TMJ
searchnav-menu
post-thumbnail

Outlook

ട്രാഡ് വൈഫ് എന്ന കുലസ്ത്രീ

27 Mar 2025   |   6 min Read
ഡോ. ഇന്ദു പി

സോഷ്യല്‍ മീഡിയ ഇല്ലാത്തൊരു കാലം വിഭാവനം ചെയ്യുക എന്നത് പോലും അസാധ്യമായൊരു കാലത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. വിവരശേഖരണത്തിന്റെയും വിതരണത്തിന്റെയും വിനോദത്തിന്റെയും അവസാനവാക്കായി മാറിയിരിക്കുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍. മറ്റേതൊരു വിഷയത്തെയും പോലെ ഫെമിനിസ്റ്റ് ആശയങ്ങളും ആന്റി ഫെമിനിസ്റ്റ്/പുരുഷകേന്ദ്രിത ചിന്തകളും ഒരു പോലെ ഇത്തരം പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്.

സ്ത്രീപക്ഷ വിചാരധാരയുടെയും, മുന്നേറ്റങ്ങളുടെയും ഉത്ഭവത്തിന് സമാന്തരമായി ആന്റി ഫെമിനിസ്റ്റ് നറേറ്റീവ്‌സ് പ്രബലപ്പെട്ടിരുന്നു എന്നത് മറച്ചു വയ്ക്കാന്‍ കഴിയുന്ന ഒന്നല്ല. സോഷ്യല്‍ മീഡിയ ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് വന്‍തോതില്‍ ദൃശ്യത പ്രദാനം ചെയ്യുന്നുമുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കികൊണ്ട് വന്ന നിയമത്തെ തുടര്‍ന്നുണ്ടായ സമരങ്ങളും ചര്‍ച്ചകളും നാം കണ്ടതാണ്. കുലസ്ത്രീ എന്ന പദം പൊതുമണ്ഡലത്തില്‍ വ്യത്യസ്തമായ ഒരു മാനം നേടിയതും ഈ കാലയളവിലാണ്. ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് എതിരാണെന്നു വിശ്വസിക്കുകയും പ്രഖ്യാപിക്കയും ചെയ്ത സ്ത്രീകള്‍ 'ഫെമിനിച്ചികള്‍' ആയി മുദ്രകുത്തപെട്ടപ്പോള്‍ പുരുഷാധിപത്യത്തിന്റെ ദല്ലാളുകളായി രംഗ പ്രവേശം ചെയ്ത സ്ത്രീകള്‍ക്ക് ചാര്‍ത്തപ്പെട്ട വിളിപ്പേരായിരുന്നു 'കുലസ്ത്രീ'. തീവ്ര വലതുപക്ഷ നിലപാടുകളും സങ്കുചിത മത സാംസ്‌കാരിക കാഴ്ചപ്പാടുകളും ആയിരുന്നു ഈ വിഭാഗം സ്ത്രീകളുടെ മുഖമുദ്ര.

