TMJ
searchnav-menu
post-thumbnail

Outlook

അപരനിഷേധത്തിന്റെ ചലച്ചിത്രസമീക്ഷ: അടൂരിന്റെ സിനിമയും അഭിപ്രായങ്ങളും ആധുനികജനായത്തസമൂഹവും

20 Aug 2025   |   12 min Read
ഡോ. അജയ് എസ് ശേഖർ
 
പാണ്ടൻനായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലാ പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേ൯ കാളൻനായു൦ കാട്ടിൽ വരുമ്പോൾ കോളല്ലാതൊരു പേടി തുടങ്ങും
-കുഞ്ചൻ നമ്പ്യാർ

അറകൾ തുറന്നവരശുദ്ധമാക്കീ നിറഞ്ഞുനിന്നൊരു തറവാട്...
 കറങ്ങിനിന്നൂ നാമന്നും...
-കടമ്മനിട്ട

2025 ജൂലൈ മാസത്തിൽ നടന്ന കേരള ചലച്ചിത്ര കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണനെന്ന ചലച്ചിത്ര സംവിധായകൻ ദളിതരും സ്ത്രീകളുമായ, പ്രാതിനിധ്യം നിഷേധിക്കപ്പെട്ട് പ്രാന്തീകൃതരായ ചലച്ചിത്ര പ്രവർത്തകരെക്കുറിച്ച് പറഞ്ഞ അഭിപ്രായങ്ങൾ ഏറെ വിമർശിക്കപ്പെടുന്നു. പ്രാതിനിധ്യം നിഷേധിക്കപ്പെട്ടവരുടെ തുല്യമായ പ്രാതിനിധ്യത്തെ അംഗീകരിക്കാനല്ല മറിച്ച്, അവർക്ക് പ്രത്യേക പരിശീലനം കൊടുക്കണമെന്നാണ് അടൂരുകാരനായ അടൂർ പറഞ്ഞത്. അമിത പ്രാതിനിധ്യ കുത്തക പുലർത്തുന്ന ഒളിഗാർക്കിയെ രക്ഷപ്പെടുത്തി അർഹമായ തുല്യപ്രാതിനിധ്യം നിഷേധിക്കപ്പെട്ടവരുടെ യോഗ്യതയും കാര്യക്ഷമതയും അർഹതയും ചോദ്യം ചെയ്യുകയാണിതിലൂടെ. ഇടപെട്ട ഗായികയും കലാപ്രവർത്തകയുമായ പുഷ്പവതിയെ ആരാണവളെന്നും തന്നെ തടസ്സപ്പെടുത്താനായി അവൾക്കിതിലെന്തുകാര്യമെന്നുമുള്ള മട്ടിലുള്ള പ്രതികരണവും നടത്തി. ചാലക്കമ്പോളത്തിലെ ചുമട്ടുകാരായ തൊഴിലാളികൾ “സെക്സുകാണാൻ” ചലച്ചിത്രമേളയിൽ ഇടിച്ചുകയറിയതാണത്രേ പാസിറക്കാൻ കാരണമായത്. ഇത്തരത്തിൽ ജനവിരുദ്ധവും ജനായത്തവിരുദ്ധവും ബഹുജന പ്രാതിനിധ്യത്തിനും പ്രതിനിധാനത്തിനും അവസര സമത്വത്തിനും ആധുനിക സമൂഹത്തിനും നിരക്കാത്ത തനി പിന്തിരിപ്പനും യാഥാസ്ഥിതികവും ഫ്യൂഡൽമാടമ്പിയൽപ്പത്തവും അപരദ്വേഷവും നിറഞ്ഞ മലയാളികുലീനതയുടെ കൊടിയകാളകൂടവിഷം വമിപ്പിക്കുന്ന, അധീശത്തത്തിന് അഡിക്റ്റായിപ്പോയ അടൂരിനാണ് ചികിത്സയും നിർഗുണപരിഹാരബോധനവും ജനായത്തഭരണഘടനാമൂല്യങ്ങളിൽ പ്രത്യേകപരിശീലനവും ജനായത്തസാക്ഷരതയും അവശ്യമായിരിക്കുന്നതെന്ന് പലയുവാക്കളും പറയുന്നു. ജനങ്ങളുടെ ചിലവിൽ ജനായത്തസർക്കാരുകൾ ഭരണഘടനാപരമായി നൽകിയ എല്ലാ സാമ്പത്തിക സാമൂഹ്യ സഹായങ്ങളും ആദരങ്ങളും പിൻവലിച്ച് ഭരണഘടനാപരമായി ജാതിജന്മിത്തയതിക്രമത്തിനുള്ള നിയമപരമായ ശിക്ഷകളും കൊടുക്കേണ്ടതാണെന്നാണ് നീതിനിയമബോധമുള്ളവരുടെ യുക്തമായ വിചാരം.

അടൂർ ഗോപാലകൃഷ്ണൻ | PHOTO : WIKI COMMONS 
ഇത്തരം മതിഭ്രമവും മാനസികാപചയവും പ്രായാധിക്യം കൊണ്ടുണ്ടായതാണെന്നു വാദിക്കാം. എന്നാൽ അടൂരിൻ ചലച്ചിത്ര ജീവിതങ്ങൾ സത്യനീതിബദ്ധമായി വിലയിരുത്തിയാൽ വിശദമാകുന്നത് ഈ ജാതിജന്മിത്തമനോഭാവവും ജനായത്തവിരുദ്ധതയും മാനവികതയില്ലായ്മയും വളരെക്കാലമായി അടൂരിൽ പ്രകടമാണെന്ന വസ്തുതയാണ്. സാമാന്യബോധവും അധീശസമവായവുമായ ജാതിഹിന്ദുപൊതുബോധത്തിലും മാധ്യമാക്കാദമിക പരിപ്രേക്ഷ്യത്തിലുമാണിതെല്ലാം പല വലതുപക്ഷ സാമ്പ്രദായികരും സവർണസിറിയൻ ഒളിഗാർക്കി വക്താക്കളും ഗുണഭോക്താക്കളും വാദിക്കുന്ന പോലെ സ്വാഭാവികവും സഹജവുമാകുന്നത്. ആധുനിക ജനായത്ത പ്രാതിനിധ്യ ഭരണഘടനാമൂല്യങ്ങളോട് ചേരുന്നതല്ല അടൂരിൻ വാങ്മയവും ചലച്ചിത്രണവും നിലപാടുകളുമെന്ന് സമീപകാല സംഭവങ്ങളെല്ലാം തെളിയിക്കുന്നു. 2006 മുതൽ അടൂരെന്ന ശുദ്ധിമലയാളത്തിലെ അടിയൂരിൻ ചലച്ചിത്രങ്ങളേയും രചനകളേയും വിമർശിച്ചെഴുതിയ പലതും ഇവിടെ ആവർത്തിക്കേണ്ടതായിവരുന്നു. ഒളിഗാർക്കിയുടെ കാര്യവാഹകരായ മുഖ്യധാരാ മാധ്യമങ്ങളൊന്നും അവ പ്രസിദ്ധീകരിക്കാനും ധൈര്യംകാട്ടാറില്ല. കള്ളത്തരങ്ങളും കാപട്യങ്ങളും ആവർത്തിച്ച്, സത്യമാക്കിമാറ്റുന്ന തന്ത്രം ഫാഷിസത്തിൻ്റെ നാട്ടുനടപ്പാണ്. അതുപോലെ സത്യത്തെയും നീതിയേയും കണ്ടില്ലെന്നുനടിച്ചും മൂടിവച്ചും മറച്ചും വെട്ടിനീക്കിയും സമഗ്രാധിപത്യ കുത്തകകുലീനത നാടുവാഴുന്നു.

2022 അവസാനവും 2023 ആദ്യവുമായി കോട്ടയം പള്ളിക്കത്തോട്ടിലെ കെ ആർ നാരായണൻ നാഷണൽ വിഷ്വൽ ആർട്സ് ആൻഡ് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നട ൻ ന്ന ചലച്ചിത്ര വിദ്യാർഥികളുടെ ലോകശ്രദ്ധയാകർഷിച്ച ജാതിവിരുദ്ധ ജനായത്ത സമരങ്ങളെ തുടർന്ന് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും ഡയറക്ടർ ശങ്കർ മോഹനും പുറത്ത് പോകേണ്ടതായി വന്നു. ശങ്കർ മോഹൻ നടത്തിയ ഭരണഘടനാവിരുദ്ധമായ പ്രാതിനിധ്യ അട്ടിമറിയടക്കമുള്ള ജാതിഹിംസകളേയും അനീതികളേയും ന്യായീകിരിച്ച് കൊണ്ട് അടൂർ പരസ്യപ്രസ്ഥാവന നടത്തി. 

