TMJ
searchnav-menu
post-thumbnail

Outlook

സാധ്യതകളുടെ കലയായ രാഷ്ട്രീയത്തിന്റെ ഉപാസകൻ

18 Jul 2023   |   3 min Read
ബിനീഷ് പണിക്കര്‍

രാഷ്ട്രീയം സാഹചര്യങ്ങളെ അനുകൂലമാക്കുന്ന കലയാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും മുന്നോട്ടുള്ള തുറവിയൊരുക്കാന്‍, സാഹചര്യങ്ങളെ വഴക്കിയെടുക്കാന്‍ അനിതരസാധാരണമായ കഴിവ്. സാഹചര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ട് മുന്നോട്ടു പോകാനുള്ള സന്നദ്ധത. ഈ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ ആന്തരികമായ സംവാദാത്മകത വളര്‍ത്തിയെടുക്കുകയും സമീകരണം സാദ്ധ്യമാക്കുകയും ചെയ്യാനാവുക എന്നതാണ് ജനായത്ത രാഷ്ട്രീയത്തിലെ വിജയകരമായ നേതൃസൃഷ്ടിയുടെ രാസത്വരകം. ഇക്കാര്യത്തില്‍ മറ്റാരേക്കാളും അനിതരസാധാരണായ വൈഭവം ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു. ഈ വഴക്കം ഉമ്മന്‍ചാണ്ടിയെ തീര്‍ത്തും വ്യത്യസ്തനാക്കുന്നു, വേറിട്ടുനിര്‍ത്തുന്നു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ കഴിഞ്ഞ ആറു വ്യാഴവട്ടത്തിലെ ചരിത്രത്തിലുടനീളം നോക്കിയാല്‍ ഉമ്മന്‍ചാണ്ടി വഴക്കിയെടുക്കലിന്റെ രാഷ്ട്രീയത്തില്‍ കാട്ടിയ വൈഭവത്തിന്റെ പകരംവയ്ക്കാനില്ലാത്ത എത്രയോ മുഹൂര്‍ത്തങ്ങള്‍ കാണാന്‍ കഴിയും. എത്രയേറെയോ പിരിമുറുക്കങ്ങളും പൊട്ടിത്തെറികളും വിട്ടുപോക്കുകളും അതുപോലെ, മടങ്ങിയെത്തലുകളും ഒക്കെയുണ്ടായി. എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ ദൈര്‍ഘ്യമേറും. സംഘര്‍ഷങ്ങളിലും തുറവികളിലും ഉമ്മന്‍ചാണ്ടിയുണ്ടായിരുന്നു. സൗമ്യം എങ്കിലും നിശിതമായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. കെഎസ്‌യു കാലത്തേ തുടങ്ങിയതാണ് തന്ത്രപൂര്‍വ്വമുള്ള ഈ നിശിതത്വം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ആ തന്ത്രങ്ങള്‍ക്ക് സവിശേഷമായ ദൗത്യങ്ങളുമുണ്ടായിരുന്നു. ഗ്രൂപ്പിനകത്തെ ഗ്രൂപ്പിലും മാതൃസംഘടനയായ കോണ്‍ഗ്രസിനും മുന്നണിയില്‍ ഒപ്പമുള്ള പാര്‍ട്ടികള്‍ക്കും മാത്രല്ല ജനങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തും അവരെ വഴക്കിയെടുത്തും കൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. സവിശേഷമായ നേതൃചേരുവകളോടെ പാര്‍ട്ടിയിലും മുന്നണിയിലും സ്വന്തം ഇടം സ്വന്തമാക്കി. പക്ഷെ, ഇതിനൊക്കെ അപ്പുറത്ത്, അന്യാദൃശമാണ് ആള്‍ക്കൂട്ടത്തില്‍ സ്വയം ഇല്ലാതാകുന്നതിനുള്ള അദ്ദേഹത്തിന്റെ ശേഷി. ഒപ്പമുള്ള മറ്റാര്‍ക്കും സാധിക്കാത്ത വിധത്തില്‍ വലിയ ഒരു ജനതതിയെ തന്റെ യാത്രയില്‍ ഒപ്പം നിര്‍ത്താന്‍ അദ്ദേഹത്തിനായി. അതിവേഗവും ബഹുദൂരവും ഉമ്മന്‍ചാണ്ടി അവര്‍ക്കൊപ്പം യാത്ര ചെയ്തു. ആ വഴിയിലെ രാഷ്ട്രീയമായ ശരികളും തെറ്റുകളും നൈതികതകളുമൊക്കെ കാലവും ചരിത്രവും വിലയിരുത്തട്ടെ. എത്രയോ അപൂര്‍വ്വതകള്‍ ആ വഴികളില്‍ കാണാനാകും എന്നതാണ് ഇവിടെ പ്രധാനമാകുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പര്‍ക്കം പോലുള്ള പരിപാടികള്‍ അത്തരത്തില്‍ വിലയിരുത്തപ്പെടേണ്ടതാണെന്നു തോന്നുന്നു.