ശബരിമലയില്‍ പ്രവേശിച്ച സാമൂഹ്യ പ്രവര്‍ത്തകരായ ബിന്ദു അമ്മിണിയും കനക ദുര്‍ഗയും വേട്ടയാടപ്പെട്ടപ്പോള്‍ 'Ready to wait' എന്ന മുദ്രാവാക്യം ഉയര്‍ത്തി കുലസ്ത്രീകള്‍ കേരളത്തിന്റെ പൊതുപാതയില്‍ അണിനിരന്നു. ആരോഗ്യമുള്ള ഒരു സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഒരു സാധാരണ പ്രതിഭാസം മാത്രം ആയ ആര്‍ത്തവം അശുദ്ധിയാണെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടവര്‍ സ്വന്തം ശരീരം അശുദ്ധമായ ഒന്നാണെന്നു സംശയലേശമന്യേ പ്രഖ്യാപിച്ചു. ശബരിമലയില്‍ പ്രവേശിക്കാന്‍ ആര്‍ത്തവകാലഘട്ടം കഴിയാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ച ഈ സ്ത്രീകള്‍ ആര്‍ത്തവ ലഹള എന്നും നാമജപ സമരമെന്നും പില്‍കാലത്തു അറിയപ്പെട്ട സമരങ്ങളുടെ ഭാഗമായി തീരുകയും ചെയ്തു. നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരങ്ങളെ ചര്‍ച്ചകള്‍ക്ക് പോലും വിധേയമാക്കാതെ സംരക്ഷിക്കാനായിരുന്നു സവര്‍ണ പുരുഷാധിപത്യ സമൂഹം തീരുമാനിച്ചത്. ഈ ചിന്താധാര കൈക്കൊണ്ട സ്ത്രീപുരുഷന്മാര്‍ കുലസ്ത്രീകള്‍ ആയും കുലപുരുഷുകളായും സോഷ്യല്‍ മീഡിയ ലോകത്ത് നാമകാരണം ചെയ്യപ്പെട്ടു. ഈ പദങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ രീതിയില്‍ സ്വീകാര്യത ലഭിക്കുകയുണ്ടായി. അതെ സമയം ആന്റി ഫെമിനിസ്റ്റ് ആഖ്യാനങ്ങളുടെ വക്താക്കള്‍ ഇതേ പ്ലാറ്റ്ഫോമുകള്‍ മുഖേന 'ഫെമിനിച്ചി'കളെ കടന്നാക്രമിച്ചുകൊണ്ടേയിരുന്നു. വിരുദ്ധഭിപ്രായമുള്ള രണ്ടു ചേരികള്‍ ബലാബലം നോക്കാന്‍ ഒരേ വേദി ഉപയോഗിക്കുന്നത് ആദ്യമായല്ലെങ്കില്‍ കൂടിയും വിര്‍ച്വല്‍ ലോകം ഇത്തരമൊരു ചര്‍ച്ചക്ക് വേദിയാകുന്നത് ഒരു നവ്യാനുഭവം തന്നെയായിരുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചും ജനിതക എഞ്ചിനീയറിങ്ങിനെ കുറിച്ചും മറ്റും ചര്‍ച്ച നടക്കുന്ന ഒരു കാലത്ത് ഇത്തരം ചിന്തകള്‍ ഉള്ളവര്‍ മലയാളനാട്ടില്‍ മാത്രമേ കാണുകയുള്ളോ എന്നു പോലും സംശയിക്കപ്പെടുകയുണ്ടായി. എന്നാല്‍ പുരോഗമനാശയങ്ങള്‍ക്ക് ഉള്ളത് പോലെ ഇത്തരം വലതുപക്ഷ നിലപാടുകള്‍ക്കും, ആഗോളതലത്തില്‍ അനുരണനങ്ങള്‍ ഉണ്ടാകാറുണ്ട്. മലയാളത്തിലെ കുലസ്ത്രീ സങ്കല്പനത്തിന്റെ യൂറോപ്യന്‍ പതിപ്പാണ് ട്രെഡിഷണല്‍ വൈവ്‌സ് (traditional wives) അഥവാ ട്രാഡ് വൈഫ് എന്ന പേരില്‍ സോഷ്യല്‍ മീഡിയ ലോകത്ത് രൂപപ്പെട്ടിരിക്കുന്നത്. മതപരമായ സവര്‍ണ ഹിന്ദു ആചാരസംരക്ഷണത്തിന്റെ ഭാഗമായാണ് കുലസ്ത്രീ എന്ന പദം രൂപപ്പെട്ടിട്ടുള്ളത് എങ്കില്‍ പരമ്പരാഗത ജന്‍ഡര്‍ റോളുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ സ്ത്രീ സാന്നിധ്യങ്ങള്‍ ആണ് ട്രെഡിഷണല്‍ വൈഫ് എന്ന പേരില്‍ ആഘോഷിക്കപ്പെടുന്നത്. പരമ്പരാഗത മത സങ്കല്‍പ്പങ്ങളിലെ സ്ത്രീ ആണ് ട്രാഡ് വൈഫ് എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. കുലസ്ത്രീ എന്ന പദം നല്കപ്പെട്ട ഒന്ന് ആണെങ്കില്‍ ട്രാഡ് വൈഫ് എന്നത് സ്വയം ചാര്‍ത്തിയിട്ടുള്ള ഒന്നാണ്. ഏകദേശം ആറു വര്‍ഷം മുന്‍പ് റെഡ്ഡിറ്റ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രാഡ് വൈഫ് മൂവ്‌മെന്റ് ആദ്യമായി സോഷ്യല്‍ മീഡിയ ലോകത്തേക്ക് രംഗപ്രവേശം ചെയ്യുന്നത്. വൈകാതെ ടിക്ടോക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ട്രാഡ് വൈഫ് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. അമേരിക്കയില്‍ രൂപം കൊണ്ട ഈ മൂവ്‌മെന്റ് ഇന്ന് ലോകത്തെങ്ങും വരവറിയിച്ചിരിക്കുന്നതായി കാണാം.

