ആത്മീയാപചയത്തിന്റെ അപായമണി മുഴങ്ങുമ്പോള്‍
''എല്‍ഗ്രെക്കോ'' (El Greco) വിഖ്യാത ഗ്രീക്കു ചിത്രകാരനായ എല്‍ഗ്രെക്കോയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ബയോപിക് ചലച്ചിത്രമാണ്. പതിനാറാം നൂറ്റാണ്ടാണ് കാലഘട്ടം. സ്പെയിനിലെ റ്റോലെഡോയിന്‍ അള്‍ത്താരചിത്രങ്ങള്‍ വരയ്ക്കുന്നതിനായി എല്‍ഗ്രെക്കോ എത്തുന്നതും, വിശുദ്ധരുടെ ചിത്രങ്ങള്‍ രചിക്കുന്നതുമായ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് പ്രമേയം. ചലച്ചിത്രത്തിന്റെ അവസാനഭാഗത്ത് എല്‍ഗ്രെക്കോ കത്തോലിക്കാ സഭയുടെ ഇന്‍ക്വിസിഷനു മുമ്പാകെ വിചാരണ ചെയ്യപ്പെടുകയാണ്. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ പ്രധാനമായത് അദ്ദേഹം വരച്ച വിശുദ്ധര്‍ക്ക് സൗന്ദര്യം കൂടുതലാണെന്നും മാലാഖമാരുടെ ചിറകുകള്‍ക്ക് നീളം കൂടുതലാണെന്നതുമായിരുന്നു. 'സഭാ അനുശാസനങ്ങള്‍ക്കനുസരിച്ചല്ല ഇതെന്നും, സഭയേക്കാള്‍ കൂടുതല്‍ അറിവുണ്ടെന്ന് നിങ്ങള്‍ സ്വയം കരുതുന്നുവെന്നും, അശ്ലീലനിറങ്ങളാണ് ഉപയോഗിക്കുന്നതെന്നും, അങ്ങനെ വിശ്വാസവ്യതിയാനവും ദൈവദൂഷണവുമാണ് നിങ്ങള്‍ നടത്തുന്നത്' എന്നുമായിരുന്നു മറ്റാരോപണങ്ങള്‍. 'ഇത്ര കൃത്യമായി മാലാഖയുടെ ചിറകുകള്‍ വരയ്ക്കാന്‍ നിങ്ങള്‍ മാലാഖയെ നേരിട്ട് കണ്ടിട്ടുണ്ടോ'യെന്ന് മുഖ്യ ഇന്‍ക്വിസിറ്ററായ മെത്രാന്‍ ചോദിക്കുന്നു. എല്‍ഗ്രെക്കോ മെത്രാനോട് 'നിങ്ങള്‍ മാലാഖയെ കണ്ടിട്ടുണ്ടോയെന്ന്' തിരിച്ച് ചോദിക്കുമ്പോള്‍, 'എന്നോട് ചോദ്യം ചോദിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു' എന്നു ക്രുദ്ധനായി മെത്രാന്‍ എല്‍ഗ്രെക്കോയുടെ നേരെ തിരിയുമ്പോള്‍, എല്‍ഗ്രെക്കോയുടെ പിറകില്‍ ജ്വലിക്കുന്ന മൂന്നു മാലാഖമാര്‍ പ്രത്യക്ഷപ്പെടുകയും മുഖ്യ മാലാഖയുടെ കൈയിലുള്ള കത്തുന്ന വാളില്‍ നിന്നുള്ള തീ തന്റെ മുഖത്തേക്ക് ആഞ്ഞുവന്ന് പതിക്കുന്നതായും മെത്രാന് തോന്നുകയും അയാള്‍ ഭയപ്പെട്ട് വിചാരണമുറിയില്‍ നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു. എല്‍ഗ്രെക്കോ അങ്ങനെ ഇന്‍ക്വിസിഷന്റെ ശിക്ഷാവിധിയില്‍നിന്ന് ഒഴിവാക്കപ്പെടുന്നു.
വിചാരണവേളയില്‍ എല്‍ഗ്രെക്കോ പ്രധാന ഇക്വിസിറ്ററോട് കുറ്റസമ്മതമായി ഇങ്ങനെ പറയുന്നുണ്ട്. ''ഞാന്‍ കുറ്റക്കാരനാണ്. ഞാന്‍ ജനങ്ങള്‍ക്ക് പുതിയലോകം കൊടുക്കുന്നു, പുതിയ പ്രകാശം നല്‍കുന്നു. നിങ്ങള്‍ക്കെന്നെ തീയിലിട്ട് ദഹിപ്പിക്കാനാവില്ല. കാരണം എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ജ്വലിക്കുകയായിരുന്നു, തീയിലല്ല, പ്രകാശത്തില്‍. നിങ്ങളുടെ മനസ്സ് അന്ധകാരത്തില്‍ മരവിച്ചതല്ലേ?''.