അത്യന്തം ദയാലുവായ രാഷ്ട്രീയക്കാരന്‍. ആലോചിച്ചും ഉറച്ചും സൗമ്യമായി വാക്കുകള്‍ ഉപയോഗിക്കുന്നയാള്‍. ആരെങ്കിലും അലോസരപ്പെടുത്താന്‍ ഇടയുണ്ടെങ്കില്‍ കഴിയുമെങ്കില്‍ അത്തരം കാര്യങ്ങള്‍ പറയാതിരിക്കാന്‍ ശ്രദ്ധിച്ചയാള്‍. ചുറ്റുമുള്ളവരെ എപ്പോഴും ഓര്‍ത്തെടുക്കാനും അവരുടെ ഓര്‍മ്മകളില്‍ നിത്യമായ മുദ്രപതിപ്പിക്കാനും ശ്രമിച്ചയാള്‍. കേരളം പോലൊരിടത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്ത് ഇതൊക്കെ സാദ്ധ്യമാക്കികൊണ്ട് ദീര്‍ഘകാലം മുന്നണിയില്‍ നില്‍ക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. രാഷ്ട്രീയ തന്ത്രജ്ഞതയിലൂടെ എതിരാളികളുടെ കൂടാരത്തിലേക്ക്  കടന്നുകയറാനും ഒപ്പം സ്വന്തം കൂടാരത്തിലെ അന്തര്‍ധാരകളെ അനുകൂലമാക്കാനും സാധിക്കണം. അത്യധ്വാനം വേണ്ട ഒന്ന്. വിശേഷിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിയോഗികളില്‍ നിന്നും വരുന്നതിലേറെ എതിര്‍പ്പുകള്‍ സ്വന്തം പാളയത്തില്‍ നിന്നും തന്നെയാകും. കരുത്തരായ പ്രബല ഗ്രൂപ്പുകള്‍, പിന്നെ ഗ്രൂപ്പുകള്‍ക്കകത്തെ ഗ്രൂപ്പുകള്‍, അതിനുമപ്പുറം, വ്യക്തികളുടെ ഇച്ഛകള്‍. ഇതൊക്കെ ചേര്‍ന്ന സവിശേഷമായ ഒരു ചേരുവയാകുന്നു, കലര്‍പ്പാകുന്നു കോണ്‍ഗ്രസ് രാഷ്ട്രീയം. അതിനകത്ത് നിന്നും പോരാടുകയും പിന്നെ പുറത്തെ രാഷ്ട്രീയ എതിരാളികളോട് പോരടിക്കുകയും ചെയ്യേണ്ടിവരുമ്പോഴാണ് വഴക്കം എന്ന രാഷ്ട്രീയ തന്ത്രജ്ഞതയ്ക്ക് മറ്റൊരു പാര്‍ട്ടിയിലും ഇല്ലാത്ത അര്‍ത്ഥം കോണ്‍ഗ്രസില്‍ കൈവരുന്നത്. ഉമ്മന്‍ചാണ്ടി അനിതരസാധാരണമായ വൈഭവം ഇക്കാര്യത്തില്‍ കാണിച്ചു. കെ. കരുണാകരനുമായി ആന്റണി ഗ്രൂപ്പ് നടത്തിയ ദീര്‍ഘകാലത്തെ പോരാട്ടം തന്നെയെടുക്കുക; നിര്‍ണ്ണായക ഘട്ടത്തിലൊക്കെ ഉമ്മന്‍ചാണ്ടി ആയിരുന്നു കുന്തമുന. പില്‍ക്കാലത്ത് സാക്ഷാല്‍ എ.കെ. ആന്റണിയെ തന്നെ മാറ്റിക്കൊണ്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദത്തിലേയ്ക്ക് എത്തിയത്. എ ഗ്രൂപ്പിന് തന്നെ എത്രയോ അവസ്ഥാന്തരങ്ങള്‍ സംഭവിക്കുന്നത് കാലം കണ്ടു.