ഫെമിനിസ്റ്റുകള്‍ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുന്ന കുടുംബം, വിവാഹം, മാതൃത്വം തുടങ്ങിയ വ്യവസ്ഥകളെ ആഘോഷിക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം, തൊഴില്‍ മേഖലയിലെ സ്ത്രീ സാന്നിധ്യം എന്നീ വിഷയങ്ങളെ ഇകഴ്ത്തുകയുമാണ് ട്രാഡ് വൈഫ് എന്ന ആന്റി ഫെമിനിസ്റ്റ് ആഖ്യാനം ചെയ്യുന്നത്.

കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും പരിപാലിക്കുക എന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, അവര്‍ക്കു വേണ്ട പാചകം ചെയ്യുക, വീട് വൃത്തിയായും കമനീയമായും സൂക്ഷിക്കുക, 1950 കളില്‍ യൂറോപ്യന്‍ സ്ത്രീകള്‍ ധരിച്ചിരുന്ന സ്‌ത്രൈണത തുളുമ്പുന്ന വസ്ത്രവിധാനങ്ങളില്‍ മാത്രം കാണപ്പെടുക, ഭര്‍ത്താവിനോട് വിധേയത്വം കാണിക്കുക, പുരുഷാധിപത്യത്തെ ന്യായീകരിക്കുന്ന മത ശാസനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, സ്ത്രീകള്‍ തൊഴിലിനു പോകുന്നതും, സ്ത്രീ പുരുഷ സമത്വത്തില്‍ വിശ്വസിക്കുന്നത് സ്ത്രീത്വത്തിനും മാതൃത്വത്തിനും എതിരാണ് എന്ന് പ്രഖ്യാപിക്കുക എന്നിങ്ങനെ പോകുന്നു ഈ ട്രാഡ് വൈഫ് മൂവ്‌മെന്റിന്റെ സവിശേഷതകള്‍.

Millennial men want 1950s housewives after they have kidsREPRESENTATIVE IMAGE | WIKI COMMONS
ട്രാഡ് വൈഫ് എന്ന് പ്രഖ്യാപിച്ചു കൊണ്ടു പുറത്തു വരുന്ന എല്ലാ സ്ത്രീകളും യാഥാസ്ഥിതിക മത ബോധനങ്ങളെ മുറുകെ പിടിക്കുന്നത് കാണാം. ജന്‍ഡര്‍ റോളുകള്‍ ചോദ്യം ചെയ്യപ്പെടാതിരുന്ന പ്രീ-മോഡേണ്‍ കാലഘട്ടത്തെ കുറിച്ചുള്ള നൊസ്റ്റാള്‍ജിയയാണ് ഇത്തരം സോഷ്യല്‍ മീഡിയ പേജുകളുടെ പൊതു ഘടകം. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പുരുഷന്റെ മാത്രം ഉത്തരവാദിത്തം ആണെന്നും, അതുറപ്പ് വരുത്തുന്ന പുരുഷന്റെ സുഖ സൗകര്യങ്ങള്‍ ഉറപ്പുവരുത്തല്‍ ആണ് ഉത്തമയായ സ്ത്രീയുടെ കടമയെന്നും ഇവര്‍ പറയുന്നു. തീവ്ര യാഥാസ്ഥിതിക ജന്‍ഡര്‍ റോളുകള്‍ നിലനിര്‍ത്തുന്നവര്‍ മാത്രമേ ട്രാഡ് വൈഫ് ആയി അംഗീകരിക്കപ്പെടുകയുള്ളൂ. തൊഴില്‍ മേഖലയില്‍ ഇല്ലാത്ത വിവാഹിതയായ ഒരു സ്ത്രീയെ ഹോം മേക്കര്‍/ ഹൌസ് വൈഫ് ആയി മാത്രമേ ഇക്കൂട്ടര്‍ പരിഗണിക്കുന്നുള്ളു. ഇതിനെല്ലാം ഉപരിയായി സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ജീവിതത്തിന്റെ മഹിമയെ കുറിച്ച് വാചാലരാകുന്നു ഈ ട്രാഡ് വൈഫുകള്‍.

