
ഭയാനകമായ ഒരു ചോയ്‌സ് നമ്മെ കാത്തിരിക്കുന്നു
നേരത്തെയുള്ള വോട്ടെടുപ്പ് നടക്കുകയാണ്. എന്റെ വോട്ടിംഗ് സൈറ്റ് ഞാൻ താമസിക്കുന്ന സ്ഥലത്തിന് ഒരു മൈൽ വടക്കുള്ള വില്ലി വൈറ്റ് പാർക്ക് ഫീൽഡ് ഹൗസാണ് - ഓരോ രണ്ട് വർഷത്തിലും വോട്ടുചെയ്യാൻ മാത്രമാണ് ഞാൻ അവിടെ പോകുന്നതെങ്കിലും എനിക്ക് വളരെയധികം സ്നേഹമുള്ള ഒരു സ്ഥലമാണത്.
വോട്ടു ചെയ്യൽ പവിത്രമായ ആചാരം പോലെ തോന്നുന്നു - 60കളുടെ അവസാനം മുതലുള്ള ഒരു വികാരം. അടുത്തകാലത്ത് ഞാൻ എഴുതിയതുപോലെ: "വോട്ടുചെയ്യാനുള്ള പ്രായമായ എന്റെ കന്നി തിരഞ്ഞെടുപ്പ് (വോട്ടിംഗ് പ്രായം അന്ന് 21 ആയിരുന്നു) നിക്സൺ വേഴ്സസ് ഹംഫ്രി ആയിരുന്നു. ഞാൻ കടുത്ത വിയറ്റ്നാം യുദ്ധ വിരുദ്ധനായിരുന്നു. സ്ഥാനാർത്ഥികൾ തമ്മിൽ യഥാർത്ഥത്തിൽ വ്യത്യാസമില്ലെന്ന് കരുതി ഞാൻ വോട്ടു ചെയ്യാൻ പോയില്ല. പക്ഷേ, നിക്സൺ പ്രസിഡൻസി ആധിപത്യം സ്ഥാപിച്ചപ്പോൾ ആ തീരുമാനത്തിൽ ഞാൻ ഖേദിച്ചു. ഇനിയൊരിക്കലും ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കില്ലെന്ന് ഞാൻ പ്രതിജ്ഞയെടുത്തു." അത് ഇതുവരെ തെറ്റിച്ചിട്ടില്ല. ഇങ്ങനെ പറയാനുള്ള കാരണം മറ്റൊന്നല്ല. എന്നെ സംബന്ധിച്ചിടത്തോളം- ഒരുപക്ഷേ നമ്മിൽ മിക്കവർക്കും - വോട്ട് ചെയ്യുന്നത് കേവലം രാഷ്ട്രീയത്തേക്കാൾ വളരെ വ്യക്തിപരമായ കാര്യമാണ്: ഏതു പദവിക്കും ഉചിതമായ വ്യക്തികളെ-ആണായാലും പെണ്ണായാലും -തിരഞ്ഞെടുക്കുക.
അത് പ്രധാനമാണെങ്കിലും (ഒരുപക്ഷേ), ഈ പ്രക്രിയയിലെ പങ്കാളിത്തം ആഴത്തിലുള്ള മനഃശാസ്ത്രപരവും ആത്മീയവുമായ തലത്തിൽ പ്രതിധ്വനിക്കുന്ന ഒന്നുമാണ്. വിശാലമായ ഒരു ക്യാൻവാസിൽ സ്വയം ആരാണെന്നു കണ്ടെത്തുന്ന പ്രക്രിയ. രാജ്യവുമായി അത് എന്നെ ബന്ധിപ്പിക്കുന്നു. അതിലൂടെ രാജ്യത്തെ സൃഷ്ടിക്കുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിരോധാഭാസത്തെ അഭിമുഖീകരിക്കാനുള്ള ഒരു മാർഗമായാണ് ഞാൻ ഇതെല്ലാം പരാമർശിക്കുന്നത്. അതൊരു സമ്പൂർണ്ണ അമൂർത്തത പോലെ തോന്നുന്നു: ഒരു വീഡിയോ ഗെയിമിന്റെ അർത്ഥവ്യാപ്തി മാത്രമുള്ളത്. ശരിയാണ്, ഗെയിമിൽ ഒരു വില്ലൻ ഉണ്ട്: ഡൊണാൾഡ് ട്രംപ്. തന്നെ പിന്തുണക്കുന്നവരുടെ ഭയാനകമായ മുൻവിധികളെയും, ഭയങ്ങളെയും