ലെനയുടെ വര്‍ത്തമാനങ്ങളിലെ വിനകള്‍
ആളുകളുമായി ഇടപഴകുന്നതുകൊണ്ട് മനഃശാസ്ത്രപരമായ ഉപദേശമൊക്കെ നല്കാനാകുമെന്ന് വിചാരിക്കുന്ന വ്യക്തികളുണ്ട്. മറ്റുള്ളവരുടെ ദാമ്പത്യത്തിലും, ദൈനംദിന പ്രശ്‌നങ്ങളിലും ഉപദേശങ്ങളുമായി ഇറങ്ങി, അവരുടെ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണങ്ങളാക്കി മാറ്റുന്ന കഥാപാത്രങ്ങളെ നിത്യജീവിതത്തില്‍ ധാരാളമായി കാണാം. മാനസിക പ്രശ്‌നത്തിന് എന്തിന് മരുന്നെന്നും, അത് മഹാകുഴപ്പമാണെന്നുമൊക്കെ അവര്‍ തട്ടിവിടും. അത് പറയാനുള്ള അറിവും പരിശീലനവുമുണ്ടോയെന്ന് ആരും ചോദിക്കില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയരുതെന്നും, അതറിയാവുന്ന വിദഗ്ധരോട് ചോദിക്കുകയെന്ന നിര്‍ദേശം നല്കണമെന്നുമുള്ള വിവേകം കാണിക്കാത്തവരാണിവര്‍. എന്നാല്‍ ഞാന്‍ സൈക്കോളജിയൊക്കെ പഠിച്ചയാളെന്ന് അവകാശപ്പെട്ട് പൊതുജനങ്ങളെ തെറ്റ് ധരിപ്പിക്കാന്‍ പുറപ്പെടുന്നവരുണ്ട്. ഇവരെയാണ് പേടിക്കേണ്ടത്. ആധികാരികതയുടെ മുഖംമൂടിയിട്ട് അബദ്ധങ്ങളെ ശാസ്ത്രസത്യങ്ങളാക്കി പൊതുബോധത്തിലേക്ക് വിളമ്പുന്ന ഇവര്‍ ചെയ്യുന്ന ദോഷം വലുതാണ്.
ഒരു സെലിബ്രിറ്റി സ്ഥാനംകൂടി ഉണ്ടെങ്കില്‍ അതിന്റെ വ്യാപ്തി കൂടും. മാനസികാരോഗ്യ മേഖലയിലാണ് ഇത്തരക്കാര്‍ കൂടുതല്‍. ഇതുകേട്ട് അപകടത്തിലായാലും തുറന്ന് പ്രതിഷേധിക്കാന്‍ പറ്റാത്ത മനസ്സിന്റെ രോഗികളാണ് ഇരകള്‍. ഇത്തരം വിടുവായത്ത പ്രവണതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് അഭിനേത്രിയും സെലിബ്രിറ്റിയുമായ ലെനയുടെ അഭിമുഖം.
ലഹരി വസ്തു മരുന്ന്, ശാസ്ത്രീയ ഔഷധം ഡ്രഗ്!
