രാമന്റെ പിന്നിൽ അദ്വാനി ഒളിച്ചു വച്ചത്
നെൽസൻ മണ്ഡേലയ്ക്കും മദർ തെരേസയ്ക്കും സി വി രാമനും ജവഹർലാൽ നെഹ്റുവിനുമെല്ലാം ലഭിച്ച ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലാൽകൃഷ്ണ അദ്വാനിക്കും സമ്മാനിക്കപ്പെടുകയാണ്. അയോധ്യയിൽ ബാബറീ മസ്ജിദ് തല്ലിത്തകർത്ത് നിർമിക്കപ്പെട്ട രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠയും അദ്വാനിയുടെ ഭാരത്രത്ന ലഭ്യതയുമെല്ലാം നേരിട്ട് ബന്ധമുണ്ടെന്ന് ഏത് രാഷ്ട്രീയ വിദ്യാർത്ഥിയ്ക്കും എളുപ്പം മനസ്സിലാകുന്നതുമാണ്.
എന്നാൽ സനാതനധർമവും ബാബറീ മസ്ജിദും രാമനും വീണ്ടും ചൂടേറിയ ചർച്ചയാകുന്നതിനിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കാലത്തിൻ്റെ മണ്ണടരുകൾക്കിടയിലേക്ക് തള്ളപ്പെടുകയാണ് ഇതിലേക്കെല്ലാം നയിച്ച മൂന്ന് ദശകം മുൻപത്തെ മണ്ഡൽ - കമണ്ഡൽ രാഷ്ട്രീയം. ജാതി സംഘർഷങ്ങളെയും വൈരുദ്ധ്യങ്ങളെയും മത വർഗീയത വളർത്തി മറികടന്ന ഹിന്ദുത്വ കൗശലത്തിൻ്റെ കഥ കൂടിയാണത്.
അയോധ്യയിലുയർന്ന ശ്രീരാമ ക്ഷേത്രത്തെ ഹിന്ദുക്കളുടെയാകെ അഭിമാന സ്തംഭമാക്കി ചിത്രീകരിക്കുന്ന വർത്തമാന സാഹചര്യത്തിൽ മുപ്പത് വർഷങ്ങൾക്കപ്പുറം
രാമജൻമഭൂമി തർക്കം ആളിക്കത്തിച്ചതിനു പിന്നിലെ യഥാർത്ഥ താൽപര്യമെന്തായിരുന്നുവെന്ന് കൂടുതൽ ഉറക്കെ പറയേണ്ടതുണ്ട്.
1979 ജനുവരി ഒന്നിനായിരുന്നു അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നിർദേശപ്രകാരം രാജ്യത്ത് സാമൂഹികമോ വിദ്യാഭ്യാസപരമോ ആയി പിന്നാക്കം നിൽക്കുന്നവരെ തിരിച്ചറിയുകയെന്ന ലക്ഷ്യത്തോടെ രണ്ടാം പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്.
മുൻ ബിഹാർ മുഖ്യമന്ത്രിയായിരുന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡൽ അദ്ധ്യക്ഷനായ കമ്മീഷനിൽ മണ്ഡലിനെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി അംഗങ്ങളായുണ്ടായിരുന്നു. ഇതില്‍ നാല് പേര്‍ പിന്നാക്കവിഭാഗക്കാരും എല്‍ ആര്‍ നായക് എന്ന അംഗം ദലിതനുമായിരുന്നു. ഒരു വര്‍ഷക്കാലാവധിക്കുശേഷം, 1980 ല്‍ കമ്മീഷന്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം, പിന്നാക്ക വിഭാഗങ്ങള്‍ക്ക് (OBC) സര്‍ക്കാര്‍ നിയമനങ്ങളില്‍ 27% സംവരണം ഏര്‍പ്പെടുത്തണം എന്നുള്ളതായിരുന്നു. അതേസമയം ജനസംഖ്യയില്‍ 50% പിന്നാക്കക്കാരുണ്ടെന്നു കൂടി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഏതു വിധത്തിലുള്ള സംവരണവും 50% ല്‍ അധികമാകാന്‍ പാടില്ല എന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാല്‍, 22% വരുന്ന പട്ടികജാതി /വര്‍ഗ സംവരണം കഴിച്ച് 50% എത്തുന്ന സംഖ്യവരെ മാത്രമേ പിന്നാക്കവിഭാഗ സംവരണം ഏര്‍പ്പെടുത്തുവാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങനെയാണ് പിന്നോക്ക വിഭാഗ സംവരണം 27% (വാസ്തവത്തില്‍ 27.5%) ആയി നിജപ്പെടുത്തിയത്. എന്നാൽ ഈ റിപ്പോർട്ട് പത്തു വർഷമാണ് ഫയലുകൾക്കിടയിൽ പൊടിപിടിച്ചു കിടന്നത്. ഒബിസി സംവരണം നടപ്പിലാക്കിയാൽ മുന്നാക്ക ഹിന്ദുക്കളിൽ നിന്നുമുണ്ടാകാവുന്ന എതിർപ്പുകളെ മൊറാർജി ദേശായിക്കു ശേഷം പ്രധാനമന്ത്രി പദത്തിലേക്കു വന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഭയന്നിരുന്നു.