അഭിസംബോധന ചെയ്യുന്നതിനായി "രാഷ്ട്രീയ ശരികളുടെ" എല്ലാ നിയമങ്ങളും ലംഘിക്കുകയും അസ്വസ്ഥയുളവാക്കുന്ന തന്റെ ഫാസിസ്റ്റ് അജണ്ടയെക്കുറിച്ച് അവർക്ക് വേണ്ടുവോളം സൂചനകൾ അയാൾ നൽകുകയും ചെയ്യുന്നു: എനിക്ക് ഇപ്പോൾ വോട്ട് ചെയ്യുക, "നാല് വർഷത്തിനുള്ളിൽ ഞങ്ങൾ അത് ശരിയാക്കും". പിന്നീട് നിങ്ങൾക്ക് ഒരിക്കലും വോട്ട് ചെയ്യേണ്ടി വരില്ല. ഹാ!ഡൊണാൾഡ് ട്രംപ് | PHOTO: FACEBOOK
ഡെമോക്രാറ്റിക് രക്ഷകയായ കമല ഹാരിസാണ് നമ്മുടെ മറ്റൊരു ചോയ്സ്. അവർ കുറച്ചുകൂടി ബുദ്ധിമതിയും, ആരോഗ്യവതിയും താരതമ്യേന ചെറുപ്പവുമാണ്. ബൈഡൻ ഭരണകൂടത്തിൽ നിന്ന് ഉയർന്നുവരുന്ന നിലവിലെ വൈസ് പ്രസിഡന്റാണ്. അവർ ഒരു "ലിബറൽ" അല്ലേ? അവർ ട്രംപിന്റെ എതിരാണോ? തീർച്ചയായും, ട്രംപിനെക്കാൾ കൂടുതൽ വ്യക്തതയുണ്ട്. കൂടാതെ ഒരു പരിധി വരെ സാമ്പത്തിക ലിബറലിസത്തെ പിന്തുണയ്ക്കുന്നു. പക്ഷേ, മറ്റൊരു കാര്യം കൂടിയുണ്ട്: പൊതുവെ കരുതുന്നത് പോലെ സ്ഥാനാർത്ഥികൾ യഥാർത്ഥത്തിൽ എതിരാളികളല്ല. സൈനികവൽക്കരണം, ആണവായുധങ്ങളുടെ വികസനം ഉൾപ്പടെയുള്ള നമ്മുടെ ട്രില്യൺ ഡോളർ വാർഷിക സൈനിക ചെലവിന്റെ കാര്യത്തിൽ ഇരുവരും ഒരേ തൂവൽ പക്ഷികളാണ്. ഈ വസ്തുത ഒരു പുതിയ പ്രതിഭാസമല്ല. '72 ൽ ജോർജ്ജ് മക്ഗൊവർണിന് ശേഷം ഡെമോക്രാറ്റുകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു യുദ്ധവിരുദ്ധ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പരാജയത്തോടെ ഡെമോക്രാറ്റിക് പാർട്ടി നിശബ്ദ പ്രതിജ്ഞയെടുത്തു: ഇനിയൊരിക്കലും സൈനികവാദത്തിന് എതിരായി ഞങ്ങൾ നിൽക്കില്ല. അന്നുമുതൽ, സൈനികവാദം രാഷ്ട്രീയമായി എതിരില്ലാത്തതായി. പാർട്ടിയുടെ അടിത്തറയോട് പറയാനുള്ള സൂത്രവാക്യം അതോടെ ഉയർന്നുവന്നു. Vote LOTE. അതായത് Lesser of Two Evilsന് വോട്ടു ചെയ്യുകയാണ് നിങ്ങളുടെ ദൗത്യം. അളവിൽ കുറഞ്ഞ തിന്മക്കായി വോട്ട് ചെയ്യുക. നമ്മൾ ആഗോള സൂപ്പർ പവറാണ്. അത് ഒരിക്കലും മാറില്ല. റിപ്പബ്ലിക്കൻമാർ ചെയ്യുന്നതുപോലെ ഞങ്ങളും യുദ്ധങ്ങൾ നടത്തുകയും നിരപരാധികളായ രാജ്യങ്ങളിൽ (ആവശ്യമെങ്കിൽ) നരകം സൃഷ്ടിക്കുകയും ചെയ്യും. പക്ഷേ ഞങ്ങൾ വംശീയവാദികളല്ല. ഞങ്ങൾ മെഡികെയറിൽ വിശ്വസിക്കുന്നു.