ശങ്കർ മോഹൻ | PHOTO : WIKI COMMONS
ജാതിപീഡന ആരോപണങ്ങൾ ഉന്നയിച്ച സ്ഥാപനത്തിലെ സ്ത്രീജീവനക്കാരേ കുറിച്ച് പോലും അനീതിനിറഞ്ഞ ഞെട്ടിക്കുന്ന പ്രസ്ഥാവന അടൂർ നടത്തി. ശങ്കർ മോഹനും തന്നെപ്പോലെ ഒരു മലയാളി കുലീന കുടുംബത്തിലെ അംഗമാണെന്നും അദ്ദേഹത്തിന് തെറ്റുകളൊന്നും പറ്റില്ലെന്നും അടൂർ മാധ്യമദ്വാരാ പ്രസ്ഥാവിച്ചു. പഴയ നമ്പൂരിയുഗത്തിൻ ഭാഷാവബോധത്തിലെ കുപ്പമാഡമായ ശൂദ്ര തറവാടിനെ കുറിച്ചുള്ള ഈ മലയാളി കുലീന ഘോഷണം ദേവസം ബോഡിലെ ജാതിഹിന്ദു അമിത പ്രാതിനിധ്യം പെരുക്കിയ സാമ്പത്തിക സംവരണ ഓഡിനൻസിന് ശേഷം കേരളമെങ്ങും ചർച്ചയാവുന്നു. 

ജാതിവിവേചനത്തിന് നിയമപരമായി ശിഷിക്കപ്പെടേണ്ടവർ ചലച്ചിത്രമേളയിൽ ഉദ്ഘാടകരായി വരുന്നു എന്ന് പറഞ്ഞ് ജിയോ ബേബിയെ പോലുള്ള യുവസംവിധായകർ തങ്ങളുടെ ചിത്രങ്ങളെ അക്കാദമിയുടെ തളിപ്പറമ്പിലും മറ്റും നടന്ന ചലച്ചിത്രമേളകളിൽ നിന്ന് പിൻവലിച്ചു. ഭരണഘടനാ അട്ടിമറിയും ജാതിഹിംസയും അമിത പ്രാതിനിധ്യ കുത്തകയുടെ അട്ടിപ്പേറും നാട്ടുനടപ്പാക്കുന്ന ഈ ചലച്ചിത്രമാന്യർ ഇത്രനാളും സൃഷ്ട്രിച്ച ചലച്ചിത്രങ്ങളും കലാപ്രവർത്തനവും വിമർശിക്കപ്പെടുന്നു. തൻ്റെ ഏറ്റവും പക്വമായ വയോധിക കാലത്ത് ഭരണഘടനാ സ്ഥാപനങ്ങളെ ജാതിക്കുത്തകയുടെ “കുപ്പമാഡ”ങ്ങളാക്കി ഒരു ചലച്ചിത്രകാരൻ നടത്തുന്ന ഈ പ്രസ്ഥാവനകൾ അദ്ദേഹത്തിൻ്റെ കലാസൃഷ്ടികളിലേക്കും ശ്രദ്ധ ക്ഷണിക്കും. ഏതുതരത്തിലുള്ള ചലച്ചിത്ര പ്രയോഗമണദ്ദേഹം നടത്തിയതെന്ന് നോക്കാം.

അമിത പ്രാതിനിധ്യ കുത്തകയും അധീശ സ്വത്വത്തിൻ ഏകതാനതയും

അരനൂറ്റാണ്ടോളം നീളുന്ന അടൂരിൻ ചലച്ചിത്ര സപര്യ, സ്വന്തം സാമൂഹ്യ സ്വത്വത്തേയും, ആഭിജാതവും അധീശവുമായ ജാതിഹൈന്ദവ പരിസരങ്ങളേയും പിൻപറ്റുന്നതാണെന്ന് വിമർശ നോട്ടങ്ങൾ വെളിപ്പെടുത്തുന്നു. സ്വയംവരത്തിലും എലിപ്പത്തായത്തിലും കഥാപുരുഷനിലും ബാഹ്യമായി വിമര്‍ശാത്മകമെന്ന് തോന്നിക്കുകയും പാഠ്യതയുടെ തലത്തിലും ആഖ്യാന തലത്തിലും മറ്റും സാംസ്കാരികമായി തിടം വയ്ക്കുകയും ചെയ്യുന്ന മലയാള കുലീനതയുടെ ആഭിജാത ദൃശ്യസമൃദ്ധിയും ഭൂതകാല്‍പ്പനികാഭിരതിയും കാണാതിരിക്കാനാവില്ല. പ്രേമവിവാഹവും നഗരജീവിതവും പുറമേ പറയുമ്പോഴും അകമേ നിറയുന്ന സവർണതയുടെ രാമായണാദി പുണ്യപുരാണപരിസരമാണ് സ്വയംവരം. സീതാസതീസാവിത്രീ ബിംബാവലിയിലേക്കാണത് വിമർശമേലങ്കിയിൽ സിനിമ നിർലോഭം സൂചിതമാകുന്നത്.

എലിപ്പത്തായം | PHOTO : WIKI COMMONS
എലിപ്പത്തായത്തിലും കഥാപുരുഷനിലും ബിംബാവലികളിലും പാത്രനിർമിതിയിലും പരിസരങ്ങളിലും നിറയുന്നത് മലയാളി കുലീനതയുടെ നഷ്ടപ്രതാപ വിലാപകാവ്യങ്ങളാണ്. കഥാപുരുഷനിലും അനന്തരത്തിലും വിധേയനിലും നിഴൽക്കൂത്തിലും ഒരു പെണ്ണും രണ്ടാണിലുമെല്ലാം നിറയുന്നത് ആത്മത്തെ കുറിച്ചുള്ള ബിംബങ്ങളും സന്ദർഭങ്ങളും ആഖ്യാനങ്ങളും തന്നെയാണ്. പലപ്പോഴും അവർണരും മുസ്ലീങ്ങളും ദലിതരുമൊന്നും കേരളത്തിലില്ലെന്ന മട്ടിലുള്ള അപരനിഷേധപരവും അദൃശ്യവൽക്കരണപരവുമായ തമസ്കരണാത്മക ആത്മമാഭിരതി ഈ ചലച്ചിത്രപ്രയോഗത്തിൽ പെരുകുന്നു. അമിതമായ ആത്മപ്രതിനിധാനത്തിനും ആത്മസാമ്രാജ്യത്തപരമായ അമിതപ്രാതിനിധ്യത്തിനും വഴിതെളിച്ച ചലച്ചിത്രനിർമിതികളാണിവ. ആത്മത്തിൻ്റെ അനന്ത സാമ്രാജ്യമായി ജഗത്തിനെ നിരാകരിക്കുകയും ആത്മബ്രഹ്മസംലയനത്തിൻ്റെ വൈദികവേദാന്താഭിരതിയിൽ മുഴുകുകയും ചെയ്യുന്ന ഹിമാലയൻ ആത്മാരമണാദ്വൈതത്തിൻ പ്രതിഫലനങ്ങളായും അവയെ കാണാം. ചുരുക്കത്തിൽ ബ്രഹ്മാത്മീയമായ അപരനിഷേധത്തിൻ വിളനിലം. അപരപ്രിയവും അപരോന്മുഖവുമായ നൈതികചിന്തയുടെ അഭാവം, ആത്മകേന്ദ്രിതത്തമെന്ന മാനവികതാനിരാസം. അപരരുടെ മൗലികാവകാശമായ പ്രാതിനിധ്യത്തേയും പ്രതിനിധാനങ്ങളേയും നിഷേധിച്ച് അമിതപ്രാതിനിധ്യ അമിതാധികാര സമഗ്രാധികാരക്കുത്തക പെരുക്കുകയും അവരുടെ യോഗ്യതയേയും ക്ഷമതയേയും ചോദ്യംചെയ്ത് അവർക്ക് പ്രത്യേക യോഗ്യതാപരിശീലനവും സ്ക്രീനിങ്ങും സർവെയലൻസും വയലൻസുമെല്ലാം നിഷ്കർഷിക്കുകയും ചെയ്യുന്നു.

മലയാളി കുലീനതയുടെ അമിത പ്രാതിനിധ്യ കുത്തകയുടെ സാംസ്കാരിക മൂലധനമായി ഇത്തരം ചലച്ചിത്രണം വിമർശനോട്ടങ്ങളിൽ വെളിപ്പെടുന്നു. പ്രതിനിധാനതലത്തിലും അപരനിഷേധവും ആത്മകേന്ദ്രിതത്തവും തുള്ളിത്തുളുമ്പുന്നു. 

