TMJ
searchnav-menu
post-thumbnail

Outlook

പരിധികൾ പരിധിയല്ലാതാവുന്ന കാലം

15 Nov 2024   |   6 min Read
ആന്ദ്രേയ് മാം

അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിൽ നവംബർ 11 മുതൽ 24 വരെ മറ്റൊരു കാലാവസ്ഥ ഉച്ചകോടി നടക്കുകയാണ്. കാലാവസ്ഥ വ്യതിയാനം വരുത്തുന്ന ദുരന്തങ്ങളെ മനസ്സിലാക്കുവാനും, വേണ്ട മുന്നറിയിപ്പുകൾ നൽകാനും രൂപപ്പെടുത്തിയ 'മോഡലുകളുടെ' അപര്യാപ്തതയെ പറ്റി ആന്ദ്രേയ് മാമും, വിൻ കാർട്ടണും ട്രിപ്പിൾ കനോപ്പി എന്ന ഓൺലൈൻ ജേർണലിൽ എഴുതിയ ലേഖനം ഉച്ചകോടികളിൽ അന്തഃസ്ഥിതമായ ദൗർബല്യങ്ങളെ വെളിപ്പെടുത്തുന്നു. ലേഖനനത്തിന്റെ സ്വതന്ത്ര പരിഭാഷ.

സഹസ്രാബ്ദത്തിന്റെ ആദ്യ ദശകത്തിന്റെ അവസാനത്തിൽ, ക്യോട്ടോ പ്രോട്ടോക്കോൾ പ്രാബല്യത്തിൽ വരികയും, അമേരിക്ക അതിൽ നിന്നും പിൻവാങ്ങിയതിനു ശേഷം, ഉടമ്പടിയിൽ ഒപ്പുവച്ച കക്ഷികൾ  ആഗോള താപനത്തിനുള്ള ഒരു പരിധി അല്ലെങ്കിൽ താപനില നിയന്ത്രിക്കാവുന്ന ഒരു "സുരക്ഷിത" വർദ്ധനവിനെ അംഗീകരിക്കാൻ പാടുപെട്ടു. വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള നിലവാരത്തിൽ നിന്നുമുള്ള കണക്കെടുക്കുമ്പോൾ രണ്ട് ഡിഗ്രി സെൽഷ്യൽസ് എന്ന അക്കം വർഷങ്ങളായി, ശാസ്ത്രജ്ഞരും നയരൂപീകരണ നിർമ്മാതാക്കളും ഉയർത്തിപ്പിടിച്ച ഒരു അളവുകോലായിരുന്നു. ഒപ്പിട്ടവരോട് രണ്ട് ഡിഗ്രിയിൽ പ്രതിജ്ഞാബദ്ധരാകാൻ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടപ്പോൾ, വിമർശകർ ചാടി വീണു. അത് തികച്ചും ഏകപക്ഷീയവും, സ്വേച്ഛാധിപത്യപരവുമാണെന്ന് അവർ പറഞ്ഞു. ശരിയാണ്, അന്നത്തെ ശാസ്ത്രീയ ധാരണകൾ തുലോം പരിമിതമായിരുന്നു. ചുരുക്കം ചിലത് മാത്രമാണ് രണ്ട് ഡിഗ്രിയുടെ കടമ്പ താണ്ടിയതായത്. എന്നാൽ സുപ്രധാന ചോദ്യം ഇതായിരുന്നു: അവിടെയെത്താൻ എന്താണ് വേണ്ടത്? ഇതിനുള്ള ഉത്തരം അടിയന്തിരമായപ്പോൾ യൂറോപ്യൻ യൂണിയൻ ശാസ്ത്രജ്ഞരിലേക്ക് തിരിയുകയും അവരോട്  പിൽക്കാല മുതലാളിത്തത്തിന്റെ (ലേറ്റ് ക്യാപിറ്റലിസം) ഏറ്റവും പുതിയതും പ്രിയപ്പെട്ടതുമായ  'ക്രിസ്റ്റൽ ബോൾ' കമ്പ്യൂട്ടർ  ഓൺ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

