TMJ
searchnav-menu
post-thumbnail

Outlook

കുഞ്ഞാമന്‍: അടിച്ചമര്‍ത്തപ്പെട്ടവന്റെ നിലയ്ക്കാത്ത പ്രതിരോധം

05 Dec 2023   |   4 min Read
ഡോ. പ്രഭാഹരന്‍ കെ മൂന്നാര്‍

തോല്‍വിക്ക് എന്നെ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല കാരണം ഞാന്‍ എന്നും തോറ്റവനാണ്. ഇന്ത്യന്‍ ദളിത് സൈദ്ധാന്തികരില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ശബ്ദമായിരുന്നു കുഞ്ഞാമന്റേത്. കനല്‍ എരിയുന്ന ജീവിത സാഹചര്യങ്ങളില്‍ പൊള്ളാതെയും ഇടയ്ക്കിടെ പൊള്ളിയും നടന്നു കയറിയ വ്യക്തിത്വം. ഒരിക്കലും അടിമപ്പെടില്ല എന്ന് ആദ്യകാലങ്ങളില്‍ നിലയുറപ്പിച്ച നിലപാടാണ് കുഞ്ഞാമനെ കുഞ്ഞാമനാക്കിയത്. പരാജയങ്ങള്‍, അപകര്‍ഷതാബോധം, ഭയം എന്നിവയുടെ കലര്‍പ്പാണ് താന്‍ എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും തോല്‍വിയെ അഭിമുഖീകരിച്ച ഞാന്‍ ജീവിതത്തിന്റെ ക്രൂരതകള്‍ താങ്ങാന്‍ വയ്യാതെ ഒരിക്കല്‍ക്കൂടി തോല്‍ക്കുന്നു എന്ന മട്ടിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പട്ടിണിയുടെ കൊടും പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ജന്മിയുടെ മുന്‍പില്‍ അടിയറവ് പറഞ്ഞ ബാല്യകാലം മുതല്‍ ജീവിതത്തില്‍ ഓരോരോ ഘട്ടത്തിലും തോല്‍വികളെ ശീലമാക്കി. തോല്‍വികള്‍ ആണ് ജീവിതത്തില്‍ നല്ലതെന്നും ആ തോല്‍വികളില്‍ നിന്നുമാണ് ഒരുപാട് പാഠങ്ങള്‍ പഠിക്കുന്നത് എന്നും ഉറക്കെ വിളിച്ചുപറഞ്ഞു. സമൂഹത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ് എന്ന് വിളിച്ചു പറയുന്നവര്‍ പോലും ജാതി മാടമ്പികളോട് സമരസപ്പെടുന്നു. കുഞ്ഞുനാളുകളില്‍ പുസ്തകം വായിക്കാന്‍ വേണ്ടി വിളക്കിന്റെ മുന്‍പില്‍ ഇരിക്കുമ്പോള്‍ അമ്മ അടുക്കളയിലേക്ക് ആ വിളക്ക് എടുത്തു കൊണ്ടുപോകുമ്പോള്‍ ഇടയ്ക്കിടെ നിലച്ചുപോയ അറിവിന്റെ തേടലില്‍ നിന്നും പുതിയ ലോകത്തിലേക്ക് നടന്നുകയറണമെന്ന് തുനിഞ്ഞവന്‍. ദാരിദ്ര്യത്തെ ജീവിതമായും ജീവിതത്തെ ഭയമായും കൊണ്ടുനടന്നയാള്‍. എച്ചില്‍ ഇലകളില്‍ നിന്നും ഭക്ഷിച്ചവന്‍ പക്ഷേ ഒരിക്കലും എച്ചില്‍ ഇലകള്‍ക്ക് വേണ്ടി നടന്നവന്‍ അല്ല. വളരെ ചെറിയ പ്രായത്തില്‍ ഒരിക്കല്‍ വിശന്നു തളര്‍ന്നപ്പോള്‍ വേസ്റ്റ് കുഴിയില്‍ പട്ടിയോട് കലഹിച്ച് ഭക്ഷിച്ച ഓര്‍മ്മകള്‍ അദ്ദേഹം നമ്മളോട് പങ്കുവയ്ക്കുമ്പോള്‍ ഭക്ഷണമാണ് പോരാട്ടം ഭക്ഷണമാണ് ജീവിതം ലോകത്തിലെ എന്തിനേക്കാളും വലുത് വയറാണ് എന്ന് ഉറപ്പിച്ചു പറയുന്നു.