നാല് പെണ്ണുങ്ങള്‍ എന്നത് നാല് നായര്‍ പെണ്ണുങ്ങള്‍ എന്നാകുന്നതായിരുന്നു കൂടുതല്‍ ഉചിതം. കാരണം നാല് കഥാനായികമാര്‍ മാത്രമല്ല കഥകളിലെമ്പാടുമുളള ഇതര കഥാപാത്രങ്ങളും ഗാര്‍ഹിക സാമുദായിക പശ്ചാത്തലവും സംസ്കാര പരിസരവും ഭൂമിശാസ്ത്രവും വരെ കേരളത്തിലെ കുലീനതയുടെ ഗതകാലത്തെ അത്രയും അഭിനിവേശത്തോടെയും സൂക്ഷ്മതയോടെയും ഭാവനാത്മകമായി പുല്‍കുന്നതും പുനരാവിഷ്ക്കരിക്കുന്നതുമാണ്. ലൈംഗിക തൊഴിലാളി മുതല്‍ നിത്യകന്യക വരെ എല്ലാവരും ഒരേ സാമൂഹ്യശ്രേണിയേയും സമുദായത്തേയും പ്രതിനിധീകരിക്കുന്നു. നാല്‍പ്പതുകള്‍ മുതല്‍ അറുപതുകള്‍ വരെ നീളുന്ന ആഖ്യാനങ്ങള്‍ സ്വത്വത്തിന്‍റെ ഒരേ സാംസ്കാരിക ഏകതാനതയെ തന്നെ ആലേഖനം ചെയ്യുന്നു.

നാല് പെണ്ണുങ്ങള്‍ | PHOTO : WIKI COMMONS
തകഴി ശിവശങ്കരപ്പിളളയുടെ പാഠങ്ങളുടെ തിരഞ്ഞെടുപ്പും കുട്ടനാടന്‍ കരപ്രമാണിത്തത്തിന്‍റെയും മാടമ്പി പ്രാദേശികതയുടെയും സമൃദ്ധവും തൃഷ്ണാത്മകവുമായ ദൃശ്യവല്‍ക്കരണവും പത്രസന്നിവേശത്തിലേയും ഉപജീവനത്തിലേയും തിരഞ്ഞെടുപ്പുകളും മനോധര്‍മങ്ങളും വ്യക്തമാക്കുന്നതും സവിശേഷമായ ഈ ആത്മാഭിരതിയുടെ സംസ്കാരമൂലധന രാഷ്ട്രീയത്തെയാണ്. ചലച്ചിത്രകാരന്‍ സ്വന്തം സ്വത്വത്തേയും സാംസ്കാരികമായ സാമുദായികതയേയും സംസ്കാര മൂലധന നിക്ഷേപങ്ങളേയും കുറിച്ച് ദൃശ്യാഖ്യാനങ്ങളിലൂടെ വാചാലനാവുന്നത് സ്വാഭാവികമാണ്. എന്നാല്‍, തന്നെ ഇത്രയധികം ആവേശപുളകിതനാക്കുന്ന ഈ സമുദായ സാംസ്കാരികതയും അതിന്‍റെ അപ്രതിരോധ്യമായ ഭൂതായ്മയും പുനരാനയിക്കപ്പെടുന്ന സാംസ്കാരിക അടയാളങ്ങളും മോഹിപ്പിക്കുന്ന ആസ്തികളും ഈടുവെപ്പുകളും ദമിത തൃഷ്ണകളുടെ  വീണ്ടെടുപ്പുകളും വിമര്‍ശ പാഠ്യതയും ജാഗ്രതയുമില്ലാതുളള പുനരാഖ്യാനങ്ങളും ഉപജീവനാവിഷ്കാരങ്ങളും മറ്റും തന്‍റെ പ്രയോഗ മാധ്യമമായ ചലച്ചിത്രത്തെ സാധ്യമാക്കുന്ന ബഹുജന സമൂഹത്തെ എങ്ങനെ സംബോധന ചെയ്യുമെന്നും ഒരു ഭാഷാസംസ്കാരം എന്ന നിലയില്‍ കേരളസമൂഹം ആര്‍ജിച്ചിട്ടുളള വിമര്‍ശ ചരിത്രബോധത്തേയും നൈതികതയേയും നാഗരിക സഭ്യതയേയും ജനായത്ത മൂല്യങ്ങളേയും ബഹുസാംസ്കാരികതയേയും ഏതെല്ലാം തലത്തില്‍ പ്രതിലോമപരമായി ബാധിക്കുമെന്നും ചിന്തിക്കാന്‍ ഉത്തരവാദിത്തമുളള ചലച്ചിത്ര പ്രവര്‍ത്തകന് ബാധ്യതയുണ്ട്.

ലിംഗനീതിയുടെ പ്രശ്നപരിസരവും കുലീനതയുടെ വംശാവലിയും

ബഹുഭൂരിപക്ഷം ജനങ്ങളും മൃഗതുല്യരായി ചതുപ്പുകളിലേക്ക് പ്രാന്തീകരിക്കപ്പെട്ട ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വഘട്ടത്തില്‍ ഇടപെടുത്തിയിരിക്കുന്ന ആഖ്യാനങ്ങളില്‍ വരേണ്യസാമുദായിക പരിസരത്ത് മാത്രമേ ലിംഗനീതിയുടെ പ്രശ്നങ്ങളെ പ്രതിനിധാനം ചെയ്യാനാവു എന്നത് ശരിയാണ്. കാരണം കേരളത്തില്‍ മധ്യകാലം മുതല്‍ സാധാരണ മനുഷ്യപദവിയിലും വരേണ്യപദവിയിലും വരെ ജീവിച്ച് പോരുന്നവര്‍ മലയാള കുലീനരാണ്. കേരളചരിത്രത്തെ സവിശേഷമായി പഠിക്കാന്‍ ശ്രമിച്ചിട്ടുളള റോബിന്‍ ജഫ്രി മുതലുളള എല്ലാ പണ്ഡിതരും കേരളത്തിലെ അധീശ സമുദായമേതെന്ന് അസന്ദിഗ്ധമായി ചരിത്രണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാനും എന്‍റെ ഊന്നുകാരനും മാത്രം എന്ന പോലെ പുരോഗമിക്കുന്ന പ്രസ്തുത ചലച്ചിത്രത്തില്‍ അദൃശ്യരായ അടിത്തട്ടിലെ ജനങ്ങളും പിന്നണി ജനസമൂഹങ്ങളും സമഗ്രാധിപത്യ സ്വഭാവമുളള ആഖ്യാനത്തെ, പ്രാന്തങ്ങളിലെ നിഴലനക്കങ്ങളിലൂടെ പ്രശ്നവല്‍ക്കരിക്കുന്നു.

റോബിന്‍ ജഫ്രി | PHOTO : WIKI COMMONS
ലിംഗനീതിയുടെ ചലച്ചിത്രഭാഷ്യം എന്തുമാത്രം സാമൂഹ്യവും ബഹുസാംസ്കാരികവുമായി സാധുവാണ്, ഒരേയൊരു സമുദായവീക്ഷണത്തില്‍ നിന്നുമാത്രം അവതരിപ്പിക്കുന്ന ഈ നോക്കുപാടുകള്‍ എങ്ങനെ കേരളത്തിന്‍റെ ബഹുസ്വര പരിസരത്ത് സാമാന്യവല്‍ക്കരിക്കാനാവും, ഏതു ജാതി സ്ത്രീത്വത്തെയാണ് ചലച്ചിത്രം പ്രതിനിധാനം ചെയ്യുന്നത്, വമ്പിച്ച ദളിതബഹുജന പ്രസ്ഥാനങ്ങളുടേയും മനുഷ്യാവകാശ, പൗരാവകാശ പോരാട്ടങ്ങളുടേയും സംഘര്‍ഷ ഭൂമികയില്‍ അവയെ ഒന്നും പരോക്ഷമായി പോലും സ്പര്‍ശിക്കാതെ സാമൂഹ്യചരിത്ര ശൂന്യതയിലുയര്‍ത്തുന്ന ഇത്തരം ആഖ്യാന പാഠങ്ങളുടെ വ്യാവഹാരികതയെന്ത്, ആധുനികതയുടെ ഏത് സാമുദായിക ആണത്തത്തെയാണ് ചലച്ചിത്രം വിമര്‍ശചിത്രണം ചെയ്യുന്നത്, പിന്നണി ജനതയുടെ തീണ്ടലേതുമില്ലാത്ത ഈ കേവല ശുദ്ധമായ ഭൂതകാലത്തിന്‍റെ ചരിത്ര തമസ്കരണ ത്വരയും ദമിതമായ അപരഭയവുമെന്ത്, സംസ്കാര തമസ്കരണത്തിന്‍റെയും കലാസ്വാഛന്ദ്യത്തിന്‍റെയും ചരിത്രപരതയും കുടിലതയും കുടിപ്പകയുമെന്ത്, അഹംകേന്ദ്രിതവും ആത്മനിഷ്ഠവുമായ  തനിമാവാദത്തിന്‍റെയും പാരമ്പര്യ ലാവണ്യ വാദത്തിന്‍റെയും കലാമൗലികവാദത്തിന്‍റെയും സാമൂഹ്യവും വംശീയവുമായ പ്രത്യയശാസ്ത്ര പരിതോവസ്ഥകളെന്തൊക്കെ, അധീശനഷ്ടത്തെ ആന്തരികമായി ഇല്ലായ്മയും വല്ലായ്മയും വൈവശ്യം നിറഞ്ഞ നൊസ്റ്റാള്‍ജിയയും രേഖീയമായ ആധുനികതാവിമര്‍ശവുമായി വികസിപ്പിക്കുന്നതിലെ സമഗ്രാധീശ മനോനിലയെന്ത് എന്നിങ്ങനെ സംസ്കാര രാഷ്ട്രീയ പ്രസക്തമായ പ്രശ്നങ്ങള്‍ നിരവധിയാണ്. ഈ ദിശകളിലെല്ലാമുളള അന്വേഷണങ്ങളെ ഒരു പോലെ വികസിപ്പിക്കാന്‍ ഈ പ്രത്യേക പഠനത്തിന് മാത്രം ആവുകയുമില്ല. എന്നാല്‍ അടിയന്തിരമായ ചില സംസ്കാര രാഷ്ട്രീയ പ്രശ്നമുഖങ്ങളെ സംവാദാത്മകമാക്കാനുളള ചിന്തയാണിവിടെ വിമര്‍ശത്തിന് ദിശാബോധം തരുന്നത്.