അങ്ങനെ രണ്ട് ഡിഗ്രിയുടെ വഴിത്താര കണ്ടെത്തുന്നതിനായി ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന ടൂളിനെ തിരിച്ചറിഞ്ഞു. "ഇന്റഗ്രേറ്റഡ് അസസ്‌മെന്റ് മോഡൽ" അല്ലെങ്കിൽ IAM. 1990കളിൽ പ്രായപൂർത്തിയായ IAM, പുതിയ നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശകങ്ങളിൽ പൂക്കുകയും വികസിക്കുകയും ചെയ്തു. നവീന സോഫ്‌റ്റ്‌വെയർ, ഇൻറർനെറ്റിന്റെ ശക്തി, അനന്തമായ ഡാറ്റാബേസുകളുടെ ലഭ്യത, കമ്പ്യൂട്ടേഷണൽ ശേഷിയിൽ കൈവരിച്ച അസാധാരണ വളർച്ച എന്നിവയായിരിന്നു അതിനു പിന്നിൽ. നെതർലാൻഡ്‌സ് എൻവയോൺമെന്റൽ അസസ്‌മെന്റ് ഏജൻസി, ഓസ്ട്രിയയുടെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അപ്ലൈഡ് സിസ്റ്റംസ് അനാലിസിസ്, ബെർലിനിലെ പോട്‌സ്‌ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ച്, വാഷിംഗ്ടണിലെ പസഫിക് നോർത്ത്‌വെസ്റ്റ് നാഷണൽ ലബോറട്ടറി എന്നിവയുൾപ്പടെയുള്ള ചില യൂറോപ്യൻ, അമേരിക്കൻ ഹബ്ബുകളിലെ കമ്പ്യൂട്ടർ ലാബുകളിലായിരുന്നു ഏറ്റവും ശ്രദ്ധേയമായ IAM മോഡലുകൾ. അതായിരുന്നു  "IAM കമ്മ്യൂണിറ്റി".

കാർബൺ ഡൈ ഓക്സൈഡ്,  മീഥൈൻ, മറ്റ് ഹരിതഗൃഹ വാതകങ്ങൾ എന്നിവയുടെ വർദ്ധനവ് മൂലം താപനില ഉയരുന്നതും, സമുദ്രങ്ങളുടെ അസിഡിറ്റി കൂടുന്നതും അല്ലെങ്കിൽ ഹിമാനികൾ ഉരുകുന്നതിന്റെ തോത് എങ്ങനെ വർദ്ധിക്കുന്നു എന്നെല്ലാമുള്ള, പ്രകൃതിയുടെ മണ്ഡലത്തിൽ മാത്രം നടക്കുന്ന പ്രതിഭാസങ്ങൾ, സിമുലേറ്റ് ചെയ്യാൻ ശാസ്ത്രജ്ഞരെ പ്രാപ്യമാക്കുന്ന ക്ലൈമറ്റ് മോഡലുകളൂം, "IAM"-ഉം തമ്മിൽ മാറിപ്പോകരുത്.  കാലാവസ്ഥാ മോഡലുകൾ കൈകാര്യം ചെയ്യുന്നത് ഭൗതികശാസ്ത്ര നിയമങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ മെക്കാനിസങ്ങളാണ്. മനുഷ്യ പ്രവർത്തനമല്ല. പ്രകൃതിയും സമൂഹവും തമ്മിലുള്ള വിഭജനത്തിൽ വ്യാപിച്ചു കിടക്കുന്ന ഉദ്ഗ്രഥന (ഇന്റഗ്രേറ്റഡ്) മാതൃകകളാണ് IAM-കൾ: ഭൂമിയെ പ്രതിനിധീകരിക്കുന്ന സമവാക്യങ്ങളുടെ ഒരു പരമ്പരയും, സമ്പദ്‌വ്യവസ്ഥയ്ക്കായി നിലകൊള്ളുന്ന മറ്റൊരു സമവാക്യങ്ങളും. ഈ രണ്ട് ഡൊമെയ്‌നുകളും ഒരു ഡിജിറ്റൽ ദൃശ്യവൽക്കരണത്തിൽ ഏകീകരിക്കുന്നു. ഇവിടെയാണ് പ്രശ്നം.

