ആലത്തൂര്‍ ലോക്സഭ മണ്ഡലം; എംപിയും മന്ത്രിയും നേര്‍ക്കുനേര്‍
(ഭാഗം പതിനൊന്ന്)
തൃശൂര്‍-പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലമാണ് ആലത്തൂര്‍ ലോക്സഭ മണ്ഡലം. കേരളത്തിലെ രണ്ട് സംവരണ മണ്ഡലങ്ങളില്‍ ഒന്ന്. ഇടതുപക്ഷത്തിന്റെ കോട്ടയായി വിലയിരുത്തപ്പെടുന്ന ഈ മണ്ഡലത്തില്‍ കഴിഞ്ഞതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ചരിത്രം കുറിച്ചു. ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സിപിഎം എംപി യായിരുന്ന പി കെ ബിജുവിനെ പരാജയപ്പെടുത്തിയ രമ്യ ഹരിദാസിന്റെ കന്നിമത്സരം കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമായി. ഇത്തവണയും കോണ്‍ഗ്രസിനുവേണ്ടി രമ്യ ഹരിദാസ് മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് മന്ത്രി കെ. രാധാകൃഷ്ണനെയാണ്.
പാലക്കാട് ജില്ലയിലുള്ള തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ തൃശൂര്‍ ജില്ലയിലുള്ള ചേലക്കര, കുന്നമംഗലം, വടക്കാഞ്ചേരി എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ആലത്തൂര്‍ ലോക്സഭ മണ്ഡലത്തില്‍. നിലവില്‍ ഈ ഏഴ് നിയമസഭ മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് വിജയിച്ചിട്ടുള്ളത്. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് നേടിയ 52.8% വോട്ട് വിഹിതം 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും 28% ത്തിലേക്ക് കുറയ്ക്കുവാനും എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 2019 ലെ 37.1 % ത്തില്‍ നിന്നും 52 % മാക്കി ഉയര്‍ത്തുവാനും സാധിച്ചതിന്റെ രാഷ്ട്രീയ ആത്മവിശ്വാസത്തിലാണ് എല്‍ഡി എഫ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്.
രമ്യ ഹരിദാസ് | PHOTO: FACEBOOK
പട്ടികജാതി ക്ഷേമസമിതി എന്ന സിപിഐഎം ന്റെ പോഷക സംഘടനയുടെ പ്രഥമ ദേശീയ അധ്യക്ഷനായതോടെയാണ് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി കെ രാധാകൃഷ്ണന്‍ തൃശൂര്‍ സിപിഐഎം ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപി മാരായ എംബി രാജേഷിനും പികെ ബിജുവിനും എ സമ്പത്തിനും മൂന്നാമതും അവസരം നല്‍കുക എന്ന സിപിഐഎം ന്റെ തീരുമാനം ഇടതുപക്ഷത്തിന്റെ കോട്ടകളായ പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ പരാജയമാണ് നല്‍കിയത്. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് 2021 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ചേലക്കര നിയമസഭ മണ്ഡലത്തില്‍ സിപിഐഎം അവരുടെ ഏറ്റവും ജനകീയനായ കെ രാധാകൃഷ്ണനെ തന്നെ രംഗത്തിറക്കുന്നതും അദ്ദേഹം 39,400 വോട്ടിന്റെ ഭൂരിപക്ഷം നേടി സംസ്ഥാന പട്ടികജാതി ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി വകുപ്പ് മന്ത്രി ആകുന്നതും. കഴിഞ്ഞതവണ നഷ്ടപ്പെട്ടുപോയ ആലത്തൂര്‍ ലോക്സഭ മണ്ഡലം തിരിച്ചുപിടിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് സിപിഐഎം ഒരു മന്ത്രിയെ തന്നെ ലോക്സഭ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിന്റെ പിന്നിലെ കാര്യം.
ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞൊരു മണ്ഡലമാണ് ആലത്തൂര്‍. തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന, തമിഴ് ഗ്രാമങ്ങളും കര്‍ഷകഗ്രാമങ്ങളും നെല്‍വയലുകളും കള്ള് ചെത്തുന്ന തെങ്ങിന്‍ തോപ്പുകളും നിറഞ്ഞ ആലത്തൂരില്‍ 76.2% ത്തോളം വരുന്ന ഗ്രാമീണ വോട്ടര്‍മാരാണ് നിര്‍ണായക ഘടകമാകുന്നത്. 75.3% ത്തോളം ഹിന്ദു വോട്ടര്‍മാരും 15.4% പട്ടികജാതി വോട്ടര്‍മാരും 15.8% മുസ്ലിം വോട്ടര്‍മാരും ഉള്ള മണ്ഡലത്തില്‍ ഇത്തവണ പ്രചാരണ വിഷയങ്ങള്‍ക്ക് ഒട്ടും കുറവില്ല. ഒരു മന്ത്രി തന്നെ നേരിട്ട് മത്സരിക്കുന്നതിനാല്‍ സംസ്ഥാന ഭരണത്തിന്റെ നേരിട്ടുള്ള വിലയിരുത്തല്‍ കൂടിയാണ് ഇവിടെ നടക്കുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അഡ്രസ്സ് ചെയ്യാതെ മുന്നോട്ടുപോകുക ഇവിടെ അസാധ്യമാണ്. നെല്‍കര്‍ഷകരുടെയും ബേല്‍ സംഭരണത്തിലെയും ബുദ്ധിമുട്ടുകള്‍ ഏറെ ചര്‍ച്ചയാവുന്ന ഒരു മണ്ഡലം കൂടിയാണിത്. പെന്‍ഷന്‍ കുടിശ്ശികയുടെ കാലതാമസത്തെയും കുടിവെള്ള ക്ഷാമത്തെയും ഇടതുപക്ഷം എങ്ങനെ അഭിമുഖീകരിക്കുന്നു എന്നത് കൂടി ഈ പ്രചാരണ കാലയളവില്‍ കണ്ടറിയണം.