കലാമൗലികവാദവും സംസ്കാര വരേണ്യതയും കുലീനതയുടെ ചലച്ചിത്രണവും

സംവാദാത്മകവും ബഹുസ്വരവും ജനായത്തപരവുമായ സംസ്കാര പ്രയോഗം കലാമൗലികവാദത്തിനും സര്‍ഗ, സൃഷ്ടി, ലാവണ്യ മൗഢ്യങ്ങള്‍ക്കും അപ്പുറത്താണ്. അതിലേക്കുളള ദൂരം സാമൂഹ്യ ജീവിത വിദ്യാഭ്യാസവും സംസ്കാര വിമര്‍ശ സാക്ഷരതയുമാണ്. ഭൂതാഭിരതിയില്‍ നിന്നും അധീശനഷ്ടത്തിന്‍റെ സംസ്കാരശൂന്യതയില്‍ നിന്നും നൈതിക വിമര്‍ശ മാനവികതയിലേക്കുളള ജനായത്ത ദൂരമാണത്. ശ്രേണീകൃത അസമത്വത്തേയും പ്രതിനിധാന ഹിംസയേയും പരാവര്‍ത്തനം ചെയ്ത് അധീശത്വത്തിന്‍റെ മുഖ്യ കുപ്പിണിയായി പരിലസിക്കുന്ന സൗന്ദര്യശാസ്ത്രത്തേയും കലാസ്ഥാപനത്തേയും വിമര്‍ശജാഗ്രതയോടെ വീക്ഷിക്കാനുളള സാമാന്യബോധമാണത്. കല എന്ന സാമൂഹ്യ ചരിത്ര ബാഹ്യമായ ഏതോ അതീത സത്തയെ വ്യവഹാരത്തില്‍ നിര്‍മിക്കുകയും അതിനുമേല്‍ സമഗ്രാധീശത്വവും കൈകാര്യകര്‍തൃത്വവും പ്രസംഗിക്കുകയും ചെയ്യുന്ന രചനാകര്‍തൃത്വങ്ങളും സർവ്വവ്യാപിയും സർവ്വശക്തനും ആകാന്‍ ശ്രമിക്കുന്ന ഈഡിപ്പല്‍ സമഗ്രാധീശ കര്‍തൃത്വവും തമ്മില്‍ അകലമേറെയില്ല. നമ്മുടെ കാലത്തെ സംസ്കാര പ്രയോഗങ്ങളുടെ ജനായത്തവല്‍ക്കരണമാണ് പ്രകരണത്തിന്‍റെ വിവക്ഷ. എല്ലാവരും ലാഘവത്തോടെ ചലച്ചിത്രരചന പോലുളള സംസ്കാര പ്രയോഗങ്ങള്‍ നടത്തുന്ന കാലത്തെ ഇകഴ്ത്തുന്ന ഈ അധീശകര്‍തൃത്വത്തെ മലയാളത്തിലെ മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകനില്‍ നിന്നാണെങ്കിലും നാം ഞെട്ടലോടെ അല്ലാതെ എങ്ങനെ കാണും (ഒപ്പം നടന്ന് എന്ന ഇന്ത്യാവിഷന്‍ അഭിമുഖം, 5. 11. 2007).

സംസ്കാര ചരിത്രത്തെ കൊണ്ടുളള ഇത്തരം സവിശേഷ പ്രതിനിധാന പരീക്ഷണങ്ങളെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായി മനസ്സിലാക്കണമെങ്കില്‍ നമ്മുടെ ഭാഷാസംസ്കാര ചരിത്രത്തിന്‍റെ വിശാലവും വിവധവുമായ വ്യവഹാരപരിസരങ്ങളില്‍ അവയെ ഇടപെടുത്തേണ്ടതുണ്ട്. ചലച്ചിത്രം അഭിരമിക്കുന്ന മലയാള ശൂദ്രസ്ത്രീകളുടെ സാംസ്കാരിക പ്രതിനിധാനം വമ്പിച്ച തോതില്‍ നടക്കുന്നത് മധ്യകാലം മുതലുളള മണിപ്രവാള സാഹിത്യത്തിലാണ്. ബ്രാഹ്മണിക ആണ്‍കോയ്മയുടെ വൈഷയിക വസ്തുക്കളും ഭോഗതൃഷ്ണകളും സാംസ്കാരികമായ അപചയത്തിന്‍റെ ഇടങ്ങളുമായി വരമൊഴിയിലൂടെ അടയാളപ്പെടുത്തപ്പെടുകയായിരുന്നു ശൂദ്രസ്ത്രീ ശരീരങ്ങള്‍. 

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഭൗതികമായി മെരുങ്ങാത്തതും പ്രത്യയശാസ്ത്രപരമായി മെരുക്കേണ്ടതുമായ വന്യശരീര പരതയുടെ മദാലസസമൃദ്ധി വഴിഞ്ഞൊഴുകുന്ന ശൂദ്രസ്ത്രീ ശരീരത്തിന്‍റെ എത്രയോ സൂചകങ്ങള്‍ മണിപ്രവാളത്തിന്‍റെയും ചമ്പുക്കളുടേയും അടയാള അടിയായ്മ ക്രമത്തെ നിര്‍ണയിക്കുന്നു. വരേണ്യദൃശ്യശ്രാവ്യ കലാരൂപങ്ങളുടെ ആഭിജാത പരിസരത്തെല്ലാം കുമിഞ്ഞുകിടക്കുന്ന ഈ ചരിത്രമാലിന്യത്തിന്‍റെ ആണത്ത വിഷയ ലമ്പടത്തം തികച്ചും ബ്രാഹ്മണീയമാണ്. നാലുകെട്ടിന്‍റെയും നടുമുറ്റത്തിന്‍റെയും കോളാമ്പിയുടേയും നിറപറയുടേയും കുലീന ചിഹ്നവ്യവസ്ഥയെ വയോധികനായി ആശ്ലേഷിച്ച് തനിമാവാദം നടത്തുന്ന ചലച്ചിത്രകാരന്മാര്‍ മാത്രം ഇത്തരം വിഷമവൃത്തങ്ങള്‍ക്ക് അതീതരാണെന്ന് ചിന്തിക്ക വയ്യ. ഒരു പക്ഷെ അവര്‍ക്കായിരിക്കാം പുനരുത്ഥാനത്തിന്‍റെ ആധികാരിക നിര്‍വാഹകത്വം. 

സാമൂഹ്യ രാഷ്ട്രീയ സംസ്കാര ചരിത്രത്തേയും രാഷ്ട്രീയ സമ്പദ്വ്യവസ്ഥയേയും മുന്‍നിര്‍ത്തിയല്ലാതെ സംസ്കാരകലാ നിര്‍മിതികളെ വായിക്കാമെന്ന് വാദിക്കാന്‍ ഇക്കാലത്ത് നവനാസികളും യൂറോകലാവരേണ്യരും സൗന്ദര്യമൗലികവാദികളും കേവലലാവണ്യാനുഭൂതിക്കാരും പോലും ധൈര്യപ്പെടാറില്ല. തന്‍റെ കാലത്തെ കുറിച്ചും മാധ്യമത്തെ കുറിച്ചും ആത്യന്തികമായി മാറ്റത്തെ കുറിച്ചുമുളള ജനായത്ത അജ്ഞതയാണ് മൗലിക കലാവാദമെന്ന അശ്ലീലത്തെ ഉല്‍പ്പാദിപ്പിക്കുന്നത്. സംസ്കാരകലാ നിര്‍മിതികളുടെ ഗൂഢവല്‍ക്കരണം ഇന്ന് കേരളത്തില്‍ കവികളും ചലച്ചിത്രകാരന്മാരുമാണ് ചെയ്യുന്നത്. അപവാദങ്ങള്‍ നിരവധിയാണെങ്കിലും ആധുനികതാവാദവുമായി അടുത്ത് ബന്ധപ്പെട്ട മുതിര്‍ന്ന തലമുറയുടെ ഈ ആത്മരതി സാംസ്കാരികമായി അരോചകവും സാമൂഹ്യവിരുദ്ധവും തന്നെ. ചരിത്രമാലിന്യങ്ങളേയും അശ്ലീലത്തേയും കുറിച്ചുളള തിമിരവും സാമൂഹ്യവിരുദ്ധമായ ആത്മാഭിരതിയുടെ അന്ധതയെ തന്നെയാണ് വെളിച്ചപ്പെടുത്തുന്നത്. ശൂദ്രത്തത്തിന്‍റെ ദാസ്യവും ബ്രാഹ്മണിസത്തിന്‍റെ ലൈംഗിക കോളനി എന്ന സാമൂഹ്യ പദവിയും ഹിംസാത്മകമായ വരമൊഴിയിലെ പ്രതിനിധാനവും ശൂദ്രപുരുഷന്‍റെ നിതാന്തവും ഗാഢവുമായ മാനസിക സംത്രാസവും സാംസ്കാരിക അപകര്‍ഷതയുമാകുന്നത് തിരിച്ചറിയാന്‍ വികേന്ദ്രിതമായ വിമര്‍ശ സംസ്കാരചരിത്രാവബോധം ആവശ്യമാണ്.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
ക്ഷുദ്രപൗരുഷത്തിൻ സംസ്കാരാപകർഷതയും അധീശ കാമനയും