REPRESENTATIVE IMAGE | WIKI COMMONS
തികച്ചും മനുഷ്യ നിർമിതമായ ഒരു സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സമവാക്യങ്ങളെ, ഹിമാനികളുടെ അതേ മാതൃകയുമായി എങ്ങനെ പൊരുത്തപ്പെടുത്താനാകും. ഇവിടെ ഐഎഎമ്മുകൾ, സ്വീകരിക്കുന്ന തന്ത്രം പ്രധാനമാണ്. നിയോക്ലാസിക്കൽ സാമ്പത്തിക സിദ്ധാന്തത്തിന്റെ   വ്യക്തികൾ യുക്തിഭദ്രരരായ ഏജന്റുമാർ എന്ന അനുമാനങ്ങളെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അലിഖിത നിയമമുണ്ടാക്കുന്ന തന്ത്രം. അത്തരമൊരു സമീപനത്തിൽ സ്വാഭാവികമായും അവർ ഏറ്റവും ചെലവു കുറഞ്ഞ ഓപ്ഷനുകൾ തിരഞ്ഞെടുക്കുകയും ക്ഷേമത്തിനുള്ള തുക പരമാവതിയാക്കുകയും ചെയ്യുന്നു.

അവർ ശേഖരിക്കുന്ന കുറ്റമറ്റ 'വിവരങ്ങൾ' പോലെ  അവരുടെ ദീർഘവീക്ഷണവും ശ്രദ്ധേയമാണ് അവർ ഒന്നിലും തപ്പിത്തടയുന്നില്ല. തെറ്റുകളും വരുത്തുന്നില്ല. താഴ്ന്ന ആസ്തികളിൽ ഒരിക്കലും നിക്ഷേപിക്കുന്നുമില്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ പാനലിന്റെ (IPCC) വാക്കുകളിൽ, "മാതൃകകൾ, "സാധാരണഗതിയിൽ പൂർണ്ണമായി പ്രവർത്തിക്കുന്ന വിപണികളും മത്സരാധിഷ്ഠിത വിപണി സ്വഭാവവും അനുമാനിക്കുന്നു, അതായത് മാർക്കറ്റ് അല്ലാത്ത ഇടപാടുകൾ, വിവര അസുന്തലിതകൾ, വിപണിയുടെ ശക്തിയെ സ്വാധീനിക്കുന്ന തീരുമാനങ്ങൾ എന്നിവ പോലുള്ള ഘടകങ്ങളൊന്നും ഫലപ്രദമായി പ്രതിനിധീകരിക്കപ്പെടുന്നില്ല", 'മനുഷ്യ മാലിന്യങ്ങളെ' നിഷ്‌കാസനം ചെയ്ത സമ്പദ്‌വ്യവസ്ഥയെന്നു ചുരുക്കം.