കാര്‍ക്കശ്യ നിയമവ്യവസ്ഥിതിയുടെയും ശിക്ഷയുടെയും ഏകമാനചിന്തയുടെയും സര്‍വാധിപത്യത്തിന്റെയും മധ്യകാല സഭയുടെ ചരിത്രം അത്ര പ്രകാശമുള്ളതായിരുന്നില്ല. ശാസ്ത്രയുക്തിയുടെയും ജനാധിപത്യമൂല്യങ്ങളുടെയും സ്വതന്ത്രചിന്തകളുടെയും ഈകാലത്ത് മതങ്ങള്‍ സങ്കുചിതവും അയുക്തിപരവുമായ മൗലികവാദത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നത് വിദ്വേഷത്തിന്റെയും അസഹിഷ്ണതയുടെയും അന്ധകാരം സമൂഹമനസ്സില്‍ വ്യാപിപ്പിക്കുന്നുണ്ട്.
നാമിന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സമാധാനവും പാരസ്പര്യവുമാണ്. 2018 ലെ മഹാപ്രളയത്തിന്റെ അവസരത്തിലായിരുന്നു യഥാര്‍ത്ഥ മനുഷ്യരെ കേരളം കണ്ടത്. മതങ്ങളോ രാഷ്ട്രീയപാര്‍ട്ടികളോ വര്‍ഗങ്ങളോ സഭകളോ ഒന്നും ഇല്ലായിരുന്നു, ശുദ്ധരായ മനുഷ്യര്‍ മാത്രം. മനുഷ്യത്വത്തിന്റെ ഉദാത്തമായ ആവിഷ്‌കാരം നടന്നത് അത്തരം ദുരന്തമുഖത്താണ്. പിന്നീടെല്ലാം പഴയപടി.
MOVIE POSTER | PHOTO: WIKI COMMONS
ഇംഗ്ലീഷ് നോവലിസ്റ്റായ വില്യം ഗോള്‍ഡിങ്ങിന്റെ നൊബേല്‍ സമ്മാനാര്‍ഹമായ കൃതിയാണ് 'ഈച്ചകളുടെ തമ്പുരാന്‍' ( Lord of the Flies). ഒരു കൂട്ടം കുട്ടികള്‍ വിജനമായ ഒരു ദ്വീപില്‍ അകപ്പെടുന്നു, പൊതുവെ നിഷ്‌കളങ്കരെന്നു കരുതുന്ന കുട്ടികള്‍ ചേരിതിരിഞ് ആരാണ് അവിടെ ഭരണം നടത്തേണ്ടതെന്ന് മത്സരിക്കുന്നു. പരുക്കനും അധികാരമോഹിയുമായ ജാക്ക്, സൗമ്യനും ജനാധിപത്യബോധവുമുള്ള റാള്‍ഫിനെതിരെ നിരന്തരം വേട്ടയാടലുകള്‍ നടത്തുന്നു. ജാക്കിന്റെയും റാള്‍ഫിന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ ചേരിതിരിഞ്ഞ് പോരടിക്കുന്നു. ജാക്കിന്റെ വേട്ടയാടല്‍ അവിടെ ഭയം സൃഷ്ടിക്കുകയും റാള്‍ഫിന്റെ ചേരിയെ ഏതാണ്ട് വകവരുത്തുന്ന ഘട്ടം വരെയെത്തുകയും ചെയ്യുന്നു.
മനുഷ്യനിലെ മൃഗവാസനകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കുന്ന നോവലാണിത്. ആധിപത്യമുറപ്പിക്കാനും, ഭരിക്കാനും, ആക്രമിക്കാനുമുള്ള അധമവാസനകള്‍ ചിലരില്‍ മുന്തിനില്‍ക്കും. അവര്‍ തങ്ങളുടെ വാഗ്‌വിലാസംകൊണ്ടോ തടിമിടുക്കുകൊണ്ടോ തന്ത്രജ്ഞതകൊണ്ടോ നേതൃത്വനിരയിലേക്ക് വരുകയും ചെയ്യും.
രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുണ്ടായിരുന്ന ഫാസിസ്റ്റ് സര്‍വാധിപത്യശൈലി പല രീതിയില്‍ വിവിധ ചരിത്രസാഹചര്യങ്ങളില്‍ തിരിച്ചുവരാനുള്ള സാധ്യതയെക്കുറിച്ച് ഉബര്‍ട്ടോ എക്കോ പറയുന്നുണ്ട്. വ്യക്തിപ്രഭാവത്തിലൂന്നിയ നേതാക്കള്‍ എന്ന ആശയത്തിലൂന്നിയതായിരുന്നു മുസോളിനിയുടെ ഫാസിസം. കോര്‍പ്പറേറ്റിസം, പുതിയ ക്ഷേമവികസന വാഗ്ദാനങ്ങളും തീവ്ര ദേശീയവാദവുമൊക്കെ ഫാസിസ്റ്റ് ഐഡിയലിസം ആണ്. ഉദാത്ത ആശയങ്ങള്‍, പൊതുക്ഷേമ തല്‍പ്പരത, ഐക്യം, ഏകത തുടങ്ങിയവയൊക്കെ അധികാരരാഷ്ട്രീയ തന്ത്രമായി ഫാസിസത്തില്‍ ഉപയോഗിക്കപ്പെടുന്നു. ഫാസിസ്റ്റ് ചിന്താഗതിയില്‍ വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ല. ചോദ്യങ്ങളും വിമര്‍ശനങ്ങളും നിശ്ശബ്ദമാക്കപ്പെടും. വ്യക്തികളില്ല, കൂട്ടവും പൊതുജന ഭൂരിപക്ഷവുമാണ് പ്രധാനം. ഭരണകൂടത്തിന്റെ ഇംഗിതത്തിനനുസരിച്ച് എല്ലാ ചിന്തകളും മനസ്സും ഒന്നായി രൂപപ്പെടുന്നു, പാരമ്പര്യവാദവും നഷ്ടപ്പെട്ട പഴയകാല പ്രതാപവും മഹിമയും തിരികെ കൊണ്ടുവരാനുള്ള ശ്രമവും മുന്നോട്ടുള്ള തുറവിയേക്കാള്‍ പിന്നോട്ടുള്ള സങ്കുചിതത്വവും ഫാസിസ്റ്റ് സവിശേഷതകളാണ്. യുക്തിക്കും ശാസ്ത്രത്തിനും പുരോഗമനചിന്തയ്ക്കും അതീതമായി മതമൗലികഘടകങ്ങളെ മഹത്വവത്കരിച്ച് പുന:പ്രതിഷ്ഠിക്കുകയും അത് ശത്രുതയ്ക്കും, അപരനിര്‍മിതിക്കും, സംഘര്‍ഷങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നത് ഇന്ന് മത രാഷ്ട്രീയ രംഗത്ത് നാം കാണുന്നു. വ്യത്യസ്ത ചിന്തകളെയും ആശയങ്ങളെയും ഇല്ലാതാക്കി, ആധിപത്യത്തിന്റെ കീഴില്‍ വിധേയപ്പെടാന്‍ വിസമ്മതിക്കുന്നവരെ വിമതരും, ദ്രോഹികളും ആക്കി മുദ്രകുത്തുകയും അധികാരത്തിന്റെ എല്ലാ ശക്തികളും അവര്‍ക്കെതിരെ പ്രയോഗിക്കുകയും ചെയ്യുന്നു.
ആത്മീയ അപചയം
ഇന്ന് വ്യവസ്ഥാപിത മതങ്ങള്‍ പൊതുവെ സാരമായ വിശ്വാസപ്രതിസന്ധിയും ധാര്‍മിക അപചയവും അഭിമുഖീകരിക്കുന്നു എന്ന അഭിപ്രായം വ്യാപകമാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും മൂല്യവ്യവസ്ഥകള്‍ മത-സമുദായ നേതൃത്വങ്ങളെ കീഴടക്കിയെന്ന് കരുതേണ്ടിയിരിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്ത് നീതിയിലധിഷ്ഠിതമായ സാമൂഹിക മാറ്റത്തിന് ചാലകശക്തിയായി രൂപാന്തരപ്പെടാന്‍ വിശ്വാസസമൂഹമെന്ന നിലയില്‍ മതങ്ങള്‍ക്ക് ധാര്‍മികമായ ഉത്തരവാദിത്തമുണ്ടെന്നുള്ള കാര്യം വിസ്മരിക്കപ്പെട്ട് അര്‍ത്ഥരഹിതവും ബാലിശവുമായ തര്‍ക്കങ്ങളിലും പോരുകളിലുമാണ് ഇന്ന് മതങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
''എല്ലാ മതങ്ങളിലും ഈ അപചയം സംഭവിച്ചു. സത്യാന്വേഷണത്തിന്റെ വഴിനീളെ അങ്ങനെ അസത്യങ്ങളുടെ നിഴല്‍പ്പാടുകള്‍ ചരിത്രത്തില്‍ പതിഞ്ഞു കിടക്കുന്നു. സ്‌നേഹത്തിന്റെയും അപാരകാരുണ്യത്തിന്റെയും ഉറവിടമായ ദൈവത്തിന്റെ പേരില്‍ എന്തെല്ലാം ഹീനതകള്‍ക്കാണ് ചരിത്രം സാക്ഷ്യംവഹിച്ചത്! സത്യം എത്ര പ്രകാശമുള്ളതായാലും അത് കാണാതിരിക്കാനുള്ള നിഷേധബുദ്ധി മനുഷ്യരാശിയുടെ ഏറ്റവും വലിയ ദുരന്തഹേതുവായി ഇപ്പോഴും തുടരുന്നു. രാഷ്ട്രീയാധികാരത്തിന്റെ ഇടപെടല്‍ നടന്ന ചരിത്രസന്ദര്‍ഭങ്ങളിലെല്ലാം മതത്തില്‍ നിന്ന് ആത്മീയത നാടുകടത്തപ്പെട്ടു. വ്യക്തിയുടെ ഉദാത്തവത്കരണത്തിനുള്ള വഴിയും വാക്കുമായ വിശ്വാസത്തെ അധികാരം എപ്പോഴെല്ലാം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ, അപ്പോഴെല്ലാം രാഷ്ട്രീയാധികാരം സ്വയം ദുഷിക്കുകയും ആത്മീയതയുടെ പ്രകാശം മങ്ങിമറയുകയും ചെയ്തിട്ടേയുള്ളൂ.'' (കെ ജയകുമാര്‍, 2023).