ഡോ. എം കുഞ്ഞാമൻ 
നിത്യദരിദ്രരായി തലമുറ തലമുറകളായി കഴിയേണ്ടിവരുന്ന ദളിതരുടെ പിന്നോക്കാവസ്ഥയെ ഈ കാലത്തും ഇങ്ങനെയാണ് കാണാന്‍ കഴിയുക എന്ന് കുഞ്ഞാമന്‍ പറയുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ ചിന്താമണ്ഡലത്തെ തൊട്ടുണര്‍ത്തിയ ചിന്തകളുടെ ഉടമസ്ഥന്‍ കൂടിയാണ് കുഞ്ഞാമന്‍. അംബേദ്കറിനുശേഷം സാമ്പത്തിക അവസ്ഥയെ വളരെ സൂക്ഷ്മമായി ഇലകീറി പരിശോധിച്ച വിദഗ്ധന്‍ കൂടിയാണ് കുഞ്ഞാമന്‍. Land Labour organism എന്ന സാമ്പത്തിക ശാസ്ത്രം ദളിതര്‍ക്കും നിലമില്ലാത്തവര്‍ക്കും കൂടി പ്രയോഗം ആകേണ്ടതാണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. നൂറുകണക്കിന് ലേഖനങ്ങള്‍ എഴുതി എന്നും എതിര്‍വശത്താണ് ജീവിച്ചത്. അതുകൊണ്ട് ഭരണകൂടത്തോടും അല്ലെങ്കില്‍ ഇവിടത്തെ സംവിധാനങ്ങളോടും അദ്ദേഹം ഒത്തുചേര്‍ന്നു പോയിട്ടില്ല. ദളിതര്‍ക്ക് നൂറ്റാണ്ടുകളായി തഴയപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ഒറ്റയാനായി പോരാടുക തന്നെ ചെയ്യണം എന്ന് തന്റെ ജീവിതം കൊണ്ട് പഠിപ്പിച്ചു.

മാക്‌സിയന്‍ ആശയങ്ങളില്‍ നിലയുറപ്പിച്ച കേരളത്തില്‍ എന്തുകൊണ്ട് ഇന്നുവരെ സ്വന്തമായി ദളിതര്‍ക്ക് ഒരു തുണ്ട് ഭൂമി പോലും കിട്ടുന്നില്ല, ഭൂമിയിലെ അവകാശമാണ് വലുതെന്ന് അടിച്ചമര്‍ത്തപ്പെട്ട ജനതയെ നിരന്തരം ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് ഇവിടുത്തെ സര്‍ക്കാരുകള്‍ ദളിതര്‍ക്ക് ഭൂമി അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഭൂപരിഷ്‌കരണ നിയമങ്ങള്‍ ദളിതര്‍ക്കും കൂടി ഉള്ളതാണ് എന്ന് സാക്ഷാല്‍ ഇ.എം.എസ്സിനോട് കലഹിച്ചു. പോരാട്ടം എന്നത് വെറും വാക്കല്ല അത് ജീവിതത്തില്‍ ഉടനീളം പ്രായോഗികമാക്കണമെന്ന് തെളിയിച്ചു. ഇ.എം.എസ്സിന് തന്നെ ആ കാര്യം ഏറ്റു പറയേണ്ടി വന്നു. വിമര്‍ശിച്ചാല്‍ മാത്രമേ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഇവിടെ നിലയുറപ്പിക്കുവെന്ന് ഇ.എം.എസ് മറുപടി പറഞ്ഞു. ആ അവസ്ഥ ഇന്നും തുടരുകയാണ്. വിമര്‍ശനം എന്നാല്‍ ശരിയായ ദിശാബോധത്തോടു കൂടി സമൂഹത്തെ നയിക്കാനുള്ള കൂടിച്ചേരല്‍ ആണെന്ന് മാക്‌സിസ്റ്റുകള്‍ മനസ്സിലാക്കണമെന്ന് നമ്മെ പഠിപ്പിച്ചു. എന്തിനുവേണ്ടിയാണ് പ്രവര്‍ത്തനം നടത്തുന്നതെന്ന് ഇടയ്ക്കിടെ കമ്യൂണിസ്റ്റുകാരെ ഓര്‍മിപ്പിച്ചു. ജാതി വ്യവസ്ഥയെ മറികടക്കാന്‍ പുതിയ നയതന്ത്രങ്ങള്‍ മെനഞ്ഞു. ദളിതര്‍ വലിയ വലിയ ക്യാപിറ്റലിസ്റ്റുകള്‍ ആവാതെ ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിയെ ഇല്ലായ്മ ചെയ്യുക എളുപ്പമല്ല എന്ന് അഭിപ്രായപ്പെട്ടു. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിന്റെ ഒപ്പം വിദ്യാഭ്യാസവും സാമ്പത്തികവും ഒരു മനുഷ്യന്റെ ജീവിതത്തില്‍ വലിയ ഘടകങ്ങള്‍ ആയി മാറുന്നു. അതുകൊണ്ടാണ് മറ്റുള്ള രാജ്യങ്ങളെക്കാള്‍ ദളിതര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ വലിയ വെല്ലുവിളി നേരിടേണ്ടി വരുന്നത്. തലമുറകള്‍ക്ക് മുമ്പ് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസത്തെ തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറായില്ല എന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു.

