കുഞ്ഞാമന്റെ ചോദ്യശരങ്ങള്‍ എന്നും വേട്ടയാടിക്കൊണ്ടിരിക്കും
ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനായ ഡോ. കുഞ്ഞാമന് തന്റെ 74 മത്തെ വയസ്സില്‍ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ആര്‍ക്കും തന്റെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി നമ്മെ വിട്ടുപിരിഞ്ഞു. കുഞ്ഞാമന്റെ ജീവിതം പോരാട്ടത്തിന്റെയും വേദനയുടെയും വിജയത്തിന്റെയും ഉദാഹരണങ്ങളായിരുന്നു. പാലക്കാട് ജില്ലയിലെ ഒരു കുഗ്രാമത്തില്‍ ജന്മിത്തത്തിന്റെ പീഡനങ്ങള്‍ നേരിട്ടേറ്റുവാങ്ങി ഭക്ഷണത്തിനുവേണ്ടി അക്ഷരാര്‍ത്ഥത്തില്‍ മല്‍പിടുത്തം നടത്തി ജീവിച്ച ആ കൊച്ചുകുട്ടി വളരെ വേഗം കേരളത്തിന്റെ സാമ്പത്തികശാസ്ത്ര മണ്ഡലത്തില്‍ ശ്രദ്ധേയനായി.
എംഎ പരീക്ഷയില്‍ ഒന്നാംറാങ്കോടെ വിജയിച്ച ഡോ. കുഞ്ഞാമന് തന്റെ അക്കാദമിക് ജീവിതത്തില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എങ്കിലും അദ്ദേഹം എന്നും ഓരോ നിമിഷവും ഓര്‍ത്തത് തന്റെ തിക്തപൂര്‍ണമായ ജീവിതത്തെ കുറിച്ച് മാത്രമായിരുന്നില്ല. മറിച്ച് അത്തരത്തില്‍ ജീവിച്ചവരും ഇന്നും ജീവിക്കുന്നവരുമായ ലക്ഷോപലക്ഷം ഇന്ത്യക്കാരെ കുറിച്ചും അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളെ കുറിച്ചുമായിരുന്നു. സാമൂഹ്യമായ അടിച്ചമര്‍ത്തല്‍ എങ്ങനെയാണ് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ലോകത്തെ ഏറ്റവും വികൃതസാമൂഹികരൂപമായി മാറുന്നതെന്ന് അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും കണക്കുകളിലൂടെയും നമ്മുടെ മുന്നില്‍ വരച്ചുകാട്ടിയ മഹത്ത് വ്യക്തിത്വമായിരുന്നു ഡോ. കുഞ്ഞാമന്‍.
അദ്ദേഹത്തിന്റെ ഡസന്‍ കണക്കിന് പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഏതാണ്ട് 43 വര്‍ഷം മുമ്പാണ് ഞാന്‍ കുഞ്ഞാമനെ പരിചയപ്പെടുന്നത്. എകെജി സെന്ററില്‍ നടന്നിരുന്ന ഇഎംഎസും കെഎം രാജും അടക്കം പങ്കെടുത്തിരുന്ന വേദികളില്‍ പുരോഗമന അജന്‍ഡകളുടെ പോരായ്മകളെ കുറിച്ച് നിശിതമായ ഭാഷയില്‍ സംസാരിച്ചിരുന്ന കുഞ്ഞാമന്റെ മുഖം എനിക്ക് ഇന്നും ഓര്‍മയുണ്ട്. കേരളത്തിന്റെ ഭൂപരിഷ്‌കരണത്തിന് ഭരണപരമായി നേതൃത്വം കൊടുത്ത ഇഎംഎസും ഗൗരിയമ്മയും എല്ലാം പങ്കെടുക്കുന്ന വേദികളില്‍ ദലിത് സമൂഹം ഭൂപരിഷ്‌കരണത്തിന്റെ നേട്ടങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയാണ് ഉണ്ടായതെന്ന കുഞ്ഞാമന്റെ നിശിതമായ വിമര്‍ശനം എല്ലാവര്‍ക്കും രുചികരമായിരുന്നില്ല. പക്ഷേ, ആര്‍ക്ക് രുചിക്കും എന്ന് നോക്കിയായിരുന്നില്ല അദ്ദേഹം തന്റെ അറിവ് പുറത്തെടുത്തിരുന്നത്.
