TMJ
searchnav-menu
post-thumbnail

Outlook

മര്‍മപ്രധാനമായ ഒരാവശ്യം

06 Oct 2023   |   3 min Read
എന്‍ പ്രഭാകരന്‍

സാഹിത്യം താല്‍പ്പര്യപൂര്‍വം വളരെ ഗൗരവബോധത്തോടെ ചര്‍ച്ച ചെയ്യേണ്ടതും ഒരുപാടാളുകള്‍ ആ ചര്‍ച്ചകള്‍ക്ക് ശ്രദ്ധാപൂര്‍വം കാതുകൊടുക്കേണ്ടതും ഏറെ അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്ന ഒരു കാലമാണ് നമ്മുടേത്. സാഹിത്യത്തെ അതിന്റെ സാമൂഹികതയില്‍ നിന്ന് അകറ്റിക്കൊണ്ടുപോയി വിപണിയുടെ നിയമങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും കീഴ്‌പ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ലോകവ്യാപകമായിത്തന്നെ നടന്നുവരുന്നുണ്ട്. വ്യത്യസ്തമേഖലകളില്‍ ഈ ശ്രമങ്ങള്‍ വ്യത്യസ്ത രൂപം കൈക്കൊള്ളുന്നുവെന്നു മാത്രം. വിദ്യാഭ്യാസമേഖലയില്‍ ഉള്ളടക്കത്തില്‍ ഇടപെട്ടും അധ്യാപനത്തിന് പുതിയ രീതിശാസ്ത്രം നിര്‍ബന്ധപൂര്‍വം സ്വീകരിപ്പിച്ചും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അട്ടിമറിച്ചുമാണ് ഇത് സാധിക്കുന്നത്. ഉള്ളടക്കത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത് രണ്ടുമൂന്നു കാര്യങ്ങളാണ്. ഒന്ന് സാഹിത്യചരിത്രബോധം ഇല്ലാതാക്കും വിധം സിലബസില്‍ മാറ്റം വരുത്തുക. മറ്റൊന്ന് ഒരു ജനതയുടെ സാംസ്‌കാരിക സാഹചര്യങ്ങളുമായി അര്‍ത്ഥവത്തായി പ്രതികരിക്കാനാവാത്ത വൈദേശികാശയങ്ങള്‍ക്കും അപഗ്രഥനസങ്കേതങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുക. മൂന്നാമതായി സാഹിത്യം സാംസ്‌കാരിക പഠനം എന്ന വിശാലമായ മേഖലയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് എന്നു സ്ഥാപിക്കുക. ഇവ മൂന്നും ലോകവ്യാപകമായി വിദ്യാഭ്യാസമേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ബോധനരീതി യാന്ത്രികമായിത്തീരുക എന്നതിന് സ്വാഭാവികമായും സാഹിത്യം പഠിപ്പിക്കുന്നതിന്, സാഹിത്യവും മാനവികവിഷയങ്ങളും പഠിപ്പിക്കുന്നതിന് അനുയോജ്യമല്ലാത്ത രീതികള്‍ അവലംബിക്കുക എന്നാണര്‍ത്ഥം. ബിസിനസ് സയന്‍സ് പഠിപ്പിക്കുന്നതിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതികള്‍ സാഹിത്യാധ്യാപനത്തിന് സ്വീകരിക്കേണ്ടി വന്നാല്‍ ഫലത്തില്‍ അത് വിദ്യാര്‍ത്ഥികളെ സാഹിത്യത്തില്‍ നിന്ന് അകറ്റിക്കൊണ്ടുപോകലാവും. സാഹിത്യാസ്വാദനത്തിനും നിരൂപണത്തിനും ആവശ്യമായ ഭാവുകത്വം ആര്‍ജിക്കാനാവശ്യമായ മാനസികപരിപാകം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായിക്കഴിഞ്ഞാല്‍ അവര്‍ വളരെ താല്‍ക്കാലികവും ആഴം കുറഞ്ഞതുമായ സന്തോഷം മാത്രം ലക്ഷ്യമാക്കി സാഹിത്യകൃതികളെ സമീപിച്ചു തുടങ്ങും. ഗൗരവമുള്ള എന്തും അവരുടെ വായനയുടെ പരിധിക്കു പുറത്തുപോവും. സാഹിത്യത്തെയും സാഹിത്യാസ്വാദനത്തെയും കുറിച്ചുള്ള നമ്മുടെ ധാരണകളില്‍ അട്ടിമറി സംഭവിപ്പിക്കുന്നത് സാഹിത്യാസ്വാദനത്തേക്കാള്‍ പ്രധാനം സിനിമാസ്വാദനമാണെന്നും അനുഭവങ്ങളുടെ ആവിഷ്‌ക്കാരത്തില്‍ സാഹിത്യം സിനിമയ്ക്കും ചിത്രകലയ്ക്കും മറ്റും വളരെ പുറകിലാണെന്നും സ്ഥാപിച്ചു കൊണ്ടാണ്.

