെന്ന് അവര്‍ പറഞ്ഞു, അദ്ദേഹത്തിന്റെ ദയയെയും ഔദാര്യത്തെയും പ്രശംസിച്ചു, അദ്ദേഹം ഒരു ഭീഷണിയല്ലെന്ന് ആവര്‍ത്തിച്ചു.ട്രംപ് തന്റെ ശത്രുക്കളോട് സ്വകാര്യമായി ദേഷ്യപ്പെടുന്നുവെന്ന വാര്‍ത്തകള്‍ നുണയാണെന്ന് ടക്കര്‍ കാള്‍സണ്‍ ആണയിട്ടു. 'അദ്ദേഹം തന്റെ സ്വകാര്യ സമയങ്ങളില്‍ താന്‍ സ്‌നേഹിക്കുന്ന ആളുകളെയും രാജ്യത്തെയും കുറിച്ചാണ് സംസാരിക്കുന്നത്. എന്നെ വിശ്വസിക്കൂ,' കാര്‍ള്‍സണ്‍ പറഞ്ഞു.
2024 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് പ്രൈമറി തിരഞ്ഞെടുപ്പില്‍ ട്രംപിനേക്കാള്‍ വലിയ തീവ്രവാദിയായി എത്തിയ രാമസ്വാമി പറഞ്ഞു, 'ഡൊണാള്‍ഡ് ട്രംപ് യഥാര്‍ത്ഥത്തില്‍ ഈ രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രസിഡന്റാണ്. വംശം അല്ലെങ്കില്‍ ലിംഗഭേദം അല്ലെങ്കില്‍ ലൈംഗിക ആഭിമുഖ്യം എന്നിവ കണക്കിലെടുക്കാതെ എല്ലാ അമേരിക്കക്കാരെയും അമേരിക്ക ഫസ്റ്റ് ഉള്‍ക്കൊള്ളുന്നു.
മാഗ റോക്ക് താരമായി മാറിയ ബെര്‍ണി ബ്രോ തുളസി ഗബ്ബാര്‍ഡ് പറഞ്ഞു, 'സ്‌നേഹമാണ് ഇന്ന് ഞങ്ങളെ ഇവിടെ ഒന്നിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തോടുള്ള സ്‌നേഹം. നമ്മുടെ രാജ്യത്തോടുള്ള സ്‌നേഹവും ദൈവത്തിന്റെ മക്കളെന്ന നിലയില്‍, സഹ അമേരിക്കക്കാരെന്ന നിലയില്‍ പരസ്പരം സ്‌നേഹവും നമ്മുടെ രാജ്യത്തെ രക്ഷിക്കാനും നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും നടപടിയെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു.
സെലിബ്രിറ്റി ടിവി ഡോക്ടറായ ഡോ. ഫില്‍ പറഞ്ഞു, 'ഞാന്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നു. നമ്മുടെ പതാക കടന്നുപോകുമ്പോള്‍ ഞാന്‍ എഴുന്നേറ്റു നില്‍ക്കുന്നു. അവര്‍ നമ്മുടെ ദേശീയഗാനം ആലപിക്കുമ്പോള്‍ ഞാന്‍ എന്റെ ഹൃദയത്തിന് മുകളില്‍ കൈ വയ്ക്കുന്നു, നിരവധി ആളുകള്‍ ഇവിടെ വന്ന് ഈ രാജ്യത്തിനായി നിലകൊള്ളുന്നത് കാണുമ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു. ഡൊണാള്‍ഡ് ട്രംപും ഈ രാജ്യത്തെ സ്‌നേഹിക്കുന്നു.
രാമസ്വാമി പറഞ്ഞു: 'നമ്മേക്കാള്‍ വലിയ ഒന്നിന്റെ ഭാഗമാകാന്‍ നമുക്ക് വിശക്കുന്നു. എന്നിട്ടും ഇന്ന് ഒരു അമേരിക്കക്കാരന്‍ എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ഉത്തരം പറയാന് പോലും നമുക്ക് കഴിയില്ല. നാം ഒരു ദേശീയ സ്വത്വ പ്രതിസന്ധിയുടെ നടുവിലാണ്. ദൈവത്തിലുള്ള വിശ്വാസം, ദേശസ്‌നേഹം, കഠിനാധ്വാനം, കുടുംബം. ഈ കാര്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. പകരം വോക്കിസം, ട്രാന്‍സ്‌ജെന്‍ഡറിസം, കാലാവസ്ഥ, കോവിഡ്-ഇസം, വിഷാദം, ഉത്കണ്ഠ, ഫെന്റാനൈല്‍, ആത്മഹത്യ. ഇവ നമ്മുടെ രാജ്യത്ത് ലക്ഷ്യത്തിന്റെയും അര്‍ത്ഥത്തിന്റെയും ആഴത്തിലുള്ള ശൂന്യതയുടെ ലക്ഷണങ്ങളാണ്. നമ്മള്‍ മുന്നോട്ട് പോയി നമ്മുടെ സ്വന്തം കാഴ്ചപ്പാട് ഉപയോഗിച്ച് ആ ശൂന്യത നികത്തേണ്ടതുണ്ട്.'