ഇത് വികലമായ സമീപനമാണെന്ന് ഇപ്പോൾ എളുപ്പത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയും. കാരണം ഗ്ലോബൽ നോർത്തിലെ സാധാരണ ഉപഭോക്താക്കൾ പോലും വിലയുടെ കാര്യത്തിൽ ലഭ്യമായ സൂചനകളോട് ഐസിക്കിൾ ചൂടിനോട് പ്രതികരിക്കുന്ന രീതിയിൽ പ്രതികരിക്കുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ, അവരുടെ റോഡുകളിൽ ചെറുതും വിലകുറഞ്ഞതുമായ കാറുകൾ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ; എസ്‌യുവികൾ ഉണ്ടാകുമായിരുന്നില്ല. എന്നാൽ അത്തരം യാഥാർത്ഥ്യങ്ങൾക്കുള്ള പരിഗണനകൾക്ക് ഐഎഎമ്മുകളിൽ ഇടമില്ല; സമ്പദ്‌വ്യവസ്ഥയിൽ ഒരു "പ്രതിനിധി" വസിക്കുന്നു എന്ന വാദത്തിൽ ഉറച്ചു നിൽക്കുന്ന അത്തരം മാതൃകകളിൽ അത് സാധ്യവുമല്ല.  ഈ പ്രതിനിധി 'മാംസമോ' 'രക്തമോ' ഉള്ള ഒന്നല്ല. പ്രയോജനത്തെ പരമാവധിയാക്കുന്ന ഈ പ്രതിനിധിയെ വിവേചനാധികാരം ഏതെങ്കിലും പ്രത്യേക വിധേയത്വങ്ങൾ, താൽപ്പര്യങ്ങൾ, ബാഹ്യസ്വാധീനങ്ങൾ അല്ലെങ്കിൽ മറ്റ് വ്യതിരിക്തതകൾ എന്നിവയൊന്നും ബാധിക്കുന്നില്ല.  ശുദ്ധവും ഏകീകൃതവുമായ യുക്തി അവനെ ഭരിക്കുന്നു. വർഗപരമായ ഭിന്നതകളൊന്നും അവനെ നെടുകെ പിളർക്കുന്നില്ല. വംശം, ലിംഗം, അല്ലെങ്കിൽ കാമ്പ്, ചുറ്റളവ് എന്നിവയുടെ ബന്ധങ്ങളൊന്നും അതിനെ പിരിമുറുക്കങ്ങളോ വിള്ളലുകളോ കൊണ്ട് അടയാളപ്പെടുത്തുന്നില്ല. അങ്ങനെയുള്ള ഗണങ്ങളെല്ലാം മായ്‌ക്കുമ്പോൾ, IAM-കൾക്ക് ചോദ്യം പ്രോസസ്സ് ചെയ്യാൻ കഴിയും: കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ നയം എന്താണ്? ഏറ്റവും കുറഞ്ഞ ചിലവാവും പ്രധാന മാനദണ്ഡം. കാലാവസ്ഥ വ്യതിയാനത്തെ ശമിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ തിരഞ്ഞെടുപ്പുകളെ നിർണ്ണയിക്കുക അവയുടെ വിലയുടെ മാനദണ്ഡത്തിലായിരിക്കും. എല്ലാ തിരഞ്ഞെടുപ്പുകളും അങ്ങനെയാണ്.

ബൂർഷ്വാ കാലാവസ്ഥാ സാമ്പത്തിക ശാസ്ത്രത്തിന്റെ മഹാപുരുഷനും ഈ വിഷയത്തിൽ നൊബേൽ  സമ്മാനം നേടിയ ഏക സാമ്പത്തിക ശാസ്ത്രജ്ഞനുമായ വില്യം നോർധൗസ്, 1991ലെ ഒരു പ്രബന്ധത്തിൽ ചെറിയ തോതിൽ  ഈ ചോദ്യം കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ പേരും ശ്രദ്ധേയമാണ്.  "To Slow or Not to Slow: The Economics of the Greenhouse Effect.” വിലയിടുമ്പോൾ കണക്കിൽ പെടാത്ത "വിവിധ ചരക്കുകളും സേവനങ്ങളും വലയിൽ നിന്ന് രക്ഷപ്പെടുന്നു" എന്ന് അദ്ദേഹവും സമ്മതിക്കുന്നു. “മനുഷ്യന്റെ ആരോഗ്യം, ജൈവ വൈവിധ്യം, ദൈനംദിന ജീവിതത്തിന്റെയും ഒഴിവു സമയത്തിന്റെയും സുഖമൂല്യങ്ങൾ, പാരിസ്ഥിതിക ഗുണനിലവാരം എന്നിവയാണ് പ്രാധാന്യമുള്ള മേഖലകളെന്നു",  അദ്ദേഹം എഴുതി. പക്ഷെ ഈ മേഖലകളുമായി ബന്ധപ്പെട്ട "വലിയ ചെലവുകൾ ചൂണ്ടിക്കാണിക്കുന്ന പഠനങ്ങളൊന്നും" അദ്ദേഹത്തിന് അറിയാത്തതിനാൽ, അവ സമവാക്യങ്ങളിൽ നിന്ന് ഒഴിവാക്കി.