നിരവധി പതിറ്റാണ്ടുകളായി നമ്മുടെ ദേശീയ തിരഞ്ഞെടുപ്പുകളുടെ സ്വഭാവം ഇതാണ്. പക്ഷേ ഞാൻ ഇപ്പോഴും ഈ പ്രക്രിയയിൽ വിശ്വാസം നിലനിർത്തുകയും അതാതു സമയത്തെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയിൽ പ്രതീക്ഷയുടെ തിളക്കം കാണുകയും ചെയ്യുന്നു. ഇടയ്ക്കിടെ ഞാൻ ഗ്രീൻ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു - ഇല്ലിനോയിയിൽ താമസിക്കുന്നതിനാൽ അങ്ങനെ ചെയ്യുന്നതിനുള്ള ന്യായീകരണം ഉണ്ട്. നാദിറിനുള്ള എന്റെ വോട്ട് സംസ്ഥാനം ബുഷിന് പിടിക്കാനുള്ള അവസരമാകില്ലല്ലോ!
എന്നിരുന്നാലും, ഇക്കളി അസഹനീയമായി മാറിക്കൊണ്ടിരിക്കുന്നു. നാം ഇപ്പോഴും 'ജനാധിപത്യം' എന്നു വിളിക്കുന്നതിനെ നിർവചിക്കുന്ന സ്വഭാവ സവിശേഷതയായി അളവിൽ കുറഞ്ഞ തിന്മ (ലെസ്സർ ഈവിളിസം) രൂപാന്തരപ്പെട്ടു. മൂന്നാം കക്ഷിക്ക് വോട്ടുചെയ്യുന്നത് - സ്ഥാനാർത്ഥി യഥാർത്ഥത്തിൽ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിച്ചാലും - അടിസ്ഥാനപരമായി ഒരു പാപമായി. അത് എതിരാളിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമായി. അതായത് വലിയ തിന്മയ്ക്ക് കുട പിടിക്കുന്നതിന് തുല്യം.കമല ഹാരിസ് | PHOTO: FACEBOOK
എന്താണിത്! ജനാധിപത്യം യഥാർത്ഥ തിരഞ്ഞെടുപ്പിനെക്കുറിച്ചല്ല!. പിന്നെ എന്താണത്?
ഏറ്റവും ചരുക്കിപ്പറഞ്ഞാൽ അത് അഭേദ്യമായ സൈനികശക്തി നിലനിർത്തുന്നതിനെക്കുറിച്ചാണ് - ഒപ്പം കുറച്ച് പ്രതീക്ഷയും (ഉദാഹരണത്തിന്, ബരാക് ഒബാമയുടെ "പ്രതീക്ഷയും മാറ്റവും", അത് തീർച്ചയായും നല്ലതാണെന്ന് തോന്നിപ്പിച്ചു). എന്നാൽ 2024ൽ നമ്മൾ എത്തിനിൽക്കുന്നത് ഇവിടെയാണ് - ഗാസയിലെ ഇസ്രായേൽ വംശഹത്യക്കുള്ള ബൈഡൻ ഭരണത്തിന്റെ പിന്തുണ, അനന്തമായ ബോംബ് വിതരണം, ആയിരക്കണക്കിന് കുട്ടികളുടെ മരണങ്ങളോടുള്ള നിസ്സംഗത, യുദ്ധം മിഡിൽ ഈസ്റ്റിൽ കൂടുതൽ ആഴത്തിൽ വ്യാപിക്കുമ്പോഴും പ്രകടിപ്പിക്കുന്ന നിസ്സംഗത - സൈനികവാദത്തിനോടുള്ള ഒടുങ്ങാത്ത അഡിക്ഷൻ.
കുറഞ്ഞ തിന്മയുടെ രാഷ്ട്രീയത്തെ അതിന്റെ പരിസമാപ്തിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. വോട്ടർമാരുടെ മനസ്സാക്ഷി (എന്റേത് ഉൾപ്പെടെ) പൊട്ടിത്തെറിക്കുകയാണ്. നേരത്തെയുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഞാൻ വോട്ട് ചെയ്യും. ആർക്കാവും എന്റെ വോട്ട്? ഇസ്രായേലിനുള്ള പിന്തുണ നിർത്തണമെന്ന് വ്യക്തമായി പറയുന്ന ജിൽ സ്റ്റെയ്നിന് ഞാൻ വോട്ട് ചെയ്യുമോ - തീർച്ചയായും വിജയിക്കാൻ ഒരു സാധ്യതയുമില്ല (അതിനാൽ ഇസ്രായേലിനുള്ള ഞങ്ങളുടെ പിന്തുണ നിർത്തില്ല) അതോ ഞാൻ കമല ഹാരിസിന് വോട്ട് ചെയ്യുമോ?
അല്ലെങ്കിൽ, ഇങ്ങനെ ചെയ്താലോ? ഹിന്ദ് റിജാബ് എന്ന പേര് എഴുതുക. കഴിഞ്ഞ ജനുവരിയിൽ ഇസ്രായേലി ടാങ്കിന്റെ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയായ പലസ്തീൻ പെൺകുട്ടി. റിജാബും കുടുംബവും സഞ്ചരിച്ച കാറിന് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ ആ കുഞ്ഞും ആറ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ന്യൂയോർക്ക് നഗരത്തിലെ യുദ്ധവിരുദ്ധ ഗ്രൂപ്പുകൾ ഡെമോക്രാറ്റിക് ജില്ലകളിൽ സുരക്ഷിതമായി താമസിക്കുന്ന പുരോഗമന വോട്ടർമാരെ ഇത് ചെയ്യാൻ പ്രേരിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ ഒരുപക്ഷേ കമല ഹാരിസിന് വോട്ട് ചെയ്യും. വോട്ടിംഗ് എന്നത് ഒരു യഥാർത്ഥ ജനാധിപത്യത്തിൽ എങ്ങനെ പങ്കെടുക്കാം- രാഷ്ട്രത്തെ സൃഷ്ടിക്കുന്നത് തുടരാം എന്നതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് എന്ന് വിശ്വസിക്കുന്നതിനാൽ മാത്രം: കോമൺ ഡ്രീംസിൽ എഴുതുന്ന റായ് അബീലിയയും ആൻഡ്രൂ ബോയ്ഡും ഇങ്ങനെ പറയുന്നു:
"അടിത്തട്ടിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ തലമുറകളായി പറഞ്ഞതുപോലെ: പുരോഗമനപരമായ മാറ്റത്തിനായുള്ള വലിയ പ്രസ്ഥാനങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് തിരഞ്ഞെടുപ്പ്, അതിനാൽ 'നിങ്ങൾ എതിർക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക!REPRESENTATIVE IMAGE | WIKI COMMONS
"അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള ക്രെഡിറ്റ് എബ്രഹാം ലിങ്കൺ മാത്രമായി അർഹിക്കുന്നില്ല. 1930കളിലെ വൻ തൊഴിലാളി പ്രസ്ഥാനത്തിന്റെ ക്രെഡിറ്റ് മുൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡെലാനോ റൂസ്വെൽറ്റിനും, പൗരാവകാശ പ്രസ്ഥാനത്തിന്റെ നേട്ടങ്ങൾക്ക് ലിൻഡൻ ബി ജോൺസണും മാത്രമായി നല്കാനാവില്ല. സാമൂഹിക പ്രസ്ഥാനങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവുമുള്ള പ്രവർത്തനങ്ങളുമാണ് ഈ വലിയ ചരിത്ര വിജയങ്ങൾ സാധ്യമാക്കിയത് - ദശലക്ഷക്കണക്കിന് മനുഷ്യർ ദിവസേന നടത്തുന്ന യോജിച്ച പ്രവർത്തനങ്ങളുടെ ഫലം."
നിങ്ങളുടെ വോട്ട് ആർക്കായാലും ഒന്നും സംഭവിക്കില്ല. ആത്മാവിൽ നിന്നും ഉതിരുന്ന ചോരയുമായി പലസ്തീൻ. ചോരയൊലിപ്പിക്കുന്ന ആത്മാവുമായി പ്രപഞ്ചം. കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാക്കുന്ന ആഗോള സൈനികവാദം. നാം അഭൂതപൂർവമായ ഒരു കാലത്താണ് ജീവിക്കുന്നത്. നിലവിലെ നിമിഷത്തിനപ്പുറത്തേക്ക് നാം ചിന്തിക്കേണ്ടിയിരിക്കുന്നു; നമ്മുടെ മാരകവും, രേഖീയവുമായ ജയാപജയങ്ങളുടെ മനോഭാവത്തിനപ്പുറം.
(ഷിക്കാഗോ ജേർണലിസം അസോസിയേഷൻ നൽകുന്ന അവാർഡ് നേടിയ പത്രപ്രവർത്തകനും എഡിറ്ററുമാണ് റോബർട്ട് കോഹ്ലർ.)