TMJ
searchnav-menu
post-thumbnail

Outlook

എം.ടി എന്നുള്ള രണ്ടക്ഷരമല്ലയോ...

19 Jul 2023   |   7 min Read
അന്‍വര്‍ അബ്ദുള്ള

വാക്കുകള്‍ കൊണ്ടു കളിക്കുന്ന കുട്ടിയാണ് എന്നും എം.ടി. എം.ടി.ക്ക് നവതി. ഏകാന്താള്‍ക്കൂട്ടങ്ങളുടെ തൊണ്ണൂറ് വര്‍ഷങ്ങള്‍.
1933
ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ അധികാരത്തിലേറിയ വര്‍ഷം. തകഴി ശിവശങ്കരപ്പിള്ളയുടെ ആദ്യ നോവല്‍ ത്യാഗത്തിന് പ്രതിഫലം എഴുതിയ വര്‍ഷം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപംകൊണ്ട വര്‍ഷം. മലയാള സാഹിത്യവും സിനിമയും കൈകോര്‍ത്ത ആദ്യ നിമിഷമായ മാര്‍ത്താണ്ഡവര്‍മ്മ പുറത്തുവന്ന വര്‍ഷം. ഇങ്ങനെ, സംക്രമണ സ്ഥലകാലങ്ങളുടെ, മനോഭാവങ്ങളുടെ സംഗമസന്ദര്‍ഭത്തിലാണ് എം.ടി. വാസുദേവന്‍ നായരുടെ ജനനം. മലയാളിയുടെ അനുഭൂതി ജീവിതത്തിലെ സുപ്രധാനമായ ചരിത്രത്തിരിവില്‍.
ആയിരത്തിത്തൊള്ളായിത്തി നാല്പതുകള്‍.
അതിനുമുന്‍പത്തെ അര നൂറ്റാണ്ടുകാലത്ത് നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ വിവിധധാരകള്‍ ഉഴുതുമറിച്ചിട്ട കേരളീയ സാമൂഹിക ജീവിതഭൂമികയില്‍ സാഹിത്യം തുടര്‍ച്ചലനങ്ങളുടെ തരംഗങ്ങള്‍ ഉണര്‍ത്തിയ കാലം. തകഴിയും ബഷീറും കേശവദേവും വൈലോപ്പിള്ളിയും ജി. ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും ഇടശ്ശേരിയും പി. കുഞ്ഞിരാമന്‍ നായരും എഴുത്തില്‍ ഭാവശില്പപരവും പ്രമേയപരവുമായ പരീക്ഷണങ്ങള്‍ പടര്‍ത്തുമ്പോള്‍ വാസു എന്ന കുട്ടി, ബാല്യകൗമാരങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. വിഷാദച്ഛായ പുരണ്ടതെങ്കിലും ഉദ്വിഗ്‌നമായ തന്റെ ജീവിത പരിസരത്തില്‍ ആ കുട്ടി ഒറ്റയ്ക്ക് കളിക്കാവുന്ന ഒരു കളി കണ്ടെടുത്തു.
വാക്കു കൊണ്ടു കളിക്കാവുന്ന കളി.
ഓര്‍മ്മ കൊണ്ട് കളിക്കാവുന്ന കളി.

കൂടല്ലൂര്‍ മലമക്കാവ് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലാണ് എംടിയുടെ വിദ്യാഭ്യാസം ആരംഭം. പിന്നീട് കുമരനല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനം തുടര്‍ന്നു. കേരളത്തില്‍ പൊതുവിദ്യാലയങ്ങള്‍ വ്യാപിച്ചു തുടങ്ങുന്ന കാലമാണത്. മാറ്റങ്ങളുടെ ഒന്നാം പാഠം. എം.ടി. പഠിച്ച സ്‌കൂളുകള്‍ക്ക് എം.ടി.യേക്കാള്‍ ആറോ ഏഴോ വയസ്സേ കൂടുതലുള്ളൂ.
കുട്ടിക്കാലം അച്ചുകുത്തിയ ഓര്‍മകള്‍.
അതീവ സൂക്ഷ്മമായ ഓര്‍മ. 
അളന്നു തെരഞ്ഞെടുത്ത വാക്കുകള്‍. 
അഴിച്ചെടുക്കുമ്പോള്‍ അര്‍ത്ഥം മാറുന്ന ഓര്‍മകള്‍. തുടച്ചുനോക്കുമ്പോള്‍ തെളിഞ്ഞു കത്തുന്ന വാക്കുകള്‍.