വില്യം നോർധൗസ് | PHOTO: WIKI COMMONS
മറ്റൊരു വിധത്തിൽ പറഞ്ഞാൽ: ചില കാര്യങ്ങൾ മാത്രമേ കണക്കാക്കാൻ കഴിയൂ, അതിനാൽ അവ മാത്രം കണക്കിലെടുക്കുക. പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള സമ്പദ്‌വ്യവസ്ഥയുടെ ചെലവ് അളക്കാൻ കഴിയുമെന്ന് നോർധൗസ് അവകാശപ്പെട്ടു. "ഗ്രീൻഹൗസ് കേടുപാടുകൾ" എന്നതിന്റെ  അർത്ഥം കാലാവസ്ഥാ വ്യതിയാനത്തിന്റെ വിലയുമായി ബന്ധപ്പെട്ട സമവാക്യത്തിൽ കുറഞ്ഞ ഉല്പാദനക്ഷമത, കടലെടുത്ത ഭൂമി, വളക്കൂറില്ലാത്ത മണ്ണ് എന്നിവയെല്ലാം ചേർന്ന കണക്കുകളെ കൂട്ടിക്കിഴിക്കുമ്പോൾ കാലാവസ്ഥ മാറ്റം വരുത്തുന്ന ഏറ്റവും ഭീകരമായ വിപത്തിനെ നേരിടാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ കണക്കിലെത്തും.

ആദ്യകാല മാതൃകകളിൽ ഒന്നായ ഈ പ്രബന്ധത്തിൽ ആഗോളതാപനത്തെ ഒരു പരിധിക്കപ്പുറം ചെറുക്കാൻ ശ്രമിക്കുന്നത് വിവേകശൂന്യമാണെന്ന് നോർധൗസ് പറഞ്ഞു.  കാരണം "കുറഞ്ഞ ചെലവിൽ ഹരിതഗൃഹ വാതകങ്ങളുടെ മിതമായ കുറവ് മാത്രമാവും ലഭിക്കുക."

സമ്പദ്‌വ്യവസ്ഥയും കാലാവസ്ഥയും തമ്മിലുള്ള ആഗോള കെട്ടുപാടുകളെ വിവരിക്കുന്ന ആദ്യത്തെ "ക്വണ്ടിറ്റേറ്റീവ് മോഡൽ" വികസിപ്പിച്ചതിന് 2018ൽ നോർധൗസിന് നൊബേൽ ലഭിച്ചു. ഡൈനാമിക് ഇന്റഗ്രേറ്റഡ് ക്ലൈമറ്റ്-എക്കണോമി മോഡൽ, എന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ 1992ൽ അരങ്ങേറ്റം കുറിക്കുകയും DICE (ഡൈസ്) എന്ന് മനോഹരമായ ചുരുക്കപ്പേർ അതിന് അദ്ദേഹം നൽകുകയും ചെയ്തു. കാർബൺ ബഹിർഗമനം വെട്ടിക്കുറയ്ക്കുന്നതിന് കൂടുതൽ കൃത്യമായ അളവുകൾ സൃഷ്ടിക്കാൻ അദ്ദേഹം DICE ഉപയോഗിച്ചു: 2007ലെ ഒരു പ്രബന്ധത്തിൽ 'സർക്കാർ കാര്യം മുറ' പോലെ (ബിസിനസ് ആസ് യൂഷൽ) മാതൃകയിൽ കാര്യങ്ങൾ മുന്നോട്ടു പോവുകയാണെങ്കിൽ 2050ഓടെ ബഹിർഗമനത്തിൽ പരമാവധി 25 ശതമാനം കുറവ് വരും എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. DICE അതിന്റേതായ ലോകത്തായിരുന്നു അത് പഴയതും, നിപുണതയിൽ താഴെ തട്ടിലുള്ളതും, യഥാർത്ഥത്തിൽ വ്യത്യസ്തമായ ഉദ്ദേശ്യങ്ങൾക്കുമായി രൂപകൽപ്പന ചെയ്തതുമായിരുന്നു. എന്നാൽ തുടർന്നുള്ള IAM-കൾ അതേ വിശകലന അടിത്തറയിലാണ് നിർമ്മിതികൾ നടത്തിയത്. സാവധാനം ചൂടാകുന്ന, ലോകത്ത് യുക്തിസഹമായ തിരഞ്ഞെടുപ്പുകൾ സാധ്യതയുള്ള ഭാവി അവർ വിഭാവനം ചെയ്തു. കാർബണിന് ഒരു വിലയുള്ളതായി IAM-കൾ അനുമാനിക്കുന്നു. അത് ഉയരുമ്പോൾ, അതിന്റെ സൂചന വിപണികളിലുടനീളം കൈമാറ്റം ചെയ്യപ്പെടുകയും, ഏജന്റുമാർ അതനുസരിച്ചു ബഹിർഗമനം ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതാണ് ആ മാതൃക മുന്നോട്ടു വയ്ക്കുന്ന യുക്തി. പക്ഷേ, അതിൽ ഒരു പ്രശ്നം ബാക്കി നിൽക്കുന്നു. സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് വരുത്തുന്ന ഭാരം  ജിഡിപിയെ ബാധിക്കുന്നു. കാരണം, വളർച്ച അഭിലഷണീയവും അനിവാര്യവുമാണ്. എന്നാൽ, കാർബൺ വില ഉയരുന്നത് സാമ്പത്തിക ബാധ്യതയ്ക്കും തൽഫലമായുള്ള ക്ലേശങ്ങൾക്കും ഇടയാക്കുന്നു. കാലാവസ്ഥ മാറ്റം ശമിപ്പിക്കാനുള്ള ശ്രമത്തിന്റെ അക്ഷാംശവും, രേഖാംശവും രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ചെലവെന്ന നിയോക്ലാസ്സിക്കൽ യുക്തിക്ക് ഇതുമായി പൊരുത്തപ്പെടുക ബുദ്ധിമുട്ടാണ്.