കെ ജയകുമാര്‍ | PHOTO: WIKI COMMONS
കേരളത്തില്‍ ഇപ്പോള്‍ സജ്ജീവമായിരിക്കുന്ന ആരാധന ക്രമ (ലിറ്റര്‍ജി) കുര്‍ബ്ബാനതര്‍ക്കവും പോരുകളും ഇത്തരത്തില്‍ സംഭവിക്കുന്ന ആത്മീയ അപചയമാണ്. എന്താണ് യഥാര്‍ത്ഥ ആരാധന എന്ന് അറിയുന്നവര്‍ക്ക് ഇത് തര്‍ക്കവിഷയമാക്കേണ്ട കാര്യമില്ല. യേശുവിന്റെ ജീവിതത്തില്‍ ഊട്ടുമേശ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. 'ചുങ്കക്കാരോടും, പാപികളോടുമൊപ്പം തിന്നുകയും കുടിക്കുകയും ചെയ്യുന്നവന്‍' എന്നായിരുന്നു ഫരിസേയര്‍ യേശുവിനെതിരെ ഉന്നയിച്ചിരുന്ന ഒരാരോപണം (മത്താ 9: 10-11). തന്റെ പീഢാസഹനത്തിനുമുമ്പ് ശിഷ്യരോടൊപ്പമുള്ള അന്ത്യഅത്താഴസമയത്ത് ശിഷ്യരുടെ പാദങ്ങള്‍ കഴുകിയശേഷം അപ്പവും വീഞ്ഞും എടുത്ത് 'ഇതെന്റെ ശരീരം, ഇതെന്റെ രക്തം, നിങ്ങളിതു ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുവിന്‍' എന്നു പറഞ്ഞ്, സ്നേഹപാരമ്യത്താല്‍ യേശു മറ്റുള്ളവര്‍ക്കായി തന്നെത്തന്നെ പകുത്തു നല്‍കികൊണ്ട് ഇതെന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍ എന്നു പറഞ്ഞു. ആദിമക്രൈസ്തവസഭയില്‍ ക്രൈസ്തവര്‍ ഒരുമിച്ചു കൂടുകയും അപ്പം മുറിച്ച് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അത് തികച്ചും യേശുവിന്റെ ഓര്‍മയില്‍ പാരസ്പര്യത്തിലും സാഹോദര്യത്തിലുമുള്ള ഒരുമിച്ചു കൂടലായിരുന്നു. കാലാന്തരത്തില്‍ അതു ആചാരവും അനുഷ്ഠാനവുമായിത്തീര്‍ന്നു.
'ദിവ്യകാരുണ്യ'മെന്നാണ് കുര്‍ബ്ബാനയെ വിളിക്കുന്നത്. ദൈവത്തിന്റെ കാരുണ്യം യേശുവിലൂടെ ലോകത്തില്‍ പ്രകടമായതിന്റെ ഓര്‍മയും, ആ കാരുണ്യ ഭാവത്തില്‍ പങ്കുചേര്‍ന്ന് ഈ ലോകത്തില്‍ നാമും കാരുണ്യമുള്ളവരായിത്തീരുക എന്നതുമാണ് യഥാര്‍ത്ഥത്തില്‍ കുര്‍ബ്ബാന എന്ന ആരാധന ക്രമത്തില്‍ പങ്കുചേരുന്നതിലൂടെ സംഭവിക്കേണ്ടത്. അപരനിലേക്ക് തിരിയാനും സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും സമീപനങ്ങളിലൂടെ ജീവിതത്തെ ദൈവോന്മുഖവും, മനുഷ്യോന്മുഖവും ആക്കുന്നതിനുവേണ്ടിയാണിത്. ആരാധനക്രമം സഭകള്‍തമ്മിലും സഭയ്ക്കുള്ളിലും തര്‍ക്കങ്ങള്‍ക്കും ശത്രുതകള്‍ക്കും ആധിപത്യങ്ങള്‍ക്കും കാരണമാകുന്നുവെങ്കില്‍ അത് ക്രിസ്തു കേന്ദ്രീകൃതമല്ലായെന്നര്‍ത്ഥം.
