
ഒരു ഇടക്കാല വിധിക്കപ്പുറം കുതിച്ചുയരുന്ന വിജയം
അത്രമേൽ സങ്കടത്തോടും അതിലേറെ നിരാശയോടുംകൂടെയാണ് ഡിസംബർ 8-ന് വന്ന നടി പീഡിപ്പിക്കപ്പെട്ട കേസിന്റെ വിധിയും അതിനെത്തുടർന്ന് ഡിസംബർ 12-ന് വന്ന ശിക്ഷാനടപടികളുടെ പ്രഖ്യാപനവും വാർത്താമാധ്യമങ്ങളിലൂടെ കേട്ടത്. എട്ടുവർഷമായി കേസിന്റെ നാൾവഴികളിലൂടെയെല്ലാം സഞ്ചരിച്ച - പബ്ലിക് പ്രോസിക്യൂട്ടർമാർ ഒന്നിനുപിറകെ ഒന്നായി രാജിവയ്ക്കുന്നതും ജഡ്ജിയെ മാറ്റാൻ നടിയുടെ അപേക്ഷ തള്ളിക്കളയുന്നതും സി.എഫ്.എസ്. റിപ്പോർട്ട് പരിഗണിക്കാത്തതും കോടതിയുടെ ചെസ്റ്റിൽ ഇരുന്ന ഏറ്റവും പ്രധാനപ്പെട്ട ദൃശ്യങ്ങളടങ്ങുന്ന പെൻഡ്രൈവ് മൂന്നുതവണയെങ്കിലും നടിയുടെയോ കോടതിയുടെയോ സമ്മതമില്ലാതെ സംശയാസ്പദമായി ഉപയോഗിക്കപ്പെട്ടതും - ഇങ്ങനെ ചെറുതും വലുതുമായ അനവധി സൂചനകളിൽനിന്ന് നടിക്ക് പൂർണ്ണ നീതി കിട്ടില്ല എന്ന് മനസ്സിലാക്കിയിട്ടും വീണ്ടും നീതി പുലരുമെന്ന് മനുഷ്യസഹജമായി വിശ്വസിച്ചുപോയ ദിവസങ്ങളായിരുന്നു അത്.
ഒന്നുതൊട്ട് ആറ് വരെയുള്ള പ്രതികൾക്ക് മാത്രം കൂട്ടത്തിൽ പങ്കാളിത്തമുണ്ടെന്ന് വിധിക്കുകയും എട്ടാംപ്രതി അടക്കമുള്ള ബാക്കിയുള്ള പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്ത കോടതി വിധിയുടെ നടുക്കത്തിൽനിന്ന് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വേദന/ഹർഷാരവങ്ങൾ പോലും കേരള ജനതയെ മുക്തരാക്കിയില്ല. വിധി പ്രഖ്യാപിച്ച സമയവും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുകയും അതിന്റെ ഫലം വരുകയും ചെയ്ത സമയവും യാദൃശ്ചികമായി ഒത്തുവന്നു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. വിധി വന്നതിന് കേവലം ഒരാഴ്ച്ചയ്ക്ക് ശേഷം കേസിലെ എട്ടാം പ്രതിയായിരുന്ന നടന്റെ ബിഗ് ബഡ്ജറ്റ് സിനിമയുടെ റിലീസ് തീയതി നിശ്ചയിക്കപ്പെട്ടതും കോടതി വിധി പ്രസ്തുത നടന് ഏറ്റവും അനുകൂലമായി വന്നതും സിനിമകളുടെ തുടക്കത്തിലെ ഡിസ്ക്ലെയ്മറിൽ കാണിക്കുന്നതുപോലെ തികച്ചും യാദൃശ്ചികം മാത്രം!!