ഭംഗിയായി വസ്ത്രം ധരിച്ചു അണിഞ്ഞൊരുങ്ങി ഭക്ഷണം പാകം ചെയ്യുന്ന സന്തുഷ്ടയായ യുവതിയായി ഇവര്‍ ക്യാമറകണ്ണുകള്‍ക്ക് മുന്‍പില്‍ അവതരിക്കുന്നു. ഒരു ട്രാഡ് വൈഫ് ആകുന്നത് വ്യക്തിപരമായ ഒരു ചോയ്‌സ് മാത്രമാണ് എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട് ട്രാഡ് വൈഫുകളും അവരുടെ ഫോളോവേഴ്‌സും. എന്നാല്‍ ഇത്തരം പ്രതിനിധാനങ്ങള്‍ കാലഹരണപ്പെട്ട ജെന്‍ഡര്‍ സങ്കല്‍പ്പങ്ങളെ ഊട്ടിയുറപ്പിക്കയാണ് ചെയ്യുന്നത് എന്ന് പറയാതെ വയ്യ. മലയാളത്തിലെ കുലസ്ത്രീയും പാശ്ചാത്യ ലോകത്തെ ട്രാഡ് വൈഫും തമ്മില്‍ വലിയ അന്തരമില്ല. കാലഹരണപ്പെട്ട പുരുഷാധിപത്യ പ്രവണതകള്‍ ആണ് രണ്ടു കാഴ്ചപ്പാടുകളുടെയും അടിസ്ഥാന തത്വം. പുരുഷന്റെയും പുരുഷ നിര്‍മ്മിതമായ ദൈവ സങ്കല്പത്തിന്റെയും പ്രീതിയ്ക്കു വേണ്ടി നിലകൊള്ളുന്ന ഒന്നായി സ്ത്രീകളെ ഈ രണ്ടു കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നത് കാണാം.