വംശഗാഥകളുടെ അടിത്തട്ടിലൂറിയ അലട്ടലും ഇല്ലായ്മയുമായി തലമുറകളുടെ സംസ്കാര രാഷ്ട്രീയത്തിനും മൂലധന നിക്ഷേപത്തിനും ഈ വ്യഥയും വൈരവും ഊര്‍ജമായി. സര്‍ഗാത്മകമായ ഈ അപകര്‍ഷ ഇല്ലായ്മയെ മനോവിശ്ലേഷണ തലത്തില്‍ വിശകലനം ചെയ്യുന്ന പഠനങ്ങള്‍ ഇനിയുമുണ്ടായിട്ടില്ല. അഥവാ അത്തരത്തിലുളള ചെറിയ ശ്രമങ്ങളെ പോലും മുളയിലേ നുളളാന്‍ മാധ്യമരംഗത്തെ അധീശ സമവായം സദാ ജാഗരൂഗമാണ്. തമസ്കരണവും വിയോജിപ്പുകളെ കുറിച്ചുളള പുച്ഛവുമാണല്ലോ അധീശത്വത്തിന്‍റെ ആന്ധ്യവും ആയുധവും. പൈതൃകത്തിന്‍റെയും പിതൃത്വത്തിന്‍റെയും സന്ദിഗ്ധതയും പ്രതിസന്ധിയും സംവഹിക്കുന്ന ഈ സര്‍ഗാത്മകതയാണ് പിന്നീട് നവോത്ഥാനത്തിലും ആധുനികതയിലും പുരോഗമന പ്രസ്ഥാനങ്ങളിലും കൂടി പ്രവഹിച്ച കുലീന പുരുഷ സര്‍ഗോര്‍ജത്തിന്‍റെ വംശാവലിയാകുന്നത്. 

രാഗദ്വേഷാത്മകവും മനശാസ്ത്രപരമായി രോഗഗ്രസ്തവും സാമൂഹ്യമായി  അസമായോജിതവുമായ സംസ്കാര സഹസംബന്ധമാണ് ശൂദ്രപൗരുഷത്തിന് ബ്രാഹ്മണിക ആണ്‍കോയ്മയുമായി ഉളള സവിശേഷ ബലതന്ത്രത്തെ ഉല്‍പ്പാദിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും. ഒരേ സമയം അട്ടിമറിക്കുകയും അട്ടിപ്പേറുനടത്തുകയും ചെയ്യുന്ന, കുരയ്ക്കുകയും വാലാട്ടി കാലുനക്കുകയും ചെയ്യുന്ന വൈരുദ്ധ്യം ശൂദ്രത്തത്തിന്‍റെ കാതലാകുന്നത് ഈ വ്യാവഹാരിക വംശാവലിയിലാണ്. കലാപവും യാഥാസ്ഥിതകത്വവും സവിശേഷമായി ചേരുന്ന വരേണ്യ കുലീനതയുടെ സാമൂഹ്യ സംസ്കാര ചരിത്ര പശ്ചാത്തലം ഇതാണ്. നവോത്ഥാനത്തിലേയും ആധുനികതയിലേയും പുരോഗമനകാലത്തേയും ജീവിതസമരമുഖങ്ങളിലെ സംസ്കാരവൈരുദ്ധ്യങ്ങളും ഇതുമായി ബന്ധമില്ലാത്തവയല്ല.  

REPRESENTATIVE IMAGE | PHOTO: WIKI COMMONS
മലയാളി മെമ്മോറിയല്‍ മുതല്‍ രണ്ടാം വിമോചന സമരം വരെ നീളുന്ന അധീശകാമനയുടെ കുലീന വംശാവലിയെ അധികകാലം മാധ്യമ സംസ്കാരത്തിന് മുഖപ്പാളയിടീച്ച് മൂടിവയ്ക്കാനാവില്ല. നമ്മുടെ ഭാഷാസംസ്കാര ചരിത്രത്തിലെ ഉന്നതശീര്‍ഷരായ ക്രാന്തദര്‍ശികളും വിധ്വംസകരുമായ ജൈവബുദ്ധിജീവികളേയും ജനായത്ത സഭ്യതയേയും ഭരണഘടനാ നൈതികതയേയും വരെ തെരുവില്‍ വെല്ലുവിളിച്ച് മതപൗരോഹിത്യ ആണ്‍കോയ്മയുമായി പോലും നവസംബന്ധത്തിനായി നടക്കുന്ന കിരാതരായ ബഹുജന വിരുദ്ധരേയും ഒരേ പോലെ സൃഷ്ടിക്കുന്ന ഈ വരേണ്യ വംശാവലിയുടെ വാസ്തവം ഒരു ഭാഷാസംസ്കാരം പങ്കിടുന്ന ബഹുസാംസ്കാരികമായ ജനതയെന്ന നിലയില്‍ നാം പഠിക്കേണ്ടതുണ്ട്. ബഹുജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ അവർക്ക് പ്രാതിനിധ്യം വേണ്ടെന്ന് മാധ്യമത്തൊഴിലാളികളോട് വിളിച്ചുപറയാനും പ്രാന്തീകൃതരുടെ ജനായത്തപരമായ പ്രതിനിധാനത്തെ 'ജാതിയുടെ ആനുകൂല്യ'മെന്ന് മുഖപ്രസംഗം എഴുതാനും മറ്റും ഇത്തരം കിരാതനായകർക്ക് മാത്രമേ കഴിയൂ, അതും ഇന്ന് കേരളത്തില്‍ മാത്രം.  തീവ്രമായ സാമൂഹ്യാസമത്വങ്ങള്‍ നിലനില്‍ക്കുന്ന തമിഴ്നാട്ടില്‍ പോലും ഇത്തരം അധീശ സംസ്കാരത്തെ നേരിടാനുളള ആര്‍ജവം ദളിതബഹുജനങ്ങളും സ്ത്രീകളും ആര്‍ജിച്ചുവരുകയാണ്. കണ്ണടച്ചിരുട്ടാക്കുന്നതും പാലുകുടിക്കുന്നതും നമ്മുടെ ഭാഷാലോകബോധം തന്നെ വെച്ച് പൊറുപ്പിക്കുന്നില്ല.

പ്രാതിനിധ്യവാദവും അധികാര പ്രവേശവും അപരനിഷേധവും കുത്തകവൽക്കരണവും

ബ്രാഹ്മണികാധിനിവേശവും സൈനികവല്‍ക്കരണവും വന്‍തോതില്‍ സ്ഥാപിതമായ മധ്യകാലങ്ങളുടെ തുടക്കം മുതല്‍ ഇന്നും നിലനില്‍ക്കുന്ന ശൂദ്രപുരുഷത്വത്തിന്‍റെ ഇരട്ടബോധത്തെ ഇത്തരം സങ്കീര്‍ണ ചരിത്ര സന്ദര്‍ഭങ്ങളിലൂടെയും ഉപപാഠങ്ങളിലൂടെയും സാംസ്കാരികമായി വിശദീകരിക്കാം. ഒരേ സമയം വിപ്ലവത്തിന്‍റെയും തനിമാവാദത്തിന്‍റെയും, സാമൂഹ്യമാറ്റത്തിന്‍റെയും പൈതൃകപഴക്കവാദത്തിന്‍റെയും, ലിംഗനീതിയുടേയും ബ്രാഹ്മണിക ആണ്‍കോയ്മയുടേയും വക്താക്കളും വിധാതാക്കളുമാകുന്ന ആധുനികനായ മലയാള കുലീനന്‍റെ സംസ്കാര വംശാവലി അമ്പരപ്പിക്കുന്നതും ആധുനികരണത്തിന്‍റെയും ജനായത്തവല്‍ക്കരണത്തിന്‍റെയും ചരിത്രപശ്ചാത്തലത്തില്‍ സവിശേഷ പഠനം അര്‍ഹിക്കുന്നതുമാണ്. 