REPRESENTATIONAL IMAGE: PEXELS

വിദ്യാഭ്യാസം വഴി മാത്രമല്ല സാഹിത്യത്തിന്റെ സാമൂഹികതയെ തീരെ ദുര്‍ബലമാക്കുകയും ജനങ്ങളുടെ ധൈഷണികവും വൈകാരികവുമായ ജീവിതത്തില്‍ വലിയ മുന്നേറ്റങ്ങളുണ്ടാക്കാനുള്ള സാഹിത്യത്തിന്റെ ശേഷിയില്‍ കടുത്ത അവിശ്വാസം ജനിപ്പിക്കുകയും ചെയ്യുന്നത്. സാഹിത്യനിര്‍മ്മാണത്തില്‍ നേരിട്ടുള്ള ഇടപെടല്‍ കൂടി ഏറെക്കുറെ അപ്രതിരോധ്യമായ രീതിയില്‍ സാധിച്ചുകൊണ്ടാണ്. സാഹിത്യം വിപണിയെ ലക്ഷ്യം വെക്കേണ്ടുന്ന ഒന്നാണ്, വിപണിയിലെ വിജയമാണ് ഒരു സാഹിത്യകൃതിയുടെ യഥാര്‍ത്ഥവിജയം എന്നും മറ്റു പരിഗണനകളെല്ലാം കാലഹരണപ്പെട്ടു എന്നും എഴുത്തുകാരെ ബോധ്യപ്പെടുത്താനുള്ള എല്ലാ മാര്‍ഗങ്ങളും അവലംബിക്കുക. പിന്നെ അവരില്‍ നിന്നുണ്ടാവുന്ന കൃതികളില്‍ വായനക്കാരെ വൈകാരികവും ബൗദ്ധികവുമായി ഉണര്‍ത്തുന്ന യാതൊന്നും ഇല്ലാതായിത്തീരും. അവര്‍ വെറും രസത്തിനും താല്‍ക്കാലികമായ ഉത്തേജനങ്ങള്‍ക്കും വേണ്ടി മാത്രം സമീപിക്കാനുള്ള ഇടമായി സാഹിത്യത്തെ കാണാന്‍ തുടങ്ങും. ഈ സ്ഥിതി യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ എഴുത്തുകാര്‍ക്കു പിന്നെ തങ്ങളുടെ ജോലി എളുപ്പമായി. ഈ പുതിയ വായനാസമൂഹത്തെ ലക്ഷ്യം വെച്ചായിരിക്കും പിന്നീടുള്ള അവരുടെ എഴുത്ത്.

കൃതികളെ ഗൗരവപൂര്‍ണമായ എല്ലാ ലക്ഷ്യങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുക, കൗതുകത്തിനപ്പുറം ഒന്നും ജനിപ്പിക്കാത്ത, അവനവനെയും സമൂഹത്തെയും കുറിച്ചുള്ള ഒരു തരത്തിലുള്ള പുനരാലോചനയിലേക്കും വായനക്കാരെ നയിക്കാത്ത കൃതികളുടെ നിര്‍മ്മാണം ചെറിയ പരിശീലനത്തിലൂടെ തന്നെ വലിയ ബുദ്ധിമുട്ടില്ലാതെ ആര്‍ക്കും സാധ്യമാവും. എന്തിനെന്നില്ലാതെ കേവലം മായികാനുഭവങ്ങള്‍ മാത്രം ചിത്രീകരിക്കുക, കഥാപാത്രങ്ങളെ പറയത്തക്ക ഒന്നും ലക്ഷ്യമാക്കാതെ കാലദേശങ്ങളിലൂടെ യഥേഷ്ടം സഞ്ചരിക്കാന്‍ അനുവദിക്കുക, കൃതികളെ പല രീതിയില്‍ അയുക്തികതയുടെ ആഘോഷങ്ങളാക്കിത്തീര്‍ക്കുക, ചരിത്രസംഭവങ്ങളെ കീഴ്‌മേല്‍ മറിക്കുക, ഒരു കാലത്ത് ജനങ്ങളെ ആവേശം കൊള്ളിക്കുകയും അധീശവര്‍ഗത്തിന്റെ വരുതിയില്‍ അവരുടെ താല്പര്യങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ മാത്രമായി നിലകൊള്ളുകയും ചെയ്തിരുന്ന സാമൂഹ്യവ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ സാഹസികവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ വ്യക്തിഗതമായ ചെറിയ കാരണങ്ങളായിരുന്നുവെന്ന് സ്ഥാപിച്ച് അവയെ നിസ്സാരവല്‍ക്കരിച്ചു കാണിക്കുക, അതു വഴി അവയുടെ അന്തഃസത്ത ചോര്‍ത്തിക്കളയുക, ഏത് ജീവിതാനുഭവത്തിനും അടിസ്ഥാനപരമായ ഒരു സത്തയുമില്ലെന്നും ഏത് മേഖലയിലായാലും അടിസ്ഥാനാശയങ്ങള്‍ക്ക് പ്രത്യേക പ്രസക്തിയൊന്നുമില്ലെന്നും ആവര്‍ത്തിച്ചുറപ്പിക്കുക എന്നിങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ നമ്മുടെ ഏറ്റവും പുതിയ പല സാഹിത്യകൃതികളും സമര്‍ത്ഥമായി ചെയ്തുവരുന്നുണ്ട്.