ഫ്രഞ്ച് ജസ്വിറ്റും നരവംശശാസ്ത്രജ്ഞനുമായിരുന്ന തെയ്ര്‍ദ് ഷാര്‍ദാന്‍, ഗവേഷണത്തിനായി വിദൂരസ്ഥലങ്ങളിലായിരിക്കുമ്പോള്‍ ഒരു പുരോഹിതനെന്ന നിലയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ വേണ്ട അപ്പവും വീഞ്ഞും കൈവശമില്ലെങ്കില്‍, ഉദിച്ചുയരുന്ന സൂര്യനെ നോക്കി അത് ക്രിസ്തുവിന്റെ പ്രതീകമായ വിശുദ്ധ അപ്പമായി കണക്കാക്കി ദിവ്യബലി അര്‍പ്പിക്കാറുണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പല ദരിദ്രസമൂഹങ്ങളിലും ദേവാലയങ്ങളോ സൗകര്യങ്ങളോ ഇല്ലാത്തിടത്ത് പ്രകൃതിയിലുള്ള കല്ലിനെയോ മരത്തടിയെയോ ഭൂമിതന്നെയോ ബലിപീഠമാക്കി ബലി അര്‍പ്പിക്കുന്ന നിരവധി അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ഫാ. റപ്പായി പൂത്തോകാരന്റെ നേതൃത്വത്തില്‍ നടന്ന ഇക്കോ ആര്‍ട്ട് ക്യാമ്പുകളില്‍ പ്രകൃതിതന്നെ ഒരു വലിയ കത്തീഡ്രല്‍ ആണെന്ന ചിന്തയില്‍ കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നത് ഓര്‍മിക്കുന്നു. ഈ പ്രകൃതി മുഴുവന്‍ ദേവാലയമാണെന്നും ദൈവസാന്നിദ്ധ്യം പ്രകൃതിയില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നും അറിഞ്ഞുകൊണ്ട് തുറന്നഭൂമിയില്‍ കൂട്ടമായിരുന്ന് സര്‍വവുമായുള്ള പാരസ്പര്യ ബന്ധത്തില്‍ കുര്‍ബ്ബാന അര്‍പ്പിക്കുക എന്നത് ആഴമായ ആത്മീയ അനുഭവമായിരുന്നു. വെറുമൊരു അനുഷ്ഠാനം എന്നതിനേക്കാള്‍ ജീവിതത്തേയും മനോഭാവങ്ങളേയും ചിന്തകളേയും പരിവര്‍ത്തനപ്പെടുത്തുകയും മനുഷ്യത്വത്തിന്റെ ഉദാത്ത ഭാവങ്ങളിലേക്ക് ജീവിതത്തെ ഉണര്‍ത്തുകയും ചെയ്യുന്ന പ്രക്രിയ അവിടെ സംഭവിക്കുന്നു.
തെയ്ര്‍ദ് ഷാര്‍ദാന്‍ | PHOTO: WIKI COMMONS
ദിവ്യകുര്‍ബ്ബാനയില്‍ അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവും ആയി മാറുന്നു എന്നാണ് കത്തോലിക്കാസഭാ വിശ്വാസം. സത്താപരമായ മാറ്റം (transubstantiation) എന്നാണ് അതിനെ വിളിക്കുന്നത്. മറ്റൊരു തരത്തിലുള്ള സത്താപരമായ മാറ്റവും ദിവ്യബലിയില്‍ പങ്കെടുക്കുമ്പോള്‍ സംഭവിക്കേണ്ടതാണ്. യേശുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്ന ആളിലുണ്ടാകുന്ന സത്താപരമായ മാറ്റം; ഒരു മനുഷ്യസ്നേഹിയായി അയാള്‍ പരിണമിക്കണം. കുരിശുമരണത്തിലൂടെ പാതാളത്തോളം തന്നെത്തന്നെ താഴ്ത്തിയ യേശുവിന്റെ ഓര്‍മയില്‍ ആചരിക്കുന്ന കുര്‍ബ്ബാനയാല്‍ എളിമപ്പെടാനും വിട്ടുകൊടുക്കനും അഹത്തെ ശമിപ്പിക്കാനും അനുരഞ്ജനപ്പെടാനും കഴിയുന്നില്ലെങ്കില്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്നത് തീര്‍ത്തും നിരര്‍ത്ഥകമാണ്. അനുരഞ്ജനത്തിന്റെ കൂദാശയായ കുര്‍ബ്ബാന ചേരിതിരിവിനും ശത്രുതകള്‍ക്കും ആധിപത്യങ്ങള്‍ക്കും കാരണമാകുന്നുവെങ്കില്‍ അതില്‍ യാതൊരു വിധത്തിലുമുള്ള സത്താപരമാറ്റവും സംഭവിക്കുന്നില്ല.
മദര്‍തെരേസ എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യത്തിനുമുമ്പില്‍ ഒരു മണിക്കൂറെങ്കിലും ചിലവഴിക്കുകയും ചെയ്യുമായിരുന്നു. മദറിന്റെ ജീവിതത്തിന്റെ അടിസ്ഥാന ശക്തിസ്രോതസ്സ് അതായിരുന്നു. അതുകൊണ്ടാണ് സഹായത്തിനായി കൈനീട്ടിയപ്പോള്‍ അതില്‍ കാര്‍ക്കിച്ചു തുപ്പിയ ആളോട് 'എനിക്കുള്ളത് കിട്ടി ഇനി എന്റെ മക്കള്‍ക്കുള്ളത് തരൂ' എന്നു പറഞ്ഞ് മറ്റേ കൈ നീട്ടാനുള്ള കരുത്തും സംയമനവും മദറിനുണ്ടായത്.