PHOTO: WIKI COMMONS

വിലാപയാത്രയിലെ എഴുത്തുകാരനായ ഉണ്ണി എം.ടി.യുടെ ആത്മാംശം പേറുന്ന കഥാപാത്രമാണ്. ജനിക്കും മുന്‍പ് തങ്ങള്‍ക്കിടയില്‍ വന്ന് പതുങ്ങി നില്‍ക്കുകയായിരുന്നോ ഉണ്ണി എന്ന് ഏട്ടനായ രാജന്‍ ആശ്ചര്യപ്പെടുന്നുണ്ട് ഈ നോവലില്‍. ഉണ്ണിയെപ്പോലെ എം.ടി.യും ജനിക്കും മുന്‍പുള്ള കാലത്തെക്കൂടി എഴുതുന്നു. എം.ടി.യുടെ രചനാപ്രപഞ്ചം സൃഷ്ടിക്കുന്ന ചരിത്രമണ്ഡലം 1920 മുതല്‍ 2000 വരെയുള്ള കേരളത്തിന്റെതാണ്. എം.ടി. ജനിക്കുന്നത് 1920നും ഒരു വ്യാഴവട്ടം പിന്നിട്ടിട്ടാണെങ്കിലും നാലുകെട്ടും അസുരവിത്തും തന്റെ പിറവിയെയും ഒരു വ്യാഴവട്ടത്തിനപ്പുറം താണ്ടി അപ്പുറത്തുനിന്നു തുടങ്ങുന്നതുകാണാം. ആധുനികകേരളത്തിന്റെ ഓര്‍മയിലെ ഏറ്റവും പഴയ, വലിയ വെള്ളപ്പൊക്കമായ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കവും ആ കൃതികളിലുണ്ട്. പരിണാമകേരളത്തിന്റെ ഏറ്റവും വലിയ ചോരപ്രളയവും ഉണങ്ങാത്ത മുറിവുമായ 1921ലെ മലബാര്‍ കലാപത്തിന്റെ അനുഭവരാശി അതിലുണ്ട്. അടിയടരുകളില്‍ ആ എഴുത്തുകള്‍ അങ്ങനെ, ഒന്നാം ലോകയുദ്ധാനന്തര കാലത്തെ, സ്വാതന്ത്ര്യം നേടിയെടുക്കുന്ന ഇന്ത്യയിലെ, ഐക്യകേരളത്തിന്റെ ആത്മകഥാകുറിപ്പുകള്‍ കൂടിയാകുന്നു.
കാലപ്പകര്‍ച്ചകള്‍
ജീവിതപരിണാമങ്ങള്‍
99ലെ വെള്ളപ്പൊക്കം
1921ലെ മലബാര്‍ കലാപം
മുപ്പതുകളിലെ തീവ്രവിപ്ലവ മനോഭാവങ്ങള്‍
മരുമക്കത്തായ നിരോധനനിയമം
നാല്പതുകളിലെ സാഹിത്യ ഭാവുകത്വപരിണാമം 
1942ലെ കോളറ.
ചന്തുമേനോന്‍ കണ്ട സുന്ദരസ്വപ്നത്തില്‍നിന്ന് വ്യത്യസ്തമായി നാലുകെട്ടുകളില്‍ സംഭവിച്ച ദുരന്തം.
ആഹ്ലാദത്തിന്റെ പുതുകലയായെത്തി വികാരജീവിതത്തിന്റെ ചിത്രാക്ഷരമാലയും ഭാവബാലപാഠവും പഠിപ്പിച്ച ചലച്ചിത്രകലയുടെ ആവിര്‍ഭാവവും അരങ്ങടക്കലും...
ഇവയെല്ലാം ചേര്‍ന്നാണ് എം.ടി.യെ വാക്കുകൊണ്ട് കളിക്കുന്ന അധീരനായ കുട്ടിയില്‍നിന്ന്, കടലാസുവഞ്ചിയുണ്ടാക്കി അജ്ഞാത ആള്‍ക്കൂട്ടത്തിലേക്കൊഴുക്കുന്ന, ധൈര്യം ഭാവിക്കുന്ന കൗമാരക്കാരനാക്കിത്തീര്‍ത്തത്. ആദ്യകഥയുടെ പേര് ഉന്തുവണ്ടി എന്നായിരുന്നു. സ്‌കൂള്‍ സാഹിത്യ സമാജത്തിന്റെ കയ്യെഴുത്തുമാസികയായ വിദ്യാര്‍ത്ഥിമിത്രത്തില്‍ കഥ വന്നു. 1948 ല്‍ ചിത്രകേരളത്തില്‍ പ്രസിദ്ധീകരിച്ച വിഷുക്കൈനീട്ടമാണ് ആദ്യത്തെ മുഖ്യധാരാപ്രകാശിതരചന. എവിടെയോ ഇരുന്ന് ആരോ, ആരൊക്കെയോ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തിരിച്ചറിവിലേക്കുള്ള ആദ്യചുവട്.