പൊതുസന്തുലിതാവസ്ഥയിലുള്ള വിപണിയിൽ ചെറുതും, നാമമാത്രവുമായ മാറ്റങ്ങൾ വിഭാവന ചെയ്യുന്ന ഏജന്റുമാർക്ക് ഏറ്റവും ബാധ്യത കുറഞ്ഞതുമായ ബഹിർഗമന അളവ് തിരഞ്ഞെടുക്കുന്നതിനുള്ളതാണ് IAM- നിർമ്മിതികൾ. ചെലവ് കുറയ്ക്കുകയെന്ന മേന്മയിൽ മാത്രം ഊന്നുന്ന ഒരു നയം പാരിസ്ഥിതികമായോ, ധാർമ്മികമായോ, സൗന്ദര്യാത്മകമായോ, മറ്റേതെങ്കിലുമോ കാര്യങ്ങളിൽ ശ്രേഷ്ഠത  പുലർത്തുന്നതുകൊണ്ട് മാത്രം അൽഗോരിതങ്ങൾക്കു മുകളിലൂടെ പുറത്തുവരില്ല. കാലാവസ്ഥ വ്യതിയാനം ശമിപ്പിക്കാനുള്ള ചെലവ് കാലക്രമേണ കുറയുമെന്ന് അത് അനുമാനിക്കുന്നു: വളർച്ച ഭാവി തലമുറകളെ ഇപ്പോഴുള്ളതിനേക്കാൾ സമ്പന്നരാക്കുന്നതിനാൽ, വിലവർധന അവർക്ക് താങ്ങാനാവും. കാരണം, അവരുടെ പേഴ്‌സുകൾ നമ്മുടേതിനേക്കാൾ കനമേറിയതാണ്. അതിനാൽ അവർക്ക് ഭാരം താങ്ങാൻ എളുപ്പമാണ്. അതിനാൽ ഇപ്പോഴുള്ള ചെലവുകളെ ഭാവിയിൽ വരുന്നതിനേക്കാൾ ഉയർന്നതായി കണക്കാക്കണം. അവരുടെ കോഡിൽ ഉൾച്ചേർത്ത ഈ "കിഴിവ്" സമ്പ്രദായം കൊണ്ട്,  പുറന്തള്ളൽ വെട്ടിക്കുറയ്ക്കുന്നത് മാറ്റിവയ്ക്കാൻ ചായ്‌വുള്ളവരായിത്തീർന്നു IAM-കൾ : സാങ്കേതികവിദ്യകൾ വീണ്ടും വീണ്ടും മെച്ചപ്പെടുന്നതിനാൽ ചെലവുകൾ കുറയുകയും, പുറന്തള്ളൽ മാറ്റിവെക്കൽ വീണ്ടും നീട്ടുകയും ചെയ്യാം.