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ലിംഗസമത്വത്തിനും സ്ത്രീ സുരക്ഷയ്ക്കും വേണ്ടിയുള്ള നിയമ പോരാട്ടത്തെ നിരവധി കാതം പുറകിലേക്ക് തള്ളിയ ഈ വിധിയുടെ സാമൂഹിക/മാനസിക പ്രത്യാഘാതങ്ങൾ സങ്കൽപ്പിക്കാനാവുന്നതിലും എത്രയോ ഹാനികരമാണ്. കണ്ണൂർ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസ്സറും മനഃശാസ്ത്ര വിദഗ്ധയുമായ ഡോ. സുനൈന ഷാഹിദ ഇഖ്ബാൽ പറയുന്നത് ഇങ്ങനെയാണ്; “ഈ കോടതി വിധി അതിജീവിതയെയോ കേസിന്റെ ഭാഗമായ മറ്റുള്ളവരെയോ മാത്രമല്ല ബാധിക്കുന്നത്, സമൂഹത്തിന്റെ പൊതുബോധത്തെ ഒന്നാകെയാണ്, നീതിയെ കുറിച്ചുള്ള നമ്മുടെ പുരോഗമന ആശയങ്ങളെ തന്നെയാണ്. ലൈംഗികാതിക്രമ സംഭവങ്ങളിൽ പലപ്പോഴും പെൺകുട്ടികളും സ്ത്രീകളും പരാതിപ്പെടാത്തതിന്റെ മനഃശാസ്ത്രം ലളിതമാണ്, മിക്കപ്പോഴും സമൂഹത്തിന്റെ വിലയിരുത്തലുകളെ ഭയപ്പെട്ടാണ്.
നീണ്ടു നീണ്ടു പോകുന്ന കേസ് വിചാരണകളിലൂടെ കടന്നു പോകുമ്പോഴുണ്ടാകുന്ന മാനസിക സംഘർഷങ്ങളെ ഭയന്നാണ്. ഇതൊക്കെ മറി കടന്ന് ഇത്തരം അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും നിയമ വ്യവസ്ഥയെ വിശ്വസിച്ചുകൊണ്ട് പരാതിപ്പെടാനും തയ്യാറാകുന്നവർ എപ്പോഴും പറയുന്ന ഒന്നുണ്ട്. ഇതുപോലൊരു അനുഭവം ഇനി മറ്റാർക്കും ഉണ്ടാകരുത് എന്നത് കൊണ്ടാണ് പരാതിയുമായി മുന്നോട്ടു പോകുന്നത് എന്ന്. ഇത് പ്രശസ്തരായ വ്യക്തികളുടെ ഭാഗത്തു നിന്നാകുമ്പോൾ സമാന അനുഭവങ്ങളുള്ള, ഭയവും മാനഹാനിയും കാരണം നിശബ്ദരാക്കപ്പെട്ട ഒരുപാട് സ്ത്രീകൾക്ക് ധൈര്യം പകരുകയും ചെയ്യുന്നു. 'മീ ടൂ' പോലുള്ള മൂവ്മെന്റുകളിൽ നമ്മൾ അത് കണ്ടതുമാണ്. എന്നാൽ വർഷങ്ങൾ നീളുന്ന നിയമപ്പോരാട്ടങ്ങൾക്കും മാധ്യമവിചാരണകൾക്കും ശേഷവും നിയമസംവിധാനങ്ങളുടെ ഭാഗത്തു നിന്ന് സ്ത്രീകൾക്ക് നീതി കിട്ടുന്നില്ല എന്നുകാണുമ്പോൾ കാലങ്ങൾ കൊണ്ട് നമ്മൾ പടുത്തുയർത്തിയ സ്ത്രീകളുടെ ആത്മവിശ്വാസം ചോർന്നു പോവുകയും നിശബ്ദതയാണ് ഭേദമെന്ന തോന്നൽ ശക്തമാവുകയും ചെയ്യും. ഇത് പതിയെ പൊതുബോധമായി വളരും. സിനിമാ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കോടതി ശിക്ഷിക്കാതിരിക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്. മറ്റൊന്ന് പണത്തിനും അധികാരത്തിനും പദവിക്കും മേൽ ഒരു കോടതിക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന പൊതുബോധം ഇത് ഒന്ന് കൂടി ഊട്ടിയുറപ്പിക്കും എന്നതാണ്. നിയമവ്യവസ്ഥ ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെയല്ല എന്ന ധാരണയും വളരും എന്നതാണ്.”