ആന്റി ഫെമിനിസ്റ്റ് ആഖ്യാനങ്ങളില്‍ ഏറ്റവും പുതിയ ഒന്നായി കുലസ്ത്രീ - ട്രാഡ് വൈഫ് സങ്കല്പങ്ങളെ കാണാവുന്നതാണ്. പതിറ്റാണ്ടുകള്‍കൊണ്ടു സ്ത്രീകള്‍ നേടിയെടുത്ത അവകാശങ്ങളെ റദ്ദു ചെയ്യുകയാണ് ഈ രണ്ടു സങ്കല്‍പ്പങ്ങളും ചെയ്യുന്നത്. പുരുഷന് വിധേയയായി ജീവിക്കുക എന്നതാണ് ട്രാഡ് വൈഫിന്റെ പ്രധാന ചുമതല എന്നത് തന്നെ എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടാവുന്ന അവസ്ഥയില്‍ ആണ് ഈ സ്ത്രീകള്‍ സ്വയം സ്ഥാപിക്കുന്നത് എന്നതിലേക്കു വെളിച്ചം വീശുന്നു. എസ്റ്റീ വില്യംസ് എന്ന പ്രമുഖ ട്രാഡ് വൈഫ് പറയുന്നത് - ഇന്നത്തെ സ്ത്രീകള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ പുരുഷന്മാരെക്കാള്‍ മുന്‍പന്തിയില്‍ ആണെന്നാണ്. ഡിവോഴ്‌സ് കുറയണമെങ്കില്‍ വിവാഹബന്ധത്തിനും ജീവിത പങ്കാളിയ്ക്കും മറ്റെന്തിനേക്കാളും പരിഗണന നല്‍കണമെന്നും. എസ്റ്റീ വില്യംസിനെ പോലെ മറ്റു ട്രാഡ് വൈഫ്മാരും ഡിവോഴ്‌സിനെതിരെ മുന്നോട്ടു വരുന്നത് കാണാം. സന്തുഷ്ടമല്ലാത്ത, ടോക്‌സിക്, അബ്യൂസീവ് ബന്ധങ്ങളില്‍ നിന്നും പുറത്തുവരാന്‍ സാധിക്കാതെ ഒരു വലിയ വിഭാഗം സ്ത്രീകള്‍ മരണത്തോട് മല്ലിടുന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കെയാണ് എസ്റ്റീ വില്യംസിനെ പോലുള്ളവര്‍ എന്ത് വില കൊടുത്തും വിവാഹത്തെ സംരക്ഷിക്കേണ്ടതിനെകുറിച്ച് വാചാലരാകുന്നത്. കുലസ്ത്രീ സങ്കല്പവും ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല. മികച്ച മകള്‍, മികച്ച ഭാര്യ എന്നീ വേഷങ്ങളിലേക്ക് ഒതുങ്ങാനായി ഭര്‍തൃഗൃഹത്തിലെയും പങ്കാളിയുടെയും പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന, തന്മൂലം മരണത്തിലേക്ക് തള്ളപ്പെട്ട മലയാളി യുവതികള്‍ നമുക്ക് പുതുമയല്ലല്ലോ.

എസ്റ്റീ വില്യംസ് എന്ന പ്രമുഖ ട്രാഡ് വൈഫ് | PHOTO: WIKI COMMONS
ബൈബിള്‍ അനുശാസിക്കുന്ന വിധത്തിലുള്ള പൂര്‍ണവിധേയത്വം ഭാര്യയ്ക്ക് ഭര്‍ത്താവിനോട് വേണമെന്ന് കൂടി എസ്റ്റീ വില്യംസ് പറഞ്ഞു വയ്ക്കുന്നു. എസ്റ്റീ വില്യംസ് എന്ന ട്രാഡ് വൈഫിന്റെ ഭാഷയില്‍ അധികാര ശ്രേണിയില്‍ ഏറ്റവും മുകളില്‍ ക്രിസ്തുവും അതിനു തൊട്ടു താഴെയായി പുരുഷന്‍/ ഭര്‍ത്താവും അതിനു താഴെയായി മാത്രം സ്ത്രീ/ ഭാര്യയും കുഞ്ഞുങ്ങളും കാണപ്പെടുന്നു.