സമ്പന്നരായ, വിരമിച്ച വെള്ളക്കാര്‍ നിറഞ്ഞ ഫ്‌ലോറിഡ നിന്നുള്ള മാഗ കോണ്‍ഗ്രസ് അംഗം ബൈറണ്‍ ഡൊണാള്‍ഡ്‌സ്, അമേരിക്കന്‍ മഹത്വത്തെ ട്രാന്‍സ് ആളുകളെ അധിക്ഷേപിക്കുന്നതുമായി ബന്ധപ്പെടുത്തി. 'ഡൊണാള്‍ഡ് ട്രംപിന് കീഴില്‍ ഞങ്ങള്‍ പുരുഷന്മാരെ വനിതാ കായികരംഗത്ത് നിന്ന് പുറത്താക്കാന്‍ പോകുന്നു. ഹില്ലിലെ തിളങ്ങുന്ന നഗരമായി, ലോകത്തിന്റെ നേതാവെന്ന നിലയില്‍, ഒന്നാം നമ്പര്‍ രാഷ്ട്രമെന്ന നിലയില്‍, മഹത്തായ പരീക്ഷണമായി അമേരിക്ക വീണ്ടും സ്ഥാനം പിടിക്കും, കാരണം അദ്ദേഹം അത് ഒരിക്കല്‍ കൂടി പരിഹരിക്കാന്‍ പോകുന്നു.'
ഇമ്മാതിരി വേദികളില്‍ തിളങ്ങുന്നവനാണ് ട്രംപ്. ചുവന്ന പരവതാനി വിരിച്ച വേദിയില്‍ എത്തിയപ്പോള്‍ അദ്ദേഹം തന്റെ അനുയായികളെ പ്രശംസിച്ചു. 'ഞാന്‍ സ്‌നേഹിക്കുന്ന നഗരത്തിലും ആയിരക്കണക്കിന് കഠിനാധ്വാനികളായ അമേരിക്കന്‍ ദേശസ്‌നേഹികളിലും തിരിച്ചെത്തിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങള്‍ എന്റെ കൂടെയുണ്ട്. നാം ഒരുമിച്ചാണ്. നമ്മള്‍ എപ്പോഴും ഒരുമിച്ചായിരുന്നു.' ട്രംപ് പറഞ്ഞു. 'എല്ലാ അമേരിക്കക്കാര്‍ക്കും പ്രത്യാശയുടെ സന്ദേശവുമായാണ് ഞാന്‍ ഇവിടെയുള്ളത്.'തുടര്‍ന്ന് 'ട്രംപ് അത് പരിഹരിക്കും'എന്നെഴുതിയ ബോര്‍ഡ് ഉയര്‍ത്തിക്കാട്ടി. ആയിരങ്ങള്‍ അതേ ബോര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു.
REPRESENTATIVE IMAGE | WIKI COMMONS
ട്രംപ് ഔദാര്യങ്ങള്‍ നിറയെ വാഗ്ദാനം ചെയ്തു. ടിപ്പുകള്‍, ഓവര്‍ടൈം, സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ എന്നിവയുടെ നികുതികള്‍ അദ്ദേഹം അവസാനിപ്പിക്കും, കുടുംബത്തെ പരിചരിക്കുന്നവര്‍ക്ക് നികുതി ക്രെഡിറ്റ് നല്‍കും, ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ധന വില പകുതിയായി കുറയ്ക്കും, കാര്‍ വായ്പകളുടെ പലിശ നികുതി ഒഴിവാക്കും, 'പക്ഷേ അമേരിക്കയില്‍ നിര്‍മ്മിച്ച കാറുകള്‍ക്ക് മാത്രം.'.