അനേകധാരകള്‍ ഉള്‍ച്ചേര്‍ന്ന് മഹാസഞ്ചയമായി നിലനിന്ന ഒരു സമഗ്രവ്യവസ്ഥ അടരടരായി തകര്‍ന്നഴിഞ്ഞ് മറ്റൊരു ക്രമം വികസിച്ചു വരുന്ന കാലത്തിലൂടെ എം.ടി. നീങ്ങുകയായിരുന്നു.
1940 കളെ വിഹ്വലമാക്കിയ രണ്ടാംലോക മഹായുദ്ധം.
കൊളോണിയലും ഫ്യൂഡലുമായ ക്രമങ്ങളുടെ പതനം.
1947 ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രാപ്തി.
1956 ലെ ഐക്യകേരള രൂപീകരണം.
പാക്ക്  ചൈനീസ് യുദ്ധങ്ങള്‍.
നെഹ്‌റുവിയന്‍ യുഗമുഖച്ഛായകള്‍... 
വിപരിണാമങ്ങള്‍....
ഈ മഹാപശ്ചാത്തലത്തിനു സമാന്തരമായി കൂടല്ലൂര്‍ എന്ന ഗ്രാമത്തിന്റെ മാറ്റങ്ങള്‍. പാലക്കാട്, കോഴിക്കോട്, പിന്നീട് മദിരാശി, ബോംബെ എന്നിങ്ങനെ കൂടുതല്‍ക്കൂടുതല്‍ വലിയ നഗരങ്ങളുടെ ചരിത്ര ജീവിതത്തില്‍ എം.ടി. ഭാഗഭാക്കാവുന്നു. ഇങ്ങനെ കേരളീയവും ഭാരതീയവുമായ ജീവിതവ്യതിയാനത്തിന്റെ ശിഥിലപശ്ചാത്തലം. ഇവയുടെ ആന്തരമര്‍മ്മരങ്ങളില്‍, വ്യക്തി, കുടുംബം, സൂക്ഷ്മ വ്യവസ്ഥകള്‍ എന്ന അമൂര്‍ത്തപശ്ചാത്തലം; ഇതാണ്, എം.ടി.യുടെ എഴുത്തിന്റെ ചരിത്രമൂല്യം. അതിന്റെ നിര്‍മിതിയിലെ രൂപശില്പപരീക്ഷണങ്ങളാണ് അതിന്റെ സൗന്ദര്യമൂല്യം. അതിന്റെ ഭാവാന്തരീക്ഷമാണ് സാഹിത്യമൂല്യം. അധികാരം മൂലകേന്ദ്രമായ വ്യവസ്ഥകളുടെ ആന്തരയാഥാര്‍ത്ഥ്യം അന്വേഷിക്കുന്ന ദാര്‍ശനികമായ ജിജ്ഞാസയാണതിന്റെ രാഷ്ട്രീയ മൂല്യം, ദര്‍ശനമൂല്യം. നാല്പതുകളുടെ അവസാനത്തില്‍ പള്ളിപ്പുറം സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട തീവണ്ടിയില്‍ ഒരു കൗമാരക്കാരന്‍ യാത്ര തിരിച്ചു. പാലക്കാട് എന്ന പട്ടണത്തിലേക്ക്. പാലക്കാട് എന്ന നഗരാനുഭവമാണ് എം.ടി.യെ സൃഷ്ടിച്ചത്. ചക്രവര്‍ത്തിനിയുടെ കലാലയം.
അവിടെ ഇല്ലായ്മയെ ആഘോഷിച്ച കൗമാരം. അതു വായിച്ചറിയാന്‍ കാലം എന്ന നോവലിലെ സേതുവിന്റെ ജീവിതം ഇടമേകുന്നുണ്ട്. ബദ്ധസംഘര്‍ഷങ്ങളെ വാണിഭലീലയായി കാണാന്‍ പ്രേരിപ്പിച്ച വലിയങ്ങാടിയിലെ സായാഹ്ന സഞ്ചാരങ്ങള്‍, ഹോസ്റ്റല്‍വാസം എന്ന അനുഭവം, എഴുത്തിനു പ്രതിഫലം ലഭിച്ചതിന്റെ ആത്മഹര്‍ഷം, സിനിമയെന്ന സ്വപ്നവ്യാപാരശാല. 1953ല്‍ ബിഎസ്സി പാസാകുമ്പോള്‍ എം.ടി. ആദ്യപുസ്തകം പ്രസിദ്ധപ്പെടുത്തിയ എഴുത്തുകാരനാണ്. രക്തം പുരണ്ട മണല്‍ത്തരികള്‍.


PHOTO: WIKI COMMONS
ആഗ്രഹിക്കുന്നതും ആയിത്തീരുന്നതും തമ്മിലെ വൈരുദ്ധ്യം എം.ടി.യുടെ ഭാവപ്രപഞ്ചത്തെ നിര്‍ണയിക്കുന്നുണ്ട്. എഴുത്തിന്റെ വഴികളില്‍ ഭാഗ്യം ചെയ്ത മുന്നേറ്റം എന്നു പുറമേ കാണുന്നവര്‍ക്കു തോന്നാം. എന്നാല്‍, യാതനയുടെയും സഹനത്തിന്റെയും മടുപ്പിന്റെയും പ്രയാസങ്ങള്‍ അതിനു പിന്നില്‍ നിരന്തരമുണ്ട്. ജോലിതേടലും തിരസ്‌കാരവും മ്ലാനതയും സാമ്പത്തികാരക്ഷിതാവസ്ഥയും എല്ലാം.
1954 മാതൃഭൂമി വാരികയുടെ ലോക കഥാമത്സര പുരസ്‌കാരം വളര്‍ത്തുമൃഗങ്ങള്‍ക്കു കിട്ടി. തൊട്ടുപിന്നാലെ ഉപപത്രാധിപരായി ഉദ്യോഗവും. അങ്ങനെ കോഴിക്കോടെന്ന മഹാനഗരത്തിലേക്ക്. പിന്നീട്, എം.ടി. പറയുന്നത്, കഥയും സമ്മാനവും ജോലികിട്ടാന്‍ ഉപകരിച്ചുവെങ്കിലും ആ കഥ പില്‍ക്കാലത്ത് തനിക്കു തൃപ്തി തോന്നിയിട്ടില്ലാത്ത ഒന്നാണെന്നാണ്. 