ഇങ്ങനെയുള്ള സാഹിത്യസാഹചര്യം ആഴം കുറഞ്ഞതും വളരെ താല്‍ക്കാലികമായ കേവലരസവും ഉത്തേജനവും മാത്രം നല്‍കുന്നതുമായ സാഹിത്യകൃതികളെയും, അവയെ കൊണ്ടാടുന്നിടത്ത് വായന അവസാനിപ്പിക്കുന്ന വായനക്കാരെയുമാണ് സൃഷ്ടിക്കുക. സാഹിത്യ നിരൂപണത്തിലെ മുഖ്യധാര മുഖ്യമായും ഫ്രാന്‍സില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെട്ടുവരുന്ന സൗന്ദര്യശാസ്ത്രസിദ്ധാന്തങ്ങളെയും വിശകലന പദ്ധതികളെയും സംവാദാത്മകമായി സമീപിക്കുന്നതിനു പകരം അവയ്ക്ക് വെറുതെ വിധേയപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലായതുകൊണ്ട് ഇവിടെ സാഹിത്യത്തിന് വന്നുചേര്‍ന്ന ദുരവസ്ഥയ്‌ക്കെതിരെ പൊതുബോധത്തെ ഉണര്‍ത്തുന്നതിന് അത് പ്രാപ്തി നേടുകയുമില്ല. ഇത്രയുമൊക്കെ ആവുന്നതോടെ സാഹിത്യം നമ്മുടെ വിചാരലോകത്തില്‍ കാര്യമായ ഒരിടപെടലും ലക്ഷ്യം
വെക്കാത്തതും വിപണിക്ക് പാകമായ രീതിയില്‍ മനുഷ്യരെ വാര്‍ത്തെടുക്കുന്നതില്‍ ഊന്നുന്നതുമായ പല വ്യവഹാരങ്ങളില്‍ ഒന്നായിത്തീരും. ഇവിടെ അത് വലിയൊരളവോളം സംഭവിച്ചു കഴിഞ്ഞു. ഇതാണ് മൊത്തത്തില്‍ മലയാളസാഹിത്യത്തിന്റെയും സാഹിത്യവായനയുടെയും വര്‍ത്തമാനത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യം.


REPRESENTATIONAL IMAGE: PEXELS

ചിന്താശീലമുള്ള മനുഷ്യര്‍ക്കെല്ലാം വളരെ ഭീഷണമായി അനുഭവപ്പെടുന്ന ഈ യാഥാര്‍ത്ഥ്യത്തിന് അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ എഴുത്തുകാരെയും വായനക്കാരെയും ജനങ്ങളെ ആകെത്തന്നെയും ഉണര്‍ത്തുക എന്നത് മര്‍മപ്രധാനമായ ഒരാവശ്യമായിത്തീര്‍ന്നിരിക്കുകയാണ്. വളരെ പ്രതിലോമപരവും ഒപ്പം സ്വേച്ഛാധിപത്യത്തിന് തികച്ചും അനുകൂലവുമായ ചില രാഷ്ട്രീയാശയങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെയും വിവിധജനസമൂഹങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും എല്ലാ പുരോഗമനാശയങ്ങളുടെയും നിലനില്‍പ്പിനെയും അപകടകരമായ രീതിയില്‍ ബാധിച്ചു തുടങ്ങിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.


(പയ്യന്നൂര്‍ നഗരസഭ നടത്തിയ 'പയ്യന്നൂര്‍ സാഹിത്യോത്സവ'ത്തില്‍ ചെയ്ത പ്രസംഗത്തിന്റെ എഴുത്തുരൂപം.)



#outlook
Leave a comment