ഫെമിനിസം എന്ന പ്രസ്ഥാനം സ്ത്രീത്വത്തെ അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് ട്രാഡ് വൈവ്‌സ് വിശ്വസിക്കുന്നു. എക്റ്ററിന ആന്‍ഡേഴ്‌സണ്‍ പറയുന്നത് താന്‍ ഒരു ഫെമിനിസ്റ്റ് ആയിരുന്നു എന്നും ഡാനിഷ് ഭാഷയില്‍ നാലാം ഫെമിനിസ്റ്റ് തരംഗത്തെ കുറിച്ചുള്ളൊരു മാനിഫെസ്റ്റോ തന്നെ മുന്‍പ് എഴുതിയിരുന്നു എന്നുമാണ്. എന്നാല്‍ ഫെമിനിസം അതുയര്‍ത്തി പിടിച്ച പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്ന അവസ്ഥയില്‍ ആണത്രേ അവര്‍ ട്രാഡ് വൈഫ് മൂവമെന്റില്‍ ആകര്‍ഷിതയാകുന്നത്. തികച്ചും ബാലിശവും കടകവിരുദ്ധമെന്നും തോന്നിയേക്കാവുന്ന വിശദീകരണങ്ങള്‍ ഇവരില്‍ ഭൂരിഭാഗം ആളുകളും മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒരു മുന്‍ ഫെമിനിസ്റ്റ് എന്ന ലേബല്‍ തരുന്ന പ്രിവിലേജിനെ ഉപയോഗപ്പെടുത്തുന്ന വിപണന തന്ത്രം ആണിതെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ലല്ലോ. സ്ത്രീത്വത്തെ കുറിച്ചുള്ള പുരോഗമനാശയങ്ങള്‍ സാധാരണ ഗതിയില്‍ പ്രത്യുല്‍പാദനക്ഷമതയുള്ള ഒരു സ്ത്രീശരീരം തെറ്റാണ് എന്ന് വാദിക്കുന്നു എന്നും ഗര്‍ഭ നിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പെണ്‍സമൂഹത്തെ പ്രേരിപ്പിക്കുന്നു തുടങ്ങിയ അടിസ്ഥാനമില്ലാത്ത നിരവധി വാദങ്ങള്‍ ആന്‍ഡേഴ്‌സണ്‍ നിരത്തുന്നുണ്ട്.

കുലസ്ത്രീയും ട്രാഡ് വൈഫും ഒരേ നാണയത്തിന്റെ ഇരു പുറങ്ങള്‍ ആണ്. സ്ത്രീ പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം തുളുമ്പുന്ന ഭാര്യയായി തന്നെ വേണമെന്നു ബഹുഭൂരിപക്ഷം വരുന്ന ആളുകള്‍ വിശ്വസിക്കുന്ന സമൂഹത്തിലാണ് നാം ഇന്നും ജീവിക്കുന്നത്. കുലസ്ത്രീ ബിംബം എന്താണെന്നു സംശയലേശമന്യേ മലയാളികള്‍ക്ക് മുന്‍പ് അവതരിപ്പിച്ച ടെലിവിഷന്‍ പരിപാടി ആയിരുന്നു ആനീസ് കിച്ചന്‍. സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവര്‍ സ്ത്രീകള്‍ പുരുഷനെക്കാള്‍ ഒരു പടി താഴ്ന്നിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നു മലയാളി സമൂഹത്തോട് ഉറക്കെ പ്രഖ്യാപിച്ച ഒരു വേദി ആയിരുന്നു ഇത്. തന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന, തന്നെ നിയന്ത്രിക്കുന്ന ഒരു ജീവിതപങ്കാളിയെയാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് സ്വാസിക എന്ന നടി ക്യാമറയ്ക്കു മുന്‍പില്‍ പറഞ്ഞിട്ടുള്ളത് നമ്മളെല്ലാം കേട്ടിട്ടുള്ളതാണ്. ലിംഗസമത്വം തനിക്കു വേണ്ട എന്നും, ഭര്‍ത്താവിന്റെ കാലു തൊട്ടു ദിവസവും വന്ദിക്കാന്‍ ആഗ്രഹം ഉണ്ടെന്നും ഇവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളൊരാള്‍ സമൂഹത്തിനു മുന്‍പില്‍ ഇത്തരം വികലമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്. അനാവശ്യമായ ഇടപെടലുകള്‍ കാരണം ജീവിതം ക്ലേശകരമായ അവസ്ഥയില്‍ ഉള്ള അനേകം സ്ത്രീകളോട് കൂടിയാണ് ഇത്തരം കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത് എന്ന കാര്യം വിസ്മരിച്ചുകൂടാത്തതാണ്. സ്വാസികയുടെയും ആനിയുടെയും കാഴ്ചപ്പാടുകള്‍ വിമര്‍ശിക്കപ്പെട്ടപ്പോഴും മറ്റൊരു വിഭാഗം ആളുകള്‍ ഇവരെയെല്ലാം ഉത്തമയായ സ്ത്രീ എന്ന നിലയില്‍ ആഘോഷിക്കുകയും ചെയ്തിരുന്നു.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ട്രാഡ് വൈഫുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തരം content പങ്കുവയ്ക്കുന്ന മലയാളി കുലസ്ത്രീ യുട്യൂബര്‍മാരും ഉണ്ട്. വീട്ടിലെ പാചകവും വൃത്തിയാക്കലും യൂട്യൂബില്‍ പങ്കു വയ്ക്കുന്ന കല്യാണി ഇതിനൊരു ഉദാഹരണമാണ്. പുറമെ ജോലിയ്ക്കു പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്ന കല്യാണി തന്റെ യൂട്യൂബ് ചാനലിന് വേണ്ട ഉള്ളടക്കമായി തെരഞ്ഞെടുക്കുന്നത് കുഞ്ഞിനും ഭര്‍ത്താവിനും വേണ്ട പാചകവും വീട് വൃത്തിയാക്കലുമാണ്. കൃത്യമായും ജന്‍ഡര്‍ റോളുകളെ ശക്തിപ്പെടുത്തുന്ന ആഖ്യാനങ്ങളാണിവ. അമേരിക്കന്‍ ട്രാഡ് വൈഫുകളെ പോലെ, ഞാനൊരു കുലസ്ത്രീയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇവര്‍ ആരും പ്രത്യക്ഷപെട്ടിട്ടില്ലെങ്കിലും രണ്ടു വിഭാഗം ആളുകളും മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകളില്‍ സമാനതകള്‍ ഏറെയുണ്ട്. സ്വാസികയും കല്യാണിയും, ട്രാഡ് വൈഫുകളും നിരന്തരം ഉപയോഗിക്കുന്നത് ചോയ്‌സ് എന്ന പദമാണ്. ഇത്തരം ഒരു ജീവിതം തങ്ങളുടെ താല്പര്യപ്രകാരം ആണെന്ന് ഇവര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു- എന്നാല്‍ അങ്ങനെ ഒരു ജീവിതം എല്ലാ വിധ ചോയ്‌സ്‌കളെയും റദ്ദു ചെയ്യുന്ന ഒന്നാണെന്ന യാഥാര്‍ഥ്യത്തെ മറച്ചുകൊണ്ട്.