കെ രാധാകൃഷ്ണൻ | PHOTO: FACEBOOK
യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏക വനിതാ അംഗമാണ് രമ്യ ഹരിദാസ്. കഴിഞ്ഞതവണ നേടിയ വന്‍ വിജയം ആവര്‍ത്തിക്കും എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. മണ്ഡലത്തില്‍ നിറഞ്ഞുനിന്നതും സഭയില്‍ നിന്നും പുറത്താക്കപ്പെട്ടതുമായ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് ഇത്തവണ രമ്യ ഹരിദാസ് കളത്തിലിറങ്ങുന്നത്. എന്നാല്‍ സഭയിലെ പെര്‍ഫോമന്‍സ് ശരാശരിയില്‍ താഴെയായിരുന്നു എന്നാണ് ഇടതുപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍. 2.46 കോടി രൂപ മണ്ഡലവികസനത്തിനായി ചെലവഴിക്കാനാകാതെ പാഴാക്കി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതും. കനഗോലൂ റിപ്പോര്‍ട്ടില്‍ നിലവിലെ എംപി യോടുള്ള വിരുദ്ധതരംഗം ഏറ്റവും കൂടുതലുള്ള ഒരു മണ്ഡലം കൂടിയാണ് ആലത്തൂര്‍ എന്നും വിലയിരുത്തലുകളുണ്ട്. കഴിഞ്ഞതവണയുണ്ടായ യുഡിഎഫ് തരംഗത്തിലും അന്നുണ്ടായിരുന്ന സിറ്റിംഗ് എംപി പികെ ബിജുവിനോടുള്ള അതൃപ്തിയുമാണ് യുഡിഎഫിന് ഇത്ര വലിയ വിജയം സമ്മാനിച്ചത് എന്നാണ് വിലയിരുത്തല്‍. 2019 ലെ പ്രചാരണ സമയത്ത് രമ്യ ഹരിദാസിനു നേരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങളും സിപിഐഎം നേതാവ് എ വിജയരാഘവന്റെയും ദീപ നിശാന്തിന്റെയും പരിഹാസവും രമ്യ ഹരിദാസിന് അനുകൂലമായ ഒരു ഘടകമായി മാറിയിരുന്നു എന്നുള്ള വിലയിരുത്തലുകളും ഉണ്ട്.
പാലക്കാട് ജില്ലയിലെ ദുര്‍ബലമായ കോണ്‍ഗ്രസ് സംവിധാനങ്ങളും വിമത പ്രശ്‌നങ്ങളും, തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും തൃശൂര്‍ ജില്ലയിലെ കടുത്ത മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നൊക്കെയാണ്് ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതികളില്‍ മുഖ്യം. കഴിഞ്ഞതവണ സമീപ ജില്ലകളിലെ നേതാക്കളായ ഷാഫി പറമ്പിലും വി ടി ബലറാമും അനില്‍ അക്കരെയും ചേര്‍ന്ന ഒരു ടീം തന്നെ രമ്യ ഹരിദാസിനു പിന്നില്‍ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കുന്നതിനായി ഉണ്ടായിരുന്നുവെങ്കില്‍ ഷാഫി പറമ്പിലിന്റെ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം ഈ പ്രചാരണതന്ത്രങ്ങള്‍ എല്ലാം ഏകോപിപ്പിക്കുന്നതില്‍ ആലത്തൂരില്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നുണ്ട്.
ഡോ. ടി എൻ സരസു | PHOTO: WIKI COMMONS
മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നടന്ന 2009 ലെയും 2014 ലെയും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ പികെ ബിജുവും 2019 ല്‍ യുഡിഎഫിന്റെ രമ്യ ഹരിദാസും ജയിച്ചുവെങ്കില്‍, മണ്ഡല പുനര്‍നിര്‍ണയത്തിന് മുന്‍പുണ്ടായിരുന്ന ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്നും ഇന്ത്യയുടെ രാഷ്ട്രപതിയായ കെആര്‍ നാരായണന്‍ ജയിച്ച രാഷ്ട്രീയ ചരിത്രം കൂടി അവകാശപ്പെടുന്ന ഒരു മണ്ഡലം കൂടിയാണിത്. ഇവിടെ എന്‍ഡിഎ ക്കു വലിയ അവകാശവാദങ്ങള്‍ ഒന്നും ഉന്നയിക്കാനില്ല എന്നതും എടുത്ത് പറയേണ്ടതാണ്. ഡോ. ടി എന്‍ സരസുവാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലാകെ 12 % വോട്ട് വിഹിതമാണ് ബിജെപിക്ക് നേടാനായത്. കഴിഞ്ഞതവണ BDJS ലെ ടി വി ബാബുവായിരുന്നു സ്ഥാനാര്‍ത്ഥി. സിപിഐ ജില്ല നേതാവായിരുന്ന അദ്ദേഹം പാര്‍ട്ടി മാറി BDJS ല്‍ എത്തുകയായിരുന്നു. ആലത്തൂരിന്റെ രാഷ്ട്രീയ ഒഴുക്കുകള്‍ ജനകീയനായ കെ രാധാകൃഷ്ണന്‍ അനുകൂലമാക്കുമോ അതോ രമ്യ ഹരിദാസ് പാട്ടും പാടി കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിക്കുമോ എന്ന് ജൂണ്‍ 6 ന് വോട്ടെണ്ണല്‍ വരെ കാത്തിരിക്കാം.