മുന്‍ ജസ്വിറ്റ് ജനറല്‍ പെദ്രേ അരുപ്പേ വൈദികനായശേഷം ജപ്പാനില്‍ ജോലിചെയ്യുന്ന സമയം, രണ്ടാം ലോകമഹായുദ്ധകാലത്ത് ആറ്റംബോംബ് വര്‍ഷിക്കപ്പെട്ടതിന്റെ പിറ്റേദിവസം അദ്ദേഹത്തിന്റെ കൊച്ചുദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചതിനെ കുറിച്ച് വിവരിക്കുന്നുണ്ട്:
''ഹിരോഷിമയില്‍ ബോംബ് വീണത്തിന്റെ പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് ബോംബ് വര്‍ഷത്തില്‍ പകുതി തകര്‍ന്ന കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കുകയായിരുന്നു. കപ്പേളയുടെ തറ നിറയെ മുറിവേറ്റവരായിരുന്നു. എല്ലാവരും അക്രൈസ്തവര്‍. 'കര്‍ത്താവ് നിങ്ങളോട് കൂടെ' എന്ന് ആശംസിക്കാന്‍ അവരുടെ നേര്‍ക്ക് തിരിഞ്ഞ ഞാന്‍ സ്തംഭിച്ചു നിന്നുപോയി. തങ്ങള്‍ക്കു സംഭവിച്ചതെ ന്തെന്നറിയാതെ അസഹ്യവേദനയില്‍ നിരാശയില്‍ ഒരു ആശ്വാസവാക്ക് എന്നപോലെ അവര്‍ എന്നെ നോക്കുകയാണ്. വേദനയാല്‍ പുളയുകയും കഠിനവേദനയനുഭവിക്കുകയും ചെയ്യുന്ന ആ മനുഷ്യരെ നോക്കിയപ്പോള്‍ തെല്ലും അനങ്ങുവാന്‍ പറ്റാതെ എന്റെ ശരീരം മുഴുവന്‍ ഒരു വിറയലോടെ, ഈ മനുഷ്യദുരിതത്തെക്കുറിച്ച് ഓര്‍ത്തു. മനുഷ്യന്‍ മനുഷ്യനോട് കാണിക്കുന്ന കൊടുംക്രൂരത... മനുഷ്യവംശത്തെ നശിപ്പിക്കാനുതകുന്ന ശാസ്ത്രത്തെയും, സാങ്കേതിക വിദ്യകളെയും കുറിച്ച് ഞാന്‍ ഓര്‍ത്തു. 'കര്‍ത്താവേ അവരോട് ക്ഷമിക്കേണമേ' അറിയാതെ തന്നെ എന്റെ ചുണ്ട് മന്ത്രിച്ചു. ഞാന്‍ പ്രാര്‍ത്ഥിച്ചു 'എന്റെ ദൈവമേ, എന്റെ ദൈവമേ, ഇടയനില്ലാത്ത ഈ ആടുകളുമേല്‍ കനിവുതോന്നേണമേ.' തീര്‍ച്ചയായും യേശുവിന്റെ കാരുണ്യം അവിടേക്ക് ഒഴുകി. അടുത്ത ആറുമാസത്തിനിടെ അവരില്‍ രണ്ടുപേര്‍ മാത്രമാണ് മരിച്ചത്. മറ്റെല്ലാവരും സുഖം പ്രാപിച്ച് വീട്ടില്‍ പോയി. വിശുദ്ധ കുര്‍ബ്ബാന മനുഷ്യ ജീവിതയാഥാര്‍ത്ഥ്യങ്ങളിലും ചരിത്രത്തിലും സംഭവിക്കുകയും ക്രിസ്തു സാന്നിദ്ധ്യം വെളിപ്പെടുകയും ചെയ്യുന്നതാണ്. പ്രാര്‍ത്ഥനയും ബലിയര്‍പ്പണവും യഥാര്‍ത്ഥത്തില്‍ ഈശ്വരോന്മുഖമാകണമെങ്കില്‍ മനുഷ്യാഭിമുഖ്യത്തില്‍ വേണം അവ വിടരാനെന്നതായിരുന്നു യേശുവിന്റെ സമീപനം. ദേവാലയത്തിലെ ബലിയര്‍പ്പണങ്ങള്‍ മനുഷ്യബന്ധങ്ങളില്‍ വിടരുന്ന കരുണയാണ് ദൈവസന്നിധിയല്‍ സ്വീകാര്യമെന്ന് യേശു പറയുന്നു (മത്താ 9:13; 12,7, ഹോസി 6:6).
പെയിന്റിംഗ് : എമിൽ നോൽഡെ | PHOTO: WIKI COMMONS
അനുസരണം: മിത്തും യാഥാര്‍ഥ്യവും
അധികാരികളെയും നിയമങ്ങളെയും അനുസരിക്കുക എന്നത് സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണ്, അനുസരിക്കാന്‍ നാം ബാദ്ധ്യസ്ഥരുമാണ്. അനുസരണം ഒരു പുണ്യമാണെന്നുള്ള ചിന്ത ക്രൈസ്തവ സഭയിലുണ്ട്. 'അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണ്' എന്ന പഴയ നിയമവചനം ഇന്ന് യഥേഷ്ടം ഉപയോഗിക്കപ്പെടുന്നുണ്ട്. യേശു അനുസരണം ഉള്ളവനായിരുന്നു, കുരിശുമരണത്തോളം ദൈവഹിതത്തിന് അവിടുന്ന് കീഴടങ്ങി. എന്നാല്‍ അന്നത്തെ മത, രാഷ്ട്രീയ അധികാരത്തോട് അദ്ദേഹം അനുസരണയുള്ളവനായിരുന്നോ എന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. ''ചില ഫരിസേയര്‍ യേശുവിനോടു പറഞ്ഞു ഇവിടെനിന്നും പോവുക, ഹേറോദോസ് നിന്നെ കൊല്ലുവാന്‍ ഒരുങ്ങുന്നു. അവന്‍ പറഞ്ഞു ''നിങ്ങള്‍പോയി ആ കുറുക്കനോട് പറയുവിന്‍ ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും, രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാംദിവസം എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും''(ലൂക്ക 13:32).