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ആക്രമിക്കപ്പെട്ട നടിയുടെ കേസിന്റെ ഏകദേശം സമാന കാലയളവിൽ ഫ്രാൻസിൽ നടന്ന ജിസേൽ പെല്ലിക്കൊ എന്ന സ്ത്രീക്കെതിരെ നടന്ന ലൈംഗീകാക്രമണ കേസിലെ വിധി ആ നാട്ടിലെ റേപ്പ് നിയമങ്ങൾ തന്നെ തിരുത്തിയെഴുതാൻ കാരണമായി. ബി.ബി.സി. യുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയിൽ ജിസേൽ പെല്ലിക്കൊ ഇടം നേടി. മാത്രമല്ല ഫ്രാൻസിന്റെ പരമോന്നത പൗര ബഹുമതിയായ ലീജിയൺ ഓഫ് ഓണർ നൽകി ആ രാഷ്ട്രം അവരെ ആദരിക്കുകയും ചെയ്തു. ലൈംഗിക അതിക്രമങ്ങളെ ചുറ്റിപ്പറ്റിയുള്ള നിശബ്ദതയുടെ സംസ്കാരത്തെ വെല്ലുവിളിച്ചതിനുള്ള ധൈര്യത്തിനാണ് അവർക്ക് ഈ ബഹുമതി ലഭിച്ചത്. ഗിസെല്ലെ പെലിക്കോട്ടിന്റെ കേസും ഫ്രാൻസിൽ അതിന് ലഭിച്ച സ്വീകാര്യതയും ആക്രമിക്കപ്പെട്ട നടിയുടെ കേസുമായി താരതമ്യം ചെയ്യുമ്പോൾ, സമത്വത്തെക്കുറിച്ചുള്ള ചിന്തയുടെ ഒരു ഇടത്തിൽ എത്താൻ പോലും കേരളം എത്ര ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെ സ്ത്രീകൾക്കും അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും എതിരായ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ തികച്ചും സവിശേഷമായ ഒരു കേസാണ് ഈ പ്രത്യേക കേസെന്ന് സാമൂഹിക ശാസ്ത്രജ്ഞയും ചരിത്രകാരിയുമായ ഡോ. ലക്ഷ്മി ചന്ദ്രൻ വാദിക്കുന്നു. “കൊച്ചിയിൽ അതിജീവിതയായ ചലച്ചിത്ര നടിയെ ആക്രമിച്ച കുപ്രസിദ്ധ കേസിന്റെ ഏറ്റവും വല്യ പ്രത്യേകത അത് സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്ന ലിംഗവിഭാങ്ങളിലുമുള്ള മനുഷ്യർക്കെതിരെ നടന്നിട്ടുള്ളതിലും നടന്നു കൊണ്ടിരിക്കുന്ന തുമായ അതിക്രമങ്ങളുടെ ചരിത്രത്തിലെതന്നെ ഒരു നിർണായക സംഭവമാണ്. ആദ്യമായി, ബലാത്സംഗത്തിന് 'കോൺട്രാക്റ്റ്' കൊടുത്തു എന്ന കേസാണ്. കേരള സംസ്ഥാനത്ത് കുറ്റപത്രത്തിലും നിയമ വ്യവഹാരത്തിലും ആദ്യമായി സ്ഥാനം കണ്ടെത്തിയ കോൺട്രാക്ട് റേപ്പ് കേസാണിത്. ബലാത്സംഗം നടത്തുന്നതിനായുള്ള ക്രിമിനൽ ഗൂഢാലോചനയിൽ സജീവമായി പങ്കാളികളാകുകയും സംഭവങ്ങളെ വീഡിയോയിൽ പകർത്തുകയും ചെയ്യുന്നവർ, ഒരു ഹീനമായ കുറ്റകൃത്യം നടപ്പാക്കുന്നതിൽ അവരുടെ ക്രമബദ്ധമായ നിയന്ത്രണവും പങ്കും വ്യക്തമായി തെളിയിക്കുന്നു.
