TMJ
searchnav-menu
post-thumbnail

Outlook

കുട്ടികളെ സമ്മർദ്ദപ്പെടുത്തുന്ന ഭരണകൂടം

09 Dec 2023   |   3 min Read
പി എസ് ശ്രീകല 

ടുത്തകാലത്ത്, രാജസ്ഥാനിലെ കൊത്ത കോച്ചിങ് ഹബ്ബിൽ വിദ്യാർഥികൾ മാനസികസമ്മർദ്ദം കാരണം ആത്മഹത്യ ചെയ്യുന്നുവെന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജെ ഇ ഇ, നീറ്റ് (NEET) പരീക്ഷകൾക്ക് വേണ്ടിയുള്ള പരിശീലന കേന്ദ്രങ്ങളിലാണ് കുട്ടികൾക്ക് കനത്ത സമ്മർദ്ദം നേരിടേണ്ടി വരുന്നത്. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി ഒരു ഭാഗത്ത് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാവുമ്പോൾ മറുഭാഗത്ത്, പാർശ്വവൽക്കരിക്കപ്പെടുന്ന വലിയൊരു വിഭാഗം കുട്ടികളും കടുത്ത സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുകയാണ്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് പൊതുവിദ്യാഭ്യാസം സാർവത്രികവും കുറ്റമറ്റതുമാക്കാനുള്ള ഇടപെടൽ ഉണ്ടാകുന്നില്ല എന്നത് ഈ അവസ്ഥയുടെ തീവ്രത വർദ്ധിപ്പിക്കുന്നു.

ഈ വർഷം മാത്രം 24 കുട്ടികളാണ് കൊത്തയിലെ കോച്ചിങ് ഹബ്ബിൽ ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിങ്ങിനും മെഡിക്കൽ വിദ്യാഭ്യാസത്തിലേക്ക് എത്തുന്നതിനുള്ള ഉയർന്ന പ്രവേശനപരീക്ഷകൾക്കുവേണ്ടിയുമുള്ള പരിശീലനമാണ് ഇവിടെ നടക്കുന്നത്. മനുഷ്യത്വപരമായ പരിഗണനകൾ അനുഭവിക്കാൻ കഴിയാത്ത ഇവിടുത്തെ കുട്ടികൾ ഒരിക്കലും ഊർജ്ജസ്വലരായി കാണപ്പെടാറില്ല. യഥാർത്ഥത്തിൽ കൗമാരകാലം അവർക്ക് സമ്മാനിക്കേണ്ടത് സ്വപ്നങ്ങളുടെയും സന്തോഷങ്ങളുടെയും ലോകമാണ്. അത് നിഷേധിക്കുന്ന രീതി അവരെ എത്തിക്കുന്നത് ലഹരി മരുന്നിന്റെ ഉപയോഗത്തിലേക്കും ഉറക്കക്കുറവിലേക്കും വിഷാദത്തിലേക്കും ഭാവിയെക്കുറിച്ചുള്ള ആകുലതയിലേക്കുമാണ്. കുട്ടികൾ ജനിക്കുമ്പോൾ തന്നെ അവർ എഞ്ചിനീയറോ ഡോക്ടറോ ആവണമെന്നും തുടർന്ന്, അവർ മേല്പറഞ്ഞ പ്രവേശനപരീക്ഷകൾ വിജയിച്ച് ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കണമെന്നും തീരുമാനിക്കുന്ന രക്ഷിതാക്കളാണ് പ്രധാനമായും കുറ്റവാളികൾ. എന്നാൽ, രക്ഷിതാക്കളെ ഇങ്ങനെ ചിന്തിപ്പിക്കുന്നതിൽ, ലാഭാധിഷ്ഠിതവും സാമ്പത്തികാധിഷ്ഠിതവുമായ സാമൂഹ്യപദവിയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടമാണ് ഒന്നാമത്തെ കുറ്റവാളി.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് അനുസരിച്ച്, 2011 ൽ കുട്ടികളുടെ ആത്മഹത്യ രാജ്യത്ത് 7,696 ആയിരുന്നെങ്കിൽ 2021 ആയപ്പോഴേക്കും 13,089 ആയി വർദ്ധിച്ചിരിക്കുന്നു. ഇതിൽ എട്ട് ശതമാനം ആത്മഹത്യയ്ക്ക് കാരണം പരീക്ഷകളിലെ പരാജയമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 23 ഐ ഐ റ്റികളിലായി 2023 ൽ മാത്രം ഏഴ് ആത്മഹത്യകളാണ് നടന്നിരിക്കുന്നത്. ഇതിൽ ഐ ഐ ടി മദ്രാസിൽ മാത്രം നാലു സംഭവങ്ങൾ ഉണ്ടായി. ഓരോ സംഭവത്തെയും തുടർന്ന് നടക്കുന്ന അന്വേഷണങ്ങളും പരിഹാര നിർദ്ദേശങ്ങളും മിക്കപ്പോഴും ചെന്നെത്തുന്നത് കരിയർ കൗൺസലിംഗ് സെന്ററുകളും സൈക്കോളജിക്കൽ അസ്സെസ്സ്മെന്റ് സേവനങ്ങളും വിനോദത്തിനുള്ള സംവിധാനങ്ങളും ആത്മീയതാ ക്ലാസുകളും യോഗാ പരിശീലനവും ആരംഭിക്കണം എന്നതിലാണ്. എന്നാൽ, അവയൊന്നും തന്നെ കുട്ടികളുടെ സമ്മർദ്ദത്തിന് പരിഹാരമല്ല എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. 2021 ൽ രാജസ്ഥാനിൽ 633 ഉം മഹാരാഷ്ട്രയിൽ 1,834 ഉം തമിഴ്നാട്ടിൽ 1,246 ഉം കർണ്ണാടകയിൽ 855 ഉം കുട്ടികൾ ആത്മഹത്യ ചെയ്തുവെന്നത് നിലവിലുള്ള പരിഹാര സംവിധാനങ്ങളുടെ പോരായ്മയെ സൂചിപ്പിക്കുന്നു.