REPRESENTATIVE IMAGE | WIKI COMMONS
നോർധൗസിന്റെ വീക്ഷണം ദ്രുതഗതിയിലുള്ളതും, ആഴമേറിയതുമായ, ബഹിർഗമനം കുറയ്ക്കുന്ന നടപടികൾ ഒഴിവാക്കി. കാലാവസ്ഥാ ശാസ്‌ത്രജ്ഞൻ കെവിൻ ആൻഡേഴ്‌സണിന്റെ ഭാഷയിൽ പറഞ്ഞാൽ, "സംവിധാനത്തിന്റെ വിപ്ലവകരമായ പുനരുദ്ധാരണം", നടന്നില്ല. ബഹുജന പ്രകടനം ഒരു കിടപ്പു മുറിയിൽ നടത്തുന്നത് പോലെയായി ഫലത്തിൽ ഈ മോഡലുകൾ. ഐഎഎം ഫലങ്ങൾ വിശകലനം ചെയ്യുന്ന ചില പഠനങ്ങൾ ഈ വിഷയത്തിൽ സത്യസന്ധമായിരുന്നു. യൂറോപ്പിലെ ആദ്യത്തേതും ഏറ്റവും സ്വാധീനമുള്ളതുമായ ഐഎഎമ്മുമായി ചേർന്ന് പ്രവർത്തിക്കുന്ന നെതർലാൻഡ്‌സ് എൻവയോൺമെന്റൽ അസസ്‌മെന്റ് ഏജൻസിയിലെ ഗവേഷകരാണ് ഒരു പ്രധാന പ്രബന്ധം രചിച്ചത്, അതിന് അവർ കാവ്യാത്മകമായി ഇമേജ് (ഇന്റഗ്രേറ്റഡ് മോഡൽ ടു അസസ് ദി ഗ്രീൻഹൗസ് എഫക്റ്റ്) എന്ന ചുരുക്കപ്പേരാണ് നൽകിയത്. സ്വതസിദ്ധമായ നിഷ്ക്രിയ ഭാഷയിൽ "എമിഷൻ കുറയ്ക്കൽ പരിമിതപ്പെടുത്തുന്ന സാങ്കേതികമായ (രാഷ്ട്രീയവും) മന്ദിപ്പിനെ പ്രതിഫലിപ്പിക്കുന്ന സംഗതി അവർ വിശദീകരിച്ചു. പരമാവധി റിഡക്ഷൻ നിരക്ക് എങ്ങനെയാണ് കണക്കാക്കിയതെന്ന് അവർ വിവരിച്ചു. ഫാസ്റ്റ് റിഡക്ഷൻ നിരക്കുകൾക്ക് നിലവിലുള്ള ഫോസിൽ-ഇന്ധനാധിഷ്ഠിത മൂലധന സ്റ്റോക്കുകളെ എത്രയും വേഗം കെട്ടു കെട്ടിക്കേണ്ടി വരും. അതിന് വലിയ വില കൊടുക്കേണ്ടി വരും. ബിസിനസ്സിന്റെ ഈ കടുംപിടുത്തം സാധാരണ നിലയിൽ സമ്പദ്‌വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തമെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. കൂടാതെ, ഫോസിൽ മൂലധനത്തെ നഷ്ടത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ ഉദ്ദേശ്യത്തിനായി സമാനമായ ആവശ്യകത കുറയ്ക്കുകയും ചെയ്തു.