ട്രംപ് കത്തി വേഷവും തകര്‍ത്താടി. തിരഞ്ഞെടുപ്പ് ദിനം 'വിമോചന ദിനം' ആയിരിക്കും. 'അധിനിവേശം ചെയ്ത, കീഴടക്കപ്പെട്ട' പട്ടണങ്ങളും നഗരങ്ങളും അമേരിക്കയുടെ ചരിത്രത്തിലെ' ഏറ്റവും വലിയ നാടുകടത്തല്‍ പരിപാടിയുടെ ഭാഗമായി 'ദുഷിച്ചതും രക്തദാഹികളുമായ കുറ്റവാളികളും' 'ക്രൂര സംഘങ്ങളും' വേട്ടയാടപ്പെടുന്നതിന് സാക്ഷ്യം വഹിക്കും. 'യുഎസ്എ, യുഎസ്എ' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ട്രംപ് 'അമേരിക്കന്‍ പൗരനെ കൊല്ലുന്ന ഏതൊരു കുടിയേറ്റക്കാരനും വധശിക്ഷ നല്‍കണം' എന്ന് ആഹ്വാനം ചെയ്തു. കുടിയേറ്റ അനുകൂല നഗരസങ്കേതങ്ങള്‍ നിരോധിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. മാരകമായ ചുഴലിക്കാറ്റ് നാശം വിതച്ച തെക്കന്‍ സംസ്ഥാനങ്ങളെ ഡെമോക്രാറ്റുകള്‍ ഉപേക്ഷിച്ചുവെന്ന നുണകള്‍ പ്രചരിപ്പിച്ചു. 'അനധികൃത കുടിയേറ്റക്കാരെ കൊണ്ടുവരുന്നതിനും മനോഹരമായ ജെറ്റ് വിമാനങ്ങളില്‍ അവരെ കൊണ്ടുപോകുന്നതിനും അവര്‍ മുഴുവന്‍ പണവും ചെലവഴിച്ചു.' '325,000 കുട്ടികളെ കാണാതാകുന്നു. അവര്‍ മരിച്ചിരിക്കുന്നു അല്ലെങ്കില്‍ ലൈംഗിക അടിമകളോ, അടിമകളോ ആണ്. അവര്‍ തുറന്ന അതിര്‍ത്തിയിലൂടെ വന്നു. അവര്‍ പോയി.'
2016 ലെ അതേ തിരക്കഥ. വര്‍ഗപരമായ ആവലാതികളെ ഒരു ദശാബ്ദത്തോളമായി ട്രംപ് വിജയകരമായി വംശീയവത്കരിക്കുന്നു. സമ്പന്നരും ശക്തരുമായ ആളുകളാല്‍ തങ്ങള്‍ ചതിക്കപ്പെടുകയാണെന്ന് തൊഴിലാളികള്‍ക്കറിയാം, പക്ഷേ അത് മനസ്സിലാക്കാനുള്ള വാക്കുകളും ആശയങ്ങളും അവരുടെ പക്കലില്ല. 'നിങ്ങളുടെ ജീവിതം കൂടുതല്‍ വഷളാക്കിയതിന് നിങ്ങളുടെ അടുത്തുള്ള കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുക' എന്ന് പറയുന്ന കോടീശ്വരനായ വാചാടോപക്കാരന് തന്നെയും തന്റെ സഹ കോടിപതികളെയും എളുപ്പത്തില്‍ രക്ഷിക്കാന്‍ ആവുന്നു. എവിടെ നിന്നും ആശയങ്ങള്‍ മോഷ്ടിക്കാനും ഇടത്തും, വലത്തും നിന്നും ഒരേസമയം ആക്രമിക്കാനുമുള്ള ട്രംപിന്റെ കഴിവ് കാണിക്കുന്ന പുതിയ ട്വിസ്റ്റുകള്‍ 2024 ല്‍ ഉണ്ട്.
9/11 ന് ശേഷമുള്ള ഉത്തരവുകളുടെ ശില്പിയെന്ന നിലയില്‍ 4.5 ദശലക്ഷം മരണങ്ങളുടെ കറ പുരണ്ട ഡിക്ക് ചെനിയുമായും, 93 ശതമാനം സമയവും ട്രംപിനൊപ്പം വോട്ട് ചെയ്ത അദ്ദേഹത്തിന്റെ സന്തതി ലിസ് ചെനിയുമായും സഖ്യമുണ്ടാക്കിയതാണ് കമല ഹാരിസിന്റെ ഏറ്റവും വലിയ തെറ്റ്.
ഡെമോക്രാറ്റുകളുടെ പുതിയ 'ഒക്ക ചങ്ങാതികളെ' തള്ളിക്കളയുന്നതില്‍ പ്രാസംഗികര്‍ സന്തുഷ്ടരാണ്. 'കമല ഹാരിസിന് വോട്ട് ചെയ്യുന്നത് ഡിക്ക് ചെനിക്കുള്ള വോട്ടാണ്. അത് കൂടുതല്‍ യുദ്ധത്തിനുള്ള വോട്ടാണ്, മൂന്നാം ലോകമഹായുദ്ധത്തിനും ആണവ യുദ്ധത്തിനും സാധ്യതയുണ്ട്. ഡൊണാള്‍ഡ് ട്രംപിനുള്ള വോട്ട് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ വോട്ടാണ്, അല്ലാതെ അവ ആരംഭിക്കാന്‍ അല്ല', തുള്‍സി ഗബ്ബാര്‍ഡ് പറഞ്ഞു.
