
ഡൽഹിയിൽ തോറ്റത് ആംആദ്മിയോ ഇന്ത്യ സഖ്യമോ?
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒന്നിച്ചെത്തി വോട്ട് ചോദിച്ചവരാണ് മാസങ്ങൾക്കിപ്പുറം പഴിപറഞ്ഞ് കടന്നാക്രമിച്ച് വീണ്ടും വോട്ടർമാർക്ക് മുന്നിലെത്തിയത്. അന്ന് കൈകോർത്ത് നിന്നിട്ടും ജനം തിരസ്കരിച്ചു. എന്നിട്ടും നിയമസഭ തിരഞ്ഞെടുപ്പിൽ പരസ്പരം പോരടിച്ചു. ആംആദ്മി സർക്കാരിനെതിരെയുള്ള വോട്ടിനെക്കാൾ ഈ പോരാണ് ഇരുപത്തിയേഴ് വർഷത്തിന് ശേഷം ഡൽഹി തിരിച്ചു പിടിക്കാൻ ബിജെപിയെ സഹായിച്ചത്. ബജറ്റിൽ പ്രഖ്യാപിച്ച ആദായ നികുതി ഇളവ് മുതൽ ആംആദ്മി പാർട്ടി സർക്കാരിനും മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും എതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ വരെ ഡൽഹിയിൽ വോട്ട് ശതമാനം ഉയർത്താൻ ബിജെപിയെ സഹായിച്ചിട്ടുണ്ട്. പക്ഷേ, അധികാരം പിടിക്കാനുള്ള അവസാന ലാപ് ഓടാൻ അവർക്ക് ഊർജ്ജവും കരുത്തും പകർന്നത് കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലുള്ള വൈരാഗ്യം തന്നെയാണ്.
ബിജെപി 48 സീറ്റ് നേടി അധികാരം പിടിച്ചപ്പോൾ ആംആദ്മി പാർട്ടിക്ക് 22 സീറ്റ് നേടാൻ മാത്രമേ കഴിഞ്ഞുള്ളു. സീറ്റുകളുടെ കണക്ക് പരിശോധിച്ചാൽ കേവല ഭൂരിപക്ഷത്തിന് വേണ്ടതിനെക്കാൾ ഒരു ഡസൻ സീറ്റ് നേടി ആധികാരികമായി തന്നെയാണ് ബിജെപി ഡൽഹി പിടിച്ചത്. പക്ഷേ, വോട്ട് ശതമാനം പരിശോധിച്ചാൽ ഈ തകർപ്പൻ വിജയത്തിന്റെ മാറ്റ് കുറയും. 48 സീറ്റ് നേടിയ ബിജെപിക്ക് ലഭിച്ചത് 45.56 ശതമാനം വോട്ടാണ്. വെറും 22 സീറ്റിലേക്ക് പിന്തള്ളപ്പെട്ട ആംആദ്മി പാർട്ടി നേടിയതാകട്ടെ 43.57 ശതമാനം വോട്ട്. അതായത് കെജ്‌രിവാളിനേയും മറ്റ് നേതാക്കളേയും ജയിലിലടച്ചിട്ടും, ഒപ്പം നിന്നവർ പിന്നിൽ നിന്ന് കുത്തിയിട്ടും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവർ നിറഞ്ഞ് നിന്ന് പ്രചാരണം നടത്തിയിട്ടും ആംആദ്മി പാർട്ടിയെക്കാൾ ബിജെപിക്ക് നേടാനായത് വെറും രണ്ട് ശതമാനം വോട്ട് മാത്രം.REPRESENTATIVE IMAGE | WIKI COMMONS
കോൺഗ്രസ്- ആംആദ്മി തർക്കം രാഷ്ട്രീയമോ വൈരാഗ്യമോ
ഒരേ മുന്നണിയിൽ നിൽക്കുമ്പോഴും വ്യത്യസ്ത രാഷ്ട്രീയം പുലർത്തുന്ന പാർട്ടികൾ തമ്മിൽ തർക്കവും മത്സരവും സാധാരണയാണ്. അത് ദേശീയ പാർട്ടിയും പ്രാദേശിക പാർട്ടിയും തമ്മിലാകുമ്പോൾ പലപ്പോഴും പ്രാദേശിക പാർട്ടിയുടെ നിലനിൽപ്പിന്റെ പോരാട്ടമാകാറുമുണ്ട്. എന്നാൽ, കോൺഗ്രസ് പാർട്ടി ആംആദ്മി പാർട്ടിയോട് പുലർത്തുന്നത് രാഷ്ട്രീയ പോരാട്ടത്തെക്കാൾ ഡൽഹി രാഷ്ട്രീയത്തിൽ നിന്ന് തങ്ങളെ പുറത്താക്കിയതിലുള്ള വൈരാഗ്യമാണ്. പതിനഞ്ച് വർഷം ഡൽഹി ഭരിച്ച കോൺഗ്രസിനേയും അവരുടെ അവസാനത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനേയും അധികാരത്തിൽ നിന്ന് നാണം കെടുത്തി ഇറക്കി വിട്ടത് ആംആദ്മി പാർട്ടിയാണ്. അവരുടെ അഴിമതി വിരുദ്ധ പ്രചാരണമാണ്. ആ വൈരാഗ്യം കോൺഗ്രസ് നേതാക്കൾക്ക് ആംആദ്മി പാർട്ടിയോട് ഇപ്പോഴുമുണ്ട്. ഷീലാ ദീക്ഷിത് സർക്കാരിനെ മാത്രമല്ല കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി മുന്നേറ്റം നിലംപരിശാക്കിയത്. കോമൺവെൽത്ത് ഗെയിംസ് അഴിമതിയും ടുജി അഴിമതിയും നിർഭയ ലൈംഗിക അതിക്രമ കേസുമെല്ലാം നിലതെറ്റിച്ചത് മൻമോഹൻ സിങ് നേതൃത്വം നൽകിയ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിനെ കൂടിയാണ്.