ഇത്തരത്തില്‍ സങ്കീര്‍ണവും അഗാധമായ സംസ്കാര വിവക്ഷകളുളളതുമായ ശൂദ്ര അപകര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് തകഴിയുടെ പുരുഷ പാത്രങ്ങളുടെ ഏകാന്തതകളും സ്ത്രീകഥാപാത്രങ്ങളുടെ ഭാഷണവും അര്‍ഥപൂര്‍ണമാകുന്നത്. താവഴിയുടെ തായ്വേരും പിതൃത്വ പ്രതിസന്ധിയുടെ ദമിത സന്നിഗ്ധതയും കലുഷമാക്കുന്ന സാമുദായിക പരിസരം അപരിമേയമായ സമായോജന തന്ത്രങ്ങളെ സൃഷ്ടിക്കും. പ്രതിനിധാനവും ആഖ്യാനവുമാണ് കാമ്യയാഥാര്‍ഥ്യത്തിന്‍റെ നിര്‍മിതിയില്‍ ഏറ്റവുമധികം പ്രായോഗികമായ സംസ്കാര പ്രയോഗങ്ങള്‍. കയറിഴകള്‍ പോലെ പെരുകി മുറുകുന്ന ആഖ്യാനം അമര്‍ത്തുന്ന അപകര്‍ഷതയും അപരഭീതിയും അപകടകരമായ അധീശകാമനയും അനന്യമാണ്.  

തകഴി ശിവശങ്കരപ്പിള്ള | PHOTO: WIKI COMMONS
വംശകേന്ദ്രിതത്വവും വംശീയാഖ്യാനങ്ങളും ആത്മരതിയും


വംശാഖ്യാനത്തേക്കടന്ന് വംശീയതയുടെ ആഖ്യാനത്തിലേക്ക് കൂപ്പുകുത്തുന്ന ഇത്തരം ആത്മ, അധീശ രതികളുടെ സംസ്കാര മൂലധന രാഷ്ട്രീയത്തെ കുറിച്ച് അടിത്തട്ടില്‍ നിന്നുളള വിമര്‍ശങ്ങള്‍ ഇന്ന് ലഭ്യമാണ്. പിന്നോക്ക മനുഷ്യാവകാശ, പൗരസമത്വ പ്രസ്ഥാനങ്ങള്‍ കൊടുമ്പിരികൊണ്ട നാല്‍പ്പതുകളിലും അമ്പതുകളിലും അവയെ തമസ്കരിച്ചുകൊണ്ടുളള തകഴി ശിവശങ്കരപ്പിളളയുടെ പാഠങ്ങളുടെ കേവലമായ പുലയപ്രേമം കുപ്രസിദ്ധമാണ്. 

ഏകപക്ഷീയവും തന്ത്രപരവുമായ ഈ പുലയപ്രേമത്തിന് തുല്യമായി ഇന്നത്തെ ബ്രാഹ്മണിക/ ശൂദ്ര ഇടത് പക്ഷത്തിന്‍റെ വെണ്ണപ്പാടവാദം മാത്രമേയുളളു. ഇന്ത്യന്‍ ഇടതുപക്ഷത്തിന്‍റെ ബ്രാഹ്മണിക ആണ്‍കോയ്മാ ഊക്കത്തെ കുറിച്ച് അധികമാരും ഇനി ഉപന്യസിക്കേണ്ടതില്ലല്ലോ. ക്ഷേത്രദര്‍ശനം നടത്തിയ താന്‍ ആദ്യന്തം ബ്രാഹ്മണനും പിന്നെ മാത്രം കമ്യൂണിസ്റ്റുമാണെന്ന് പറയാനുളള നേര് ബംഗാളികള്‍ക്കുളളപ്പോള്‍ ദിലീപ് മേനോന് ശേഷവും നമ്മുടെ പിതൃരൂപങ്ങളെ വിമര്‍ശാത്മകമായി മനസ്സിലാക്കാന്‍ നമുക്കാവാത്തതും ബ്രാഹ്മണീയതയുടെ അയിത്തം ബൗതികാടിമത്തമായി വളരുന്നത് കൊണ്ടാണ്. 

ആദ്യം ബ്രാഹ്മണനും പിന്നെ കമ്യൂണിസ്റ്റുമാകുന്ന ഈ ജനവഞ്ചകര്‍ എന്നെങ്കിലും മനുഷ്യരും സാമൂഹ്യജനായത്തത്തിലെ നീതിബോധമുളള പൗരരുമാകുമെന്ന് നാം പ്രതീക്ഷിക്ക.  ഇഎംഎസ്, പിതാവ് ജോസഫ് കമ്മീഷനിലൂടെ തുടങ്ങിവച്ച ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണവാദവും  വെണ്ണപ്പാടവാദവും നവ ഉദാര ബ്രാഹ്മണിക വിധികളുമായി ആക്റ്റീവായ സുപ്രീം കോടതിയെ ഹഠാദാകര്‍ഷിക്കുകയാണ്. പിന്നോക്ക സമുദായങ്ങളിലെ അക്ഷരം പഠിച്ച ശബ്ദവും നിര്‍വാഹകത്വവുമുളളവരെ വെട്ടി മാറ്റിയാല്‍ മറ്റുളള നിരുപദ്രവികളും മൂകരുമായ പാവങ്ങളെയെല്ലാം ഞങ്ങള്‍ രക്ഷിച്ചോളാം എന്നത്രേ പുതിയ തമ്പ്രാക്കളുടെ നവ ഉദാര വിധിശാസനം. കേന്ദ്രസര്‍വകലാശാലകളും ഫലത്തില്‍ കേരളമാതൃകയില്‍ 'എയിഡഡ്' ആയിരിക്കട്ടെ എന്നത്രേ പുതിയ സമവാക്യം. ശമ്പളവും പെന്‍ഷനും ജനങ്ങള്‍ കൊടുക്കണം കോഴയും തലവരിയുമെല്ലാം തിരുമാനേജര്‍ക്കും. സവര്‍ണ സിറിയന്‍ അധീശസമവായത്തിന് ഇനിയും തെളിവ് വേണോ. സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയുടെ പ്രതിവിധിയായി രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുന്ന ജനായത്ത സംവിധാനമായി `ഭരണഘടനാ നൈതികത വിഭാവനം ചെയ്ത സാമൂഹ്യ നീതിയില്‍ സാമ്പത്തിക മാനദണ്ഡം കുത്തിക്കയറ്റി പത്തുശതമാനം അധികം കുത്തക കൂടി കൈക്കലാക്കിയിരിക്കയാണല്ലോ കേരളത്തിലെ അധീശ കുലീനത. സാമൂഹ്യ സ്ഥാപനങ്ങളേയും പ്രസ്ഥാനങ്ങളേയും ഭരണഘടനാ സ്ഥാപനങ്ങളേയും അത്രമേല്‍ അധിനിവേശം ചെയ്തിരിക്കുന്നു വരേണ്യാധീശത്വം.

ഇഎംഎസ് നമ്പൂതിരിപ്പാട് | PHOTO: WIKI COMMONS
ക്ഷുദ്രമായ ഇത്തരം അധീശകാമനകളുടെ ദമിത വംശാവലിയാണ് നാം ഇതിനകം കണ്ടുകഴിഞ്ഞത്. കേവലമായ അപകര്‍ഷ ആണത്തം മാത്രമല്ല ശൂദ്രത്തത്തിന്‍റെ സംസ്കാരസ്വത്വ സങ്കീര്‍ണത. നിരന്തരമായ തമസ്കരണത്തിലും പ്രതീകാത്മക ഹിംസയിലും കൂടിമാത്രം അപരത്തെ പ്രതിനിധാനം ചെയ്യാനുളള അദമ്യതയും അതിന്‍റെ ഭാഗമാണ്. സ്വയംവരത്തിലെ നായകനായ മധു മുതല്‍ നിത്യകന്യകയിലെ രവി വളളത്തോള്‍ വരെ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയും ശബ്ദമില്ലായ്മയും ഇവിടെ പ്രസക്തമാണ്.  കൊടിയേറ്റത്തിലെ പൊട്ടനും എലിപ്പത്തായത്തിലെ തറവാട്ടുകുട്ടനായ ഉണ്ണിപ്പിളളയും അനന്തരത്തിലെ മൂക ആണത്തങ്ങളും കഥാപുരുഷനിലെ പരാജിതനും എല്ലാം താന്‍ തന്നെയാണെന്നും എല്ലാ രചനയിലും ആത്മകഥാംശം നിറയുന്നു എന്നുമുളള ചലച്ചിത്രകാരന്‍റെ സമീപകാല പ്രസ്താവന നാം ഓര്‍മിക്കും (മുന്‍ അഭിമുഖം). ആത്മാംശവും ബോധവുമില്ലാതെ ഒരു തരം സംസ്കാര പ്രയോഗവും സാധ്യമല്ല എന്ന് നമുക്കറിയാം. എന്നാല്‍ കൂടുതല്‍ ദൃശ്യവും ശ്രാവ്യവുമായിരിക്കുന്നതും ഭാവനാത്മകമായി സന്നിഹിതമായിരിക്കുന്നതും സാമുദായികമായ സംസ്കാര ചരിത്രമാണെന്നത് കൂടുതല്‍ വ്യക്തമാണ്. എന്നാല്‍ ചരിത്രബോധവും ജനായത്തസാക്ഷരതയുമാര്‍ജിക്കുന്ന നവോത്ഥാന നായര്‍ ആണത്തത്തിന്‍റെ അസാധാരണമായ നിരാസവും അപചയവും തമസ്കരണവും അടൂരിന്‍റെ ആണ്‍പാത്രങ്ങളെ വ്യത്യസ്തമാക്കുന്നു.