ഇന്ത്യയെ സംബന്ധിച്ച്, സുസ്ഥിരമായ സാമ്പത്തിക ഭദ്രതയുള്ള ജീവിതത്തിനു ആധാരമായി വിദ്യാഭ്യാസത്തെയാണ് കാണുന്നത്. കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നല്കാൻ താഴ്ന്ന മധ്യവർഗ്ഗ കുടുംബങ്ങളിലെയും ദരിദ്രകുടുംബങ്ങളിലെയും സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ലെന്ന യാഥാർഥ്യം നിലനിൽക്കുകയും ചെയ്യുന്നു. സമ്പന്നരാക്കുന്ന തൊഴിലിനെ സംബന്ധിച്ച് വ്യാപകമായിരിക്കുന്ന ധാരണ ചില പ്രത്യേക കോഴ്സുകളെ വരേണ്യവൽക്കരിച്ചിട്ടുണ്ട്. ഇത്തരം കോഴ്സുകളിലേക്ക് കുട്ടികളെ എത്തിക്കുക എന്നതാണ് കുഞ്ഞുജനിച്ചാലുടൻ തങ്ങളുടെ ജീവിതലക്ഷ്യമായി നിരവധി മാതാപിതാക്കൾ കാണുന്നത്. തുടർന്ന്, അതിനുവേണ്ടിയുള്ള എല്ലാ സമ്മർദ്ദവും കുഞ്ഞിനുമേൽ ഏല്പിക്കപ്പെടുന്നു. സ്വാഭാവികമായ താൽപര്യങ്ങളിൽ നിന്ന് നിർമ്മിത താല്പര്യങ്ങളിലേക്ക് കുട്ടികൾ വളർത്തപ്പെടുന്നു (വളരുകയല്ല). ഈ വളർത്തലിന്റെ ഒരു ഘട്ടത്തിലാണ് പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് വേണ്ടിയുള്ള പരിശീലനങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്നത്. അവിടെ, ജീവൻ/ജീവിതം  അവസാനിക്കുന്ന നില രൂപപ്പെടുന്നു. ബാഹ്യ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന ആന്തരിക സംഘർഷങ്ങൾ താങ്ങാവുന്നതിനുമപ്പുറം ആകുമ്പോഴാണ് നമുക്കവരെ നഷ്ടപ്പെടുന്നത്. രക്ഷിതാക്കളും അവരെ  തൃപ്തിപ്പെടുത്തി, കച്ചവടം വ്യാപിപ്പിച്ച്, കൂടുതൽ ലാഭത്തിലേക്ക് വളരാൻ അത്യാഗ്രഹപ്പെടുന്ന പരിശീലനകേന്ദ്രങ്ങളുമാണ് ബാഹ്യസമ്മർദ്ദത്തിന്റെ സ്രഷ്ടാക്കൾ.  ഇവരുടെ അത്യാർത്തിയെ പ്രോത്സാഹിപ്പിക്കുന്ന കമ്പോള തന്ത്രങ്ങളാണ് ഘാതകർ.