ആ വീഴ്ചയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ പോയിട്ട് തലയുയർത്താൻ പോലും വടക്കേയിന്ത്യയിൽ പിന്നീട് കോൺഗ്രസിനായിട്ടില്ല. അത് ദേശീയതലത്തിൽ തന്നെ കോൺഗ്രസിന്റെ അടിത്തറ ഇളക്കി. അങ്ങനെ കോൺഗ്രസിന്റെ ഇന്നത്തെ പതനത്തിന് തുടക്കമിട്ട അരവിന്ദ് കെജ്‌രിവാളിനോടുള്ള വൈരാഗ്യമാണ് ഈ തിരഞ്ഞെടുപ്പിൽ മുന്നണി മര്യാദകളെല്ലാം മറന്ന് കോൺഗ്രസ് പാർട്ടി കണക്ക് പറഞ്ഞ് തീർത്തത്. അന്ന് കോൺഗ്രസ് പാർട്ടിയുടെ അടിത്തറ ഇളക്കിയ ആംആദ്മി പാർട്ടിയെ അവർ വിശേഷിപ്പിച്ചത് ബിജെപിയുടെ ബി ടീം എന്നാണ്. കോൺഗ്രസിനെ താഴെയിറക്കി അധികാരം പിടിച്ചതോടെ ആ ആരോപണത്തിൽ കഴമ്പില്ലാതെയായി. എന്നാൽ ഇന്ന് ബിജെപിയുടെ യഥാർത്ഥ ബി ടീം ആയി മാറി കോൺഗ്രസ്. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കെജ്‌രിവാൾ അടക്കമുള്ള ആംആദ്മി നേതാക്കളെ തിരഞ്ഞുപിടിച്ച് നടത്തിയ ആക്രമണങ്ങളും അവരുടെ സ്ഥാനാർത്ഥികൾ പിടിച്ച വോട്ടും ആംആദ്മി പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിലും ബിജെപി അധികാരത്തിലെത്തിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. കണക്കുകൾ തെളിയിക്കുന്നതും അത് തന്നെയാണ്.അരവിന്ദ് കെജ്‌രിവാൾ | PHOTO : WIKI COMMONS
അവസാനിച്ചോ ആംആദ്മി യുഗം
ആംആദ്മി പാർട്ടിക്കും കെജരിവാൾ അടക്കമുള്ള നേതാക്കൾക്കും ഈ തിരഞ്ഞെടുപ്പ് നിലനിൽപ്പിന്റെ പോരാട്ടമായിരുന്നു. അധികാരത്തിൽ നിന്ന് പുറത്തായെങ്കിലും കണക്കെടുപ്പ് നടത്തുമ്പോൾ ആംആദ്മി പാർട്ടി യുഗം അവസാനിച്ചു എന്ന് ഉറപ്പിക്കാനാകില്ല. അധികാരം പിടിച്ചെടുത്ത ബിജെപി ഇനി സ്വീകരിക്കുന്ന നയങ്ങളേയും നടപടികളേയും ആശ്രയിച്ചാകും അത്. ആംആദ്മി പാർട്ടി നേതാക്കൾ നിലനിൽപ്പിനായുള്ള പോരാട്ടം തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് വർഷത്തോളമായി. ട്രാൻസ്പോർട്ട് അഴിമതിയിൽ തുടങ്ങി ബാർകോഴ അഴിമതിയിൽ എത്തിയപ്പോൾ അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും അടക്കം ആംആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളെ ജയിലിലടയ്ക്കാനും മറ്റു പലരേയും സ്വന്തം പാളയത്തിൽ എത്തിക്കാനും ബിജെപിക്ക് കഴിഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കെജ്‌രിവാളിന് ജാമ്യം ലഭിക്കാതിരിക്കാൻ സിബിഐയും ഈഡിയും നടത്തിയ ശ്രമങ്ങൾ സുപ്രീംകോടതി പോലും വിമർശിച്ചത് ഈ പശ്ചാത്തലത്തിൽ കാണണം.
നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഡെൽഹി എത്തിയപ്പോൾ മോഡിയും അമിത് ഷായും ഉയർത്തി വിട്ട ആരോപണങ്ങൾ അതേപടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കൾ ഏറ്റുപിടിച്ചു. ബിജെപിയും കോൺഗ്രസും ഉൾപ്പടെ ഡൽഹിയിലെ പ്രതിപക്ഷം ഒറ്റക്കെട്ടായി ആരോപണം ആവർത്തിച്ചപ്പോൾ അത് വിശ്വസിക്കാതിരിക്കാൻ വോട്ടർമാർക്കും കഴിഞ്ഞില്ല. ബിജെപിയെ അധികാരത്തിൽ എത്തിച്ചാൽ അനധികൃത ചേരികളിലുള്ളവർക്ക് വീടും വൈദ്യുതിയും കുടിവെള്ളവും കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ടെത്തി വാഗ്ദാനം ചെയ്തു. ഇതോടെ ആംആദ്മി പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ ചേരികളിലെ വോട്ടർമാർ അവരെ കൈവിട്ടു. ഇതിനൊപ്പം ആദായ നികുതി ഇളവ് ഉൾപ്പടെയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ കൂടിയായപ്പോൾ ഡൽഹിയിലെ ഉദ്യോഗസ്ഥരടങ്ങുന്ന വോട്ടർമാരും യുപി-ബിഹാർ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിൽ കുടിയേറിയ പൂർവാഞ്ചൽ വോട്ടർമാരും ആംആദ്മിയെ കൈവിട്ടു.REPRESENTATIVE IMAGE | WIKI COMMONS
പക്ഷേ, കണക്കുകൾ ഇഴകീറി പരിശോധിച്ചാൽ ആംആദ്മി പാർട്ടിയെ ഡൽഹിയിൽ എഴുതി തള്ളാറായിട്ടില്ല എന്ന് മനസിലാകും. ആംആദ്മിയുടെ പിന്നാക്ക വോട്ട് ബാങ്കിൽ വിള്ളൽ വീണെങ്കിലും ന്യൂനപക്ഷ വോട്ടിൽ ഇടിവ് വന്നില്ല. കോൺഗ്രസും, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും ഒന്നിച്ച് നിന്ന് പരിശ്രമിച്ചിട്ടും ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള പല മണ്ഡലങ്ങളും ആംആദ്മിക്കൊപ്പം നിന്നു. ഓഖ്ല, ബല്ലിമാരൻ മണ്ഡലങ്ങളിലെ ആംആദ്മി വിജയം തന്നെ ഉദാഹരണം. ഓഖ്ലയിൽ ആംആദ്മി പാർട്ടിയുടെ അമാനത്തുള്ള ഖാനെതിരെ കോൺഗ്രസും എഐഎംഐഎമ്മും മുസ്ലീ സ്ഥാനാർത്ഥികളെ രംഗത്തിറക്കി. എന്നിട്ടും 23,639 വോട്ടുകൾക്ക് അമാനത്തുള്ള ഖാൻ വിജയിച്ചു. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ എഐഎംഐഎം മൂന്നാം സ്ഥാനത്തെത്തി. കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുൻമന്ത്രി ഹാരൂൺ യൂസഫിനെ കോൺഗ്രസ് ഇറക്കിയിട്ടും ബല്ലിമാരനിൽ ആംആദ്മി പാർട്ടി 29,823 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ മാത്രമല്ല ആംആദ്മി പാർട്ടി കടുത്ത പ്രതിരോധമുയർത്തിയത്. അരവിന്ദ് കെജരിവാൾ തോറ്റ ന്യൂഡൽഹി മണ്ഡലമടക്കം ഏതാണ്ട് രണ്ട് ഡസനോളം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാൾ കൂടുതൽ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥി പിടിച്ചത് കൊണ്ട് കൂടിയാണ് ആംആദ്മി പാർട്ടിയുടെ സീറ്റുകളുടെ എണ്ണം 22 ആയി ചുരുങ്ങിയത്.