അതേ സ്പിരിറ്റിൽ, IMAGE മോഡൽ പുറന്തള്ളൽ "കഴിയുന്നിടത്തോളം" വെട്ടിക്കുറയ്ക്കുകയും "സാവധാനം മാറാൻ മാത്രമേ അനുവദിക്കൂ" എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. നിങ്ങൾക്ക് മാസ്റ്റർ ബെഡ്‌റൂമിലേക്ക് മാർച്ച് ചെയ്യാനും എസ്റ്റേറ്റിന്റെ തമ്പുരാനെ പുറത്താക്കാനും കഴിയില്ല. പരിവർത്തനങ്ങൾ ക്രമേണയും സൗമ്യവും ആയിരിക്കണം; ഏതെങ്കിലും തരത്തിലുള്ള ആഘാതങ്ങൾ മാതൃകയാക്കാൻ കഴിയില്ല. സമ്പദ്‌വ്യവസ്ഥയുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന തരത്തിൽ  താപനം വെട്ടിക്കുറയ്ക്കുന്ന വിപ്ലവങ്ങളോ, വിനാശകരമായ ഫലങ്ങളോ IAM-കൾക്ക് ഗ്രഹിക്കാനാവില്ല. അവ ഒഴിവാക്കപ്പെട്ടതിനാൽ, യഥാർത്ഥത്തിൽ കടുത്ത ചൂടിൽ നിന്നും രക്ഷ നേടുന്ന വിഷയങ്ങളും ഒഴിവാക്കപ്പെട്ടു. "ഹരിതഗൃഹ നാശത്തിന്റെ പ്രവർത്തനം" കുറയ്ക്കുന്നതിന്, നോർധോസ് വളരെ സാങ്കൽപ്പികമായ ചില വാദങ്ങൾ ഉപയോഗിച്ചു: അറേബ്യ മുതൽ അലാസ്ക വരെയുള്ള എല്ലാത്തരം കാലാവസ്ഥകളിലും നിലവിൽ മനുഷ്യർ അഭിവൃദ്ധി പ്രാപിക്കുന്നതിനാൽ, കാലാവസ്ഥാ വ്യതിയാനങ്ങൾ ഉൽപ്പാദനക്ഷമതയിൽ നിസ്സാരമായ സ്വാധീനം മാത്രമേ ചെലുത്തുകയുള്ളൂവെന്നും മൊത്തം സംവിധാനത്തെ കുഴപ്പത്തിലാക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വീടിനുള്ളിൽ നടക്കുന്ന  87 ശതമാനം പ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും അദ്ദേഹം ഒഴിവാക്കി. അവയെല്ലാം മറ്റൊരു ഗ്രഹത്തിൽ സംഭവിക്കുന്നതുപോലെ.

മോഡലുകൾക്ക്, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലോകത്തിന് പകരം വയ്ക്കാനുള്ള ഒരു മാർഗമുണ്ടായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കാലാവസ്ഥാ വ്യതിയാനം "ഗണ്യമായ സാമ്പത്തിക നാശനഷ്ടങ്ങൾ" ഉണ്ടാക്കാൻ സാധ്യതയില്ലെന്ന് DICEനെ പിന്തുടർന്ന നോർധൗസ് ധരിച്ചു. താപനില മൂന്ന് ഡിഗ്രി വരെ ഉയർന്നാൽ ജിഡിപിയുടെ രണ്ടു ശതമാനത്തെ ബാധിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.

മറ്റൊരു പ്രമുഖ ബൂർഷ്വാ കാലാവസ്ഥാ സാമ്പത്തിക ശാസ്ത്രജ്ഞനും IAM പ്രചോദകനുമായ റിച്ചാർഡ് ടോൾ, ഈ ന്യായവാദത്തെ  കൂടുതൽ ഉയരത്തിൽ എത്തിച്ചു. താപനില 10 ഡിഗ്രി വരെ വർദ്ധിച്ചാൽ ഉണ്ടാവുന്ന സാമ്പത്തിക ആഘാതവും സഹിക്കാവുന്നതാണെന്ന നിലപാടിൽ ഉറച്ച അദ്ദേഹത്തിന്റെ  വെളിപാട് ഇങ്ങനെ ആയിരുന്നു: "സൗദികളെ പോലെ നമ്മൾ  വീടുകൾക്കുള്ളിലേക്ക് മാറും."



#outlook
Leave a comment