നല്ല അഭിനേത്രിയാണ് ലെന. അവരുടെ ക്ലിനിക്കല്‍ സൈക്കോളജി ബിരുദവും, മാനസികാരോഗ്യ ചികിത്സയെക്കുറിച്ചുള്ള അനുഭവജ്ഞാനവും ക്ലിനിക്കല്‍ അസ്സോസിയേഷന്‍ തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് തീര്‍ച്ചയായും അവര്‍ക്ക് പറയാം. പുനര്‍ജന്മത്തെ കുറിച്ചും, ജീവിതദര്‍ശനത്തെ കുറിച്ചും അവരുടെ സങ്കല്പങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ എവിഡന്‍സ് ബേസ്ഡ് ശാസ്ത്രീയ ചികിത്സകളെപ്പറ്റി ശാസ്ത്രീയ പിന്‍ബലമില്ലാതെ എന്തെങ്കിലുമൊക്കെ പറയുന്നത് ശരിയല്ല. മനസ്സിന്റെ രോഗമുള്ളവരെയും, മനോരോഗത്തിനുള്ള മരുന്നുകളെയും കുറ്റംപറയുന്ന സിനിമാ ശൈലിയില്‍ തന്നെയാണ് ലെനയും. കിഡ്‌നി പോകും, ബ്രെയിന്‍ പോകും, കരള്‍ പോകുമെന്നൊക്കെ ഒരു നിരക്ഷരയെപോലെ വിളിച്ചുകൂവുന്നുണ്ട്. എല്ലാ ഔഷധങ്ങളുടെയും പാര്‍ശ്വഫലങ്ങളും, ഗുണഫലങ്ങളും വിരല്‍ത്തുമ്പില്‍ നെറ്റില്‍ നിന്ന് ലഭിക്കുന്ന കാലമാണിത്. മനോരോഗ നിയന്ത്രണത്തിലും, രോഗശാന്തിയിലുമൊക്കെ ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന ഈ ഔഷധങ്ങളെയാണ് ലെന ലഹരി പദാര്‍ത്ഥമെന്ന സൂചന നല്‍കി ഡ്രഗ്ഗ്‌സ് എന്ന് വിശേഷിപ്പിക്കുന്നത്. എന്നിട്ട് ഉണര്‍വിനും സ്വാസ്ഥ്യത്തിനുമായി നിര്‍ദേശിക്കുന്നത് കൊടൈക്കനാലില്‍ വച്ച് ഉപയോഗിച്ച ലഹരി പദാര്‍ത്ഥം. ചെറിയ അളവില്‍ നല്ലതെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതില്‍ എന്ത് ശാസ്ത്രീയ യുക്തിയാണ് ഉള്ളത്. ഇതിന്റെ ഒക്കെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് എന്ത് പഠനം നടത്തിയിട്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്? അറിഞ്ഞോ അറിയാതെയോ ഈ ലഹരി വസ്തുവിന്റെ ബ്രാന്‍ഡ് അംബാസിഡറാവുകയാണ് ഈ നടി. അതിന്റെ പേര് ഇവിടെ ആവര്‍ത്തിക്കാത്തത് ആ പദാര്‍ത്ഥത്തിന് കൂടുതല്‍ പ്രചരണം നല്‍കാതിരിക്കാനാണ്. നടി ലെന പറഞ്ഞതെന്ന് ചൊല്ലി ചെറുപ്പക്കാര്‍ ഇതിനടിമപ്പെട്ട് വരാതിരിക്കട്ടെ. ലെന കുറെപ്പേരുടെ ചിന്തകളെ സ്വാധീനിക്കാന്‍ ഇടയുള്ള വ്യക്തിത്വമാണ്. അതുപോലും അവര്‍ ഓര്‍ക്കുന്നില്ല.