ആണത്തവും അപരത്തവും അധമാപകർഷവും ചായപ്പുറത്തുള്ള ചർച്ചയും

നായരാണത്തത്തിനെ അധമ അപരമാക്കി നായര്‍ സ്ത്രീത്വത്തെ ആഘോഷിക്കുന്ന പ്രതിനിധാന വ്യവസ്ഥ മലയാളത്തിന്‍റെ ഭാഷാലോകബോധത്തില്‍ ഇന്ദുലേഖമുതലാരംഭിച്ച് ശിവശങ്കരപ്പിളളയിലും അടൂരിലും ഒരുപോലെ കൂലങ്കഷമാകുന്നതും നമ്മെ അദ്ഭുതപ്പെടുത്തും. കളളനേയും മുസല്‍മാനേയും അഭേദകല്‍പ്പന ചെയ്യുന്ന പ്രതിനിധാനത്തിന്‍റെ തുടക്കവും മലയാളത്തില്‍ ഇന്ദുലേഖ തന്നെയാണ്. കൊളളപ്പലിശക്കാരനും മുഠാളനുമായ വാസുദേവന്‍ നായരുടെ മുസ്ലീമിനേയും നാം പ്രത്യേകം ഓര്‍മിക്കും. ആത്മത്തെ തന്നെ അപരവല്‍ക്കരിക്കുന്ന ഈ സവിശേഷ സംസ്കാരയുക്തിയെ വിശദീകരിക്കാന്‍ ബ്രാഹ്മണികമായ ജാതിയുടെ സങ്കീര്‍ണ പ്രഹേളികയ്ക്ക് മാത്രമേയാകൂ. ആന്തര ജനായത്തം സാധ്യമാകാത്ത ഉപജാതികളുടെ സംഘര്‍ഷത്തെ പാഠവല്‍ക്കരിക്കുക എളുപ്പമല്ല. നവോത്ഥാന നായര്‍ സ്വത്വത്തിന്‍റെ ആണത്ത ചാലകതയുടെ നിരാസവും അപകര്‍ഷവല്‍ക്കരണവും സൂചിപ്പിക്കുന്നത് സമുദായവല്‍ക്കരണത്തിന്‍റെ ആന്തരിക ജനായത്ത ഇടര്‍ച്ചകളെ തന്നെയാണ്. സ്വത്വത്തിന്‍റെ സങ്കീര്‍ണമായ പ്രതിനിധാന പ്രതലമാകുന്നു ചലച്ചിത്രാഖ്യാനം ഇത്തരം സവിശേഷ സംസ്കാര സന്ദര്‍ഭങ്ങളില്‍.

മലയാള കുലീനരില്‍ താഴ്ന്ന ശ്രേണിക്കാര്‍ അധപ്പതിച്ചാല്‍ ചായക്കടക്കാരാകുമെന്ന് പൊതുവെ അവര്‍ തന്നെ പറയാറുണ്ട്. കൂടുതല്‍ മുടിഞ്ഞാല്‍ ലൈംഗിക തൊഴിലാളിയുമാകുമെന്നാണ് ശിവശങ്കരപ്പിളളയുടെ കഥ. യുദ്ധാനന്തര ക്ഷാമത്തിന്‍റെ നാല്‍പ്പതുകളാണ് ഭാര്‍ഗവിയുടെ മകളായ 'വെളുത്ത പെണ്ണി'നെ ലൈംഗിക തൊഴിലിലേക്ക് വലിച്ചിടുന്നത്. കൊളോണിയല്‍ നീതിയും നിയമസംവിധാനവുമാകട്ടെ അവളെ മനുഷ്യസ്ത്രീയായി വീണ്ടും മാറാന്‍ അനുവദിക്കുന്നുമില്ല. ശൂദ്രസ്ത്രീകളുടെ ഇടയില്‍ ബ്രാഹ്മണിസം ഉല്‍പ്പാദിപ്പിച്ച ലൈംഗിക കോളനികളും ജാതിപ്രഭുക്കളുടെ മുമ്പില്‍ മേല്‍ശീലയഴിക്കേണ്ടുന്ന ബഹുജന സ്ത്രീകളും ഒക്കെ അവശേഷിക്കുന്ന തിരുവിതാംകൂറിലെ നാല്‍പ്പതുകളിലാണീ മഹാസംഭവമെന്നതും ശ്രദ്ധേയമാണല്ലോ. വഴിപണിക്ക് പോകുമ്പോഴെങ്കിലും നായിക കറുത്തവരേയും കുറിയവരേയും കാണുന്നത് നമ്മെ ആശ്വാസം കൊളളിക്കും. സാധ്യമാകാത്ത വിവാഹത്തെ ഓര്‍ത്ത് നമുക്കും ഖേദിക്കാനായേക്കും.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
കല്യാണയുണ്ണികളും കൊട്ടുകാരും ചിട്ടിക്കമ്പനിയും ചീട്ടുകൊട്ടാരവും


കന്യകയാകട്ടെ ആധുനീകരണത്തിലും ജനായത്തവല്‍ക്കരണത്തിലും ഭൂസ്വത്തും പ്രതാപവും പോയ കുലീന കുടുംബത്തിലെയാണ്. ഗതകാല ഐശ്വര്യവും പഴകിയ സമൃദ്ധിയും അയവെട്ടാന്‍ മിനക്കിടാതെ കൃഷിപ്പണിയും ചിട്ടിയുമൊക്കെയായി സ്വന്തം കെട്ടിനുളള കാശൊക്കെ അവളുണ്ടാക്കുന്നു. നാല് കഥകളിലുമായി നിരന്ന് പരന്ന് കിടക്കുന്ന കുലീന വിവാഹ ദൃശ്യങ്ങളുടെ സമൃദ്ധി ആരെയാണ് ഹഠാദാകര്‍ഷിക്കാതിരിക്കുക. വിവാഹം ഒരു കേന്ദ്രസമസ്യയും സന്ദിഗ്ധതയുമാകുന്നതും മുൻചെന്ന കുലീന സാമുദായികതയില്‍ മാത്രമാണ് എന്നതും ഇവിടെ പ്രസക്തമാണ്. നിലവിളക്കുകളും നിറപറകളും കുലവാഴകളും നാഗസ്വരമേളവും മുല്ലപ്പൂമാലയും പുടവയും വേഷ്ടിയുമെല്ലാം ഇക്കാലത്തെ ബഹുജന പ്രേക്ഷകരെ പോലും അസൂയാലുക്കളാക്കാതിരിക്കില്ല. ബഹുജനങ്ങളൊക്കെ ഇനിയെത്രനാള്‍ കഴിയണം ഇങ്ങനെയൊരു കെട്ടൊക്കെ നടത്തി സദ്യയുണ്ണാന്‍. അസൂയയ്ക്കാകട്ടെ മരുന്നുമില്ല.

കേരളീയതയുടെ ഈ വരേണ്യ ചിഹ്നശാസ്ത്രത്തെ കുറിച്ച് ചിലരെങ്കിലും ഞെട്ടിത്തരിക്കാതെയുമിരിക്കില്ല. ഏതായാലും കന്യക വീണ്ടും കന്യകയായി തന്നെ കതിരുകൊയ്യുന്നത് കണ്ട് നാം നെടുവീര്‍പ്പിടും, തീര്‍ച്ച. പാടത്ത് പണിയെടുക്കുന്ന നായികയുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ അന്ധാളിക്കുകയും അപ്രസക്തമായ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുകയും ചെയ്യുന്ന പ്രേക്ഷക വിമര്‍ശകരെ ഉദ്ദേശിച്ചുളളതാകാം. കൃഷി നമ്മുടെ ദേശീയ തൊഴിലല്ലോ, വംശീയവും. കാര്‍ഷിക ഭൂതകാലാഭിരതിയാണ് കുലീന സാമൂഹ്യഭാവനയുടെ കാതല്‍ എന്നും ഇത്തരുണത്തില്‍ നാം തിരിച്ചറിയും. അതിന് ചേറിലിറങ്ങുക തന്നെ വേണം. 1931ലെ സെന്‍സസില്‍ കര്‍ഷകത്തൊഴിലാളികളായി ദളിത് ബഹുജന സമുദായങ്ങളെ മാത്രം അടിച്ചുവിട്ടിരിക്കുന്നത് സായിപ്പിന്‍റെ അധിനിവേശ ക്രിയാതന്ത്രമാകും തീര്‍ച്ച. ഇന്നും ശൂദ്രത്തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ഗാഢമായി പ്രഘോഷം ചെയ്യുന്ന കുലീന ഗവേഷകരെ കുറിച്ചും നമുക്കറിയാം. പുരോഗമനത്തിന്‍റെ വര്‍ഗവങ്കത്തത്തെ കുറിച്ച് ദീര്‍ഘിപ്പിക്കുന്നത് നീതിയാവില്ല.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
അതീതകുലീനസ്വത്വവും അയുക്തിക അമിത പ്രാതിനിധ്യവും