എസ്.കെ. പൊറ്റെക്കാട്ട്, ഉറൂബ്, എം.വി.ദേവന്‍, തിക്കോടിയന്‍, ബഷീര്‍... കോഴിക്കോട്ടെ സാംസ്‌കാരികസഖ്യത്തിലേക്ക് പ്രവേശം നേടിയ നാളുകള്‍. ആദ്യം പരിചയപ്പെട്ട മഹാനഗരം ആള്‍ക്കൂട്ടത്തില്‍ തനിയെ ആകാന്‍ പരിശീലനം നല്‍കിയ തെരുവുകള്‍.
എന്‍.പി. മുഹമ്മദ് - ആത്മീയസാഹോദര്യം പ്രകാശിച്ച ഒരു അവിസ്മരണീയ സൗഹൃദത്തിന്റെ സര്‍ഗാത്മകദിനങ്ങള്‍. പാലക്കാട്ടു വച്ച് അധികം അടുത്തു വരാതിരുന്ന സിനിമ എം.ടി.യുടെ ഇഷ്ടവിനോദമാകുന്നതും കോഴിക്കോട്ടു വച്ചാണ്. ക്രൗണിലും രാധയിലും കണ്ട ഹിന്ദി -ഇംഗ്ലീഷ് -തമിഴ് സിനിമകള്‍. ടൗണ്‍ഹാളിലെ സുഗന്ധസന്ധ്യകള്‍....
1953 ല്‍ ഇരുപതാം വയസ്സില്‍ ആദ്യ കഥാസമാഹാരം, രക്തംപുരണ്ട മണല്‍ത്തരികള്‍, പ്രസിദ്ധപ്പെടുത്തിയതിനുശേഷം 1956 ല്‍ കേരളം രൂപപ്പെടുമ്പോള്‍ എം.ടി. നോവലിസ്റ്റ് ആയി. പാതിരാവും പകല്‍വെളിച്ചവും വെളിച്ചം കണ്ടത് ആ വര്‍ഷം. 1958 ല്‍ ഇരുപത്തിയഞ്ചാം വയസ്സില്‍ നാലുകെട്ട്. ഇരുണ്ട അറകളുള്ള, അകത്തേക്കുമാത്രം തുറക്കുന്ന വാതിലുകളുള്ള നാലുകെട്ടിന്റെ ചുവരുകള്‍ തട്ടിനിരത്തി അകത്തേക്ക് വെളിച്ചം പ്രസരിച്ച കഥയാണ് നാലുകെട്ട്. നാലുകെട്ടിലെ അപ്പുണ്ണിയും അമ്മയും എം.ടി.യും അമ്മയുമാണെന്ന് കരുതുന്ന അനേകരുണ്ട്. എം.ടി. വായനകളെ വഴിതെറ്റിക്കുന്ന ഒരു മിഥ്യാ ഭ്രമമാണത്. അതും അതില്‍ ലയിച്ചുചേര്‍ന്നു ചാരുത വിരിയിക്കുന്നു എന്നും പറയാം. 1956 ലാണ് ഉറൂബിന്റെ ഉമ്മാച്ചു പുറത്തുവരുന്നത്. തൊട്ടുപിന്നാലെ നാലുകെട്ടും. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ നോവല്‍ പുരസ്‌കാരം ഉമ്മാച്ചു നേടി. രണ്ടാമത്തേത് നാലുകെട്ടിനായിരുന്നു. 1968ല്‍ പുറത്തുവന്ന ഖസാക്കിന്റെ ഇതിഹാസത്തിനു തൊട്ടുപിന്നാലെയാണ് എംടി യുടെ കാലം പുറത്തിറങ്ങുന്നത്. നവോത്ഥാനത്തില്‍ നിന്ന് ആധുനികതയിലേക്ക് എം.ടി. തൊട്ടുനില്‍ക്കുന്നു. വായനക്കാരെ കാലം കടത്തിവിടുന്ന കടത്തുവഞ്ചിയായി.

എം.ടി.യുടെ ജനനവുമായി ബന്ധപ്പെട്ട് ഒരു സംഭവമുണ്ട്. മൂന്നാണ്‍കുട്ടികള്‍ക്കുശേഷം പെണ്‍കുട്ടി പിറക്കാന്‍ ആഗ്രഹിച്ച മാതാപിതാക്കള്‍ക്ക് ലഭിച്ചത് ആണ്‍കുട്ടിയെത്തന്നെ. അനാരോഗ്യം കാരണം അലസിപ്പിക്കാന്‍ ചിന്തിച്ച് അമ്മ കഴിച്ച നാടന്‍ ഛിദ്രൗഷധങ്ങളെ അതിജീവിച്ചു പിറന്ന കുട്ടി. എം.ടി.യുടെ ജീവിതത്തിലെ, എഴുത്തിലെ, തിരസ്‌കൃതബോധത്തിനും അതിജീവനത്വരയ്ക്കും ആധാരം ഈ ജന്മാവകാശമായിരിക്കാം.


