TMJ
searchnav-menu
post-thumbnail

Outlook

കോണ്‍ഗ്രസ്സിന്റെ മുന്നേറ്റം സഖ്യങ്ങളിലൂടെ

05 Jun 2024   |   3 min Read
K P Sethunath

'ഉപ്പാപ്പയ്ക്ക് ആനയുണ്ടായിരുന്നു' എന്ന ബഷീറിയന്‍ പ്രയോഗത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പഴയ വീരസ്യം പറഞ്ഞിരിക്കാതെ പുതിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ തയ്യാറായതാണ് 2024-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ സംഭവിച്ച പ്രകടമായ മാറ്റം. തങ്ങളുടെ പ്രതാപം നഷ്ടപ്പെട്ട സംസ്ഥാനങ്ങളിലെ പ്രമുഖ പ്രാദേശിക കക്ഷികളുമായി സഖ്യമുറപ്പിച്ചത് ഈയൊരു തിരിച്ചറിവിന്റെ പശ്ചാത്തലത്തിലായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ തെളിയുന്ന കാര്യമിതാണ്. ഉത്തര്‍പ്രദേശും, ബീഹാറും മഹാരാഷ്ട്രയും പ്രകടമായ ഉദാഹരണങ്ങള്‍. കോണ്‍ഗ്രസ്സ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, രാഹുല്‍ ഗാന്ധിയും സഖ്യരൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതായി കണക്കാക്കപ്പെടുന്നു. യുപിയിലും, ബീഹാറിലും സഖ്യത്തില്‍ ജൂനിയര്‍ പങ്കാളിത്തം സ്വീകരിച്ചുവെങ്കില്‍ മഹാരാഷ്ട്രയില്‍ സീറ്റുകള്‍ പങ്കുവയ്ക്കുന്നതില്‍ പരമാവധി വിട്ടുവീഴ്ച്ച ചെയ്യുന്നതിന് കോണ്‍ഗ്രസ്സ് തയ്യാറായി. അതിന്റെ നേട്ടം പാര്‍ട്ടി കരസ്ഥമാക്കുകയും ചെയ്തു. രാജസ്ഥാനില്‍ പ്രദേശിക കക്ഷികള്‍ക്കും സിപിഎം-നും ഓരോ സീറ്റുകള്‍ നല്‍കുന്നതുവഴി ബിജെപി-വിരുദ്ധ വോട്ടുകള്‍ പരമാവധി ഏകീകരിക്കാന്‍ കോണ്‍ഗ്രസ്സിനായി. രാജസ്ഥാനിലും, മധ്യപ്രദേശിലും 2023 ഡിസംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ച സമീപനവും ഇപ്പോഴത്തെ സമീപനവും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴാണ് വ്യത്യാസം കൂടുതല്‍ വ്യക്തമാവുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെറിയ പ്രാദേശിക കക്ഷികളുമായി ഇതുപോലെ വിട്ടുവീഴ്ച്ചാ മനോഭാവം പുലര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ത്യ മുന്നണിയുടെ ഇപ്പോഴത്തെ വിജയം കുറച്ചുകൂടി മെച്ചപ്പെടുമായിരുന്നുവെന്ന് കരുതിയാല്‍ തെറ്റാവില്ല. മധ്യപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ട മൂന്നോ, നാലോ സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകാതിരുന്നതിനാല്‍ എസ്പി സഖ്യം ഉപേക്ഷിക്കുകയായിരുന്നു.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും | PHOTO: FACEBOOK
ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സഖ്യം രൂപീകരിച്ചത് കോണ്‍ഗ്രസ്സിന് സ്വന്തം നില മെച്ചപ്പെടുത്താന്‍ അവസരം നല്‍കിയെന്ന് മാത്രമല്ല ബിജെപി-ക്ക് ബദലായ ഒരു രാഷ്ട്രീയ സഖ്യത്തിന്റെ വാസ്തുഘടനയെക്കുറിച്ചുള്ള ധാരണ ദേശീയതലത്തില്‍ രൂപപ്പെടുത്തുന്നതിനും വഴിയൊരുക്കി. മഹാരാഷ്ട്രയില്‍ 13 സീറ്റുകളില്‍ കോണ്‍ഗ്രസ്സിന് വിജയിക്കാനായത് ശരദ് പവാറിന്റെ കാര്‍മികത്വത്തില്‍ ഉദ്ധവ് താക്കറെയുമായി ചേര്‍ന്ന് രൂപീകരിച്ച സഖ്യമായിരുന്നു. ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്നുള്ള സഖ്യം 2009-നു ശേഷം ആദ്യമായി ആറ് ലോക സഭ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസ്സിനെ പ്രാപ്തമാക്കി. കോണ്‍ഗ്രസ്സിന്റെ കുടുംബ സീറ്റുകളെന്ന് ഖ്യാതി നേടിയ റായ് ബറേലിയിലും, അമേഠിയിലും വലിയ വിജയം നേടാനായത് സഖ്യത്തിന്റെ പിന്‍ബലത്തിലായിരുന്നു. ബീഹാറില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ഇന്ത്യ മുന്നണിക്ക് ആയില്ലെങ്കിലും ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ്വസി യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാ ദളുമായുള്ള (ആര്‍ജെഡി) സഖ്യം ബീഹാറിലെ പ്രധാന രാഷ്ട്രീയ ശക്തിയാണെന്ന കാര്യത്തില്‍ സംശയമില്ല.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം സഖ്യങ്ങള്‍ രൂപീകരിക്കുന്നതിന്റെ പ്രാധാന്യം വെളിപ്പെടുന്ന മറ്റൊരു അളവുകോല്‍ ബിജെപിയും കോണ്‍ഗ്രസ്സും നേരിട്ട് മത്സരിച്ച പ്രദേശങ്ങളിലെ സ്ഥിതിയാണ്. നേരിട്ടുള്ള മത്സരത്തില്‍ ബിജെപി-യെ തറപറ്റിക്കുന്നതിന് കോണ്‍ഗ്രസ്സിന് ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ടെന്ന കാര്യമാണ് ലോക സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന ഒരു സുപ്രധാന സന്ദേശം. ബിജെപി-യും കോണ്‍ഗ്രസ്സും നേരിട്ട് മത്സരിച്ച 286 സീറ്റുകളില്‍ കോണ്‍ഗ്രസ്സിന് ജയിക്കാനായത് 81 സീറ്റുകളില്‍ മാത്രമാണ്. 183-ലും ബിജെപി വിജയം കണ്ടു. 2014-ലും 2019-ലുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിതി ഏറെ മെച്ചപ്പെട്ടുവെങ്കിലും വളരെ ദൂരം ഇനിയും മുന്നേറാനുണ്ടെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. എന്നാല്‍ വിജയം കൈവരിക്കുന്ന ശേഷിയില്‍ അഥവാ സ്‌ട്രൈക് റേറ്റില്‍ കോണ്‍ഗ്രസ്സിന്റെ നില 2019-ല്‍ നിന്നും കാര്യമായി മുന്നേറിയതായി ദി ഹിന്ദു ദിനപത്രത്തിലെ ഡാറ്റാ ടീം നടത്തിയ വിശകലനം വെളിപ്പെടുത്തുന്നു. 2019-ലെ സ്ട്രൈക് റേറ്റില്‍ നിന്നും 2024-ല്‍ സ്ട്രൈക് റേറ്റ് 28.3 ശതമാനം എന്ന നിലയിലേക്ക് എത്തിയതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. അത് ചെറിയ കാര്യമല്ല. കോണ്‍ഗ്രസ്സ് പ്രധാന കക്ഷിയായി മത്സരിച്ച കര്‍ണ്ണാടക, തെലുങ്കാന, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം ഈ കുതിച്ചുചാട്ടം വ്യക്തമായിരുന്നു. എന്നാല്‍ മധ്യപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് ഇപ്പോഴും ദുര്‍ബലമായ സ്ഥിതിയിലാണ്.