ലാൽകൃഷ്ണ അദ്വാനി | PHOTO: FACEBOOK
ഏറ്റവും പിന്നാക്കം നിൽക്കുന്നവരും സാമൂഹികമായി ബഹിഷ്‌കൃതരുമായ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ കണ്ടെത്താനും അവർക്ക് ആനുകൂല്യങ്ങൾ നൽകാനുമുള്ള നടപടികൾ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ആരംഭിച്ചിരുന്നൂവെങ്കിലും രാജ്യത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പോലും തയ്യാറാക്കാൻ സാധിച്ചിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് 1953-ൽ കാക്കാ കാലേൽക്കറുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യത്തെ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകരിച്ചത്. കലേൽക്കർ കമ്മീഷൻ 1955-ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇന്ത്യയിൽ 2399 പിന്നാക്ക വിഭാഗങ്ങളുണ്ടെന്നും അതിൽ 837 എണ്ണം 'ഏറ്റവും പിന്നാക്കം' ഉള്ളവരാണെന്നും പിന്നാക്കാവസ്ഥയുടെ പ്രധാന കാരണം ജാതിയാണെന്നും വ്യക്തമാക്കിയിരുന്നു. ആത്യന്തികമായി ഒരു ജാതിരഹിത സമൂഹമായിത്തീരുകയെന്ന വിശാല താൽപ്പര്യം മുൻനിർത്തി പ്രവർത്തിച്ചിരുന്ന അന്നത്തെ കേന്ദ്ര സർക്കാർ കലേൽക്കർ കമ്മീഷൻ്റെ ശുപാർശകൾ നിരസിച്ചു.
“തുല്യരായവർക്കിടയിൽ മാത്രമേ തുല്യതയുണ്ടാവൂ. തുല്യരല്ലാത്തവരെ തുല്യരായി കാണുന്നത് തുല്യതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ” എന്നായിരുന്നു മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിൻ്റെ ആമുഖ വാചകം.