PHOTO: WIKI COMMONS
ആദ്യം എഴുതിയ കഥകളില്‍ തുറന്ന നര്‍മം സൃഷ്ടിക്കാനുള്ള ശ്രമം കാണാം. രാജി, പുതിയ അടവുകള്‍, ഒരദ്ധ്യാപകന്‍ ജനിക്കുന്നു തുടങ്ങിയവ. എന്നാല്‍, മന്ത്രവാദി ഒരു വിച്ഛേദബിന്ദുവാണ്. എഴുത്തിന്റെ മന്ത്രവിദ്യ എം.ടി. സ്വായത്തമാക്കുന്നതിന്റെ ആദ്യപടി. നര്‍മം വെടിഞ്ഞ് അടക്കിപ്പിടിച്ച ഒരു ഊഷ്മളത ഉള്‍ച്ചേര്‍ക്കാനുള്ള ഉദ്യമം.
മന്ത്രവാദിയില്‍ നിന്നും വെളിച്ചപ്പാടിലേക്ക് എത്തുമ്പോഴാണ് പിന്നീട് നാം കണ്ട എം.ടി.യന്‍ രചനാപൂര്‍ണത ആദ്യം വെളിച്ചപ്പെടുന്നത്. കേരളപ്പിറവി വര്‍ഷത്തിലാണ് എം.ടി. പള്ളിവാളും കാല്‍ച്ചിലമ്പും എഴുതുന്നത്.
ഒരു നിര്‍മ്മാല്യകാലം.
1959 ല്‍ എന്‍.പി. മുഹമ്മദുമായിച്ചേര്‍ന്ന് അറബിപ്പൊന്ന്.
56 ലെ പൊതുതെരഞ്ഞെടുപ്പ് മുതലുള്ള രണ്ടുമൂന്നു വര്‍ഷത്തെ കഥയാണ് അറബിപ്പൊന്ന്. ഐക്യകേരള നാഗരികതയിലെ അധോലോക വ്യവഹാരങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ സാഹചര്യത്തെ വികാരഭരിതമായി നോക്കിക്കാണുന്നു ആ നോവല്‍.
നായര്‍ സമുദായത്തിന്റെ സാമ്പത്തികവും ആത്മീയവുമായ പതനത്തിന്റെ ചിത്രം വരച്ചതിനു ശേഷം മറ്റൊരു പതനത്തിന്റെ ചരിത്രരചനയായി, അറബിപ്പൊന്ന്. 
1962 ല്‍ അസുരവിത്ത്. മലയാള നോവലിലെ മാസ്റ്റര്‍ പീസ് എന്ന് പ്രമുഖ നിരൂപക പ്രൊഫസര്‍ എം. ലീലാവതി വിശേഷിപ്പിച്ച നോവല്‍. നിളയുടെ തീരത്തെ ജീവിതം ആഴത്തില്‍ പതിഞ്ഞ രചന.
ഈ തീരത്തു നിന്നാണ് എം.ടി. മദിരാശിയിലേക്കും  ബോംബെയിലേക്കും അമേരിക്കയിലേക്കും പുറപ്പെട്ടത്. ഈ തീരത്തേക്കാണ്  തിരിച്ചെത്തിയത്. അറിയാത്ത മഹാസമുദ്രങ്ങളെക്കാള്‍ അറിയുന്ന നിളാനദിയാണ് തനിക്ക് പത്ഥ്യമെന്ന് എം.ടി. പറഞ്ഞത് 1968ലാണ്. പക്ഷേ, അതിനു മുന്‍പേ തന്നെ അപരിചിതമേഖലകളിലേക്ക് എം.ടി. പ്രവേശിച്ചിരുന്നു.

1963 ലാണ് മഞ്ഞിന്റെ പിറവി. ഭാവസാന്ദ്രതകൊണ്ടും ശില്‍പ്പലാവണ്യം കൊണ്ടും വികാരതീവ്രത കൊണ്ടും ഭാഷാപൂര്‍ണത കൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച പൂര്‍ണ്ണത ദീക്ഷിക്കുന്ന മഞ്ഞ്. അപരിചിതമായ മനോമേഖലകളിലേക്കെത്താന്‍ അപരിചിതമായ സ്ഥലജലഹിമരാശികളിലേക്കു കടന്നുകയറുകയാണിവിടെ. ബോധധാരയുടെ മഞ്ഞുപൊഴിയല്‍. വിചാരഭാഷയുടെ വിഭാവനം. 