കാന്തം പോലെ ആളുകളെ തന്നിലേയ്ക്ക് ആകര്‍ഷിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിനായി. രാവും പകലുമില്ലാതെ ജീവല്‍പ്രശ്‌നങ്ങളുമായി ആളുകള്‍ അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരുന്നത് എന്തുകൊണ്ടാവാം? തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു കഴിയും എന്ന ആത്മവിശ്വാസം അവരില്‍ നിത്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്തുകൊണ്ടാണ്? സൈബര്‍യുഗത്തിലെ നേതാക്കന്മാര്‍ അതൊന്ന് ചിന്തിച്ചുനോക്കുന്നത് നന്നായിരിക്കും. അനുതാപം. എംപതി എന്ന് ഇംഗ്‌ളീഷില്‍ പറയാറില്ലേ? നേതാവ് തന്റെ പാദത്തിലേക്കെത്തി എന്നു ജനത്തിനു മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ത്രഷോള്‍ഡ് പോയിന്റുണ്ട്. അത് ഉമ്മന്‍ചാണ്ടി മനസ്സിലാക്കിയത്ര വര്‍ത്തമാനകാല സമൂഹത്തില്‍ മറ്റൊരു നേതാവും ഉള്‍ക്കൊണ്ടതായി തോന്നുന്നില്ല. സാധാരണക്കാരുടെ ഭാഷയേ അദ്ദേഹം സംസാരിച്ചുള്ളു എന്നതാകണം മറ്റൊരു പ്രധാന കാരണം. ആര്‍ക്കും ഗ്രഹിക്കാന്‍ കഴിയുന്നത്ര ലളിതവും സുവ്യക്തവുമായ ഭാഷ. നേതാവ് ഏത് ഭാഷ ഉപയോഗിക്കുന്നു എന്നത് ആള്‍ക്കൂട്ടത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാകുന്നു. കടുത്തതും ഖണ്ഡിതവുമായ നിലപാടുകള്‍ പറയുന്നവേളയില്‍പ്പോലും ഉമ്മന്‍ചാണ്ടി ഋജുവായ ഭാഷ ഉപയോഗിച്ചു. ഏറ്റവും പ്രയാസമേറിയ ഘട്ടങ്ങളില്‍പ്പോലും ആവില്ല എന്നല്ല, ആവാനുള്ള വഴികള്‍ ആരായാമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ജനാധിപത്യ സമൂഹത്തില്‍ നേതാവിനും ഭരണാധികാരിക്കും  അങ്ങനെ മാത്രമേ പ്രവര്‍ത്തിക്കാനും മുന്നോട്ടുപോകാനും കഴിയൂ എന്ന് അനുഭവങ്ങള്‍ അദ്ദേഹത്തെ പഠിപ്പിച്ചിരിക്കണം. മാത്രമല്ല, അദ്ദേഹത്തിനു അനുകരണീയരായ മൂന്നോടികളും ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ തലമുറയുടെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന് അതാവണം.



ഉമ്മന്‍ചാണ്ടി അര നൂറ്റാണ്ടിലേറെ എംഎല്‍എയായി പ്രവര്‍ത്തിച്ചു. ഒന്നിലേറെ തവണ മുഖ്യമന്ത്രിയായി. മന്ത്രിയായിരിക്കെ, സുപ്രധാന വകുപ്പുകളുടെ ചുമതലകള്‍ വഹിച്ചു. പ്രതിപക്ഷ നേതാവുമായിരുന്നു. ഒട്ടേറെ നിര്‍ണ്ണായക തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഉണ്ടായിട്ടുണ്ട്. അതിവേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ തീരുമാനങ്ങളും നടപടികളും. പലനടപടികളും ജനങ്ങളുടെ വിമര്‍ശനത്തെ കരുതി തിരുത്താനും അദ്ദേഹം മടികാണിച്ചിരുന്നില്ല. കൊച്ചി മെട്രോയുടെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരനെ ഒഴിവാക്കാനായി അടിയൊഴുക്കുകളും ഉണ്ടായതും അത് തിരുത്തപ്പെട്ടതും പെട്ടന്ന് മനസ്സിലേയ്ക്ക് വരുന്നു. ജനേച്ഛ വ്യത്യസ്തമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാവുകയായിരുന്നു അന്നദ്ദേഹം. ഉത്തമ ഭരണാധികാരി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ചെയ്തതൊക്കെ ദീര്‍ഘാനുഭവങ്ങളുടെ വെളിച്ചത്തില്‍ എന്താകുമെന്ന് കാലമാണ് വിലയിരുത്തേണ്ടത്.