ഇന്ത്യ മുന്നണിയുടെ ഭാവി
മുറുമുറുപ്പോടെ യോജിച്ച് നിന്നിരുന്ന ഇന്ത്യ മുന്നണിയിൽ ഡൽഹി തിരഞ്ഞെടുപ്പ് വലിയ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ഇത് പരസ്യമായിരുന്നു. നിലനിൽപ്പിനും നിലമെച്ചപ്പെടുത്താനും ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ മുൻപും പരസ്പരം മത്സരിച്ചിട്ടുണ്ടെങ്കിലും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി മുന്നണിയിലെ പ്രധാനപ്പെട്ട നേതാവായ അരവിന്ദ് കെജരിവാളിനെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതും പ്രചാരണം നടത്തിയതും മുന്നണിയിലെ വിള്ളൽ ആഴത്തിലാക്കി. ഇന്ത്യ മുന്നണിയുടെ ഭാഗമായ സമാജ് വാദി പാർട്ടിയും, തൃണമൂൽ കോൺഗ്രസും, ഉദ്ദവ് താക്കറയുടെ ശിവസേനയും, ശരത് പവാറിന്റെ എൻസിപിയും പരസ്യമായി തന്നെ അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞു. രാഹുലിനെ എതിർത്ത് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാളിനൊപ്പം പ്രചാരണവും നടത്തി. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ മുഴുവൻ നേതാവായ രാഹുൽ ഗാന്ധിയുടെ നടപടി മുന്നണി മര്യാദയ്ക്ക് ചേർന്നതല്ലെന്ന് ഉദ്ദവ് താക്കറെ ശിവസേനയും പരസ്യമായി തന്നെ വ്യക്തമാക്കി. ഇന്ത്യ മുന്നണിയുടെ ഭാവി തന്നെ അവതാളത്തിലാക്കിയിട്ടും ഡൽഹിയിൽ ഒരു സീറ്റ് പോലും കോൺഗ്രസിന് നേടാനാവാതെ പോയതിനെ രാഹുൽ ഗാന്ധിയുടെ ദീർഘവീക്ഷണമില്ലായ്മയായിട്ടാണ് ഇവർ വ്യഖ്യാനിക്കുന്നത്. ഈ വർഷം അവസാനം നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിലും അടുത്ത വർഷം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലുമെല്ലാം ഡൽഹിയിൽ സ്വീകരിച്ച നിലപാട് സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് കീറാമുട്ടിയാകും.രാഹുൽ ഗാന്ധി | PHOTO : WIKI COMMONS
ഡൽഹി തിരഞ്ഞെടുപ്പ് വിജയവും ബിജെപി അജണ്ടയും
രാജ്യതലസ്ഥാനം കൂടി പിടിച്ചതോടെ 21 സംസ്ഥാനങ്ങൾ ബിജെപി ഭരണത്തിലായി. ഇതിൽ ഡൽഹി അടക്കം 15 സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഒറ്റയ്ക്കുള്ള ഭരണമാണ്. കേരളം,കർണാടകം, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളാണ് ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്നത്. രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങൾ ഒറ്റയ്ക്കും നാലിൽ മൂന്ന് സംസ്ഥാനങ്ങൾ സഖ്യമായും ഭരിക്കുന്ന ബിജെപിക്ക് അവരുടെ ഏത് അജണ്ടയും നടപ്പിലാക്കാൻ പ്രയാസമുണ്ടായിരുന്നില്ല. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകാതെ പോയത് സ്വന്തം അജണ്ട നടപ്പിലാക്കുന്നതിന് ബിജെപിക്ക് തിരിച്ചടിയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയെങ്കിലും ഝാർഖണ്ഡിലെ പരാജയം ക്ഷീണമുണ്ടാക്കി. ഇതെല്ലാം മറികടക്കാനുള്ള ഊർജ്ജമാണ് രാജ്യതലസ്ഥാനം പിടിച്ചതിലൂടെ ബിജെപിക്ക് തിരികെ ലഭിക്കുന്നത്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പും ഏക സിവിൽ കോഡും ബിജെപി അജണ്ടയിൽ മുന്നിലെത്തും. ഉത്തരാഖണ്ഡിന് പിന്നാലെ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നിയമം പാസാക്കാനുള്ള നടപടികൾക്ക് വേഗം കൂടും. പേരിന് പ്രതിഷേധമുയർത്തി കണ്ടു നിൽക്കാൻ മാത്രമേ ഭിന്നിച്ച് നിൽക്കുന്ന തമ്മിലടിക്കുന്ന ഇന്ത്യ സഖ്യത്തിന് കഴിയൂ.