1953നും 1965നും ഇടയ്ക്ക് എംടി എഴുതിയത് 15 പുസ്തകങ്ങള്‍. 1965 ല്‍ മറ്റൊരു നഗരം എം.ടി.യെ ക്ഷണിച്ചു. മദിരാശി എന്ന മഹാ നഗരം കോടമ്പാക്കം എന്ന സിനിമാനഗരം. ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനും ആയപ്പോള്‍ തന്റെ കഥകളെത്തന്നെ എം.ടി. പ്രധാനമായും ആശ്രയിച്ചു. 1973ല്‍ അടിയന്തിരാവസ്ഥയ്ക്കു തൊട്ടുമുന്‍പ് നിര്‍മ്മാല്യം എന്ന ആദ്യ സംവിധാനചിത്രത്തിന് എം.ടി. വെളിച്ചപ്പാടിന്റെ കഥ തന്നെ സ്വീകരിക്കുന്നത് അര്‍ത്ഥഗര്‍ഭമാണ്.

ചലച്ചിത്രപ്രവേശത്തിനുശേഷം, സാഹിത്യരചന കുറയുന്നുണ്ട്. ശില്പപരമായ പരീക്ഷണങ്ങളില്‍ പക്ഷേ, ശ്രദ്ധയൂന്നുന്നു. കാലം ആധുനികതയുടെ സ്പിരിറ്റുള്‍ക്കൊള്ളുന്നു. ഖസാക്കിലെ രവിയെപ്പോലെ കാലത്തിലെ സേതുവും ആത്മനിന്ദയും അപരാധബോധവും രതിജന്യമായ പാപബോധവും ശൂന്യതാബോധവും പേറുന്നു. രവിക്കുമുന്‍പേ, വഴിയമ്പലങ്ങള്‍ തേടിയിറങ്ങുകയും ബസ് കാത്തു തിരിച്ചുപോകുകയും ചെയ്യുന്ന സേതു നവോത്ഥാനത്തിന്റെ ഇരയും ആധുനികതയുടെ രക്തസാക്ഷിയുമാണെന്നു പറയാം. 

1978 ല്‍ പുറത്തുവരുന്ന വിലാപയാത്ര ആഖ്യാനത്തില്‍ വലിയ പരീക്ഷണം നടത്തുന്നു. നാല് ആഖ്യാനങ്ങളുടെ സംങ്കലനമാണത്. മൂന്ന് തൃതീയ പുരുഷനും ഒരു ഉത്തമ പുരുഷനും. മലയാളനോവലില്‍ അത്രയൊന്നും വേരൂന്നാത്ത മേഖലയാണ് ആഖ്യാനപരീക്ഷണം. എം.ടി. അക്കാര്യത്തില്‍ എല്ലായ്‌പോഴും ശ്രദ്ധയൂന്നുന്നു. മഞ്ഞിലും രണ്ടാമൂഴത്തിലും ഒക്കെ അതു കാണാം. വില്പനയിലും കല്പാന്തത്തിലും ചെറിയ ചെറിയ ഭൂകമ്പങ്ങളിലുമൊക്കെ അതു കാണാം. 
വലിയമ്മാവനും മരുമകനും തമ്മില്‍
കാമുകിയും കാമുകനും തമ്മില്‍
ഭാര്യയും ഭര്‍ത്താവും തമ്മില്‍ 
രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തില്‍, അധികാരമെന്ന സ്വരൂപത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയാണ് എം.ടി.യുടെ രചനാസാംഗത്യങ്ങളില്‍ പരമപ്രധാനം. തന്റെ മാസ്റ്റര്‍പീസ് എന്ന് എം.ടി. വിശേഷിപ്പിക്കുന്ന രണ്ടാമൂഴം അതിന്റെ, ബഹുസ്വരാഖ്യാനമായി പടര്‍ന്നുപന്തലിക്കുന്നു. അധികാരത്തിന്റെ വിവിധാര്‍ത്ഥങ്ങള്‍ പാടുന്ന ഗാഥ. ഒരുപക്ഷേ, അധികാരത്തെക്കുറിച്ചുള്ള മഹാഖ്യാനം എന്ന നിലയ്ക്കാവണം എം.ടി. മഹാഭാരതത്തിലേക്കാകര്‍ഷിക്കപ്പെടുന്നത്. അധികാരത്തിന്റെ ഇടപെടലുകളെ അസംബന്ധവല്‍ക്കരിക്കുന്ന മൃത്യുബോധമാണ് മഹാഭാരതത്തെ ചൂഴ്ന്നുനില്‍ക്കുന്ന മറ്റൊരു പ്രധാന വിഷയം.


PHOTO: WIKI COMMONS
സര്‍വാതിശായിയായ ദുരന്തബോധം മഹാഭാരതത്തിന്റെയും എം.ടി.യുടെയും അഭിവീക്ഷണമാണ്. ചെമ്പഴുക്കാനിറമുള്ള ആ സുന്ദരി, രംഗബോധമില്ലാത്ത ആ കോമാളി കേവലമായ ദുരന്തബോധത്തിനപ്പുറം ആദര്‍ശാത്മകമായ ദുരന്തപൂര്‍ണ്ണതയായി വിടരുന്നു. അപ്പോഴും, യുധിഷ്ഠിരന്‍ പറഞ്ഞതുപോലെ, ആശ്ചര്യജനകമാംവിധം ആകര്‍ഷണീയമായ ജീവിതം. 