ഇന്ത്യ മുന്നണി | PHOTO: FACEBOOK
ബിജെപി-യുമായി നേരിട്ട് മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്വന്തം സംഘടനാ ശേഷി കാര്യമായി മെച്ചപ്പെടുത്തുകയും രാഷ്ട്രീയ സ്വാധീനം ശക്തമായി ഉറപ്പിക്കുന്ന തരത്തിലുളള സമീപനങ്ങളും നയപരിപാടികളും ആവിഷ്‌കരിക്കുകയെന്നതാണ് പാര്‍ട്ടിയുടെ മുന്നിലുള്ള ദൗത്യം. അതോടൊപ്പം ഇന്ത്യ മുന്നണിയെന്ന സഖ്യത്തെ കെട്ടുറപ്പുളള ഒരു ബദലായി വളര്‍ത്തിയെടുക്കുകയെന്ന ദൗത്യവും കോണ്‍ഗ്രസ്സ് വഹിക്കേണ്ടതുണ്ട്. സമാജ് വാദി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുടെ സ്വാധീന മേഖലകളായ യുപി-യിലും ബീഹാറിലും കോണ്‍ഗ്രസ്സ് ഒരു ജൂനിയര്‍ പാര്‍ട്നര്‍ ആവാമെന്ന് സമ്മതിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ സഖ്യത്തെ നിലനിര്‍ത്തുവാനാണ് കോണ്‍ഗ്രസ്സ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതോടൊപ്പം ആദിവാസി മേഖലകളിലും മറ്റും ഉയര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളും നടത്തേണ്ടതുണ്ട്. രാജസ്ഥാനിലെ ഭാരത് ആദിവാസി പാര്‍ട്ടിയെന്ന പ്രസ്ഥാനം ഇതിന് ഉദാഹരണമാണ്. അവരുമായി ഇത്തവണ സഖ്യത്തിന് തയ്യാറായതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ആദിവാസി മേഖലകളില്‍ കോണ്‍ഗ്രസ്സിന് വ്യക്തമായ മുന്‍തൂക്കം ലഭിച്ചതായി പ്രാഥമിക വിലയിരുത്തലുകള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യ മുന്നണിയുടെ ഐക്യം നിലനിര്‍ത്തുന്നതിനും അടിത്തറ വിപുലമാക്കുന്നതിനും കോണ്‍ഗ്രസ്സിന് നിര്‍ണ്ണായക പങ്ക് വഹിക്കേണ്ടി വരും. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടുവെങ്കിലും നരേന്ദ്ര മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ ശക്തിയും, കഴിവും ഒരിക്കലും കുറച്ച് കാണരുത്. ഏത് പരാജയത്തെയും വിജയമാക്കി മാറ്റുന്നതിനുള്ള ചതുര്‍വിദ്യകള്‍ വേണ്ടത്ര കൈവശമുള്ളവരാണ് ഇരുവരും. കോണ്‍ഗ്രസ്സിന് ഇത് തിരിച്ചുവരവിന്റെയും ജാഗ്രതയുടെയും കാലമാണ്.




#outlook
Leave a comment