ലെന | PHOTO: WIKI COMMONS
സെലിബ്രിറ്റി അബദ്ധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍
ഒരു ശാസ്ത്രം പഠിച്ച വ്യക്തിയുടെ ശബ്ദമല്ല ഇത്. രോഗനിയന്ത്രണം വന്ന പലരും ഇതൊക്കെ കേട്ട് മരുന്ന് നിര്‍ത്തി കൂടുതല്‍ രോഗാവസ്ഥയിലേക്ക് വഴുതിവീഴുന്നത് നിത്യസംഭവമാണ്. ഒട്ടും ഉത്തരവാദിത്ത ബോധമില്ലാതെ പൊതു സമൂഹത്തിലേക്ക് ഈ സെലിബ്രിറ്റി വിക്ഷേപിക്കുന്ന ചികിത്സാ വിരുദ്ധ സന്ദേശങ്ങള്‍ മൂലം കുറെപേര്‍ വഴി തെറ്റാനിടയുണ്ട്. മനോരോഗ ചികിത്സമൂലം രോഗശാന്തി നേടി ഔഷധങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നിര്‍ത്തിയവരുണ്ട്. തുടര്‍ചികിത്സ ദീര്‍ഘകാലം വേണ്ടവരുമുണ്ട്. തുടങ്ങിയാല്‍ നിര്‍ത്താനാവില്ലെന്ന സാമാന്യവല്‍ക്കരണം എത്ര കുഴപ്പംപിടിച്ചതാണ്. ഇതൊക്കെ കുറെക്കാലം കഴിച്ചിരുന്നുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ട് കിഡ്‌നി പോകാതെ, അഭിനയിക്കാന്‍ പ്രാപ്തി നല്‍കുന്ന തലച്ചോറോടെ, ആരോഗ്യത്തോടെ മാഡം ഇപ്പോഴും നില നില്‍ക്കുന്നുണ്ടല്ലോ?
ആത്മഹത്യാ ചിന്ത ബുള്‍ ഷിറ്റ്
ആത്മഹത്യാ ചിന്ത ബുള്‍ ഷിറ്റ് എന്ന് പറയുന്നിടത്ത് ഈ സെലിബ്രിറ്റിയില്‍ എന്തെങ്കിലും സൈക്കോളജി അവശേഷിക്കുന്നുണ്ടെങ്കില്‍ അതും ഇല്ലാതാകുന്നു. നോവുന്ന മനസ്സിന്റെ സഹായത്തിനുള്ള തേങ്ങലുകളെ പരിഹാസത്തിന്റെ മേമ്പൊടി ഇട്ട് ഈ പദപ്രയോഗംകൊണ്ട് നിസ്സാരവല്‍ക്കരിക്കുകയാണ്. ഏതെങ്കിലും ഒരു വ്യക്തി ഈ സൈക്കോളജിസ്റ്റിനോട് ആത്മഹത്യാ ചിന്ത പങ്കുവച്ചാല്‍ എന്താവും പ്രതികരണം? ബുള്‍ ഷിറ്റ് എന്നാവില്ലേ? പിന്നെ എന്ത് സഹായമാണ് നല്‍കാനാവുക? മനുഷ്യാവസ്ഥയിലെ ഈ നിസ്സഹായതയെ ഇങ്ങനെ വിശേഷിപ്പിക്കുന്ന വ്യക്തി പിന്നെ തത്ത്വചിന്ത പറഞ്ഞിട്ട് എന്ത് കാര്യം.?
ഒഴിവ് വാചകം കൊണ്ട് തീരാത്ത കേട്
മനോരോഗ ചികിത്സയ്ക്ക് എതിരെ മാത്രമല്ല അഭിനേത്രിയുടെ രോഷം. കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള സ്റ്റാറ്റിന്‍ വിഭാഗത്തില്‍പ്പെട്ട ഔഷധങ്ങളും അപകടകാരികളാണ്. നിര്‍ത്തിയാല്‍ വിത്ത്ഡ്രാവല്‍ വരുമെന്ന ഭീഷണി ഉയര്‍ത്തുന്നുമുണ്ട്. മൈഗ്രേന്‍ ഈഗോ വെടിഞ്ഞാല്‍ പോകുന്ന അവസ്ഥയാണ്. വായില്‍ വരുന്നതൊക്കെ ഇങ്ങനെ വിളിച്ച് പറയുകയും, അത് കേള്‍ക്കുന്നവരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്യുന്ന രോഗത്തിന് എന്തായിരിക്കും ചികിത്സ? അതിന് പ്ലാറ്റ്‌ഫോം നല്‍കുന്നതിലുമുണ്ട് വീഴ്ച. ഉണ്ടായ ദോഷം ഒരു ഒഴിവ് വാചകം ചേര്‍ത്താല്‍ തീരില്ലല്ലോ?