കണ്ടും കേട്ടും അറിയാവുന്നവര്‍. വീടും നാടും നാട്ടുകാരും, എം.ടി.യുടെ പ്രപഞ്ചത്തില്‍ അവര്‍ക്കു പരിണാമമുണ്ടായി. ചെറിയ മനുഷ്യരില്‍ നിന്ന് വലിയ കഥാപാത്രങ്ങളിലേക്ക് അവര്‍ പന്തലിച്ചു.
കുടുംബമിത്തുകള്‍ കഥാപാത്രങ്ങള്‍ക്ക് വേരുറപ്പിക്കാന്‍ മണ്ണായി. ചില്ലകള്‍ പടര്‍ത്താന്‍ ആകാശമായി. യക്ഷപ്രശ്‌നത്തെ യുധിഷ്ഠിരന്‍ അതിജീവിക്കുന്നത് മരണമെത്ര കണ്ടിട്ടും താന്‍ മരിക്കില്ലെന്ന് അഹങ്കരിക്കുന്ന മനുഷ്യനെയോര്‍ത്തുള്ള ആശ്ചര്യത്തോടെയാണ്. ചെമ്പഴുക്ക നിറമുള്ള ആ സുന്ദരിയെ എം.ടി.യും കണ്ടിട്ടുണ്ട്; തേടി നടന്നിട്ടുണ്ട്. അമ്മയുടെ കാണാത്ത മരണം എം.ടി.യെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. തുറന്നുവിടാനാകാതെ പോയ ഒരു വിലാപം എക്കാലത്തും അകത്ത് കല്ലിച്ചുകിടക്കുന്നു.

എസ്.കെ. പൊറ്റെക്കാട്ട് മുതല്‍ അമേരിക്കന്‍ വൈല്‍ഡ് വെസ്റ്റ് വരെ ആകര്‍ഷിച്ചെങ്കിലും സ്വാധീനത്തില്‍ നിന്നകന്ന് നില്‍ക്കാന്‍ കഴിഞ്ഞതാണ് എം.ടി.യുടെ വിജയം. നഗരങ്ങള്‍ മാറിമാറി നീങ്ങുമ്പോഴും കൂടല്ലൂര്‍ എന്ന കുഗ്രാമം, കുമരനെല്ലൂരെന്ന ഇടം, നിള എന്ന സത്യം എം.ടി.യുടെ ഉള്ളില്‍  കിടക്കുന്നു, പ്രതീതി പോലെ.
കുന്നും മേടും കണ്ണാന്തളിപ്പൂപ്പൊന്തകളും കടന്ന് മലമക്കാവ് സ്‌കൂളിലേക്കു നടന്ന നടത്തങ്ങള്‍.
നീലത്താമര വിരിയുന്ന ക്ഷേത്രക്കുളം.
കുട്ടിഭാഗവതരായ നമ്പൂതിരിബാലനുമായുള്ള സഹപഠനകാലം.
കുമരനെല്ലൂരിലെ കുളങ്ങള്‍ കണ്ടു നടന്ന സവാരികള്‍. 
കഥ കേള്‍ക്കാന്‍ കൗതുകം പകര്‍ന്ന വാസുണ്ണിനമ്പ്യാര്‍ മാഷ്.
ഭാരതം ഒരു നാടിന്റെ മാത്രമല്ല ഒരു നദിയുടെ കൂടി പേരാണ്. 
ഒരു സംസ്‌കാരത്തിന്റെ മാറ്റപ്പേര്. 
എം.ടി.യുടെ നിള.
സ്വന്തമായി ഭാഷയുള്ള പുഴ.
ആ പുഴയുടെ ഭാഷയും താളവും സ്വാംശീകരിക്കുകയായിരുന്നു എം.ടി. അതുകൊണ്ടാണ് നാടും നഗരവും മാറുമ്പോഴും വിദേശം പൂകുമ്പോഴും, ബോംബേയും പുരാണയമുനാതടവും ആധുനിക അമേരിക്കന്‍ നഗരവും ആവിഷ്ടമാകുമ്പോഴും എം.ടി.യുടെ നിളാബോധം നിലനില്‍ക്കുന്നു. ആ ഓളം ഒച്ചയുണ്ടാക്കുന്നുണ്ട് എപ്പോഴും. 