നന്നായി പാചകം ചെയ്യുന്ന, കുഞ്ഞുങ്ങളെ നോക്കി വളര്‍ത്തുന്ന, ജോലിയെന്നോ തൊഴില്‍ മേഖലയിലെ വളര്‍ച്ചയെന്നോ കരുതാതെ കുടുംബത്തിന് വേണ്ടി ജീവിതം ഹോമിക്കുന്ന, ആചാരങ്ങളെ മുറുകെ പിടിക്കുന്ന, മതം- കുടുംബം തുടങ്ങിയതിനെയൊന്നും ചോദ്യം ചെയ്യാത്ത സര്‍വം സഹയായ സ്ത്രീകളാണ് കുലസ്ത്രീകളും ട്രാഡ് വൈഫുകളും ആയി അംഗീകരിക്കപ്പെടുന്നതും അവതരിപ്പിക്കപ്പെടുന്നതും. ഇത്തരം പ്രതിനിധാനങ്ങള്‍ പുരുഷാധിപത്യ സമൂഹത്തിന്റെ നിലനില്‍പിന് ആക്കം കൂടാനുതകുന്നവയാണ്. പുരോഗമനത്തിന്റെ പാതയില്‍ നമ്മള്‍ ഒരുപാടൊന്നും മുന്നോട്ടു പോയിട്ടില്ല എന്ന് മാത്രമല്ല, പുറകോട്ടു വലിക്കാന്‍ പിന്തിരിപ്പന്‍ ശക്തികള്‍ ജാഗ്രതയോടെ ഇരിക്കുന്നു എന്നുകൂടി ഇത്തരം കാഴ്ചപ്പാടുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.











#outlook
Leave a comment