ഡോ. എം കുഞ്ഞാമന്‍
കുഞ്ഞാമന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടത്തിയ വിമര്‍ശനം ഇന്നും അതേപടിയല്ലെങ്കിലും അതിനു സമാനമായ തരത്തില്‍ ഇന്ത്യയിലും കേരളത്തിലും നിലനില്‍ക്കുകയാണ്. ഭൂമിയുടെ ഉമസ്ഥതയിലേക്ക് കടന്നുവരാത്ത ദലിത് സമൂഹം സംവരണം പോലെയുള്ള സര്‍ക്കാര്‍ നടപടികളിലൂടെ ആശ്വാസം കണ്ടെത്തേണ്ടതായി വന്നു. സ്വത്തിന്റെ വിഭജനത്തിന്റെ പേരില്‍ ദലിത് സമൂഹം മാറ്റിനിര്‍ത്തപ്പെട്ടു. ഒബിസി വിഭാഗങ്ങള്‍ക്ക് ഉണ്ടായ നേട്ടങ്ങള്‍ പോലും സ്വത്ത് വിഭജനത്തിന്റെ കാര്യത്തില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ദലിത് സമൂഹത്തിന് ഉണ്ടായില്ലെന്നു കുഞ്ഞാമന്റെ വിമര്‍ശനം ഇന്നും സജീവമായി നില്‍ക്കുന്നതിനിടയിലാണ് അദ്ദേഹം ആരോടും പരിഭവം പറയാതെ നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി പ്രൊഫസറായും യുജിസി അംഗമായും കുഞ്ഞാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഗത്ഭനായ പ്രൊഫസറായി അദ്ദേഹം തന്റെ അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് സമൂഹത്തിനും പകര്‍ന്നുനല്‍കിയിട്ടുണ്ട്. പക്ഷേ, ഇവിടെയൊന്നും കുഞ്ഞാമന് പൂര്‍ണമായ തൃപ്തി ഉണ്ടായിരുന്നില്ല. കുഞ്ഞാമന്റെ മനസ്സ് എന്നും അലയടിക്കുന്ന കടലായിരുന്നു. മരണം വരെയും അത് ശാന്തമായില്ല. തിരകള്‍ക്ക് പുറമെ മറ്റു തിരകള്‍ വരുന്നതുപോലെ അദ്ദേഹത്തിന്റെ ചിന്തകള്‍ എന്നും ചെറുതിരകളും വന്‍തിരകളുമായി നമ്മുടെ മുന്നിലേക്ക് വന്നലച്ചുകൊണ്ടിരുന്നു.
വ്യക്തിജീവിതത്തിലും ചില തിരിച്ചടികള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്റെ മകള്‍ നഷ്ടപ്പെട്ടു. രോഗത്തിന് പലപ്പോഴും അടിമപ്പെടുന്ന സ്ഥിതിയുണ്ടായി. സഹധര്‍മിണിയുടെ ചികിത്സയും അദ്ദേഹത്തിന് വേദനയായിരുന്നു. പക്ഷേ, ആ കുടുംബം കേരളീയ സമൂഹത്തില്‍ വലിയ വിളക്കായി തന്നെ നിലകൊള്ളുകയാണ്. എത്രയോ വേദനാജനകമായ അന്തരീക്ഷത്തില്‍ ജനിച്ചാലും അതിനോട് പടപൊരുതിക്കൊണ്ട് ആരുടെയും മുന്നില്‍ തലകുനിക്കാതെ കേരളത്തില്‍ ഉയര്‍ന്നുനില്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ച മഹത്‌വ്യക്തിത്വമാണ് ഡോ. കുഞ്ഞാമന്‍. അദ്ദേഹത്തിന്റെ ചലനമറ്റ മുഖത്തേക്ക് നോക്കാന്‍ വളരെയേറെ പരിചയമുണ്ടായിരുന്ന ഞാനടക്കമുള്ള നിരവധിപേര്‍ക്ക് വലിയ വിഷമമുണ്ട്.
എന്നും ശബ്ദിച്ച കുഞ്ഞാമന്റെ ശബ്ദം ഇനിയില്ലെങ്കിലും, ചിതയില്‍ ഒടുങ്ങിക്കഴിഞ്ഞാലും കുഞ്ഞാമന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ കേരളത്തെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. അതിനു മറുപടി പറയാതെ, അതിനു പരിഹാരമുണ്ടാക്കാതെ അതില്‍ നിന്നും ഒളിച്ചോടാന്‍ അക്കാദമിക് പണ്ഡിതന്മാര്‍ മുതല്‍ സാമൂഹിക-രാഷ്ട്രീയ നായകന്മാര്‍ക്കാര്‍ക്കും സാധിക്കുകയില്ല. ഡോ. കുഞ്ഞാമന്‍... താങ്കള്‍ താങ്കളുടെ പോരാട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഓടിത്തളരാതെ എന്നും ചോദ്യശരങ്ങളയച്ചുകൊണ്ട് ഒഴിയാത്ത ആവനാഴിയുടെ ഉടമസ്ഥനായി കേരളീയസമൂഹത്തിന്റെ മുന്നില്‍ ചെറുചിരിയോടുകൂടിനിന്ന് കുഞ്ഞാമന്‍ കേരളീയ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിലെ ഒരിക്കലും അണയാത്ത നക്ഷത്രമായി നമ്മോടൊപ്പം ഉണ്ടായിരിക്കും.