1990 കളിലെ സാമ്പത്തിക ഉദാരവൽക്കരണം വിദ്യാഭ്യാസത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതത്തിനു കാരണമായി. വിദ്യാഭ്യാസത്തിൽ നിന്ന് സർക്കാർ ക്രമേണ പിന്മാറുകയും വൻതോതിലുള്ള സ്വകാര്യവൽക്കരണവും   കച്ചവടവൽക്കരണവും ഉന്നതവിദ്യാഭ്യാസത്തിൽ പിടിമുറുക്കുകയും ചെയ്തു. ഇത്, അടിസ്ഥാനവർഗ്ഗത്തിന്  അപ്രാപ്യമായ ഒന്നായി ഉന്നതവിദ്യാഭ്യാസത്തെ മാറ്റി എന്നുമാത്രമല്ല, ഉയർന്ന ഫീസ് നൽകാനായി  മാത്രം വിദ്യാഭ്യാസം പരിമിതപ്പെടുകയും ചെയ്തു. വിദ്യാഭ്യാസമെന്നത് കമ്പോളത്തിന്റെ ദയാവായ്പിനെ അടിസ്ഥാനമാക്കിയുള്ള ഒന്നായി അധഃപതിച്ചു. (Education at the mercy of the market - മധു പ്രസാദ്, ഫ്രണ്ട് ലൈൻ, ആഗസ്റ്റ് 9, 2020). കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ കമ്പോളം നിർണ്ണയിക്കുന്ന വിലനിലവാരത്തിന്  അനുസരിച്ച് വിനിമയം ചെയ്യപ്പെടുന്ന ചരക്കായി വിദ്യാഭ്യാസം മാറി.