സമർപ്പിക്കപ്പെട്ട് ഒരു ദശകം കഴിഞ്ഞപ്പോഴാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുമെന്ന ആദ്യ പ്രഖ്യാപനമുണ്ടാകുന്നത്. 1990 ഓഗസ്റ്റ് 7 നായിരുന്നു റിപ്പോർട്ട് നടപ്പിലാക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി വി പി സിംഗ് നടത്തുന്നത്. കോൺഗ്രസ് ധൈര്യപ്പെടാത്ത ഒരു കാര്യം ചെയ്യുമെന്ന് പറയാൻ ബി ജെ പി പിൻതുണയുള്ള ജനതാദൾ സർക്കാരിനു നേതൃത്വം നൽകുന്ന ഒരാൾ തയ്യാറായി എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ എക്കാലത്തെയും കൗതുകങ്ങളിലൊന്നായി ഇന്നും അവശേഷിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന്
ദിവസങ്ങൾക്കകം തന്നെ മണ്ഡൽ വിരുദ്ധ പ്രക്ഷോഭങ്ങളും രാജ്യത്ത് ശക്തിപ്പെട്ടു. തങ്ങളുടെ കൂടി പിൻതുണയോടെ ഭരണം നടത്തുന്ന വി പി സിംഗ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് പച്ചക്കൊടി കാണിച്ചതോടെ അക്ഷരാർത്ഥത്തിൽ വെട്ടിലാകുകയായിരുന്നു ബിജെപി നേതൃത്വം. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ രംഗത്തു വന്നാൽ സംവരണത്തിൻ്റെ ഗുണഭോക്താക്കളായ പിന്നാക്ക വിഭാഗം ഹിന്ദുക്കൾ എതിരാകും. റിപ്പോർട്ടിനെ അനുകൂലിച്ചാൽ ബി ജെ പിയുടെ പരമ്പരാഗത വോട്ടു ബാങ്കായ മുന്നാക്ക ഹിന്ദുവിഭാഗങ്ങളുടെ ശത്രുതയാകും ഫലം. എന്നാൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ പരസ്യമായി തള്ളിക്കളയണമെന്നായിരുന്നു ബിജെപി നേതാക്കൾക്കുള്ള ആർ എസ് എസ്സിൻ്റെ നിർദേശം.
സവർണ ഹിന്ദുക്കളുടെ മണ്ഡൽ വിരുദ്ധ പ്രക്ഷോഭങ്ങൾ കാട്ടുതീ പോലെ പടർന്ന നാളുകളിൽ സംഘപരിവാരം ഭയന്നത് സനാതനധർമമെന്ന ഊതിവീർപ്പിച്ച സോപ്പു കുമിള പൊട്ടിപ്പോകുമെന്നും ഹിന്ദുത്വത്തിൻ്റെ ഏറ്റവും വലിയ ദൗർബല്യം വെളിപ്പെടുമെന്നു കൂടിയാണ്. ഹൈന്ദവ ഏകീകരണത്തിലൂടെ രാഷ്ട്രീയാധികാരത്തിലേക്ക് നടന്നടുക്കാമെന്ന സംഘപരിവാർ സ്വപ്നങ്ങളെ ഇരുട്ടിലാഴ്ത്താൻ മാത്രമുള്ള ശക്തിയുണ്ടായിരുന്നു വി പി സിംഗിൻ്റെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക്. ബി ജെ പിയും സംഘപരിവാർ പ്രസ്ഥാനങ്ങളും ചെന്നു പെട്ട വലിയ പ്രതിസന്ധിയുടെ പരിഹാരമായി ലാൽ കൃഷ്ണ അദ്വാനി കണ്ടെത്തിയ ഉപായമായിരുന്നു രാമജന്മഭൂമി തർക്കത്തെ കൂടുതൽ ആളിക്കത്തിക്കുകയെന്നത്.
അതിനായി 1990 സെപ്റ്റംബർ 25 ന് ഗുജറാത്തിലെ സോമനാഥിൽ നിന്ന് ലാൽ കൃഷ്ണ അദ്വാനിയുടെ രഥയാത്ര പ്രയാണമാരംഭിച്ചു.