രണ്ടമ്മമാരാണ് എം.ടി.ക്കുള്ളത്; സ്വന്തം അമ്മയും കൊടിക്കുന്നത്തമ്മയും. ദൈവം ഉണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ല; പക്ഷേ, കൊടിക്കുന്നത്തമ്മയുണ്ട് എന്ന വിശ്വാസം യുക്തിഭദ്രമാണ്.
അമ്മ.
എം.ടി.യുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന, പ്രവഹിച്ചുകൊണ്ടിരിക്കുന്ന ആന്തരികപ്രവാഹം. ജീവിച്ചിരിക്കുമ്പോഴല്ലാതെ എം.ടി. അമ്മയെ കണ്ടിട്ടേയില്ല.
എന്തിനെഴുതുന്നു?
എസ്.കെ. പൊറ്റെക്കാട്ടിന് ജ്ഞാനപീഠം ലഭിച്ച വേളയില്‍ അഭിമുഖത്തില്‍ എം.ടി. ചോദിച്ച ചോദ്യമാണത്. എന്നും എം.ടി.യെ അലട്ടിക്കൊണ്ടിരിക്കുന്ന ചോദ്യം. ചലച്ചിത്രകാരനായപ്പോഴും അതിന്റെ ആരവങ്ങളില്‍ മുങ്ങിത്താണില്ല എം.ടി. തന്റെ ഭാഷയിലെ ദൃശ്യപരതയെ സിനിമയ്ക്ക് ഉപയോഗിക്കുക മാത്രം ചെയ്തു. ആത്മകഥയെഴുതിയാല്‍ അത് കേരളത്തിന്റെ ആത്മകഥയാകും. എന്നാല്‍ ആവര്‍ത്തനം ഭയക്കുന്ന, ഉത്തരവാദിത്വബോധമുള്ള എം.ടി. അത് വേണ്ടെന്നുവയ്ക്കുന്നു. മലമക്കാവ് കുന്നിന്‍ പുറത്ത് അക്ഷരങ്ങള്‍ താലോലിച്ചു നടന്ന കുട്ടി. താന്‍ ഒഴുക്കിവിട്ട കളിവള്ളങ്ങള്‍ എത്തിച്ചേര്‍ന്ന ദൂരങ്ങളില്‍ തൃപ്തനാകുന്നു. നിഗൂഢമായ പ്രാര്‍ത്ഥനയാണ് എഴുത്ത് എന്ന് വിനീതനാകുന്നു.
നഷ്ടപ്പെട്ട,
നഷ്ടപ്പെടുത്തിയ ഒരു കൗമാരപ്രേമത്തിന്റെ വലയ്ക്കുന്ന ഓര്‍മ്മ പിന്തുടരുന്ന വേദന.
ഗാര്‍ഹസ്ഥ്യത്തിന്റെ വിഫലതയില്‍നിന്ന് വാനപ്രസ്ഥത്തിന്റെ സഫലതയിലേക്കു നീളുന്ന സ്വപ്നം.
തീര്‍ത്ഥാടനം!..
പരാധീനമായ കുട്ടിക്കാലം 
അശരണമായ കൗമാരം 
സ്വപ്നങ്ങളുടെ യൗവനം
ഉന്മാദഭരിതവും ആത്മനിന്ദാഗര്‍ഭവുമായ ഉത്തരയൗവ്വനം.
പുരസ്‌കാരനേട്ടങ്ങളുടെയും കലാവിജയങ്ങളുടെയും ജനപ്രിയതയുടെയും പ്രശസ്തിയുടെയും നാളുകള്‍.
കേരള - കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍.
വയലാര്‍ അവാര്‍ഡ്.
എഴുത്തച്ഛന്‍ പുരസ്‌കാരം.
ജ്ഞാനപീഠം.
തിരക്കഥയ്ക്കും സിനിമയ്ക്കുമുള്ള ദേശീയപുരസ്‌കാരങ്ങള്‍. 
അന്തര്‍ദേശീയ അംഗീകാരങ്ങള്‍. 
പത്മഭൂഷണ്‍.
ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ സര്‍വ്വൗന്നത്യങ്ങളും കീഴടക്കിയ എം.ടി. 
വായനക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കിയ എം.ടി. 
നവതിയുടെ നിറവിലും രണ്ടാമൂഴം തിരക്കഥയിലൂടെയും തന്റെ പഴയ ചെറുകഥകളുടെ തിരക്കഥകള്‍ പുതുതലമുറസംവിധായകരുമായും അഭിനേതാക്കളുമായും പങ്കിട്ടും കുറിപ്പുകളിലൂടെയും എഴുത്തില്‍ത്തന്നെ നിലകൊള്ളുന്ന എം.ടി. 
ഇപ്പോഴും രണ്ടു കുട്ടികള്‍ എം.ടി.യില്‍ അവശേഷിക്കുന്നു.
വായിച്ചുവായിച്ച് വേദന മായിച്ചുകിടക്കുന്ന ഒരു കുട്ടി. 
പിന്നെ, വാക്കുകള്‍ കൊണ്ട് ഒറ്റയ്ക്കു കളിക്കുന്ന ഒരു കുട്ടി. 
എല്ലാത്തിനും നന്ദി പറയുകയും, ശാപങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നേരേ ശിരസ്സു നമിക്കുകയും ചെയ്ത്, എം.ടി. വാസുദേവന്‍ നായര്‍. 
മലയാളിയെ ഭാവചക്രവാളങ്ങളാല്‍ വിസ്മയിപ്പിച്ച എം.ടി. 
എം.ടി. എന്നുള്ള രണ്ടക്ഷരമല്ലയോ...!


#outlook
Leave a comment