27 വര്‍ഷം കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസ്സില്‍ എക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസറായും പിന്നീട് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 10 വര്‍ഷത്തോളം പ്രൊഫസറായും പണിയെടുത്തപ്പോള്‍ ഒക്കെ സമൂഹത്തില്‍ നിരന്തരമായി നിലനില്‍ക്കുന്ന ജാതി വ്യവസ്ഥിതിയെ ഓരോ ഘട്ടത്തിലും ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥികളെ സ്‌നേഹിക്കുകയും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന നല്ലൊരു അധ്യാപകനായിരുന്നു കുഞ്ഞാമന്‍. വിദ്യാര്‍ഥികള്‍ കുഞ്ഞാമന്റെ മുറിയിലേക്ക് എപ്പോഴും കടന്നുവരുകയും ഒരുപാട് ചര്‍ച്ചകള്‍ ചെയ്യുകയും ചെയ്യുന്ന കാലമായിരുന്നു അത്. ഒരിക്കല്‍ ഒരു കുട്ടി കുഞ്ഞാമനെ കെട്ടിപ്പിടിച്ചു കരഞ്ഞു. എനിക്ക് ഇന്‍സ്റ്റ്യൂട്ടില്‍ നല്ല ഭക്ഷണം കിട്ടുന്നുണ്ട് പക്ഷേ അതൊരിക്കലും സന്തോഷപൂര്‍വ്വം കഴിക്കാന്‍ സാധിക്കുന്നില്ല, ഇറങ്ങാത്ത അവസ്ഥയാണ്. എന്റെ അമ്മ വീട്ടുപണിക്കാരിയാണ് സഹോദരങ്ങളും അമ്മയും ഒരിക്കല്‍പോലും ഇതുപോലെത്തെ ഭക്ഷണം ഇതുവരെ കഴിച്ചിട്ടില്ല. അത് ആലോചിച്ചിട്ടാണ് എനിക്ക് ഇവിടെ ഭക്ഷണം കഴിക്കാന്‍ പറ്റാത്തത് കുഞ്ഞാമന്‍ ആ കുട്ടിയെ കേള്‍ക്കുകയല്ല ചെയ്തത് മറിച്ച് അവളുടെ സാഹചര്യങ്ങള്‍ അനുഭവിക്കുകയാണ് ചെയ്തത്. ബാല്യകാലത്തില്‍ എച്ചിലില എടുത്ത് അതില്‍ കിട്ടുന്ന ഭക്ഷണങ്ങള്‍ കഴിച്ചാണ് താനും കുടുംബവും കഴിഞ്ഞതെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. ആ സാഹചര്യമാണ് ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തില്‍ ഉള്ളതെന്നും അദ്ദേഹം ഇതിലൂടെ മനസ്സിലാക്കി. ദളിതരുടെ അവസ്ഥ ജന്മി അടിയാന്‍ കാലഘട്ടം മുതല്‍ ഇന്നുവരെ ഇങ്ങനെ തന്നെയാണ് തുടരുന്നത്. സാമ്പത്തികാവസ്ഥയും ജീവിത സാഹചര്യവും മാറിയില്ലെങ്കില്‍ ഇനിയും ദളിതര്‍ക്ക് ഇന്ത്യയില്‍ ഇങ്ങനെ തന്നെ ജീവിക്കേണ്ടി വരുമെന്ന് അദ്ദേഹം കുറിച്ചിടുന്നു. തന്റെ സമൂഹത്തിന്റെ അവസ്ഥ താന്‍ അല്ലാതെ മറ്റാരും എടുത്തു പറയില്ല എന്ന ഉത്തമ ബോധം അദ്ദേഹത്തെ എല്ലാ കാലത്തും നയിച്ചു. അങ്ങനെയാണ് ലോകത്തിലുള്ള എല്ലാ സിദ്ധാന്തങ്ങളെയും പഠിച്ച് അതിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയത്. എതിര്‍ എന്ന ആത്മകഥ അദ്ദേഹത്തിന്റെ ജീവിതം മാത്രം പങ്കുവയ്ക്കുന്നതല്ല. മറിച്ച് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് തഴയപ്പെടുന്ന സാധാരണക്കാരന്റെ ജീവിതം വളരെ സൂക്ഷ്മമായി പ്രതിപാദിക്കുന്ന കൃതിയും കൂടിയാണ്. ഇന്നും ആ അവസ്ഥ അങ്ങനെ തന്നെ തുടരുന്നു. കേരളം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഈ കാര്യങ്ങളില്‍ ഒരല്‍പം മാത്രമാണ് മുന്നേറിയിട്ടുള്ളത്. ഇനിയും ബഹുദൂരം ഉണ്ടെന്ന് ഇടയ്ക്കിടെ നമ്മുടെ ഭരണാധികാരികളോട് നിരന്തരമായി എടുത്തു പറയുകയും ചെയ്തു. രോഹിത് വെമുലയുടെ ആത്മഹത്യ ഇന്ത്യന്‍ സമൂഹത്തെ പുറകിലോട്ട് നയിക്കുന്ന സ്ഥിതിയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് യുവാക്കള്‍ ധീരതയോടെ പോരാടണമെന്നും വിദ്യാഭ്യാസം കൊണ്ട് എല്ലാ വെല്ലുവിളികളെയും മറികടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഡോ. എം കുഞ്ഞാമൻ