'ലിസ് ചെനി കമല ഹാരിസിനൊപ്പം അവിടെയുണ്ട്. ഇവിടെ ബോബി കെന്നഡി ട്രംപ് റാലിയില്‍ വനിതാ കായികരംഗം സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഇതൊരു പുനഃക്രമീകരണമാണ്. അവിശ്വസനീയമാണ്.' ടക്കര്‍ കാള്‍സണ്‍ കൊഞ്ചികുഴഞ്ഞു.
REPRESENTATIVE IMAGE : FACEBOOK
ഡിക്ക് ചെനിയും ജോണ്‍ ബോള്‍ട്ടണും ഹാരിസിനെ പിന്തുണച്ചതിനെക്കുറിച്ച് ആര്‍എഫ്‌കെ ജൂനിയര്‍ പറഞ്ഞു, 'ഇറാഖില്‍ നമുക്ക് യുദ്ധം നല്‍കിയ ആളുകളാണ്, ഈ രാജ്യത്തിന് സംഭവിച്ച ഏറ്റവും മോശം വിദേശനയ ദുരന്തമാണിത്. നിരീക്ഷണ ഭരണകൂടത്തിന് തുടക്കമിട്ട ദേശസ്‌നേഹ നിയമം നമുക്ക് നല്‍കിയത് ഇവരാണ്. ഞാനും ഡൊണാള്‍ഡ് ട്രംപും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഫെഡറല്‍ ഏജന്‍സികളെ ആയുധമാക്കി ഈ രാജ്യത്തെ വോട്ടവകാശത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരാണിവര്‍.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ട്രംപ് യുദ്ധ വിരുദ്ധ, നിരീക്ഷണ വിരുദ്ധ, വോട്ടവകാശ അനുകൂല സ്ഥാനാര്‍ത്ഥിയാണ്. ഇത് മറ്റൊരു നുണയാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ വാക്കുകള്‍ ശരിയാണെന്ന് തോന്നിപ്പിക്കാന്‍ ഡെമോക്രാറ്റുകള്‍ ട്രംപിന് അവസരം നല്‍കി.
അതിലും ലജ്ജാകരമായി, ട്രംപിന്റെ പ്രസംഗത്തിനിടെ കാണിച്ച ഒരു കുടിയേറ്റ വിരുദ്ധ വീഡിയോ അവസാനിക്കുന്നത് 'അധിനിവേശം അവസാനിപ്പിക്കുക' എന്ന വാക്കുകളോടെയാണ്. അമേരിക്കയെ സ്വതന്ത്രമാക്കുക.' 'അമേരിക്ക അമേരിക്കക്കാര്‍ക്കും, അമേരിക്കക്കാര്‍ക്കും മാത്രമുള്ളതാണ്' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ സ്റ്റീഫന് മില്ലര്‍ ദുര്‍ഗന്ധം വമിപ്പിച്ചു.
2017 ല്‍ ട്രംപിന്റെ 'അമേരിക്കന്‍ കൂട്ടക്കൊല' ഉദ്ഘാടന പ്രസംഗം എഴുതാന്‍ സഹായിച്ച ദേഹമാണ് മില്ലര്‍. വൈറ്റ് ഹൗസില്‍ നിന്ന് അധികം അകലെയല്ലാത്ത ഡിസിയില്‍ അത് കേട്ട് ഞാന്‍ പറഞ്ഞു, 'അതൊരു വിവരണമല്ല. കൂട്ടക്കൊലയുടെ പദ്ധതിയാണ്.' ഒഴിവാക്കാന്‍ കഴിയുമായിരുന്ന ഒരു ദശലക്ഷം കോവിഡ് മരണങ്ങളായിരുന്നു നാലു വര്‍ഷത്തെ അതിന്റെ പരിസമാപ്തി.
എട്ടു വര്‍ഷത്തെ അനുഭവസമ്പത്തും നാല് വര്‍ഷം ആസൂത്രണം ചെയ്യാന്‍ ബാക്കിയുമുള്ളപ്പോള്‍ ട്രംപും, മില്ലറും മാഗയിലെ മറ്റുള്ളവരും അമേരിക്ക പിടിച്ചെടുക്കാന് പദ്ധതിയിടുന്നതായി നമ്മളോട് പറയുന്നു. ഭയപ്പെടുത്താനും, കീഴ് പ്പെടുത്താനും, വംശീയ ശുദ്ധികലശത്തിനും സൈന്യത്തെ ഉപയോഗിക്കാന്‍ അവര്‍ വെമ്പുന്നു. അവരുടെ ഹിംസാത്മകമായ ആഗ്രഹങ്ങളിലും, കൂട്ട നാടുകടത്തലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലും അര്‍മാദിക്കുന്നവര്‍ക്കും ആ ആശയം ഇഷ്ടമാവും.


