TMJ
searchnav-menu
post-thumbnail

Outlook

എന്നും ആള്‍ക്കൂട്ടത്തിനിടയില്‍ ഒരിക്കലും ക്ഷോഭിക്കാതെ 

18 Jul 2023   |   2 min Read
മോഹന്‍ലാല്‍

(ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അരനൂറ്റാണ്ട് തികച്ച സന്ദര്‍ഭത്തില്‍, 2021 നവംബറില്‍, വീക്ഷണം പുറത്തിറക്കിയ ''ഇതിഹാസം- നിയമസഭയിലെ അരനൂറ്റാണ്ട്'' എന്ന പുസ്തകത്തില്‍ നിന്ന് )

ന്റെ അച്ഛന്‍ സെക്രട്ടറിയേറ്റിലായിരുന്ന കാലത്ത്, സ്വാഭാവികമായും അദ്ദേഹം വഴി, പല നേതാക്കളെയും ഭരണാധികാരികളെയും കുറിച്ച് കേള്‍ക്കുകയും, അദ്ദേഹം വന്ന് പറയുന്ന അനുഭവങ്ങളിലൂടെ പലരുമായും മാനസിക ഐക്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്നത് കൊണ്ട് രാഷ്ട്രീയസമരങ്ങളും ഭരണത്തിരക്കുകളുമൊക്കെ നേരില്‍ കണ്ടിട്ടുമുണ്ട്. ഈ വഴിക്കൊക്കെ ചെറുപ്പം മുതല്‍ക്കെ ഏറെ സുപരിചിതനായ വ്യക്തി എന്ന നിലയ്ക്ക് എനിക്കും അനേകലക്ഷങ്ങളെപ്പോലെ ഉമ്മന്‍ചാണ്ടി എന്ന നേതാവിനെ അറിയാം. പലപ്പോഴും അവാര്‍ഡ് ചടങ്ങുകളിലും സര്‍ക്കാര്‍ ചടങ്ങുകളിലുമൊക്കെ വെച്ച് ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അദ്ദേഹത്തോട് അടുത്തിടപഴകാനും സാധിച്ചിട്ടുണ്ട്. ചില അവസരങ്ങളില്‍ ഒപ്പം വേദി പങ്കിടാനുള്ള ഭാഗ്യവുമുണ്ടായിട്ടുണ്ട്. ചില വിമാനയാത്രകളില്‍ കണ്ടുമുട്ടിയിട്ടുമുണ്ട്,. അപ്പോഴെല്ലാം ഞാന്‍ കണ്ടിട്ടുള്ളത്, എപ്പോഴും കര്‍മനിരതനായ ഒരാളിനെയാണ്. ചുറ്റും ഒരു പറ്റം ആളുകളുണ്ടാകും. ആളുകളില്ലാതെ അദ്ദേഹത്തെ കാണാന്‍ സാധിക്കാറില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാ അര്‍ഥത്തിലും അദ്ദേഹം ജനങ്ങളുടെ നേതാവാണ്. 

ഒരിക്കല്‍ അദ്ദേഹത്തിന്റെ ഒരഭിമുഖം വായിച്ചതോര്‍ക്കുന്നു. മനോരമ വാര്‍ഷികപ്പതിപ്പിലാണ് എന്നാണോര്‍മ്മ. ഏറ്റവും വലിയ പേടി എന്താണ് എന്ന് ചോദിച്ചപ്പോള്‍ സ്വതേ യാതൊന്നിനെയും ഭയക്കാത്ത പ്രകൃതമുള്ള ഉമ്മന്‍ചാണ്ടി സാര്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ദീര്‍ഘദൂര ട്രെയിനിലെ രാത്രിയാത്ര. സ്ലീപ്പറില്‍ നമ്മള്‍ ഒറ്റയ്ക്കേ കാണു, കുറച്ച് മണിക്കൂറേ ഉള്ളൂ, എങ്കിലും ഒറ്റയ്ക്കാവുക എന്നത് ആളുകള്‍ കൂടെയില്ല എന്ന് വരുന്നത്. അതാണ് ഭയമുണ്ടാക്കുന്നത്. രാഷ്ട്രീയത്തിലെ പോലെയല്ലെങ്കിലും ഷൂട്ടിങ്ങിന്റെയും മറ്റും തിരക്കില്‍ ധാരാളം ആളുകളോട് നിത്യവും ഇടപെടുന്ന, ആള്‍ക്കൂട്ട നടുവില്‍ ജീവിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് അത് ശരിക്കും മനസ്സിലാകും. അദ്ദേഹത്തിന്റെ ആ മാനസികാവസ്ഥ, പക്ഷെ അതിലും എനിക്ക് അത്ഭുതകരമായത്, ജനങ്ങള്‍ക്കിടയിലല്ലാതെ ജീവിക്കാന്‍, ജനങ്ങളില്ലാതെ ജീവിക്കാന്‍ ആവില്ലെന്ന അദ്ദേഹത്തിന്റെ ചിന്തയാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ആ ജീവിതം. അത് കൊണ്ടാണ് അദ്ദേഹത്തിന് ആള്‍ക്കൂട്ടം ശല്യമാവാത്തത്. ഭാരമാവാത്തത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്തും അദ്ദേഹത്തിന്റെ ഓഫീസും, എന്തിന് പലപ്പോഴും ഔദ്യോഗിക കാര്‍ പോലും ധാരാളം ആളുകളെക്കൊണ്ട് നിറഞ്ഞ നിലയിലായിരുന്നല്ലോ. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആ മനസ്സാണ്അദ്ദേഹത്തെ ജനപ്രിയ നേതാവാക്കുന്നത്. 