കാക്കാ കലേൽക്കർ | PHOTO: WIKI COMMONS
മരണരഥം
1990 സെപ്റ്റംബർ 25 ന് സോമനാഥ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷമാണ് അദ്വാനിയുടെ ശീതികരിച്ച ടൊയോട്ട രഥം അയോധ്യയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ദൂരദർശൻ സംപ്രേഷണം ചെയ്ത 'മഹാഭാരത് ' എന്ന ടെലിവിഷൻ പരമ്പരയിലെ രഥങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപഘടനയായിരുന്നു അദ്വാനിയുടെ രഥത്തിന്. തൃശൂലങ്ങളും കാവിക്കൊടിതോരണങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ട ആ രഥം ഗുജറാത്തിലെ 600 ഓളം ഗ്രാമങ്ങൾ പിന്നിട്ടപ്പോൾ തന്നെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വർഗീയ അസ്വസ്ഥതകൾ പ്രകടമായിത്തുടങ്ങിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അക്രമോത്സുക ജനകീയ സംഘാടനങ്ങളിലൊന്നായിരുന്നു അദ്വാനിയുടെ യാത്ര. പതിനായിരങ്ങളാണ് രഥയാത്രയുടെ വഴികളിലും സ്വീകരണ കേന്ദ്രങ്ങളിലും തടിച്ചുകൂടിയതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതോ പുരാണ കഥാപാത്രത്തെ പോലെ എൽ കെ അദ്വാനി വില്ലു കുലച്ച് രഥത്തിൽ നിന്നു. ബിജെപി നേതാവായ പ്രമോദ് മഹാജനും അന്ന് വെറും 40 വയസ്സ് മാത്രം പ്രായമുള്ള നരേന്ദ്ര മോദിയും രഥത്തിൽ അദ്വാനിയുടെ കൂടെയുണ്ടായിരുന്നു. ഓരോ സ്വീകരണ കേന്ദ്രത്തിലും അദ്വാനിയും വിഎച്ച് പി നേതാക്കളും മത വർഗീയത ആളിക്കത്തിക്കുന്ന പ്രസംഗങ്ങൾ നടത്തി. ശരാശരി 6 പൊതുയോഗങ്ങളെ ഓരോ ദിവസവും അദ്വാനി അഭിസംബോധന ചെയ്തു. ഗുജറാത്തിലെ ജഠ്പൂർ നഗരത്തിലെ ഒരു സ്വീകരണ യോഗത്തെ കുറിച്ച് പറഞ്ഞാൽ മാത്രം ഈ രഥയാത്രയുടെ സ്വഭാവം വ്യക്തമാകും. അവിടെ നടന്ന യോഗത്തിൽ വച്ച് സ്വന്തം ശരീരത്തിൽ നിന്നും ശേഖരിച്ച ഒരു ജാർ രക്തമാണ് കർസേവകർ അദ്വാനിക്കു സമർപ്പിച്ചത്. "religious, allusive, militant, masculine, and anti-Muslim" എന്നാണ് ചരിത്രകാരനായ രാമചന്ദ്ര ഗുഹ അദ്വാനിയുടെ രഥയാത്രയെ വിശേഷിപ്പിച്ചത്.
തൃശ്ശൂലങ്ങളും വാളുകളും മുതൽ അമ്പും വില്ലും വരെ വിശ്വഹിന്ദു പരിഷത്തിൻ്റെയും ബജ്റംഗ് ദളളിൻ്റെയും ആർ എസ് എസ്സിൻ്റെയും പ്രവർത്തകർ അദ്വാനിക്കു നൽകി. യാത്രാവേളയിൽ തങ്ങൾക്കു ലഭിച്ച ആയുധങ്ങൾ ഉപയോഗിച്ചാൽ എല്ലാ സർക്കാർ സംവിധാനങ്ങളെയും നിഷ്പ്രഭമാക്കി ഒരൊറ്റ ദിവസം കൊണ്ട് ബാബറീ മസ്ജിദ് ഭൂമി ക്ഷേത്രത്തിനായി പിടിച്ചെടുക്കാനാകുമെന്നാണ് പ്രമോദ് മഹാജൻ പറഞ്ഞതായി കെ എൻ പണിക്കർ എഴുതിയിട്ടുണ്ട്.
വിദ്വേഷം പടർത്തുന്ന മുദ്രാവാക്യങ്ങളാണ് രഥയാത്രയിലുടനീളം മുഴങ്ങിയത്. വിതരണം ചെയ്യപ്പെട്ട ലഘുലേഖകൾ വർഗീയ കലാപങ്ങൾക്ക് ഇന്ധനം പകരുന്നവയായിരുന്നു. രാജ്യമെങ്ങും ചെറുതും വലുതുമായ വർഗീയ സംഘർഷങ്ങളുണ്ടായി നൂറുകണക്കിനാളുകൾ ഒരൊറ്റ മാസം കൊണ്ട് കൊല്ലപ്പെട്ടു. അദ്വാനിയുടെ ശീതികരിച്ച രഥം മരണത്തിൻ്റെ തണുപ്പ് പരത്തി പ്രയാണം തുടർന്നു.