ഇവിടെ ലൈംഗികാതിക്രമം വെറും ആകസ്മികമോ ക്ഷണിക പ്രേരണയോ മൂലമുള്ള ഒന്നല്ല; മറിച്ച് ഇത് ബലാത്സംഗിയുടെ രതി വൈകൃതവും (perversion), ഇരയെ ലൈംഗികമായി കീഴടക്കാനുള്ള ദുഷ്പ്രേരണയും, അതിനായി മറ്റൊരാളെ നിയോഗിക്കുന്ന വൈകൃതവും വ്യക്തമാക്കുന്നതാണ്. ഈ കേസിലെ പ്രധാന പ്രതി സുനിൽ കുമാർ (പൾസർ സുനി) യുടെ അമ്മ ഒരു മാധ്യമ സ്ഥാപനത്തോട് പറഞ്ഞത് ശ്രദ്ധേയമാണ് — “എന്റെ മകനും അതിജീവിതയും തമ്മിൽ യാതൊരു വൈരവുമില്ല; അവൻ ചെയ്തത് പണത്തിനുവേണ്ടിയാണ്.” അമ്മയുടെ ഉദ്ദേശ്യം മകന്റെ “നിരപരാധിത്വം” തെളിയിക്കുകയായിരുന്നുവെങ്കിലും, ഇവിടെ ഊന്നിപ്പറയേണ്ടത് ക്രിമിനാലിറ്റിയും ബലാത്സംഗ ഫാന്റസികളും സമൂഹത്തിൽ ദൃഢമായി പതിഞ്ഞിരിക്കുന്ന ‘ബലാത്സംഗ സംസ്കാരവും’ തമ്മിലുള്ള അന്തർധാരയാണ്. സമൂഹത്തിലെ ഒരു വിഭാഗം ബലാത്സംഗക്കുറ്റാരോപിതരെ സജീവമായി സ്വാഗതം ചെയ്യാൻ കാണിക്കുന്ന ആവേശം ഇതിനെ കൂടുതൽ വ്യക്തമായി പ്രകടമാക്കുന്നു.”
ജിസേൽ പെല്ലിക്കൊ | PHOTO : WIKI COMMONS
വിധിക്കെതിരായ പ്രതിഷേധ പ്രസ്ഥാനങ്ങളുടെ പ്രസക്തി
"പ്രതിയെ ആഘോഷിക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ടെന്നത് സത്യമാണ് (ദയനീയവും), പക്ഷെ ഇവിടെ നമ്മൾ ഓർക്കേണ്ടതും അഭിനന്ദിക്കേണ്ടതും കേരളത്തിലെ പൊതുജനം പ്രകടിപ്പിക്കുന്ന വിധിക്കെതിരെയുള്ള പൊതു ധാർമിക രോഷത്തിന്റെ ഒഴുക്കിനെയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ലക്ഷക്കണക്കിന് പോസ്റ്റുകളെയും കമന്റുകളെയും (#avalkoppam), കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെയുമാണ്. മലയാള ചലച്ചിത്ര രംഗം ( മോളിവുഡ് ) നേരിടുന്ന സ്ത്രീ വിരുദ്ധത സമൂഹം അനുമാനിക്കുന്നതിനും വളരെ ആഴത്തിൽ വേരൂന്നിയതാണെന്ന് പ്രശസ്ത ചലച്ചിത്ര ചരിത്രകാരൻ സെബാസ്റ്റ്യൻ ജോസഫ് വാദിക്കുന്നു. സാക്ഷര കേരള സമൂഹത്തിന്റെ മനസ്സിനെ നിരന്തരമായി മുറിവേൽപ്പിക്കുന്ന പീഡന സംഭവങ്ങൾ മോളിവുഡിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. അതിലെ പ്രബല പുരഷ വർഗ്ഗം സർവ്വരെയും കീഴടക്കിയ ഒരു തരം ഉന്മാദാവസ്ഥയിലെത്തിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ച കേസിലെ വിധി നാം കാണേണ്ടത്. പക്ഷേ, സോഷ്യൽ മീഡിയകളിലൂടെയും, യൂ ട്യൂബ് കമന്റ് ബോക്സുകളിലും കാണുന്ന ജനകീയ പ്രതിഷേധം തീർച്ചയായും നമുക്കു കുറച്ച് ആശ്വാസം നൽകുന്നുണ്ട്. ഇത് പക്ഷേ പൊതുജനമുന്നേറ്റത്തിലെത്തുകയെന്നതാണ് പ്രധാനം. ഈ ഗുണ്ടാ താരങ്ങളുടെ ചലച്ചിത്രങ്ങളും, മറ്റു പരിപാടികളും ബഹിഷ്ക്കരിച്ച് പ്രതിരോധം തീർക്കേണ്ടത് ഓരോ കേരളീയന്റെയും സാമൂഹിക ഉത്തരവാദിത്വമാണ്. സിനിമയിലല്ല, ജീവിതത്തിലാണ് നമ്മുക്കു യഥാർത്ഥ നായകന്മാരും, നായികമാരും ഉണ്ടാകേണ്ടത്; കാരണം ചലച്ചിത്ര രംഗം മൊത്തത്തിൽ വില്ലന്മാരുടെ കൈപിടിയിലമർന്നു കഴിഞ്ഞു." - സെബാസ്റ്റ്യൻ ജോസഫ്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ചരിത്ര ഗവേഷകയും ജെഎൻയു പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. നൂറിനിസ്സ കെ പി യുടെ അഭിപ്രായത്തിൽ, വിധി അങ്ങേയറ്റം നിരാശാജനകമാണെങ്കിലും, ഈ ഒരു കാലയളവിൽ സംസാരിക്കുന്ന സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയാൻ കെല്പുള്ള ഒരു പറ്റം സ്ത്രീകളും സ്ത്രീ കൂട്ടായ്മകളും ഉയർന്നു വന്നതിൽ വലിയ സമാധാനമാണ് നൽകുന്നത്. അവളോടൊപ്പം, അവളെ നിരുപാധികം പിന്തുണച്ചവരോടപ്പം നിൽക്കുക എന്നത് ഒരു നിലപാട് തന്നെയാണ്. ആ നിലപാടിൽ നിൽക്കുന്ന അനേകം മനുഷ്യരോട് ഒപ്പം ആണ്. കേരളത്തിലെ സ്ത്രീകളുടെ പ്രതിഷേധ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണിത്. അതിജീവിത എന്ന ഒറ്റ സ്ത്രീ വിപ്ലവം കച്ചവടതന്ത്രങ്ങളുടെയും, വ്യവസായമൂലധനത്തിന്റെയും പിടിയിലമർന്ന മലയാളസിനിമാലോകത്തിന്റെ 'മോളിവുഡി'ലേക്കുള്ള ചുവടുമാറ്റത്തിലെ പ്രധാനകണ്ണിയാണ് താരരാജാക്കന്മാരും അവർ സൃഷ്ടിച്ചെടുത്ത അനുചരന്മാരുടെ വലിയ കൂട്ടങ്ങളും.
"മലയാള സിനിമ മോളിവുഡെന്ന ആശയ/ഭൗതിക സ്ഥലരാശിയിലേക്ക് വന്നത് വളരെക്കുറച്ച് താരങ്ങൾമാത്രം വ്യവസായത്തെ സ്വാധീനിക്കാൻ തുടങ്ങിയ കാലം മുതലാണ്. താരം, സൂപ്പർതാരവും, മെഗാതാരവും, യൂണിവേഴ്സൽ താരവുമൊക്കെ ആയി മാറിയപ്പോൾ പുല്ലിംഗ അധീശത്വം പവർഗ്രൂപ്പായി പരിണമിച്ചു. കാസ്റ്റിംഗ് രീതികൾ, മാധ്യമ പരിശോധന, പ്രേക്ഷകപ്രതികരണം എന്നിവ ഉൾപ്പെടെ വിവിധ സംവിധാനങ്ങളിലൂടെ ഈ പവർഗ്രൂപ്പ് മോളിവുഡിനെ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. നടിമാർ അവർക്കുചുറ്റും ചലിക്കുന്ന ‘സാധനങ്ങൾ’ മാത്രമായി മാറി." - ഡോ.സെബാസ്റ്റ്യൻ ജോസഫ്, 2025.