പഠിപ്പിക്കാനല്ലാതെ പ്രാര്‍ത്ഥിക്കാനോ യാഗദ്രവ്യങ്ങള്‍ അര്‍പ്പിക്കാനോ യേശു ജറുസലേം ദേവാലയത്തില്‍ പോയതായി ഒരിടത്തും സൂചനയില്ല. ആ മലയിലോ ഈ ദേവാലയത്തിലോ ദൈവാരാധന നടത്താത്ത സമയം വരുന്നുവെന്നും ആത്മാവിലും സത്യത്തിലും നടക്കുന്നതാണ് യഥാര്‍ത്ഥമായ ദൈവാരാധന എന്നുമാണ് യേശു അസഗ്‌നിദ്ധമായി പറയുന്നത് (യോഹ 23:24). കാരുണ്യത്തെ വിസ്മരിച്ചുകൊണ്ട് നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും വള്ളിപുള്ളി വിടാതെ പാലിച്ചിരുന്ന പുരോഹിതമേല്‍ക്കോയ്മയെയാണ് യേശു വെള്ളയടിച്ച കുഴിമാടങ്ങളെന്നും അണലികളുടെ സന്തതികളെന്നും വിളിച്ചത്. അനുഷ്ഠാനവിധികളില്‍ അള്ളിപിടിച്ചിരിക്കുന്നവരെ യേശു പ്രകോപിച്ചിട്ടുണ്ട്. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ എന്ന പേരില്‍ ദൈവജനത്തിനുമേല്‍ അധികാരം പ്രയോഗിക്കുന്ന ഒരു പുരോഹിതഭരണസംവിധാനം യേശു വിഭാവനം ചെയ്തിരുന്നില്ല. ഒരു ആദ്ധ്യാത്മിക സമൂഹത്തിലെ ദാസന്മാരാണ് യേശുവിന്റെ ദര്‍ശനത്തില്‍ പുരോഹിതര്‍ (യോഹ 13:14-15). ദേവാലയത്തിലെ ആരാധനക്രമത്തിന് അര്‍ത്ഥവും പ്രസക്തിയും ലഭിക്കുന്നത് ഗതകാലപൈതൃക പാരമ്പര്യങ്ങളില്‍ നിന്നല്ല, ഇന്നിന്റെ ജീവിതസംഘട്ടനങ്ങളിലും ചരിത്രത്തിലും നടക്കുന്ന വിമോചന പ്രവര്‍ത്തനത്തിലാണ്. പ്രവാചകന്മാരും യേശുവും ഊന്നിപറഞ്ഞതുപോലെ നീതിക്കും സാഹോദര്യത്തിനും പ്രയോജനകരമാകാത്ത അര്‍ച്ചനാ രൂപങ്ങള്‍ക്ക് അര്‍ത്ഥമില്ല.
''സഭയുടെ സൈദ്ധാന്തികവും ധാര്‍മികവുമായ പ്രബോധനങ്ങളെല്ലാം ഒരുപോലെയല്ല. പരസ്പരബന്ധമില്ലാത്ത സിദ്ധാന്തകൂട്ടങ്ങള്‍ സ്ഥരമായി അടിച്ചേല്‍പ്പിക്കുന്നത് ഭ്രാന്തമായ ആവേശമായി മാറിയ ഒന്നാകരുത് സഭയുടെ അജപാലനശുശ്രൂഷ. പ്രേഷിതശൈലിയിലുള്ള സുവിശേഷ പ്രഘോഷണം സത്താപരമായ കാര്യത്തില്‍, ഏറ്റവും അത്യാവശ്യമായ കാര്യത്തില്‍ മാത്രം മനസ്സൂന്നുന്നു. അതാണ് വശീകരിക്കുന്നത്; അതാണ് കൂടുതല്‍ ആകര്‍ഷണീയമായ നിര്‍ദ്ദേശം. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ക്ക് അനുഭവപ്പെട്ടതുപോലെ അതാണ് ഹൃയങ്ങളെ ജ്വലിപ്പിക്കുന്നത്. പുതിയൊരു സംതുലിതാവസ്ഥ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സഭയുടെ ധാര്‍മിക സൗധം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിയും'', ഒരഭിമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നു.