1990 ഒക്ടോബർ 23 ന് ബീഹാറിൽ വച്ച് ലാലു പ്രസാദ് യാദവിൻ്റെ പൊലീസ് ദേശീയ സുരക്ഷാ നിയമ പ്രകാരം അദ്വാനിയെ അറസ്റ്റു ചെയ്ത് കരുതൽ തടങ്കലിലാക്കുന്നു. മണിക്കൂറുകൾക്കകം വി പി സിംഗ് സർക്കാരിനുള്ള പിൻതുണ ബി ജെ പി പിൻവലിക്കുന്നു. രഥയാത്രയുടെ തുടർച്ചയായി അയോധ്യയിലേക്ക് മാർച്ച് ചെയ്ത ഒന്നര ലക്ഷത്തോളം കർസേവകരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റു ചെയ്യുന്നു. ശേഷിച്ച അര ലക്ഷത്തോളം പ്രവർത്തകർ അയോധ്യയിലെത്തുന്നു. ഒക്ടോബർ 30 ന് കർസേവകർ ബാബറീ മസ്ജിദിൽ തളളിക്കയറാൻ ശ്രമിക്കുകയും പൊലീസ് വെടിവയ്പിൽ 16 പേർ കൊല്ലപ്പെടുകയും ചെയ്യുന്നു. ബി ജെ പി പിൻതുണ പിൻവലിച്ചതോടെ ഭൂരിപക്ഷം നഷ്ടമായ വി പി സിംഗ് സർക്കാർ 1990 നവംബർ ആദ്യ ആഴ്ചയിൽ തന്നെ രാജി വയ്ക്കുന്നു. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുന്നത് തടഞ്ഞു കൊണ്ട് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്യുന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട് നടപ്പിലാക്കപ്പെടാതെ പോയതിനു പിന്നിൽ അതിനെതിരെ ആർ എസ് എസ്സിൻ്റെയടക്കം പിൻതുണയോടെ നടന്ന പ്രക്ഷോഭങ്ങളാണ് കാരണമെന്ന് പറയാമെങ്കിലും ആ ചർച്ചയെ വഴി മാറ്റാൻ ബി ജെ പി പ്രയോഗിച്ച കൗശലമാണ് രഥയാത്രയെന്ന വസ്തുതതയെ കാണാതിരിക്കാനാകില്ല.
REPRESENTATIVE IMAGE | WIKI COMMONS
സനാതന ധർമമെന്നു പാടിപ്പുകഴ്ത്തപ്പെടുന്ന വ്യവസ്ഥയ്ക്കടിപ്പെട്ട് പിന്നാക്കമായിപ്പോയ വലിയൊരു വിഭാഗം ഹിന്ദുക്കൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏർപ്പെടുത്താൻ തുനിഞ്ഞ ഒരു സർക്കാരിനെ താഴെയിറക്കാൻ സാധിച്ചു എന്നതുകൂടിയായിരുന്നു അധ്വാനിയുടെ രഥയാത്രയുടെ ബാക്കിപത്രം. തൊഴിലവസരവും വിദ്യാഭ്യാസവും ജാതിയും ചർച്ച ചെയ്യപ്പെടുന്നതിൽ നിന്നും ഒരു കൺകെട്ട് വിദ്യയിലൂടെ ആർ എസ് എസും വി എച്ച് പി യും ബി ജെ പിയും പുരാണത്തിലേക്കും മധ്യകാല കെട്ടുകഥകളിലേക്കും ഇന്ത്യൻ സമൂഹത്തെ നയിച്ചു .
ഹിന്ദുക്കളിലെ വലിയൊരു വിഭാഗത്തെയും അവരുടെ മൂർത്തമായ ജീവൽ പ്രശ്നങ്ങളിൽ നിന്നും വഴി തിരിച്ച് മധ്യകാല രാജാക്കൻമാരുടെ ന്യായാന്യായങ്ങളെ കുറിച്ചുള്ള ചർച്ചയിലേക്ക് നയിക്കാനും അതിനെ അധികാരത്തിനുള്ള ഇന്ധനമാക്കാനും സംഘപരിവാർ നേതൃത്വത്തിന് സാധിച്ചു.