PHOTO: FACEBOOK
എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും മുന്‍മന്ത്രിയുമെല്ലാമായ ഗണേഷ് കുമാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ വര്‍ക്ഹോളിസത്തെപ്പറ്റി. ഇരുപത്തിനാല് മണിക്കൂര്‍ പോരാതെ വരുന്നെങ്കിലേ ഉള്ളൂ അദ്ദേഹത്തിന് ജോലിയെടുക്കാന്‍. വിമാനത്തിലോ കാറിലോ മറ്റോ യാത്രയ്ക്കിടെ നമ്മളൊക്കെ അല്‍പ്പം വിശ്രമിക്കാനോ പാട്ട് കേള്‍ക്കാനോ ഉറങ്ങാനോ ഒക്കെയാണ് നോക്കുക. എന്നാല്‍ ഉമ്മന്‍ചാണ്ടി സാറാവട്ടെ ആ സമയമാവും ബാക്കിയുള്ള ഫയലുകള്‍ നോക്കി തീര്‍ക്കുക. ഇടയ്ക്കിടെ അല്‍പ്പം വെള്ളം കുടിക്കും, അത്ര തന്നെ. അതിരാവിലെ ഉണരുകയും രാത്രി ഏറെ വൈകി ഉറങ്ങുകയും ചെയ്യുന്ന ആള്‍. ശനിയും ഞായറുമൊക്കെ അദ്ദേഹത്തിന്റെ വീട്ടിലെ ആള്‍ക്കൂട്ടത്തെപ്പറ്റി വായിച്ചും കേട്ടും അറിയാം. 

നവരസങ്ങളില്‍ വിഹരിക്കുന്ന ആളെന്ന നിലയില്‍ എനിക്ക് ഉമ്മന്‍ ചാണ്ടി സാറിനെപറ്റി തോന്നിയിട്ടുള്ള ഒരു കാര്യം അദ്ദേഹത്തിന്റെ സമചിത്തതയും അക്ഷോഭ്യതയുമാണ്. പത്രക്കാര്‍ക്ക് മുന്നിലെന്നല്ല, ഏത് പ്രതികൂലകാലാവസ്ഥയിലും എന്തിന്, തനിക്ക് നേരെ നടന്ന ശാരീരിക കടന്നാക്രമണത്തില്‍ പോലും ക്ഷോഭിച്ച നേതാവിനെ ഉമ്മന്‍ചാണ്ടി സാറില്‍ കേരളം കണ്ടിട്ടില്ല, പ്രിയപ്പെട്ട കോട്ടയം നസീറും രമേശ് പിഷാരടിയും സുരാജ് വെഞ്ഞാറമൂടും ടിനി ടോമുമൊക്കെ വേദികളില്‍ അദ്ദേഹത്തെ അനുകരിച്ച് ഹാസ്യാനുകരണങ്ങള്‍ നടത്തുമ്പോള്‍ അതൊക്കെ കണ്ട് മറ്റാരെക്കാള്‍ രസിക്കുന്ന ഉമ്മന്‍ചാണ്ടി സാറിനെയും ഞാന്‍ കണ്ടിട്ടുണ്ട്. എന്തിനെയും ലളിതമായി സരസമായി കണ്ട് മുന്നോട്ട് പോകാനുള്ള പാടവം, അതെല്ലാമാണ് പുതിയ തലമുറ ഈ നേതാവില്‍ നിന്ന് പഠിക്കേണ്ടത്. 

PHOTO: FACEBOOK
അദ്ദേഹവുമായി ബന്ധപ്പെട്ട ചില മറക്കാനാകാത്ത മുഹൂര്‍ത്തങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. 2004ല്‍ തന്മാത്രയുടെ പേരില്‍ എനിക്ക് കിട്ടിയ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഞാന്‍ ഏറ്റ് വാങ്ങിയത് ഉമ്മന്‍ചാണ്ടി സാറില്‍ നിന്നായിരുന്നു. അതിനെക്കാളേറെ അവിസ്മരണീയമായത് ജയ്ഹിന്ദ് ടിവിക്ക് വേണ്ടി ജനനായകനെ അഭിമുഖം ചെയ്യാന്‍ എനിക്ക് കിട്ടിയ അവസരമാണ്. ഞാന്‍ ക്ലിഫ് ഹൗസില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തുകയും അദ്ദേഹത്തോടൊപ്പം ഒരു മണിക്കൂറിലേറെ ചെലവിട്ട് ജനസമൂഹത്തിന് വേണ്ടി ചില ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ കേള്‍ക്കാന്‍ ഇടയാവുകയും ചെയ്തിട്ടുണ്ട്. ആ സന്ദര്‍ഭം എന്റെ ഓര്‍മയില്‍ മായാതെ നിറഞ്ഞ് നില്‍ക്കുന്നു. 

പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രിയങ്കരനായി ജീവിക്കുക എന്നത് തന്നെ സുകൃതമാണ് . ഉമ്മന്‍ചാണ്ടി സാറിനെപ്പോലുള്ളവര്‍ ആ സുകൃതത്തിന് സര്‍വ്വാത്മനാ അര്‍ഹരുമാണ്. അദ്ദേഹത്തിന്റെ സാര്‍ഥകമായ ജീവിതം 77 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അത്രയും ചെറുപ്പക്കാരനായ നേതാവില്‍ നിന്ന് കേരളത്തിന് ഇനിയുമേറെ ലഭിക്കാനുണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.


Leave a comment