നൂറ്റാണ്ടുകളായി ഈ രാജ്യത്ത് ദളിതര്‍ അനുഭവിക്കുന്ന വേദനകളും പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും അധിക്ഷേപങ്ങളും അതുപോലെ തന്നെ ഇന്നും തുടരുന്നുവെന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും ഈ അവസ്ഥയില്‍ വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം പൊതുസമൂഹത്തെ ബോധിപ്പിച്ചു. മാത്രമല്ല നമ്മുടെ ഭരണകൂടങ്ങള്‍ക്ക് എപ്പോഴും സവര്‍ണ്ണ സ്വഭാവമാണ് ഉള്ളത് എന്നും ഭരണകൂടവും പൊതുസമൂഹവും ദളിതരെ എന്നും ദളിതരായി മാത്രമാണ് കാണുന്നതെന്നും ദളിതരോട് ഒരിക്കല്‍ പോലും ഒരു ഭരണകൂടവും ആത്മാര്‍ത്ഥത പുലര്‍ത്തിയിട്ടില്ല എന്നും ഭരിക്കുന്നവരെല്ലാം സവര്‍ണ്ണതയോട് പരിഭാഷപ്പെടുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം തന്റെ സാമൂഹിക അനുഭവങ്ങളിലൂടെ ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിലെ എല്ലാ ഘടകങ്ങളിലും ഫ്യൂഡല്‍ സമ്പ്രദായം ഇനിയും വാഴുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. വീട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു പല സ്ഥാപനങ്ങളിലും വിധേയത്വം ഉള്ളവരായി ജീവിക്കണമെന്ന് പറയുന്നത് തന്നെ ഒരുതരത്തിലുള്ള ഫ്യൂഡല്‍ വ്യവസ്ഥിതിയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമൂഹത്തിലെ മറ്റുള്ള സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ഫ്യൂഡല്‍ സംവിധാനം ശക്തമായി തുടരുന്നു. അതിനെതിരായി വിദ്യാര്‍ത്ഥികള്‍ പൊരുതണമെന്നും വിദ്യാര്‍ത്ഥികളോട് പറഞ്ഞുവയ്ക്കുന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരേപോലെ ഇത്തരത്തിലുള്ള ഫ്യൂഡല്‍ സംവിധാനങ്ങളില്‍ നിന്നും മാറ്റം ആഗ്രഹിച്ചാല്‍ മാത്രമാണ് അക്കാദമിക സമൂഹത്തില്‍ ഉള്ള ഫ്യൂഡല്‍ വ്യവസ്ഥിതിയെ തുടച്ചുനീക്കാന്‍ കഴിയു എന്ന് അദ്ദേഹം നമ്മളെ പഠിപ്പിക്കുന്നു. കുഞ്ഞുനാളില്‍ തന്നെ പാണന്‍ എന്ന് വിളിച്ച അധ്യാപകനോട് ഇനി തന്നെ അങ്ങനെ വിളിക്കേണ്ട എന്ന് പറഞ്ഞതിന് ചെകിടത്ത് അടികൊണ്ടതില്‍ നിന്നും അദ്ദേഹം ഇത്തരത്തിലുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പിന്നീട് നിരന്തരമായി ഈ വ്യവസ്ഥിതിക്കെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുന്നു. തന്റെ മരണംവരെയും അടിമത്തത്തില്‍ നിന്നും ഈ സമൂഹത്തെ വിമോചിപ്പിക്കണം എന്ന ചിന്ത മാത്രമാണ് അദ്ദേഹത്തെ നയിപ്പിച്ചത്.

#outlook
Leave a comment