കഴിയുമെങ്കില്‍ ആരേയും വാക്കുകള്‍ കൊണ്ട് അലോസരപ്പെടുത്തരുതെന്ന് ഉമ്മന്‍ചാണ്ടി കരുതിയിരുന്നു. മാധ്യമങ്ങളാല്‍ വല്ലാതെ വേട്ടയാടപ്പെട്ടപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ അതിരൂക്ഷങ്ങളായ ചോദ്യങ്ങളുടെ മുന്നില്‍പ്പോലും പ്രകോപനങ്ങളില്ലാതെ അദ്ദേഹം ഇരുന്നുകൊടുക്കുന്നതിന് എത്രയോ വട്ടം ഈ എഴുതുന്നയാള്‍ തന്നെ സാക്ഷിയായിട്ടുണ്ട്. ആരെയെങ്കിലും അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്നതിന് മുന്‍പ് അദ്ദേഹം പലവട്ടം ആലോചിച്ചു. കഴിയുമെങ്കില്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കി. ജീവചരിത്രം എഴുതാനെത്തിയ വളരെ അടുപ്പക്കാരനായ വ്യക്തിയോട് അദ്ദേഹം നിര്‍ദ്ദേശിച്ചതും അത് തന്നെയായിരുന്നുവത്രെ. ആരേയും ഒന്നിനേയും അലോസരപ്പെടുത്തുന്നത് ഒന്നും വേണ്ട. രാഷ്ട്രീയത്തില്‍ അത്തരത്തില്‍ പലതും ചില സാഹചര്യങ്ങളില്‍ ചെയ്യേണ്ടിവന്നേക്കാം. അതൊക്കെ സാഹചര്യങ്ങള്‍ മാറുമ്പോള്‍ അപ്രസക്തമാകുന്നുവെന്ന ചിന്തയായിരുന്നു അദ്ദേഹത്തെ ഭരിച്ചതെന്നു തോന്നുന്നു. എത്ര വലിയ സംഭവമായാലും പില്‍ക്കാലത്ത് ചികഞ്ഞെഴുതി കുറ്റവും ശിക്ഷയും വിധിക്കുന്നത് പഥ്യമായി തോന്നിയിട്ടുണ്ടാകില്ല. ഇവിടേയും പരിണിതപ്രജ്ഞനായ പ്രായോഗിക പടുത്വമുള്ള രാഷ്ട്രീയാരന്റെ നിര്‍മമത്വമാണ് പ്രകടമാകുന്നത്. സ്വന്തം മനസാക്ഷിയുടെ മുന്നില്‍ താന്‍ തെറ്റുകാരനല്ലെന്ന് പല വിമര്‍ശങ്ങളും വന്നപ്പോള്‍ - കോടതിയില്‍ നിന്നു പോലും - അദ്ദേഹം നിലപാട് സ്വീകരിക്കുന്നതും നമ്മള്‍ കണ്ടു. സോളാര്‍ കേസും മറ്റും അദ്ദേഹത്തെ വല്ലാതെ വിഷമത്തിലാക്കിയിരുന്നു. അവസാന കാലത്തെ രോഗപീഢകളും. ആള്‍ക്കൂട്ടത്തിന്റെ തണലിലാണ് അദ്ദേഹം ഇളവാറ്റിയത്. നിര്‍ശരീരിയാകുന്ന അദ്ദേഹം ഇനിയും ഇളവാറ്റുന്നതും ആ തണലില്‍ തന്നെയാകും. ശേഷിക്കുന്നതൊക്കെ കാലവും ചരിത്രവും ഗണിക്കട്ടെ.

#outlook
Leave a comment