സർക്കാരിന്റെ പിന്മാറ്റം മാത്രമല്ല, പൊതുവിദ്യാഭ്യാസത്തോടുള്ള സമീപനവും വിദ്യാർത്ഥികളെ സമ്മർദ്ദപ്പെടുത്തുന്ന ഘടകമാണ്. ഉത്തർപ്രദേശിലെ സ്കൂളുകൾ കൊവിഡ് കാലത്ത് സ്വീകരിച്ച സമീപനം കുട്ടികളുടെ ഭാവിയെത്തന്നെ പൂർണ്ണമായും അടച്ചുകളയുന്നതായിരുന്നു. ലോക്ക്ഡൗൺ കാലത്ത് വർഷാവസാന പരീക്ഷ നടത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്ക്,  അവരുടെ അക്കൊല്ലത്തെ മറ്റ് പരീക്ഷകളിലെയും ഒൻപതാം ക്ലാസിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം നല്കാൻ സ്കൂളുകൾക്ക് നിർദേശമുണ്ടായിരുന്നു. ഉത്തർപ്രദേശിലെ സ്കൂളുകളിൽ നിന്ന് മാർക്കുകൾ രേഖപ്പെടുത്താതെ, 'ജയിച്ചിരിക്കുന്നു' എന്ന് മാത്രം രേഖപ്പെടുത്തിയ മാർക്ക് ലിസ്റ്റുകളാണ് കുട്ടികൾക്ക് നൽകിയത്. 30,000 കുട്ടികൾക്കാണ് ഇത്തരത്തിലുള്ള മാർക്ക്ലിസ്റ്റ് കൈപ്പറ്റേണ്ടിവന്നത്. പ്ലസ് ടു കഴിഞ്ഞു കോളേജിലേക്കുള്ള പ്രവേശനത്തിന് ശ്രമിക്കുമ്പോൾ, മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റുകൾ സ്വീകരിക്കപ്പെടാതെ, ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അവസ്ഥയിലെത്തി നിൽക്കുകയാണ് കുട്ടികൾ. ചിലർ കോടതിയെ സമീപിച്ചിരിക്കുന്നു. അതേസമയം, പല കുട്ടികളും തുടർവിദ്യാഭ്യാസം ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. അക്കൂട്ടത്തിലെ പല ആൺകുട്ടികളും കുടുംബം പുലർത്തുന്നതിനായി കൂലിപ്പണി ചെയ്യാൻ തുടങ്ങിയിരിക്കുന്നു. പെൺകുട്ടികളാവട്ടെ, വീടുകളിൽ നിന്ന് വിവാഹത്തിനുള്ള സമ്മർദ്ദം നേരിട്ടുകൊണ്ടിരിക്കുന്നു. 17 വയസ്  പ്രായമുള്ള കുട്ടികളാണിവർ എന്നോർക്കണം. ഒരു സർക്കാർ സംവിധാനത്തിന്റെ അനാസ്ഥ കുട്ടികളുടെ  ഭാവിയെ തല്ലിത്തകർത്തിരിക്കുന്നു.

ഇതിനൊക്കെ അപ്പുറമാണ്, സാമ്പത്തിക സ്ഥിതി, ജാതി, മതം, തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനം. ഇവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളും ദുരനുഭവങ്ങളും ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഐ ഐ ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.! ഇത്തരം പ്രശ്നങ്ങളെ വഷളാക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന യാഥാർത്ഥ്യം ഭയപ്പെടുത്തുന്നതാണ്.  നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2021 ലെ റിപ്പോർട്ട് അനുസരിച്ച്, ആകെയുള്ള 1,64,033 ആത്മഹത്യകളിൽ 10,732 എണ്ണം പതിനേഴു വയസിൽ  താഴെ പ്രായമുള്ള കുട്ടികളായിരുന്നു.! ക്രൈം റെക്കോർഡ്‌സ് ബ്യൂറോ തന്നെ വെളിപ്പെടുത്തുന്ന മറ്റൊരു യാഥാർത്ഥ്യം, ഇന്ത്യയിൽ 35 കുട്ടികൾ പ്രതിദിനം ആത്മഹത്യ ചെയ്യുന്നു (2021) എന്നതാണല്ലോ.

"ഈ എണ്ണം കേവലം സ്ഥിതിവിവരക്കണക്കല്ല. പലപ്പോഴും നൂറ്റാണ്ടുകളായി തുടരുന്ന പോരാട്ടത്തിന്റെ കഥകൾ കൂടിയാണിവ. കഴിഞ്ഞ 75 വർഷങ്ങൾക്കുള്ളിൽ പ്രഗത്ഭമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിച്ചത്, എന്നാൽ, യഥാർത്ഥത്തിൽ വേണ്ടത്, സഹാനുഭൂതിയോടെ സ്ഥാപനങ്ങൾ സൃഷ്ടിക്കുകയാണ്." എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി  വൈ  ചന്ദ്രചൂഡിന്റെ നിരീക്ഷണം രക്ഷിതാക്കളും ഭരണാധികാരികളും ഗൗരവത്തോടെ കാണേണ്ടതുണ്ട്.


#outlook
Leave a comment