നാറാപിളള ആത്മരതിയുടെ വൈഷയികമായ അഗമ്യഗമനങ്ങളുടെ ചരിത്രസൂചകമാണ് എന്നു വിഹഗ വീക്ഷണത്തില്‍ തോന്നാം. എന്നാല്‍ സൂക്ഷ്മമായ സമീപദൃശ്യത്തില്‍ പതിവ്രതയായ തറവാട്ടമ്മ ചിന്നുവമ്മയെ പ്രലോഭിപ്പിക്കുന്ന ഈ ശൂദ്ര ആണത്തം അപകര്‍ഷിതനും ഭ്രഷ്ടനും കുറഞ്ഞവനുമായ നവോത്ഥാന വിരുദ്ധ അഥവാ അതീത നായര്‍ സ്വത്വത്തിന്‍റെ അയുക്തികമായ ഇടപെടലും കൂടിയാണ്.  ഉപജാതിയുടെ പ്രശ്നപരിസരത്തെ മുഖരിതമാക്കുന്ന നാറാപിളളച്ചേട്ടന്‍ അഭ്യുത്ഥാനം ചെയ്യുന്ന ഒരു ഒഴിയാബാധയാണ്. നവോത്ഥാന സ്വത്വനിര്‍മിതിയുടേയും സാമുദായിക രാഷ്ട്രീയവല്‍ക്കരണത്തിന്‍റെയും ഇടര്‍ച്ചയായ ഈ പാണ്ടിനായര്‍ അപകടകരമായ സംസ്കാര പതര്‍ച്ചകളുടെ സന്നിഹിതത്വമത്രേ.

ആത്മത്തിലെ ഇത്തരം ഛേദങ്ങള്‍ ഭിന്നാഭിന്നതയുടെ വ്യതിരിക്തതയെ വിശേഷിച്ച് സാംസ്കാരിക വ്യതിരിക്തതയേയും ഡിസ്റ്റിങ്ഷനേയും ആന്തരികമായി അട്ടിമറിക്കുകയും നിരന്തരം റദ്ദ് ചെയ്യുകയും ചെയ്യുന്ന അനിതര സാധാരണമായ സത്തയാണ്. സാംസ്കാരികമായ ഈ ഭൂതായ്മയെ അതിന്‍റെ പാത്രപ്രതിനിധാന തലത്തില്‍ ആത്മാപരം എന്ന് തന്നെ വ്യവഛേദിക്കാം. ഇതേ ആത്മാപരം തന്നെയാണ് നിത്യകന്യകയുടെ വാതില്‍ മുട്ടുന്ന ഘനഗംഭീരനും. മരണാനന്തരവും ശാരദയുടെ വാതില്‍ മുട്ടി മടങ്ങിവരുന്ന മധുവിനെ സ്വയംവരത്തില്‍ നാം സഹിച്ചു. നന്ദിതാദാസിന്‍റെ വാതിലിലും മുട്ടുന്ന ഈ ക്ഷുദ്രജീവിയെ നാം എന്തു ചെയ്യാനാണ്... സംസ്കാര ചരിത്രത്തിന്‍റെ അശ്ലീല മാലിന്യങ്ങളുടെ വംശാവലിക്ക് ഒരന്ത്യം വേണ്ടേ...

സ്വയംവരം | PHOTO : WIKI COMMONS
ക്ഷുദ്രജീവിയും അശ്ലീലമായ സംസ്കാരചരിത്ര മാലിന്യവും അപരഭീതിയും

ചുരുക്കത്തില്‍ സ്വത്വത്തിന്‍റെ ആഖ്യാനമാണെന്ന് പൊതുവേയും ചലച്ചിത്രകാരനാലും അംഗീകരിക്കപ്പെട്ട ചലച്ചിത്രം സ്വത്വത്തിന്‍റെ പിളര്‍പ്പുകളേയും ഭിന്നതകളേയും ശകലങ്ങളേയും ഇല്ലായ്മകളേയും പ്രതിസന്ധിയേയും സംഘര്‍ഷങ്ങളേയും വംശാവലിയേയും സാമുദായികതയേയും സംസ്കാര രാഷ്ട്രീയത്തേയും കുറിച്ചാണ് കൂടുതല്‍ വാചാലമാകുന്നത്. ആത്മാപരങ്ങളുടെ അനിയന്ത്രിതമായ പെരുക്കങ്ങളും പ്രതീകവ്യവസ്ഥയും സൂചിപ്പിക്കുന്നത് സ്വത്വത്തിന്‍റെ സംസ്കാര സങ്കീര്‍ണതകളും ചരിത്രനിര്‍മിതിയും തന്നെയാണ്. സംസ്കാര മൂലധന രാഷ്ട്രീയത്തിന്‍റെ സമകാല ക്രിയാതന്ത്രങ്ങളും കാമനാവഴക്കങ്ങളും കൂടി പ്രതിനിധാന വിശകലനം വെളിവാക്കുന്നു. ആത്മാഭിരതിയുടെ ആഖ്യാനത്തില്‍ ആത്മത്തിന്‍റെ വിവിധ ഭാവങ്ങളോടും രൂപങ്ങളോടും കൂടി അപരത്തിന്‍റെ സന്നിവേശവും പരകായപ്രവേശവും കൂടി  വിമര്‍ശാനുഭവവേദ്യമാകുന്നു.

ആത്മാപരങ്ങളുടെ സങ്കീര്‍ണമായ നിരവധി പെരുക്ക പ്രരൂപങ്ങളും അടയാളങ്ങളും കൂടി സംഘര്‍ഷപ്പെടുത്തുന്നതാണ് ഈ ഗൂഢമായ സൂചിത പ്രതലം. ആത്മരതിയുടെ അപരിമേയത സൂചിപ്പിക്കുന്നത് അപര തമസ്കരണത്തിന്‍റെയും അപരഭീതിയുടേയും അദമ്യമായ അധീശ തൃഷ്ണയെ തന്നെയാണ്. സാമൂഹ്യവല്‍ക്കരണവും ജനായത്തവല്‍ക്കരണവും സാധ്യമാക്കുന്ന വിമര്‍ശാവബോധത്തിന്‍റെയും സംസ്കാര രാഷ്ട്രീയ സാക്ഷരതയുടേയും പ്രസക്തിയെ കുറിച്ചാണ് ഇത്തരം സംസ്കാര പ്രയോഗങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ബഹുസ്വരവും, പ്രാതിനിധ്യത്തിന്‍റെയും വിതരണത്തിന്‍റെയും സ്വീകരണത്തിന്‍റെയും അര്‍ത്ഥോല്‍പ്പാദനത്തിന്‍റെയും തലത്തില്‍ ഏറെ ജനായത്തപരവുമായ ചലച്ചിത്ര പ്രയോഗമാധ്യമം ഒരു പക്ഷെ നമ്മെ ഈ സാക്ഷരതകളിലേക്ക് കൂടുതല്‍ അടുപ്പിക്കുക തന്നെയാണ്. ആത്മത്തിൻ അദമ്യകാമനയും അമിതാധികാര, അമിത പ്രാതിനിധ്യ പ്രഹേളികയും ദമിതമായ അപരഭീതിയുടെ സംസ്കാര പ്രയോഗവുമായി ചലച്ചിത്രത്തെ ചുരുക്കുന്ന മലയാളി കുലീനതയെ തികഞ്ഞ സമഗ്രാധിപത്യവും ഫാഷിസവുമായി തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെറുക്കുകയും ചെയ്യേണ്ടതും അനിവാര്യമാകുന്നു. സമഗ്രാപത്യവും അമിതപ്രാതിനിധ്യവും കുലീനകുത്തകഭരണമായ ഒളിഗാർക്കിയും കേരളവും ഇന്ത്യയും വിഴുങ്ങുന്ന വർത്തമാനകാലത്ത് ഇത് ഏറെ നിർണായകമാകുന്നു. വൈകിയാണെങ്കിലും യുവതയിലും ബഹുജനങ്ങളിലും ഫിഷിസത്തിനും അതിനുകാരണമായ ഒളിഗാർക്കിക്കും എതിരായ തിരിച്ചറിവുകളും പ്രതിരോധവും ഉയർന്നുവരുന്നുണ്ട്.


#outlook
Leave a comment