TRANSUBSTANTIATION | PHOTO: WIKI COMMONS
സഭ എങ്ങനെയായിരിക്കണമെന്നും എന്തായിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞ കാര്യങ്ങള്‍ സഭാ നേതൃത്വം കാര്യമായി ധ്യാനവിഷയമാക്കേണ്ടതും അധികാര പീഠങ്ങളില്‍നിന്ന് ഇറങ്ങി മണ്ണില്‍ ചവുട്ടി നടന്ന് സുവിശേഷത്തിന്റെ പുതുമയും സുഗന്ധവും ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ തക്കവിധം എളിമയും ലാളിത്യവും കൈവരിക്കണം. അല്ലെങ്കില്‍ യേശു കേന്ദ്രീകൃത നേതൃത്വമല്ല വെറും അധികാരകേന്ദ്രീകൃത നേതൃത്വമായേ നിലനില്‍ക്കുകയുള്ളൂ. അതൊരിക്കലും അനുരജ്ഞനവും ഐക്യവും കൊണ്ടുവരില്ല. സമീപനത്തിലെ മാറ്റമാണ് ആദ്യമായി വരേണ്ട നവീകരണം എന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നുണ്ട്. ''ജനങ്ങളുടെ ഹൃദയത്തെ ഊഷ്മളമാക്കാന്‍ കഴിയുന്നവരായിരിക്കണം സഭാ ശുശ്രൂഷകര്‍. അവരുടെ കൂടെ നടക്കാന്‍ അവര്‍ക്കു കഴിയണം. അവരുമായി സംഭാഷണത്തിലേര്‍പ്പെടാന്‍ അവര്‍ക്കു കഴിയണം, ദൈവത്തിനു വേണ്ടത് ഇടയന്മാരെയാണ് ഉദ്യോഗസ്ഥവൃന്ദത്തെയല്ല. ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെപ്പോലെ പെരുമാറുന്ന ദൈവികവൃന്ദത്തെയല്ല അവര്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ ഇടയിലെ ദൈവത്തിന്റെ ചലനങ്ങളെ ക്ഷമയോടെ പിന്താങ്ങുന്ന മനുഷ്യരായിരിക്കണം മെത്രാന്മാര്‍, ആരും അവഗണിക്കപ്പെട്ടില്ല എന്നുറപ്പുവരുത്തണം. അതേസമയം, പുതിയ വഴികള്‍ കണ്ടെത്താനായി നെട്ടോട്ടമോടുന്ന അജഗണത്തെ അനുയാത്ര ചെയ്യാനും അവര്‍ക്കു കഴിയണം.''(2013)
അനുസരണം എന്നതിന് 'കൂടെ ചരിക്കുക, കൂടെ ഒഴുകുക'എന്നൊക്കെയാണ് അര്‍ത്ഥം. കൂടെ ചരിക്കുക എന്നതില്‍, സൗഹൃദത്തിന്റെയും സംഭാഷണത്തിന്റെയും വിവേചനബുദ്ധിയുടെയും സമീപനങ്ങളൊക്കെ അടങ്ങിയിട്ടുണ്ട്. ഫ്യൂഡല്‍ കാലഘട്ട അര്‍ത്ഥത്തിലായിരിക്കരുത് ഇപ്പോള്‍ അനുസരണത്തെ കാണേണ്ടത്. ആത്യന്തികമായി ദൈവഹിതത്തോടൊപ്പം ചരിക്കുക എന്നതാണ് അനുസരണം. സംഭാഷണത്തിന്റെ സംസ്‌കാരത്തെക്കുറിച്ച് മാര്‍പാപ്പ ആവര്‍ത്തിച്ച് പറയുന്നുണ്ട്. സംഭാഷണവും വിവേചനബുദ്ധിയും സഹവര്‍ത്തിത്വവുമാണ് (dialogue, discernment and collaboration) ഇന്ന് സഭയ്ക്കുണ്ടാവേണ്ട സമീപനങ്ങള്‍. വിവേചന ബുദ്ധി, സ്വാതന്ത്യം, ക്രിയാത്മകത, ദൈവഹിതം തേടുക, മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള മനുഷ്യരായി മാറുക എന്നീ കാര്യങ്ങളാണ് അനുസരണത്തിന്റെ അവിഭാജ്യഘടകങ്ങളായി വര്‍ത്തിക്കേണ്ടത്. ശരിയായ അനുസരണത്തില്‍ ഒരുമിച്ചു ചരിക്കുന്നതിന്റെ ഹര്‍ഷവും, ആന്തരിക സ്വാതന്ത്രവും അര്‍പ്പണബോധവും ഉണ്ടാകും. സമാധാനവും അനുരജ്ഞനവും സാധ്യമാകത്തക്കവിധത്തില്‍ സംഭാഷണത്തിലേര്‍പ്പെടുകയും വിവേചനാരൂപിയുടെ ചൈതന്യത്തില്‍ കാര്യങ്ങളുടെ എല്ലാ വശങ്ങളും മനസ്സിലാക്കി, വിട്ടുകൊടുത്തും ചേര്‍ത്തുനിറുത്തിയും ഉള്‍ക്കൊണ്ടും വ്യത്യസ്തതകള്‍ അംഗീകരിച്ചുമാണ് ഐക്യവും സമാധാനവും കൊണ്ടുവരാന്‍ കഴിയുകയുള്ളൂ.