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഈ പശ്ചാത്തലത്തിലാണ് ഒരു യുവ മുൻനിര നടി തന്റെ മേൽ ആലേഖനം ചെയ്ത വസ്തു എന്ന പദവിയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടത്. അവൾ വസ്തു എന്ന പദവി നിരസിച്ചുകൊണ്ട് മൗനം ഭഞ്ജിക്കാൻ ധൈര്യപ്പെട്ടു. താൻ നേരിട്ട ക്രൂരതയെക്കുറിച്ച് അവർ സംസാരിച്ചു, ഇത് മലയാള സിനിമയിലെ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന നിശബ്ദ ബലാത്സംഗ സംസ്കാരം അവസാനിപ്പിച്ചു. താമസിയാതെ ഒരു കൂട്ടം സ്ത്രീകൾ അവരെ പിന്തുണയ്ക്കാൻ മുന്നോട്ടുവന്ന് WCC രൂപീകരിച്ചു. അവരുടെയും WCC യുടെയും എട്ട് വർഷം നീണ്ടുനിന്ന ഈ പോരാട്ടം മലയാള സിനിമയിൽ മാത്രമല്ല, കേരളത്തിലെ സാമൂഹിക-പൊതു മണ്ഡലത്തിലും വലിയ മാറ്റങ്ങൾ വരുത്തി.
ലൈംഗിക പീഡനം, ബലാത്സംഗം, സമ്മതം, അതിജീവിച്ചവരുടെ ആഘാതം, സിനിമാ-മാഫിയ അവിശുദ്ധ ബന്ധം, സ്ത്രീ സുരക്ഷ, junior female അഭിനേതാക്കൾക്കുള്ള ടോയ്‌ലറ്റുകൾ, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ആളുകൾ കൂടുതൽ പരസ്യമായും കൂടുതൽ തവണയും ചർച്ച ചെയ്യാൻ തുടങ്ങി. ബലാത്സംഗത്തെ അതിജീവിച്ചവരോടുള്ള ഒരു സമൂഹത്തിന്റെ മുഴുവൻ മനോഭാവവും മാറി. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി, മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ അവസ്ഥയും സുരക്ഷയും പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. കമ്മിറ്റിയുടെ മുന്നിലും കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷവും നിരവധി സ്ത്രീകൾ സ്വന്തം പരാതികളെക്കുറിച്ചും അവർ നേരിട്ട പീഡനങ്ങളെക്കുറിച്ചും സംസാരിച്ചു. എട്ട് വർഷം നീണ്ടുനിന്ന വിചാരണയുടെ ഓരോ ഘട്ടവും മലയാളികൾക്ക് അധികാരം, അതിന്റെ ദുഷ്പ്രവൃത്തി, മാധ്യമ ഉത്തരവാദിത്തം, ലിംഗ ജനാധിപത്യം, രാഷ്ട്രീയ കൃത്യത എന്നിവയെക്കുറിച്ചുള്ള പാഠങ്ങൾ പഠിപ്പിച്ചു. ലൈംഗിക പീഡനത്തെയും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള മലയാളിയുടെ പദാവലിയെ കേസ് പുനർനിർമ്മിച്ചു. ഒരു ഹീനമായ കുറ്റകൃത്യം തനിക്കെതിരെ നടന്നതിനുശേഷം അതിജീവിച്ചയാൾ എങ്ങനെ ജീവിക്കണമെന്ന് ചിന്തിക്കുന്നതിനെ അത് പുനർനിർവചിച്ചു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മലയാള സിനിമയിലെ ഒരു ഏക സ്ത്രീ വിപ്ലവമാണ് (one-woman-revolution) അതിജീവിത. വിധി നിരാശാജനകമാണ്, പക്ഷേ ഇത് ഒരു ചെറിയ തിരിച്ചടി മാത്രമാണ്, കാരണം ഇത് ഈ രാജ്യത്തെ അവസാനത്തെ നീതിന്യായ കോടതിയല്ല. പോരാട്ടം തുടരും, പക്ഷേ യുദ്ധം ഇതിനകം വിജയിച്ചു കഴിഞ്ഞു!


